തച്ചോളി ഒതേനനും അണ്ടലൂർക്കാവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, കടത്തനാടൻ അഭ്യാസികളിൽ ഏറ്റവും പ്രസിദ്ധനായിരുന്നു തച്ചോളി ഒതേനൻ. അണ്ടലൂർക്കാവിൻറെ പ്രസിദ്ധി അത്രമേൽ വ്യാപിച്ചിരുന്ന ആ കാലഘട്ടത്തിൽ ക്ഷേത്രത്തെ പറ്റി കേട്ടറിഞ്ഞ ഒതേനൻ, ക്ഷേത്രവും അനുബന്ധ സമ്പത്തും തൻറെ അധീനത്തിലാക്കുവാൻ തീരുമാനിക്കുകയും ഇതിനായി ലോകനാർക്കാവിൽ ഭഗവതിയുടെ മുൻപിൽ അനുവാദത്തിനായി പ്രാർഥിക്കുകയും ചെയ്തു. പക്ഷെ, എല്ലാ തവണയും അനുവാദം നൽകിയിരുന്ന ഭഗവതി ഇത്തവണ ഒതേനനു അനുവാദം നൽകുകയുണ്ടായില്ലത്രേ. അണ്ടലൂർക്കാവ്, ഭഗവാൻ ശ്രീരാമചന്ദ്രൻറെ സാന്നിധ്യമുള്ള സ്ഥലമാണെന്നും അവിടെ ചെന്ന് ബലപ്രയോഗത്തിലൂടെ ക്ഷേത്രം കീഴടക്കാൻ ശ്രമിക്കുന്നത് ഒതേനനു ദോഷമായി വരുമെന്നും ഭഗവതി കൽപ്പിക്കുകയുണ്ടായത്രേ. എന്നാൽ ഇതിനു മറുപടിയായി ഒതേനൻ, താൻ ക്ഷേത്രദർശനം നടത്തുക മാത്രമേ ഉള്ളുവെന്നും, ക്ഷേത്രത്തിനെതിരെ യാതൊരു ബലപ്രയോഗവും നടത്തില്ലെന്നും പ്രതിജ്ഞ ചെയ്യുകയും അതുപ്രകാരം അണ്ടലൂരിലേക്ക് യാത്രതിരിക്കുകയും ചെയ്തു.

താമസിയാതെ അണ്ടലൂരിലെത്തിയ ഒതേനൻ ക്ഷേത്രത്തിനകത്തുള്ള അരയാലിൻറെ തറമേൽ ഇരിപ്പുറപ്പിച്ചു ക്ഷേത്രച്ചടങ്ങുകൾ അതിശയത്തോടെ വീക്ഷിക്കാൻ തുടങ്ങിയത്രെ. ചില ചടങ്ങുകൾ ( നിരക്കിപ്പാച്ചൽ തുടങ്ങിയവ ) കണ്ടു ആവേശഭരിതനായിത്തീർന്ന ഒതേനൻ ക്ഷേത്രം ബലപ്രയോഗത്താൽ പിടിച്ചെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. മനോഗതിയിൽ ഈ മാറ്റം വന്ന ഉടനെ ഇരുന്നിടത്തുനിന്നു ഒതേനൻ എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ നിവർന്നു നിൽക്കാൻ കഴിയാതാവുകയും തിരികെ സ്വസ്ഥാനത്ത് ഇരിപ്പുറപ്പിക്കാൻ ശ്രമിച്ചപ്പോൾ അതിനു സാധിക്കാതെ കുനിഞ്ഞു നിന്നുവെന്നും, ഈ കാഴ്ച കണ്ട മറ്റുള്ളവർ കാരണം തിരക്കിയപ്പോൾ യാഥാർത്ഥ്യം വെളിപ്പെടുത്തിയ ഒതേനനോട് അന്നത്തെ ക്ഷേത്രം പൂജാരി, ക്ഷേത്രത്തിലേക്ക് പ്രായശ്ചിത്തമായി വെള്ളിപ്പണം നേർച്ച നൽകുവാൻ ഉപദേശിച്ചുവെന്നും അതുപ്രകാരം പ്രായശ്ചിത്തം ചെയ്ത ഒതേനൻറെ സ്ഥിതിയിൽ മാറ്റമുണ്ടാവുകയും അസുഖത്തിൽനിന്നും മോചിതനായി എന്നും പറയപ്പെടുന്നു.

ഇന്നും അണ്ടലൂർക്കാവിൽ ഉത്സവത്തിനനുബന്ധിച്ചു കുംഭം രണ്ടാം തിയ്യതി നടക്കുന്ന "ചക്കകൊത്തു" ചടങ്ങിനു ശേഷം ചോല്ലപ്പെടുന്ന തോറ്റത്തിൽ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ടത്രെ.