Jump to content

എസ്കിലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്കിലസ്
റോമിലെ കാപ്പിറ്റോലിൻ മ്യൂസിയത്തിലുള്ള
എസ്കിലസിന്റെ അർത്ഥകായ പ്രതിമ
ജനനംഏകദേശം ക്രി.മു. 525 /524
എലൂസിസ്
മരണംക്രി.മു. 456-നടുത്ത്
സിസിലി
തൊഴിൽനാടകകൃത്ത്, സൈനികൻ

പുരാതനഗ്രീസിലെ പ്രശസ്തരായ മൂന്നു ദുരന്തനാടകൃത്തുക്കളിൽ ആദ്യത്തെയാളാണ് എസ്കിലസ് (ജനനം: ക്രി.മു. 524/525; മരണം ക്രി.മു. 455/456). സോഫക്കിൾസും യൂറിപ്പിഡിസുമാണ് മറ്റു രണ്ടുപേർ. ദുരന്തനാടകത്തിന്റെ പിതാവായി എസ്കിലസ് കണക്കാക്കപ്പെടുന്നു.[1] 'ലജ്ജ' എന്നർത്ഥമുള്ള ഐസ്കൊസ് (αισχος),എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ പേരുണ്ടായത്.[2] നാടകങ്ങളിൽ സംഘർഷസാദ്ധ്യത വർദ്ധിപ്പിക്കാനായി കഥാപാത്രങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചത് എസ്കിലസാണെന്ന് അരിസ്റ്റോട്ടിൽ പറയുന്നു; നേരത്തേ കഥാപാത്രങ്ങൾ സംവദിച്ചിരുന്നത് കോറസുമായി മാത്രമായിരുന്നു. 70 മുതൽ 90 വരെ നാടകങ്ങൾ എസ്കിലസ് എഴുതിയതായി പറയപ്പെടുന്നെങ്കിലും അവയിൽ ഏഴെണ്ണം മാത്രമാണ് ഇന്നു ലഭ്യമായുള്ളത്.


എസ്കിലസിന്റെ ഒരു നാടകമെങ്കിലും അദ്ദേഹത്തിന്റെ ജീവിതകാലത്ത് യവനസഖ്യവും പേർഷ്യാക്കാരുമായി നടന്ന യുദ്ധത്തിന്റെ സ്വാധീനത്തിൽ എഴുതിയതാണ്. "പേർഷ്യാക്കാർ" എന്ന അദ്ദേഹത്തിന്റെ നാടകം, ഗ്രീക്കു ചരിത്രത്തിലെ ആ കാലഘട്ടത്തെക്കുറിച്ചുള്ള അറിവിന്റെ നല്ല മൂല സ്രോതസ്സുകളിൽ ഒന്നാണ്. ക്രി.മു. 456-ൽ എസ്കിലസ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ചരമഫലകം അനുസ്മരിച്ചത് നാടകകൃത്തെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിജയത്തിനു പകരം പേർഷ്യാക്കാർക്കെതിരെ മാരത്തണിൽ ഗ്രീക്കു സഖ്യം നേടിയ വിജയത്തിലെ പങ്കാളിത്തമാണെന്നതിൽ നിന്ന്, ഈ യുദ്ധം ഗ്രീസിനെന്നപോലെ എസ്കിലസിനും എത്ര പ്രധാനപ്പെട്ടതായിരുന്നു എന്നു മനസ്സിലാക്കാം.

ജീവിതം

[തിരുത്തുക]

എസ്കിലസിന്റെ ജീവിതകഥയ്ക്കു വിശ്വസനീയമായ സ്രോതസ്സുകളൊന്നുമില്ല. ആഥൻസിൽ നിന്ന് 27 കിലോമീറ്റർ വടക്കുപടിഞ്ഞാറ്, പശ്ചിമ അറ്റിക്കായിലെ ഉർവരമായ താഴ്വരയിലുള്ള എലൂസിസ് എന്ന ചെറുപട്ടണത്തിൽ ക്രി.മു. 525-ൽ അദ്ദേഹം ജനിച്ചതായി കരുതപ്പെടുന്നു.[3] ഡയോനീഷ്യൻ നാടകമത്സരങ്ങളിലെ ആദ്യവിജയത്തിൽ എസ്കിലസിനു 40-നടുത്തവയസ്സുണ്ടായിരുന്നു എന്ന അനുമാനത്തിൽ പിന്നോട്ടു കണക്കുകൂട്ടി കണ്ടെത്തിയതാകാം ഈ ജനനവർഷം. അദ്ദേഹത്തിന്റെ കുടുംബം ധനികവും പ്രതിഷ്ഠിതവും ആയിരുന്നു. പിതാവ് യൂഫോറിയൻ, അറ്റിക്കായിലെ പുരാതനകുടുംബങ്ങളിൽ ഒന്നായ യൂപാട്രിഡേയിൽ നിന്നുള്ളവനായിരുന്നു.[4] ചെറുപ്പത്തിൽ എസ്കിലസ് ഒരു മുന്തിരിത്തോട്ടത്തിൽ ജോലി ചെയ്തിരുന്നെന്നും, ഉറക്കത്തിൽ അദ്ദേഹത്തെ സന്ദർശിച്ച വീഞ്ഞിന്റെ ദേവനായ ഡയോനിഷ്യസ് നിർദ്ദേശിച്ചതനുസരിച്ച്, അന്ന് ആരംഭാവസ്ഥയിലായിരുന്ന ദുരന്തനാടരംഗത്തേക്കു തിരിഞ്ഞുവെന്നും ക്രി.വ. രണ്ടാം നൂറ്റാണ്ടിലെ ഭൂമിശാസ്ത്രജ്ഞൻ പൗസാനിയാസ് എഴുതിയിട്ടുണ്ട്.[4] ഉറക്കത്തിൽ നിന്നുണർന്ന ഉടനെ എസ്കിലസ് ദുരന്തനാടകം എഴുതാൻ തുടങ്ങിയത്രെ. ആദ്യനാടകത്തിന്റെ അവതരണം 26 വയസ്സുള്ളപ്പോൾ, ക്രി.മു. 499-ലായിരുന്നു.[3][4]


എസ്കിലസിന്റെ പല നാടകങ്ങൾക്കും പ്രദർശനവേദിയായ ആഥൻസിലെ ഡയോണിഷ്യയിലെ നാടകശാലയുടെ ഇന്നത്തെ ദൃശ്യം

ക്രി.മു. അഞ്ചാം നൂറ്റാണ്ടിലെ മറ്റു പല ഗ്രീക്ക് എഴുത്തുകാരേയും പോലെ എസ്കിലിസും, എഴുത്തിനു പുറമേയുള്ള ജീവിതത്തിലും മികവു കാട്ടി. ക്രി.മു. 490-ൽ അദ്ദേഹവും രണ്ടു സഹോദരന്മാരും മാരത്തണിലെ യുദ്ധത്തിൽ ധീരമായി പോരാടി. അവരുടെ നേട്ടങ്ങളുടെ സ്മരണക്കായി ആഥൻസ് ഒരു ചിത്രസമുച്ചയം ഏർപ്പാടു ചെയ്യുകപോലും ഉണ്ടായി. ഡയോനിഷ്യൻ നാടകമത്സരത്തിലെ ആദ്യപുരസ്കാരം എസ്കിലിസ് നേടിയത് ക്രി.വ. 484-ൽ ആയിരുന്നു.[4][1] ക്രി.മു. 480-ൽ ആർട്ടെമീസിയത്തിലേയും സലാമിസിലേയും യുദ്ധങ്ങളിലും 479-ൽ പ്ലാറ്റെയായിലെ യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തു. ക്രി.മു. 476-ലും 470-ലും ഇറ്റലിയിലെ സൈറാകൂസ് സന്ദർശിച്ച അദ്ദേഹം അവിടത്തെ ഹിയറോൻ ഒന്നാമൻ രാജാവിന്റെ സദസ്സിൽ ബഹുമാനിതനായി. ഒരു തലമുറക്കാലം ആഥൻസിലെ സാഹിത്യരംഗം അടക്കി വാണ എസ്കിലിസിനെ, ക്രി.മു. 468-ൽ ഡയോനിഷ്യയിലെ നാടകമത്സരത്തിൽ യുവനാടകകൃത്തായ സോഫോക്ലിസ് ആദ്യമായി പരാജയപ്പെടുത്തി. 458-ൽ "തീബ്സിനെതിരായ ഏഴുപേർ" എന്ന നാടകത്തിലൂടെ എസ്കിലിസ് വീണ്ടും ഒന്നാമനായി. 458-ൽ "ഒറീസ്റ്റീയ" എന്ന പ്രഖ്യാത നാടകത്രയത്തിലൂടെ അദ്ദേഹം തന്റെ ഏറ്റവും പ്രസിദ്ധവും അന്തിമവുമായ വിജയം നേടി.

കൃതികൾ

[തിരുത്തുക]

യവനലോകത്ത് തിയേറ്റർ ആദ്യമൊക്കെ പല്ലവിക്കാരുടെ(Chorus) വേദിയായിരുന്നു. പല്ലവിക്കാരിൽ ഒരുവനെ മറ്റുള്ളവരുമായി സംവദിക്കുന്ന അഭിനേതാവായി വേർതിരിച്ചെടുത്തത് പാശ്ചാത്യലോകത്തെ നടന സങ്കല്പത്തിന്റെ പ്രാരംഭകനായി പറയപ്പെടുന്ന തെസ്പിസ് ആണ്. തുടർന്ന്, അഭിനേതാക്കളുടെ എണ്ണം ഒന്നിൽ നിന്ന് രണ്ടായി വർദ്ധിപ്പിച്ച് നാടകങ്ങളിലെ സംഘർഷസാധ്യത വർദ്ധിപ്പിച്ചത് എസ്കിലസാണ്. പല്ലവിക്കാരുടേതല്ലാതെ അഭിനേതാക്കളുടെ കലയെന്ന നിലയിലേക്കുള്ള നാടകത്തിന്റെ പരിണാമത്തിലെ ഒരു നാഴികക്കല്ലായിരുന്നു എസ്കിലസ് കൊണ്ടുവന്ന ഈ പരിഷ്കാരം.

എഴുപതിലേറെ നാടകങ്ങൾ എസ്കിലസ് എഴുതിയതായി പറയപ്പെടുന്നുണ്ടെങ്കിലും അവയിൽ ഏഴെണ്ണം മാത്രമാണ് ഇന്നു ലഭ്യമായുള്ളത്. ഇവയിൽ "കെഞ്ചുന്ന പെണ്ണ്"(The Suppliant Woman), "പേർഷ്യൻ പെണ്ണ്"(The Persian Woman), "തീബ്സിനെതിരെ ഏഴു പേർ"(The Seven Against Thebes) എന്നിവ താരതമ്യേന പ്രാധാന്യം കുറഞ്ഞവയാണ്. പല്ലവിക്കാർ മുന്നിട്ടു നിൽക്കുന്ന പഴഞ്ചൻ ശൈലിയിലെ നാടകമാണ് "കെഞ്ചുന്ന പെണ്ണ്". പേർഷ്യാക്കാരുമായുള്ള സലാമിസിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് "പേർഷ്യൻ പെണ്ണ്". ഗ്രീക്കു നാടകകൃത്തുക്കളുടെ ഇഷ്ടവിഷയമായ ഈഡിപ്പസിന്റെ പുരാവൃത്തത്തെ ആധാരമാക്കിയുള്ള ഒരു നാടകത്രയത്തിലെ അവസാനത്തെ നാടകമാണ് "തീബ്സിനെതിരെ ഏഴുപേർ".

എസ്കിലസിന്റെ കൃതികളിൽ ഏറ്റവും പ്രസിദ്ധമായവ "ബന്ധനസ്ഥനായ പ്രൊമീത്തിയസ്" എന്ന നാടകവും "ഒറീസ്റ്റീയ" എന്ന നാടകത്രയത്തിലെ നാടകങ്ങളുമാണ്.

പ്രൊമീത്തിയസ്

[തിരുത്തുക]

അഗ്നിയുടെ രഹസ്യം മനുഷ്യർക്ക് വെളിപ്പെടുത്തിയ പ്രൊമീത്തിയസിനെ, ദൈവമുഖ്യനായ സൂയെസിന്റെ കല്പനയനുസരിച്ച് ലോഹനിർമ്മാണവിദ്യയുടെ ദേവനായ ഹെഫേസ്റ്റസ് കോക്കസസ് പർവതത്തിലെ ഒരു പാറയുടെ ശിഖരത്തിൽ കെട്ടിത്തൂക്കുന്നതു ചിത്രീകരിച്ചാണ് "ബന്ധനസ്ഥനായ പ്രൊമീത്തിയസ്" തുടങ്ങുന്നത്. പാറയിൽ നിസ്സഹായനായി തൂങ്ങിക്കിടക്കുമ്പോഴും പ്രൊമീത്തിയസ് ദൈവങ്ങൾക്കു നേരേ നിഷേധം ചൊരിയുകയും പ്രാകൃതരായിരുന്ന മനുഷ്യർക്കു പരിഷ്‌കൃതിയിലേക്കു വഴി തുറന്ന തന്റെ പ്രവൃത്തിയിൽ അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു. ഭൂമി മുഴുവൻ അതിന്റെ ഉപകർത്താവായ പ്രൊമീത്തിയസിന്റെ കഷ്ടതയിൽ വിലപിച്ചു. കോപിഷ്ടനായ സൂയെസ് ദേവൻ പ്രൊമീത്തീയസിനെ താഴെയുള്ള അസുരലോകത്തേയ്ക്ക് എടുത്തെറിയാനൊരുങ്ങിയപ്പോൾ സമുദ്രദേവന്റെ മക്കളായ ഓഷിയാനിഡുകൾ അയാളെ തുണക്കാനെത്തി. അമർത്ത്യതയുള്ള ദേവനായിരുന്നതിനാൽ ആസുരലോകത്തിലേക്കുള്ള പതനത്തിലും പ്രൊമീത്തിയസ് മരിച്ചില്ല. സൂയെസ് പ്രൊമീത്തിയസിനെ അവിടന്ന് ഉയർത്തി വീണ്ടും പാറയിൽ ബന്ധിക്കുകയും അവന്റെ ഹൃദയം തിന്നാൻ ഒരു കഴുകനെ നിയോഗിക്കുകയും ചെയ്തു. പകൽ തിന്നു തീർക്കുന്ന ഹൃദയം രാത്രി വളന്നു വരുകയും അടുത്ത ദിവസം കഴുകൻ തീറ്റ തുടരുകയും ആണ് ചെയ്തിരുന്നത്. മനുഷ്യരുടെ പതിമൂന്നു തലമുറകൾ പ്രൊമീത്തീയസ് ഈ പീഡനം സഹിച്ചു. ഒടുവിൽ ദയാലുവായ ഹെരാക്കിൽസ് എന്ന രാക്ഷസൻ കഴുകനെ കൊല്ലുകയും പ്രൊമീത്തീയസിനെ മോചിപ്പിക്കാൻ സൂയെസിനെ പ്രേരിപ്പിക്കുകയും ചെയ്തു.


മോചിതനാകുന്ന പ്രൊമീത്തീയസ് തന്റെ കലാപത്തിൽ പശ്ചാത്തപിക്കുകയും ദൈവങ്ങളുമായി സന്ധിയാവുകയും ചെയ്യുന്നു. അങ്ങനെ, ദൈവദൂഷണങ്ങൾ നിറഞ്ഞ് നിഷേധസ്വഭാവമുള്ള ഈ നാടകം യാഥാസ്ഥിതികതയിൽ സമാപിക്കുന്നു. എങ്കിലും വിധിയോടുള്ള മനുഷ്യമനസ്സിന്റെ സമരവും പ്രതിക്ഷേധവും ഗ്രീക്കു നാടകങ്ങളിലെ സ്ഥിരം പ്രമേയമായത് ഈ നാടകത്തെ പിന്തുടർന്നാണ്.[5]

ഓറീസ്റ്റീയ

[തിരുത്തുക]
എക്സിലസിന്റെ ഒറീസ്റ്റീയയിലെ മുഖ്യകഥാപാത്രമായ ഒറീസ്റ്റസ്

ഗ്രീക്കു നാടകകലയുടെ ഏറ്റവും വലിയ നേട്ടം എന്നു വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് നാടകത്രയമായ ഒറീസ്റ്റീയ. ബന്ധനസ്ഥനായ പ്രൊമീത്തീയസിനു രണ്ടു വർഷം പിൻപും എസ്കിലസിന്റെ മരണത്തിനു രണ്ടു വർഷം മുൻപുമാണ് ഇതിന്റെ രചന നടന്നതെന്നു കരുതപ്പെടുന്നു. പാപം പാപരമ്പരകൾക്കു ജന്മം കൊടുത്ത് തലമുറകളിലൂടെ ശിക്ഷിക്കപ്പെടുന്നതിന്റെ കഥയാണിത്. ദൈവങ്ങളുടെ അമൃതും തേനും മോഷ്ടിച്ച് സ്വന്തം പുത്രനു കൊടുക്കുന്ന ഫിർജിയാക്കാരുടെ രാജാവ് ടാന്റലസിന്റെ കുടുംബത്തെ തലമുറകളോളം ഛിദ്രവും അക്രമവും വേട്ടയാടുന്നു. "അഗമെമ്നൻ", "നൈവേദ്യവാഹകർ"(The libation bearers), "ഗുണകാംക്ഷികൾ"(The Eumenides) എന്നിവയാണ് ഈ നാടകത്രയത്തിലെ നാടകങ്ങൾ.

അഗമെമ്നൻ

[തിരുത്തുക]

ടാന്റലസിന്റെ പേരക്കിടാവ് ഏട്രിയസിന്റെ മകനായിരുന്നു അഗമെമ്നൻ. ട്രോജൻ യുദ്ധത്തിൽ പങ്കെടുക്കാൻ പോവുകയയിരുന്ന അയാളുടെ കപ്പലുകൾക്ക് ആർട്ടെമിസ് ദേവി കാറ്റു നിഷേധിച്ചു. ദേവിയുടെ ഉപവനത്തിൽ ഒരു മാനിനെ വേട്ടയാടിയിരുന്ന അയാളിൽ ദേവി കോപിച്ചിരുന്നു. ദേവിയുടെ പ്രീതിക്കായി അയാൾ മകൾ ഇഫിജീനിയയെ ബലിയർപ്പിച്ചു. മകളുടെ കൊലയിൽ കോപിച്ചിരുന്ന അയാളുടെ ഭാര്യ ക്ലൈറ്റംനെസ്ട്ര അയാളുടെ ബന്ധു ഏജിസ്തസുമായി പ്രണയത്തിലുമായി. ട്രോയിയിലെ വിജയത്തിനു ശേഷം അവിടത്തെ രാജകുമാരി കസാന്ദ്രയേയും കൂട്ടി മടങ്ങി വന്ന അഗമെമ്നനെ, വിരഹദുഖവും പ്രണയപാരവശ്യവും അഭിനയിച്ചു സ്വീകരിച്ച ക്ലൈറ്റംനെസ്ട്ര ഏജിസ്തസിന്റെ സഹായത്തോടെ കൊല്ലുന്നു. കസാന്ദ്രയും അയാൾക്കൊപ്പം കൊല്ലപ്പെട്ടു.

നൈവേദ്യവാഹകർ

[തിരുത്തുക]

ഒറീസ്റ്റീയ നാടകത്രയത്തിലെ രണ്ടാമത്തേതായ ഈ നാടകത്തിന്റെ പേര്, അഗമെമ്നന്റെ ശവകുടീരത്തിൽ നൈവേദ്യവുമായെത്തുന്ന സ്ത്രീകളുടെ പല്ലവിസംഘവുമായി ബന്ധപ്പെട്ടിരിക്കുന്നു. പിതാവിന്റെ മരണം അവൻ മറക്കാനായി ക്ലൈറ്റേംനേസ്ട്ര മകൻ ഒറീസ്റ്റസിനെ ഫോസിസ് എന്ന നാട്ടിലേക്കയക്കുന്നു. എന്നാൽ അവിടെയുള്ള മുതിർന്നവർ അവനെ, രക്തം രക്തത്തിനായി ദാഹിക്കും എന്ന പുരാതനമായ പ്രതികാര നിയമം അനുസ്മരിപ്പിക്കുന്നു. ഇതുകേട്ട ഓറിസ്റ്റസ് പൈലേഡ്സ് എന്ന സുഹൃത്തിനൊപ്പം രഹസ്യമായി നാട്ടിൽ വരുന്നു. പിതാവിന്റെ ശവകുടീരം സന്ദർശിച്ച അയാൾ നൈവേദ്യവാഹകരുടെ സംഘത്തിന്റെ ഘോഷം കേട്ട് മറഞ്ഞുനിൽക്കുന്നു. നൈവേദ്യവാഹകർക്കൊപ്പം ഉണ്ടായിരുന്ന അവന്റെ സഹോദരി ഇലക്ട്രാ, പിതാവിന്റെ കൊലയ്ക്കു പ്രതികാരം ചെയ്യാൻ ഒറീസ്റ്റസിനെ ഉണർത്താൻ അഗമെമ്നന്റെ ആത്മാവിനോട് പ്രാർത്ഥിക്കുന്നത് കേട്ട അവൻ സഹോദരിക്കു മുൻപിൽ വെളിവാകുന്നു. അവളുടെ പ്രേരണയിൽ ഒറീസ്റ്റസും കൂട്ടുകാരനും കച്ചവടക്കാരുടെ പ്രച്ഛന്നവേഷത്തിൽ കൊട്ടാരത്തിലെത്തി പിതാവിന്റെ ഘാതകിയായ അമ്മയെ വധിക്കുന്നു. മാതൃഹത്യയുടെ കുറ്റബോധത്തിൽ അർത്ഥോന്മത്തനായ ഒറീസ്റ്റസിനെ അവതരിപ്പിച്ചാണ് "നൈവേദ്യവാഹകർ" സമാപിക്കുന്നത്.

ഗുണകാംക്ഷികൾ

[തിരുത്തുക]

മൂന്നാമത്തെ നാടകത്തിൽ കുറ്റബോധത്തിന്റെ മൂർത്തരൂപമായ പ്രതികാരദേവതകൾ (furies) ഒറീസ്റ്റസിനെ വേട്ടയാടുന്നു. നാടകത്തിന്റെ "ഗുണകാംക്ഷികൾ" എന്ന പേരു തന്നെ നായകനെ അലട്ടുന്ന പ്രതികാരദേവതകളെ വിപരീതാർത്ഥത്തിൽ സൂചിപ്പിക്കുന്നു. എല്ലാവരാലും പരിത്യജിക്കപ്പെട്ട് അലയുന്ന ഒറീസ്റ്റസിനെ പ്രതികാരദേവതകൾ വിടാതെ പിന്തുടരുന്നു. ഡെൽഫിയിൽ അപ്പോളോയുടെ ബലിപീഡത്തിൽ സാന്ത്വനം തേടാനെത്തിയ അയാളെ അപ്പോളോ ആശ്വസിപ്പിക്കുന്നു. എന്നാൽ ക്ലൈറ്റേംനേസ്ട്രയുടെ പ്രേതം ഭൂമിയിൽ നിന്നുയർന്ന് പ്രതികാരദേവതകളെ അയാൾക്കെതിരെ വീണ്ടും ഉണർത്തുന്നു. ആഥൻസിലെത്തിയ ഒറീസ്റ്റസ് അഥീനാ ദേവിയുടെ ക്ഷേത്രത്തിൽ മോചനത്തിനായി യാചിക്കുന്നു. അഥീനാ അയാളെ "സഹനം കൊണ്ടു തികവു നേടിയവൻ" എന്നു വിശേഷിപ്പിക്കുന്നു. അയാളെ കുറ്റപ്പെടുത്തിയ പ്രതികാരദേവതകളോട് ദേവി അയാളെ നഗരസഭയായ അരെയോപാഗസിനു മുൻപിൽ വിചാരണ ചെയ്യാൻ ആവശ്യപ്പെടുന്നു. നാടകത്തിന്റെ സമാപനരംഗം വിചിത്രമായ ഈ വിചാരണയാണ്. രക്തപ്രതികാരത്തിന്റെ പഴയ നീതിയുടെ സ്ഥാനത്ത് നിയമത്തെ പ്രതിഷ്ഠിക്കുന്ന നഗരസഭയിലെ ഈ വിചാരണയിൽ അദ്ധ്യക്ഷയായിരുന്നത് നഗര ദൈവമായ അഥീനാ ദേവിയാണ്. സഭയിൽ ഒറീസ്റ്റസിന്റെ ഭാഗം അപ്പോളോ ദേവനും അയാൾക്കെതിരായി പ്രതികാരദേവതകളും വാദിച്ചു. നഗരക്കോടതിയുടെ തീർപ്പ് ഒറീസ്റ്റസിന് അനുകൂലവും പ്രതികൂലവുമായി തുല്യവിഭക്തമായി. ഒടുവിൽ അദ്ധ്യക്ഷയായ അഥീനാദേവി ഒറീസ്റ്റസിനെ അനുകൂലിച്ചതോടെ അയാൾ ശിക്ഷാമുക്തനായി. അഥീനയുടെ അനുനയ പൂർവമായ വാക്കുകൾ പ്രതീകാരദേവതകളെപ്പോലും സമാധാനിപ്പിച്ചു. "ഈ ദിനം ഒരു പുതിയ യുഗം പിറന്നു" എന്നാണ് അവരിൽ പ്രധാനി പറയുന്നത്.[5]

ക്രി.മു. 456-ൽ എസ്കിലസ് വീണ്ടും സിസിലി സന്ദർശിച്ചു. അവിടെ ഗേലാ എന്ന പട്ടണം സന്ദർശിക്കവേ അതേവർഷം അദ്ദേഹം മരിച്ചു.[5] ആമയെ കൊത്തിക്കൊണ്ടു പറക്കുകയായിരുന്ന ഒരു കഴുകൻ, താഴെ ഒരു പാറപോലെ തോന്നിച്ച എസ്കിലിസിന്റെ കഷണ്ടിത്തലയിലേക്ക് അതിനെ എറിഞ്ഞപ്പോഴാണ് അദ്ദേഹം മരിച്ചതെന്നു ഒരു കഥയുണ്ട്. എന്നാൽ ഇതു കെട്ടുകഥയായിരിക്കാനാണിട.[5] നാടകകൃത്തിന്റെ മരണശേഷം ആഥൻസുകാർക്ക് അദ്ദേഹത്തിന്റെ രചനകളോടുള്ള ബഹുമാനം കൂടിയതേയുള്ളു. ഡയോണിഷ്യയിൽ പിന്നീടു നടന്ന മേളകളിൽ പുനരവതരണത്തിനു അനുവാദമുണ്ടായിരുന്നത് അദ്ദേഹത്തിന്റെ നാടകങ്ങൾക്കു മാത്രമായിരുന്നു. എസ്കിലിസിന്റെ മക്കളായ യൂഫോരിയണും യുവേയോണും അനന്തരവൻ ഫിലോക്ലിസും നാടകകൃത്തുക്കളായി.

എസ്കിലിസിന്റെ സൈനിക നേട്ടങ്ങളെ മാത്രം പ്രകീർത്തിക്കുന്ന ചരമഫലകത്തിലെ എഴുത്ത് ഇങ്ങനെ ആയിരുന്നു:

ഗ്രീക്ക് മൂലം പരിഭാഷ
Αἰσχύλον Εὐφορίωνος Ἀθηναῖον τόδε κεύθει
μνῆμα καταφθίμενον πυροφόροιο Γέλας·
ἀλκὴν δ' εὐδόκιμον Μαραθώνιον ἄλσος ἂν εἴποι
καὶ βαθυχαιτήεις Μῆδος ἐπιστάμενος[6]
ആഥൻസുകാരൻ യൂഫോരിയന്റെ മകൻ എസ്കിലസ് ഈ ശിലയ്ക്കു താഴെ ശയിക്കുന്നു,
ഗോതമ്പുവിളയുന്ന നാടായ ഗേലായിൽ അയാൾ ചരമമടിഞ്ഞു;
അവന്റെ കുലീനമായ കഴിവുകൾക്ക്, മാരത്തണിലെ ഉപവനങ്ങളും,
ദീർഘകേശിയായ പേർഷ്യാക്കാരനും സാക്ഷികളാണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Freeman, Charles (1999). The Greek Achievement: The Foundation of the Western World. New York: Viking Press. ISBN 0-670-88515-0
  2. "Baby Names World".
  3. 3.0 3.1 Sommerstein, Alan H. (1996). Aeschylean Tragedy.
  4. 4.0 4.1 4.2 4.3 Bates, Alfred (1906). The Drama: Its History, Literature, and Influence on Civilization, Vol. 1. London: Historical Publishing Company
  5. 5.0 5.1 5.2 5.3 ഗ്രീസിന്റെ ജീവിതം, ദ സ്റ്റോറി ഓഫ് സിവിലിസേഷൻ, രണ്ടാം വാല്യം, വിൽ ഡുറാന്റ്, പുറങ്ങൾ 383-91
  6. Anthologiae Graecae Appendix, vol. 3, Epigramma sepulcrale. p. 17.
"https://ml.wikipedia.org/w/index.php?title=എസ്കിലസ്&oldid=3177660" എന്ന താളിൽനിന്ന് ശേഖരിച്ചത്