Jump to content

തൂങ്ങിമരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കെട്ടിത്തൂങ്ങുന്നതിനാൽ സ്വശരീരത്തിന്റെ പൂർണ്ണമോ ഭാഗികമോ ആയ ഭാരം കാരണം കഴുത്തിനു ചുറ്റും കുരുക്കു മുറുകി മരണം സംഭവിക്കുന്നതിനെയാണ് തൂങ്ങിമരണം അല്ലെങ്കിൽ ഹാംഗിങ്ങ് എന്ന് പറയുന്നത്. കെട്ടിത്തൂക്കിയാലും അബദ്ധത്തിൽ കഴുത്തിൽ കുരുക്ക് മുറുകിയാലും തൂങ്ങിമരണം തന്നെ.

ശരീരത്തിന്റെ ഏതെങ്കിലും ഭാഗം താഴെത്തട്ടിയിരിക്കുന്നതിനെയാണ് ഭാഗികമായ തൂങ്ങിമരണം (പാർഷ്യൽ ഹാംഗിങ്ങ്) എന്ന് പറയുന്നത്. ഇത് കൂടുതലായും കാണുന്നത് ജയിൽ പോലെ പൂർണ്ണമായ തൂങ്ങലിലൂടെ ആത്മഹത്യ ചെയ്യാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലാണ്. ഹാംഗിങ്ങ് എന്ന വാക്ക് ആദ്യമായി ഈ അർത്ഥത്തിൽ ഉപയോഗിച്ചു കാണുന്നത് A.D. 1300 ലാണ്.[1]

തൂക്കിലേറ്റുന്ന രീതികൾ[തിരുത്തുക]

പിസാനെല്ലോ എന്ന ചിത്രകാരന്റെ (1436–1438) ചിത്രത്തിൽ നിന്ന്.
ജർമൻ കാരനായ യുദ്ധക്കുറ്റവാളി ഫ്രാൻസ് സ്ട്രാസ്സർ എന്നയാളെ ലാൻഡ്സ്ബർഗ് ജയിലിൽ 1946 ജനുവരി 2ന് തൂക്കിലേറ്റുന്നു.
ഇതും കാണുക: Official Table of Drops

തൂക്കിക്കൊല എന്ന ശിക്ഷാവിധി നാലുതരത്തിൽ നടപ്പാക്കാറുണ്ട്. സസ്പൻഷൻ ഹാംഗിങ്ങ്, ചെറിയ വീഴ്ച്ചാ ദൈർഘ്യം, സ്റ്റാൻഡാർഡ് വീഴ്ച്ചാ ദൈർഘ്യം, നീളം കൂടിയ വീഴ്ച്ചാ ദൈർഘ്യം എന്നിവയാണവ. കയർ മുകളിലേക്ക് വലിച്ചു പൊക്കുന്ന തരം തൂക്കുമരണം പതിനെട്ടാം നൂറ്റാണ്ടിൽ പരീക്ഷിച്ചിരുന്നു. അതിന്റെയൊരു വകഭേദം ഇറാനിൽ ഇപ്പോഴും നിലവിലുണ്ട്.

സസ്പൻഷൻ ഹാംഗിങ്ങ്[തിരുത്തുക]

കയർ കഴുത്തിൽ മുറുകുന്നതിനു മുൻപ് താഴേയ്ക്കുള്ള വീഴ്ച്ച ഇല്ലാതിരിക്കുകയോ, തീരെക്കുറവായിരിക്കുകയോ ചെയ്യുന്നതാണ് ഇത്തരം ഹാംഗിങ്ങ്. ജുഗുലാർ സിര, കരോട്ടിഡ് ധമനി എന്നിവയിലെ രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലം തലച്ചോറിൽ രക്തം കെട്ടിനിൽക്കുന്നതുകൊണ്ടും (കൺജഷൻ) ഓക്സിജൻ കിട്ടാതെ വരുന്നതുകൊണ്ടുമാണ് ഇത് സംഭവിക്കുന്നത്. [2] [3] ബ്രിട്ടന്റെ റോയൽ നാവികസേന പണ്ട് കലാപകാരികളെ കഴുത്തിൽ കയർ കുരുക്കി വലിച്ചു പൊക്കിയാണ് കൊന്നിരുന്നത്. [4]

ചെറിയ വീഴ്ച്ചാ ദൈർഘ്യം[തിരുത്തുക]

ഈ രീതിയിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട പ്രതിയെ എന്തെങ്കിലും വാഹനത്തിന്റെ പുറത്ത് നിർത്തുകയും വാഹനം നീക്കുമ്പോൾ കുരുക്ക് മുറുകി ആൾ മരിക്കുകയും ചെയ്യും. കസേരയുടെ മുകളിൽ കയറി ഉത്തരത്തിൽ കുരുക്കിട്ട് ചാടി ആത്മഹത്യ ചെയ്യുന്നത് ഇപ്രകാരം തന്നെയുള്ള മരണമാണ്. ആസ്ട്രോ-ഹങ്കേറിയൻ തൂൺ (പോൾ) രീതി സമാനമായ ഒന്നാണ്:

സ്റ്റാൻഡാർഡ് വീഴ്ച്ചാ ദൈർഘ്യം[തിരുത്തുക]

1.2 മീറ്ററിനും 1.8 മീറ്ററിനും ഇടയിലാണ് ഈയിനം തൂങ്ങിമരണത്തിൽ വീഴ്ച്ചാ ദൈർഘ്യം. 1866 ൽ ശാസ്ത്രീയമായ പഠനവിവരങ്ങൾ സാമുവൽ ഹൗട്ടൻ എന്ന അയർലാന്റുകാരൻ ഡോക്ടർ പ്രസിദ്ധീകരിച്ച ശേഷമാണ് ഇംഗ്ലീഷ് പ്രചാരത്തിലുള്ള രാജ്യങ്ങളിൽ ഇത്തരം തൂക്കൽ വധശിക്ഷയ്ക്ക് ഉപയോഗിക്കാൻ തുടങ്ങിയത്. ഈ വീഴ്ച്ച കഴുത്തിലെ കശേരുക്കൾ പൊട്ടി സുഷുംന നാഡിക്ക് തകരാറ് സംഭവിക്കുതിനാൽ ഉടനടിയുള്ള അബോധാവസ്ഥയ്ക്കും കാരണമാകും. കുറ്റക്കാരെന്ന് കണ്ടെത്തിയ നാസികളെ ന്യൂറംബർഗ് വിചാരണയ്ക്ക് ശേഷം അമേരിക്കയുടെ മേൽനോട്ടത്തിൽ തൂക്കിക്കൊന്നിരുന്നത് ഇപ്രകാരമായിരുന്നു. ജോകൈം ഫോൺ റിബൻട്രോപ്, ഏൺസ്റ്റ് കാൾട്ടൻബ്രണ്ണർ എന്നിവർ ഉദാഹരണം.[5] റിബൺട്രോപ്പിന്റെ തൂക്കുശിക്ഷയെപ്പറ്റി ചരിത്രകാരൻ ഗൈൽസ് മക്ഡൊണാൾഡ് പറഞ്ഞത് ആരാച്ചാരുടെ അനാസ്ഥ കാരണം ഇരുപത് മിനിട്ടോളം കഴിഞ്ഞാണ് അദ്ദേഹം മരിച്ചതെന്നാണ്. "[6]

കൂടിയ വീഴ്ച്ചാ ദൈർഘ്യം[തിരുത്തുക]

ടോം കെച്ചം എന്നയാളുടെ ശിരസ്സറ്റ മൃതദേഹത്തിന്റെ സെപിയ-ടോൺ ഫോട്ടോ.

ഇതിനെ അളന്ന വീഴ്ച്ചാ ദൈർഘ്യം (മെഷേഡ് ഡ്രോപ്പ്) എന്നും പറയാറുണ്ട്. 1872-ൽ ബ്രിട്ടനിൽ വില്യം മാർവുഡ് എന്നയാൾ സ്റ്റാൻഡേഡ് വീഴ്ച്ചാ ദൈർഘ്യ രീതിക്ക് ഒരു ശാസ്ത്രീയമായ പുരോഗതി എന്ന നിലയ്ക്കാണ് ഈ രീതി കൊണ്ടുവന്നത്. എല്ലാവരെയും ഒരേ ദൂരം വീഴ്ത്തുന്നതിന് പകരം ഒരാളുടെ ഉയരവും ഭാരവും ഉപയോഗിച്ച് വീഴ്ച്ചാ ദൈർഘ്യം കണക്കാക്കുന്ന രീതിയാണിത്. [7] കണക്കുകൂട്ടലിന്റെ ഉദ്ദേശം ശിരസ്സറ്റു പോകാത്ത വിധത്തിൽ ശീഘ്ര മരണം ഉറപ്പാക്കുകയായിരുന്നു. കഴുത്തിലെ കുരുക്കിന്റെ കെട്ടിന്റെ സ്ഥാനം ശ്രദ്ധാപൂർവ്വം നിർണ്ണയിക്കുന്നതിലൂടെ തല പിന്നിലേക്ക് പെട്ടെന്ന് ഞെട്ടി വലിച്ച് കഴുത്തൊടിയും എന്ന് ഉറപ്പാക്കുന്നതും ഇതിന്റെ ഭാഗമാണ്.

സ്റ്റാൻഡാർഡ് വീഴ്ച്ചാ ദൂരത്തിൽ 5,600 ന്യൂട്ടൺ ബലമാണ് കഴുത്തിൽ ചെലുത്തപ്പെട്ടിരുന്നതെങ്കിൽ ദൈർഘ്യം നിർണ്ണയിച്ച തൂക്കിക്കൊലയിൽ 4,400 ന്യൂട്ടൺ ബലമേ ചെലുത്തപ്പെടുന്നുള്ളൂ. എന്നിട്ടും 1930-ൽ ഈവ ഡ്യൂഗൻ എന്ന സ്ത്രീയുടെ ശിരസ്സറ്റു പോയി. ഇതുകാരണമാണ് അമേരിക്കയിലെ അരിസോണ സംസ്ഥാനത്ത് തൂക്കുശിക്ഷയ്ക്ക് പകരം ഗ്യാസ് ചേമ്പർ മൂലം മരണ ശിക്ഷ നൽകാൻ തുടങ്ങിയത്. [8]

ബ്രിട്ടന്റെ മേൽ നോട്ടത്തിൽ നാസികൾക്ക് മരണശിക്ഷ നൽകിയിരുന്നത് ഇപ്രകാരമായിരുന്നു. ജോസഫ് ക്രാമർ, ഫ്രിറ്റ്സ് ക്ലൈൻ, ഇർമ ഗ്രെസി എലിസബത് വോൾക്കൻറാത്ത് എന്നിവരെ ആൽബർട്ട് പിയർപോയിന്റ് എന്ന ആരാച്ചാർ തൂക്കിക്കൊന്നത് ഉദാഹരണം. [9]


ആത്മഹത്യയായി[തിരുത്തുക]

കെട്ടിത്തൂങ്ങി ആത്മഹത്യ

ആത്മഹത്യ ചെയ്യാനുപയോഗിക്കുന്ന ഒരു സാധാരണ മാർഗ്ഗമാണ് തൂങ്ങി മരണം. ആത്മഹത്യയ്ക്കു വേണ്ട ഉപകരണങ്ങൾ സാധാരണക്കാർക്ക് എളുപ്പത്തിൽ ലഭ്യമാണ്.

കാനഡയിൽ തൂങ്ങിമരണമാണ് ആത്മഹത്യയുടെ പ്രധാന മാർഗ്ഗം. [10] and in the U.S., hanging is the second most common method, after firearms.[11] ബ്രിട്ടനിൽ പുരുഷന്മാരിൽ ഏറ്റവും സാധാരണവും സ്ത്രീകളിൽ വിഷം കഴിക്കൽ കഴിഞ്ഞാൽ രണ്ടാമത്തേതുമായ ആത്മഹത്യാ മാർഗ്ഗം തൂങ്ങിമരണമാണ്. [12]

ശരീരത്തിൽ സംഭവിക്കുന്നത്[തിരുത്തുക]

തൂങ്ങിമരണത്തിൽ കീഴെപ്പറയുന്ന ശാരീരിക മാറ്റങ്ങളുണ്ടാകാം. ഇവയിൽ മിക്കതും മാരകമാണ്:

 • കരോട്ടിഡ് ധമനികൾ അടയുന്നതു മൂലം തലച്ചോറിൽ ഓക്സിജൻ ലഭിക്കാതാകുക.
 • ജൂഗുലാർ സിര അടയുക
 • കരോട്ടിഡ് സൈനസ് ഉത്തേജിപ്പിക്കപ്പെടുന്നത് കാരണം ഹൃദയമിടിപ്പിന്റെ നിരക്ക് കുറയുകയോ ഹൃദയം നിലയ്ക്കുകയോ ചെയ്യുക.
 • കഴുത്ത് ഒടിയുക (സർവൈക്കൽ ഫ്രാക്ചർ) മൂലം സുഷുംന നാഡിക്ക് ഭ്രംശമോ ശിരസ്സറ്റു പോവുകയോ ചെയ്യുക.
 • ശ്വാസനാളം അടയുക

മരണകാരണം പലതരത്തിൽ ആയിരിക്കാം. വളരെ ഉയരത്തു നിന്നാണ് വീഴ്ച്ചയെങ്കിൽ മരണകാരണം സുഷുംനയുടെ ഭ്രംശമാണ്. പക്ഷേ ഒരു പഠനം കാണിക്കുന്നത് 34 തൂക്കുശിക്ഷകളിൽ 6 എണ്ണത്തിൽ മാത്രമേ കശേരുക്കൾ വിഘടിച്ചിരുന്നുള്ളൂവെന്നാണ്. [13] കുരുക്കിന്റെ കെട്ട് കഴുത്തിനടിയിലാണെങ്കിലാണ് നട്ടെല്ലിന് ക്ഷതം സംഭവിക്കാൻ സാദ്ധ്യത കൂടുതൽ.

ഈ മേഖലയിൽ കൂടുതൽ ഗവേഷണം നടത്തിയാൽ കൂടുതൽ മികച്ച രീതികൾ കണ്ടെത്താൻ കഴിഞ്ഞേക്കും[9][14]

കഴുത്തിന്റെ വശത്താണ് കുരുക്കിന്റെ കെട്ടെങ്കിൽ കൂടുതൽ സങ്കീർൺമായ ക്ഷതങ്ങളാണുണ്ടാവുക. [15].

കരോട്ടിഡ് സൈനസിന്റെ ഉത്തേജനം കാരണം ഹൃദയമിടിപ്പ് നിലച്ചും മരണം സംഭവിക്കാം.

കഴുത്തൊടിഞ്ഞില്ലെങ്കിൽ രക്തക്കുഴലുകൾ അടഞ്ഞാണ് സാധാരണ മരണം സംഭവിക്കുക (ശ്വാസം മുട്ടിയല്ല). സിരകളിലൂടെയുള്ള രക്തയോട്ടം നിലച്ചാൽ തലച്ചോറിൽ നീർക്കെട്ടുണ്ടായി തന്മൂലം ഓക്സിജൻ ലഭിക്കാതെ കോശങ്ങൾ നശിച്ച് മരണം സംഭവിക്കാം. മുഖം നീലിച്ചുകാണുകയും (സയനോസിസ്) കണ്ണിലും തൊലിയിലും ചെറിയ രക്തസ്രാവബിന്ദുക്കൾ (പെറ്റക്കിയ) ഉണ്ടാവുക സാധാരണയാണ്. നാക്ക് ചിലപ്പോൾ നീണ്ടു കാണാം. ഒരു കണ്ണ് തുറന്നും ആ കണ്ണിലെ പ്യൂപ്പിൾ വികസിച്ചും കാണുക സാധാരണമാണ്.

കരോട്ടിഡ് ധമനികൾ അടയുമ്പോൾ നേരിട്ട് തലച്ചോറിൽ ന്യൂറോണുകൾക്ക് നാശം സംഭവിക്കും. 31 ന്യൂട്ടൺ ബലം കൊണ്ട് കരോട്ടിഡുകൾ അടഞ്ഞ് വളരെ വേഗം അബോധാവസ്ഥ ഉണ്ടാകാം. ധമനികൾ അടയുമ്പോൾ മുഖത്ത് രക്തസ്രാവ ബിന്ദുക്കളോ നീലിപ്പോ കാണാറില്ല. [16]

മസ്തിഷ്കത്തിലേക്കുള്ള രക്തസഞ്ചാരം നിലച്ചാൽ ഉദ്ദേശം നാലു മിനിട്ടുകൾ കൊണ്ട് മരണം സംഭവിക്കും. ഇതിനു ശേഷം 15 മിനിട്ടോ അതിൽ കൂടുതലോ ഹൃദയം മിടിച്ചേക്കാം. ഈ സമയത്ത് ശരീരം പിടഞ്ഞേക്കാം.

മരണശേഷം തൂങ്ങലിന്റെ ലക്ഷണങ്ങൾ ശരീരത്തിൽ കാണപ്പെടും (കയറിന്റെ പാട് തുടങ്ങിയവ). മലമൂത്ര വിസർജ്ജനം ഉണ്ടായേക്കാം. ഉമിനീർ സ്രവങ്ങളും ഹയോയ്ഡ് അസ്ഥിയുടെ പൊട്ടലും മറ്റുമായ ശരീര പരിശോധനയിലെ കണ്ടെത്തലുകളിൽനിന്ന് ഫോറൻസിക് വിദഗ്ദ്ധർക്ക് മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് കണ്ടെത്താൻ കഴിഞ്ഞേക്കും.

തൂക്കിക്കൊല മരണശിക്ഷയെന്ന നിലയിൽ[തിരുത്തുക]

ലാ പെൻഡൈസൺ (തൂക്കിക്കൊല), ഫ്രഞ്ച് ചിത്രകാരൻ ഴാക്ക് കാലോയുടെ 1633 ലെ യുദ്ധത്തിന്റെ മഹാ ദുരിതങ്ങൾ എന്ന സീരീസിൽ നിന്ന്. .

ലോകത്തിൽ ധാരാളം രാജ്യങ്ങളിൽ മരണശിക്ഷ നൽകാനുള്ള പ്രധാന മാർഗ്ഗമായി തൂക്കുകയർ ഉപയോഗിക്കാറുണ്ട്.

ആസ്ട്രേലിയ[തിരുത്തുക]

ബ്രിട്ടൺ കുറ്റവാളികളെ നാടുകടത്തിയിരുന്ന പീനൽ കോളനി എന്ന നിലയിൽ തുടക്കം മുതൽ തന്നെ വധശിക്ഷ ആസ്ട്രേലിയയിൽ നിലവിലുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ വീടുകയറി മോഷണം, ആടിനെ മോഷ്ടിക്കൽ, വ്യാജരേഖയുണ്ടാക്കൽ, ലൈംഗികാക്രമണം, മനഃപൂർവവും അല്ലാതെയുമുള്ള കൊലപാതകം എന്നിവയൊക്കെ വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളായിരുന്നു. വർഷം 80 പേരോളം ആസ്ട്രേലിയയിൽ തൂക്കിലേറ്റപ്പെട്ടിരുന്നു.

1985-ൽ ആസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും വധശിക്ഷ നിർത്തലാക്കി. .[17] തൂക്കുകയറിലൂടെയോ അല്ലാതെയോ ആസ്ട്രേലിയയിൽ അവസാനമായി വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട വ്യക്തിയാണ് 1967 ഫെബ്രുവരി 3ന് വിക്ടോറിയയിൽ തൂക്കിലേറ്റപ്പെട്ട റൊണാൾഡ് റയൻ. [18]

ബ്രസീൽ[തിരുത്തുക]

ബ്രസീലിന്റെ ആധുനികചരിത്രത്തിൽ വധശിക്ഷ നടപ്പിലാക്കിയിരുന്നത് തൂക്കുകയറിലൂടെയാണ്. ടൈറേഡെന്റെസ് (1792) പോലെ പല ചരിത്ര നായകന്മാരെയും തൂക്കിക്കൊന്നിട്ടുണ്ട്. ബ്രസീലിൽ തൂക്കിക്കൊന്ന അവസാനയാൾ 1876-ൽ വധിക്കപ്പെട്ട ഫ്രാൻസിസ്കോ എന്ന അടിമയാണ്. 1890-ൽ യുദ്ധമോ പട്ടാള നിയമമോ പോലുള്ള അസാധാരണ സന്ദർഭങ്ങളിലൊഴികെ വധശിക്ഷ ഇല്ലാതാക്കി. [19]

ബൾഗേറിയ[തിരുത്തുക]

ബൾഗേരിയയുടെ ചരിത്ര നായകൻ വാസിൽ ലെവ്സ്കിയെ 1873-ൽ ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കോടതി വിധിപ്രകാരം സോഫിയയിൽ വച്ച് തൂക്കിക്കൊന്നു. ബൾഗേറിയ സ്വതന്ത്രമായതു മുതൽ എല്ലാ വർഷവും ആയിരക്കണക്കിനാൾക്കാർ അദ്ദേഹം മരിച്ച ദിവസമായ ഫെബ്രുവരി 19-ന് വധശിക്ഷ നടപ്പാക്കിയ സ്ഥലത്തു നിൽക്കുന്ന സ്മാരകത്തിൽ പുഷ്പങ്ങളർപ്പിക്കാറുണ്ട്.

ബൾഗേറിയയിലെ അവസാന വധശിക്ഷ 1989-ലാണ് നടപ്പിലാക്കിയത്. മരണശിക്ഷ 1998-ൽ പൂർണ്ണമായി ഇല്ലാതാക്കി.[19]

കാനഡ[തിരുത്തുക]

തൂക്കുകയറാണ് കാനഡയിൽ എല്ലാത്തരം കൊലപാതകങ്ങൾക്കും നൽകിവന്നിരുന്ന വധശിക്ഷയ്ക്കായി 1961 വരെ ഉപയോഗിച്ചിരുന്നത്. അതിനുശേഷം കൊലപാതകങ്ങളെ വധശിക്ഷ അർഹിക്കുന്നവയും അല്ലാത്തവയും എന്ന് രണ്ട് വിഭാഗങ്ങളായി തിരിച്ചു. 1998-ൽ വധശിക്ഷ പൂർണമായും ഇല്ലാതാക്കപ്പെട്ടു. [20]

കാനഡയിൽ അവസാനമായിൽ മരണശിക്ഷ നടപ്പിലാക്കിയത് 1962 ഡിസംബർ 11-നാണ്. [19]

ഈജിപ്റ്റ്[തിരുത്തുക]

ചാരപ്രവൃത്തി ആരോപിച്ച് 1955-ൽ ഈജിപ്റ്റ് 3 ഇസ്രായേലികളെ തൂക്കിക്കൊന്നിരുന്നു. [21] 2004-ൽ അഞ്ച് തീവ്രവാദികളെ പ്രധാനമന്ത്രിയെ കൊല്ലാൻ ശ്രമിച്ചു എന്ന കുറ്റമാരോപിച്ച് തൂക്കിക്കൊന്നു. [22]

ജർമനി[തിരുത്തുക]

പോളണ്ടുകാരായ നാട്ടുകാരെ ക്രാക്കോവിൽ വച്ച് നാസി ജർമ്മനി 1942-ൽ പരസ്യമായി തൂക്കിക്കൊല്ലുന്നു.
സോവിയറ്റ് അനുഭാവികളെ 1943-ൽ നാസി ജർമ്മനിയിൽ തൂക്കിക്കൊല്ലുന്നു.

1939 മുതൽ 1945 വരെ നാസികൾ നിയന്ത്രിച്ചിരുന്ന മേഖലകളിൽ സസ്പൻഷൻ ഹാംഗിങ്ങ് ആണ് പരസ്യമായ വധശിക്ഷയ്ക്ക് ഉപയോഗിച്ചിരുന്ന മാർഗ്ഗം. കൂടുതൽ കുറ്റവാളികളെയും ഗില്ലറ്റിൻ ഉപയോഗിച്ചാണ് വധിച്ചിരുന്നത്. സാധാരണ വധശിക്ഷ നൽകിയിരുന്നത് കരിഞ്ചന്തക്കാർക്കും ഭരണകൂടത്തിനെതിരായ ശക്തികളുടെ അനുഭാവികൾക്കുമായിരുന്നു. ഇവരുടെ മൃതശരീരങ്ങൾ വളരെ നേരം തൂക്കിയിട്ട് പ്രദർശിപ്പിച്ചിരുന്നു. കോൺസൻട്രേഷൻ ക്യാമ്പുകളിലും ധാരാളം പേരെ തൂക്കിക്കൊന്നിരുന്നു. യുദ്ധശേഷം ബ്രിട്ടനും യു.എസും നിയന്ത്രിച്ചിരുന്ന മേഖലകളിൽ തുടർന്നും തൂക്കിക്കൊല വധശിക്ഷയ്ക്കായി ഉപയോഗിച്ചിരുന്നു. ഇത് പടിഞ്ഞാറൻ ജർമനിയുടെ സർക്കാർ 1949-ൽ ജർമൻ ഭരണഘടനയിലൂടെ വധശിക്ഷ നിറുത്തലാക്കിയ ശേഷവും തുടർന്നിരുന്നു. പടിഞ്ഞാറൻ ബർലിനിൽ ജർമനിയുടെ അടിസ്ഥാന നിയമങ്ങൾ തുടക്കത്തിൽ ബാധകമല്ലായിരുന്നു. 1951-ൽ ബർലിനിലും വധശിക്ഷ ഇല്ലാതാക്കി. ജർമൻ ഡമോക്രാറ്റിക് റിപ്പബ്ലിക് 1987-ലാണ് വധശിക്ഷ നിറുത്തലാക്കിയത്. പടിഞ്ഞാറൻ ജർമനിയിലെ ഏതെങ്കിലും കോടതി അവസാനം വിധിച്ച മരണശിക്ഷ 1949-ൽ മോബിറ്റ് ജയിലിൽ ഗില്ലറ്റിൻ ഉപയോഗിച്ചാണ് നടപ്പിലാക്കിയത്. 1951 ജൂൺ 7-ന് ലാന്റ്സ്ബർഗ് ആം ലെക്ക് എന്ന സ്ഥലത്ത് കുറേ യുദ്ധക്കുറ്റവാളികളെ തൂക്കിലേറ്റിയതാണ് പടിഞ്ഞാറൻ ജർമനിയിൽ നടന്ന അവസാന തൂക്കു ശിക്ഷ. കിഴക്കൻ ജർമനിയിൽ അവസാനത്തെ വധശിക്ഷ 1981-ൽ കഴുത്തിൽ വെടി വച്ചാണ് നടപ്പിലാക്കിയത്. [17]

ഹങ്കറി[തിരുത്തുക]

1956-ലെ വിപ്ലവത്തിനുശേഷം ഹങ്കറിയിലെ പ്രധാനമന്ത്രിയായിരുന്ന ഇർമെ നാഗിയെ പുതുതായി വന്ന സോവിയറ്റ് പിന്തുണയുള്ള സർക്കാർ രഹസ്യമായി വിചാരണ ചെയ്ത് തൂക്കിക്കൊന്നശേഷം മറവുചെയ്തു. 1958-ൽ നാഗിയെ സർക്കാർ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു.[23]

1990-ൽ എല്ലാ കുറ്റങ്ങൾക്കും വധശിക്ഷ ഒഴിവാക്കപ്പെട്ടു.[17]

ഇന്ത്യ[തിരുത്തുക]

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത രണ്ടുപേരെ തൂക്കിലേറ്റുന്നു

ഇന്ത്യയിലെ എല്ലാ വധശിക്ഷകളും മരണം വരെ തൂക്കിലേറ്റിയാണ് നടപ്പിലാക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാധുറാം ഗോഡ്സെയെ 1949-ൽ തൂക്കിലേറ്റി.

ഇന്ത്യയുടെ സുപ്രീം കോടതി വധശിക്ഷ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിൽ മാത്രമേ നടപ്പാക്കാവൂ എന്ന് മാർഗ്ഗ നിർദ്ദേശം നൽകിയിട്ടുണ്ട്. [24]

അടുത്തകാലത്ത് നടപ്പിലായ ഒരു വധശിക്ഷ ഹേതൽ പരേഖ് എന്ന 14 കാരിയെ 1990-ൽ കൊൽകൊത്തയിൽ വച്ച് ബലാത്സംഗം ചെയ്ത ശേഷം കൊന്ന കേസിൽ കുറ്റക്കാരൻ എന്ന് വിധിക്കപ്പെട്ട ധനൻജോയ് ചാറ്റർജീ എന്ന ആളുടേതായിരുന്നു. കൊല ചെയ്ത രീതി, തലയ്ക്കടിച്ച ശേഷം പെൺകുട്ടി മരണത്തിലേയ്ക്ക് വഴുതി വീണുകൊണ്ടിരുന്ന അവസരത്തിൽ ബലാത്സംഗം ചെയ്യൽ എന്നിവയൊക്കെ വധശിക്ഷ നൽകത്തക്ക വിധം നിഷ്‌ഠൂരമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ഇന്ത്യൻ പ്രസിഡന്റിന് ദയാഹർജി നൽകിയെങ്കിലും അത് തള്ളപ്പെട്ടു. ചാറ്റർജിയെ 2004 ആഗസ്റ്റ് 14-ൻ തൂക്കിക്കൊന്നു. 1995-ൻ ശേഷം ഇന്ത്യയിൽ നടന്ന ആദ്യ വധശിക്ഷയായിരുന്നു അത്. [25]

2020 മാർച്ച് 20  നു നിർഭയ കേസിൽ നാലു കുറ്റവാളികളെ തിഹാർ ജയിലിൽ വെളുപ്പിന് അഞ്ചു മുപ്പതിന് തൂക്കിലേറ്റി . വിനയ് ,അക്ഷയ് മുകേഷ് സിങ് , പവൻ ഗുപ്ത എന്നിവരെ ആണ് അന്ന് തൂക്കിലേറ്റിയത്. സ്വതന്ത ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് നാലു പേരെ ഒരുമിച്ചു തൂക്കിലേറ്റുന്നത്.തൂക്കിലേറ്റുന്നതിന് എതിരായി പ്രതികൾ അവസാന നിമിഷം വരെ നടത്തിയ എല്ലാ പരിശ്രമങ്ങളും പരാജയപ്പട്ടു. അത്ര കണ്ടു നിഷ്ടൂരം ആയ കുറ്റം ആണ് ഇവർ ചെയ്തത് എന്ന് കോടതികൾ അഭിപ്രായപ്പെട്ടു. വിധി നടപ്പാക്കിയതിനെ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും സ്വാഗതം ചെയ്തു. എന്നാൽവിധി നടപ്പാക്കിയതിനു ശേഷം ആംനെസ്റ്റി ഇന്റര്നാഷണൽ സംഭവത്തെ അപലപിച്ചു.

ഇറാൻ[തിരുത്തുക]

തൂക്കിക്കൊല്ലലാണ് ഇറാനിൽ പ്രധാനമായി വധശിക്ഷയ്ക്കുപയോഗിക്കുന്ന മാർഗ്ഗം. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്നു കള്ളക്കടത്ത് എന്നീ കുറ്റങ്ങൾക്ക് ഇതാണ് നിയമപരമായ ശിക്ഷ. കുറ്റവാളി ദിയ്യ എന്ന ചോരപ്പണം ഇരയുടെ കുടുംബത്തിന് നൽകി അവരുടെ മാപ്പ് നേടിയെടുത്താൽ ശിക്ഷയിൽ നിന്ന് രക്ഷപെടാം. ന്യായാധിപന് കേസ് പൊതുജനരോഷം ഉണ്ടാക്കുന്നുണ്ട് എന്നു കണ്ടാൽ തൂക്കിക്കൊല കുറ്റം നടന്ന സ്ഥലത്തു വച്ച് പരസ്യമായി നടത്താൻ വിധിക്കാം. ഒരു ക്രെയ്ൻ ഉപയോഗിച്ച് ശിക്ഷിതന്റെ തൂങ്ങി മരണം ഉയർത്തി പ്രദർശിപ്പിക്കുകയാണ് സാധാരണ ചെയ്യുക. [26] 2005 ജൂലൈ 19-ന് മഹ്മോഡ് അൻസാരി, അയാസ് മർഹോനി എന്നീ പതിനഞ്ചും പതിനേഴും വയസ്സുകാരെ ഒരു പതിന്നാലുകാരനെ ബലാത്സംഗം ചെയ്തു, സ്വവർഗ്ഗരതിയിലേർപ്പെട്ടു എന്നീ കുറ്റങ്ങൾക്ക് എഡലാത് (നീതി) ചത്വരത്തിൽ വച്ച് തൂക്കിക്കൊന്നു.[27][28] 2004 ആഗസ്ത് 15-ന് അതെഫെ ഷലീഹ് എന്ന പതിനാറുകാരിയെ ചാരിത്രത്തിന് നിരക്കാത്ത പ്രവൃത്തികൾ ചെയ്തു എന്ന കുറ്റത്തിന് തൂക്കിക്കൊന്നു. .[29]

2008 ജൂലൈ 27-ന് പുലർച്ചെ ഇറാനിയൻ സർക്കാർ 29 ആൾക്കാരെ ടെഹ്രാനിലെ എവിൻ ജയിലിൽ വച്ച് തൂക്കിക്കൊന്നു. [30] 2008 ഡിസംബർ 2-ന് കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരാളെ കാസെറോൺ ജയിലിൽ വച്ച് ഇരയുടെ കുടുംബം മാപ്പു നൽകി നിമിഷങ്ങൾക്കുള്ളിൽ തൂക്കിയെങ്കിലും കയററുത്ത് ആശുപത്രിയിലെത്തിച്ച് രക്ഷപെടുത്തി.[31]

ഇറാക്ക്[തിരുത്തുക]

സദ്ദാം ഹുസൈന്റെ ഭരണകാലത്ത് തൂക്കിക്കൊല്ലൽ നിലവിലുണ്ടായിരുന്നുവെങ്കിലും [32] മരണശിക്ഷയും തൂക്കിക്കൊല്ലലും 2003 ജൂൺ 10-ൻ യുനൈറ്റഡ് സ്റ്റേറ്റ്സിന്റെ നേതൃത്വത്തിൽ ഇറാക്ക് കീഴടക്കപ്പെട്ടപ്പോൾ നിർത്തിവയ്ക്കപ്പെട്ടു. മരണശിക്ഷ 2004 ആഗസ്റ്റ് 8-ന് പുനഃസ്ഥാപിക്കപ്പെട്ടു. [33]

2005 സെപ്റ്റംബറിൽ തൂക്കിക്കൊല്ലപ്പെട്ട മൂന്ന് കൊലപാതകികളാണ് പുനഃസ്ഥാപനത്തിനു ശേഷം വധിക്കപ്പെട്ട ആദ്യത്തെ ആൾക്കാർ. 2006 മാർച്ച് 9-ന് ഇറാക്കിന്റെ പരമോന്നത് നീതിന്യായ കൗൺസിലിന്റെ ഉദ്യോഗസ്ഥൻ ഒരു സായുധ കലാപകാരിയെ തൂക്കിക്കൊന്നതായി സ്ഥിരീകരിച്ചു. [34]

സദ്ദാം ഹുസൈനെ മാനവരാശിക്കെതിരായ കുറ്റങ്ങൾ കാരണം തൂക്കിക്കൊല്ലാൻ 2006 നവംബർ 5-ന് വിധിച്ചു. [35] അദ്ദേഹത്തെ 2006 ഡിസംബർ 30-ന് ഉദ്ദേശം ആറുമണി പുലർച്ചയ്ക്ക് തൂക്കിക്കൊന്നു. വീഴ്ച്ചയ്ക്കിടെ കഴുത്തൊടിയുന്നതിന്റെ ശബ്ദം കേട്ടിരുന്നുവത്രേ. ദൈർഘ്യം കൂടിയ തൂക്കിക്കൊല വിജയകരമായി നടന്നു എന്നതിന്റെ (ദുരിതം കൂടാതെ വളരെപ്പെട്ടെന്ന് ആൾ മരിച്ചു എന്നതിന്റെ) ലക്ഷണമാണിത്. [36] ഒരാഴ്ച്ചയ്ക്ക് ശേഷം പുറത്തുവന്നൊരു വീഡിയോയിൽ അദ്ദേഹത്തിന്റെ കഴുത്തിൽ വലിയൊരു മുറിവ് കാണപ്പെട്ടതുകാരണം ശരിയായ രീതിയിലാണോ വധശിക്ഷ നടപ്പിലാക്കിയതെന്ന സംശയമുയർന്നിരുന്നു. [37]

സദ്ദാം ഹുസൈന്റെ സുരക്ഷാ സേനയായിരുന്ന മുഖാബരാത്തിന്റെ തലവനായിരുന്ന ബർസാൻ ഇബ്രാഹീം എന്നയാളുടെയും, മുൻപ് മുഖ്യ ന്യായാധിപനായിരുന്ന അവാദ് ഹമീദ് അൽ-ബന്ദർ എന്നയാളുടെയും തൂക്കിക്കൊല 2007 ജനുവരി 15-നാണ് നടപ്പിലാക്കിയത്. ബർസാന്റെ ശിരസ്സ് വധശിക്ഷയ്ക്കിടെ ഛേദിക്കപ്പെട്ടുപോയി. വീഴ്ച്ചയുടെ ദൈർഘ്യം കൂടുതലായിരുന്നു എന്നതിന്റെ തെളിവാണിത്. [38]

പഴയ വൈസ്-പ്രസിഡന്റ് താഹ യാസ്സിൻ റമദാൻ ജീവപര്യന്തം തടവിന് 2006 നവംബർ അഞ്ചിന് ശിക്ഷിക്കപ്പെട്ടുവെങ്കിലും ശിക്ഷ തൂക്കിക്കൊലയായി 2007 ഫെബ്രുവരി 12-ന് മാറ്റി. [39] 1982-ലെ മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾക്ക് തൂക്കിലേറ്റപ്പെട്ട അവസാനത്തെ ആളാണ് അദ്ദേഹം. 2007 മാർച്ച് 20-ന് അദ്ദേഹത്തെ തൂക്കിലേറ്റി. ഇത്തവണ കുഴപ്പങ്ങളൊന്നുമില്ലാതെ തൂക്കിലേറ്റൽ നടന്നു. [40]

അൽ-അൻഫാലിലെ (കുർദുകൾക്കെതിരായ) കുറ്റങ്ങൾക്ക് അലി ഹസ്സൻ അൽ-മജീദി (കെമിക്കൽ അലി), പഴയ പ്രതിരോധ മന്ത്രി സുൽത്താൻ ഹഷീം അഹമദ് അൽ-തായ്, ഹുസൈൻ റഷീദ് മൊഹമ്മദ് എന്നിവരെ 2007 ജൂൺ 24-ൻ തൂക്കിക്കൊന്നു. [41] കെമിക്കൽ അലിയെ മൂന്നു തവണ കൂടി മരണ ശിക്ഷയ്ക്ക് വിധിച്ചു. 1991-ലെ ഷിയ കലാപം അടിച്ചമർത്തിയതിന് അബ്ദുൾ-ഘാനി അബ്ദുൾ ഗഫൂറിനൊപ്പം 2008 ഡിസംബർ 2നും;[42] 1999-ൽ അയത്തൊള്ള മുഹമ്മദ് അൽ-സദറിന്റെ മരണത്തോടനുബന്ധിച്ച സംഭവങ്ങൾക്ക് 2009 മാർച്ച് 2-നും;[43] 1988-ൽ കുർദുകൾക്കെതിരേ വിഷവാതകം പ്രയോഗിച്ചതിന് 2010 ജനുവരി 17-നും.[44] അദ്ദേഹത്തെ 2010 ജനുവരി 25-ന് തൂക്കിലേറ്റി. [45]

സദ്ദാം ഹുസൈന്റെ ഒരു ഉയർന്ന മന്ത്രിയായിരുന്ന താരിഘ് അസീസിനെ പ്രതിപക്ഷ ഷിയാ പാർട്ടി അംഗങ്ങളെ വേട്ടയാടിയതിന് 2010 ഒക്ടോബർ 26-ൻ തൂക്കിക്കൊല്ലാൻ വിധിച്ചു. [46]

2011 ജൂലൈ 14-ന് സുൽത്താൻ ഹാഷിം അൽ-തായ് എന്നയാളെയും സദ്ദാം ഹുസൈന്റെ രണ്ട് അർഥ സഹോദരന്മാരായ സബാവി ഇബ്രാഹിം അൽ-തിക്രീതി, വത്ബാൻ ഇബ്ഖിം അൽ-തിക്രീതി എന്നിവരെയും വധശിക്ഷ നടപ്പാക്കുന്നതിനായി ഇറാക്ക് അധികാരികൾക്ക് കൈമാറ്റം ചെയ്തു. [47] 42 കച്ചവടക്കാരെ വില നിയന്ത്രിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് പണ്ട് കൊലപ്പെടുത്തിയതിൽ പങ്കുണ്ടായിരുന്നതിനാലാണ് സദ്ദാമിന്റെ അർദ്ധസഹോദരന്മാരെ 2009 മാർച്ച് 11-ന് തൂക്കിക്കൊല്ലാൻ വിധിച്ചത്. [48]

ഇറാക്കിന്റെ സർക്കാർ വധശിക്ഷാ നിരക്ക് രഹസ്യമായി വയ്ക്കുന്നതായി ആരോപണമുണ്ട്, എല്ലാ വർഷവും നൂറുകണക്കിനാളുകളെ തൂക്കിലേറ്റുന്നുണ്ടാവാം. ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് 2007-ൽ 900 ആൾക്കാർ ഇറാക്കിൽ തൂക്കിക്കൊല്ലപ്പെടാൻ അത്യധികം സാദ്ധ്യതയുള്ള നിലയിൽ കഴിയുകയാണ്.

ഇസ്രായേൽ[തിരുത്തുക]

ഇസ്രായേലിന്റെ ക്രിമിനൽ നിയമത്തിൽ വധശിക്ഷയ്ക്ക് വകുപ്പുണ്ടെങ്കിലും ഇതുവരെ നാസി നേതാവ് അഡോൾഫ് എയ്ക്ക്മാനെ 1962 മേയ് 31-ന് തൂക്കിക്കൊന്ന ഒറ്റ അവസരത്തിൽ മാത്രമേ അതുപയോഗിച്ചിട്ടുള്ളൂ. [19]

ജപ്പാൻ[തിരുത്തുക]

ടോക്കിയോ സബ് വേയിൽ സാരിൻ ഗാസുപയോഗിച്ച് ആക്രമണം നടത്തിയതിന്റെ മുഖ്യ ആസൂത്രകനായ ഷോക്കോ അസഹാര എന്നയാളെ 2004 ഫെബ്രുവരി 27-ന് തൂക്കിക്കൊല്ലുക എന്ന ശിക്ഷയ്ക്ക് വിധിച്ചു. സീരിയൽ കൊലപാതകിയായ ഹിരോആകി ഹിഡാകയെയും മറ്റു മൂന്നു പേരെയും 2006 ഡിസംബർ 25-ന് ജപ്പാനിൽ തൂക്കിക്കൊന്നു. തൂക്കിക്കൊലയാണ് വധശിക്ഷ നടപ്പാക്കാൻ ജപ്പാനിൽ ഉപയോഗിക്കുന്ന പ്രധാന മാർഗ്ഗം. നോറിയോ നഗയാമ,[49] മാമോറു ടകുമ,[50] സുടോമു മിയസാകി എന്നിവർ ഉദാഹരണം. [51]

ജോർഡാൻ[തിരുത്തുക]

തൂക്കുകയറാണ് ജോർദാനിൽ പരമ്പരാഗതമായി വധശിക്ഷയ്ക്കുപയോഗിക്കുന്ന മാർഗ്ഗം. 1993-ൽ ഇസ്രായേലിനു വേണ്ടി ചാരപ്രവർത്തി നടത്തി എന്നാരോപിച്ച് രണ്ട് ജോർഡാൻ കാരെ തൂക്കിലേറ്റി.[52]

ലെബനൺ[തിരുത്തുക]

സഹോദരീസഹോദരന്മാരായ രണ്ടുപേരെ കൊന്ന കുറ്റത്തിന് 1998-ൽ ലെബനണിൽ രണ്ടു പേരെ തൂക്കിക്കൊന്നിരുന്നു. [53]

മലേഷ്യ[തിരുത്തുക]

തൂക്കുകയറാണ് വധശിക്ഷയ്ക്ക് മലേഷ്യയിൽ വളരെനാളായി ഉപയോഗിച്ചു വരുന്ന മാർഗ്ഗം.

പോർച്ചുഗൽ[തിരുത്തുക]

പോർച്ചുഗലിൽ തൂക്കിക്കൊല്ലപ്പെട്ട അവസാനയാൾ 1842 ഏപ്രിൽ 16-ന് ശിക്ഷിക്കപ്പെട്ട ഫ്രാൻസിസ്കൊ മാറ്റോസ് ലോബോസ് എന്നയാളാണ്. അതിനു മുൻപ് തൂക്കിക്കൊല സാധാരണയായി നൽകപ്പെടുന്ന വധശിക്ഷയായിരുന്നു.

പാകിസ്താൻ[തിരുത്തുക]

തൂക്കുകയറാണ് പാകിസ്താനിൽ വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന പ്രധാനമാർഗ്ഗം.

റഷ്യ[തിരുത്തുക]

റോമനോവ് രാജവംശത്തിന്റെ കാലത്ത് റഷ്യൻ സാമ്രാജ്യത്തിൽ പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ നിലവിലിരുന്ന ശുലത്തിൽ കയറ്റലിനു (ഇംപേൽമെന്റ്) പകരം തൂക്കുശിക്ഷ റഷ്യയിൽ പ്രചാരത്തിലായി.

തൂക്കിക്കൊല്ലലും പാട്ടകൃഷിയും (സെർഫ്ഡം) അലക്സാണ്ടർ II എന്ന ഭരണാധികാരിയുടെ കാലത്ത് ഇല്ലാതാക്കിയെങ്കിലും അദ്ദേഹത്തിന്റെ മരണത്തോടെ അവ പുനഃസ്ഥാപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കൊലയാളികളെ തൂക്കിക്കൊല്ലുകയാണുണ്ടായത്. കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പലരുടെയും ശിക്ഷ സാധാരണ ജീവപര്യന്തമായി ഇളവു ചെയ്തു കൊടുത്തിരുന്നുവെങ്കിലും രാജദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവരെ സാധാരണ തൂക്കിക്കൊന്നിരുന്നു. ഫിൻലാന്റിലെ ഗ്രാന്റ് ഡച്ചി, പോളണ്ട് രാജ്യം എന്നിങ്ങനെ റഷ്യൻ സാംമ്രാജ്യത്തിന് കീഴിലായിരുന്ന സ്ഥലങ്ങളിലും ഇതായിരുന്നു സ്ഥിതി. ടാവെറ്റി ലൂക്കാരിനെൻ എന്ന ഫിൻലന്റുകാരനെ ചാരപ്രവർത്തിക്കും രാജ്യദ്രോഹത്തിനും ശിക്ഷയായി1916-ൽ തൂക്കിക്കൊന്നതാണ് ഇത്തരത്തിൽ ഒരു ഫിൻലന്റുകാരൻ മരിക്കുന്ന അവസാന സംഭവം.

സാധാരണ പൊതുജനങ്ങൾക്കുമുന്നിൽ വച്ച് ദൈർഘ്യം കുറഞ്ഞ വീഴ്ച്ചയുള്ള തൂക്കിക്കൊല്ലലായിരുന്നു ഉപയോഗിച്ചിരുന്നത്. ലൂക്കാറിനെന്റെ കേസിലേതുപോലെ മരക്കൊമ്പിലോ പ്രത്യേകമായി തയ്യാറാക്കിയ തൂക്കുമരത്തിലോ ആയിരുന്നു തൂക്കിക്കൊന്നിരുന്നത്.

1917-ലെ വിപ്ലവത്തിന് ശേഷം മരണശിക്ഷ കടലാസിൽ നിറുത്തലാക്കിയെങ്കിലും ഭരണകൂടത്തിന്റെ ശത്രുക്കളെന്നു കരുതുന്നവർക്കെതിരെ തുടർച്ചയായി ഉപയോഗിച്ചു വന്നിരുന്നു. ബോൾഷെവിക്കുകൾക്ക് കീഴിൽ മിക്ക വധശിക്ഷകളും വെടിവയ്പ്പിലൂടെയായിരുന്നു നടപ്പാക്കിയിരുന്നത്. റഷ്യയിൽ അവസാനം തൂക്കിക്കൊല്ലപ്പെട്ടത് 1946-ൽ ആന്ദ്രേ വ്ലാസോവ് എന്നയാളും അനുയായികളുമായിരുന്നു.

സിങ്കപ്പൂർ[തിരുത്തുക]

സിങ്കപ്പൂരിൽ വീഴ്ച്ചാദൈർഘ്യം കൂടിയ തൂക്കിക്കൊലയാണ് മയക്കുമരുന്ന് കള്ളക്കടത്ത്, കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, അനുമതിയില്ലാതെ തോക്കുകൾ കൈവശം വയ്ക്കുക തുടങ്ങിയ പല കുറ്റകൃത്യങ്ങൾക്കും നിയമപരമായി നിർദ്ദേശിക്കുന്ന ശിക്ഷ.[54]

സിറിയ[തിരുത്തുക]

ഏലി കോഹൻ എന്ന ഇസ്രായേലി ചാരനെ 1965 മേയ് 18-ന് സിറിയയിൽ പരസ്യമായി തൂക്കിക്കൊല്ലുന്നു.

സിറിയ പരസ്യമായി തൂക്കുശിക്ഷ നടപ്പിലാക്കാറുണ്ട്. 1952-ൽ രണ്ട് ജൂതന്മാരെയും 1965-ൽ ഇസ്രായേൽ ചാരൻ എലി കോഹനെയും ഇങ്ങനെ തൂക്കിക്കൊന്നിരുന്നു. [55][56][57]

യുനൈറ്റഡ് കിങ്ഡം[തിരുത്തുക]

ആംഗ്ലോ-സാക്സൺ കാലഘട്ടം മുതൽ നിയമപരമായ വധശിക്ഷാരീതിയായി തൂക്കിക്കൊല ഇംഗ്ലണ്ടിൽ നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്നു. [58] അറിയപ്പെടുന്ന ആദ്യത്തെ ബ്രിട്ടീഷ് ആരാച്ചാരുടെ പേർ 1360-കളിൽ ജോലി ചെയ്തിരുന്ന തോമസ് ഡെ വാർബ്ലിൻടൺ എന്നയാളാണ്. പതിനാറാം നൂറ്റാണ്ടു മുതൽ 1964-ൽ അവസാനത്തെ തൂക്കുശിക്ഷ നടപ്പിലാക്കിയ ആരാച്ചാർമാരായ റോബർട്ട് ലെസ്ലി സ്റ്റ്യൂവാർട്ട്, ഹാരി അലൻ എന്നിവർ വരെയുള്ള എല്ലാവരുടെയും വിവരങ്ങൾ ലഭ്യമാണ്. 1955 ജൂലൈ 13-ന് തൂക്കിലേറ്റപ്പെട്ട റൂത്ത് എല്ലിസ് ആണ് അവസാനം വധശിക്ഷ ലഭിച്ച സ്ത്രീ.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ ശിക്ഷയായിരുന്നും നൽകി വന്നിരുന്നത്. മോഷണത്തിനു പോലും മരണ ശിക്ഷ നൽകപ്പെട്ടിരുന്നു.[59] 1814-ൽ പതിന്നാല് വയസ്സിൽ താഴെ പ്രായമുള്ള അഞ്ച് കുട്ടിക്കുറ്റവാളികളെ ഓൾഡ് ബെയ്ലി എന്ന സ്ഥലത്തു വച്ച് തൂക്കിക്കൊന്നു. ഇതിൽ ഇളയ കുട്ടിക്ക് എട്ടു വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. [60]1868 വരെ തൂക്കുശിക്ഷകൾ പൊതുജനങ്ങളുടെ മുന്നിൽ വച്ചായിരുന്നു നടത്തിയിരുന്നത്.

1957-ൽ വധശിക്ഷ പൂർണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി കൊലപാതകങ്ങളെ രണ്ട് തലത്തിലുള്ളതായി തരം തിരിക്കപ്പെട്ടു. ഫ്സ്റ്റ് ഡിഗ്രി കൊലപാതകത്തിന് മാത്രമേ വധശിക്ഷ നൽകപ്പെട്ടിരുന്നുള്ളൂ.

1965-ൽ പാർലമെന്റ് 5 വർഷത്തേയ്ക്ക് താത്കാലികമായി വധശിക്ഷ ഇല്ലാതെയാക്കി. 1969-ൽ ഇത് സ്ഥിരമാക്കി. പട്ടാളവുമായി ബന്ധപ്പെട്ട കേസുകളിലും ഇത് ബാധകമാണ്.

സിൽക്ക് കയർ[തിരുത്തുക]

യുനൈറ്റഡ് കിങ്ഡത്തിൽ ചില കുറ്റം ചെയ്യുന്നവരെ സിൽക്ക് കയറുപയോഗിച്ച് തൂക്കിക്കൊന്നിരുന്നു.

 • രാജാവിന്റെ മാനുകളെ അനുമതിയില്ലാതെ വേട്ടയാടുന്ന നായാട്ടുകാരെ. .
 • തലമുറകളായി പ്രഭുത്വമുള്ളവർ കൊലക്കുറ്റം ചെയ്താൽ.[61]
 • ലണ്ടൻ നഗരത്തിന്റെ സ്വാതന്ത്ര്യം എന്ന ബഹുമതി ലഭിച്ച ആൾക്കാർ[62]

യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക[തിരുത്തുക]

പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയവരെ തൂക്കിക്കൊല്ലുന്നു.

മരണശിക്ഷ ചില സംസ്ഥാനങ്ങളിൽ നിലവിലുണ്ടെങ്കിലും മറ്റു ചില സംസ്ഥാനങ്ങൾ നിറുത്തലാക്കിയിട്ടുണ്ട്. ഫെഡറൽ നിയമപ്രകാരമുള്ള മരണശിക്ഷ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്.

1862-ൽ വെള്ളക്കാരായ പുതിയ താമസക്കാരെ കൊന്നൊടുക്കിയെന്ന കുറ്റത്തിന് 38 സിയോക്സ് ഇന്ത്യക്കാരെ തൂക്കിക്കൊന്നതാണ് അമേരിക്കയിലെ ഏറ്റവും വലിയ കൂട്ട വധശിക്ഷ. 1862-ൽ മിനസോട്ടയിലെ മാങ്കാട്ടോ എന്ന സ്ഥലത്തുവച്ചാണിത് നടന്നത്.[63] പൊതുജനങ്ങൾക്കു മുന്നിൽ നടന്ന അവസാനത്തെ വധശിക്ഷ 1938 ആഗസ്റ്റ് 14-ന് കെന്റക്കിയിലെ ഓവൻസ്ബൊറോയിലായിരുന്നു. 70 വയസ്സുള്ള ലിഷ എഡ്വാർഡ് എന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നതിന് റൈനി ബെതി എന്നയാളെയായിരുന്നു തൂക്കിക്കൊന്നത്. ഈ തൂക്കിക്കൊലയ്ക്ക് മേൽനോട്ടം നൽകിയത് കെന്റക്കിയിലെ ആദ്യത്തെ സ്ത്രീ ഷരിഫ്ഫായ (പോലീസ് മേധാവി) ഫ്ലോറൻസ് തോംസണായിരുന്നു. [64][65]

കാലിഫോർണിയയിൽ സാൻ ക്വെന്റിൻ ജയിലിൽ 1949-നും 1952-നും മദ്ധ്യേ വാർഡനായി ജോലി ചെയ്തിരുന്ന ക്ലിന്റൺ ഡഫ്ഫി എന്നയാൾ തൊണ്ണൂറിനു മുകളിൽ എണ്ണം മരണശിക്ഷകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. [66] ജോലിയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം മരണശിക്ഷയ്ക്ക് എതിരാവുകയും എൺപത്തെട്ട് ആണുങ്ങളും രണ്ട് പെണ്ണുങ്ങളും എന്ന പേരിൽ വധശിക്ഷ നിർത്തലാക്കുന്നതിനെ അനുകൂലിച്ച് ഒരു ഓർമക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു. പല തൂക്കിക്കൊലകളും കുഴപ്പത്തിൽ അവസാനിക്കുന്നതും അതുമൂലം അദ്ദേഹത്തിനു മുന്നേ വാർഡനായിരുന്ന ജേംസ് ബി. ഹോളോഹാൻ എന്നയാൾ തൂക്കിക്കൊലയ്ക്ക് പകരം ഗ്യാസ് ചേമ്പർ ഉപയോഗിക്കാൻ കാലിഫോർണിയ നിയമസഭയോട് 1937-ൽ അപേക്ഷിച്ചതും മറ്റും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. [67][68]

പലതരം വധശിക്ഷാ രീതികളും മാറി മിക്ക സ്റ്റേറ്റുകളിലും ഫെഡറൽ സർക്കാരിലും വിഷം കുത്തിവയ്പ്പായിട്ടുണ്ട്. തൂക്കിക്കൊല ശിക്ഷ വിധിക്കപ്പെട്ടയാളിന് തിരഞ്ഞെടുക്കാവുന്ന ഒരു രീതിയായി നിലനിർത്തിയിരുന്ന മിക്ക സംസ്ഥാനങ്ങളും ഈ രീതി ഒഴിവാക്കിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട കൊലപാതകിയായ വിക്ടർ ഫ്യൂഗർ എന്നയാളാണ് അയോവ സംസ്ഥാനത്തു വച്ച് 1963 മാർച്ച് 15-ന് അവസാനമായി തൂക്കിലേറ്റപ്പെട്ടയാൾ. 1965-ൽ മരണശിക്ഷ ഒഴിവാക്കി പകരം പരോളില്ലാത്ത ജീവപര്യന്തം തടവ് നിലവിൽ വന്നതിന് മുൻപ് തൂക്കുശിക്ഷയായിരുന്നു അയോവയിൽ മുഖ്യ വധശിക്ഷാ രീതി.

ബാർട്ടൻ കേ കിർഹാം എന്നയാളാണ് യൂട്ടാ സംസ്ഥാനത്ത് അവസാനമായി തൂക്കിലേറ്റപ്പെട്ടയാൾ. അയാൾ വെടിവച്ച് കൊല്ലുന്നതിനു പകരം തൂക്കിക്കൊല തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് 1980-ൽ യൂട്ടായിൽ വിഷം കുത്തിവച്ച് കൊല്ലുന്ന രീതി നടപ്പിൽ വന്നു.

ഡെലാവേർ സംസ്ഥാനത്തിന്റെ നിയമം 1986-ൽ മാറ്റി തൂക്കുശിക്ഷയ്ക്ക് പകരം വിഷം കുത്തിവയ്പ്പ് നിലവിൽ വന്നു. അതിനു മുന്നേ ശിക്ഷാവിധി വന്നിരുന്ന ആൾക്കാർക്ക് തൂക്കുമരണം തിരഞ്ഞെടുക്കാൻ സാധിക്കുമായിരുന്നു. 1996-ൽ ബില്ലി ബെയ്ലി എന്നയാളെ തൂക്കിക്കൊന്നതാണ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും അടുത്ത കാലത്തു നടന്ന തൂക്കിക്കൊല.

വാഷിംഗ്ടൺ, ന്യ ഹാംപ്ഷൈർ എന്നീ സംസ്ഥാനങ്ങളിൽ തൂക്കിക്കൊല ഇപ്പോഴും ഒരു തിരഞ്ഞെടുക്കാവുന്ന രീതിയായി നിലനില്ക്കുന്നുണ്ട്. [69]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

അവലംബം[തിരുത്തുക]

 1. OED Entry (requires subscription).
 2. "Hanged by the neck until dead! The processes and physiology of judicial hanging". Britain: Capital Punishment U.K. Retrieved 2011-02-17.
 3. Deary, Terry (2005). "Cool for Criminals". Loathsome London. Horrible Histories (1st ed.). London: Scholastic. p. 63. ISBN 978-0-439-95900-1. Retrieved 2011-02-17.
 4. This method is alluded to in Mutiny on the Bounty.
 5. Report by Kingsbury Smith, International News Service, 16th October 1946.
 6. MacDonogh G., "After the Reich" John Murray, London (2008) p. 450.
 7. The history of judicial hanging in Britain 1735 – 1964.
 8. "Gruesome death in gas chamber pushes Arizona towards injections", New York Times, April 25, 1992 (retrieved 7 January 2008).
 9. 9.0 9.1 Pierrepoint, Albert (1989). Executioner Pierrepoint. Hodder & Stoughton General Division. ISBN 0-340-21307-8.
 10. "Canadian Injury Data". Statistics Canada. Archived from the original on 2005-10-01. Retrieved 2012-05-22.
 11. Suicide Statistics. URL accessed on 2006-05-16.
 12. "Trends in suicide by method in England and Wales, 1979 to 2001" (PDF). Office of National Statistics. Archived from the original (PDF) on 2003-12-22. Retrieved 2006-05-16.
 13. James R, Nasmyth-Jones R., The occurrence of cervical fractures in victims of judicial hanging, Forensic Science International, 1992 Apr;54(1):81–91.
 14. Executedtoday.com, South Africa Pretoria prison gallows.
 15. Wallace SK, Cohen WA, Stern EJ, Reay DT, Judicial hanging: postmortem radiographic, CT, and MR imaging features with autopsy confirmation, Radiology, 1994 Oct;193(1):263–7.
 16. "How hanging causes death". Archived from the original on 2006-04-26. Retrieved 2006-04-27.
 17. 17.0 17.1 17.2 Countries that have abandoned the use of the death penalty Archived 2006-12-15 at the Wayback Machine., Ontario Consultants on Religious Tolerance, November 8, 2005
 18. Death penalty in Australia Archived 2010-03-29 at the Wayback Machine., New South Wales Council for Civil Liberties
 19. 19.0 19.1 19.2 19.3 Capital Punishment Worldwide Archived 2009-11-01 at the Wayback Machine., MSN Encarta. Archived 2009-10-31.
 20. Susan Munroe, History of Capital Punishment in Canada, About: Canada Online,
 21. [1]
 22. "ആർക്കൈവ് പകർപ്പ്". The New York Times. Archived from the original on 2012-02-19. Retrieved 2012-05-22.
 23. Richard Solash, Hungary: U.S. President To Honor 1956 Uprising (June 20, 2006), radio Free Europe; RadioLiberty.
 24. "Sakhrani, Monica; Adenwalla, Maharukh; Economic & Political Weekly, "Death Penalty – Case for Its Abolition"". Archived from the original on 2005-08-17. Retrieved 2012-05-22.
 25. Kumara, Sarath; World Socialist Web Site; "West Bengal carries out first hanging in India in a decade"
 26. Wallace, Mark (2011-07-06). "Iran's execution binge". Los Angeles Times. Retrieved 2011-08-31.
 27. "Iran executes 2 gay teenagers". Retrieved 2006-04-27.
 28. "Exclusive interview with gay activists in Iran on situation of gays, recent executions of gay teens and the future". Archived from the original on 2005-11-18. Retrieved 2006-04-27.
 29. "IRAN: Amnesty International outraged at reported execution of a 16 year old girl". Amnesty International. 2004-08-23. Archived from the original on 2008-05-09. Retrieved 2008-03-30.
 30. Iran executes 29 in jail hangings.
 31. IRAN: Halted execution highlights inherent cruelty of death penalty Archived 2009-01-16 at the Wayback Machine.. Amnesty International USA (2008-12-09). Retrieved on 2008-12-11.
 32. "Clark, Richard; The process of Judicial Hanging". Archived from the original on 2006-04-26. Retrieved 2012-05-22..
 33. "Scores face execution in Iraq six years after invasion". Amnesty International USA. 2009-03-20. Archived from the original on 2009-05-13. Retrieved 2009-03-21.
 34. "More bombs bring death to Iraq". Mail & Guardian Online. 2006-03-10. Archived from the original on 2007-07-06. Retrieved 2006-04-27.
 35. "Saddam Hussein sentenced to death by hanging". CNN. 2006-11-05. Archived from the original on 2006-11-13. Retrieved 2006-11-05.
 36. "Saddam Hussein Hanging Video Shows Defiance, Taunts and Glee". National Ledger. 2007-01-01. Archived from the original on 2007-01-20. Retrieved 2007-01-20.
 37. "Body of Saddam in the Morgue – Warning: Graphic Content".
 38. AP: Saddam’s half brother and ex-official hanged[പ്രവർത്തിക്കാത്ത കണ്ണി] January 15, 2007.
 39. Top Saddam aide sentenced to hang February 12, 2007.
 40. Saddam's former deputy hanged in Iraq March 20, 2007.
 41. Iraq's "Chemical Ali" sentenced to death Archived 2007-06-26 at the Wayback Machine., MSNBC.com, June 24, 2007. Retrieved on June 24, 2007.
 42. Second death sentence for Iraq's 'Chemical Ali Archived 2012-10-25 at the Wayback Machine., MSNBC.com, December 2, 2008. Retrieved on December 2, 2008.
 43. Iraq's 'Chemical Ali' gets 3rd death sentence, Associated Press, March 2, 2009. Retrieved on January 17, 2010.
 44. 'Chemical Ali' gets a new death sentence Archived 2012-11-02 at the Wayback Machine., MSNBC.com, January 17, 2010. Retrieved on January 17, 2010.
 45. "Saddam Hussein's Henchman Chemical Ali Executed". The Daily Telegraph. London. January 25, 2010. Retrieved 25 January 2010.
 46. "Tariq Aziz, Saddam Hussein's former aid, sentenced to hang in Iraq for crimes against humanity". New York Daily News. 26 October 2010. Retrieved 26 October 2010.[പ്രവർത്തിക്കാത്ത കണ്ണി]
 47. al-Ansary, Khalid (15 July 2011). "U.S. turns Saddam's half-brothers over to Iraq". Reuters. Archived from the original on 2011-07-16. Retrieved 17 July 2011.
 48. "Saddam's deputy PM Tariq Aziz gets 15-year prison sentence". CBC News. March 11, 2009.
 49. "In Secrecy, Japan Hangs a Best-Selling Author, a Killer of 4". New York Times. 1997-08-07. Retrieved 2008-06-17.
 50. "Japanese school killer executed". BBC News. 2004-09-14. Retrieved 2008-06-17.
 51. "Reports: Japan executes man convicted of killing and mutilating young girls in 1980s". International Herald Tribune. 2008-06-17. Archived from the original on 2008-08-04. Retrieved 2008-06-17.
 52. The Independent. London. August 16, 1993 http://www.independent.co.uk/news/world/jordan-hangs-israeli-spies-1461414.html. {{cite news}}: Missing or empty |title= (help)
 53. [2]
 54. "Singapore clings to death penalty". Sunday Times (South Africa). 2005-11-21. Retrieved 2006-04-02.
 55. [3]
 56. [4]
 57. [5]
 58. "Hanging". The 11th Edition of the Encyclopaedia Britannica.
 59. "National Affairs: CAPITAL PUNISHMENT: A FADING PRACTICE Archived 2011-10-11 at the Wayback Machine.". Time. March 21, 1960.
 60. "London's children in the 19th century". Museum of London.
 61. Lords Hansard text for 12 February 1998 Archived 2011-06-05 at the Wayback Machine., Hansard, Col. 1350.
 62. "History". City of London. Archived from the original on 2011-06-12. Retrieved 2010-04-12.
 63. "Execution of Indians in Minnesota". The New York Times. December 29, 1862. p. 5. Archived from the original on 2013-05-16. Retrieved 2021-09-02.
 64. The Last Public Execution in America
 65. "On This Day: Kentucky Holds Final Public Execution in the US". Archived from the original on 2012-03-11. Retrieved 2012-05-22.
 66. Blake, Gene (1982-10-14). "Famed warden Duffy of San Quentin dead at 84". Los Angeles Times.
 67. Duffy, Clinton (1962). Eighty-Eight Men and Two Women. Garden City, NY: Doubleday. OCLC 1317754.
 68. Fimrite, Peter (2005-11-20). "Inside death row. At San Quentin, 647 condemned killers wait to die in the most populous execution antechamber in the United States". San Francisco Chronicle. Retrieved 2009-01-12.
 69. "Section 630.5, Procedures in Capital Murder". Retrieved 2006-04-27.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തൂങ്ങിമരണം&oldid=3826837" എന്ന താളിൽനിന്ന് ശേഖരിച്ചത്