Jump to content

വൃകം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൃകം (Lupus)
വൃകം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
വൃകം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Lup
Genitive: Lupi
ഖഗോളരേഖാംശം: 15.3 h
അവനമനം: -45°
വിസ്തീർണ്ണം: 334 ചതുരശ്ര ഡിഗ്രി.
 (46-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
9
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
41
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
3
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Lup
 (2.3m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
GJ 588
 (19.4 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
സമാന്തരികം (Norma)
വൃശ്ചികം (Scorpius)
ചുരുളൻ (Circinus)
മഹിഷാസുരൻ (Centaurus)
തുലാം (Libra)
അക്ഷാംശം +35° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ജൂൺ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു
Wiktionary
Wiktionary
വൃകം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് വൃകം (Lupus). താരതമ്യേന പ്രകാശമുള്ള ഒരു നക്ഷത്രരാശിയാണിത്. ആകാശഗംഗ ഈ രാശിയിലൂടെ കടന്നുപോകുന്നു. രണ്ടാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനായ ടോളമി പട്ടികപ്പെടുത്തിയ 48 രാശികളിൽ ഒന്നാണ് വൃകം. 88 ആധുനിക നക്ഷത്രരാശികളിലും ഇത് ഉൾപ്പെടുന്നു.

ചരിത്രവും ഐതിഹ്യവും

[തിരുത്തുക]

പുരാതന കാലത്ത് ഈ നക്ഷത്രരാശി സെൻ്റോറസിനുള്ളിലെ ഒരു നക്ഷത്രരൂപം ആയി കണക്കാക്കിയിരുന്നു.[1] എറതോസ്തനീസ് ഇതിനെ ചിത്രീകരിച്ചത് സെന്റോറസിന്റെ കയ്യിലിരിക്കുന്ന വൈൻ കുപ്പി ആയാണ്.[2] ബിസി രണ്ടാം നൂറ്റാണ്ടിൽ ബിഥ്നിയയിലെ ഹിപ്പാർക്കസ് ഇതിന് തെരിയോൺ (മൃഗം എന്നർത്ഥം) എന്ന് പേരിടുന്നത് വരെ ഇതിനെ സെൻ്റോറസിൽ നിന്ന് വേർപെടുത്തിയിരുന്നില്ല.

ഗ്രീക്കുകാർ ഒരുപക്ഷേ ഭ്രാന്തൻ നായ എന്നർത്ഥം വരുന്ന UR.IDIM എന്ന ബാബിലോണിയൻ സങ്കല്പത്തെ അടിസ്ഥാനമാക്കിയായിരിക്കാം ഇന്നു കാണുന്ന രൂപവും പേരും നൽകിയത്. ചില കഥകളിൽ ഇതിനെ സൂര്യനുമായും മറ്റു ചില കഥകളിൽ ബൈസൺ മാൻ (the Bison-man) എന്ന മിത്തുമായും ബന്ധിപ്പിക്കുന്നുണ്ട്.[3]

അറബ്യൻ ജ്യോതിശാസ്ത്രത്തിൽ ലൂപ്പസ്, സെൻ്റോറസ് എന്നിവയെ മൊത്തത്തിൽ അൽ-ഷമരീഖ് (الشماريخ) എന്ന് വിളിക്കുന്നു. ഇടതിങ്ങി നിൽക്കുന്ന ഈന്തപ്പഴക്കുലകൾ എന്നാണ് ഇതിനർത്ഥം.[4]

പിന്നീട്, മധ്യകാല ഇസ്‌ലാമിക ജ്യോതിശാസ്ത്രത്തിൽ ഇതിനെ السبع (അൽ-സാബ്) എന്നാണ് വിളിച്ചിരുന്നത്.[5] ഇത് ഇരപിടിയന്മാരായ മൃഗങ്ങൾക്ക് പൊതുവേ പറയുന്ന വാക്കാണ്. ഒരു പ്രത്യേക നക്ഷത്രരാശിയായി പരിഗണിച്ചെങ്കിലും സെന്റോറസിനോടൊപ്പം മാത്രമേ ഇതിനെ ചിത്രീകരിച്ചിരുന്നുള്ളു. അൽ-സൂഫിയുടെ സ്ഥിര നക്ഷത്രങ്ങളുടെയും ആകാശഗോളങ്ങളുടെയും പുസ്തകം എന്ന കൈയെഴുത്തുപ്രതിയിൽ ഇതിനെ സിംഹമായാണ് ചിത്രീകരിച്ചിട്ടുള്ളത്.[6] മറ്റു ചിലതിൽ അതിനെ ഒരു ചെന്നായയായി വരച്ചിരിക്കുന്നു.[7] രണ്ടായാലും ഇരപിടിയൻ മൃഗം തന്നെയാണ്.

സ്ഥാനവും മറ്റും

[തിരുത്തുക]

വൃകം നക്ഷത്രരാശി ആയില്യൻ, വൃശ്ചികം, സമാന്തരികം, ചുരുളൻ, തുലാം, സെന്റാറസ് എന്നീ ആറ് രാശികളുമായി അതിർത്തി പങ്കിടുന്നു. രാത്രിയിലെ ആകാശത്തിന്റെ 333.7 ചതുരശ്ര ഡിഗ്രി (0.809%) വിസ്തൃതിയുള്ള ഇത് 88 ആധുനിക നക്ഷത്രരാശികളിൽ 46-ാം സ്ഥാനത്താണ്.[8] Lup എന്ന ചുരുക്കെഴുത്ത് 1922-ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ചു.[9] പന്ത്രണ്ട് വശങ്ങളുള്ള ബഹുഭുജമായാണ് രാശിയുടെ അതിരുകൾ ഔദ്യോഗികമായി നിർവചിച്ചിരിക്കുന്നത്. ഖഗോളരേഖാംശം 14മ 17മി 48.0635sസെ.നും 16മ. 08മി. 36.6735സെ.നും ഇടയിലും അവനമനം -29.83°ക്കും −5°.5ക്കും ഇടയിലുമായാണഅ ഇത് സ്ഥിതിചെയ്യുന്നത്.[10]

നക്ഷത്രങ്ങൾ

[തിരുത്തുക]
നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന വൃകം നക്ഷത്രരാശി

കാന്തിമാനം 6.5ഓ അതിൽകൂടുതലോ ഉള്ള 127 നക്ഷത്രങ്ങൾ വൃകം നക്ഷത്രരാശിയിൽ ഉണ്ട്.[11][8] നക്ഷത്ര നാമങ്ങളും അവയുടെ അർത്ഥങ്ങളും എന്ന പുസ്തകത്തിൽ ആർ.എച്ച്. അലൻ വൃകം രാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായ ആൽഫ ലൂപിക്ക് യാങ് മുൻ എന്നും നീല ഭീമൻ നക്ഷത്രമായ ബീറ്റാ ലൂപിക്ക് കെക്വാൻ എന്നും പേരുകൾ നൽകി . രണ്ടും ചൈനീസ് നാമങ്ങളാണ്.[12]

ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളിൽ ഭൂരിഭാഗവും അടുത്തുള്ള സ്കോർപിയസ്-സെന്റോറസ് സ്റ്റെല്ലാർ അസോസിയേഷനിലെ അംഗങ്ങളാണ്.[13]

ഭൂമിയിൽ നിന്ന് 460 പ്രകാശവർഷം അകലെയുള്ള നീല ഭീമൻ നക്ഷത്രമാണ് ആൽഫ ലൂപ്പി . ഇത് ഒരു ബീറ്റ സെഫീ വേരിയബിളാണ്.

വിദൂരാകാശ പദാർത്ഥങ്ങൾ

[തിരുത്തുക]
പ്ലാനറ്ററി നെബുലയായ NGC 5882

നക്ഷത്രസമൂഹത്തിൻ്റെ വടക്ക് ഭാഗത്ത് ഗോളീയ താരവ്യൂഹങ്ങളായ NGC 5824 , NGC 5986 എന്നിവയും ഇരുണ്ട നെബുലയായ B 228ഉം ഉണ്ട്. തെക്കു ഭാഗത്തായി NGC 5822 , NGC 5749 എന്നീ തുറന്ന താരവ്യൂഹങ്ങളും ഉണ്ട്. കിഴക്കൻ അതിർത്തിയോടു ചേർന്ന് ഗോളീയ താരവ്യൂഹമായ NGC 5927 സ്ഥിതി ചെയ്യുന്നു . പടിഞ്ഞാറൻ അതിർത്തിയിൽ രണ്ട് സർപ്പിള താരാപഥങ്ങളും വോൾഫ് -റയറ്റ് പ്ലാനറ്ററി നെബുലയായ IC 4406ഉം ഉണ്ട്. 5,000 പ്രകാശവർഷം അകലെയുള്ള റെറ്റിന നെബുല (IC 4406) ഒരു സിലിണ്ടർ നെബുലയാണ്. അതിൻ്റെ മധ്യഭാഗത്തു കൂടെ പൊടി നിറഞ്ഞ ഇടനാഴികളുണ്ട്.[14] മറ്റൊരു പ്ലാനറ്ററി നെബുലയായ NGC 5882 നക്ഷത്രരാശിയുടെ മധ്യഭാഗത്താണുള്ളത്. Lupus-TR-3b എന്ന സൗരയൂഥേതരഗ്രഹവും ഈ നക്ഷത്രരാശിയിലാണ് സ്ഥിതി ചെയ്യുന്നത്. SN 1006 എന്ന സൂപ്പർനോവ 1006 ഏപ്രിൽ 30 മുതൽ മെയ് 1 വരെ വൃകം നക്ഷത്രരാശിയിൽ കാണുകയുണ്ടായി. ESO 274-1 എന്ന ഒരു സർപ്പിള ഗാലക്സിയും ഈ രാശിയിലുണ്ട്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Mark R. Chartrand III (1983) Skyguide: A Field Guide for Amateur Astronomers, p. 160 (ISBN 0-307-13667-1).
  2. Chartrand, p. 172.
  3. Babylonian Star-lore by Gavin White, Solaria Pubs, 2008, page 145 & 59ff
  4. Al-Sufi. "Book Of Fixed Stars". World Digital Library.
  5. Al-Sufi. "Book Of Fixed Stars". World Digital Library.
  6. Al-Sufi. "Book Of Fixed Stars". World Digital Library.
  7. Al-Sufi. "Book Of Fixed Stars". World Digital Library.
  8. 8.0 8.1 Ridpath, Ian. "Constellations: Lacerta–Vulpecula". Star Tales. Self-published. Retrieved 1 September 2015.
  9. Russell, Henry Norris (1922). "The New International Symbols for the Constellations". Popular Astronomy. 30: 469. Bibcode:1922PA.....30..469R.
  10. "Lupus, Constellation Boundary". The Constellations. International Astronomical Union. Retrieved 1 September 2015.
  11. Bortle, John E. (February 2001). "The Bortle Dark-Sky Scale". Sky & Telescope. Sky Publishing Corporation. Archived from the original on 31 March 2014. Retrieved 29 November 2014.
  12. Allen, R. H. (1899). Star-names and Their Meanings. New York: G. E. Stechart. p. 279.
  13. Preibisch, T.; Mamajek, E. (2008). "The Nearest OB Association: Scorpius-Centaurus (Sco OB2)". Handbook of Star-Forming Regions. 2. arXiv:0809.0407. Bibcode:2008hsf2.book..235P.
  14. Wilkins, Jamie; Dunn, Robert (2006). 300 Astronomical Objects: A Visual Reference to the Universe (1st ed.). Buffalo, New York: Firefly Books. ISBN 978-1-55407-175-3.

പരാമർശിച്ചിരിക്കുന്ന വാക്യങ്ങൾ

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

നിർദ്ദേശാങ്കങ്ങൾ: Sky map 15h 18m 00s, −45° 00′ 00″


"https://ml.wikipedia.org/w/index.php?title=വൃകം_(നക്ഷത്രരാശി)&oldid=4139539" എന്ന താളിൽനിന്ന് ശേഖരിച്ചത്