Jump to content

അപ്പോളോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപ്പോളോ
എ.ഡി രണ്ടാം നൂറ്റണ്ടിലെ റോമൻ ശില്പം
എ.ഡി രണ്ടാം നൂറ്റണ്ടിലെ റോമൻ ശില്പം
സംഗീതം,കവിത എന്നിവയുടെ ദേവൻ
വാസംഒളിമ്പസ് പർവ്വതം
മാതാപിതാക്കൾസ്യൂസ്,ലേറ്റോ
സഹോദരങ്ങൾആർട്ടിമിസ്
റോമൻ പേര്അപ്പോളോ

ഗ്രീക്കു പുരാണത്തിലെ സുന്ദരനും അവിവാഹിതനുമായ ദേവനാണു അപ്പോളോ.യവന ദേവഗണത്തിൽ സിയൂസ് കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ദേവനും അപ്പോളോ ആണ് . രോഗം, ചികിൽസ, പ്രേമം, അസ്ത്രവിദ്യ മുതലായവയുടേയും അധിപനാണു അപ്പോളോ. ഗ്രീക്കുദേവനായ സ്യൂസിൻറേയും ലേറ്റായുടെയും മകനായ അപ്പോളോ ഗ്രീക്കുപുരാണേതിഹാസത്തിലെ ആദ്യത്തെ സ്വവർ‍ഗ്ഗാനുരാഗിയായ ദേവൻ കൂടിയാണ്.

ഐതിഹ്യം

[തിരുത്തുക]

ദേവാധിദേവനായ സിയൂസിന്റെയും കേയുസിന്റെ (ടൈറ്റൻ) മകളായ ലേറ്റോയുടെയും പുത്രനായി ജനനം. സിയൂസിന്റെയും ലേറ്റോയുടെയും അടുപ്പം ഹീരാദേവിക്ക് ഇഷ്ടമായില്ല. അവൾ ലേറ്റായെ കൊല്ലാൻ പൈത്തൻ എന്നൊരു പാമ്പിനെ വിട്ടു. പേടിച്ചരണ്ടുപോയ ലേറ്റോ തെക്കൻ കാറ്റിലൂടെ പറന്ന് ദോലസ് ദ്വീപിൽ വച്ച് അപ്പോളോയ്ക്ക് ജന്മം നൽകി. പൊങ്ങുതടിപോലെ ഒഴുകി നടന്നിരുന്ന ദോലസ് ദ്വീപ് അപ്പോളൊ പിറന്നതോടെ കടലിൽ ഉറച്ചു. പില്ക്കാലം അത് അപ്പോളോയ്ക്കുള്ള ഒരു ആരാധനാകേന്ദ്രവും അപ്പോളോയുടെ വെളിച്ചപ്പാടുമാരിൽ ഒരാളിന്റെ ആസ്ഥാനവുമായി. അപ്പോളോ ജനിച്ചപ്പോൾ തന്നെ അവന് തേമിസ് ദേവി ദേവന്മാരുടെ അമൃത് കൊടുത്തു. അസാധാരണവേഗത്തിൽ വളർന്ന അവൻ ഏഴുമാസം പ്രായമായപ്പോൾ തന്നെ ആരോടും ഏറ്റുമുട്ടാൻ പ്രാപ്തനായി.

യുവത്വം

[തിരുത്തുക]

അപ്പോളോദേവൻ സ്വർണവില്ലും ശരങ്ങളുമായി നേരേപോയത് അമ്മയെ കൊല്ലാൻ തുനിഞ്ഞ പൈത്തന്റെ അടുത്തേക്കാണ്. നൂറ് അമ്പുകൾ ഒരുമിച്ച് വിടാൻ ശേഷിയുള്ള അപ്പോളൊ പൈത്തന്റെ ശരീരമാകെ ശരങ്ങൾ കൊണ്ട് നിറച്ചു. വേദനകൊണ്ട് പുളഞ്ഞ പൈത്തൻ ഡല്ഫയിൽ അഭയം പ്രാപിച്ചു.

പുരുഷസൌന്ദര്യം

[തിരുത്തുക]

ബഹുവിധാധികാരങ്ങളുള്ള ഉഗ്രമൂർത്തിയായ അപ്പോളോ പുരുഷസൌന്ദര്യത്തിന്റെ പ്രതീകമാണ്.

സിയൂസ് ഒഴികെ മറ്റൊരു ദേവനും ഇത്രത്തോളം ഭയഭക്ത്യാദരങ്ങൾ ആർജിച്ചിട്ടില്ല. അപ്പോളോ, ദേവൻമാരുടെ ഇടയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അവർക്കുണ്ടായ ഭയസംഭ്രമങ്ങളെപ്പറ്റി ഹോമർ വർണിച്ചിട്ടുണ്ട്.

ആരാധനയുടെ ഉത്ഭവവും വികാസവും

[തിരുത്തുക]

യവനദേവഗണത്തിൽ സ്ഥാനംപിടിച്ച ഈ ദേവന്റെ പ്രഭവസ്ഥാനം ഗ്രീസല്ല എന്നാണ് പണ്ഡിതമതം. [[ഇലിയഡ്‌|ഇലിയഡില്]‍, അപ്പോളോ ഗ്രീക്കുകാർക്കെതിരായി യുദ്ധം ചെയ്യുന്നതായും അക്കീയൻമാരുടെമേൽ പ്ളേഗിന്റെ അസ്ത്രങ്ങൾ വർഷിക്കുന്നതായും വർണിച്ചിരിക്കുന്നു. ബി.സി. അഞ്ചാം ശതകം മുതൽ ഹീലിയോസിന്റെ (സൂര്യദേവന്റെ) സ്ഥാനത്ത് 'ഫീബസ്' എന്ന പേരിൽ അപ്പോളോ ആരാധിക്കപ്പെട്ടു തുടങ്ങി. ഫീബസ് എന്ന പദത്തിന് ജ്യോതിർമയൻ എന്നാണർഥം. ഭൌതികപ്രകാശത്തിന്റെ ദേവൻ കാലാന്തരത്തിൽ ആധ്യാത്മിക പ്രകാശത്തിന്റെയും സമൂഹശക്തിയുടേയും രാഷ്ട്രശക്തിയുടേയും ചൈതന്യകേന്ദ്രമായി പൂജിക്കപ്പെട്ടു. യവനസാംസ്കാരിക ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ഈ ദേവൻ ആധിപത്യം വഹിച്ചതായി കാണാം. [[[സംഗീതം]], കവിത, പ്രവചനം എന്നിവയുടെ അധിനായകനായ അപ്പോളോ ഭിഷക്കുകളുടേയും ഗോപാലകരുടേയും രക്ഷാധികാരിയും നഗരങ്ങളുടെ സ്ഥാപകനുമാണ്. മനുഷ്യരും ദേവൻമാരും പങ്കുകൊണ്ടിരുന്ന ഉത്സവങ്ങളിൽ കലാദേവതകളാൽ പരിസേവിതനായി അപ്പോളോ ആടുകയും പാടുകയും ചെയ്തിരുന്നു. അപ്പോളോയുടെ ദൈവജ്ഞശക്തി, ട്രോയിയിലെ കാൽചാസ്, കസാൻബ്രാ എന്നിവർക്കു ദാനം ചെയ്യുന്നതിനെപ്പറ്റി ഇലിയഡിൽ പരാമർശമുണ്ട്. യവനധന്വന്തരിയായ അസ്ക്ളിപ്പിയോസിന്റെ പിതാവെന്ന നിലയിൽ ഈ ദേവൻ വൈദ്യശാസ്ത്രത്തിന്റെ അധിഷ്ഠാനദേവനായി.പൈത്തൻ എന്ന സർപ്പത്തെ വധിച്ചശേഷം ഡെൽഫിയിൽ 'പൈതിയൺ അപ്പോളോ' ആയി ആരാധിക്കപ്പെട്ടു. ക്രമനിയമങ്ങളിൻമേലുള്ള അപ്പോളോയുടെ ആധിപത്യമാണ് സർവപ്രധാനം. ന്യായാധിപൻ, യാഗാദികർമങ്ങളുടെ അധികാരി, നഗര സ്ഥാപകൻ എന്നിങ്ങനെ അനേകം ഭാവങ്ങൾ ഈ ദേവനിൽ ആരോപിച്ചുകാണുന്നു. യവനചിന്താമണ്ഡലത്തിൽ ഇത്രത്തോളം പ്രേരണചെലുത്തിയിട്ടുള്ള ദേവൻമാർ വേറെ ഇല്ല. യവനജീവിതത്തിന്റെ മാനുഷികവും കലാപരവുമായ വശങ്ങളെ ഉത്തേജിപ്പിച്ച ഈ ദേവനെ സംബന്ധിച്ചുള്ള രൂപസങ്കല്പം വില്ല്, അമ്പ്, ആവനാഴി, ചെണ്ടക്കോൽ, ആട്ടിടയന്റെ വളഞ്ഞ വടി തുടങ്ങിയവ ധരിച്ച അനാഗതശ്മശ്രുവും അതിസുഭഗനുമായ യുവാവ് ആയിട്ടാണ്. റോമാക്കാർ ഈ ദേവനുമായി പരിചയപ്പെട്ടത്, ഭാഗികമായി എട്രൂസ്കൻമാരിലൂടേയും ഭാഗികമായി ദക്ഷിണ ഇറ്റലിയിലെ യവനസംസ്ഥാനങ്ങളിലൂടെയും ആണ്. റിപ്പബ്ളിക്കൻ ഭരണകാലത്ത് അപ്പോളോ മുഖ്യമായി വൈദ്യത്തിന്റേയും പ്രവചനത്തിന്റേയും ദേവനായിരുന്നു. ആക്റ്റിയത്തിലും പലസ്തീനിലും മനോഹരങ്ങളായ അപ്പോളോ ക്ഷേത്രങ്ങൾ പണികഴിപ്പിച്ച അഗസ്റ്റസിന്റെ കാലത്ത് ഈ ദേവന്റെ പ്രാധാന്യം വളരെ വർധിച്ചു. അനേകം വീരസാഹസിക കഥകളും പ്രേമകഥകളും ഈ ദേവനെ ചുറ്റിപ്പറ്റി പറയപ്പെടുന്നു. പ്ളേറ്റോയുടെ റിപ്പബ്ളിക് എന്ന ഗ്രന്ഥത്തിൽ ക്ഷേത്രം, യാഗം, മറ്റു ആരാധനകൾ, മരണാനന്തര കർമങ്ങൾ മുതലായവ സംബന്ധിച്ച ഉപദേശങ്ങൾ അപ്പോളോ നല്കിയതായി പറയുന്നുണ്ട്.


സ്നേഹബന്ധങ്ങൾ

[തിരുത്തുക]

പുരുഷന്മാരുമായുള്ള സ്നേഹം

[തിരുത്തുക]

സ്പാര്‌ട്ടയിലെ ഹയാസിന്തസ് രാജകുമാരനെ അപ്പോളോ ദേവന് വലിയ ഇഷ്ടമായിരുന്നു.

സ്ത്രീകളുമായുള്ള സ്നേഹം

[തിരുത്തുക]

പ്രവാചകിയായ ഡാഫ്നിയെ സ്വന്തമാക്കാൻ ശ്രമിച്ചു.

അപ്പോളോപ്രതിമകൾ

[തിരുത്തുക]

വത്തിക്കാനിൽ സ്ഥാപിച്ചിരിക്കുന്ന 'അപ്പോളോ ബെൽവെഡേർ,' ബ്രിട്ടിഷ് മ്യൂസിയത്തിൽ സ്ഥാപിച്ചിരിക്കുന്ന 'സ്ട്രാങഫോർഡ് അപ്പോളോ' എന്നിവ പ്രസിദ്ധമായ അപ്പോളോ പ്രതിമകളാണ്.




"https://ml.wikipedia.org/w/index.php?title=അപ്പോളോ&oldid=2157357" എന്ന താളിൽനിന്ന് ശേഖരിച്ചത്