ഓറിയോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശബരൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Orion constellation map.png

ഭൂമദ്ധ്യരേഖാപ്രദേശത്ത് ഡിസംബർ മുതൽ മാർച്ച് വരെ കാണാവുന്ന ഒരു നക്ഷത്രഗണമാണ് ശബരൻ അഥവാ ഓറിയോൺ. അമ്പുതൊടുത്തുനിൽക്കുന്ന വേടനായും മൃഗത്തിനെ അടിക്കാൻ ദണ്ഡുയർത്തിനിൽക്കുന്ന വേട്ടക്കാരനായും ഈ നക്ഷത്രഗണം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.ആകാശത്ത് ഏറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന നക്ഷത്രഗണങ്ങളിൽ ഒന്നാണിത്. നഗ്ന നേത്രം കൊണ്ട് കാണാവുന്ന ഏറ്റവും പ്രകാശമുള്ള M42 എന്ന ഓറിയോൺ നെബുല ഈ നക്ഷത്രഗണത്തിനുള്ളിലാണ്. IC 434 എന്ന ഹോഴ്സ്ഹെഡ് നെബുലയും M43,M78 എന്നീ നെബുലകളും ഇതിന്റെ പശ്ചാത്തലത്തിൽ കാണാം. തിരുവാതിര, മകയിരം എന്നീ നക്ഷത്രങ്ങൾ ഇതിനുള്ളിലാണ് വരുന്നത്.

നക്ഷത്രങ്ങൾ[തിരുത്തുക]

ഓറിയൺ നക്ഷത്രഗണം
പേര് കാന്തിമാനം അകലം
ബീറ്റൽജ്യൂസ് 0.5 മാഗ്നിറ്റ്യൂഡ് 520 പ്രകാശവർഷം
ബെല്ലാട്രിക്സ് 1.70 മാഗ്നിറ്റ്യൂഡ് 470 പ്രകാശവർഷം
അൽമിന്റാക്ക 2.10 മാഗ്നിറ്റ്യൂഡ് 1600 പ്രകാശവർഷം
മിന്റാക്ക 2.50 മാഗ്നിറ്റ്യൂഡ് 1500 പ്രകാശവർഷം
അൽനിലാം 1.80 മാഗ്നിറ്റ്യൂഡ് 1600 പ്രകാശവർഷം
റീഗൽ 0.12 മാഗ്നിറ്റ്യൂഡ് 900 പ്രകാശവർഷം
സെയ്ഫ് 3.36 മാഗ്നിറ്റ്യൂഡ് 75 പ്രകാശവർഷം

ചരിത്രവും ഐതിഹ്യവും[തിരുത്തുക]

ഒറിയോൺ നക്ഷത്രരാശിയിലെ നക്ഷത്രങ്ങൾ ജനിച്ചു കൊണ്ടിരിക്കുന്ന പ്രദേശം. നാസയുടെ സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി പകർത്തിയ ചിത്രം.

ഓറിയൺ നക്ഷത്രരാശിയെ കുറിച്ചുള്ള ഏറ്റവും പഴയ രേഖപ്പെടുത്തലുകൾ കണ്ടെത്തിയിട്ടുള്ളത് ജർമ്മനിയിലെ ആക് താഴ്വരയിലുള്ള ഒരു ഗുഹയിൽ നിന്നാണ്. 1979ൽ ഇവിടെ നിന്ന് പുരാവസ്തു ശാസ്ത്രജ്ഞർ കണ്ടെത്തിയ ഒരു ആനക്കൊമ്പിൽ ഒറിയോൺ നക്ഷത്രക്കൂട്ടത്തിന്റെ ചിത്രം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഏതാണ്ട് 32000 വർഷത്തിനും 38000 വർഷത്തിനും ഇടയിൽ പഴക്കമുണ്ടായിരിക്കും ഇതിനെന്നാണ് പുരാവസ്തു ശാസ്ത്രജ്ഞർ കണക്കാക്കിയിരിക്കുന്നത്.[1][2][3] ഓറിയോണിന്റെ സവിശേഷമായ ആകൃതി ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ജനവിഭാഗങ്ങൾ ശ്രദ്ധിക്കുകയും അവരുടെതായ ഐതിഹ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് സൃഷ്ടിക്കുകയും ചെയ്തു.

സ്വർഗ്ഗത്തിലെ ആട്ടിടയൻ എന്ന് അർത്ഥം വരുന്ന വാക്കാണ് ബാബിലോണിയയിൽ ആധുനിക ചെമ്പുയുഗത്തിൽ സൃഷ്ടിക്കപ്പെട്ട നക്ഷത്ര കാറ്റലോഗിൽ ഉപയോഗിച്ചിരിക്കുന്നത്.[4] പ്രാചീന ഈജിപ്റ്റുകാർ ഓറിയോണിനെ സാ എന്ന ദൈവമായാണ് കണ്ടിരുന്നത്. ഈജിപ്ഷ്യൻ കലണ്ടർ സിറിയസ് നക്ഷത്രത്തിന്റെ ഉദയത്തെ അടിസ്ഥാനപ്പെടുത്തിയാണ് രൂപപ്പെടുത്തിയിരുന്നത്. സിറിയസ്സിനെ സോപ്ഡെറ്റ് എന്ന ദേവതയായാണ് അവർ ആരാധിച്ചിരുന്നത്. സിറിയസ്സിന് തൊട്ടു മുമ്പ് ഉദിക്കുന്ന ഓറിയോണിനും അവർ ദൈവിക പദവി നൽകി.[5]

അർമേനിയക്കാർ അവരുടെ വംശം സ്ഥാപിച്ചു എന്നു കരുതപ്പെടുന്ന ഹായ്ക് എന്ന പൂർവികനായാണ് ഓറിയോണിനെ കണ്ടിരുന്നത്. ബൈബിളിന്റെ അർമേനിയൻ പതിപ്പിലും ഓറിയോണിനെ ഹായ്ക് എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്.[6]

ബൈബിളിൽ മൂന്നിടത്ത് ഒറിയോണിനെ പരാമർശിക്കുന്നുണ്ട്. ജോബ് 9:9 ("He is the maker of the Bear and Orion"), ജോബ് 38:31 ("Can you loosen Orion's belt?"), അമോസ് 5:8 ("He who made the Pleiades and Orion").

ഗ്രീക്ക് പുരാണത്തിൽ[തിരുത്തുക]

ഒറിയോൺ 9-ാം നൂറ്റാണ്ടിലെ ഒരു ചിത്രീകരണം.

ഗ്രീക്ക് പുരാണത്തിൽ ഭീമാകാരനും അതീവ ശക്തിമാനുമായ ഒരു വേട്ടക്കാനാണ് ഓറിയോൺ.[7] യൂറൈലീ എന്ന ഗോർഗണിന്റെയും സമുദ്ര ദേവനായ പൊസൈഡണിന്റെയും മകനാണ് ഒറിയോൺ. ഒരു ഗ്രീക്ക് കഥയനുസരിച്ച് ഭൂമിയിലെ ജീവജാലങ്ങളെ കൊല്ലുന്നതിന്റെ പേരിൽ ഭൂമിയുടെയും ജീവന്റെയും ദേവതയായ ഗയക്ക് ഒറിയോണിനോട് വിരോധം തോന്നുകയും ഒറിയോണിനെ കൊല്ലുന്നതിനു വേണ്ടി ഭീമൻ തേളിനെ പറഞ്ഞയയ്ക്കുകയും ചെയ്തു. എന്നാൽ ഒഫ്യൂക്കസ് പ്രത്യൗഷധം നൽകി ഒറിയോണിനെ രക്ഷപ്പെടുത്തി. ഇതിനാലാണത്രെ ഒറിയോണും വൃശ്ചികവും(Scorpius) പരസ്പരം കാണാനാവാത്ത വിധത്തിൽ ആകാശത്തിന്റെ എതിർഭാഗങ്ങളിലും ഒഫ്യൂക്കസ് ഇവർക്കു മധ്യത്തിലായും സ്ഥിതി ചെയ്യുന്നത്.[8]

റോമൻ കവികളായ ഹൊറാസ്, വെർജിൽ എന്നിവരുടെ കവിതകളിലും ഹോമറുടെ ഒഡീസ്സി, ഇലിയഡ് എന്നീ ഇതിഹാസ കാവ്യങ്ങളിലും ഒറിയോൺ പരാമർശിക്കപ്പെടുന്നുണ്ട്.

മദ്ധ്യപൂർവ്വരാജ്യങ്ങളിൽ[തിരുത്തുക]

മദ്ധ്യകാല ഇസ്ലാമിക ജ്യോതിശാസ്ത്രത്തിൽ ഓറിയോണിനെ അൽ-ജബ്ബാർ എന്നാണ് പറയുന്നത്..[9] ഭീമാകാരൻ എന്നാണ് ഈ വാക്കിനർത്ഥം. ഓറിയോണിലെ തിളക്കത്തിൽ ആറാം സ്ഥാനത്തു നിൽക്കുന്ന സെയ്ഫ് എന്ന നക്ഷത്രത്തിന് ആ പേര് വന്നത് ഭീമന്റെ വാൾ എന്നർത്ഥം വരുന്ന സെയ്ഫ് അൽ-ജബ്ബാർ എന്ന വാക്കിൽ നിന്നാണ്.[10]

പുരാതന ചൈനയിലെ ജ്യോതിശാസ്ത്രജ്ഞർ ക്രാന്തിവൃത്തത്തെ 28 ചാന്ദ്രസൗധങ്ങളായി (Xiu - 宿) വിഭജിച്ചിരുന്നു. ഇതിലെ ഒരു സൗധമായി എടുത്തിരുന്നത് ഓറിയോണിനെയായിരുന്നു. ഓറിയോണിന്റെ ബെൽറ്റിനെ ഉദ്ദേശിച്ച് മൂന്ന് എന്നർത്ഥം വരുന്ന ഷെൻ ((參)എന്ന വാക്കാണ് അവർ ഉപയോഗിച്ചിരുന്നത്. 參 എന്ന ചൈനീസ് വാക്ക് പിൻ‌യിൻ സമ്പ്രദായത്തിൽ ഓറിയോൺ എന്ന അർത്ഥത്തിൽ തന്നെയാണ് ഉപയോഗിച്ചു വരുന്നത്.[11] ഋഗ്വേദത്തിൽ ഇതിനെ ഒരു മാൻ ആയാണ് വിവരിച്ചിരിക്കുന്നത്.[12]

അവലംബം[തിരുത്തുക]

 1. Rappenglück, Michael (2001). "The Anthropoid in the Sky: Does a 32,000 Years Old Ivory Plate Show the Constellation Orion Combined with a Pregnancy Calendar". "Symbols, Calendars and Orientations: Legacies of Astronomy in Culture". IXth Annual meeting of the European Society for Astronomy in Culture (SEAC). Uppsala Astronomical Observatory. pp. 51–55. 
 2. "The Decorated Plate of the Geißenklösterle, Germany". UNESCO: Portal to the Heritage of Astronomy. ശേഖരിച്ചത് 26 February 2014. 
 3. Whitehouse, David (January 21, 2003). "'Oldest star chart' found". BBC. ശേഖരിച്ചത് 26 February 2014. 
 4. John H. Rogers, "Origins of the ancient constellations: I. The Mesopotamian traditions", Journal of the British Astronomical Association 108 (1998) 9–28
 5. Wilkinson, Richard H. (2003). The Complete Gods and Goddesses of Ancient Egypt. Thames & Hudson. pp. 127, 211
 6. Kurkjian, Vahan (1968). "History of Armenia". uchicago.edu. Michigan. 8. 
 7. Star Tales – Orion
 8. Staal 1988, pp. 61-62.
 9. Metlitzki, Dorothee (1977). The Matter of Araby in Medieval England. United States: Yale University Press. p. 79. ഐ.എസ്.ബി.എൻ. 0-300-11410-9. 
 10. Kaler, James B., SAIPH (Kappa Orionis), Stars (University of Illinois), ശേഖരിച്ചത് 2012-01-27 
 11. 漢語大字典 Hànyǔ Dàzìdiǎn (in Chinese), 1992 (p.163). 湖北辭書出版社和四川辭書出版社 Húbĕi Cishu Chūbǎnshè and Sìchuān Cishu Chūbǎnshè, re-published in traditional character form by 建宏出版社 Jiànhóng Publ. in Taipei, Taiwan; ISBN 957-813-478-9
 12. Holay, P. V. "Vedic astronomers". Bulletin of the Astronomical Society of India 26: 91–106. ബിബ്‌കോഡ്:1998BASI...26...91H. 


"https://ml.wikipedia.org/w/index.php?title=ഓറിയോൺ&oldid=2554740" എന്ന താളിൽനിന്നു ശേഖരിച്ചത്