Jump to content

മേരി ക്യൂറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Marie Curie എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മരിയ സ്ക്ളോഡോവ്സ്കാ-ക്യൂറി
മരിയ സ്ക്ളോഡോവ്സ്കാ-ക്യൂറി
ജനനംനവംബർ 7 1867
മരണം1934 ജൂലൈ 4 (64 വയസ്സ് പ്രായം)
ദേശീയതപോളിഷ്, ഫ്രഞ്ച്
കലാലയംസോർബോൺ, ഇ.എസ്.പി.സി.ഐ
അറിയപ്പെടുന്നത്റേഡിയോ ആക്റ്റിവിറ്റി
പുരസ്കാരങ്ങൾ നോബൽ സമ്മാനം ഫിസിക്സ് (1903)
നോബൽ സമ്മാനം രസതന്ത്രം (1911)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഊർജ്ജതന്ത്രം, രസതന്ത്രം
സ്ഥാപനങ്ങൾസോർബോൺ
ഡോക്ടർ ബിരുദ ഉപദേശകൻഹെൻട്രി ബാക്വറൽ
ഡോക്ടറൽ വിദ്യാർത്ഥികൾആൻഡ്രെ ലൂയി ഡെബിയേൺ
മാർഗ്വെറൈറ്റ് കാതറീൻ പേഴ്സി
കുറിപ്പുകൾ
രണ്ടു വ്യത്യസ്ത ശാസ്ത്ര ശാഖകളിൽ നോബൽ സമ്മാനം ലഭിച്ചിട്ടുള്ള ഏകവ്യക്തി. പിയറി ക്യൂറിയാണ് (1895) ഭർത്താവ്; ഐറീൻ ജോളിയോട്ട്-ക്യൂറി, ഈവ് ക്യൂറീ എന്നിവരാണ് മക്കൾ.

അർബുദം പോലെയുള്ള രോഗങ്ങൾക്കുള്ള ചികിൽസയിൽ നിർണ്ണായകമായ റേഡിയോ ആക്റ്റീവ് മൂലകമായ റേഡിയം കണ്ടു പിടിച്ച പോളിഷ് ശാസ്ത്രജ്ഞയാണ്‌ മേരി ക്യൂറി എന്ന മാഡം ക്യൂറി (നവംബർ 7, 1867 - ജൂലൈ 4, 1934). പ്രധാനമായും ഇവർ ഫ്രാൻസിലാണ് പ്രവർത്തിച്ചിരുന്നത്. റേഡിയോ ആക്റ്റിവിറ്റി സംബന്ധിച്ച ഗവേഷണമാണ് മേരി ക്യൂറിയെ പ്രശസ്തയാക്കിയത്. നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ വനിതയായിരുന്നു ക്യൂറി. ഇതുകൂടാതെ മാഡം ക്യൂറി രണ്ടു വ്യത്യസ്ത ശാസ്ത്ര ശാഖകളിൽ (ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും) നോബൽ സമ്മാനം ലഭിച്ചിട്ടുള്ള ഒരേയൊരാളുമാണ്. പാരീസ് സർവ്വകലാശാലയിലെ (ലാ സോബോൺ) ആദ്യ വനിതാ പ്രഫസറായിരുന്നു ഇവർ. മേരി സ്വന്തം നേട്ടങ്ങളുടെ പേരിൽ പാരിസിലെ പാന്തിയണിൽ ശവമടക്കപ്പെട്ട ആദ്യ സ്ത്രീയെന്ന ബഹുമതിക്കും അർഹയായി.

മരിയ സലോമിയ സ്ക്ലോഡോവ്സ്ക, Maria Salomea Skłodowska-Curie (ഉച്ചരിക്കുന്നത് [ˈmarja salɔˈmɛa skwɔˈdɔfska]) എന്നായിരുന്നു ക്യൂറിയുടെ ആദ്യ പേര്. രാജഭരണത്തിൻ കീഴിലായിരുന്ന പോളണ്ടിൽ (കോൺഗ്രസ്സ് പോളണ്ട്) വാഴ്സോ നഗരത്തിലാണ് ക്യൂറി ജനിച്ചത്. രഹസ്യമായി നടത്തിയിരുന്ന ഫ്ലോട്ടിംഗ് സർവ്വകലാശാലയിലാണ് ക്യൂറി പഠനമാരംഭിച്ചത്. ശാസ്ത്രത്തിൽ പ്രായോഗിക പരിശീലനം ആരംഭിച്ചത് വാഴ്സോയിലായിരുന്നു. 1891-ൽ 24 വയസ്സുള്ളപ്പോൾ ബ്രോണിസ്ലാവ എന്ന മൂത്ത ചേച്ചിയുമായി മേരി പാരീസിൽ പഠനത്തിനായി എത്തി. ഇവിടെയാണ് ശാസ്ത്രത്തിൽ ഉന്നതബിരുദങ്ങളും ശാസ്ത്രപരീക്ഷണങ്ങളും മറ്റും ക്യൂറി നടത്തിയത്. 1903-ൽ ക്യൂറിക്ക് ലഭിച്ച ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഭർത്താവായ പിയറി ക്യൂറിയുമായും ഭൗതികശാസ്ത്രജ്ഞനായ ഹെൻട്രി ബെക്വറലുമായും പങ്കിടുകയായിരുന്നു. 1911-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം മേരി ക്യൂറി ഒറ്റയ്ക്കാണ് നേടിയത്.

റേഡിയോ ആക്റ്റിവിറ്റി (ഈ പ്രയോഗം ക്യൂറിയുടെ സംഭാവനയാണ്) സംബന്ധിച്ച ഒരു സിദ്ധാന്തമാണ് ക്യൂറിയുടെ ഒരു പ്രധാന സംഭാവന. റേഡിയോ ആക്റ്റിവിറ്റിയുള്ള ഐസോടോപ്പുകളുടെ വേർതിരിവ്, പൊളോണിയം, റേഡിയം എന്നീ മൂലകങ്ങളുടെ കണ്ടുപിടിത്തം എന്നിവയും ക്യൂറിയുടെ സംഭാവനകളിൽ പെടുന്നു. റേഡിയോ ആക്റ്റീവ് മൂലകങ്ങൾ ഉപയോഗിച്ച് അർബുദരോഗചികിത്സ നടത്തുന്നതു സംബന്ധിച്ച ആദ്യ പരീക്ഷണങ്ങൾ ക്യൂറിയുടെ കീഴിലാണ് നടന്നത്. പാരീസിലെ ക്യൂറി ഇൻസ്റ്റിറ്റ്യൂട്ടും വാഴ്സോയിലെ ക്യൂറി ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചത് മേരി ക്യൂറിയാണ്. ഇപ്പോഴും വൈദ്യശാസ്ത്രത്തിലെ പ്രധാന ഗവേഷണങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധസമയത്ത് സൈനികാവശ്യങ്ങൾക്കുവേണ്ടി റേഡിയോളജി സംവിധാനം യുദ്ധമുഖത്ത് ഉപയോഗിക്കാനുള്ള സംവിധാനം ക്യൂറി സജ്ജമാക്കുകയുണ്ടായി.

ഫ്രഞ്ച് പൗരത്വമുണ്ടായിരുന്നുവെങ്കിലും മേരി സ്ലോഡോവ്സ്ക-ക്യൂറി (രണ്ട് കുടുംബപ്പേരുകളും മേരി ഉപയോഗിച്ചിരുന്നു) പോളിഷ് സ്വത്വബോധം മേരി ഒരിക്കലും ഉപേക്ഷിച്ചിരുന്നില്ല. മേരി പെണ്മക്കളെ പോളിഷ് ഭാഷ പഠിപ്പിക്കുകയും അവരെ പോളണ്ടിൽ കൊണ്ടുപോവുകയും ചെയ്തിരുന്നു. താൻ കണ്ടുപിടിച്ച ആദ്യ മൂലകത്തിന് സ്വന്തം മാതൃ രാജ്യത്തിന്റെ പേരാണ് (പൊളോണിയം) മേരി നൽകിയത്. ഇത് 1898-ലായിരുന്നു വേർതിരിച്ചെടുത്തത്. [a]

1934-ലാണ് മേരി ക്യൂറി മരിച്ചത്. പരീക്ഷണങ്ങളുടെ ഭാഗമായി വർഷങ്ങളോളം റേഡിയേഷൻ ഏറ്റ‌തുമൂലമുണ്ടായ അപ്ലാസ്റ്റിക് അനീമിയയായിരുന്നു മരണകാരണം.

ജീവിതരേഖ

[തിരുത്തുക]

1867 നവംബർ 7-ന്‌ പോളണ്ടിലെ വാഴ്സയിൽ ജനിച്ചു. മേരിയുടെ പിതാവ്‌ എം.പ്‌ളാഡിസ്‌ളാവ്‌ സ്‌കേളാഡോവ്‌സ്കി ഒരു ഭൗതികശാസ്ത്ര അദ്ധ്യാപകനായിരുന്നു. മേരിയുടെ മാതാവ്‌ ബ്രോണിസ്ലാവ് ഒരു ക്ഷയരോഗിയായിരുന്നു.

പിതാവ്‌ ഒരു അദ്ധ്യാപകനായിരുന്നെങ്കിലും വരുമാനം കുറഞ്ഞ ആളായിരുന്നു. അതുകൊണ്ട്‌ ചെറുപ്പത്തിലേ ദാരിദ്ര്യം എന്തെന്നറിഞ്ഞാണ്‌ മേരി വളർന്നത്‌. പിതാവിന്റെ ശാസ്ത്ര വിഷയങ്ങളിലുള്ള താത്പര്യം മേരിയുടെ ജീവിതത്തെ വളരെ സ്വാധീനിച്ചിരുന്നു.അദ്ദേഹം നടത്തുന്ന പരീക്ഷണങ്ങൾ മേരി വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്നു. പതിനാറാമത്തെ വയസ്സിൽ സ്വർണ്ണ മെഡൽ നേടി അവൾ സ്കൂൾ പഠനം പൂർത്തിയാക്കി.

കടുത്ത ദാരിദ്യത്തിനിടയിലും അവൾ സൂക്ഷിച്ച്‌ വച്ചിരുന്ന കുറച്ചു റൂബിളുമായി 1891-ൽ പാരീസിലെ സോർബോൺ സർവ്വകലാശാലയിൽ ബിരുദപഠനത്തിന്‌ ചേർന്നു. വല്ലപ്പോഴും പിതാവ്‌ അയച്ചിരുന്ന പണം ലഭിച്ചിരുന്നെങ്കിലും അത്‌ ആഹാരത്തിനു പോലും തികഞ്ഞിരുന്നില്ല. ദിവസങ്ങളോളം ആഹാരം കഴിക്കതെ മണിക്കൂറുകൾ അദ്ധ്വാനിച്ച് തളർന്ന് പുസ്തകങ്ങളുടെ മുകളിൽ വീണ്‌ ഉറങ്ങിയിട്ടുണ്ട്‌. 1893-ൽ ഭൗതികശാസ്ത്രത്തിൽ ബിരുദമെടുത്തു. 1894-ൽ ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം തന്റെ കൊച്ചു പരീക്ഷണ ശാലയിൽ പരീക്ഷണങ്ങളുമയി കഴിയവെ അവൾ തന്റെ അതേ ആശയങ്ങളുമായി പ്രവർത്തിക്കുന്ന പിയറി ക്യൂറി എന്ന ചെറുപ്പക്കാരനെ പരിചയപ്പെട്ടു. ആശയങ്ങൾ ചർച്ച ചെയ്യനുള്ള ആ കൂടികാഴ്ചകൾ വളർന്നു. 1895 ജൂലൈയിൽ അവർ വിവാഹിതരായി. വിവാഹ ശേഷവും ക്യുറി ദമ്പതികൾ പരീക്ഷണങ്ങൾ തുടർന്നു.

ശാസ്ത്രനേട്ടങ്ങൾ

[തിരുത്തുക]

ആയിടക്കാണ്‌ ഹെൻ‌റി ബെക്വറൽ എന്ന ശാസ്ത്രജ്ഞൻ യുറേനിയം ലവണത്തിൽ നിന്ന് അറിയപ്പെടത്ത ഒരു പ്രകാശം പുറപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയത്‌. പിൽ‌കാലത്ത്‌ ക്യൂറിമാർ ഇതിനെ റേഡിയോ ആൿടിവിറ്റി എന്ന് വിളിച്ചു. ഇതിൽ താൽപര്യം തോന്നിയ അവർ അന്നേവരെ അറിയപ്പെടാതിരുന്ന ആ മേഖലയിലേക്ക്‌ തിരിഞ്ഞു. 1898-ൽ തന്റെ നാടിന്റെ നാമം ചേർത്ത്‌ പൊളോണിയം എന്ന പുതിയ മൂലകം കണ്ടുപിടിച്ചു. തുടർന്നു നടത്തിയ ശ്രമങ്ങളുടെ ഫലമായി ക്യൂറിമാർ പിച്ച്‌ ബ്ലെൻഡിൽ നിന്ന് റേഡിയം കണ്ടുപിടിച്ചു. ഒരു ഇരുമ്പ്‌ മേശയും സ്റ്റൗവും മാത്രം ഉപയോഗിച്ചാണ്‌ ഈ മൂലകങ്ങളെ ക്യൂറിമാർ വേർതിരിച്ചെടുത്തത്.

റേഡിയം വേർതിരിച്ചെടുത്തതോടെ അതിന്റെ നിർമ്മാണാവകാശം നേടിയെടുക്കാൻ ലോകത്തിന്റെ പലഭാഗത്തുനിന്നും നിരവധി പേർ വന്നെങ്കിലും ഇത് ധനസമ്പാദനത്തിനുള്ള മാർഗ്ഗമാക്കാതെ നിർമ്മാണരഹസ്യം പൊതുജനങ്ങൾക്കായി പരസ്യമാക്കുകയായിരുന്നു അവർ ചെയ്തത്. അവർ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു "ശാസ്ത്രജ്ഞർ ധനത്തിനായല്ല പരീക്ഷണങ്ങൾ നടത്തുന്നത്‌ നിങ്ങൾക്ക്‌ വേണ്ട വിവരമെല്ലാം ഞങ്ങൾ തരാം."

ഒന്നാം ലോകമഹായുദ്ധം

[തിരുത്തുക]
ക്യൂറി ഒരു മൊബൈൽ എക്സ്-റേ വാഹനത്തിൽ

ഒന്നാം ലോകമഹായുദ്ധസമയത്ത് യുദ്ധമുന്നണിയിൽ പ്രവർത്തിക്കുന്ന ശസ്ത്രക്രീയാവിദഗ്ദ്ധർക്ക് എക്സ്-റേ ഉപകരണങ്ങൾ ആവശ്യമുണ്ടെന്ന് മേരി മനസ്സിലാക്കി.[1] റേഡിയോളജി, ശരീരശാസ്ത്രം, മോട്ടോർ വാഹനങ്ങൾ എന്നിവയെ സംബന്ധിച്ച് പെട്ടെന്ന് പഠിച്ച മേരി വാഹനങ്ങളിൽ ഘടിപ്പിച്ച എക്സ് റേ സംവിധാനങ്ങൾ സജ്ജമാക്കി. പെറ്റൈറ്റെസ് ക്യൂറീസ് ("ചെറിയ ക്യൂറികൾ") എന്നായിരുന്നു ഇവയുടെ വിളിപ്പേര്.[1] മേരി റെഡ് ക്രോസ്സ് റേഡിയോളജി വിഭാഗത്തിന്റെ ഡയറക്റ്ററായി മാറി. ഫ്രാൻസിലെ ആദ്യ സൈനികറേഡിയോളജി സെന്റർ മേരിയാണ് സ്ഥാപിച്ചത്. 1914-ന്റെ അവസാനത്തോടെ ഇത് പ്രവർത്തനസജ്ജമായി.[1] ഒരു സൈനിക ഡോക്ടറും 17-വയസ്സ് പ്രായമുണ്ടായിരുന്ന മകൾ ഐറീനുമായിരുന്നു ആദ്യ സഹായികൾ. യുദ്ധത്തിന്റെ ആദ്യ വർഷം ഇരുപത് മൊബൈൽ റേഡിയോളജി സംവിധാനങ്ങളും ഫീൽഡ് ആശുപത്രികളിൽ 200 എക്സ്-റേ സംവിധാനങ്ങളും മേരി സ്ഥാപിച്ചു.[1][2] പിന്നീട് മറ്റു സ്ത്രീകളെ മേരി സഹായികളായി നിയമിക്കാൻ തുടങ്ങി.[3]

1915-ൽ മേരി റേഡിയോ ആക്റ്റിവതയുള്ള റാഡോൺ വാതകം നിറച്ച പൊള്ളയായ സൂചികൾ നിർമ്മിക്കാൻ തുടങ്ങി. റേഡിയത്തിൽ നിന്നുണ്ടാകുന്ന ഈ വാതകം രോഗാണുബാധയുള്ള കലകളെ അണുവിമുക്തമാക്കാനാണ് ഉപയോഗിച്ചിരുന്നത്.[3] മേരിയുടെ പക്കലുണ്ടായിരുന്ന ഒരു ഗ്രാം റേഡിയം ഉപയോഗിച്ചാണ് ഇത് നിർമിച്ചിരുന്നത്.[3] മേരി നിർമിച്ച എക്സ്-റേ സംവിധാനങ്ങൾ ഉപയോഗിച്ച് പത്തുലക്ഷം സൈനികർക്ക് ചികിത്സ ലഭിച്ചിരിക്കാം എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.[2][4] യുദ്ധസമയത്ത് ജോലിത്തിരക്കുകാരണം മേരിക്ക് ഒരു ശാസ്ത്രപരീക്ഷണങ്ങളിലും ഏർപ്പെടാൻ സാധിച്ചിട്ടില്ല.[2] ഇത്രമാത്രം സേവനങ്ങൾ നടത്തിയിട്ടും ഫ്രഞ്ച് ഭരണകൂടം ഔദ്യോഗികമായി ഒരിക്കലും ക്യൂറിയുടെ യുദ്ധസേവനങ്ങൾക്ക് അഭിനന്ദനം അറിയിച്ചിട്ടില്ല.[1]

യുദ്ധം തുടങ്ങിയ ഉടൻ തന്നെ മേരി തന്റെ സ്വർണ്ണ നോബൽ പതക്കം യുദ്ധസന്നാഹങ്ങൾക്കുള്ള ചെലവിനായി നൽകിയെങ്കിലും ഫ്രാൻസിന്റെ ദേശീയ ബാങ്ക് ഇത് സ്വീകരിക്കാൻ വിസമ്മതിച്ചു.[3] നോബൽ സമ്മാനത്തുകയുപയോഗിച്ച് മേരി യുദ്ധബോണ്ടുകൾ വാങ്ങുകയുണ്ടായി.[3] ഫ്രാൻസിലുള്ള പോളണ്ടുകാരുടെ സംഘടനകളിലും മേരി അംഗമായിരുന്നു.[5] യുദ്ധശേഷം റേഡിയോളജി ഇൻ വാർ (1919) എന്ന പുസ്തകത്തിൽ മേരി യുദ്ധാനുഭവങ്ങൾ വിശദീകരിക്കുകയുണ്ടായി.[3]

പുരസ്കാരങ്ങൾ

[തിരുത്തുക]

റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ കണ്ടെത്തൽ ക്യൂറിമാരെ ലോകപ്രശസ്തരാക്കി. ബഹുമതികളും അവാർഡുകളും ധാരാളം ലഭിച്ചു. 1903-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. എന്നാൽ 1906-ൽ ഒരു റോഡപകടത്തിൽ പിയറി മരിച്ചു. എങ്കിലും മരിച്ച തന്റെ പ്രാണനാഥന്‌ ഉപഹാരം പോലെ ശുദ്ധമായ റേഡിയം വേർതിരിച്ചെടുത്തതിന്‌ 1911-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം വീണ്ടും നേടി.

അന്ത്യം

[തിരുത്തുക]

എന്നാൽ അപ്പോഴേക്കും റേഡിയത്തിനടുത്തിരുന്ന് പരീക്ഷണം നടത്തിയതുകൊണ്ട്‌ വികിരണാഘാതം മൂലം മേരി രോഗിയായി. ലോകത്തിന്‌ വലിയ സംഭാവനകൾ നൽകിയ ആ മഹതി 1934 ജുലായ് 4-ന്‌ ലോകത്തോട്‌ വിട പറഞ്ഞു.

അവലംബം മലയാളത്തിൽ എഴുതുമോ

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 "Marie Curie  — War Duty (1914-1919) Part 1". American Institute of Physics. Archived from the original on 2011-11-02. Retrieved 7 November 2011.
  2. 2.0 2.1 2.2 Tadeusz Estreicher (1938). "Curie, Maria ze Skłodowskich". Polski Słownik Biograficzny, Vol. 4 (in പോളിഷ്). p. 113. {{cite book}}: |access-date= requires |url= (help)
  3. 3.0 3.1 3.2 3.3 3.4 3.5 "Marie Curie  — War Duty (1914-1919) Part 2". American Institute of Physics. Archived from the original on 2015-06-09. Retrieved 7 November 2011.
  4. Robert William Reid (1974). Marie Curie. New American Library. p. 6. ISBN 0002115395. Retrieved 2 August 2012. Unusually at such an early age, she became what T.H. Huxley had just invented a word for: agnostic.
  5. Wiesław Śladkowski (1980). Emigracja polska we Francji 1871-1918 (in പോളിഷ്). Wydawnictwo Lubelskie. p. 274. ISBN 83-222-0147-8. Retrieved 2 August 2012. {{cite book}}: Cite has empty unknown parameter: |1= (help)

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

ഫിക്ഷൻ അല്ലാത്തവ

[തിരുത്തുക]

ഫിക്ഷൻ

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മേരി_ക്യൂറി&oldid=4102315" എന്ന താളിൽനിന്ന് ശേഖരിച്ചത്