സൗന്ദര്യലഹരി
ശ്രീ ശങ്കരാചാര്യർ എഴുതിയതാണ് സൗന്ദര്യ ലഹരി എന്ന വിഖ്യാത ഗ്രന്ഥം. ഇതൊരു ഭഗവതി സ്തോത്രമാണ്. ‘സൗന്ദര്യത്തിന്റെ അലകൾ’ എന്നാണ് സൗന്ദര്യലഹരി എന്ന പേരിൻ്റെ അർത്ഥം. ഇതിലെ ആദ്യത്തെ 41 ശ്ലോകങ്ങൾ ആനന്ദലഹരി എന്നും പിന്നീടുള്ള 59 ശ്ലോകങ്ങൾ സൗന്ദര്യലഹരി എന്നും അറിയപ്പെടുന്നു. ഇത് ശിഖരിണി എന്ന വൃത്തത്തിൽ രചിച്ചിട്ടുള്ളതാണ്. പാർവതീ ദേവിയുടെ മാഹാത്മ്യത്തിന്റെയും രൂപത്തിന്റെയും വർണ്ണനയാണ് നൂറോളം സംസ്കൃത ശ്ലോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്. ശങ്കരാചര്യരുടെ സ്തോത്ര നിബന്ധങ്ങളിൽ ഏറ്റവും മഹത്തായതെന്ന് ഉള്ളൂർ പരമേശ്വരയ്യർ ഇതിനെ വിശേഷിപ്പിക്കുന്നു.[1] കർണ്ണാനന്ദകരമായ സ്തോത്രങ്ങൾ ചേർന്ന ഈ കൃതി പ്രചാരത്തിൽ ശങ്കരാചാര്യരുടെ വേദാന്ത വിഷയകങ്ങളായ ഇതര കൃതികളെ അതിലംഘിക്കുന്നതായി ഇതിനെ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ കുമാരനാശാനും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.[2]
ഒരിക്കൽ ശങ്കരാചാര്യർ കൈലാസം സന്ദർശിച്ചപ്പോൾ അവിടെ ചുമരിൽ കൊത്തിവച്ചതായി അദ്ദേഹം കണ്ടവയാണ് ആദ്യത്തെ ഭാഗമെന്നും ബാക്കിയുള്ള ശ്ലോകങ്ങൾ കൂട്ടിച്ചേർത്ത് അദ്ദേഹം കൃതി പൂർത്തിയാക്കിയതാണെന്നും ഐതിഹ്യമുണ്ട്.
സൗന്ദര്യ ലഹരിയിലെ എഴുപത്തിയഞ്ചാം ശ്ലോകത്തിൽ(തവ സ്തന്യം മന്യേ ധരണിധര കന്യേ..... ) ഒരു ദ്രാവിഡ ശിശുവിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ശ്രീ പാർവതി കുഞ്ഞിന്റെ കരച്ചിൽ നിർത്തുവാനായി കുഞ്ഞിനു മുല കൊടുത്തുവെന്നും ആ കുഞ്ഞ് അനന്യമായ ഈ ഭാഗ്യം ലഭിക്കുക വഴി പിൽക്കാലത്ത് ഒരു മഹാകവിയായി മാറി എന്നും. ആനന്ദലഹരി ഇദ്ദേഹത്തിന്റെ കൃതിയാണെന്നും ഇതിൽ നാൽപ്പത്തിരണ്ടിലുമധികം ശ്ലോകങ്ങൾ ഉണ്ടെന്നും പറയപ്പെടുന്നു. ഈ ദ്രാവിഡ ശിശു പിന്നീട് കവിയായി മാറി കൈലാസത്തിന്റെ ചുവരുകളിൽ എഴുതിയിരുന്ന വരികളിൽ ചിലത് ശങ്കരാചാര്യർ ഒരു നോക്കിലൂടെ ഹൃദിസ്ഥമാക്കുകയും അവയെ തന്റെ തന്നെ രചനയായ സൗന്ദര്യ ലഹരിയിൽ ചേർത്തു വെയ്ക്കുകയും ചെയ്തുവത്രെ.
രണ്ടു പുസ്തകങ്ങളും തമ്മിൽ ഭാവനാപരമായ ഒരു വ്യത്യാസം കാണാനുണ്ട്. ആനന്ദ ലഹരിയിൽ പ്രാമുഖ്യം ശ്രീഭഗവതിയുടെ മഹിമയ്ക്കാണ്. സൗന്ദര്യലഹരി അംഗോപാംഗ സൗന്ദര്യത്തെ വർണ്ണിക്കുന്നു. ആനന്ദ ലഹരിയിൽ ഒരു ശ്ലോകവും അതിനടുത്തതും തമ്മിൽ പരസ്പര ബന്ധം കാണുന്നില്ല. അതേ സമയം സൗന്ദര്യ ലഹരി പാർവതീ ദേവിയുടെ കിരീടത്തിൽ നിന്നും തുടങ്ങി പാദം വരെയുള്ള സൗന്ദര്യത്തെ പടിപടിയായി ഭക്തിപുരസ്സരം വർണ്ണിക്കുന്നു. ശങ്കരാചാര്യർ തന്നെ വെവ്വേറെ എഴുതിയ രണ്ടു പുസ്തകങ്ങളെ പിൻഗാമികൾ ചേർത്തു വെച്ചതാകാനും വഴിയുണ്ട്.
അവലംബം
[തിരുത്തുക]- ↑ തേക്കേ അമ്പാടി മീനാക്ഷി അമ്മയുടെ സൗന്ദര്യലഹരീവ്യാഖ്യാനത്തിന് എഴുതിയ അവതാരിക (പ്രസാധകർ ശ്രീരാമകൃഷ്ണമഠം, തൃശൂർ)
- ↑ കുമാരനാശാന്റെ സമ്പൂർണ്ണപദ്യകൃതികളിൽ, സൗന്ദര്യലഹരീപരിഭാഷയോടു ചേർന്നുള്ള 'അവതരണിക' (പുറം 925)(പ്രസാധകർ, സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം)