തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം

Coordinates: 9°54′00″N 76°43′01″E / 9.9000°N 76.7170°E / 9.9000; 76.7170
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ക്ഷേത്രഗോപുരം
തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം is located in Kerala
തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
Location in Kerala
അടിസ്ഥാന വിവരങ്ങൾ
സ്ഥലംതൊടുപുഴ
നിർദ്ദേശാങ്കം9°54′00″N 76°43′01″E / 9.9000°N 76.7170°E / 9.9000; 76.7170
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിശ്രീകൃഷ്ണൻ
ആഘോഷങ്ങൾതിരുവുത്സവം, അഷ്ടമിരോഹിണി, വിഷു
ജില്ലഇടുക്കി
സംസ്ഥാനംകേരളം
രാജ്യംഇന്ത്യ
Governing bodyട്രസ്റ്റി ബോർഡ്
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംകേരള-ദ്രാവിഡ ശൈലികൾ
സ്ഥാപകൻകീഴ്മലനാട് രാജാവ്
സ്ഥാപിത തീയതിഅജ്ഞാതം, ഏകദേശം അഞ്ഞൂറുവർഷം പഴക്കം പറയുന്നു

ഇടുക്കി ജില്ലയുടെ വ്യാവസായിക തലസ്ഥാനമായ തൊടുപുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത് തൊടുപുഴയാറിന്റെ വടക്കേക്കരയിൽ സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രമാണ് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ചതുർബാഹുവായ മഹാവിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. എന്നാൽ, ബകവധാനന്തരം അമിതമായ വിശപ്പോടെയിരിയ്ക്കുന്ന ബാലകൃഷ്ണനായാണ് ഇവിടെ പ്രതിഷ്ഠയുടെ സങ്കല്പം. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ശിവൻ, പാർവ്വതി (തൂണിന്മേൽ ഭഗവതി), ദുർഗ്ഗ,സാളഗ്രാമം, നാഗദൈവങ്ങൾ, യോഗീശ്വരൻ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഇവിടെയുള്ള ചതുർബാഹുവായ മഹാവിഷ്ണുവിഗ്രഹം, ദ്വാപരയുഗത്തിൽ പാണ്ഡവരിൽ മൂത്തയാളായ യുധിഷ്ഠിരൻ പൂജിച്ചിരുന്നതാണെന്ന് പറയപ്പെടുന്നു. തൊടുപുഴയുടെ സമീപപ്രദേശങ്ങളിലെ നാല് ശ്രീകൃഷ്ണക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ, ഇതുപോലെ പാണ്ഡവരിലെ മറ്റുള്ളവർ പൂജിച്ചതാണെന്നും കഥകളുണ്ട്. ഇപ്പോൾ ഇവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു യാത്രാപരിപാടി നടന്നുവരുന്നുണ്ട്. കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ ഇവിടെ ബാലാരിഷ്ടതകൾ മാറാൻ പുള്ളും പ്രാവും നടയ്ക്കുവയ്ക്കുന്നത് പ്രധാന വഴിപാടാണ്. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഈ വഴിപാട്, ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ഭാവം കൂടി സൂചിപ്പിച്ചുകൊണ്ടാണ്. മീനമാസത്തിലെ തിരുവോണം നാളിൽ കൊടിയേറി പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, മീനമാസത്തിലെത്തന്നെ ചോതി നാളിൽ നടക്കുന്ന ചോതിയൂട്ട്, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, മേടമാസത്തിലെ വിഷു എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ, എല്ലാ വൈഷ്ണവ ദേവാലയങ്ങളിലേതും പോലെ വ്യാഴാഴ്ചകൾ, ഏകാദശി, തിരുവോണം നക്ഷത്രം എന്നിവയും പ്രധാനദിവസങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ, കേരളത്തിലെ ആദ്യ താന്ത്രിക കുടുംബം എന്ന നിലയിൽ പ്രസിദ്ധമായ തരണനെല്ലൂർ മന വകയുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.

ഐതിഹ്യം[തിരുത്തുക]

പഴയകാലത്ത് ലക്ഷ്മീഗ്രാമം എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ തളിപ്പറമ്പ് ദേശത്ത് താമസിച്ചിരുന്ന ഒരു യോഗീശ്വരന് പിന്നീടുണ്ടായ ചില കാരണങ്ങൾ മൂലം നാടുവിടേണ്ടിവരികയും തുടർന്ന് അദ്ദേഹം തൊടുപുഴയിൽ താമസമാക്കുകയും ചെയ്തു. അടിയുറച്ച കൃഷ്ണഭക്തനായിരുന്ന അദ്ദേഹം ഭഗവാനെ ബാലഗോപാലരൂപത്തിൽ ഉപാസിച്ചുപോന്നു. അദ്ദേഹത്തിന്റെ നിത്യമായ ഭക്തി മൂലം ശ്രീകൃഷ്ണഭഗവാൻ അദ്ദേഹത്തിന് ദർശനം നൽകുകയും എന്നും തൊടുപുഴയിൽ കുടികൊള്ളാമെന്ന് അരുൾ ചെയ്യുകയും ചെയ്തു. പുള്ളിന്റെ രൂപത്തിൽ വന്ന ബകാസുരനെ കടിച്ചുകീറി കൊല്ലുന്ന രൂപത്തിലുള്ള ഉണ്ണിക്കണ്ണനായാണ് ഭഗവാൻ യോഗീശ്വരനുമുന്നിൽ പ്രത്യക്ഷനായത്. തന്മൂലം ആ സങ്കല്പത്തിൽ ഭഗവാന് ഇവിടെ പ്രതിഷ്ഠയുണ്ടായി. മീനമാസത്തിലെ ചോതിനാളിലാണത്രേ ഭഗവാൻ യോഗീശ്വരന് ദർശനം നൽകിയത്. തന്മൂലം ആ ദിവസം ഭഗവാന്റെ പിറന്നാളായും ആചരിയ്ക്കാൻ തുടങ്ങി. രണ്ട് പിറന്നാളുകളുള്ള ദേവൻ എന്നൊരു അപരനാമവും അതുവഴി തൊടുപുഴ കണ്ണന് സിദ്ധിച്ചു. പിന്നീട് തദ്സ്ഥാനത്ത് അദ്ദേഹം ശ്രീകൃഷ്ണന് ഒരു ക്ഷേത്രം നിർമ്മിയ്ക്കുകയും അവിടെ പ്രതിഷ്ഠ നടത്തുകയും ചെയ്തു. അവിടെ പ്രതിഷ്ഠിയ്ക്കാനുള്ള വിഗ്രഹം അടുത്തുള്ള ഒരു പറമ്പിൽ നിന്നാണ് കണ്ടെത്തിയത്. പ്രസ്തുത വിഗ്രഹം ദ്വാപരയുഗത്തിൽ യുധിഷ്ഠിരൻ പൂജിച്ചിരുന്ന ചതുർബാഹു മഹാവിഷ്ണു വിഗ്രഹമായിരുന്നു. എന്നാൽ തനിയ്ക്ക് ദർശനം നൽകിയ ആ സങ്കല്പം നൽകിയാണ് യോഗീശ്വരൻ പ്രതിഷ്ഠ നടത്തിയത്. പിന്നീട് ഇവിടെത്തന്നെ കാലം കഴിച്ചുകൂട്ടിയ അദ്ദേഹം പിന്നീട് സമീപത്തുള്ള പടിഞ്ഞാറേ മന, തുരുത്തേൽ ഇന എന്നീ രണ്ട് നമ്പൂതിരി കുടുംബക്കാരെ ഏല്പിയ്ക്കുകയും ഇന്ന് ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന നിലപാടുതറ എന്ന സ്ഥലത്തുവച്ച് സമാധിയാകുകയും ചെയ്തു. ഈ യോഗീശ്വരനെയാണ് ഇന്ന് ക്ഷേത്രത്തിൽ ഉപദേവനായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്.

കേരളത്തിലെ ഒട്ടുമിയ്ക്ക വൈഷ്ണവ ദേവാലയങ്ങളും പോലെ തൊടുപുഴയിലും ആദ്യം തന്നെ ഒരു ഭഗവതി സാന്നിധ്യമുണ്ടായിരുന്നു എന്ന് ഐതിഹ്യമുണ്ട്. ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം ഒരു കാടായിരുന്നുവെന്നാണ് കഥ. അക്കാലത്ത് നിരവധി മഹർഷിമാർ ഇവിടെ തപസ്സിരിയ്ക്കാൻ വരുമായിരുന്നു. അവർക്കുമുന്നിൽ ആദിപരാശക്തിയായ ദേവി പാർവതി കിരാതരൂപത്തിൽ പ്രത്യക്ഷപ്പെടുകയും, തുടർന്ന് ഇവിടെ ഒരു ദേവീക്ഷേത്രം ഉയർന്നുവരികയുമായിരുന്നു. ഈ ക്ഷേത്രത്തിലാണ് പിൽക്കാലത്ത് ശ്രീകൃഷ്ണ പ്രതിഷ്ഠ ഉണ്ടായത്. ഈ ഭഗവതിയെ ആണ് ഇന്ന് തൂണിന്മേൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഭഗവതി കിരാതപാർവ്വതിയായതിനാൽ കൂടെ കിരാതമൂർത്തിയായ ശിവനും സാന്നിദ്ധ്യമുറപ്പിച്ചു. ഇരുവരും ഇന്ന് ക്ഷേത്രത്തിലെ പ്രധാന ഉപദേവതകളായി സാന്നിദ്ധ്യമുറപ്പിച്ചിരിയ്ക്കുന്നു. ഇവരെ പ്രീതിപ്പെടുത്താതെ ഒരു ചടങ്ങും നടത്താറില്ല.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

ക്ഷേത്രപരിസരം[തിരുത്തുക]

തൊടുപുഴ പട്ടണത്തിന്റെ ഹൃദയഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ഇടുക്കി ഡാം പുറത്തുവിടുന്ന ജലവുമായി കടന്നുവരുന്ന തൊടുപുഴയാർ, ക്ഷേത്രത്തിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലൂടെ ഒഴുകുന്നു. തൊടുപുഴ താലൂക്ക് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, മുനിസിപ്പൽ പാർക്ക്, വിവിധ കടകംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്നു. പ്രധാന പാതയിൽ നിന്ന് കഷ്ടിച്ച് ഏതാനും വാര മാത്രം ദൂരെയാണ് ക്ഷേത്രം എന്നതിനാൽ കിഴക്കേ നടയിൽ വൻ ഭക്തജനത്തിരക്കുണ്ടാകാറുണ്ട്. ക്ഷേത്രം ജങ്ഷനിൽ ചെറിയൊരു അരയാൽത്തറ കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന് മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ദിവസവും രാവിലെ അരയാലിനെ എഴുപ്രാവശ്യം വലംവവയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. ഭഗവദ്വാഹനമായ ഗരുഡന്റെ ഒരു ചെറിയ വിഗ്രഹം, ഈ അരയാലിന് ചുവട്ടിൽ നമുക്ക് കാണാം. ഗുരുവായൂരിലെ മഞ്ജുളാലിന് ചുവട്ടിൽ കാണുന്ന പോലെ ഒരു പക്ഷിയുടെ രൂപത്തിൽ തന്നെയുള്ള, രൗദ്രഭാവം പൂണ്ട ഗരുഡനല്ല ഇവിടെ, മറിച്ച് സാധാരണ കൊടിമരത്തിന് മുകളിൽ കാണാറുള്ള പോലെ ചിറകുകളും കൊക്കുമുള്ള, ഇരുകൈകളും കൂപ്പിനിൽക്കുന്ന ഒരു മനുഷ്യന്റെ രൂപത്തിലുള്ള ഗരുഡനാണ്. ഇവിടെ വണങ്ങിയ ശേഷമേ ഭക്തർ ശ്രീകൃഷ്ണദർശനത്തിന് പോകാറുള്ളൂ. ഇവിടെ നിന്ന് അല്പം നടന്നാൽ ക്ഷേത്രകവാടത്തിന് മുന്നിലെത്താം. തമിഴ് ശൈലിയിൽ നിർമ്മിച്ച ക്ഷേത്രകവാടം തൊടുപുഴ പട്ടണത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മൂന്ന് എടുപ്പുകളോടുകൂടിയ ഈ കവാടത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം ദേവതാരൂപങ്ങൾ കാണാം. ഇതിൽ പണിത മൂന്ന് ചെറിയ ഇടനാഴികളിൽ നടുക്കുള്ളതിൽ ഗീതോപദേശത്തിന്റെയും അതിന് വലതുവശത്തുള്ളതിൽ ഗണപതിയുടെയും ഇടതുവശത്തുള്ളതിൽ അയ്യപ്പന്റെയും രൂപങ്ങൾ കാണാം. ഈ കവാടത്തിന് വാതിലില്ല. പകരം, നേരിട്ട് കടക്കാവുന്ന വിധത്തിലാണ് ഇത് നിർമ്മിച്ചിരിയ്ക്കുന്നത്. ക്ഷേത്രത്തിന് വടക്കുകിഴക്കായി മറ്റൊരു ചെറിയ ക്ഷേത്രം കാണാം. ഇവിടെ ഹനുമാൻ സ്വാമിയാണ് പ്രതിഷ്ഠ. ഭക്തഹനുമാന്റെ രൂപത്തിലാണ് വിഗ്രഹം. ഉപദേവതകളായി ഗണപതിയും അയ്യപ്പനും ഇവിടെയുണ്ട്.

ക്ഷേത്രകവാടത്തിലൂടെ അകത്തുകടന്നാൽ ആദ്യം ചെറിയൊരു ആനക്കൊട്ടിലാണ് കാണാനാകുക. ഇത് താരതമ്യേന പുതിയതാണ്. ഇതിലൂടെ അകത്തുകടന്നാൽ തെക്കുവശത്ത് ദേവസ്വം ഓഫീസും വടക്കുവശത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തൊടുപുഴ സബ് ഗ്രൂപ്പ് ഓഫീസും കാണാം. തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് തൊടുപുഴ ദേവസ്വം. ഇവിടെത്തന്നെയാണ് ചെരുപ്പും ബാഗും സൂക്ഷിയ്ക്കാനുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കിയിരിയ്ക്കുന്നതും. ഇവിടെനിന്ന് അല്പം കൂടി നടന്നാൽ ക്ഷേത്രഗോപുരത്തിന് മുന്നിലെത്താം. ഇരുവശത്തും വെണ്ണ കട്ടുതിന്നുന്ന ഉണ്ണിക്കണ്ണന്റെ രൂപം വരച്ചുവച്ചിട്ടുണ്ട്. ഗോപുരത്തിന് തെക്കുവശമാണ് വഴിപാട് കൗണ്ടർ. പുള്ളും പ്രാവും നടയ്ക്കുവയ്ക്കുന്നതാണ് ഇവിടെ പ്രധാന വഴിപാട്. മറ്റൊരു ക്ഷേത്രത്തിലും കാണാൻ കഴിയാത്ത ഈ വഴിപാട്, ബാലാരിഷ്ടതകൾ മാറാൻ ഉത്തമമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കൂടാതെ, സാധാരണ ശ്രീകൃഷ്ണക്ഷേത്രങ്ങളിലേതുപോലെ തൃക്കൈവെണ്ണ, കദളിപ്പഴം, പാൽപ്പായസം, ത്രിമധുരം, ഉണ്ടമാല, തിരുമുടിമാല, തുളസിമാല, സഹസ്രനാമാർച്ചന തുടങ്ങിയവയും പ്രധാനമാണ്. മറുവശത്ത് കരകൗശലവസ്തുക്കൾ വിൽക്കുന്ന ഒരു കടയും കാണാം. ഒട്ടുമിയ്ക്ക ഹൈന്ദവദേവതകളുടെയും ശ്രീബുദ്ധൻ, യേശുക്രിസ്തു, ശ്രീനാരായണഗുരു തുടങ്ങിയവരുടെയും രൂപങ്ങൾ ഇവിടെ വിൽക്കാൻ വച്ചിരിയ്ക്കുന്നത് കാണാം. കൂടാതെ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഇവിടെ ലഭ്യമാണ്.

മതിലകം[തിരുത്തുക]

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം ചെന്നെത്തുന്നത് ക്ഷേത്രത്തിലെ വലിയ ആനക്കൊട്ടിലിലാണ്. സാമാന്യം വലുപ്പമുള്ള ഈ ആനക്കൊട്ടിലിൽ ഏകദേശം ഏഴ് ആനകളെ വരെ എഴുന്നള്ളിയ്ക്കാം. ആസ്ബസ്റ്റോസിൽ തീർത്തതാണ് ഇതെന്നതിനാൽ ഒരുപാട് കാലപ്പഴക്കം ഇതിനില്ലെന്നത് വ്യക്തമാണ്. ആനക്കൊട്ടിലിനപ്പുറമാണ് ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരം സ്ഥിതിചെയ്യുന്നത്. ഏകദേശം അമ്പതടി ഉയരം വരുന്ന ഈ കൊടിമരം, പൂർണ്ണമായും കോൺക്രീറ്റിൽ നിർമ്മിച്ചതാണ്. ഇതിന് ചുവട്ടിലായി അഷ്ടദിക്പാലകരുടെ രൂപങ്ങളും കാണാം. കിഴക്ക് ഇന്ദ്രൻ, തെക്കുകിഴക്ക് അഗ്നി, തെക്ക് യമൻ, തെക്കുപടിഞ്ഞാറ് നിരൃതി, പടിഞ്ഞാറ് വരുണൻ, വടക്കുപടിഞ്ഞാറ് വായു, വടക്ക് കുബേരൻ, വടക്കുകിഴക്ക് ഈശാനൻ എന്നിങ്ങനെയാണ് ക്രമം. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെയാണ്. വളരെ ഉയരം കുറഞ്ഞ ബലിക്കല്ലാണ് ഇവിടെയുള്ളത് എന്നതിനാൽ പുറത്തുനിന്നുനോക്കിയാൽത്തന്നെ വിഗ്രഹം കാണാൻ സാധിയ്ക്കും. പ്രധാന ബലിക്കല്ല് ഇവിടെ ഭഗവാന്റെ മുഖ്യസൈന്യാധിപനായ ഹരിസേനനെയാണ് പ്രതിനിധീകരിയ്ക്കുന്നത്. ഇതിന് ചുറ്റുമായി ചെറിയ ചില കല്ലുകളും കാണാം. ഇവ ഭഗവാന്റെ ഉപസൈന്യാധിപന്മാരെയാണ് പ്രതിനിധീകരിയ്ക്കുന്നത്. കിഴക്ക് കുമുദൻ, തെക്കുകിഴക്ക് കുമുദാക്ഷൻ, തെക്ക് പുണ്ഡരീകൻ, തെക്കുപടിഞ്ഞാറ് വാമനൻ, പടിഞ്ഞാറ് ശംഖുകർണ്ണൻ, വടക്കുപടിഞ്ഞാറ് സർവനേത്രൻ, വടക്ക് സുമുഖൻ, വടക്കുകിഴക്ക് സുപ്രതിഷ്ഠൻ എന്നിവരാണ് ഉപസൈന്യാധിപന്മാർ. ക്ഷേത്രത്തിന്റെ പുറത്തെ ബലിവട്ടത്തിൽ മേൽപ്പറഞ്ഞ സ്ഥാനങ്ങളിൽ ഇവർക്ക് ബലിക്കല്ലുകളും കാണാം. ഇവിടങ്ങളിലാണ് ശീവേലിസമയത്ത് പുറത്തെ പ്രദക്ഷിണത്തിൽ ബലിതൂകാറുള്ളത്. ബലിക്കൽപ്പുരയുടെ ചുവരുകളിൽ അതിമനോഹരമായ നിരവധി ചിത്രങ്ങൾ വരച്ചുവച്ചിട്ടുണ്ട്. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന്റെ വലതുവശത്ത് വരച്ചുവച്ചിട്ടുള്ള, യോഗീശ്വരന്റെ മടിയിലിരിയ്ക്കുന്ന ഉണ്ണിക്കണ്ണന്റെ ഒരു ചിത്രം അവയിൽ ഏറെ ശ്രദ്ധേയമാണ്. ഇതിന്റെ മറുവശത്ത്, ബകാസുരനെ വധിയ്ക്കുന്ന ശ്രീകൃഷ്ണന്റെ ചിത്രവും കാണാം. കൂടാതെ സാധാരണ ക്ഷേത്രങ്ങളിൽ കാണാറുള്ള രാധാകൃഷ്ണന്മാർ, ഗുരുവായൂരപ്പൻ, ദശാവതാരം, ഗീതോപദേശം, വെണ്ണക്കണ്ണൻ തുടങ്ങിയ രൂപങ്ങളും ഇവിടെ വരച്ചുവച്ചിട്ടുണ്ട്.

ഏകദേശം ഒരേക്കർ മാത്രം വിസ്തീർണ്ണം വരുന്ന ചെറിയൊരു മതിലകമാണ് തൊടുപുഴ ക്ഷേത്രത്തിലേത്. എന്നാൽ, ഇതിൽ ചിലയിടങ്ങിലായി ചെറിയ ചില ചെടികൾ വളർത്തിയിട്ടുണ്ടെന്നത് ശ്ലാഘനീയമായ ഒരു കാര്യമാണ്. ഇതിനപ്പുറമാണ് ക്ഷേത്രം വക ഓഡിറ്റോറിയം പണിതിരിയ്ക്കുന്നത്. ഗുരുവായൂരിലെ മേൽപ്പത്തൂർ ഓഡിറ്റോറിയം പോലെ ഒരു തുറന്ന ഓഡിറ്റോറിയം തന്നെയാണ് ഇതും. 'മേൽപ്പത്തൂർ മണ്ഡപം' എന്നാണ് ഇതിനും പേരിട്ടിരിയ്ക്കുന്നത്. ഇവിടെ നിത്യവും കലാപരിപാടികളും പ്രഭാഷണങ്ങളുമുണ്ടാകാറുണ്ട്. തുടർന്ന് പ്രദക്ഷിണമായി വരുമ്പോൾ തെക്കുപടിഞ്ഞാറേമൂലയിൽ അയ്യപ്പസ്വാമിയുടെ ശ്രീകോവിൽ കാണാം. ഏകദേശം ഒന്നരയടി ഉയരം വരുന്ന പഞ്ചലോഹവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് അയ്യപ്പൻ കുടികൊള്ളുന്നത്. ശബരിമലയിലെ വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുള്ള വിഗ്രഹമാണിവിടെ. നെയ്യഭിഷേകം, നീരാജനം, എള്ളുപായസം തുടങ്ങിവയാണ് അയ്യപ്പന്റെ പ്രധാന വഴിപാടുകൾ. ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഇവിടെവച്ചാണ്. അയ്യപ്പന്റെ ശ്രീകോവിലിന് തൊട്ടടുത്താണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. സാമാന്യം വലിയ ഒരു നാഗക്കാവാണ് ഇവിടെയുള്ളത്. വൈഷ്ണവദേവാലയമായതിനാൽ ഇവിടെ നാഗരാജാവ് അനന്തനാണ്. കൂട്ടത്തിൽ നാഗയക്ഷി, നാഗചാമുണ്ഡി, നാഗകന്യക, ചിത്രകൂടങ്ങൾ തുടങ്ങി നീണ്ടൊരു നിര തന്നെയുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, എണ്ണയഭിഷേകം, പാൽപ്പായസം തുടങ്ങിയവയാണ് നാഗദൈവങ്ങളുടെ പ്രധാന വഴിപാട്. എല്ലാമാസത്തിലും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും ഇവർക്കുണ്ടാകും. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ മതിൽക്കെട്ടിന് പുറത്തുനിന്ന് നോക്കിയാൽ തൊടുപുഴയാറിന്റെ മനോഹരദൃശ്യം നമുക്ക് കാണാനകും. വാഗമണ്ണിൽ ഉദ്ഭവിച്ച് ഇടുക്കി ഡാമിലെ ജലവും ഏറ്റുവാങ്ങി മൂവാറ്റുപുഴ ലക്ഷ്യമാക്കി കടന്നുപോകുന്ന തൊടുപുഴയാർ ക്ഷേത്രപരിസരത്തെത്തുമ്പോൾ അല്പം ചരിഞ്ഞാണ് ഒഴുകുന്നത്. അതുവഴി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലേയ്ക്കും നദിയെത്തുന്നു. ഇവിടെത്തന്നെയാണ് ക്ഷേത്രത്തിലെ ആറാട്ടുകടവും സ്ഥിതിചെയ്യുന്നത്. നിരവധി ആളുകൾ ഇവിടെ കുളിയ്ക്കാനെത്താറുണ്ട്. ഇവിടെ നിത്യവും ബലിതർപ്പണവും നടക്കാറുണ്ട്. കർക്കടകം, തുലാം, കുംഭം തുടങ്ങിയ ദിവസങ്ങളിലെ അമാവാസി ദിവസങ്ങളിൽ ഇവിടെ നിരവധി ആളുകളാണ് എത്തിച്ചേരാറുള്ളത്. നദീതീരത്തുള്ള ക്ഷേത്രമായതിനാൽ ഇവിടെ പ്രത്യേകമായി ക്ഷേത്രക്കുളം പണിതിട്ടില്ല.

വടക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം പണികഴിപ്പിച്ച ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ വിഷ്ണുദുർഗ്ഗയാണ് ഇവിടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരും വിഗ്രഹത്തിന്. പുറകിലെ വലതുകയ്യിൽ ശ്രീചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും പിടിച്ചുനിൽക്കുന്ന ദേവിയുടെ മുന്നിലെ ഇടതുകൈ, അരയിൽ കുത്തിനിൽക്കുന്ന രൂപത്തിലും മുന്നിലെ വലതുകൈ വരദരൂപത്തിലുമാണ്. നവരാത്രിയും തൃക്കാർത്തികയുമാണ് ദേവിയുടെ പ്രധാന ആണ്ടുവിശേഷങ്ങൾ. വടക്കുഭാഗത്ത് ക്ഷേത്രം വക ഊട്ടുപുര പണിതിട്ടുണ്ട്. പാഞ്ചജന്യം ഊട്ടുപുര എന്നാണ് ഇതിന് പേരിട്ടിരിയ്ക്കുന്നത്. എല്ലാ ദിവസവും രാവിലെയും വൈകീട്ടും ഇവിടെ അന്നദാനം പതിവാണ്. ദോശ, ഇഡ്ഡലി, പുട്ട്, ഉപ്പുമാവ്, ചായ, കാപ്പി തുടങ്ങിയവ ഇവിടെ ദിവസവും വിതരണം ചെയ്യാറുണ്ട്. വിശേഷദിവസങ്ങളിലാണെങ്കിൽ വിഭവസമൃദ്ധമായ സദ്യ തന്നെയുണ്ടാകും. വടക്കുകിഴക്കുഭാഗത്ത് ക്ഷേത്രം വക ആദ്ധ്യാത്മിക ഹാളും കാണാം. ഇവിടെ നിത്യവും നാമജപവും വിശേഷദിവസങ്ങളിൽ ശ്രീമദ്ഭാഗവതം, നാരായണീയം, രാമായണം തുടങ്ങിയ ഗ്രന്ഥങ്ങളുടെ പാരായണമുണ്ടാകാറുണ്ട്. ഹാളിന്റെ ഒരറ്റത്ത് ശ്രീഗുരുവായൂരപ്പന്റെ ഒരു ഫൈബർ ശില്പവും അടുത്തായി രണ്ട് ആനക്കൊമ്പുകളും കാണാം. ഇതിന് സമീപത്തിരുന്നാണ് നാമജപം നടക്കുന്നത്.

ശ്രീകോവിൽ[തിരുത്തുക]

സാമാന്യം വലുപ്പമുള്ള ഇരുനില ചതുരശ്രീകോവിലാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. ഇതിന്റെ മേൽക്കൂരയിൽ സ്വർണ്ണത്താഴികക്കുടങ്ങളും കാണാം. ശ്രീകോവിലിനകത്തേയ്ക്ക് നേരിട്ട് കയറാവുന്ന രീതിയിലാണ് ഇവിടെ സോപാനപ്പടികൾ നിർമ്മിച്ചിരിയ്ക്കുന്നത്. ഇവ ഇപ്പോൾ സ്വർണ്ണം പൂശിയിട്ടുണ്ട്. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ചതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഏകദേശം മൂന്നടി ഉയരം വരുന്ന ചതുർബാഹുവായ മഹാവിഷ്ണുവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പുറകിലെ വലതുകയ്യിൽ സുദർശനചക്രം, പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം, മുന്നിലെ ഇടതുകയ്യിൽ കൗമോദകി (ഗദ) എന്നിവ ധരിച്ച ഭഗവാൻ, പക്ഷേ മുന്നിലെ വലതുകയ്യിൽ താമരയ്ക്കുപകരം വെണ്ണയാണ് ധരിച്ചിരിയ്ക്കുന്നത്. ഇതാണ് ശ്രീകൃഷ്ണഭാവം ഉറയ്ക്കുന്നതിന് കാരണം. ബകവധത്തിനുശേഷം വിശപ്പടങ്ങാത്ത ഭാവത്തിലുള്ള ശ്രീകൃഷ്ണനായാണ് സങ്കല്പം. തന്മൂലം ഇവിടെ നടതുറക്കുന്ന സമയത്ത് നിവേദ്യവും കൊണ്ടുവരാറുണ്ട്. തൃച്ചംബരം, തിരുവാർപ്പ് എന്നീ ക്ഷേത്രങ്ങളിൽ മാത്രമാണ് ഇതുപോലെ പരിപാടിയുള്ളത്. അങ്ങനെ, വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് തൊടുപുഴ കണ്ണൻ ശ്രീലകത്ത് വാഴുന്നു.

ശ്രീകോവിൽച്ചുവരുകൾ, നിലവിൽ ചുവർച്ചിത്രങ്ങളാലോ ദാരുശില്പങ്ങളാലോ അലംകൃതമല്ല. എന്നാൽ, കരിങ്കല്ലിൽ തീർത്ത നിരവധി രൂപങ്ങൾ ശ്രീകോവിലിന്റെ നാലുമൂലകളിലും കാണാം. ദശാവതാരം, ശ്രീകൃഷ്ണലീല, അനന്തശയനം, അഷ്ടലക്ഷ്മിമാർ തുടങ്ങിയവ അവയിൽ പ്രധാനമാണ്. അകത്തേയ്ക്കുള്ള വാതിലിന് ഇരുവശവും പതിവുപോലെ ദ്വാരപാലകരൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. വിഷ്ണുക്ഷേത്രമായതിനാൽ വലതുവശത്ത് ജയനും ഇടതുവശത്ത് വിജയനുമാണ് ദ്വാരപാലകർ. ഇവരെ വണങ്ങി അനുവാദം വാങ്ങിച്ചേ തന്ത്രിയും ശാന്തിക്കാരും അകത്തേയ്ക്ക് കടക്കാറുള്ളൂ. ദർശനദിക്കൊഴിച്ചുള്ള മൂന്നിടത്തും ഘനദ്വാരങ്ങൾ (പ്രവേശനമില്ലാത്ത വാതിലുകൾ) കാണാം. ഇവയിൽ തെക്കേ ഘനദ്വാരത്തിൽ ഗണപതിയുടെയും ദക്ഷിണാമൂർത്തിയുടെയും സങ്കല്പങ്ങൾ കാണാം. ഇവർക്ക് ഇവിടെ പ്രതിഷ്ഠയില്ല. വടക്കുവശത്ത് അഭിഷേകതീർത്ഥം ഒഴുക്കാൻ ഓവ് പണിതിട്ടുണ്ട്. ശില്പഭംഗിയുടെ മകുടോദാഹരണമാണ് ഈ ഓവും. ഇവിടെ ഓവുതാങ്ങിയായി ഒരു ഉണ്ണിഭൂതവുമുണ്ട്. അഭിഷേകതീർത്ഥം മുഴുവൻ ഒരു പാത്രത്തിൽ വന്നുവീഴുകയും ഉണ്ണിഭൂതം അത് കുടിയ്ക്കുകയും ചെയ്യുന്ന രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠ.

നാലമ്പലം[തിരുത്തുക]

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. വളരെ ചെറിയ നാലമ്പലമാണ് ഇവിടെയുള്ളത്. എങ്കിലും പ്രദക്ഷിണം നിർബാധം നടത്താം. കരിങ്കല്ലിൽ തീർത്ത നാലമ്പലത്തിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമാണ്. അഞ്ചുനിലകളുണ്ട് ഇവിടെ വിളക്കുമാടത്തിന്. സന്ധ്യയ്ക്ക് ദീപാരാധനാസമയത്ത് ഇവിടെ ദീപങ്ങൾ കൊളുത്തിവയ്ക്കുന്നു. നാലമ്പലത്തിന്റെ മേൽക്കൂര പൂർണ്ണമായും ഓടുമേഞ്ഞിട്ടുണ്ട്. ഇതിനകത്തേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവുമായി വാതിൽമാടങ്ങൾ കാണാം. അവയിൽ തെക്കേ വാതിൽമാടത്തിലാണ് തൂണിന്മേൽ ഭഗവതിയുടെ പ്രതിഷ്ഠ. വാൽക്കണ്ണാടിയുടെ രൂപത്തിലുള്ള ചെറിയൊരു ശിലാവിഗ്രഹത്തിലാണ് കിരാതപാർവ്വതീഭാവത്തിലുള്ള തൂണിന്മേൽ ഭഗവതിയെ ആവാഹിച്ചിരിയ്ക്കുന്നത്. നെയ്പായസം, കുങ്കുമാർച്ചന, ചെത്തിമാല ചാർത്തൽ എന്നിവയാണ് ഇവിടെ പ്രധാനം. ഇവിടെത്തന്നെയാണ് വിശേഷാൽ പൂജകളും ഗണപതിഹോമം അടക്കമുള്ള പൂജകളും നടത്തുന്നതും. വടക്കേ വാതിൽമാടമാണെങ്കിൽ വാദ്യമേളങ്ങൾക്കും നാമജപത്തിനും ഉപയോഗിച്ചുവരുന്നു. പൂജാസമയങ്ങളും വിശേഷദിവസങ്ങളും ഒഴിച്ചുനിർത്തിയാൽ ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക തുടങ്ങിയ വാദ്യങ്ങൾ ഇവിടെ തൂക്കിയിട്ടിരിയ്ക്കുന്നത് കാണാം. ഇവിടെത്തന്നെയാണ് ക്ഷേത്രത്തിലെ കൂത്തമ്പലം സ്ഥിതിചെയ്യുന്നതും. കേരളത്തിൽ നാലമ്പലത്തിനകത്ത് കൂത്തമ്പലം പണിതിരിയ്ക്കുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഉത്സവക്കാലത്ത് ഇവിടെ നിത്യവും ചാക്യാർകൂത്ത് നടത്താറുണ്ടെന്ന സവിശേഷമായ ഒരു പ്രാധാന്യം ഈ സ്ഥാനത്തിനുണ്ട്. അപൂർവ്വമായി കൂടിയാട്ടവുമുണ്ടാകാറുണ്ട്. ഇവയ്ക്കായി പ്രത്യേകം ഒരു മണ്ഡപവും ഇവിടെ കാണാം.

നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്. ഭഗവാന്നും ഉപദേവതകൾക്കുമുള്ള നിവേദ്യങ്ങൾ മുഴുവൻ ഇവിടെയാണ് ഉണ്ടാക്കുന്നത്. വടക്കുകിഴക്കേമൂലയിൽ കിണറും കാണാം. അഭിഷേകത്തിനും നിവേദ്യത്തിനുമുള്ള ജലം ഇവിടെ നിന്നെടുക്കുന്നു. ശ്രീകോവിലിന് നേരെമുന്നിൽ സമചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. വളരെ ചെറിയൊരു മണ്ഡപമാണിവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത നമസ്കാരമണ്ഡപത്തിന് നാല് തൂണുകളേയുള്ളൂ. എന്നാൽ, അവയെല്ലാം സ്വർണ്ണം പൂശിവച്ചിരിയ്ക്കുന്നു. ഇതിന്റെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. മണ്ഡപത്തിന്റെ കിഴക്കുവശത്ത് നെയ്വിളക്കുകൾ സമർപ്പിയ്ക്കാനുള്ള സ്റ്റാൻഡ് കാണാം. പടിഞ്ഞാറുവശത്ത് ഭഗവദ്വാഹനമായ ഗരുഡന്റെ പ്രതിഷ്ഠയുമുണ്ട്. തൊടുപുഴ ക്ഷേത്രത്തിൽ ഗരുഡന്നുള്ള പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിലാണ് ഇവിടെ പ്രതിഷ്ഠ. നിത്യവും പൂജയും വിളക്കുവയ്പും ഇവിടെയുണ്ട്. മണ്ഡപത്തിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടവും കാണാം.

നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത ഒരു മുറിയിൽ കിഴക്കോട്ട് ദർശനമായി ഗണപതി കുടികൊള്ളുന്നു. രണ്ടടി ഉയരം വരുന്ന, വലത്തോട്ട് തുമ്പിക്കൈ നീട്ടിയിരിയ്ക്കുന്ന ഗണപതിയാണ് ഇവിടെ. ചതുർബാഹുവായ ഭഗവാന്റെ പുറകിലെ വലതുകയ്യിൽ മഴു, പുറകിലെ ഇടതുകയ്യിൽ കയർ, മുന്നിലെ ഇടതുകയ്യിൽ മോദകം, മുന്നിലെ വലതുകയ്യിൽ വരദമുദ്ര എന്നിവ കാണാം. ഗണപതിഹോമം, ഒറ്റയപ്പം, മോദകം, നാരങ്ങാമാല, കറുകമാല എന്നിവയാണ് ഇവിടെ പ്രധാന വഴിപാടുകൾ. വടക്കുപടിഞ്ഞാറേമൂലയിൽ സമാനമായ ഒരു മുറിയിൽ ശിവന്റെ പ്രതിഷ്ഠയും കാണാം. ക്ഷേത്രത്തിൽ പ്രതിഷ്ഠയ്ക്ക് കാരണമായ യോഗീശ്വരന്റെ തേവാരമൂർത്തിയായിരുന്നു ഈ ശിവൻ എന്നാണ് സങ്കല്പം. ഒരടി മാത്രം ഉയരം വരുന്ന ചെറിയൊരു ശിവലിംഗമാണ് ഇവിടെ. ശംഖാഭിഷേകം, ധാര, കൂവളമാല, പിൻവിളക്ക്, ശർക്കരപ്പായസം എന്നിവയാണ് ഇവിടെ പ്രധാന വഴിപാടുകൾ. ഇതിനടുത്തുതന്നെ ഒരു സാളഗ്രാമപ്രതിഷ്ഠയും കാണാം. ഇതും യോഗീശ്വരന്റെ തേവാരമൂർത്തിയായിരുന്നുവെന്ന് വിശ്വസിയ്ക്കപ്പെടുന്നു.

അകത്തെ ബലിവട്ടം[തിരുത്തുക]

പ്രധാന ലേഖനം: ബലിക്കല്ല്

ശ്രീകോവിലിനെ ചുറ്റിപ്പറ്റി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & ചന്ദ്രൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗത്ത്), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (വടക്കിനും വടക്കുപടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗാദേവി (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ അതാത് സ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു. ശീവേലിസമയത്ത് ഇവിടങ്ങളിൽ ബലിതൂകുന്നു. വിഷ്ണുക്ഷേത്രമായതിനാൽ ഇവരെക്കൂടാതെ ഉത്തരമാതൃക്കൾ എന്നൊരു സങ്കല്പം കൂടിയുണ്ട്. സപ്തമാതൃക്കളുടെ വൈഷ്ണവവകഭേദമാണ് ഉത്തരമാതൃക്കൾ. തെക്കുഭാഗത്ത് സ്ഥാനമൊരുക്കിയിരിയ്ക്കുന്ന സപ്തമാതൃക്കൾക്ക് വിപരീതദിശയിൽ, അതായത് വടക്കുഭാഗത്താണ് ഇവരുടെ സ്ഥാനം എന്നതിനാലാണ് ഇവരെ ഉത്തരമാതൃക്കൾ എന്ന് വിളിയ്ക്കുന്നത്. ഭാഗീശ്വരി, ക്രിയ, കീർത്തി, ലക്ഷ്മി, സൃഷ്ടി, വിദ്യ, ശാന്തി എന്നിവരാണ് ഉത്തരമാതൃക്കൾ. സപ്തമാതൃക്കൾക്കൊപ്പം വീരഭദ്രനെയും ഗണപതിയെയും പ്രതിഷ്ഠിയ്ക്കുന്നതുപോലെ ഉത്തരമാതൃക്കൾക്കൊപ്പം ശ്രീധരൻ, അശ്വമുഖൻ എന്നിവരെയും സങ്കല്പിയ്ക്കാറുണ്ട്. ഇവരെ ബലിക്കല്ലുകളായി പ്രതിഷ്ഠിയ്ക്കാറില്ല. എന്നാൽ, ശീവേലിസമയത്ത് ഇവിടങ്ങളിലും ബലിതൂകും. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. അതിനാൽ അവയിൽ ചവിട്ടുന്നതും തൊട്ട് തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.

നിത്യപൂജകൾ[തിരുത്തുക]

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പുലർച്ചെ മൂന്നുമണിയ്ക്ക് ഏഴുതവണയുള്ള ശംഖുവിളിയോടെയും തവിൽ, നാദസ്വരം, ഇടുതുടി, കുഴിത്താളം, ശ്രുതിപ്പെട്ടി തുടങ്ങിയ വാദ്യങ്ങളോടെയും ഭഗവാനെ പള്ളിയുണർത്തുന്നു. ഇതിനുശേഷം ആദ്യം ക്ഷേത്രത്തിലെ തിടപ്പള്ളി തുറക്കും. ബകവധം കഴിഞ്ഞ് വിശന്നിരിയ്ക്കുന്ന ഉണ്ണിക്കണ്ണന്റെ സങ്കല്പമുള്ളതിനാൽ വേഗം നിവേദ്യം കൊടുക്കുന്നതാണ് ഇവിടത്തെ ചിട്ട. ഇവയ്ക്കെല്ലാം ശേഷം നാലുമണിയ്ക്ക് നടതുറക്കും. പതിവുപോലെ നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തലേന്ന് ചാർത്തിയ ആടയാഭരണങ്ങളോടുകൂടി വിളങ്ങുന്ന ഭഗവദ്വിഗ്രഹം ദർശിച്ച് ഭക്തർ നിർവൃതിയടയുന്നു. ഇതിനുശേഷം ആദ്യ നിവേദ്യങ്ങളായി മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. നാലേമുക്കാലിനേ അഭിഷേകം നടക്കൂ. അഭിഷേകം കഴിഞ്ഞ ഉടനെ ഉഷഃപൂജയും പിന്നീട് സൂര്യോദയസമയത്ത് എതിരേറ്റുപൂജയും നടക്കും. ഏഴരയോടെ ഉഷഃശീവേലി. തന്റെ ഭൂതഗണങ്ങൾക്ക് അന്നം നൽകുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്ന സങ്കല്പത്തിൽ നടത്തുന്നതാണ് ഈ ചടങ്ങ്. അകത്ത് ഒന്നും പുറത്ത് മൂന്നും പ്രദക്ഷിണങ്ങൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തി നാലമ്പലത്തിനകത്തും പുറത്തുമുള്ള എല്ലാ ബലിക്കല്ലുകളിലും തൂകി അവസാനം വലിയ ബലിക്കല്ലിലും തൂകി ശീവേലി അവസാനിയ്ക്കുന്നു. അതിനുശേഷം എട്ടുമണിയോടെ പന്തീരടിപൂജ. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്തെ പൂജയായതുകൊണ്ടാണ് ഇതിന് ഈ പേരുവന്നത്. പതിനൊന്നുമണിയോടെ ഉച്ചപ്പൂജയും പതിനൊന്നരയ്ക്ക് ഉച്ചശീവേലിയും നടത്തി പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ഭഗവാന് കർപ്പൂരം കത്തിച്ച് ആരാധന നടത്തുന്നത് ഈ സമയത്താണ്. ഇതിനോടനുബന്ധിച്ച് ക്ഷേത്രത്തിനകത്തും പുറത്തുമുള്ള എല്ലാ വിളക്കുകളും കൊളുത്തിവയ്ക്കൂം. അതിമനോഹരമായ ഒരു കാഴ്ചയാണിത്. ദീപാരാധനയ്ക്കുശേഷം ഏഴേകാലോടെ അത്താഴപ്പൂജയും ഏഴരയോടെ അത്താഴശീവേലിയും നടത്തി രാത്രി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: തിരുവുത്സവം, അഷ്ടമിരോഹിണി, വിഷു, ചോതിയൂട്ട്) ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഗ്രഹണം നടക്കുന്ന ദിവസങ്ങളിലും ഇവയ്ക്ക് മാറ്റമുണ്ടാകും. ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിൽ പതിനെട്ട് പൂജകളുണ്ടാകും. അന്ന് ചുറ്റുവിളക്ക് കഴിഞ്ഞ് നടയടയ്ക്കുമ്പോൾ രാത്രി പത്തുമണി കഴിയും. ഗ്രഹണദിവസങ്ങളിൽ ഗ്രഹണത്തിന് ഒരു മണിക്കൂർ മുമ്പേ അടയ്ക്കുന്ന നട, ഗ്രഹണം കഴിഞ്ഞ് എല്ലാ ശുദ്ധിക്രിയകളും നടത്തിയേ തുറക്കൂ.

കേരളത്തിലെ ആദ്യ തന്ത്രികുടുംബമെന്നറിയപ്പെടുന്ന, ക്ഷേത്രം ഊരാളകുടുംബം കൂടിയായ തരണനെല്ലൂർ മനയ്ക്കാണ് ക്ഷേത്രത്തിലെ തന്ത്രാധികാരം. മേൽശാന്തി, കീഴ്ശാന്തി നിയമനങ്ങൾ ദേവസ്വം ബോർഡ് വകയാണ്.

വിശേഷദിവസങ്ങൾ[തിരുത്തുക]

കൊടിയേറ്റുത്സവം[തിരുത്തുക]

അഷ്ടമിരോഹിണി[തിരുത്തുക]

വിഷു[തിരുത്തുക]

ചോതിയൂട്ട്[തിരുത്തുക]