Jump to content

കുംഭം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുംഭം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കുംഭം (വിവക്ഷകൾ) എന്ന താൾ കാണുക. കുംഭം (വിവക്ഷകൾ)
കുംഭം ({{{englishname}}})
[[Image:{{{ചിത്രം}}}|300px|കുംഭം]]
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
കുംഭം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Aqr
Genitive: Aquarii
ഖഗോളരേഖാംശം: 20h 38m 19.1706s–23h 56m 23.5355s[1] h
അവനമനം: 03.3256676-24.9040413[1]°
വിസ്തീർണ്ണം: 980 ചതുരശ്ര ഡിഗ്രി.
 (10th)
പ്രധാന
നക്ഷത്രങ്ങൾ:
10, 22
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
97
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
12
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
2
സമീപ നക്ഷത്രങ്ങൾ: 7
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
β Aqr (Sadalsuud)
 (2.91m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
EZ Aqr
 ( പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 3
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
Pisces
Pegasus
Equuleus
Delphinus
Aquila
Capricornus
Piscis Austrinus
Sculptor
Cetus
അക്ഷാംശം +65° നും −90° നും ഇടയിൽ ദൃശ്യമാണ്‌
October മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ഭാരതത്തിൽ കുടത്തിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ്‌ കുംഭം രാശി.രാശിചക്രത്തിൽ (Zodiac) ഇത് പതിനൊന്നാമത്തേതാണ്. മകരം, മീനം എന്നീ രാശികൾക്കിടയിൽ കിടക്കുന്നു. സാമാന്യം വലിപ്പമുള്ളതാണെങ്കിലും പ്രത്യേകതകളൊന്നും ഇല്ലാത്തതാണ് ഈ വ്യൂഹം. ഇതിലെ ഏറ്റവും പ്രകാശമുള്ള രണ്ടോ മൂന്നോ നക്ഷത്രങ്ങൾക്കുതന്നെ മൂന്നു പരിമാണമേയുള്ളൂ. ഇതിലെ തൊണ്ണൂറോളം നക്ഷത്രങ്ങൾ നഗ്നനേത്രങ്ങൾക്കു ഗോചരമാണ്. പൗരസ്ത്യ സങ്കല്പമനുസരിച്ച് ഇതിന്റെ പ്രതീകം കുടം (കുംഭം) ആണ്; വെള്ളം നിറച്ച കുടമേന്തിനില്ക്കുന്ന ആളാണ് ഇതിന്റെ പാശ്ചാത്യപ്രതീകം. ഈ ജലം വിശ്വജ്ഞാനത്തെ (universal wisdom) കുറിക്കുന്നുവെന്നാണ് സങ്കല്പം. സൂര്യൻ മലയാള മാസം കുംഭത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. സൂര്യൻ ഈ രാശിയിൽ എത്തുമ്പോൾ ഈർപ്പമുള്ള കാലാവസ്ഥയുണ്ടാകുന്നതിനാലാവാം ഇതിനു ജലപ്രവാഹവുമായി ബന്ധം കല്പിക്കപ്പെടുന്നത്. ഈജിപ്തുകാർ നൈൽ നദിയിലെ വെള്ളപ്പൊക്കവുമായും ഇറ്റലിക്കാർ മഴക്കാലവുമായും ഇതിനെ ബന്ധപ്പെടുത്തുന്നു. പുരാണസങ്കല്പങ്ങളനുസരിച്ച് ഈ രാശിക്കു വലിയ പ്രാധാന്യമില്ല. ഒക്ടോബർ മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും.

മനുഷ്യൻ തിരിച്ചറിഞ്ഞ ആദ്യരാശികളി‍ൽ ഒന്നാണ് കുംഭം നക്ഷത്രരാശി.[2] രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജ്യോതിഃശാസ്ത്രജ്ഞനായ ടോളമിയുടെ 48 നക്ഷത്രരാശികൾ ഉൾപ്പെട്ട നക്ഷത്രപ്പട്ടികയിൽ കുംഭം ഉണ്ടായിരുന്നു. ജലവുമായി ബന്ധപ്പെട്ട പേരുകളുള്ള നക്ഷത്രരാശികൾ - സിറ്റസ് (സ്രാവ്), മീനം (മത്സ്യം), യമുന (നദി) - ഇതിനടുത്തായി കാണാം.[3]

ചരിത്രവും ഐതിഹ്യവും

[തിരുത്തുക]

ബാബിലോണിയൻ നക്ഷത്ര കാറ്റലോഗിൽ വലിയത് എന്ന അർത്ഥം വരുന്ന ഗു.ലാ എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്. ജലത്തിന്റെ ദേവനായ ഒരു പൂപ്പാത്രവുമായി നിൽക്കുന്ന രീതിയിലാണ് അവർ ഈ രാശിയെ ചിത്രീകരിച്ചിരിക്കുന്നത്. പുരാതന ചെമ്പുയുഗത്തിൽ ഉത്തരായനാന്തം (Winter solstice) കുംഭം രാശിയിലാണ് എന്നു കരുതപ്പെടുന്നു.[4] പുരാതന ഈജിപ്ഷ്യൻ ജ്യോതിഃശാസ്ത്രത്തിൽ നൈൽ നദിയിലെ വെള്ളപ്പൊക്കവുമായാണ് കുംഭം രാശിയെ ബന്ധപ്പെടുത്തിയിരിക്കുന്നത്. കുടം നദിയിലേക്ക് ചെരിക്കുമ്പോഴാണത്രെ നൈൽ നദിയിൽ വെള്ളപ്പൊക്കമുണ്ടാവുന്നത്.[5]

ഗ്രീക്ക് ഇതിഹാസത്തിൽ കുംഭം രാശി പ്രൊമിത്യൂസിന്റെ പുത്രനായ ഡ്യൂകാലിയോണുമായി ബന്ധപ്പെട്ടിരിക്കുന്നു. ആസന്നമായ വെള്ളപ്പൊക്കത്തിൽ നിന്ന് ഭാര്യയായ പിറായെ രക്ഷിക്കാൻ ഒരു കപ്പൽ നിർമ്മിച്ചുവത്രെ ഇദ്ദേഹം. പ്രളയം അവസാനിക്കാനെടുത്ത ഒമ്പതു ദിവസവും ഇവർ കപ്പലിൽ തന്നെ കഴിഞ്ഞു.[3][6] ഗ്രീക്ക് ഇതിഹാസത്തിലെ ഗാനിമിഡെയുമായും കുംഭത്തെ ബന്ധപ്പെടുത്താറുണ്ട്. ട്രോജൻ രാജാവായ ട്രോസിന്റെ മകനായിരുന്ന ഗാനിമീഡിനെ സ്യൂസ് ഒളിമ്പസ് പർവ്വതത്തിനു മുകളിലേക്കു തട്ടിക്കൊണ്ടു പോകുകയും ദേവന്മാരുടെ പാനപാത്രവാഹകനാക്കുകയും ചെയ്തു.[7][8][6] സ്യുസ് അക്വില എന്ന പരുന്തിനെ കൊണ്ട് തട്ടിയെടുക്കുകയായിരുന്നുവെന്നും അതല്ല സ്യൂസ് തന്നെ പരുന്തിന്റെ രൂപത്തിൽ ചെന്ന് തട്ടിക്കൊണ്ടു പോരുകയായിരുന്നുവെന്നും രണ്ടു വിധത്തിൽ കഥയുണ്ട്.[9] മറ്റൊരു കഥ പുലരിയുടെ ദേവതയായ ഇയോസ് ഗാനിമേഡിൽ അനുരക്തയാവുകയും അദ്ദേഹത്തെ തട്ടിക്കൊണ്ടു പോരികയും ചെയ്തുവെന്നും ഇയോസിൽ നിന്ന് സ്യൂസ് തട്ടിയെടുത്തു എന്നുമാണ്.

ചിത്രീകരണം

[തിരുത്തുക]
1825ൽ പ്രസിദ്ധീകരിച്ച യുറാനിയാസ് മിറർ എന്ന നക്ഷത്ര ചാർട്ടിലെ കുംഭത്തിന്റെ ചിത്രീകരണം

പാശ്ചാത്യ ജ്യോതിഃശാസ്ത്രത്തിൽ ടോളമിയുടെ അൽമാജസ്റ്റ് എന്ന കൃതിയിലാണ് കുംഭത്തിന്റെ ശ്രദ്ധേയമായ ഒരു ചിത്രീകരണം ആദ്യമായി കാണുന്നത്. ഗാമ, പൈ, ഈറ്റ, സീറ്റ എന്നീ നക്ഷത്രങ്ങളാണ് ജലകുംഭമായി ചിത്രീകരിച്ചിരിക്കുന്നത്. ഒഴുകുന്ന ജലം ഫോമൽഹോട്ടിൽ അവസാനിക്കുന്ന തരത്തിൽ 20 നക്ഷത്രങ്ങളുപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്നു. ഫോമൽഹോട് ഇപ്പോൾ ദക്ഷിണമീനം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. കുടം പിടിച്ചിരിക്കുന്ന ആളുടെ തല 25 അക്വാറി എന്ന നക്ഷത്രവും ബീറ്റ അക്വാറി ഇടത് ചുമലും ആൽഫ അക്വാറി വലതു ചുമലും ആണ്. ഗാമ അക്വാറി ഉപയോഗിച്ച് ഇടതു കൈയിനെയും ചിത്രീകരിച്ചിരിക്കുന്നു.[6]

ചൈനീസ് ജ്യോതിഃശാസ്ത്രത്തിൽ ഒഴുകുന്ന വെള്ളത്തെ യു-ലിന്റെ സൈന്യമായാണ് ചിത്രീകരിച്ചിരിക്കുന്നത്.[5][6] കുംഭത്തിലെ ലാംഡ, ഫൈ, സിഗ്മ എന്നിവ അടക്കമുള്ള 12 നക്ഷത്രങ്ങൾ സൈന്യത്തെ സംരക്ഷിക്കുന്ന കോട്ടയാണ്. 88, 89, 98 എന്നീ നക്ഷത്രങ്ങൾ ആയുധങ്ങളുമാണ്.[5]

നക്ഷത്രങ്ങൾ

[തിരുത്തുക]
കുംഭം നക്ഷത്രരാശി

വലിയൊരു നക്ഷത്രരാശിയാണെങ്കിലും ഇതിൽ തിളക്കമുള്ള നക്ഷത്രങ്ങൾ ഇല്ല. തിളക്കം കൂടിയ നാലു നക്ഷത്രങ്ങളുടെ കാന്തിമാനം രണ്ട് ആണ്.[7] അടുത്ത കാലത്തു നടന്ന ഗവേഷണങ്ങളുടെ ഫലമായി ഗ്രഹങ്ങളുള്ള നക്ഷത്രങ്ങളെ കണ്ടെത്തിയിട്ടുണ്ട്.

തിളക്കം കൂടിയ ആൽഫ അക്വാറി, ബീറ്റ അക്വാറി എന്നീ നക്ഷത്രങ്ങൾ സ്പെക്ട്രൽ തരം G0Ib, G2Ib എന്നിവയിൽ പെടുന്ന മഞ്ഞ അതിഭീമൻ നക്ഷത്രങ്ങളാണ്. ഇവ ഒരിക്കൽ സൂര്യന്റെ 5 മുതൽ 9 വരെ മടങ്ങ് പിണ്ഡമുള്ള മുഖ്യധാരാ നക്ഷത്രങ്ങൾ ആയിരുന്നു.[10] കുംഭം രാശിയിൽ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം സദാൽസൂഡ് എന്നു വിളിക്കുന്ന ബീറ്റ അക്വാറിയാണ്. 2.91 ആണ് ഇതിന്റെ ദൃശ്യകാന്തിമാനം. സൂര്യന്റെ 50 മടങ്ങ് വ്യാസവും 2200 മടങ്ങ് പ്രാകാശികതയും(luminous) ഇതിനുണ്ട്.[11] ഏകദേശം സൂര്യന്റെ 6.4 മടങ്ങ് പിണ്ഡമുള്ള ഈ നക്ഷത്രത്തിന്റെ പ്രായം 56 മില്യൻ വർഷങ്ങളാണ്.[12] സദാൽസൂഡ് ഭൂമിയിൽ നിന്നും 540 ± 20 പ്രകാശവർഷങ്ങൾ അകലെയാണ് സ്ഥിതി ചെയ്യുന്നത്.[13] സദാൽമെലിക് എന്ന ആൽഫ അക്വാറിയുടെ ദൃശ്യകാന്തിമാനം 2.94 ആണ്. ഭൂമിയിൽ നിന്നും 520 ± 20 പ്രകാശവർഷം അകലെയാണ് ഇത് സ്ഥാനം.[13] സൂര്യന്റെ 6.5 മടങ്ങ പിണ്ഡവും 3000 മടങ്ങ് പ്രാകാശികതയും ഉണ്ട്. 53 മില്യൻ വർഷങ്ങളാണ് ഇതിന്റെ പ്രായം.[10]

സദാച്ബിയ എന്നറിയപ്പെടുന്ന ഗാമ അക്വാറി സ്പക്ട്രൽ തരം A0V ആയ ഒരു മുഖ്യധാരാ നക്ഷത്രം ആണ്. 15 കോടി 80 ലക്ഷത്തിനും 31 കോടി 50 ലക്ഷത്തിനും ഇടയിൽ പ്രായം കണക്കാക്കിയിരിക്കുന്ന ഇ നക്ഷത്രത്തിന്റെ പിണ്ഡം സൂര്യന്റെ രണ്ടര മടങ്ങും വ്യാസം രണ്ടു മടങ്ങും ആണ്.[14][15] 164 ± 9 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 3.85 ആണ്.[13] സദാച്ബിയ എന്ന പേര് "ഗൃഹങ്ങളുടെ സൌഭാഗ്യം" എന്നർത്ഥം വരുന്ന സാദ് അൽ-അക്‌ബിയ എന്ന അറബി വാക്കിൽ നിന്നും വന്നതാണ്.[6]

സ്കാറ്റ് എന്നു വിളിക്കുന്ന ഡെൽറ്റ അക്വാറി സ്പെക്ട്രൽ തരം A2 ആയ നക്ഷത്രമാണ്.[7][8] സൂര്യന്റെ 105 മടങ്ങ് പ്രാകാശികതയുള്ള ഇതിന്റെ കാന്തിമാനം 3.27 ആണ്.[7]

അൽബാലി എന്ന എപ്സിലോൺ അക്വാറിയുടെ സ്പെക്ട്രൽ തരം A1 ആണ്.[5] ഇതിന്റെ ദൃശ്യകാന്തിമാനം 3.77ഉം കേവലകാന്തിമാനം 1.2ഉം പ്രാകാശികത സൂര്യന്റെ 28 മടങ്ങും ആണ്.[7][8]

സ്പെക്ട്രൽ തരം F2 ആയ ഇരട്ട നക്ഷത്രം ആണ് സീറ്റ അക്വാറി.[8] ഇതിന്റെ ദൃശ്യകാന്തിമാനം 3.6ഉം കേവലകാന്തിമാനം 0.6ഉം പ്രാകാശികത സൂര്യന്റെ 50 മടങ്ങും ആണ്.[7] 760 വർഷം കൊണ്ടാണ് ഇവ പരസ്പരം ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നത്.[8]

ആൻചാ എന്ന തീറ്റ അക്വാറിയുടെ സ്പെക്ട്രൽ തരം G8 ആണ്. ഇതിന്റെ ദൃശ്യകാന്തിമാനം 4.6ഉം കേവലകാന്തിമാനം 1.4ഉം ആണ്.[7]

ഹുഡൂർ എന്ന ലാംഡ അക്വാറി സ്പെക്ട്രൽ തരം M2 ആയ നക്ഷത്രമാണ്.[5] കാന്തിമാനം 3.74ഉം പ്രാകാശികത സൂര്യന്റെ 120 മടങ്ങും ആണ്.[7]

ബുൺഡ എന്ന ക്സൈ അക്വാറി ഒരു A7 നക്ഷത്രമാണ്. ദൃശ്യകാന്തിമാനം 4.69ഉം കേവലകാന്തിമാനം 2.4ഉം ആണ്.[7]

സീറ്റ് എന്ന പൈ അക്വാറി ഒരു B0 നക്ഷത്രമാണ്. ഇതിന്റെ ദൃശ്യകാന്തിമാനം 4.66ഉം കേവലകാന്തിമാനം -4.1ഉം ആണ്.[7]

ഗ്രഹവ്യവസ്ഥകൾ

[തിരുത്തുക]

കുംഭം രാശിയിൽ പന്ത്രണ്ട് ഗ്രഹവ്യവസ്ഥകൾ കണ്ടെത്തിയിട്ടുണ്ട്. ഗ്രഹങ്ങളുള്ള ഒരു ചുവപ്പുകുള്ളൻ നക്ഷത്രത്തെ കുംഭം രാശിയിലാണ് ആദ്യമായി കണ്ടെത്തുന്നത്. ഭൂമിയിൽ നിന്നും 15 പ്രകാശവർഷം അകലെ കിടക്കുന്ന ഗ്ലീസ് 876 എന്ന നക്ഷത്രമാണിത്.[16] ഇതിന് നാല് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒന്ന് ഭൂമിയേക്കാൾ 6.6 മടങ്ങ് വലിപ്പമുള്ള ഒരു ശിലാഗ്രഹമാണ്. ഈ ഗ്രഹങ്ങൾ ഒരു പ്രദക്ഷിണം പൂർത്തിയാക്കാൻ 2 മുതൽ 124 ദിവസം വരെ എടുക്കുന്നുണ്ട്.[17] ഒരു ഓറഞ്ചു ഭീമൻ നക്ഷത്രമായ 91 അക്വാറി എന്ന നക്ഷത്രത്തെ ചുറ്റുന്ന 91 അക്വാറി ബി എന്ന നക്ഷത്രത്തെ കണ്ടെത്തിയിട്ടുണ്ട്. ഇതിന് വ്യാഴത്തിന്റെ 2.9 മടങ്ങ് പിണ്ഡമുണ്ട്. 182 ദിവസങ്ങൾ കൊണ്ട് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നു.[18] ഗ്ലീസ് 849 എന്ന നക്ഷത്രത്തിന്റെ ഗ്രഹമാണ് ഗ്ലീസ് 849 ബി. വ്യാഴത്തിന്റെ 0.99 പിണ്ഡമുള്ള ഇതിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കാൻ 1852 ദിവസങ്ങൾ വേണം. ഇതുവരെ അറിഞ്ഞിട്ടുള്ളതിൽ ഏറ്റവും കൂടുതൽ പ്രദക്ഷിണകാലമുള്ള ഗ്രഹമാണിത്.[19]

ഭൂമിയിൽ നിന്നും 307 പാർസെക്‌ അകലെ കിടക്കുന്ന നക്ഷത്രമാണ് വാസ്പ്-6 (WASP-6). G8 തരത്തിൽ പെട്ട ഈ നക്ഷത്രത്തിന്റെ കാന്തിമാനം 12.4ഉം പിണ്ഡം സൂര്യന്റെ 0.888 മടങ്ങും വ്യാസം സൂര്യന്റെ 0.87 മടങ്ങും ആണ്. ഇതിന്റെ ഗ്രഹമാണ് വാസ്പ്-6ബി. 2088ൽ ട്രാൻസിറ്റ് രീതി ഉപയോഗിച്ചാണ് ഇതിനെ കണ്ടെത്തിയത്. ഒരു പ്രദക്ഷിണം പൂർത്തയാക്കാൻ 3.36 ദിവസങ്ങൾ എടുക്കുന്ന ഈ ഗ്രഹം നക്ഷത്രത്തിൽ നിന്ന് 0.042 ജ്യോതിർമാത്ര അകലെയാണ് കിടക്കുന്നത്. വ്യാഴത്തിന്റെ 0.503 മടങ്ങ് പിണ്ഡവും 1.224 മടങ്ങ് വ്യാസവും ഇതിനുണ്ട്.[20] എച്ച്.ഡി. 206610 ഭൂമിയിൽ നിന്നും 194 പാർസെക് അകലെ കിടക്കുന്ന ഒരു K0 നക്ഷത്രമാണ്. സൂര്യന്റെ 1.56 മടങ്ങ് പിണ്ഡവും 6.1 മടങ്ങ് വ്യാസവും ഇതിനുണ്ട്. ഇതിന്റെ ഗ്രഹമാണ് എച്ച്.ഡി. 206610 ബി. 2010ൽ ആരീയപ്രവേഗ രീതി ഉപയോഗിച്ചാണ് ഇതിനെ കണ്ടെത്തിയത്. വ്യാഴത്തിന്റെ 2.2 മടങ്ങ് പിണ്ഡമുണ്ട്. 610 ദിവസങ്ങൾ കൊണ്ട് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്ന ഈ ഗ്രഹത്തിന് അതിന്റെ നക്ഷത്രത്തിൽ നിന്നുള്ള ദൂരം 1.68 AU ആണ്.[21] ഒരു മഞ്ഞക്കുള്ളൻ നക്ഷത്രമായ വാസ്പ്-47 എന്ന നക്ഷത്രത്തിന്റെ ഗ്രഹമാണ് വാസ്പ്-47 ബി നക്ഷത്രത്തിന്റെ 0.052 ജ്യോതിർമാത്ര ദൂരത്തു കൂടി 4.15 ദിവസങ്ങൾ കൊണ്ട് ഇത് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നു. ഈ നക്ഷത്രത്തിന് സൂര്യന്റെ 1.15 മടങ്ങ് വ്യാസവും 1.08 മടങ്ങ് പിണ്ഡവുമുണ്ട്. 2011ൽ ട്രാൻസിറ്റ് രീതി ഉപയോഗിച്ചാണ് ഈ നക്ഷത്രത്തെ കണ്ടെത്തിയത്. ഇതേ രീതിയിൽ കണ്ടെത്തിയ മറ്റൊരു നക്ഷത്രമാണ് വാസ്പ്-6 ബി. ഇതിന് വ്യാഴത്തിന്റെ 1.14 മടങ്ങ് പിണ്ഡവും 1.15 മടങ്ങ് വ്യാസവുമുണ്ട്.[22]

എച്ച്.ഡി. 210277 എന്ന നക്ഷത്രത്തിന് ഒരു ഗ്രഹമുണ്ട്. ഈ നക്ഷത്രത്തിന് സൂര്യന്റെ 1.1 മടങ്ങ് ആരവും 1.09 മടങ്ങ് പിണ്ഡവുമുണ്ട്. 21.29 പാർസെക് അകലെ കിടക്കുന്ന ഈ മഞ്ഞ നക്ഷത്രത്തിന്റെ കാന്തിമാനം 6.63 ആണ്. എച്ച്.ഡി. 210277 ബി എന്നാണ് ഇതിന്റെ ഗ്രഹത്തിനു നൽകിയിട്ടുള്ള പേര്. വ്യാഴത്തിന്റെ 1.23 മടങ്ങ് വലിപ്പമുള്ള ഈ ഗ്രഹത്തിന് അതിന്റെ നക്ഷത്രത്തിൽ നിന്നുള്ള അകലം 1.1 സൌരദൂരം മാത്രമാണ്. ഒരു പ്രദക്ഷിണം പൂർത്തിയാക്കാൻ എടുക്കുന്ന ദിവസങ്ങൾ 442 ആണ്. 1998ൽ ആരീയപ്രവേഗ രീതി ഉപയോഗിച്ചാണ് ഇതിനെ കണ്ടെത്തിയത്.[23] എച്ച്.ഡി. 212771 ബി വ്യാഴത്തിന്റെ 2.3 മടങ്ങ് പിണ്ഡമുള്ള ഒരു ഗ്രഹമാണ്. മാതൃനക്ഷത്രമായ എച്ച്.ഡി. 212771ൽ നിന്നും 1.22 സൌരദൂരം അകലെയാണിത് സ്ഥിതി ചെയ്യുന്നത്. കാന്തിമാനം 7.6 ഉള്ള ഈ നക്ഷത്രം ഭൂമിയിൽ നിന്ന് 131 പാർസെക് അകലെയാണ് കിടക്കുന്നത്. സൂര്യന്റെ 1.15 മടങ്ങ് പിണ്ഡവും 5 മടങ്ങ് ആരവുമുണ്ടിതിന്. 2010ൽ ആരീയപ്രവേഗരീതി ഉപയോഗിച്ചാണ് ഇതിനെ കണ്ടെത്തിയത്..[24]

എച്ച്.ഡി. 215152 എന്ന നക്ഷത്രത്തിന് ബി, സി എന്നീ രണ്ടു ഗ്രഹങ്ങളുണ്ട്. 2011ൽ ആരീയ പ്രവേഗരീതി ഉപയോഗിച്ചാണ് ഇവ രണ്ടും കണ്ടെത്തിയത്. വ്യാഴത്തിനെക്കാൾ ചെറുതും മാതൃനക്ഷത്രത്തോട് അടുത്തു സ്ഥിതി ചെയ്യുന്നവയുമാണ് ഇവ.[25][26] ട്രാപിസ്റ്റ്-1 എന്ന അതിശീതകുള്ളൻ നക്ഷത്രത്തിന് ഏഴ് ഭൂസമാന ശിലാഗ്രഹങ്ങളെ കണ്ടെത്തിയതായി 2017 ഫെബ്രുവരി 22ന് നാസ പ്രഖ്യാപിച്ചു.[27] ഇവയിൽ മൂന്നെണ്ണം ജീവസാദ്ധ്യതാ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ജലസാന്നിദ്ധ്യവും പ്രവചിക്കുന്നുണ്ട്.

വിദൂരാകാശപദാർത്ഥങ്ങൾ

[തിരുത്തുക]
ഗ്രീൻ ബീൻ ഗാലക്സി[28]

മെസ്സിയർ 2, മെസ്സിയർ 72 എന്നീ ഗോളീയ താരാവ്യൂഹങ്ങളും മെസ്സിയർ 73 എന്ന തുറന്ന താരാവ്യൂഹങ്ങളും സാറ്റേൺ നെബുല (NGC 7009), ഹെലിക്സ് നെബുല (NGC 7293) എന്നിവ കുംഭം രാശിയിൽ ഉണ്ട്. എൻ.ജി.സി. 7089 എന്നു കൂടി അറിയപ്പെടുന്ന M2 ഭൂമിയിൽ നിന്നും 37,000 പ്രകാശവർഷം അകലെ കിടക്കുന്ന ഒരു ഗോളീയനെബുലയാണ്. ഇതിന്റെ കാന്തിമാനം 6.5 ആണ്. അതുകൊണ്ട് ഒരു ചെറിയ ദൂരദർശിനി കൊണ്ടുതന്നെ ഇതിനെ കണ്ടെത്താൻ കഴിയും. എന്നാൽ ഇതിലെ നക്ഷത്രങ്ങളെ വേർതിരിച്ചു കാണണമെങ്കിൽ 100 mm അപ്പാർച്ചറെങ്കിലുമുള്ള ദൂരദർശിനി വേണ്ടിവരും. M72 എന്നു കൂടി അറിയപ്പെടുന്ന എൻ.ജി.സി. 6981 ഭൂമിയിൽ നിന്നും 56,000 പ്രകാശവർഷം അകലെ കിടക്കുന്നു.[8] ഇതിന്റെ കാന്തിമാനം 9 ആണ്. എൻ.ജി.സി. 6994 എന്നു കൂടി അറിയപ്പെടുന്ന എം. 73 ഒരു തുറന്ന താരവ്യൂഹം ആണ്.

എൻ.ജി.സി. 7009 എന്ന സാറ്റേൺ നെബുല ഭൂമിയിൽ നിന്നും 3000 പ്രകാശവർഷം അകലെ കിടക്കുന്നു. 8 ആണ് ഇതിന്റെ കാന്തിമാനം. 19ാം നൂറ്റാണ്ടിൽ വില്യം പാർസൻസ് എന്ന ശാസ്ത്രജ്ഞനാണ് ഇതിന് സാറ്റേൺ നെബുല എന്ന പേര് നൽകിയത്. ദൂരദർശിനിയിലൂടെ നോക്കുമ്പോൾ ഇതിന്റെ രണ്ടു വശത്തുമായി കാണുന്ന മുഴപ്പുകൾ ശനിയുടെ വലയങ്ങളുമായി സാദൃശ്യമുള്ളതു കൊണ്ടാണ് ഈ പേര് നൽകിയത്. ഇതിന്റെ കാന്തിമാനം 11.3 ആണ്.[8] ഹെലിക്സ് നെബുല (എൻ.ജി.സി.) ഭൂമിയിൽ നിന്നും 650 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിയിൽ നിന്നും നോക്കുമ്പോൾ കാണുന്ന ഏറ്റവും വലിയ ഗ്രഹനീഹാരികയാണിത്.[29][8][30] കുംഭം രാശിയിലെ മറ്റൊരു താരാപഥമാണ് എൻ.ജി.സി. 7727.[31] 100 കോടി വർഷങ്ങൾക്കു മുമ്പ് രണ്ട് സർപ്പിള താരാപഥങ്ങൾ കൂടിച്ചേർന്ന് ഉണ്ടായതാണ് എൻ.ജി.സി. 7727.[32]

ഉൽക്കാവർഷങ്ങൾ

[തിരുത്തുക]

മൂന്നു ഉൽക്കാവർഷങ്ങളാണ് കുംഭം രാശിയിൽ ഉണ്ടാവാറുള്ളത്. ഈറ്റ അക്വാറീഡ്സ്, ഡെൽറ്റ അക്വാറീഡ്സ്, ലോട്ട അക്വാറീഡ്സ് എന്നിവയാണവ. ഇതിൽ ഏറ്റവും ശക്തമായത് ഈറ്റ അക്വാറീഡ്സാണ്. ഏപ്രിൽ 21 മുതൽ മെയ് 12 വരെ കാണാൻ കഴിയുമെങ്കിലും ഇതിന്റെ പരമോച്ചാവസ്ഥ മെയ് 5,6 ദിവസങ്ങളിലാണ്. ഈ ദിവസങ്ങളിൽ മണിക്കൂറിൽ ഏകദേശം 35 ഉൽക്കാവീഴ്ചകൾ വരെ കാണാൻ കഴിയും.[8] ഹാലിയുടെ വാൽനക്ഷത്രം ഉപേക്ഷിച്ചു പോയ അവശിഷ്ടങ്ങളാണ് ഈ ദിവസങ്ങളിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു വീണ് ഉൽക്കകളായി കത്തിയെരിയുന്നത്. ഡെൽറ്റ അക്വാറീഡ്സിന്റെ പരമോച്ചാവസ്ഥ ജൂലൈ 29 മുതൽ ആഗസ്റ്റ് 6 വരെയാണ്. പരമാവധി 20 ഉൽക്കകൾ വരെ ഈ ദിവസങ്ങളിൽ കാണാം.[8] വളരെ ശക്തി കുറഞ്ഞ ഉൽക്കാവർഷമാണ് ലോട്ട അക്വാറീഡ്സ്. ഏറ്റവും ശക്തി പ്രാപിക്കുന്ന ആഗസ്റ്റ് 6-ാം തിയ്യതിയിൽ പോലും പരമാവധി 8 എണ്ണമാണ് കാണാൻ കഴിയുക.[8]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Aquarius, constellation boundary". The Constellations. International Astronomical Union. Retrieved 30 April 2016.
  2. Rogers 1998, പുറങ്ങൾ. 9–28.
  3. 3.0 3.1 Thompson & Thompson 2007.
  4. Thurston 1996.
  5. 5.0 5.1 5.2 5.3 5.4 Staal 1988, പുറങ്ങൾ. 42–44.
  6. 6.0 6.1 6.2 6.3 6.4 Star Tales.
  7. 7.00 7.01 7.02 7.03 7.04 7.05 7.06 7.07 7.08 7.09 Moore 2000.
  8. 8.00 8.01 8.02 8.03 8.04 8.05 8.06 8.07 8.08 8.09 8.10 Ridpath 2001.
  9. Rogers 1998, പുറങ്ങൾ. 79–89.
  10. 10.0 10.1 Lyubimkov, Leonid S.; Lambert, David L.; Rostopchin, Sergey I.; Rachkovskaya, Tamara M.; Poklad, Dmitry B. (2010). "Accurate fundamental parameters for A-, F- and G-type Supergiants in the solar neighbourhood". Monthly Notices of the Royal Astronomical Society. 402 (2): 1369–79. arXiv:0911.1335. Bibcode:2010MNRAS.402.1369L. doi:10.1111/j.1365-2966.2009.15979.x.
  11. Kaler, James B. "Sadalsuud (Beta Aquarii)". Stars. University of Illinois. Retrieved 11 October 2016.
  12. Lyubimkov, Leonid S.; Lambert, David L.; Korotin, Sergey A.; Rachkovskaya, Tamara M.; Poklad, Dmitry B. (2015). "Carbon abundance and the N/C ratio in atmospheres of A-, F- and G-type supergiants and bright giants". Monthly Notices of the Royal Astronomical Society. 446 (4): 3447. arXiv:1411.2722. Bibcode:2015MNRAS.446.3447L. doi:10.1093/mnras/stu2299.
  13. 13.0 13.1 13.2 van Leeuwen, F. (2007). "Validation of the New Hipparcos Reduction". Astronomy and Astrophysics. 474 (2): 653–64. arXiv:0708.1752. Bibcode:2007A&A...474..653V. doi:10.1051/0004-6361:20078357.
  14. David, Trevor J.; Hillenbrand, Lynne A. (2015). "The Ages of Early-Type Stars: Strömgren Photometric Methods Calibrated, Validated, Tested, and Applied to Hosts and Prospective Hosts of Directly Imaged Exoplanets". The Astrophysical Journal. 804 (2): 146. arXiv:1501.03154. Bibcode:2015ApJ...804..146D. doi:10.1088/0004-637X/804/2/146. Vizier catalog entry
  15. Pasinetti Fracassini, L. E.; Pastori, L.; Covino, S.; Pozzi, A. (February 2001). "Catalogue of Apparent Diameters and Absolute Radii of Stars (CADARS) - Third edition - Comments and statistics". Astronomy and Astrophysics. 367: 521–524. arXiv:astro-ph/0012289. Bibcode:2001A&A...367..521P. doi:10.1051/0004-6361:20000451.
  16. APOD Gliese 876.
  17. Exoplanet Encyclopedia Gliese 876.
  18. Exoplanet Encyclopedia 91 Aqr.
  19. Exoplanet Encyclopedia Gj 849.
  20. Exoplanet Encyclopedia WASP-6.
  21. Exoplanet Encyclopedia HD 206610 b.
  22. Exoplanet Encyclopedia WASP-47 b.
  23. Exoplanet Encyclopedia HD 210277 b.
  24. Exoplanet Encyclopedia HD 212771 b.
  25. Exoplanet Encyclopedia HD 215152 b.
  26. Exoplanet Encyclopedia HD 215152 c.
  27. "NASA Telescope Reveals Largest Batch of Earth-Size, Habitable-Zone Planets Around Single Star". NASA. NASA. Retrieved 23 February 2017.
  28. ESO 2012.
  29. Levy 2005, പുറം. 132.
  30. Levy 2005, പുറം. 131.
  31. Sherrod & Koed 2003, പുറം. 222.
  32. APOD Atoms-for-Peace Galaxy.


ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം

മേടം ഇടവം മിഥുനം കർക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം


"https://ml.wikipedia.org/w/index.php?title=കുംഭം_(നക്ഷത്രരാശി)&oldid=2685871" എന്ന താളിൽനിന്ന് ശേഖരിച്ചത്