Jump to content

അവിട്ടം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Delphinus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അവിട്ടം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അവിട്ടം (വിവക്ഷകൾ) എന്ന താൾ കാണുക. അവിട്ടം (വിവക്ഷകൾ)
അവിട്ടം (Delphinus)
അവിട്ടം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
അവിട്ടം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Del
Genitive: Delphini
ഖഗോളരേഖാംശം: 20.7 h
അവനമനം: +13.8°
വിസ്തീർണ്ണം: 189 ചതുരശ്ര ഡിഗ്രി.
 (69-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
5
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
19
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
4
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
റോടാനെവ് (β Del)
 (3.63m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
HD 197076
 (68.45 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
ജംബുകൻ (Vulpecula)
ശരം (Sagitta)
ഗരുഡൻ (Aquila)
കുംഭം (Aquarius)
അശ്വമുഖം (Equuleus)
ഭാദ്രപദം (Pegasus)
അക്ഷാംശം +90° നും −70° നും ഇടയിൽ ദൃശ്യമാണ്‌
സെപ്റ്റംബർ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ അവിട്ടം (Delphinus). ചെറുതും പ്രകാശം കുറഞ്ഞതുമായ ഒരു നക്ഷത്രരാശിയാണ്‌ ഇതെങ്കിലും ഇത് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ നക്ഷത്രപട്ടികയിലും ആധുനിക നക്ഷത്രരാശികളിലും ഇതുണ്ട്. വലിപ്പത്തിൽ 69-ാം സ്ഥാനമാണ് ഇതിനുള്ളത്.

നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്ന അവിട്ടം നക്ഷത്രസമൂഹം

ഐതിഹ്യം

[തിരുത്തുക]

ഗ്രീക്ക് ദേവനായ പൊസൈഡൺ സമുദ്രകന്യകയായ ആംഫിറിറ്റിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. എന്നാൽ ആംഫിറിറ്റ് അവളുടെ കന്യകാത്വം സംരക്ഷിക്കുന്നതിനു വേണ്ടി അറ്റ്‍ലസ് പർവ്വതനിരകളിൽ ചെന്നൊളിച്ചു. ദുഃഖിതനായ കമിതാവ് അവളെ തിരയാൻ ഏതാനും പേരെ നിയോഗിച്ചു. അതിലൊരു ഡോൾഫിനും ഉണ്ടായിരുന്നു. ഈ ഡോൾഫിൻ യാദൃശ്ചികമായി ആംഫിറിറ്റിനെ കണ്ടെത്തുകയും പൊസൈഡണിന്റെ പ്രണയാഭ്യർത്ഥന സ്വീകരിക്കാൻ അവളെ പ്രേരിപ്പിക്കുകയും ചെയ്തു. ഇതിൽ സന്തുഷ്ടനായ പൊസൈഡൺ ആ ഡോൾഫിനെ ആകാശത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ് ഒരു ഐതിഹ്യം. ഡെൽഫിനസ് എന്ന ലാറ്റിൻ വാക്ക് ഡോൾഫിനെയാണ് സൂചിപ്പിക്കുന്നത്.[1]

സവിശേഷതകൾ

[തിരുത്തുക]

അവിട്ടം രാശിയുടെ വടക്ക് ജംബൂകൻ, വടക്ക്-പടിഞ്ഞാറ് ശരം, പടിഞ്ഞാറ് ഗരുഡൻ, തെക്ക്-കിഴക്ക് കുംഭം, കിഴക്ക് അശ്വമുഖം, ഭാദ്രപദം എന്നിവയും അതിരിടുന്നു.[2] ആകാശത്തിന്റെ 188.5 ഡിഗ്രി ഭാഗമാണ് അവിട്ടം രാശിയുടേത്. അതായത് ആകാശത്തിന്റെ 0.457% മാത്രം. 88 രാശികളിൽ വലിപ്പം കൊണ്ട് 69-ാം സ്ഥാനം മാത്രമാണ് ഇതിനുള്ളത്.[3] Del എന്ന മൂന്നക്ഷര ചുരുക്കപ്പേരാണ് ഇതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. 1922ലാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന ഈ ചുരുക്കപ്പേര് അംഗീകരിച്ചത്.[4] 1930ൽ യൂജീൻ ഡെൽപോർട്ട് 14 വശങ്ങളോടു കൂടിയ ഔദ്യോഗിക അതിരുകൾ ഇതിന് നിർണ്ണയിച്ചു. ഖഗോളരേഖാംശം 20മ. 14മി. 14.15സെ.നും 21മ. 08മി. 59.60നും ഇടയിലും അവനമനം +2.4021468°ക്കും +20.9399471°ക്കും ഇടയിലും ആണ് ഉള്ളത്.[2]

നക്ഷത്രങ്ങൾ

[തിരുത്തുക]

അവിട്ടം രാശിയിൽ തിളക്കമുള്ള നക്ഷത്രങ്ങൾ ഒന്നുമില്ല. ഏറ്റവും തിളക്കമുള്ള നക്ഷത്രത്തിന് കാന്തിമാനം 3.8 ആണ്.

ആൽഫാ ഡെൽഫിനി ഒരു നീല മുഖ്യധാരാ നക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 3.8ഉം ഭൂമിയിൽ നിന്നുള്ള അകലം 341 പ്രകാശവർഷവുമാണ്.

ഭൂമിയിൽ നിന്നും 97 പ്രകാശവർഷം അകലെ കിടക്കുന്ന ബീറ്റ ഡെൽഫിനിക്ക് റോട്ടാനേവ് എന്ന വിളിപ്പെരുണ്ട്. ഒരു അമേച്വർ ദൂരദർശിനി ഉപയോഗിച്ചു തന്നെ വേർതിരിച്ചറിയാൻ കഴിയുന്ന ഒരു ദ്വന്ദനക്ഷത്രമാണിത്. ഒരു പരിക്രമണത്തിനെടുക്കുന്ന കാലം 27 വർഷവും കാന്തിമാനം 3.6ഉം ആണ്.

ഗാമ ഡെൽഫിനി മറ്റൊരു ദ്വന്ദ്വ നക്ഷത്രമാണ്. ഇതിലെ പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 4.3ഉം രണ്ടാമത്തേതിന്റേത് 5.1ഉം ആണ്. ഒരു പരിക്രമണത്തിന് 3000 വർഷത്തിലേറെ സമയം എടുക്കുന്നുണ്ട് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഭൂമിയിൽ നിന്നും 125 പ്രകാശവർഷം അകലെ കിടക്കുന്ന ഇവയെ ഒരു സാധാരണ അമേച്വർ ദൂരദർശിനി ഉപയോഗിച്ചു തന്നെ വേർതിരിച്ചു കാണാനാകും.[5] ഡെൽറ്റ ഡെൽഫിനി 4.43 കാന്തിമാനമുള്ള A7 IIIp നക്ഷത്രമാണ്. 330 പ്രകാശവർഷം അകലെ കിടക്കുന്ന എപ്സിലോൺ ഡെൽഫിനി കാന്തിമാനം 4 ഉള്ള B6 III ടൈപ്പ് നക്ഷത്രമാണ്.

4.6 കാന്തിമാനമുള്ള നീല-വെള്ള മുഖ്യധാരാ നക്ഷത്രമാണ് സീറ്റ ഡെൽഫിനി. 2014-ൽ തവിട്ടുകുള്ളൻ ഇതിനെ പരിക്രമണം ചെയ്യുന്നതായി കണ്ടെത്തി. സീറ്റ ഡെൽഫിനി ബി എന്ന പേരു നൽകിയ ഈ തവിട്ടുകുള്ളന്റെ പിണ്ഡം വ്യാഴത്തിന്റെ 50 ± 15 ആണ്.[6] ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് ഗ്ലീസ് 795. 54.95 പ്രകാശവർഷം മാത്രം അകലെയുള്ള ഈ നക്ഷത്രം പ്രതിവർഷം 863 ± 3 ആർക്ക് സെക്കൻഡ് എന്ന തോതിൽ കിഴക്കോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതൊരു ചരനക്ഷത്രമായതിനാൽ കാന്തിമാനം 12.3നും 9.7നും ഇടയിൽ മാറിക്കൊണ്ടിരിക്കും. മറ്റൊരു ചരനക്ഷത്രം ആർ ഡെൽഫിനി ആണ്. 285.5 ദിവസം കൊണ്ട് കാന്തിമാനം 7.6നും 13.8നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു.

150 പ്രകാശവർഷം അകലെയുള്ള റോ അക്വിലയുടെ കാന്തിമാനം 4.94 ആണ്. ഇതിന്റെ സ്വാഭാവിക ചലനത്തിന്റെ ഭാഗമായി 1992 മുതൽ ഇത് അവിട്ടം നക്ഷത്രരാശിയുടെ ഭാഗമാണ്.

1967ൽ 3.5 കാന്തിമാനത്തിൽ കാണപ്പെട്ട ഒരു നോവയായിരുന്നു എച്ച്.ആർ. ഡെൽഫിനി. വി 339 ഡെൽഫിനി എന്ന പേരിൽ മറ്റൊരു നോവ 2013 ൽ കണ്ടെത്തി. ഇതിന്റെ കാന്തിമാനം 4.3 വരെ എത്തി. ലിഥിയം ഉത്പാദിപ്പിക്കുന്നതായി നിരീക്ഷിച്ച ആദ്യത്തെ നോവയായിരുന്നു ഇത്.

18 ഡെൽഫിനി എന്ന മ്യൂസിക്ക, അവിട്ടം രാശിയിലെ അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള അഞ്ച് നക്ഷത്രങ്ങളിൽ ഒന്നാണ്. വ്യാഴത്തേക്കാൾ 10.3 മടങ്ങ് പിണ്ഡമുള്ള വളരെ സാന്ദ്രത കൂടിയ ഒരു ഗ്രഹമാണ് ഏരിയോൺ. സൗരയൂഥേതര ഗ്രഹങ്ങൾക്കും അവയുടെ ആതിഥേയ നക്ഷത്രങ്ങൾക്കും പേരുകൾ നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം ലഭിച്ച ആദ്യത്തെ മത്സരത്തിൽ ഉൾപ്പെട്ട ഗ്രഹമാണ് ഏരിയോൺ.

വിദൂരാകാശപദാർത്ഥങ്ങൾ

[തിരുത്തുക]

അവിട്ടം രാശിയലെ ഒരു ഗ്രഹനീഹാരികയാണ് എൻ ജി സി 6891. 10.5 ആണ് ഇതിന്റെ കാന്തിമാനം. മറ്റൊന്ന് ബ്ലൂഫ്ലാഷ് നെബുല എന്നറിയപ്പെടുന്ന എൻ ജി സി 6905 ആണ്. എൻ ജി സി 6934 ഒരു ഗോളീയ താരവ്യൂഹം|ഗോളീയ താരവ്യൂഹമാണ്]. ഇതിന്റെ കാന്തിമാനം 9.75 ആണ്. 1,85,000 പ്രകാശവർഷം അകലെ കിടക്കുന്ന മറ്റൊരു ഗോളീയ താരവ്യൂഹമാണ് എൻ ജി സി 7006. ഇതിന്റെ കാന്തിമാനം 11.5 ആണ്.

അവലംബം

[തിരുത്തുക]
  1. Pseudo-Hyginus. "HYGINUS, ASTRONOMICA 2.1-17". Theoi Classical Texts Library. Retrieved June 26, 2017.
  2. 2.0 2.1 "Delphinus, Constellation Boundary". The Constellations. International Astronomical Union. Retrieved 15 July 2020.
  3. Ridpath, Ian. "Constellations: Andromeda–Indus". Star Tales. Self-published. Retrieved 4 March 2016.
  4. Russell, Henry Norris (1922). "The New International Symbols for the Constellations". Popular Astronomy. 30: 469. Bibcode:1922PA.....30..469R.
  5. Ridpath & Tirion 2017, പുറങ്ങൾ. 140–141.
  6. De Rosa, R. J.; Patience, J.; Ward-Duong, K.; Vigan, A.; Marois, C.; Song, I.; Macintosh, B.; Graham, J. R.; Doyon, R.; Bessell, M. S.; Lai, O.; McCarthy, D. W.; Kulesa, C. (December 2014). "The VAST Survey - IV. A wide brown dwarf companion to the A3V star ζ Delphini". Monthly Notices of the Royal Astronomical Society (in ഇംഗ്ലീഷ്). 445 (4): 3694. Bibcode:2014MNRAS.445.3694D. doi:10.1093/mnras/stu2018. ISSN 0035-8711.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

നിർദ്ദേശാങ്കങ്ങൾ: Sky map 20h 42m 00s, +13° 48′ 00″



"https://ml.wikipedia.org/w/index.php?title=അവിട്ടം_(നക്ഷത്രരാശി)&oldid=3795008" എന്ന താളിൽനിന്ന് ശേഖരിച്ചത്