Jump to content

അഥീന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഥീന
ജ്ഞാനം,യുദ്ധം കരകൗശലവിദ്യ എന്നിവയുടെ ദേവത
വാസംഒളിമ്പസ് പർവ്വതം
ചിഹ്നംമൂങ്ങ,ഒലീവ് മരം
മാതാപിതാക്കൾസ്യൂസ്,മെറ്റിസ്
സഹോദരങ്ങൾപോറസ്
റോമൻ പേര്മിനേർവ

ഗ്രീക്ക് പുരാണത്തിലെ ധീര പ്രവൃത്തികളുടെ ദേവതയും ധീരന്മാരുടെ സഹചാരിയുമാണ് അഥീന (Attic: Ἀθηνᾶ, Athēnā or Ἀθηναία, Athēnaia; Epic: Ἀθηναίη, Athēnaiē; Ionic: Ἀθήνη, Athēnē;Doric: Ἀθάνα, Athana).പല്ലാസ് അഥീന,അഥീനി എന്നും അറിയപ്പെടുന്ന ഈ ദേവത ദേവരാജാവായ സ്യൂസിന്റെയും മെറ്റിസിന്റെയും ആദ്യ പുത്രിയാണ്. ജ്ഞാനം, ധൈര്യം, പ്രചോദനം, സംസ്കാരം, യുദ്ധം, ശക്തി, തന്ത്രം, നീതി തുടങ്ങിയവയുടെ ദേവതയായാണ് അഥീനയെ കണക്കാക്കുന്നത്. ഏഥൻസ് നഗരത്തിന്റെ സംരക്ഷകയായും അഥീനയെ കണക്കാക്കിയിരുന്നു.അഥീനയുടെ റോമൻ രൂപമാണ് മിനേർവ. കന്യകയായ ദേവിയാണ് അഥീനയെന്നാണ് സങ്കല്പം. ഏഥൻസിലെ പാന്തനോൺ ക്ഷേത്രത്തിലെ ആരാധനാമൂർത്തി അഥീനയാണ്.

ജനനം[തിരുത്തുക]

സ്യൂസിന് മെറ്റിസിലുണ്ടാകുന്ന പുത്രൻ സ്യൂസിനെക്കാളും ശക്തനായിരിക്കുമെന്ന പ്രവചനത്തെ ഭയന്ന് സ്യൂസ് ഗർഭിണിയായ മെറ്റിസിനെ വിഴുങ്ങുന്നു.എന്നാൽ ഇതു കാരണം സ്യൂസിനു തലയ്ക്ക് കടുത്ത വേദന അനുഭവപ്പെടുന്നു.വേദന കൊണ്ട് സഹികെട്ട സ്യൂസിന്റെ ആവശ്യപ്രകാരം ഹെഫസ്റ്റസ് ദേവൻ സ്യൂസിന്റെ നെറ്റി പിളർക്കുകയും അതിൽ നിന്നും ആയുധധാരിണിയായി അഥീന പുറത്തു വന്നുവെന്നുമാണ് ഐതിഹ്യം.[1]സ്യൂസിന്റെ പ്രിയങ്കരിയായി മാറിയ അഥീനയ്ക്കു മാത്രമേ സ്യൂസിന്റെ ദിവ്യപരിച ഉപയോഗിക്കാനുള്ള അനുമതിയും സ്യൂസ് തന്റെ മിന്നൽ ആയുധം ഒളിപ്പിച്ചിരിക്കുന്ന ഇടത്തെകുറിച്ചുള്ള അറിവും ഉണ്ടായിരുന്നുള്ളു.[2]

ഉദ്ഭവം[തിരുത്തുക]

അഥീനയുടെ ഉദ്ഭവത്തെപ്പറ്റി പൊതുവേ അംഗീകൃതമായിട്ടുള്ള സിദ്ധാന്തം നിൽസൺ എന്ന പണ്ഡിതന്റേതാണ്. ആദ്യകാലത്തു മിനോവൻ രാജാക്കൻമാരുടെയും മൈസീനിയൻ രാജാക്കൻമാരുടെയും കോട്ടകളിൽ രക്ഷാധികാരിണിയായി ആരാധിക്കപ്പെട്ടിരുന്ന ദേവതയാണ് ഇവർ. പാമ്പിനോടും ഒലിവുമരത്തോടും ഇവർക്കുള്ള ബന്ധം മിനോവൻമാരുടെയും മൈസീനിയൻമാരുടെയും സർപ്പാരാധനയിൽനിന്നും വൃക്ഷാരാധനയിൽനിന്നും വന്നുകൂടിയതാണെന്നും പറയപ്പെടുന്നു. യവനൻമാർ ഒരു മൈസീനിയൻ കൊട്ടാരം സ്ഥിതി ചെയ്തിരുന്ന പർവതദുർഗം ആക്രമിച്ചു കീഴടക്കിയപ്പോൾ അതിന്റെ പരദേവതയായ അഥീനയേയും അവർ സ്വന്തമാക്കി. മുൻപേ തങ്ങൾക്കുണ്ടായിരുന്ന കന്യകയായ ഒരു യുദ്ധദേവതയോട് ഇവർക്ക് അഭേദം കല്പിക്കുകയും ചെയ്തു. ആയുധദേവതയിൽനിന്നാണ് പല്ലാസ് എന്ന പേര് അഥീനയ്ക്കു സിദ്ധിച്ചത്.

പ്രാധാന്യം[തിരുത്തുക]

അഥീന ആഥൻസിന്റെ രക്ഷാധികാരിണിയാണ്; വിജ്ഞാനത്തിന്റെ മൂർത്തിമദ്ഭാവവും. കൊട്ടാരങ്ങളിലെ കരകൗശല വിദ്യകളുടെ സംരക്ഷണവും മേൽനോട്ടവും വഹിച്ചിരുന്ന ഈ ദേവത, ആഥൻസിൽ വ്യവസായം അഭിവൃദ്ധിപ്പെട്ടതോടുകൂടി എല്ലാ വിദ്യകളുടെയും ബുദ്ധിപരമായ പ്രവർത്തനങ്ങളുടെയും അധിദേവതയായി. വിവാഹത്തെ വെറുക്കുന്ന കന്യകയെങ്കിലും രാജ്യപരിപാലിക എന്ന നിലയിൽ പക്ഷിമൃഗാദികളുടെയും വൃക്ഷലതാദികളുടെയും ഉർവരത നിലനിർത്തുന്ന ചുമതല ഇവരിൽ വന്നുചേർന്നു. ഒരു സമരദേവതയെന്ന നിലയിലും ഇവർ ആരാധിക്കപ്പെട്ടു. അഥീനയുടെപേരിൽ നാലു വർഷത്തിലൊരിക്കൽ ആഗസ്റ്റുമാസത്തിൽ 'പാനഥീനിയ' എന്നൊരുത്സവം നടത്തിവന്നിരുന്നു. പാർത്തിനോൺ എന്ന അഥീനാക്ഷേത്രം ഒരു കാലത്ത് ലോകവിശ്രുതമായിരുന്നു. റോമാക്കാർ തങ്ങളുടെ മിനർവാദേവിയേയും അഥീനയേയും അഭിന്നരായി കണക്കാക്കിവരുന്നു.

അഥീനിയം[തിരുത്തുക]

പ്രാചീന ഗ്രീസിലെ, അഥീനദേവിക്ക് അർപ്പിക്കപ്പെട്ട ക്ഷേത്രമാണ് അഥീനിയം. അഥീനദേവിക്ക് സമർപ്പിക്കപ്പെട്ട എല്ലാ ക്ഷേത്രങ്ങൾക്കും കെട്ടിടങ്ങൾക്കും അഥീനിയം എന്നു പറയാറുണ്ട്. ആഥൻസിലെ അഥീനാക്ഷേത്രത്തിനാണ് ഇവയിൽ പ്രാമാണ്യം. കവികളും കലാകാരൻമാരും അവരുടെ കൃതികളും സംഭാവനകളും അവതരിപ്പിക്കാനുള്ള വേദിയായി ഈ മന്ദിരത്തെ ഉപയോഗിച്ചുവന്നു. പ്രസംഗകല, നിയമം, തത്ത്വശാസ്ത്രം, ഭാഷാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ അധ്യാപനം നൽകത്തക്ക കഴിവുള്ള പണ്ഡിതൻമാർ ഈ സ്ഥാപനത്തെ അതതുകാലത്ത് സേവിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. "Athena". ancienthistory.about.com. Archived from the original on 2011-09-07. Retrieved 2011-09-20.
  2. "Athena". goddessgift.com. Archived from the original on 2019-05-13. Retrieved 2011-09-20.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഥീന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഥീന&oldid=4086199" എന്ന താളിൽനിന്ന് ശേഖരിച്ചത്