Jump to content

മിരാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മിരാൾ (നക്ഷത്രരാശി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിരാൾ (Andromeda)
മിരാൾ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
മിരാൾ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: And
Genitive: Andromedae
ഖഗോളരേഖാംശം: 1 h
അവനമനം: +40°
വിസ്തീർണ്ണം: 722 ചതുരശ്ര ഡിഗ്രി.
 (19th)
പ്രധാന
നക്ഷത്രങ്ങൾ:
4, 18
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
65
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
4
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
3
സമീപ നക്ഷത്രങ്ങൾ: 5
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α And (Alpheratz)
 (2.1m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Ross 248
 (10.32 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 3
ഉൽക്കവൃഷ്ടികൾ : Andromedids (Bielids)
സമീപമുള്ള
നക്ഷത്രരാശികൾ:
Perseus
Cassiopeia
Lacerta
Pegasus
Pisces
Triangulum
അക്ഷാംശം +90° നും −40° നും ഇടയിൽ ദൃശ്യമാണ്‌
November മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

പെഗാസസിന്റെ വടക്കുകിഴക്കായിട്ടാണ് ഈ നക്ഷത്രഗണം. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ടോളമിയുടെ പട്ടികയിലും 88 നക്ഷത്രഗണങ്ങളടങ്ങിയ ആധുനിക നക്ഷത്ര പട്ടികയിലും ഇത് ഉൾപ്പെട്ടിട്ടുണ്ട്. M31 ആൻഡ്രോമിഡ നീഹാരിക ഇതിനുള്ളിലാണ്. തെളിഞ്ഞ ആകാശത്ത് ഒരു പ്രകാശപടലം പോലെ ഈ നീഹാരിക കാണാൻ കഴിയും. ഭൂമദ്ധ്യരേഖാ പ്രദേശത്ത് നവംബർ മാസം ഈ നക്ഷത്രഗണം നന്നായി കാണാം. അൽഫെർട്ടാസ് (കാന്തികമാനം 2.06 ),മിറാക്(കാന്തികമാനം 2.06 ) , അൽമാക് (കാന്തികമാനം 2.18 )എന്നിവയാണ് പ്രധാന നക്ഷത്രങ്ങൾ. ആൻഡ്രോമീഡ എന്ന പേരിൽ പ്രസിദ്ധമായ നക്ഷത്രരാശി ഇതാണ്. ഖഗോള മദ്ധ്യരേഖയിലാണ് ഇതിന്റെ സ്ഥാനം. വലിയ നക്ഷത്രരാശികളിൽ ഒന്നാണ് മിരാൾ. 722 ച.ഡിഗ്രി വലിപ്പമുണ്ട് ഇതിന്.

ഇതിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമായ ആൽഫ ആൻഡ്രോമീഡ ഒരു ദ്വന്ദ്വനക്ഷത്രം ആണ്. ഇതിനെ ഭാദ്രപദത്തിലെ ഒരു നക്ഷത്രം ആയും പരിഗണിക്കാറുണ്ട്. ഗാമ ആൻഡ്രോമീഡ ഒരു നിറപ്പകിട്ടാർന്ന ഒരു ഇരട്ട നക്ഷത്രമാണ്. അമേച്വർ ജ്യോതിശാസ്ത്രജ്ഞർക്ക് ഏറെ താൽപര്യമുള്ള ഒരു നക്ഷത്രം കൂടിയാണ് ഗാമ ആൻഡ്രോമീഡ. ആൽഫ ആൻഡ്രോമീഡയെക്കാൾ ചെറിയൊരു ദ്യുതിവ്യതിയാനം മാത്രമുള്ള ഒരു ചുവപ്പു ഭീമൻ ആണ് ബീറ്റ ആൻഡ്രോമീഡ. ഈ നക്ഷത്രരാശിയിലെ ഏറ്റവും ശ്രദ്ധേയമായ വിദൂരാകാശ വസ്തുവാണ് ആൻഡ്രോമീഡ ഗാലക്സി. ആകാശഗംഗയോട് അടുത്തു കിടക്കുന്ന ഒരു സർപ്പിള ഗാലക്സിയാണിത്. അതുപോലെ ഏറ്റവും തിളക്കം കൂടിയ ഒരു മെസ്സിയർ വസ്തുവും ആണ് M31 എന്നു കൂടി അറിയപ്പെടുന്ന ആൻഡ്രോമീഡ ഗാലക്സി. എം 32, എം 110, എൻ.ജി.സി. 891 എന്നീ താരാപഥങ്ങളെയും മിരാൾ താരാഗണത്തിൽ കാണാൻ കഴിയും. ഒരു ഗ്രഹനീഹാരികയായ ബ്ലൂ സ്നോബോൾ നെബുലയും ഒരു ദൂരദർശിനിയുടെ സഹായത്താൽ കാണാൻ കഴിയും.

ചരിത്രവും ഐതിഹ്യവും

[തിരുത്തുക]
ആൻഡ്രോമീഡ. 1690ലെ ഒരു ചിത്രീകരണം.
ആൻഡ്രോമീഡ. 1825ലെ ഒരു ചിത്രീകരണം.

ഗ്രീക്ക് ഇതിഹാസത്തിലെ പ്രസിദ്ധമായ ഒരു കഥയുമായി ഈ നക്ഷത്രഗണം ബന്ധപ്പെട്ടിരിക്കുന്നു. ചങ്ങലക്കിട്ട സ്ത്രീരൂപമാണ് പാശ്ചാത്യ ജ്യോതിശാസ്ത്രജ്ഞന്മാരും അറേബ്യൻ ജ്യോതിശാസ്ത്രജ്ഞന്മാരും ഈ നക്ഷത്രഗണത്തിന് നൽകിയിരിക്കുന്നത്.[1] ഈ ഗണം പെർസീ (പെർസ്യൂസിന്റെ ഭാര്യ), സെഫീസ് (സെഫ്യൂസിന്റെ മകൾ) എന്നീ പേരുകളിലും അറിയപ്പെടുന്നു.[1][2] ഗ്രീക്ക് ഇതിഹാസത്തിലെ ഒരു കഥയുമായി ബന്ധപ്പെട്ടാണ് ആൻഡ്രോമീഡ അറിയപ്പെടുന്നത്. എത്യോപ്യയിലെ രാജാവായ സെഫ്യൂസിന്റെയും രാജ്ഞി കാസിയോപ്പിയയുടെയും മകളാണ് ആൻഡ്രോമീഡ. തന്റെ മകൾ ജലകന്യകമാരെക്കാൾ സുന്ദരിയാണെന്ന് കാസിയോപ്പിയ പൊങ്ങച്ചം പറഞ്ഞു നടന്നു. അവിശ്വസനീയമായ സൗന്ദര്യത്തിന്റെ ഉടമകളായാണ് ജലകന്യകമാർ അറിയപ്പെടുന്നത്. [3] ഇതറിഞ്ഞ ജലകന്യകമാർ കടൽ ദേവനായ പൊസൈഡണിനോട് പരാതി പറഞ്ഞു. പൊസൈഡോൺ ഈ അധികപ്രസംഗത്തിന് തക്കതായ ശിക്ഷ കൊടുക്കാൻ തീരുമാനിക്കുകയും കടൽ വ്യാളിയായ സിറ്റസിനെ എത്യോപ്യ അക്രമിക്കുന്നതിനു വേണ്ടി പറഞ്ഞു വിടുകയും ചെയ്തു{sfn|Moore|Tirion|1997|pp=116–117}} സെഫ്യൂസ് ഇതറിഞ്ഞ് പരിഭ്രാന്തനാവുകയും പരിഹാരമറിയുന്നതിനു വേണ്ടി ആമ്മണിലെ കോമരത്തെ സമീപിക്കുകയും ചെയ്തു. ഈ ആപത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിന് രാജാവിന്റെ മകളെ സിറ്റസ്സിന് ബലി കൊടുക്കുക എന്ന ഒരേ ഒരു പരിഹാരമേ ഉള്ളു എന്ന് കോമരം അരുളിച്ചെയ്തു.[4][5] ഇതനുസരിച്ച് ആൻഡ്രോമീഡയെ സിറ്റസ്സിനു കൊടുക്കുന്നതിനു വേണ്ടി കടൽത്തീരത്തെ ഒരു പാറയിൽ ബന്ധനസ്ഥനാക്കുകയും പെർസ്യൂസ് എത്തി അവളെ രക്ഷപ്പെടുത്തുകയും ചെയ്തു.[6] പിന്നീട് പെർസ്യൂസും ആൻഡ്രോമീഡയും വിവാഹിതരായി. ഇവർക്ക് ഏഴു പുത്രന്മാരും രണ്ടു പുത്രിമാരും ജനിച്ചു. പെർസിഡീ എന്ന രാജവംശം സ്ഥാപിക്കുകയും മൈസിനേ കേന്ദ്രമാക്കി ഭരണം നടത്തുകയും ചെയ്തു. മരണാനന്തരം ആൻഡ്രോമീഡയെ അഥീന ഒരു നക്ഷത്രഗണമായി ആകാശത്തു പ്രതിഷ്ഠിച്ചു. ഈ ഗണത്തിന്റെ അടുത്തു കിടക്കുന്ന നക്ഷത്രഗണങ്ങളായ പെർസ്യൂസ്, കാസിയോപിയ, സിറ്റസ്, സെഫ്യൂസ് എന്നീ ഗണങ്ങളും ഈ കഥയിലെ കഥാപാത്രങ്ങളായി വരുന്നു.[4]

ടോളമിയുടെ 48 നക്ഷത്രരാശികളടങ്ങിയ പട്ടികയിൽ ഉണ്ടായിരുന്ന ഒരു ഗണമാണ് മിരാൾ. ടോളമിയുടെ വിവരണത്തിൽ α ആൻഡ്രോമീഡയാണ് തല. ο, λ എന്നിവയാണ് ചങ്ങല. δ, π, μ, Β, γ എന്നിവ ശരീരവും കാലുകളും. എന്നാൽ പ്രാദേശിക ഭേദമനുസരിച്ച് ഈ ചിത്രീകരണത്തിൽ ചെറിയ വ്യത്യാസങ്ങൾ കാണാം.[7] അറേബ്യൻ ജ്യോതിശാസ്ത്രജ്ഞന്മാർക്ക് ടോളമിയുടെ നക്ഷത്രരാശികളെ കുറിച്ച് അറിയാമായിരുന്നു. എങ്കിലും അവരുടെ ചിത്രീകരണത്തിൽ ആൻഡ്രോമീഡയുടെ കാലിൽ ഒരു മത്സ്യത്തെ കൂടി ചേർത്തു.[8] 1787l ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ ജോൺ ബോഡ് പ്രഷ്യൻ രാജാവായിരുന്ന ഫ്രഡറിക് രണ്ടാമനോടുള്ള ബഹുമാന സൂചകമായി ആൻഡ്രോമീഡയിലെ ചില നക്ഷത്രങ്ങളെയും ലാസെർട്ടായിലെ കുറെ നക്ഷത്രങ്ങളെയും കൂട്ടിച്ചേർത്ത് ഒരു രാശി രൂപീകരിക്കുകയും ഫ്രെഡറിക്കി ഹോണേർസ് എന്നു പേരു നൽകുകയും ചെയ്തു. പക്ഷെ ഇത് അധികകാലം നിലനിൽക്കുകയുണ്ടായില്ല.[9] അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ച 88 നക്ഷത്രരാശികളിലും മിരാൾ ഉൾപ്പെടുന്നു.[10][11] 1922ൽ And എന്ന ചുരുക്കപ്പേരും IAU അംഗീകരിച്ചു.[12] 1930ൽ യൂജീൻ ഡെൽപോർട്ട് ഇതിന്റെ അതിർത്തികൾ നിശ്ചിയിച്ചു. ഇതനുസരിച്ച് മീരാളിന്റെ സ്ഥാനം ഖഗോളരേഖാംശം 22മ. 57.5മി.നും 2മ. 39.3മി.നും അവനമനം 53.19° ക്കും 21.68° ഇടയിലാണ്.[13]

ചൈനീസ് ജ്യോതിഃശാസ്ത്രത്തിൽ ആൻഡ്രോമീഡയിൽ നിന്നും നാലും മീനത്തിൽ ഏഴും വീതം നക്ഷത്രങ്ങളെ എടുത്ത് ഉണ്ടാക്കിയിട്ടുള്ള ഒരു ഗണമാണുള്ളത്. ഇതിനെ കാലുകൾ എന്നർത്ഥം വരുന്ന ചൈനീസ് പേര് (奎宿) ആണ് നൽകിയിട്ടുള്ളത്. നടന്നു പോകുന്ന ഒരു കാട്ടുപന്നിയുടെ കാലിനെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.[5] ഗാമാ ആൻഡ്രോമീഡയെയും അതിനടുത്തുള്ള ഏതാനും നക്ഷത്രങ്ങളെയും ചേർത്ത് സ്വർഗ്ഗത്തിലെ വലിയ പടത്തലവൻ(Teen Ta Tseang Keun" -天大将军) എന്ന പേരു നൽകിയിരിക്കുന്നു.[2][5] ആൽഫ ആൻഡ്രോമീഡ, ഗമാ പെഗസി എന്നിവ ചേർത്ത് മതിൽ(壁宿) എന്ന ഗണത്തെയും ഉണ്ടാക്കിയിരിക്കുന്നു. ആൻഡ്രോമീഡയിലെ വടക്കു ഭാഗത്തുള്ള ചില നക്ഷത്രങ്ങളെ ചേർത്ത് ചൈനക്കാർ ഒരു കുതിരയുടെ രൂപവും പടിഞ്ഞാറുള്ള നക്ഷത്രങ്ങളെ ചേർത്ത് പറക്കുന്ന പാമ്പിന്റെ രൂപവും ഉണ്ടാക്കി.[5]

അറേബ്യക്കാർ ആൻഡ്രോമീഡയിലെയും മീനത്തിലെയും ഏതാനും നക്ഷത്രങ്ങളെയും ചേർത്ത് ഒരു മത്സ്യത്തിന്റെ രൂപം സൃഷ്ടിക്കുകയും അൽ-ഹട് (മത്സ്യം) എന്നു പേരു നൽകുകയും ചെയ്തു.[8] ഭാരതത്തിലെ ഐതിഹ്യങ്ങളിലും ചങ്ങലക്കിട്ട ഒരു സ്ത്രീ രൂപമായാണ് ആൻഡ്രോമീഡയെ ചിത്രീകരിച്ചിട്ടുള്ളത്.[2]

നക്ഷത്രങ്ങൾ

[തിരുത്തുക]
  • ആൽഫ ആൻഡ്രോമീഡ (α And) ആണ് ഈ ഗണത്തിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം. ഇതിന്റെ ദൃശ്യകാന്തിമാനം 2.1ഉം ലൂമിനോസിറ്റി 96 Lഉം ആണ്.[14] ഭൂമിയിൽ നിന്നും 97 പ്രകാശവർഷം അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്.[15] പാശ്ചാത്യ ഐതിഹ്യം അനുസരിച്ച് ആൻഡ്രോമീഡയുടെ തലയാണ് ഈ നക്ഷത്രം. അൽഫെറാത്‌സ്, സിറാ എന്നീ പേരുകളാണ് അറേബ്യൻ ജ്യോതിശാസ്ത്രജ്ഞർ ഇതിനു നൽകിയ പേര്.[8] ഭാദ്രപദത്തിലെ‍ മൂന്നു നക്ഷത്രങ്ങളുമായി ചേർന്ന് ഒരു ചതുരം സൃഷ്ടിക്കുന്നുണ്ട് ഈ നക്ഷത്രം. ആദ്യകാലത്ത് ഈ നക്ഷത്രത്തെ ഈ രണ്ട് കൂട്ടത്തിലും ഒരു പോലെ ഉൾപ്പെടുത്തിയിരുന്നു.[3][5][14]
  • ബീറ്റ ആൻഡ്രോമീഡ (β And). മിറാക് എന്ന് അറിയപ്പെടുന്ന ഈ നക്ഷത്രം M0 വിഭാഗത്തിൽ പെടുന്ന ഒരു ഭീമൻ നക്ഷത്രമാണ്.[3][16] ഭൂമിയിൽ നിന്നും 198 പ്രകാശവർഷങ്ങൾക്കപ്പുറത്താണ് ഇതിന്റെ സ്ഥാനം.[16] കാന്തിമാനം 2.06 ആണ്.[17] ലൂമിനോസിറ്റി (പ്രാകാശികത) 115 L ആണ്.[14] സിംഹം എന്നോ സിംഹത്തിന്റെ കാൽപാദം എന്നോ അർത്ഥം കിട്ടുന്ന അൽ-മറാക് എന്ന വാക്കിൽ നിന്നാണ് ഈ നക്ഷത്രത്തിന് മിറാക് എന്ന പേര് ലഭിച്ചത്.[18]
  • ഗാമ ആൻഡ്രോമീഡ (γ And). അൽമാക് എന്ന് അറിയപ്പെടുന്ന ഈ നക്ഷത്രം ഒരു ഓറഞ്ച് ഭീമൻ നക്ഷത്രമാണ്. K3[3] വിഭാഗത്തിൽ വരുന്ന ഈ നക്ഷത്രത്തിന്റെ കാന്തിമാനം 2.14 ആണ്.[14] ഇത് ഒരു ഇരട്ട നക്ഷത്രമാണ്. പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 2.3ഉം ദ്വിദീയ നക്ഷത്രത്തിന്റെ കാന്തിമാനം 5.0ഉം ആണ്. ഇവ തമ്മിലുള്ള അകലം 9.7 ആർക് സെക്കന്റ് ആണ്.[4][5][19] ഇത് ഭൂമിയിൽ നിന്ന് 358 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.[20]
  • ഡെൽറ്റ ആൻഡ്രോമീഡ (δ And) ഒരു ടൈപ്പ് K3 ഓറഞ്ച് ഭീമൻ നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 105 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.
  • ലോട്ട ആൻഡ്രോമീഡ (ι And), കാപ്പ ആൻഡ്രോമീഡ (κ), ലാംഡ ആൻഡ്രോമീഡ (λ), ഒമിക്രോൺ ആന്ഡ്രോമീഡ (ο), സൈ ആൻഡ്രോമീഡ (ψ And) എന്നിവ ചേർന്ന് ഫ്രെഡറിക് ഗ്ലോറി എന്ന ആസ്റ്ററിസം സൃഷ്ടിക്കുന്നു.[9] ലോട്ട ആൻഡ്രോമീഡ ഒരു ടൈപ്പ് B8 മുഖ്യധാര നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 502 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാപ്പ ആൻഡ്രോമീഡ ഒരു ടൈപ്പ് B9 IVn വെള്ള നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 168 പ്രകാശവർ അകലെയാണ് ഇതിന്റ സ്ഥാനം.[21] λ And ഒരു G8 മഞ്ഞ നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 86 പ്രകാശവർഷം അകലെയാണ് ഇത്.[22] ο And ഒരു ടൈപ്പ് B6 നീല നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 679 പ്രകാശവർഷം അകലെ കിടക്കുന്നു.[23] ψ And ഒരു ടൈപ്പ് B7 മുഖ്യധാരാ നക്ഷത്രമാണ്. 988 പ്രകാശവർഷം അകലെയാണ് ഇത്.[24]
  • മ്യൂ ആൻഡ്രോമീഡ (μ And) A5 വിഭാഗത്തിൽ വരുന്ന ഒരു വെള്ള മുഖ്യധാരാ നക്ഷത്രമാണ്. 3.9 ആണ് ഇതിന്റെ കാന്തിമാനം.[17] ഭൂമിയിൽ നിന്ന് 130 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു.[25]
  • ഉപ്സിലോൺ ആൻഡ്രോമീഡ (υ And) കാന്തിമാനം 4.1 ഉള്ള ഒരു നക്ഷത്രമാണ്.[17] F ടൈപ്പ് കുള്ളനും M ടൈപ്പ് കുള്ളനും ചേർന്ന ഒരു ഇരട്ട നക്ഷത്രമാണ് ഇത്. നാലു ഗ്രഹങ്ങളടങ്ങിയ ഒരു ഗ്രഹവ്യവസ്ഥയും ഇതിനുണ്ട്.[26] ഭൂമിയിൽ നിന്നും 44 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.[27]
  • ക്സൈ ആൻഡ്രോമീഡ (ξ And) ഭൂമിയിൽ നിന്നും 217 പ്രകാശവർഷം അകലെ കിടക്കുന്നു. K0 വിഭാഗത്തിൽ പെടുന്ന ഒരു ഓറഞ്ച് ഭീമൻ നക്ഷത്രമാണിത്.[28]
  • പൈ ആൻഡ്രോമീഡ (π And) 4.3 കാന്തിമാനമുള്ള ഇരട്ട നക്ഷത്രം.[17] ഭൂമിയിൽ നിന്നും 598 പ്രകാശവർഷം അകലെ കിടക്കുന്നു. ഇതിലെ പ്രധാന നക്ഷത്രം B5 വിഭാഗത്തിൽ പെടുന്ന ഒരു മുഖ്യധാരാ നക്ഷത്രം ആണ്.[29] രണ്ടാമത്തെ നക്ഷത്രത്തിന്റെ കാന്തിമാനം 8.9 ആണ്.[17]
  • 51 ആൻഡ്രോമീഡ. ഇതിനെ ജൊഹാൻ ബെയർ വരാസവസ്സിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇതിനെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ പിന്നീട് ആൻഡ്രോമീഡയുടെ ഭാഗമാക്കി.[30] ഭൂമിയിൽ നിന്നും 177 പ്രകാശവർഷം അകലെ കിടക്കുന്ന ഒരു K3 ഓറഞ്ച് ഭീമൻ നക്ഷത്രമാണിത്.[31]
  • 56 ആൻഡ്രോമീഡ ഒരു ദൃശ്യ ഇരട്ട നക്ഷത്രമാണ്. 5.7 കാന്തിമാനമുള്ള പ്രധാന നക്ഷത്രം K0 വിഭാഗത്തിൽ വരുന്ന ഒരു ഓറഞ്ച് ഭീമനാണ്.[17] ഇത് 316 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു.[32] രണ്ടാമത്തെ നക്ഷത്രം 990 പ്രകാശവർഷം അകലെ കിടക്കുന്ന ഒരു K0 ഓറഞ്ച് ഭീമൻ നക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 5.9 ആണ് [17]
  • ആർ ആൻഡ്രോമീഡ ഒരു മിരാ-ടൈപ്പ് ചരനക്ഷത്രമാണ്. 409 ദിവസങ്ങളാണ് ഇതിന്റെ ആവൃത്തി കാലം. ഇതിന്റെ കൂടിയ കാന്തിമാനം 5.8ഉം കുറഞ്ഞ കാന്തിമാനം 14.8ഉം ആണ്.{{sfn|Moore|Tirion|1997|pp=116–117} ഭൂമിയിൽ നിന്നുള്ള ഇതിന്റെ അകലം 1250 പ്രകാശവർഷവും.[33] ഇതിനെ കൂടാതെ ആറു മിരാ ചരനക്ഷത്രങ്ങൾ കൂടി ആൻഡ്രോമീഡ നക്ഷത്രരാശിയിലുണ്ട്.[14]
  • റോസ് 248 ഭൂസമീപ നക്ഷത്രങ്ങളിൽ ഒമ്പതാമത്തേതാണ്. ഭൂമിയിൽ നിന്നും 10.3 പ്രകാശവർഷമാണ് ഇതിലേക്കുള്ള ദൂരം.[34] ഇത് M6 വിഭാഗത്തിൽ വരുന്ന മുഖ്യധാരാ ബൈ ഡ്രാക്കോണിസ് ചരനക്ഷത്രമാണ്.[35]
  • 14 ആൻഡ്രോമീഡ 251 പ്രകാശവർഷം അകലെ കിടക്കുന്ന G8 ടൈപ്പ് മഞ്ഞ ഭീമൻ നക്ഷത്രമാണ്.[36] ഇതിന്റെ പിണ്ഡം 2.2 Mവും വ്യാസാർദ്ധം 11 സൗരവ്യാസാർദ്ധവും ആണ്. 14 ആൻഡ്രോമീഡ ബി എന്ന ഒരു ഗ്രഹത്തെ 2008ൽ കണ്ടെത്തി. ഈ ഗ്രഹം അതിന്റെ മാതൃനക്ഷത്രത്തിൽ നിന്നും 0.83 ജ്യോതിർമാത്ര അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. 186 ദിവസം കൊണ്ട് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്ന ഇതിന്റെ പിണ്ഡം 4.3 വ്യാഴപിണ്ഡത്തിന് തുല്യമാണ്.[37]

വിദൂരാകാശ പദാർത്ഥങ്ങൾ

[തിരുത്തുക]
M31, ആൻഡ്രോമീഡ ഗാലക്സി

ആൻഡ്രോമീഡയിൽ താരവ്യൂഹങ്ങളോ നീഹാരികകളോ കണ്ടെത്തിയിട്ടില്ലെങ്കിലും കുറച്ച് താരാപഥങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇതിലെ വളരെ പ്രധാനപ്പെട്ട താരാപഥമാണ് M31 അഥവാ NGC 224. ആൻഡ്രോമീഡ ഗാലക്സി എന്ന പേരിലാണ് ഇത് പ്രസിദ്ധം.[38] നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും അകലെ കിടക്കുന്ന ബഹിരാകാശ വസ്തുവാണിത്. 2.2 മില്യൻ പ്രകാശവർഷങ്ങൾക്കപ്പുറമാണ് ഇതിന്റെ സ്ഥാനം. ഒട്ടും പ്രകാശമില്ലാത്ത രാത്രിയിൽ തെളിഞ്ഞ ആകാശത്ത് ആൻഡ്രോമീഡ ഗണത്തിന്റെ വടക്കു ഭാഗത്തായി ഇതിനെ ഒരു മേഘത്തുണ്ടു പോലെ കാണാൻ കഴിയും.[39] ക്ഷീരപഥത്തിന്റെ രണ്ടു മടങ്ങു വലിപ്പമുള്ള ആൻഡ്രോമീഡ ഗാലക്സി ഇവയടങ്ങുന്ന താരാപഥങ്ങളുടെ പ്രാദേശിക സംഘത്തിലെ ഏറ്റവും വലിയ അംഗവുമാണ്.[38] ഇതിന്റെ കാന്തിമാനം 3.5 ആണ്.[40] CE 964ൽ പ്രസിദ്ധീകരിച്ച, അൽ സൂഫി എന്ന അറേബ്യൻ ജ്യോതിഃശാസ്ത്രജ്ഞന്റെ സ്ഥിരനക്ഷത്രങ്ങളുടെ പുസ്തകം (Book of Fixed Stars) എന്ന കൃതിയിലാണ് ആദ്യമായി ഈ താരാപഥത്തെ രേഖപ്പെടുത്തിയിട്ടുള്ളത്.[5][41] ദൂരദർശിനിയിലൂടെ ആദ്യമായി ഇതിനെ നിരീക്ഷിച്ചത് 1612ൽ സൈമൺ മാരിയസ് എന്ന ജർമ്മൻ ജ്യോതിഃശാസ്ത്രജ്ഞനാണ്.[42]

500 കോടി വർഷങ്ങൾ കഴിയുമ്പോൾ ആകാശഗംഗയും ആൻഡ്രോമീഡ ഗാലക്സിയും തമ്മിൽ കൂട്ടിയിടിച്ച് ഒന്നാവുമെന്ന് കരുതുന്നു.[39]

ആൻഡ്രോമീഡ ഗാലക്സി[43]

എഡ്വിൻ ഹബിൾ മൗണ്ട് വിൽസൺ ഒബ്സർവേറ്ററിയിലെ ഹൂക്കർ ദൂരദർശിനി ഉപയോഗിച്ച് നടത്തിയ നിരീക്ഷണങ്ങളിൽ നിന്നും ഭൂമിയിൽ നിന്നും ആൻഡ്രോമീഡ ഗാലക്സിയിലേക്കുള്ള ദൂരം ഏകദേശം 9,00,000 പ്രകാശവർഷം എന്ന് കണക്കാക്കി.[41][44][45][46][47] പിന്നീട് 1925ൽ ഏൺസ്റ്റ് ഓപിക് 15 ലക്ഷം പ്രകാശവർഷത്തിനടുത്താണ് എന്നു കണ്ടെത്തി.[44]

ബ്ലൂ സ്നോബോൾ നെബുല ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി എടുത്ത ചിത്രം.

.]]

എം 32, എം 110 (NGC 221, NGC 205) എന്നിവ മിരാൾ ഗണത്തിലെ മറ്റു രണ്ടു താരാപഥങ്ങളാണ്. ആൻഡ്രോമീഡ ഗാലക്സിയുടെ സമീപത്തു തന്നെ കാണുന്ന ഇവ ദീർഘവൃത്താകാര താരാപഥങ്ങളാണ്.[48][38] ഇവ രണ്ടും ഉൾപ്പെടെ ആൻഡ്രോമീഡ ഗാലക്സിക്ക് 15 ഉപഗ്രഹ താരാപഥങ്ങൾ ഉണ്ട്. ഗാമ ആൻഡ്രോമീഡക്കു സമീപം തൊട്ടു കിഴക്കു വശത്തായി ‌NGC 891 എന്ന ഒരു ചെറിയ താരാപഥം ഉണ്ട്. 9.9 ആണ് ഇതിന്റെ കാന്തിമാനം.[14] വില്യം ഹെർഷലും സഹോദരിയായ കരോലിൻ ഹെർഷലും ചേന്ന് 1783ലാണ് ഇത് കണ്ടെത്തുന്നത്.[39] ഭൂമിയിൽ നിന്നും ഏകദേശം 300 ലക്ഷം പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[39]

മിരാൾ ഗണത്തിലെ പ്രസിദ്ധമായ ഒരു തുറന്ന താരവ്യൂഹമാണ് എൻ ജി സി 752. തിളക്കമുള്ള 9 നക്ഷത്രങ്ങളെ ഇതിൽ കാണാൻ കഴിയും.[14] 49 കോണീയ മിനുട്ട് വ്യാസമുള്ള ഈ താരവ്യൂഹത്തിൽ കാന്തിമാനം 9 വരെയുള്ള അറുപതോളം നക്ഷത്രങ്ങൾ ഈ താരാവ്യൂഹത്തിലുണ്ട്. ഒരു ദൂരദർശിനിയിലൂടെ ഇവയെ ഭംഗിയായി കാണാൻ കഴിയും.[4][17] എൻ ജി സി 7686 ഇതിലെ മറ്റൊരു തുറന്ന താരവ്യൂഹമാണ്. 15 ആർക്ക് മിനിട്ടാണ് ഇതിന്റെ വ്യാസം. ഇരുപതോളം നക്ഷത്രങ്ങളെ ഇതിൽ കാണാനാവും.[14]

ഇതിലെ പ്രധാനപ്പെട്ട ഒരു ഗ്രഹ നീഹാരികയാണ് എൻ ജി സി 7662.[14] ലോട്ട ആൻഡ്രോമീഡയിൽ നിന്നും ഏകദേശം 3ഡിഗ്രി തെക്കുപടിഞ്ഞാറായി കിടക്കുന്ന ഇതിന്റെ ഭൂമിയിൽ നിന്നുള്ള അകലം 4000 പ്രകാശവർഷം ആണ്.[4][49] ഇതിന്റെ കാന്തിമാനം ഏകദേശം 9.2 ആണ്.[4][49]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Allen 1899, പുറങ്ങൾ. 32–33.
  2. 2.0 2.1 2.2 Olcott 2004, പുറങ്ങൾ. 22–23.
  3. 3.0 3.1 3.2 3.3 Moore & Tirion 1997, പുറങ്ങൾ. 116–117.
  4. 4.0 4.1 4.2 4.3 4.4 4.5 Thompson & Thompson 2007, പുറങ്ങൾ. 66–73.
  5. 5.0 5.1 5.2 5.3 5.4 5.5 5.6 Ridpath, Star Tales Andromeda.
  6. Pasachoff 2000, പുറം. 132.
  7. Staal 1988, പുറങ്ങൾ. 7–14, 17.
  8. 8.0 8.1 8.2 Davis 1944.
  9. 9.0 9.1 Bakich 1995, പുറം. 43.
  10. Bakich 1995, പുറം. 11.
  11. Pasachoff 2000, പുറങ്ങൾ. 128–129.
  12. Russell 1922, പുറങ്ങൾ. 469–471.
  13. IAU, The Constellations, Andromeda.
  14. 14.0 14.1 14.2 14.3 14.4 14.5 14.6 14.7 14.8 Moore 2000, പുറങ്ങൾ. 328–330.
  15. SIMBAD Alpha And.
  16. 16.0 16.1 SIMBAD Mirach.
  17. 17.0 17.1 17.2 17.3 17.4 17.5 17.6 17.7 Ridpath 2001, പുറങ്ങൾ. 72–74.
  18. Odeh & Kunitzsch 1998.
  19. Ridpath & Tirion 2009, പുറങ്ങൾ. 61–62.
  20. SIMBAD Gamma1 Andromedae.
  21. SIMBAD Kappa Andromedae.
  22. SIMBAD Lambda Andromedae.
  23. SIMBAD Omicron Andromedae.
  24. SIMBAD Psi Andromedae.
  25. SIMBAD 37 Andromedae.
  26. ExoPlanet ups And.
  27. SIMBAD Ups And.
  28. SIMBAD Xi Andromedae.
  29. SIMBAD 29 And.
  30. Wagman 2003, പുറം. 240.
  31. SIMBAD 51 And.
  32. SIMBAD 56 And.
  33. SIMBAD R And.
  34. RECONS, The 100 Nearest Star Systems.
  35. SIMBAD HH And.
  36. SIMBAD 14 And.
  37. ExoPlanet Planet 14 And b.
  38. 38.0 38.1 38.2 Pasachoff 2000, പുറം. 244.
  39. 39.0 39.1 39.2 39.3 Wilkins & Dunn 2006, പുറങ്ങൾ. 348, 366.
  40. Bakich 1995, പുറം. 51.
  41. 41.0 41.1 Higgins 2002.
  42. Rao 2011.
  43. "Sharpest ever view ക്സിof the Andromeda Galaxy". www.spacetelescope.org. ESA/Hubble. Retrieved 14 January 2015.
  44. 44.0 44.1 Hoskin & Dewhirst 1999, പുറങ്ങൾ. 292–296.
  45. ESA, Edwin Powell Hubble.
  46. PBS, Edwin Hubble 1998.
  47. HubbleSite, About Edwin Hubble 2008.
  48. Bakich 1995, പുറം. 54.
  49. 49.0 49.1 Pasachoff 2000, പുറം. 270.


"https://ml.wikipedia.org/w/index.php?title=മിരാൾ&oldid=3279657" എന്ന താളിൽനിന്ന് ശേഖരിച്ചത്