ഒഡീസ്സി (ഇതിഹാസം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒഡീസ്സിയുടെ ആമുഖഭാഗം മൂലഭാഷയായ ഗ്രീക്കിൽ

ഗ്രീക്ക് ഇതിഹാസകാവ്യമാണ് ഒഡീസി. ഇത് മറ്റൊരു ഗ്രീക്ക് ഇതിഹാസ കാവ്യമായ ഇലിയഡിന്റെ രണ്ടാം ഭാഗമാണെന്നും ഇവ രണ്ടും ഹോമർ രചിച്ചതാണെന്നും കരുതപ്പെടുന്നു . ഗ്രീസും ട്രോയ്‌-യും തമ്മിൽ നടന്നതായി പറയപ്പെടുന്ന പ്രസിദ്ധമായ ട്രോജൻ യുദ്ധമാണ് ഇലിയഡിൽ വർണ്ണിക്കപ്പെടുന്നത്. യുദ്ധത്തിനുശേഷം ശേഷം ഗ്രീക്കു വീരന്മാരിലൊരാളായിരുന്ന ഒഡീസിയസ് സ്വരാജ്യമായ ഇഥക്കയിലേക്കു നടത്തുന്ന ദീർഘവും ദുർഘടം പിടിച്ചതുമായ മടക്കയാത്രയും, അയാളുടെ ദീർഘകാല അസാന്നിധ്യം മൂലം ഇഥക്കയിൽ ഭാര്യ പെനിലോപ്പിനും മകൻ ടെലിമാച്ചസ്സിനും അനുഭവിക്കേണ്ടി വരുന്ന യാതനകളുമാണ് ഒഡീസ്സിയിലെ പ്രതിപാദ്യ വിഷയം. ഒഡീസിയസ്സിന്റെ റോമൻ പേരാണ് യൂളിസിസ്സ് [1], [2]

പശ്ചാത്തലം[തിരുത്തുക]

പത്തു വർഷം നീണ്ടുനിന്ന യുദ്ധം ഗ്രീക്കു സൈന്യത്തെ വല്ലാതെ ഹതാശരാക്കി. അവസാനം ഒഡീസ്സിയസ് രൂപകല്പന ചെയ്ത ട്രോജൻ കുതിരയെന്ന ചതിപ്രയോഗത്തിലൂടെ വിജയം നേടിയെടുത്ത ഗ്രീക്കു സൈന്യം ട്രോയ് നഗരത്തെ ചുട്ടു ചാമ്പലാക്കി. അഥീനയുടെ ക്ഷേത്രത്തിൽ അഭയം തേടിയ കസ്സാൻഡ്രയെ ഗ്രീക്കു സൈനികനായ അജാക്സ് വലിച്ചിഴച്ച് പുറത്തേക്കു കൊണ്ടുവന്നു. ആരും അവളുടെ സഹായത്തിനെത്തിയില്ല.[3]. തന്റെ ഭക്തയുടെ നേരേയുളള ഗ്രീക്കുകാരുടെ നേരും നെറിയുമില്ലാത്ത പെരുമാറ്റം അഥീനയെ ക്രുദ്ധയാക്കി. അഥീന, പൊസൈഡണിനോട് അഭ്യർത്ഥിച്ചു:കടൽ ക്ഷോഭിക്കണം ഗ്രീക്കുകാരുടെ മടക്കയാത്ര ദുഷ്ക്കരമാക്കിത്തീർക്കണം. കൊടുങ്കാറ്റിലും ചുഴലിയിലും പെട്ട് ഗ്രീക്കുകാരുടെ ജഡങ്ങൾ എല്ലാ തീരങ്ങളിലും അടിഞ്ഞു കൂടണം.[4] മടക്കയാത്രയാരംഭിച്ച ഗ്രീക്കു കപ്പലുകളെ എതിരേറ്റത് പ്രക്ഷുബ്ധയായ കടലാണ്. അഗമെ‌മ്‌നൺ മരിച്ചില്ലെങ്കിലും കപ്പലുകളെല്ലാം നാമാവശേഷമായി. അജാക്സ് മുങ്ങിമരിച്ചു. മെനിലോസിന്റെ കപ്പൽ ദിക്കറ്റ് ഈജിപ്തിലെത്തി. ഒഡീസിയസ് മരിച്ചില്ല, പക്ഷെ സഹിക്കേണ്ടിവന്ന ദുരിതങ്ങൾ കണക്കറ്റതായിരുന്നു. ഇഥക്കയിൽ ശിശുവായ മകനോടൊപ്പം ഭർത്തൃഗ്രഹത്തിൽ താമസിച്ചിരുന്ന പെനിലോപ്പിനെ വിവാഹാർത്ഥികൾ നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു.

കഥാസംഗ്രഹം[തിരുത്തുക]

ഒഡീസിയസ്സിന്റെ യാതനകൾ[തിരുത്തുക]

ആദ്യം കടൽക്കൊളളക്കാരുടെ ആക്രമണം, പിന്നെ കൊടുങ്കാറ്റ്. ഇതു കഴിഞ്ഞാണ് ഒഡീസിയസ്സും അനുയായികളും അലസന്മാരുടെ വാസസ്ഥലമായ താമരദ്വീപിലെത്തുന്നത്. അവിടത്തെ പഴങ്ങളും പൂക്കളും കഴിച്ച് കുറച്ചു നാളത്തേക്ക് ഓർമ്മ നഷ്ടപ്പെടുന്നു. ഓർമ്മ വീണ്ടുകിട്ടിയശേഷം നാട്ടിലേക്കു തിരിക്കവേ പൊസൈസോണിന്റെ പ്രിയപുത്രൻ ഒറ്റക്കണ്ണൻ പോളിഫെമിസിന്റെ കൈയിലകപ്പെടുന്നു. ഒരുപാടു കപ്പലുകളും ഒട്ടനവധി അനുചരന്മാരും ഒഡീസിയസ്സിനു നഷ്ടമാകുന്നു. രക്ഷപ്പെടാനായി ഒഡീസിയസ്സ് മരക്കഷണം കൊണ്ടു പോളിഫെമിസിന്റെ കണ്ണ് കുത്തിപ്പൊട്ടിക്കുന്നു. സമുദ്രദേവനായ പൊസൈസോണിന്റെ രോഷം ആളിക്കത്തുന്നു. പത്തു കൊല്ലം കടലിൽ അലഞ്ഞു തിരിയാനായി ഒഡീസിയസ്സിനെ ശപിക്കുന്നു.
ഒഡീസിയസ് കാറ്റുകളുടെ രാജ്യത്തെത്തുന്നു. അവിടത്തെ രാജാവ് അയോലസിനെയാണ് സ്യൂസ് കാറ്റുകളുടെ സൂക്ഷിപ്പുകാരനായി നിയമിച്ചിരുന്നത്. അയോലസിന് കാറ്റുകളെ അഴിച്ചു വിടാനും പിടിച്ചു കെട്ടാനുമുളള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. വിട പറയുമ്പോൾ അയോലെസ് ഒരു കിഴി ഒഡീസിയസ്സിനു സമ്മാനമായി നല്കി. എല്ലാ കൊടുങ്കാറ്റുകളേയും ഭദ്രമായി അതിലടക്കിയിരുന്നു. ഒഡീസിയസ്സിന് ഇനിയുളള യാത്രയിൽ ഒരു ബുദ്ധിമുട്ടും വരാതിരിക്കാനായിരുന്നു അയോലെസ് ഇങ്ങനെ ചെയ്തത്. പക്ഷെ ഒഡീസിയസ്സിന്റെ അനുചരന്മാർ കിഴിക്കകത്ത് സ്വർണ്ണമായിരിക്കുമെന്ന് കരുതി, കിഴി തുറന്നു. തുടർന്നുണ്ടായ അതിഭയങ്കരമായ കൊടുങ്കാറ്റിൽ ദിക്കറ്റ അവർ ചെന്നടിഞ്ഞത് നരഭോജികളുടെ ദ്വീപിലായിരുന്നു. അവിടെ നിന്ന് വല്ല വിധേനയും രക്ഷപ്പെട്ട് യാത്ര തുടർന്ന അവർക്ക് പിന്നീട് ഏറ്റുമുട്ടേണ്ടി വന്നത് സിർസ് എന്ന് ദുർമന്ത്രവാദിനിയുമായിട്ടായിരുന്നു. തന്നോടടുത്തവരെയൊക്കെ, മൃഗങ്ങളായി മാറ്റുകയായിരുന്നു അവളുടെ വിനോദം. ഇത് മുൻ കൂട്ടിയറിഞ്ഞ്, തക്കതായ മറുമരുന്നു കഴിച്ചിരുന്ന ഒഡീസിയസ്സിന്റെ മേൽ ഈ തന്ത്രം ഫലിച്ചില്ല. തന്റെ മാന്ത്രികവിദ്യയിലൂടെ,അവരുടെ ഇനിയുളള യാത്ര സുഗമമാക്കാനുളള വഴി സിർസ് കണ്ടെത്തി. ആടുകളെ കുരുതി കൊടുത്ത് പ്രവാചകനായിരുന്ന ടൈറിയസിയാസിന്റെ പരേതാത്മാവിനെ വിളിച്ചു വരുത്തി വരാനിരിക്കുന്ന അപകടങ്ങളേയും അവക്കുളള പ്രതിവിധികളേയും കുറിച്ച് ആരായണം. പലതും പറഞ്ഞ കൂട്ടത്തിൽ പ്രവാചകൻ ഒരു കാര്യം പത്യേകം എടുത്തു പറഞ്ഞു എന്തു വന്നാലും ശരി, സൂര്യദ്വീപിലുളള കാളകളെ ഉപദ്രവിക്കരുത്.
അഭൌമ ഗായകരടെ ദ്വീപു കടന്ന്, അപകടം പതിയിരിക്കുന്ന സ്കില്ല, ചാരിബ്ഡിസ് എന്ന രണ്ടു പാറക്കൂട്ടങ്ങൾക്കിയടിലൂടെ ഒഡീസിയസ്സും അനുയായികളും സുരക്ഷിതരായി സൂര്യ ദ്വീപിലെത്തി. പക്ഷെ വിശപ്പു മാറ്റാനായി കാളകളെ കൊന്നു തിന്ന അനുയായികളെല്ലാം ഒന്നൊഴിയാതെ സൂര്യദേവന്റെ വജ്രപാതമേറ്റ് മരിച്ചു വീണു. വീണ്ടും അനേകം അപകടസന്ധികൾ തരണം ചെയ്ത് അവസാനം, കാലിപ്സോ എന്ന ജലദേവതയുടെ തടവുകാരനായി ഒഗൈഗിവ എന്ന ദ്വീപിൽ ഒഡീസിയസിന് ഏഴുകൊല്ലം കഴിച്ചു കൂട്ടേണ്ടി വരുന്നു. ഒഡീസിയസ്സിൽ അനുരക്തയായിരുന്നു കാലിപ്സോ. ഒടുവിൽ ദേവഗണങ്ങളുടെ ഇടപെടൽ മൂലം കാലിപ്സോ ഒഡീസിയസ്സിനെ സ്വതന്ത്രനാക്കുന്നു. പക്ഷെ പൊസൈഡോണിന്റെ ക്രോധം തണുത്തിരുന്നില്ല. കടൽ ക്ഷോഭം കാരണം ഒഡീസിയസ്സിന്റെ വളളം തകർന്നടിയുന്നു. ഒഡീസിയസ്സ് ഷെറി ദ്വീപിലേക്ക് നീന്തി രക്ഷപ്പെടുന്നു. അവിടെ ഏതാനും ദിവസം അൽക്കിനേസ്, അരേറ്റ് രാജദമ്പതികളുടെ അതിഥിയായിക്കഴിയുന്നു. യഥാർത്ഥത്തിൽ അവിടെവെച്ചാണ് ഒഡീസിയസ്സ്, ട്രോജൻ കുതിരയുടേയും. ട്രോയ്യുടെ പതനത്തപ്പറ്റിയും തന്റെ അതു വരേയുളള സാഹസികയാത്രയുടേയും കഥ പറയുന്നത്. രാജദമ്പതികളുടെ സഹായത്തോടെ ഒഡീസിയസ് ഇഥക്കയിലേക്കുളള യാത്ര തുടരുന്നു. [5]

ഇഥക്കയിലെ സ്ഥിതി[തിരുത്തുക]

സുന്ദരിയും ധനികയുമായിരുന്ന പെനിലോപ്പിനെ സ്വായത്തമാക്കാനായി വിവാഹാർത്ഥികൾ ഒഡീസിയസ്സിനറെ കൊട്ടാരത്തിൽ ഇത്രയും കാലമായി നിത്യ അതിഥികളായിരുന്നു. അവരുടെ താന്തോന്നിത്തം ദിനം പ്രതി കൂടിക്കൊണ്ടേയിരുന്നു. യുവാവസ്ഥയിലെത്തിയ ടെലിമാച്ചസ് പിതാവിനെ അന്വേഷിച്ചു പോകാനൊരുങ്ങി. അഥീന, വയോവൃദ്ധനായ ഉപദേഷ്ടാവിന്റെ (മെന്റർ ) രൂപം പൂണ്ട് ടെലിമാച്ചസിനു വഴികാട്ടി. യൂമേയസ് എന്ന ഇടയന്റെ കുടിലിൽ പിതാവും പുത്രനുമായുളള സമാഗമത്തിന് അഥീന വഴിയൊരുക്കുന്നു.

ശുഭാവസാനം[തിരുത്തുക]

ഇരുപതു വർഷങ്ങൾക്കു ശേഷം വൃദ്ധനായ ഭിക്ഷക്കാരനായി സ്വഗൃഹത്തിലെത്തിയ ഒഡീസിയസ്സിനെ യജമാനസ്നേഹിയായ ആർഗോസ് എന്ന പട്ടി നൊടിയിടയിൽ തിരിച്ചറിയുകയും മറുനിമിഷം അന്ത്യശ്വാസം വലിക്കുകയും ചെയ്യുന്നു. വിവാഹാർത്ഥികളെ പെനിലോപ്പ് വെല്ലു വിളിക്കുന്നു. ഒഡീസിയസ്സിന്റെ വില്ലെടുത്ത് ഞാൺ വലിച്ചു കെട്ടണം, അതുപയോഗിച്ച് എയ്യുന്ന അമ്പ് പന്ത്രണ്ടു വളയങ്ങളിലൂടെ ഉദ്ദിഷ്ട ലക്ഷ്യത്തിലെത്തണം. എല്ലാവരും പരാജയപ്പെടവേ ഒഡീസിയസ്സിന് സ്വന്തം പരിചയം നല്കാനുളള അവസരം കിട്ടുന്നു.

അവലംബം[തിരുത്തുക]

  1. ഈഡിത് ഹാമിൽട്ടൺ (1969). മൈഥളോജി. ലിറ്റിൽ ബ്രൌൺ & കം. {{cite book}}: Cite has empty unknown parameter: |1= (help)
  2. ഡി.സി. എച്. റിയു (2003). ഇൻട്രഡക്ഷൻ ടു ദ ഒഡീസ്സി. പെന്ഗ്വിൻ. {{cite book}}: Cite has empty unknown parameter: |1= (help)
  3. വർജിൽ (1990). ദി ഐനിഡ്. പെന്ഗ്വിൻ ബുക്സ്. ISBN 978-0-140-44932-7.
  4. ട്രോയിലെ സ്ത്രീകൾ:യൂറിപിഡീസിന്റെ നാടകം
  5. ഹോമർ (1996). ദി ഒഡീസ്സി. പരിഭാഷ റോബർട്ട് ഫാഗ്ലെസ്. പെന്ഗ്വിൻ ബുക്സ്. ISBN 978-0-140-26886-7. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഒഡീസ്സി_(ഇതിഹാസം)&oldid=3396427" എന്ന താളിൽനിന്ന് ശേഖരിച്ചത്