Jump to content

വധശിക്ഷ ജർമനിയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജർമൻ മേഖലയിലെ പല രാജ്യങ്ങളും 17-ഉം 18-ഉം നൂറ്റാണ്ടുകൾ മുതൽ ഫാൾബേയ്ൽ എന്ന ഗില്ലറ്റിൻ മാതിരിയുള്ള ഉപകരണം ശിരഛേദത്തിനായി ഉപയോഗിച്ചിരുന്നു. ഇതായിരുന്നു 1949-ൽ പശ്ചിമ ജർമനിയിൽ മരണശിക്ഷ നിറുത്തലാക്കുന്നതു വരെ സാധാരണയായി വധശിക്ഷ നടപ്പാക്കുന്നതിനായി കൂടുതലും ഉപയോഗിക്കപ്പെട്ടിരുന്നത്.

നാസി ജർമനി

[തിരുത്തുക]
പോളണ്ടുകാരായ നാട്ടുകാരെ ക്രാക്കോവിൽ വച്ച് നാസി ജർമ്മനി 1942-ൽ പരസ്യമായി തൂക്കിക്കൊല്ലുന്നു.
സോവിയറ്റ് അനുഭാവികളെ 1943-ൽ നാസി ജർമ്മനിയിൽ തൂക്കിക്കൊല്ലുന്നു.

1939 മുതൽ 1945 വരെ നാസികൾ നിയന്ത്രിച്ചിരുന്ന മേഖലകളിൽ സസ്പൻഷൻ ഹാംഗിങ്ങ് ആണ് പരസ്യമായ വധശിക്ഷയ്ക്ക് ഉപയോഗിച്ചിരുന്ന മാർഗ്ഗം. സാധാരണ വധശിക്ഷ നൽകിയിരുന്നത് കരിഞ്ചന്തക്കാർക്കും ഭരണകൂടത്തിനെതിരായ ശക്തികളുടെ അനുഭാവികൾക്കുമായിരുന്നു. ഇവരുടെ മൃതശരീരങ്ങൾ വളരെ നേരം തൂക്കിയിട്ട് പ്രദർശിപ്പിച്ചിരുന്നു. കോൺസൻട്രേഷൻ ക്യാമ്പുകളിലും ധാരാളം പേരെ തൂക്കിക്കൊന്നിരുന്നു.

കൂടുതൽ കുറ്റവാളികളെയും ഗില്ലറ്റിൻ ഉപയോഗിച്ചാണ് വധിച്ചിരുന്നത്. ക്രിമിനൽ കുറ്റങ്ങൾക്കും രാജ്യദ്രോഹമുൾപ്പെടെയുള്ള രാഷ്ട്രീയ കുറ്റങ്ങൾക്കും മാത്രമാണ് ഗില്ലറ്റിൻ ഉപയോഗിച്ചിരുന്നത്. വെള്ള റോസാപുഷ്പം എന്ന പ്രതിരോധ പ്രസ്ഥാനത്തിന്റെ അംഗങ്ങൾക്കെതിരേ (സോഫി ഷോൾ, ഹാൻസ് ഷോൾ എന്ന സഹോദരീസഹോദരന്മാർ ഉൾപ്പെടെ) ഗില്ലറ്റിൻ ഉപയോഗിക്കപ്പെട്ടിരുന്നു. പൊതുധാരണ മറിച്ചാണെങ്കിലും മുഖം താഴേയ്ക്ക് തിരിച്ചു വച്ചായിരുന്നു ഗില്ലറ്റിൻ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയിരുന്നത്. വൈമാർ കാലഘട്ടത്തിലും ജോലി ചെയ്തിരുന്ന ആളായിരുന്ന മുഖ്യ ആരാച്ചാരായ ജോഹാൻ റൈക്കാർട്ട് തികച്ചും പ്രഫഷണലായ രീതിയിൽ മരണ ശിക്ഷ നടപ്പാക്കണം എന്ന നിർബന്ധമുള്ള ആളായിരുന്നു. ജർമനിയിലും ആസ്ട്രിയയിലുമായി ഉദ്ദേശം 16,500 ആൾക്കാരെ 1933-നും 1945-നും ഇടയിലായി ഗില്ലറ്റിൻ ഉപയോഗിച്ച് വധിച്ചിട്ടുണ്ടത്രേ. ജർമനിക്കെതിരേ അധിനിവേശരാജ്യങ്ങളിലും മറ്റും വിമോചന സൈന്യങ്ങളിൽ പ്രവർത്തിച്ചിരുന്നവരും ഇതിൽ പെടും. ശിരഛേദം ഒരുതരം അപമാനകരമായ മരണമായാണ് ജർമനിയിൽ കണക്കാക്കിയിരുന്നത്. ഫയറിംഗ് സ്ക്വാഡ് വെടിവച്ച് കൊല്ലുന്നതിനെ അഭിമാനകരമായ മരണമായി കണക്കാക്കിയിരുന്നത്രേ.

വധിക്കപ്പെട്ടവർ

[തിരുത്തുക]
  • 1933 ആഗസ്റ്റ് 1-ന് ഫാസിസത്തിനെതിരേ പ്രവർത്തിച്ചിരുന്ന ബ്രൂണോ ടെഷ് എന്നയാളെയും മറ്റ് മൂന്നുപേരെയും ശിരഛേദം ചെയ്തു. മൂന്നാം റെയ്ക്കിലെ ആദ്യ വധശിക്ഷകളായിരുന്നു ഇവ. [1][2]
  • മറീനസ് വാൻ ഡെർ ലബ് എന്നയാളെ 1934-ൽ റെയ്ക്സ്റ്റാഗ് തീപ്പിടുത്തത്തിന് കാരണക്കാരനാണെന്നാരോപിച്ച് പരസ്യ വിചാരണയ്ക്ക് ശേഷം വധിച്ചു.
  • 1935 ഫെബ്രുവരിയിൽ ബെർലിനിൽ വച്ച് പോളണ്ടിനുവേണ്ടി ചാരപ്രവർത്തി നടത്തി എന്നാരോപിച്ച് ബെനിറ്റ ഫോൺ ഫാൾകെൻഹയ്ൻ, റെനേറ്റ് ഫോൺ നാറ്റ്സ്മെർ എന്നിവരെ മഴുവുപയോഗിച്ച് ശിരഛേദം ചെയ്തു. 1938 വരെ ബെർലിനിൽ മഴുവുപയോഗിച്ചേ ശിരഛേദം നടത്തിയിരുന്നുള്ളൂ. അതിനുശേഷം ഗില്ലറ്റിനുപയോഗിച്ച് മാത്രമേ സിവിൽ വധശിക്ഷകൾ നടത്താവൂ എന്ന് ഉത്തരവിറങ്ങി. പക്ഷേ 1944-ൽ ഓൾഗ ബാൻസിക് എന്ന വനിതയുടേതുപോലുള്ള ചുരുക്കം ചില കേസുകളിൽ വധശിക്ഷ മഴുവുപയോഗിച്ച് നടന്നിട്ടുണ്ട്.
  • 1943 ഫെബ്രുവരിയിൽ ഹാൻസ് ഷോൾ, സോഫി ഷോൾ, ക്രിസ്റ്റോഫ് പ്രോസ്റ്റ് എന്നീ വൈറ്റ് റോസ് പ്രവർത്തകരെ യുദ്ധവിരുദ്ധവും നാസി വിരുദ്ധവുമായ ലഘുലേഘകൾ വിതരണം ചെയ്തു എന്ന കുറ്റത്തിന് തലവെട്ടിക്കൊന്നു. ഇക്കൂട്ടത്തിൽ പെട്ട മറ്റു നാലു പേരെയും ആ വർഷം പിന്നീട് വധിക്കുകയുണ്ടായി. ഹെൽമുത് ഹ്യൂബ്നർ എന്നയാളെയും കോടതി ഉത്തരവു പ്രകാരം ശിരഛേദം ചെയ്തു കൊന്നു.
  • 1943 മേയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലത്ത് വോൾവെബർ ലീഗിൽ അംഗങ്ങളായിരുന്ന ചില ഡച്ചുകാരെയും ശിരഛേദം ചെയ്യുകയുണ്ടായി.

രണ്ടാം ലോകയുദ്ധത്തിന് ശേഷം

[തിരുത്തുക]

യുദ്ധശേഷം ബ്രിട്ടനും യു.എസും നിയന്ത്രിച്ചിരുന്ന മേഖലകളിൽ തുടർന്നും തൂക്കിക്കൊല വധശിക്ഷയ്ക്കായി ഉപയോഗിച്ചിരുന്നു. ഇത് പടിഞ്ഞാറൻ ജർമനിയുടെ സർക്കാർ 1949-ൽ ജർമൻ ഭരണ ഘടനയിലൂടെ വധ ശിക്ഷ നിറുത്തലാക്കിയ ശേഷവും തുടർന്നിരുന്നു. പടിഞ്ഞാറൻ ബർലിനിൽ ജർമനിയ്ടെ അടിസ്ഥാന നിയമങ്ങൾ തുടക്കത്തിൽ ബാധകമല്ലായിരുന്നു. 1951-ൽ ബർലിനിലും വധശിക്ഷ ഇല്ലാതാക്കി. ജർമൻ ഡമോക്രാറ്റിക് റിപ്പബ്ലിക് 1987-ലാണ് വധശിക്ഷ നിറുത്തലാക്കിയത്. പടിഞ്ഞാറൻ ജർമനിയിലെ ഏതെങ്കിലും കോടതി അവസാനം വിധിച്ച മരണ ശിക്ഷ 1949-ൽ മോബിറ്റ് ജയിലിൽ ഗില്ലറ്റിൻ ഉപയോഗിച്ചാണ് നടപ്പിലാക്കിയത്. 1951 ജൂൺ 7-ന് ലാന്റ്സ്ബർഗ് ആം ലെക്ക് എന്ന സ്ഥലത്ത് കുറേ യുദ്ധക്കുറ്റവാളികളെ തൂക്കിലേറ്റിയതാണ് പടിഞ്ഞാറൻ ജർമനിയിൽ നടന്ന അവസാന തൂക്കു ശിക്ഷ. കിഴക്കൻ ജർമനിയിൽ അവസാനത്തെ വധശിക്ഷ 1981-ൽ കഴുത്തിൽ വെടി വച്ചാണ് നടപ്പിലാക്കിയത്. [3]

അവലംബം

[തിരുത്തുക]
  1. asfpg ~ Altonaer Stiftung für philosophische Grundlagenforschung
  2. "Movies: About Das Beil Von Wandsbek". The New York Times.
  3. Countries that have abandoned the use of the death penalty Archived 2006-12-15 at the Wayback Machine., Ontario Consultants on Religious Tolerance, November 8, 2005
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ജർമനിയിൽ&oldid=3827839" എന്ന താളിൽനിന്ന് ശേഖരിച്ചത്