Jump to content

ട്രോജൻ വനിതകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ട്രോജൻ വനിതകൾ (പുരാതന ഗ്രീക്ക് ഭാഷയിൽ Τρῳάδες, Τρῳάδες, ആധുനിക ഗ്രീക്കിൽ Trōiades/Troades) യൂറിപ്പിഡിസ് എഴുതിയ ദുരന്തനാടകങ്ങളിൽ ഒന്നാണ്[1], [2],[3] . ട്രോയ് നഗരത്തെ ഗ്രീക്കുപട കത്തിച്ചു ചാമ്പലാക്കിയശേഷം വിധവകളും അശരണരുമായ ട്രോജൻ വനിതകൾക്ക് എന്തു സംഭവിച്ചിരിക്കാമെന്ന് യൂറിപ്പിഡിസ് വിഭാവനം ചെയ്യുന്നു. യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച് , നിസ്സഹായരും നിർദ്ദോഷികളുമായ സ്ത്രീകൾക്കും കുട്ടികൾക്കും നേരിടേണ്ടി വരുന്ന യാതനകളെക്കുറിച്ച് യൂറിപ്പിഡിസ് തന്റെ കഥാപാത്രങ്ങളിലൂടെ വിവരിക്കുന്നു.

ചരിത്ര പശ്ചാത്തലം

[തിരുത്തുക]

ബിസി. 415-ൽ ആണത്രെ ആദ്യമായി ഈ നാടകം അരങ്ങേറിയത്[4]. ഏഥൻസിനും സ്പാർട്ടക്കുമിടയിൽ പതിറ്റാണ്ടുകളായി പെലോപനീഷ്യൻ യുദ്ധം എന്ന് ചരിത്രത്തിലറിയപ്പെടുന്ന സംഘർഷം മൂർധന്യത്തിലെത്തിയ കാലം. ബിസി 416-ൽ ഏഥൻസ് പട മെലോസ് ദ്വിപ് ആക്രമിച്ചു കീഴ്പെടുത്തി, അവിടത്തെ പുരുഷവർഗത്തെ ഒന്നടങ്കം കശാപ്പുചെയ്തു, സ്ത്രീകളേയും കുട്ടികളേയും അടിമകളാക്കി. ഏഥൻസിന്റെ മനുഷ്യത്വമില്ലാത്ത പ്രവർത്തിയോടുള്ള പ്രതിഷേധമെന്ന നിലക്കാവണം യൂറിപ്പിഡിസ് ഈ നാടകമെഴുതി അരങ്ങേറിയതെന്ന് പില്ക്കാലത്ത് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.[5], [6]

കഥാപാത്രങ്ങൾ

[തിരുത്തുക]
 1. പൊസൈഡൺ- സമുദ്രദേവൻ
 2. അഥീന- ബുദ്ധിയുടേയും ശക്തിയുടേയും ദേവത
 3. ഹെകൂബ- ട്രോയ് രാജാവ് പ്രിയാമിന്റെ വിധവ
 4. ടാൽതിബയസ്- ഗ്രീക്ക് ദൂതൻ
 5. കസ്സാൻഡ്ര- ഹെകൂബയുടെ പുത്രി
 6. ആൻഡ്രോമകി-ഹെക്റ്ററുടെ വിധവ
 7. മെനിലോസ്- സ്പാർട്ടയിലെ രാജാവ്
 8. ഹെലൻ- മെനിലോസിന്റെ പത്നി
 9. യുദ്ധത്തടവുകാരായ മറ്റു ട്രോജൻ വനിതകൾ

കഥാസംഗ്രഹം

[തിരുത്തുക]

ട്രോയ് നഗരത്തിന്റെ തകർച്ച പൊസൈഡോണിനെ വ്യാകുലനാക്കുന്നു,നഗരകവാടത്തിനു മുന്നിലായി വീണുകിടക്കുന്ന ഹെകൂബയോട് അദ്ദേഹത്തിനു സഹതാപം തോന്നുന്നു. [7]. അഥീന വീണ്ടും പ്രതികാരാഗ്നിയിൽ തിളക്കുകയാണ്. ഇത്തവണ ഗ്രീക്കുകാരോടാണ് അഥീനക്കു വിദ്വേഷം. തന്റെ ദേവാലയത്തിൽ അഭയം തേടിയെത്തിയ തന്റെ ഭക്ത കസ്സാൻഡ്രയെ ഗ്രീക്കു പട ബലംപ്രയോഗിച്ച് പുറത്തേക്കു വലിച്ചിഴച്ചതും ദേഹോപദ്രവം ചെയ്തും അഥീനക്കു അൽപ്പംപോലും സഹിക്കാനാവുന്നില്ല[8]. ഇരുവരും ചേർന്ന് ഗ്രീക്കുകാരോട് പ്രതികാരം ചെയ്യാൻ ഒരുമ്പെടുന്നു.[9]

രംഗത്ത് യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട ട്രോജൻ സ്ത്രീകൾ സ്വന്തം വിധിയും കാത്തിരിക്കയാണ്[10]. ടാൽതിബയസ് പ്രവേശിച്ച് ആരുടെ ദാസ്യപ്പണിയാണ് അവർക്ക് വിധിച്ചിട്ടുള്ളതെന്ന് അറിയിക്കുന്നു[11]. കസാൻഡ്രയെ ആഗമെംനണിന്റെ സവിധത്തിൽ എത്തിക്കാനും ടാൽബതിബ യസിന് നിർദ്ദേശമുണ്ട്[12]. കസാൻഡ്ര കൈകളിൽ തീപ്പന്തവുമായി,ഭ്രാന്തിയെപ്പോലെ കൂടാരത്തിനകത്ത് ഓടി നടക്കുകയാണ്. ആഗമെമ്നണുമായുള്ള തന്റെ വിവാഹം മുൻകൂട്ടി ആഘോഷിക്കയാണ് കസാൻഡ്ര. ആ വിവാഹം ആഗമെമ്നണിന്റെ മരണത്തിലേ കലാശിക്കൂ എന്നും അങ്ങനെ ഗ്രീക്കുകാരോട് താൻ പകപോക്കുമെന്നും അവൾ പ്രവചിക്കുന്നു. ഇതൊന്നും കേട്ടില്ലെന്നു നടിച്ചു കൊണ്ട് ടാൽതിബയസ് കസാൻഡ്രയെ ആഗമെമ്നണിന്റെ കപ്പലിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോകുന്നു.[13].ഹെകൂബയും മറ്റു സ്ത്രീകളും പൊയ്പോയ തങ്ങളുടെ നല്ല ദിനങ്ങളേയോർത്തു വിലപിക്കുന്നു.[14] കൈക്കുഞ്ഞ് അസ്റ്റൈനാക്സുമായി രംഗപ്രവേശം ചെയ്യുന്ന അൻഡ്രോമകി കൂടുതൽ ദുഃഖവിവരങ്ങൾ ഹെകൂബയുമായി പങ്കിടുന്നു. ഹെകൂബയുടെ പുത്രി പോളിച്ചീന അക്കിലിസിന്റെ കുഴിമാടത്തിൽ ബലിയർപ്പിക്കപ്പെട്ടിരിക്കുന്നു[15]. ഹെക്റ്ററെ ക്രൂരമായി വധിച്ച അക്കിലിസിന്റെ പുത്രൻ, പ്രിയാമിന്റെ ഘാതകൻ നിയോടോളമസിന്റെ ദാസ്യപ്പണിയാണ് ആൻഡ്രോമകിക്കു പറഞ്ഞിട്ടുള്ളത്[16]. ഇതിലും ഭേദം മരണമാണെന്നു കേഴുന്ന ആൻഡ്രോമകിയെ ഹെകൂബ സമാശ്വസിപ്പിക്കുന്നു. അവളുടെ സന്താനം ഒരുവേള ട്രോയുടെ പൊയ്പോയ പ്രതാപം വീണ്ടെുക്കുമെന്ന്[17]. അസ്റ്റൈനാക്സിനെ കൊല്ലാനുള്ള കല്പനയുമായി ടാൽതിബയസ് വീണ്ടും പ്രവേശിക്കുന്നു.അസ്റ്റൈനാക്സിനെ ട്രോയ് നഗരപ്രാകാരത്തിനു മുകളിൽ നിന്ന് താഴേക്കെറിഞ്ഞു കൊല്ലാനാണ് ഗ്രീക്കുസൈന്യധിപൻ തീരുമാനിച്ചിരിക്കുന്നത്[18]. ആൻഡ്രോമകിയുടേയും ഹെകൂബയുടേയും ഹൃദയം തകരുന്നു[19].

തുടർന്ന് രംഗത്തെത്തുന്ന മെനിലോസ്, പാരിസിനോട് പ്രതികാരം ചെയ്യുകമാത്രമായിരുന്നു തന്റെ ഉദ്ദേശ്യമെന്നും ഹെലനെ തിരികെ ഭാര്യയായി സ്വീകരിക്കാൻ തനിക്കൊട്ടും താത്പര്യമില്ലെങ്കിലും സ്പാർട്ടയിൽ വധശിക്ഷ ഹെലനെ കാത്തിരിക്കുന്നുണ്ടെന്നും പറയുന്നു[20]. ഭർത്താവിനെ ഉപേക്ഷിച്ച് ഓടിപ്പോന്നതിന് താൻ സ്വയം ഉത്തരവാദിയല്ലെന്നും എല്ലാം അഫ്രോഡൈറ്റിയുടെ കരുനീക്കങ്ങളാണെന്നും ഹെകൂബ പാരിസിനെ ജീവിക്കാൻ അനുവദിച്ചതുതന്നെ തെറ്റാണെന്നും, അഫ്രോഡൈറ്റിയുടെ മാന്ത്രികശക്തി നിർവീര്യമായശേഷം താൻ മെനിലോസിന്റെ സമീപത്തണയാൻ ശ്രമിച്ചുവെന്നുമൊക്കെ ഹെലൻ വാദിക്കുന്നു[21]. സന്ദർഭോചിതമായി തന്ത്രമുപയോഗിക്കുന്ന ഹെലനെ ഹെകൂബ പരിഹസിക്കുന്നു. മെനിലോസിന് താക്കീതു നല്കുന്നു- സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരുടെ കൊലക്കു കൂട്ടുനിന്നവളാണ് ഹെലൻ , ഭാവിയിലും ഇതാവർത്തിച്ചെന്നു വരും. [22]. മെനിലോസ് ഹെലനേയും കൊണ്ടുള്ള മടക്കയാത്രക്ക് ഒരുക്കം കൂട്ടുന്നു.

ടാൽതിബയസ് അസ്റ്റൈനിക്സിന്റെ ജഡവുമായെത്തുന്നു[23], ആൻഡ്രോമകിയുടെ കപ്പൽ പുറപ്പെട്ടു കഴിഞ്ഞരുന്നു. അതിനാൽ ഹെകൂബക്ക് പേരക്കുഞ്ഞിന്റെ അന്ത്യകർമങ്ങൾ ചെയ്യേണ്ടി വരുന്നു. കുഞ്ഞിന്റെ ശൈശവകേളികൾ എണ്ണിയെണ്ണിപ്പറഞ്ഞ് ഹെകൂബ വിലപിക്കുന്നു[24]. ആർഭാടപൂർവമായ ശവദാഹച്ചടങ്ങുകൾ ജീവിച്ചിരിക്കുന്നവരുടെ ദുരഭിമാനമാണെന്നും മരിച്ചവർക്ക് ഇതൊന്നും ആവശ്യമില്ലെന്നും ഹെകൂബ പ്രസ്താവിക്കുന്നു. ഗ്രീക്കു പട ട്രോയ് നഗരത്തിനു തീവെക്കുന്നു. കത്തിപ്പടരുന്ന തീയിൽ ചാടി ആത്മഹത്യ ചെയ്യാൻ ഹെകൂബ ശ്രമിക്കുന്നുണ്ടെങ്കിലും ആ ശ്രമം വിഫലമാകുന്നു[25].ഒഡീസ്സസിന്റെ ദാസ്യപ്പണിചെയ്യാനാണ് ഹെകൂബയുടെ വിധിയെന്ന് ടാൽതിബയസ് അറിയിക്കുന്നു[26]. ജനിച്ച മണ്ണിനോട് കണ്ണീരോടെ യാത്ര പറഞ്ഞ് മറ്റു ട്രോജൻ സ്ത്രീകളോടൊപ്പം ഹെകൂബയും പുറപ്പെടാൻ തയ്യാറായി നില്ക്കുന്ന ഗ്രീക്കു കപ്പലിലേക്ക് നയിക്കപ്പെടുന്നു[27].

പഠനങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
 1. "ട്രോജൻ വനിതകൾ". Archived from the original on 2012-08-20. Retrieved 2017-03-06.
 2. EuripidesTranslated by Gilbert Murray (2009). The Trojan Women. The Floating Press. ISBN 9781775415985. {{cite book}}: horizontal tab character in |author= at position 23 (help)
 3. Murray, Gilbert (1915). The Trojan Women of Euripides. Oxford University Press.Trojan Women of Euripides
 4. Murray, പുറം. 10.
 5. "Euripides' Trojan Women by Marianne McDonald" (PDF). Archived from the original (PDF) on 2018-01-28. Retrieved 2017-03-06.
 6. Murray, പുറം. 6.
 7. Murray, പുറം. 11-13.
 8. Murray, പുറം. 14-15.
 9. Murray, പുറം. 16.
 10. Murray, പുറം. 18-22.
 11. Murray, പുറം. 23.
 12. Murray, പുറം. 24.
 13. Murray, പുറം. 28-34.
 14. Murray, പുറം. 34-38.
 15. Murray, പുറം. 42.
 16. Murray, പുറം. 44.
 17. Murray, പുറം. 45-6.
 18. Murray, പുറം. 47-48.
 19. Murray, പുറം. 48-50.
 20. Murray, പുറം. 54.
 21. Murray, പുറം. 55-58.
 22. Murray, പുറം. 59-62.
 23. Murray, പുറം. 66-67.
 24. Murray, പുറം. 67-73.
 25. Murray, പുറം. 74.
 26. Murray, പുറം. 75.
 27. Murray, പുറം. 79.
"https://ml.wikipedia.org/w/index.php?title=ട്രോജൻ_വനിതകൾ&oldid=3920048" എന്ന താളിൽനിന്ന് ശേഖരിച്ചത്