ഇലിയഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇലിയഡ്, പുസ്തകം VIII, വരികൾ 245–53, ഗ്രീക്ക് കയ്യെഴുത്തു പ്രതി, ഏഡി ആറാം നൂറ്റാണ്ട്

പുരാതന ഗ്രീക്ക് മഹാകവി ഹോമർ രചിച്ച ഇതിഹാസ കാവ്യം ആണ് ഇലിയഡ് (പുരാതന ഗ്രീക്ക് ഭാഷ:Ἰλιάς, Iliás,). ഇലിയഡ് എന്ന പദത്തിന്റെ അർത്ഥം ഇലിയത്തിന്റെ ഗാഥ എന്നാണ്. ഇലിയം എന്നത് ട്രോയ് നഗരത്തിന്റെ മറ്റൊരു പേരാണ്.[1]. ട്രോജൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മെനഞ്ഞിരിക്കുന്ന ഈ ഇതിഹാസം ട്രോയ് നഗരത്തിന്റെ ഉപരോധത്തിനെക്കുറിച്ചും പോരാട്ടങ്ങളെ കുറിച്ചും അഗമെ‌മ്‌നൺ രാജാവും യുദ്ധവീരൻ അക്കില്ലിസും തമ്മിലുണ്ടായ തർക്കത്തിനെ കുറിച്ചും പ്രതിപാദിക്കുന്നു. ബി സി എട്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്നു കരുതുന്ന ഇലിയഡ്, ഹോമറുടെ തന്നെ ഒഡീസിയോടൊപ്പം പാശ്ചാത്യസാഹിത്യത്തിലെ ഏറ്റവും പഴക്കം ചെന്ന രചനകളിൽ പെടുന്നു. ഏകദേശം 15,700 വരികൾ ഇലിയഡിൽ ഉണ്ട്. യഥാർത്ഥ രചയിതാവ് ആരെന്നതിനെക്കുറിച്ച് തർക്കം നിലനിൽക്കുന്നുണ്ട്.


പ്രധാന കഥാപാത്രങ്ങൾ[തിരുത്തുക]

ഗ്രീക്കുകാർ[തിരുത്തുക]

 • അഗമെ‌മ്‌നൺ - മൈസിനിയിലെ രാജാവ്.
 • അക്കില്ലിസ് - മിർമിഡൻ ജനതയുടെ നേതാവും യുദ്ധവീരനും
 • അജാക്സ് - ടെലമോൺ രാജാവിന്റെ പുത്രൻ, അക്കില്ലിസ് കഴിഞ്ഞാൽ ഗ്രീസിലെ ഏറ്റവും മികച്ച പോരാളി.
 • മെനിലോസ് - അഗമെമ്നണിന്റെ സഹോദരൻ
 • ഒഡീസിയസ് - ഇഥാക ദ്വീപരാഷ്ട്രത്തിന്റെ രാജാവ്. യുദ്ധതന്ത്രജ്ഞൻ
 • ഡയോമിഡസ് - ആർഗോസിലെ രാജാവ്

ട്രോജൻകാർ[തിരുത്തുക]

സ്ത്രീ കഥാപാത്രങ്ങൾ[തിരുത്തുക]

ദൈവങ്ങൾ[തിരുത്തുക]

ഒട്ടേറെ ഗ്രീക്ക് ദൈവങ്ങൾ ഇലിയഡിൽ കഥാപാത്രങ്ങളാണ്

പ്രമേയങ്ങൾ[തിരുത്തുക]

നോസ്റ്റോസ്[തിരുത്തുക]

പുരാതന ഗ്രീക്കിൽ നോസ്റ്റോസ് എന്നാൽ ഗൃഹാതുരത്വം എന്നാണർഥം. നോസ്റ്റോസ് എന്ന ആശയം ഇലിയഡിൽ പലയിടത്തും കടന്നു വരുന്നുണ്ട്. പത്തുവർഷം വിദേശമണ്ണി്ൽ നടത്തേണ്ടി വന്ന യുദ്ധത്തിനുശേഷമുള്ള മടക്കയാത്രയിൽ വീടണയാനുള്ള വെമ്പൽ സ്വാഭാവകമാണ്. എന്തു വില കൊടുത്തും ട്രോജൻ യുദ്ധം ജയിക്കണം എന്നുള്ള അഗമെംനോണിന്റെ വാശിക്കു പിറകിൽ വീടണയാനുള്ള വെമ്പൽ ഒരു കാരണമായി എന്ന് ഇലിയഡിൽ പറയുന്നു.

ക്ലിയോസ്[തിരുത്തുക]

ഇലിയഡിന്റെ ആദ്യത്തെ ഏഴുവരികൾ

കീർത്തി, യശ്ശസ് എന്നൊക്കെ അർത്ഥം വരുന്ന ഗ്രീക്ക് വാക്കാണ് ക്ലിയോസ്.[2] യുദ്ധവീര്യത്തിൽ കൈവരുന്ന കീർത്തി എന്ന ആശയം ഇലിയഡിൽ പ്രധാന പ്രമേയമാണ്. മിക്ക ഗ്രീക്ക് രാജാക്കന്മാരും വിജയികളായി തിരിച്ചു പോകുന്ന നോസ്റ്റോസിൽ കീർത്തി അഥവാ ക്ലിയോസ് കൈവരിക്കുന്നു. പക്ഷേ അക്കില്ലിസിന് ഒന്നുകിൽ നോസ്റ്റോസ് അല്ലെങ്കിൽ ക്ലിയോസ് ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കേണ്ടി വരുന്നു.[3] പുസ്തകം IXൽ (IX.410–16), തന്നോട് യുദ്ധത്തിലേക്ക് തിരിച്ചു വരാൻ യാചിക്കുന്ന ഒഡീസിയൂസിനോടും മറ്റും തന്റെ ഈ അവസ്ഥയെക്കുറിച്ച് അക്കില്ലിസ് പറയുന്നുണ്ട്.[4]

ഇങ്ങനെയാണ് ആ കാവ്യഭാഗം:

  μήτηρ γάρ τέ μέ φησι θεὰ Θέτις ἀργυρόπεζα (410)
  διχθαδίας κῆρας φερέμεν θανάτοιο τέλος δέ.
  εἰ μέν κ’ αὖθι μένων Τρώων πόλιν ἀμφιμάχωμαι,
  ὤλετο μέν μοι νόστος, ἀτὰρ κλέος ἄφθιτον ἔσται
  εἰ δέ κεν οἴκαδ’ ἵκωμι φίλην ἐς πατρίδα γαῖαν,
  ὤλετό μοι κλέος ἐσθλόν, ἐπὶ δηρὸν δέ μοι αἰὼν (415)
  ἔσσεται, οὐδέ κέ μ’ ὦκα τέλος θανάτοιο κιχείη.

റിച്ച്മണ്ട് ലാറ്റിമോർ പരിഭാഷപ്പെടുത്തിയതിനെ അടിസ്ഥാനപ്പെടുത്തി:

  എന്റെ അമ്മ, സ്വർണ്ണപ്പാദങ്ങളുള്ള ദേവത തെറ്റിസ് എന്നോടു പറഞ്ഞു,
  എന്റെ മരണദിവസത്തിലേക്ക് എനിക്ക് രണ്ട് പാതകളുണ്ടെന്ന്.
  ഒന്നുകിൽ എനിക്ക് ഇവിടെ നിന്ന് ട്രോജൻ സൈന്യത്തോട് യുദ്ധം ചെയ്യാം.
  എനിക്ക് തിരിച്ചുപോക്കുണ്ടാകില്ല, പക്ഷേ എന്റെ കീർത്തി ലോകാവസാനം വരെ നിലനിൽക്കും.
  അല്ലെങ്കിൽ എനിക്ക് എന്റെ പൂർവികരുടെ പ്രിയപ്പെട്ട നാട്ടിലേക്ക് തിരിച്ച് പോകാം.
  കീർത്തി എനിക്കുണ്ടാകില്ല പക്ഷേ ദീർഘായുസ്സ് എന്നെ കാത്തിരിക്കുന്നു,
  മരണം എന്നെ തേടി പെട്ടെന്ന് വരുകയുമില്ല.

രോഷം[തിരുത്തുക]

അക്കില്ലിസിന്റെ രോഷം (1819), by മൈക്കൽ ഡ്രോളിങ്ങ്.

ഇലിയഡിന്റെ പരമപ്രധാന പ്രമേയം അക്കില്ലിസിന്റെ രോഷം (The Wrath of Achilles) ആണെന്ന് പറയാം. അക്കില്ലിസിന്റെ സ്വകാര്യമായ രോഷവും മുറിവേറ്റ പടയാളിയുടെ അഭിമാനവുമാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഗ്രീക്കുകാർക്ക് ലഭിക്കുന്ന തിരിച്ചടിയും, പെട്രൊക്ലീസിന്റെയും ഹെക്ടറുടെയും വധവും ട്രോയുടെ വീഴ്ചയും എല്ലാം അക്കില്ലിസിന്റെ ഇടപെടലുകളെ ആശ്രയിച്ചിരിക്കുന്നു. ആ വിധത്തിൽ നോക്കുമ്പോൾ ഇലിയഡിലെ കഥാനായകൻ അക്കില്ലിസ് ആണെന്നു കാണാം.
അക്കില്ലിസിന്റെ രോഷം ആദ്യമായി വെളിപ്പെടുന്നത് അക്കില്ലിസ് വിളിച്ചുകൂട്ടുന്ന ഗ്രീക്ക് രാജാക്കന്മാരുടെ യോഗത്തിലാണ്. യോഗത്തിൽ വെച്ച് അഗമെ‌മ്‌നൺ ട്രോയിലെ അപ്പോളോയുടെ പുരോഹിതനായ ക്രിസസിനെ അപമാനിക്കുകയും അദ്ദേഹത്തിന്റെ തടവിലാക്കപ്പെട്ട മകളെ വിട്ടയക്കാൻ വിസമതിക്കുകയും ചെയ്യുന്നു.[5] ദുഖിതനായ ക്രിസിസ് അപ്പോളോ ദേവനെ പ്രാർഥിക്കുകയും അപ്പോളോ ഗ്രീക്ക് സൈന്യത്തിനു മേൽ ഒമ്പതു ദിവസം ശരമാരി പെയ്യിക്കുകയും ചെയ്തു. ഈ സംഭവം മൂലം യോഗത്തിൽ വച്ച് അക്കില്ലിസ് അഗമെമ്നണിനെ മനുഷ്യരിൽ വച്ച് ഏറ്റവും അത്യാഗ്രഹി എന്നു വിളിച്ചു.[6] ഇതുമൂലം കോപാകുലനായ അഗമെംനോൺ അക്കില്ലിസിന്റെ വിജയസമ്മാനമായി നിശ്ചയിച്ചിരുന്ന ബ്രിസിസിനെ സ്വന്തമാക്കുകയും അക്കില്ലിസിനെ അപമാനിക്കുകയും ചെയ്തു. ഇതിനു ശേഷം ഒരിക്കലും അഗമെ‌മ്‌നണിൻറെ ആജ്ഞകൾ അനുസരിക്കില്ലെന്ന ശപഥം അക്കില്ലിസ് ചെയ്തു. യുദ്ധത്തിൽ നിന്ന് അക്കില്ലിസ് പിന്മാറി. അഥീന ദേവി ഇടപെട്ട് അക്കില്ലിസിന്റെ രോഷം തണുപ്പിച്ചു.
ദുഖിതനായ അക്കില്ലിസ് തന്റെ അമ്മയായ തെറ്റിസിനെ കാര്യങ്ങൾ അറിയിച്ചു. തെറ്റിസ് ദേവദേവനായ സ്യൂസിനെ ശരണം പ്രാപിച്ചു. സ്യൂസ് തെറ്റിസിന്റെ അപേക്ഷയനുസരിച്ച് അക്കില്ലിസിന്റെ പ്രശ്നത്തിന് പരിഹാരമാകും വരെ യുദ്ധതതിന്റെ ഗതി ട്രോജൻ സൈന്യത്തിന് അനുകൂലമാക്കി മാറ്റി. ഈ സമയത്ത് ഹെക്ടർ ഗ്രീക്ക് സൈന്യത്തെ കടൽത്തീരം വരെ ആട്ടിപ്പായിച്ചു കഴിഞ്ഞിരുന്നു.(പുസ്തകം XII)യുദ്ധം തോൽക്കാൻ പോവുകയാണെന്നും ഗ്രീസിലേക്ക് പരാജിതനായി തിരിച്ചു പോകേണ്ടി വരുമെന്നും അഗമെംനോൺ ഉറപ്പിച്ചു.(പുസ്തകം XIV)

വീണ്ടും അക്കില്ലിസിന്റെ രോഷം കഥയുടെ ഗതിമാറ്റുന്നു. അക്കില്ലിസിന്റെ ഏറ്റവും പ്രിയപ്പെട്ട സ്നേഹിതൻ പെട്രോക്ലീസിനെ ഹെക്ടർ വധിച്ചതായിരുന്നു അക്കില്ലിസിനെ വീണ്ടും പോരാട്ടത്തിനിറക്കിയ സംഭവം. സ്നേഹിതന്റെ വിയോഗത്തിൽ വിലപിക്കുന്ന അക്കില്ലിസിനെ സമാധാനിപ്പിക്കാൻ എത്തുന്ന തെറ്റിസിനോട് അക്കില്ലിസ് ഇങ്ങനെ പറയുന്നു:

  ഇവിടെ വച്ച് രാജാവ് അഗമെംനോൺ എന്നെ അപമാനിച്ചു,
  ഞാൻ ആ സംഭവം മറന്നു കഴിഞ്ഞു.
  എന്റെ ഉള്ളിലെ രോഷം എന്റെ എല്ലാ ദുഖങ്ങളേയും അടിച്ചമർത്തിക്കഴിഞ്ഞു,
  ഇപ്പോൾ ഞാൻ പോകുകയാണ്, എന്റെ പ്രിയ സ്നേഹിതന്റെ കൊലയാളിയെ തിരഞ്ഞ്,
  ഹെക്ടറെ വധിച്ചതിനു ശേഷം എന്റെ മരണം സ്യൂസ് ദേവൻ എപ്പോൾ വിധിച്ചാലും,
  ഞാനത് സന്തോഷത്തോടെ സ്വീകരിക്കുന്നതായിരിക്കും.

സ്വന്തം ജീവനായിരിക്കും പെട്രോക്ലീസിനു വേണ്ടി പ്രതികാരം ചെയ്താൽ നൽകേണ്ടിവരുന്ന വില എന്നറിഞ്ഞു കൊണ്ടു തന്നെ അക്കില്ലിസ് യുദ്ധത്തിനു പോകുന്നു. കോപാക്രാന്തനായ അക്കില്ലിസ് ട്രോജൻ സൈന്യത്തിൽ വൻ നാശം വിതക്കുന്നു. ഹെക്ടറെ മൂന്നു വട്ടം ട്രോജൻ നഗരത്തിനു ചുറ്റും പിൻ തുടർന്ന ശേഷം അക്കില്ലിസ് വധിക്കുകയും, ഹെക്ടറുടെ മൃതശരീരത്തിന്റെ കാലുകൾ കൂട്ടിക്കെട്ടി തന്റെ രഥത്തിൽഉറപ്പിച്ച്, പാളയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടു വരികയും ചെയ്തു. ശവം പട്ടികൾക്കിട്ടു കൊടുക്കുമെന്ന് അക്കിലസ് പ്രഖ്യാപിച്ചു.
ഒളിമ്പസ്സ് പർവ്വതത്തിൽ സ്യൂസ് അസ്വസ്ഥനായി. മരിച്ചവരോടുളള ഈ അപമാനം അക്ഷന്തവ്യമായിരുന്നു. ഹീരയും അഥീനയും പൊസൈഡോണുമൊഴികെ മറ്റെല്ലാ ദേവന്മാരും സ്യൂസിന്റെ ഭാഗത്തായിരുന്നു. സ്യൂസിന്റെ നിർദ്ദേശപ്രകാരം പുത്രന്റെ ജഡം വീണ്ടു കിട്ടാനായി, ഒരു വണ്ടി നിറയെ വിലപിടിച്ച കാഴ്ചദ്രവ്യങ്ങളുമായി, പ്രിയാം അക്കിലസ്സിനെ സമീപിച്ചു. വൃദ്ധനായ ഒരു പിതാവിന്റെ ദയനീയ ദശ കണ്ട് അക്കിലസ് പശ്ചാത്താപഗ്രസ്ഥനായി. ചതഞ്ഞരഞ്ഞ് വിരൂപമാക്കപ്പെട്ട ജഡത്തെ കഴിയുന്നത്ര വെടിപ്പാക്കി, കുളിപ്പിച്ച് മൃദു വസ്ത്രങ്ങളാൽ മൂടാനായി അനുചരരോടു കല്പിച്ചു. ദുഃഖാചരണവും ശവസംസ്കാരവും മറ്റു അന്ത്യ കർമ്മങ്ങളും കഴിയുന്നതു വരെ യുദ്ധം നിർത്തിവെക്കുമെന്ന് അക്കിലസ്സ് വാഗ്ദാനം ചെയ്തു. ദുഃഖാചരണം ഒമ്പതു ദിവസം നീണ്ടു നിന്നു. എരിഞ്ഞമർന്ന ചിതയിൽ വീഞ്ഞു വീഴ്ത്തിയശേഷം അസ്ഥികളെല്ലാം സ്വർണ്ണ ക്കലശത്തിൽ ശേഖരിക്കപ്പെട്ടു. ആ കലശം പിന്നീട് ഭൂമിക്കടിയിൽ കുഴിച്ചിടപ്പെട്ടു.

ഇലിയഡ് ഇവിടെ അവസാനിക്കുന്നു.

അവലംബം[തിരുത്തുക]

 1. ഇഡിത് ഹാമിൽ ട്ടൺ (1969). മൈഥോളജി. ലിറ്റിൽ , ബ്രൌൺ & കോ. 
 2. "ഗ്രീക്ക് സംസ്കാരത്തിലെ വീരന്മാർ എന്ന ആശയം". Athome.harvard.edu. ശേഖരിച്ചത് 2010-04-18. 
 3. "Heroes and the Homeric Iliad". Uh.edu. ശേഖരിച്ചത് 2010-04-18. 
 4. http://www.jstor.org/pss/1215546
 5. Homer. The Iliad, Richmond Lattimore, translator. Chicago: University of Chicago Press (1951). 1.13.
 6. Homer. The Iliad, Richmond Lattimore, translator. Chicago: University of Chicago Press (1951). 1.122.
"https://ml.wikipedia.org/w/index.php?title=ഇലിയഡ്&oldid=2462797" എന്ന താളിൽനിന്നു ശേഖരിച്ചത്