തച്ചോളി ഒതേനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തച്ചോളി ഒതേനൻ വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വീരനായകനാണ്. 16-ആം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്.[1] വടക്കൻ പാട്ടുകൾ അദ്ദേഹത്തിന്റെ ധൈര്യത്തെയും ആയോധന പാടവത്തെയും വാഴ്ത്തുന്നു.

കടത്തനാട് വടകരയ്ക്ക് അടുത്തുള്ള മേപ്പയിൽ മാണിക്കോത്ത് വീട്ടിൽ ജനിച്ചു.കടത്തനാടൻ പ്രദേശത്തെ പ്രശസ്ത കളരിയഭ്യാസികളായ നായന്മാരായിരുന്നു നാലു വീട്ടിൽ കുറുപ്പന്മാർ.അവരിൽ ചെല്ലട്ടൻ കുറുപ്പ് വംശത്തിന്റെ ഉപശാഖയായ തച്ചോളി കുറുപ്പന്മാരുടെ തറവാടായ തച്ചോളി മാണിക്കോത്ത് ആണ് തച്ചോളി ഒതേനന്റെ തറവാട്.[2]ഈ തറവാട്ടംഗമായ ഉപ്പാട്ടി എന്ന സ്ത്രീയെ പുതുപ്പണം ദേശവാഴിയായിരുന്ന ചീനംവീട്ടിൽ തങ്ങൾ (പുതുപ്പണത്ത് വാഴുന്നോർ) സംബന്ധം കഴിച്ചു.(ഈ വസ്തുതകൾ തച്ചോളി ഒതേനന്റെ കുടുംബാംഗമായ കടത്തനാട്ട് മാധവിഅമ്മ എഴുതിയ തച്ചോളി ഒതേനൻ എന്ന പുസ്തകത്തിലുണ്ട്.) [3] ഈ ബന്ധത്തിൽ അവർക്കുണ്ടായ മകൻ ആണ് തച്ചോളി ഒതേനൻ [4] . കോമപ്പകുറുപ്പും ഉണിച്ചാറയുമായിരുന്നു തങ്ങളുടെ മറ്റു രണ്ടു മക്കൾ. ദേശവാഴിയുടെ മകനായിട്ടും ദാരിദ്ര്യത്തിലായിരുന്നു ഒതേനന്റെ കുട്ടിക്കാലം. ഉപ്പാട്ടിയമ്മയുടെയും മക്കളുടെയും സംരക്ഷണത്തിൽ വടകരവാഴുന്നോർ വലിയ ശ്രദ്ധയൊന്നും കാണിച്ചിരുന്നില്ല. തേങ്ങ വിറ്റും മറ്റുമായിരുന്നു ഉപ്പാട്ടിയമ്മ മക്കളെ വളർത്തിയിരുന്നത് എന്ന് വടക്കൻ പാട്ടുകളിൽ കാണാം.

അദ്ദേഹം കേരളത്തിന്റെ പുരാതന ആയോധന കലയായ കളരിപ്പയറ്റ് ചെറുപ്പത്തിലേ തന്നെ അഭ്യസിച്ചു തുടങ്ങി. ധൈര്യശാലിയും നിപുണനുമായ ഒരു തികഞ്ഞ അഭ്യാസിയായി ഉദയനൻ വളർന്നു വന്നു.

ആരോരുമില്ലാത്തവർക്ക് ഒരു സുഹൃത്തും ശത്രുക്കളോട് ദയയില്ലാത്ത എതിരാളിയുമായി ഒതേനനെ വാഴ്ത്തുന്നു.

കോഴിക്കോട്ടെ ശക്തനായ സാമൂതിരി രാജാവുപോലും ഒതേയനനെ ബഹുമാനിച്ചിരുന്നു. ഒതേനന്റെ സന്തതസഹചാരിയായിരുന്നു കണ്ടാച്ചേരി ചാപ്പൻ. മതിലൂർ ഗുരുക്കളായിരുന്നു ഉദയനന്റെ ഗുരു. ഒതേനനെകുറിച്ച് നിരവധികഥകൾ ഉണ്ട്. ഒരിക്കൽ വഴിയൊഴിഞ്ഞു കൊടുക്കാത്തതിന്റെ പേരിൽ മഹാവീരനായ ചിണ്ടൻ നമ്പ്യാർ ഒതേനനുമായി അങ്കം കുറിച്ചു. പയ്യം വെള്ളിചന്തു എന്ന സുഹൃത്തു പറഞ്ഞു കൊടുത്ത പൂഴിക്കടകൻ അടവുപയോഗിച്ച് പൊന്നിയം കളരിയിൽ വച്ച് ഒതേനൻ നമ്പ്യാരുടെ തലയരിഞ്ഞു. പുന്നോറൻ കേളപ്പൻ, പുറമാല നമ്പിക്കുറുപ്പ് തുടങ്ങി നിരവധി പേരെ ഒതേനൻ വധിച്ചു.

ലോകനാർക്കാവിലെ ആറാട്ടു ദിവസം കതിരൂർ ഗുരുക്കളുമായി തെറ്റിപ്പിരിയുകയും ഇരുവരും അങ്കം കുറിക്കുകയും ചെയ്തു. അങ്കത്തിൽ ഗുരുക്കളെ വധിച്ച ശേഷം ഒതേനൻ, കളരിയിൽ മറന്നിട്ട കട്ടാരമെടുക്കുവാൻ മടങ്ങിപ്പോവുകയും മായൻകുട്ടി എന്ന മാപ്പിളയുടെ വെടിയേറ്റ് മരിച്ചു. കതിരൂർ ഗുരുക്കളുടെ സുഹൃത്തായിരുന്ന പരുന്തുങ്കൽ എമ്മൻ പണിക്കരാണ് ഈ മാപ്പിളയെ ഏർപ്പാടാക്കിയത്. 32 വയസ്സായിരുന്നു അന്ന് ഒതേനന്.

തച്ചോളി ഒതേനന്റെ സംബന്ധ ബന്ധത്തിൽ ഉള്ള സന്തതി പരമ്പര 'ചാത്തോത് ' എന്ന തറവാട്ടിൽ ഇന്നും ഉണ്ട്. കോഴിക്കോട് കായണ്ണ ആണ് സ്ഥലം. കാരണവർ ചാത്തോതെ ഓറ് എന്ന് അറിയപ്പെടുന്നു. വേറൊരു സംബന്ധ ബന്ധത്തിൽ ഉള്ള പരമ്പര മാഹി മുണ്ടവീട് എന്ന തറവാട്ടിലും കണ്ണൂർ ഏഴിമലയ്ക്കടുത്തും ഇന്നും നിലനിൽക്കുന്നു.തനിക്ക് വശപ്പെടാതെ നിന്ന പെണ്ണിന്റെ ആങ്ങളമാരെ മണ്ണുങ് എന്ന മീനിന്റെ മാല ഉണ്ടാക്കി കഴുത്തിൽ ഇട്ട് കായണ്ണ അങ്ങാടിയിൽ കൂടെ നടത്തി,പിനീട് അവർ മണ്ണുങ് നായന്മാർ എന്ന് അറിയപ്പെട്ട ചരിത്രവും ഇതേ നാട്ടിൽ ഉണ്ട്.[5]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.india9.com/i9show/Vadakkan-Pattukal-31327.htm
  2. Menon, A. Sreedhara (2006). A Survey of Kerala History (ഭാഷ: ഇംഗ്ലീഷ്). S. Viswanathan. p. 32. ISBN 978-81-87156-01-7.
  3. https://keralabookstore.com/book/thacholi-othenan-/8548/htm
  4. https://ml.sayahna.org/index.php/%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8B%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D_II#.E0.B4.A4.E0.B4.9A.E0.B5.8D.E0.B4.9A.E0.B5.8B.E0.B4.B3.E0.B4.BF_.E0.B4.92.E0.B4.A4.E0.B5.87.E0.B4.A8.E0.B4.A8.E0.B5.8D.E2.80.8D.htm
  5. [www.mathrubhumi.com/amp/myhome/news/thacholi-othenan-wife-house-mundaveedu-kerala-traditional-homes-1.3717453 www.mathrubhumi.com/amp/myhome/news/thacholi-othenan-wife-house-mundaveedu-kerala-traditional-homes-1.3717453] Check |url= value (help). Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=തച്ചോളി_ഒതേനൻ&oldid=3601672" എന്ന താളിൽനിന്ന് ശേഖരിച്ചത്