Jump to content

ശ്രീചക്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീചക്രം
ശ്രീചക്രം

എകകേന്ദ്ര വൃത്തങ്ങൾക്കുനടുവിൽ വരക്കുന്ന ത്രികോണങ്ങളും അവയെ ചുറ്റിയുള്ള ചില ഡിസൈനുകളും ചേർത്ത് വരച്ചിരിക്കുന്ന ചെമ്പുതകിടാണ് ശ്രീചക്രം(ദേവനാഗരി: श्रीचक्रं). ഒരു വൃത്താകാരത്തിൽ കേന്ദ്രികൃതമായ ബിന്ദുവിനുചുറ്റും പല വലിപ്പത്തിലുള്ള 9 ത്രികോണങ്ങൾ തമ്മിൽ യോജിപ്പിച്ചിരിക്കുന്നു. ഹൈന്ദവ വിശ്വാസപ്രകാരം ഇത് സർവ ഐശ്വര്യങ്ങൾ പ്രദാനം ചെയ്യുന്നവളും ശിവശക്തി ഐക്യരൂപിണിയും ഭുവനേശ്വരിയുമായ ഭഗവതി ആദിപരാശക്തിയുടെ സ്വരൂപമാണ്. ഇതിൽ പരാശക്തിയെ പ്രതിനിധാനം ചെയ്യുന്ന അഞ്ചു ത്രികോണങ്ങൾ അധോമുഖമായും,ശിവനെ പ്രതിനിധാനം ചെയ്യുന്ന നാലു ത്രികോണങ്ങൾ ഊർധമുഖമായും ചിത്രികരിക്കപ്പെട്ടിരിക്കുന്നു[1]. അതുകൊണ്ടുത്തന്നെ ശ്രീചക്രം ശക്തിയുടെയും സൗന്ദര്യത്തിന്റെയും സംയോജനമാണെന്ന് വിശ്വസിക്കുന്നു. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി സ്വരൂപിണിയായ ദേവി ആദിപരാശക്തി തന്നെയാണ് ശ്രീചക്രത്തിൽ കുടികൊള്ളുന്നതെന്നു ശ്രീവിദ്യാ ഉപാസകർ കരുതുന്നു. നടക്കു കാണപ്പെടുന്ന ബിന്ദു പരാശക്തിയായ ഭഗവതി തന്നെയായി കണക്കാക്കപ്പെടുന്നു. ശ്രീചക്രത്തിൽ അടങ്ങിയിരിക്കുന്ന ഒൻപതു ത്രികോണങ്ങളെ നവയോനി എന്നറിയപ്പെടുന്നു. ഇവ ദുർഗ്ഗയുടെ ഒന്പത്‌ ഭാവങ്ങൾ ആണെന്ന് പറയപ്പെടുന്നു. താന്ത്രിക ശാസ്ത്ര പ്രകാരം യോനീപീഠവുമായി ശ്രീചക്രം വളരെയധികം ബന്ധപെട്ടു കിടക്കുന്നു. ഇതാണ് ആസ്സാമിലെ കാമാഖ്യദേവി ക്ഷേത്രത്തിൽ കാണപ്പെടുന്നത് [2]. ചട്ടമ്പി സ്വാമികൾ ശ്രീചക്രപൂജാകല്പം എന്നൊരു ഗ്രന്ഥം ഇതിനെ അധികരിച്ച് എഴുതിയിട്ടുണ്ട്. ശങ്കരാചാര്യർ ശ്രീചക്ര ഉപാസകനാണെന്ന് പറയപ്പെടുന്നു. കൊല്ലൂർ മൂകാംബിക, ചോറ്റാനിക്കര, കൊടുങ്ങല്ലൂർ, കാടാമ്പുഴ തുടങ്ങിയ പല പ്രധാനപ്പെട്ട ഭഗവതി ക്ഷേത്രങ്ങളിലും ശ്രീചക്ര പ്രതിഷ്ഠ കാണാം. ക്ഷേത്രങ്ങളിൽ മാത്രമല്ല ഐശ്വര്യവർധനവിനായി ഇന്ന് കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും ശ്രീചക്രം സ്ഥാപിച്ചിരിക്കുന്നതായി കാണാം. ഉപാസകർക്ക് മാത്രമല്ല, ഗൃഹസ്ഥാശ്രമികൾക്കും ഈ രൂപത്തിൽ പരാശക്തിയെ ആരാധിക്കാം എന്നാണ് വിശ്വാസം. ലളിതാ സഹസ്രനാമാവലി, സൗന്ദര്യലഹരി, ദേവീമാഹാത്മ്യം, മഹാലക്ഷ്മി അഷ്ടകം തുടങ്ങിയ ഭഗവതി സ്തുതികൾ ജപിച്ചുകൊണ്ടു ശ്രീചക്രത്തെ പുഷ്പങ്ങൾ സമർപ്പിച്ചു സന്ധ്യാവേളയിൽ ആരാധിച്ചാൽ സർവൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. ചൊവ്വ, വെള്ളി, പൗർണമി, നവരാത്രി ദിവസങ്ങൾ ശ്രീചക്രപൂജക്ക് ഉത്തമമായി കണക്കാക്കപ്പെടുന്നു.


കേരളത്തിലെ നമ്പൂതിരി ഇല്ലങ്ങളിലെ തേവാരമൂർത്തികളിൽ ഒന്നാണ് ശിവൻ. ശിവലിംഗവും സാളഗ്രാമവും ആരാധിയ്ക്കാത്ത നമ്പൂതിരി തറവാടുകൾ അപൂർവ്വമാണ്.

കേരളത്തിലെ മിക നമ്പൂതിരി ഇല്ലങ്ങളിലേയും ആരാധനാ മൂർത്തികളിൽ ശ്രീചക്രം ഉണ്ടാവാറുണ്ട്.

പ്രസിദ്ധ നമ്പൂതിരി ഗൃഹങ്ങളായ ആഴ്വാഞ്ചേരി മന, കൊളത്താപ്പള്ളി മന, കണ്ണമംഗലം മന, കുറുമാത്തൂർ മന, കൽപ്പുഴ മന, കൈനിക്കര തെക്കേടത്ത് മന, കൈനിക്കര വടക്കേടത്ത് മന, കല്ലൂർ മന, അണ്ടലാടി മന, കാലടി മന, പെരിണ്ടിരി ചേന്നാസ്, പുഴക്കര ചേന്നാസ്, എളേടത്ത് മന, കരുമത്താഴത്ത് മണ്ണൂർ മന, മുല്ലമംഗലം പള്ളിപ്പാട്ട് മന, മുല്ലമംഗലം മന, പൂങ്ങാട്ട് മന, പന്തൽ മന, നാകേരി മന, പന്തൽ മന,തൊഴുവാനൂർ മന, ഏർക്കര മന,കപ്പിയൂർ മന, കപ്ലീങ്ങാട്ട് മന, താമറ്റൂർ മന, മൂത്തേടത്ത് മന, പാടേരി മന തുടങ്ങി അനവധി ഇല്ലങ്ങളിലെ തേവാരമൂർത്തികളിൽ ശ്രീചക്രം ഉണ്ടാകാറുണ്ട്.


ശ്രീചക്ര ഘടന

[തിരുത്തുക]

ശ്രീചക്രത്തിൽ അടങ്ങിയിരിക്കുന്ന ഒൻപതു ത്രികോണങ്ങളും കൂടിച്ചേർന്നു 43 ചെറിയ ത്രികോണങ്ങൾ രൂപപെടുന്നു.ഇത്തരം 43 ത്രികോണങ്ങൾ ദ്വന്ദമല്ലാത്ത അഥവാ അദൈദത്തെ സൂച്ചിപ്പിക്കുന്നു.[3]ഈ ത്രികോണങ്ങൾ മുഴുവൻ 8 താമരഇതളുകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു.തുടർന്ന് 16 താമരഇതളുകൾ കാണപ്പെടുന്നു.ഏറ്റവും ഒടുവിലായി നാലുവാതിലുകളുള്ള ചതുരം സ്ഥിതിചെയ്യുന്നു.[4]

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ശ്രീ ശ്രീ ചക്രം ഭൂപ്രസ്തരം, മേരുപ്രസ്താരം, കൈലസപ്രസ്താരം, എന്നിങ്ങനെ മൂന്നു തരത്തിലുണ്ട്. മേരുവിൽ തന്നെ അർദ്ധമേരു, കൂർമമേരു, ലിന്ഗമേരു, പൂർണമേരു ഈന്നിങ്ങനെയും വകഭേദങ്ങൾ ഉണ്ട് ! പരാശക്തിയുടെ പ്രതീകമായി കരുതുന്നതാണ് ശ്രീചക്രം. ദശമഹാവിദ്യയായ ത്രിപുരസുന്ദരിയുടെ സ്ഥൂലരൂപത്തെയാണ് ശ്രീചക്രമായി പറയുന്നത്.

ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും നിഷേധാത്മകതയ്ക്കും ഉത്തരമാണ് ശ്രീചക്രം. ഇത് ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയും വളരെയധികം സമ്പത്തും സമാധാനവും ഐക്യവും കൈവരിക്കുന്നു. ജീവിതത്തിലെ എല്ലാ തടസ്സങ്ങളെയും തകർക്കാൻ ശ്രീ യന്ത്രം സഹായിക്കുന്നു. ആത്മീയമായും ഭൗതികമായും വളർച്ചയുടെ പടവുകളിൽ എളുപ്പത്തിൽ എത്തിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു. വിശ്വാസികളെ സംബന്ധിച്ച് കൂടുതൽ വിജയം, സമ്പത്ത്, ഐക്യം, സമാധാനം എന്നിവ നേടുന്നതിനുള്ള ഉപായമാണ് ശ്രീചക്രം.

ജീവിതം നമ്മുടെ നിയന്ത്രണത്തിലല്ലെന്ന് പലർക്കും ബോധ്യപ്പെട്ടതാവാം. പിരിമുറുക്കം, സമാധാനക്കേട്, ഐക്യമില്ലായ്മ, ഉത്കണ്ഠ, മോശം നിക്ഷേപം, ബിസിനസ്സ് തളർച്ച, ജീവിതത്തിലും തൊഴിലിലും സ്തംഭനാവസ്ഥ, സാമ്പത്തിക ബുദ്ധിമുട്ട്, ആവർത്തിച്ചുള്ള പരാജയങ്ങൾ എന്നിവ മിക്കവരും അനുഭവിക്കുന്നുണ്ടാവും. ശ്രീ ചക്രത്തിന്റെ ദൈവീക ജ്യാമിതി ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള എല്ലാ നെഗറ്റീവ് എനർജികളെയും നീക്കി മേൽപ്പറഞ്ഞ പ്രശ്‌നങ്ങളിൽ നിന്നൊക്കെ മുക്തി നൽകുന്നു.

ശ്രീവിദ്യോപാസനയിൽ ശ്രീചക്രം, മന്ത്രം, ദേവി ഇവ മൂന്നും ഒന്നു തന്നെയാണ്. ഈ ബിന്ദുചക്രത്തെ സർവാനന്ദമയചക്രം എന്നാണ് വിളിക്കുന്നത്. ശ്രീചക്രത്തിൻറെ ഏറ്റവും പുറമെ ഉള്ള ആദ്യത്തെ ചക്രത്തെ ഭൂപുരം എന്നു പറയുന്നു. ഈ ഭൂപുരത്തിൻറെ ഏറ്റവും പുറമെ ഉള്ള ഫലകത്തിൽ അണിമ, ഗരിമാ, ലഘിമാ, ഈശിത്വം, വശിത്വം, പ്രാകാമ്യം, ഭുക്തി, പ്രാപ്തി, സർവ, കാമ എന്നി 10 സിദ്ധിദേവതകൾ സ്ഥിതിചെയ്യുന്നു.

ഭൂപുരത്തിലെ രണ്ടാമത്തെ രേഖയിൽ ബ്രാഹ്മീ, മാഹേശ്വരി, കൗമാരീ, വൈഷ്ണവി, വാരാഹി, മാഹേന്ദ്രീ, ചാമുണ്ഡാ, മഹാലക്ഷ്മി എന്നി 8 മാതൃക്കൾ സ്ഥിതിചെയ്യുന്നു.

ഭൂപുരത്തിലെ മൂന്നാമത്തെ രേഖയിൽ സർവസംക്ഷോഭിണി, സർവവിദ്രാവിണി, സർവാക‍‍ർഷിണി, സർവവശങ്കരി, സർവോന്മാദിനി, സർവമഹാങ്കുശ, സർവഖേചരി, സർവബീജാ, സർവയോനി, സർവത്രിഖണ്ഡാ എന്നീ 10 മുദ്രാദേവികൾ സ്ഥിതിചെയ്യുന്നു. ഈ ഭൂപുരത്തെ ത്രൈലോക്യമോഹനചക്രം എന്നും ഇതിൽ വസിക്കുന്ന 28 ദേവതമാരേയും ചേർത്ത് പ്രകടയോഗിനികൾ എന്നും വിളിക്കുന്നു. ഇതിൻറെ നായിക ത്രിപുരയാണ്.

രണ്ടാമത്തെ ആവരണമായ ഷോഡശദളത്തിൽ കാമാകർഷിണി, ബുദ്ധ്യാകർഷിണി, അഹങ്കാരാകർഷിണി, ശബ്ദാകർഷിണി, സ്പർശാകർഷിണി, രൂപാകർഷിണി, രസാകർഷിണി, ഗന്ധാകർഷിണി, ചിത്താകർഷിണി, ധൈര്യാകർഷിണി, സ്മൃത്യാകർഷിണി, നാമാകർഷിണി, ബീജാകർഷിണി, ആത്മാകർഷിണി, അമൃതാകർഷിണി, ശരീരാകർഷിണി എന്നീ 16 ദേവിമാരാണ് വസിക്കുന്നത്. ഇവരെ 16 കലകളായും പറയാറുണ്ട്. ഈ ഗുണങ്ങളുടെ പുറകിൽ ഒളിഞ്ഞിരിക്കുന്നതിനാൽ ഇവർ ഗുപ്തയോഗിനികൾ എന്ന് കൂടി അറിയപ്പെടുന്നു. സാധകൻറെ ആഗ്രഹങ്ങൾ പരിപൂർണമാക്കപ്പെടുന്നതിനാൽ ഇതിനെ സർവാശാ പരിപൂരകചക്രം എന്ന് പറയുന്നു. ഇതിൻറെ നായിക ത്രിപുരേശി ആണ്.

തൃതീയാവരണമായ അഷ്ടദളപദ്മത്തിൽ അനംഗകുസുമ, അനംഗമേഖലാ, അനംഗമദനാ, അനംഗമദനാതുരാ, അനംഗരേഖാ, അനംഗവേഗിനി, അനംഗാങ്കുശ, അനംഗമാലിനി എന്നിങ്ങനെ 8 ദേവിമാർ സ്ഥിതിചെയ്യുന്നു. ഇതിനെ സർവസംക്ഷോഭണ ചക്രം എന്ന് വിളിക്കുന്നു. ഈ 8 ദേവിമാരെ ഗുപ്തതര യോഗിനിമാർ എന്ന് പറയുന്നു. ഈ ചക്രത്തിൻറെ നായിക ത്രിപുര സുന്ദരിയാകുന്നു.

സർവ സൗഭാഗ്യ ദായക ചക്രം എന്ന് പറയുന്ന 14 ത്രികോണങ്ങളുള്ള നാലാമത്തെ ആവരണത്തിൽ സർവസംക്ഷോഭിണി, സർവവിദ്രാവിണി, സർവാകർഷിണി, സർവാഹ്ലാദിനി, സർവസമ്മോഹിനി, സർവസ്തംഭിനി, സർവജൃംഭിണി, സർവവശങ്കരി, സർവരഞ്ജിനി, സർവോന്മാദിനി, സർവാർഥസാധിനി, സർവസംപത്തിപൂരിണി, സർവമന്ത്രമയി, സർവദ്വന്ദ്വക്ഷയങ്കരി എന്നി ശക്തിദേവതകൾ കുടികൊള്ളുന്നു. ഈ 14 ശക്തികളെ സമ്പ്രദായ യോഗിനിമാർ എന്ന് വിളിക്കുന്നു. ഈ ആവരണത്തിൻറെ

ദേവത ത്രിപുരവാസിനി ആണ്.

സർവാർധസാധകചക്രമെന്ന് വിളിക്കുന്ന 10 ത്രികോണങ്ങൾ ചേർന്ന അഞ്ചാമത്തെ ആവരണത്തിൽ സർവസിദ്ധിപ്രദ, സർവസമ്പത്പ്രദ, സർവപ്രിയങ്കരി, സർവമംഗളകാരിണി, സർവകാമപ്രദ, സർവദുഃഖവിമോചിനി, സർവമൃത്യുപ്രശമനി, സർവവിഘ്നനിവാരിണി, സർവാംഗസുന്ദരി, സർവസൗഭാഗ്യദായിനി എന്നിങ്ങനെ 10 യോഗിനമാർ വസിക്കുന്നു. ഈ ദേവതകളെ കുളോത്തീർണ യോഗിനികൾ എന്നാണ് വിളിക്കുന്നത്. ഈ ആവരണത്തിൻറെ അധിദേവത ത്രിപുരാശ്രീ ആണ്.

സർവരക്ഷാകരമെന്നും സമസ്തരക്ഷാകരമെന്നും അറിയപ്പെടുന്ന ശ്രീചക്രത്തിൻറെ ആറാമത്തെ ആവരണത്തിൽ സർവജ്ഞാ, സർവശക്തി, സർവൈശ്വര്യപ്രദാ, സർവജ്ഞാനമയി, സർവവ്യാധിവിനാശിനി, സർവാധാരസ്വരൂപ, സർവപാപഹരാ, സർവാനന്ദമയി, സർവരക്ഷാസ്വരൂപിണി, സർവെപ്സിതഫലപ്രദ എന്നീ ദേവികൾ വസിക്കുന്നു. ഈ ദേവിമാരെ നിഗർഭയോഗിനികൾ എന്ന് അറിയപ്പെടുന്നു. ഈ ചക്രത്തിൻറെ അധിഷ്ഠാനദേവത ശ്രീത്രിപുരമാലിനി എന്ന ദേവിയാണ്.

ശ്രീചക്രത്തിൻറെ സർവരോഗഹരചക്രമെന്ന് അറിയപ്പെടുന്ന 8 ത്രികോണങ്ങൾ ചേർന്ന ഏഴാമത്തെ ആവരണത്തിൽ വശിനി, കാമേശ്വരി, മോദിനി, വിമലാ, അരുണാ, ജയിനി, സർവേശ്വരി, കൗലിനി എന്നീ 8 ദേവിമാർ വസിക്കുന്നു. ഈ വശിന്യാദി വാഗ്ദേവതകളെ രഹസ്യ യോഗിനികൾ എന്നു വിളിക്കുന്നു. ഈ ചക്രത്തിൻറെ അധീശ്വരി ത്രിപുരസിദ്ധയാണ്.

ശ്രീചക്രത്തിൻറെ 8ാമത്തെ ആവരണവും സർവസിദ്ധിപ്രദചക്രം എന്നും അറിയപ്പെടുന്ന നടുവിലുള്ള ത്രികോണത്തിൽ കാമേശ്വരി, വജ്രേശ്വരി, ഭഗമാലിനി എന്നീ ത്രിമൂർത്തികൾ വസിക്കുന്നു. ഈ ചക്രത്തിൽ വസിക്കുന്ന ദേവതമാരെ പരാപര രഹസ്യയോഗിനികൾ എന്ന് വിളിക്കുന്നു. ത്രിപുരാംബയാണ് ഈ ചക്രത്തിൻറെ നായിക.

ഈ ഒറ്റ ത്രികോണത്തിൻറെ മുകളിലെ പാർശ്വഭാഗത്തിൻറെ മുകൾഭാഗത്ത് മിത്രേശൻ, ഉഡ്ഢീശൻ, ഷഷ്ഠീശൻ, ചര്യൻ എന്നീ നാലു ഗുരുക്കന്മാർ സ്ഥിതിചെയ്യുന്നു. ഇവരെ യുഗനാഥന്മാർ എന്ന് വിളിക്കുന്നു. ലോപാമുദ്രാ, അഗസ്ത്യൻ, കാലതാപനൻ, ധർമ്മാചാര്യൻ, മുക്തകേശീശ്വരൻ, ദീപകലാനാഥൻ, വിഷ്ണുദേവൻ, പ്രഭാകരദേവൻ, തേജോദേവൻ, മനോജദേവൻ, കല്യാണദേവൻ, രത്നദേവൻ, വാസുദേവൻ, ശ്രീരാമാനന്ദൻ എന്നിവരേയും ഗുരുക്കന്മാരായി പറയാറുണ്ട്.

കൂടാതെ ത്രികോണത്തിൻറെ മൂന്നു പാർശ്വങ്ങളിലായി കാമേശ്വരി, ഭഗമാലിനി, നിത്യക്ലിന്നാ, ഭേരുണ്ഡാ, വഹ്നിവാസിനി, മഹാവജ്രേശ്വരി, ശിവദൂതി, ത്വരിതാ, കുലസുന്ദരി, നിത്യാ, നീലപതാകാ, വിജയാ, സർവമംഗളാ, ജ്വാലാമാലിനി, ചിത്രാ എന്നിങ്ങിനെ 15 തിഥി ദേവതകൾ വസിക്കുന്നു. ശ്രീചക്രത്തിൻറെ നടുവിലുള്ള ബിന്ദുവിന് ചുറ്റുമുള്ള ഭാഗത്ത് ഹൃദയദേവി, ശിരോദേവി, കവചദേവി, ശിഖാദേവി, നേത്രദേവി അസ്ത്രദേവി എന്നീ 6 ദേവിമാർ വസിക്കുന്നു.

ശ്രീചക്രത്തിൻറെ നടുവിൽ ഒമ്പതാമത്തെ ബിന്ദുവിൽ ഇരിയ്കുന്നതും ബ്രഹ്മ-വിഷ്ണു-രുദ്ര-ഈശ്വര സദാശിവന്മാരാകുന്ന പഞ്ച ബ്രഹ്മരൂപത്തിലുമുള്ള ബിന്ദുപീഠത്തെ സർവാനന്ദമയചക്രമെന്ന് വിളിക്കുന്നു. മഹാത്രിപുരസുന്ദരിയായ ലളിതാദേവിയുടെ ആസ്ഥാനവും കൂടിയാണ് ഇത്. ഈ പീഠത്തെ മഹാപീഠമെന്നും ശ്രീപീഠമെന്നും പഞ്ചാശത്പീഠമെന്നും വിളിയ്കാറുണ്ട്. ഈ ആവരണത്തിലെ ദേവതയെ മഹാത്രിപുരസുന്ദരി, ലളിതാംബികാ, മഹാകാമേശ്വരീ, ശ്രീ രാജരാജേശ്വരി ശ്രീവിദ്യാ എന്നിങ്ങനെ വിളിക്കുന്നു.

ശ്രീചക്രത്തിന്റെ അർത്ഥം

[തിരുത്തുക]

ശ്രീചക്രം നവചക്രം എന്നപേരിലും അറിയപ്പെടുന്നു [5]നവ എന്ന സംസ്കൃത പദത്തിനർത്ഥം ഒൻപതു എന്നാകുന്നു. അതുകൊണ്ടുത്തന്നെ ശ്രീചക്രം ഒൻപതു സ്ഥിതികളെ, ഒന്പത്‌ ശക്തികളെ സൂചിപ്പിക്കുന്നു. ഇതിന്റെ നടുവിലായി ഐശ്വര്യരൂപിണിയായ ദേവി ആദിപരാശക്തിയെ സങ്കൽപ്പിക്കുന്നു. [6].ശ്രീചക്രത്തിന്റെ ഒൻപതു സ്ഥിതികൾ ഇവയാണ്.

  • ത്രിലോകമോഹനം

ശ്രീചക്രത്തിന്റെ ഏറ്റവും പുറത്തായി കാണുന്ന മൂന്നുവരകൾ.

  • സർവ്വാശപരിപൂരക

ശ്രീചക്രത്തിൽ കാണുന്ന 16 താമരയിതളുകൾ.

  • സർവസന്ക്ഷോഭഹന

ശ്രീചക്രത്തിൽ കാണുന്ന 8 താമരയിതളുകൾ.

  • സർവസൗഭാഗ്യദായക

ശ്രീചക്രത്തിൽ കാണുന്ന 14 ചെറിയ ത്രികോണങ്ങൾ.

  • സർവാർത്ഥ സാധക

ശ്രീചക്രത്തിൽ കാണുന്ന 10 ചെറിയ ത്രികോണങ്ങൾ.

  • സർവരക്ഷാകര

ശ്രീചക്രത്തിൽ കാണുന്ന 10 ചെറിയ ത്രികോണങ്ങൾ.

  • സർവരോഗഹര

ശ്രീചക്രത്തിൽ കാണുന്ന 8 ചെറിയ ത്രികോണങ്ങൾ.

  • സർവസിദ്ധിപ്രദ

ശ്രീചക്രത്തിൽ കാണുന്ന 1 ചെറിയ ത്രികോണങ്ങൾ.

  • സർവഅനന്തമയ

ശ്രീചക്രത്തിൽ കാണുന്ന വൃത്തബിന്ദു.
ഹിന്ദുതന്ത്രവിദ്യയുടെ പ്രതീകമാണ്‌ ശ്രീചക്രം അഥവാ ശ്രീയന്ത്ര[അവലംബം ആവശ്യമാണ്].ഹിന്ദുതത്വശാസ്ത്രത്തിൽ അധിഷ്ഠിതമായാണ് ശ്രീചക്രം രൂപകല്പന ചെയ്തിരിക്കുന്നത്[7].ശ്രീ വിദ്യാദേവി ഉപാസനയുമായി ശ്രീചക്രംബന്ധപെട്ടിരിക്കുന്നു.മഹാത്രിപുരസുന്ദരി അഥവാ ശ്രീപാർവ്വതിദേവിയുടെ പ്രതീകമായാണ് ശ്രീചക്രം കണക്കാക്കപെട്ടിരിക്കുന്നത്[8]. ശ്രീ എന്നതിന് ഐശ്വര്യം എന്ന് സാമാന്യ അർത്ഥവും, ലക്ഷ്മി എന്ന് മന്ത്ര അർത്ഥവും കല്പിക്കുന്നു.

ശ്രീചക്രത്തെ ആരാധിക്കുവാൻ കാരണം

[തിരുത്തുക]

ഹൈന്ദവ വിശ്വാസപ്രകാരം മാതൃത്വത്തിന്റെ, സൃഷ്ടിയുടെ, ശക്തിയുടെ, ഐശ്വര്യത്തിന്റെ പ്രതീകമാണ് ശ്രീചക്രം. നൂറു യാഗം ചെയ്യുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയ്യുന്നതിന്റെയും മൂന്നരകോടി തീർത്ഥങ്ങളിൽ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീചക്ര ദർശനം കൊണ്ട് കിട്ടുമെന്നാണ് തന്ത്രശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നത്[9].സൗന്ദര്യലഹരി സ്തോത്രത്തിലും ആദിശങ്കരനും ശ്രീയന്ത്രത്തിനെ പലപ്രാവശ്യം പരാമർശിച്ചിടുണ്ട്. പരമേശ്വരിയുടെ താന്ത്രിക രൂപമാണിത്. ഉപാസകന് ഐശ്വര്യവും രക്ഷയും ഇത് നൽകുന്നു. പരാശക്തിയുടെ പത്തു രൂപങ്ങളായ ദശമഹാവിദ്യാമാർ ശ്രീചക്രത്തിൽ കുടികൊള്ളുന്നതായി ഉപാസകർ വിശ്വസിക്കുന്നു. അവ (പത്ത് ശിവശക്തി) കാളി, താരാ, ചിന്നമസ്ത, ബഗളാമുഖി, ഭുവനേശ്വരി, തൃപുരസുന്ദരി (ഷോഡശി, ശ്രീവിദ്യ), ഭൈരവി, ധൂമാവതി, മാതംഗി (മഹാസരസ്വതി), കമല (മഹാലക്ഷ്മി) എന്നിവയുടേതാണ്. [10].

ശ്രീചക്രത്തിന്റെ നിർമ്മാണം

[തിരുത്തുക]

ശ്രീ യന്ത്രത്തിന്റെ നിർമ്മാണം യോഗിനി ഹൃദയത്തിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്].

പുരി ശ്രീ ജഗനാഥ്ക്ഷേത്രത്തിലെ ശ്രീചക്രം

[തിരുത്തുക]

പുരി ശ്രീ ജഗനാഥ്ക്ഷേത്രത്തിലുള്ള സംഘക്ഷേത്രം താന്ത്രികവിധിപ്രകാരം ശ്രീചക്രവുമായി സാമ്യമുള്ളതാണ്[അവലംബം ആവശ്യമാണ്].

അവലംബം

[തിരുത്തുക]
  1. Sree chakra pooja kalpam ,Sree Chattambi swamikal,Page-4
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-03. Retrieved 2011-07-03.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-03. Retrieved 2011-07-03.
  4. Shankaranarayanan, S. (1979). Sri Chakra (3rd ed.). Dipti Publications
  5. http://www.occultblogger.com/occult-symbol-the-shri-yantra/
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-06-03. Retrieved 2014-06-03.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-03. Retrieved 2011-07-03.
  8. (http:/ / www. shivashakti. com/ tripura. htm) Lalita Tripurasundari, the Red Goddess & Sri Yantra
  9. Sree chakra pooja kalpam ,Sree Chattambi swamikal,Page-4
  10. Sree chakra pooja kalpam ,Sree Chattambi swamikal,Page-4

പുറത്തെക്കുള്ള കണ്ണികൾ

[തിരുത്തുക]

കൂടുതൽ വായിക്കുവാൻ

[തിരുത്തുക]
  • ക്ഷേത്ര ചൈതന്യ രഹസ്യം(മാധവജി,ക്ഷേത്ര സംരക്ഷണ സമിതി,1173 മിഥുനം 25 , പേജ്-17).
  • Symbolism In Hinduism(Swami Nityanand ,Central Chinmaya Mission Trust,1996,page-75)
  • Sree chakra pooja kalpam ,Sree Chattambi swamikal
"https://ml.wikipedia.org/w/index.php?title=ശ്രീചക്രം&oldid=4112571" എന്ന താളിൽനിന്ന് ശേഖരിച്ചത്