പ്രാജിത (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രാജിത (Auriga)
പ്രാജിത
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
പ്രാജിത രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Aur
Genitive: Aurigae
ഖഗോളരേഖാംശം: 6 h
അവനമനം: +40°
വിസ്തീർണ്ണം: 657 ചതുരശ്ര ഡിഗ്രി.
 (21-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
5, 8
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
65
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
6
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
4
സമീപ നക്ഷത്രങ്ങൾ: 3
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
കപെല്ല (α Aur)
 (0.08m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
QY Aur
 (20.0 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 3
ഉൽക്കവൃഷ്ടികൾ : Alpha Aurigids
Delta Aurigids
സമീപമുള്ള
നക്ഷത്രരാശികൾ:
കരഭം (Camelopardalis)
വരാസവസ് (Perseus)
ഇടവം (Taurus)
മിഥുനം (Gemini)
കാട്ടുപൂച്ച (Lynx)
അക്ഷാംശം +90° നും −40° നും ഇടയിൽ ദൃശ്യമാണ്‌
ഫെബ്രുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്പ്രാജിത (Auriga). പ്രകാശമാനം കൂടിയ നക്ഷത്രങ്ങളുള്ളതിനാൽ ഇത് എളുപ്പം തിരിച്ചറിയാനാകുന്ന ഒരു നക്ഷത്രരാശിയാണ്‌. ആകാശഗംഗനക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു. 88 രാശികളുള്ള ആധുനിക നക്ഷത്രരാശികളുടെ പട്ടികയിലും 48 എണ്ണമുള്ള ടോളമിയുടെ പട്ടികയിലും പ്രാജിത ഉൾപ്പെടുന്നുണ്ട്. സാരഥി എന്നർത്ഥം വരുന്ന ലാറ്റിൽ വാക്കിൽ നിന്നാണ് ഓറിഗ എന്ന പേര് സ്വീകരിച്ചിട്ടുള്ളത്. പ്രാജിത എന്ന വാക്കിനും സൂതൻ, വണ്ടിക്കാരൻ എന്നെല്ലാമാണ് അർത്ഥം. ഗ്രീക്ക് ഇതിഹാസ കഥാപാത്രങ്ങളായ എറിത്തോണിയസ്, മിർട്ടിലസ് എന്നിവരുടെ ഐതിഹ്യങ്ങളുമായാണ് ഈ രാശി ബന്ധപ്പെട്ടു കിടക്കുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സൂര്യാസ്തമയത്തിനു ശേഷം പ്രാജിത ആകാശത്തു തെളിഞ്ഞു കാണാം. ഈ രാശിയിലെ കാപ്പെല്ലയും മറ്റു രാശികളിലെ റീഗൽ, തിരുവാതിര, പോളക്സ്, പ്രോസിയോൺ, സിറിയസ് എന്നിവ ചേർന്ന് ശീതകാല പഞ്ചഭുജം എന്ന ഒരു ആസ്റ്ററിസം സൃഷ്ടിക്കുന്നു.

ചരിത്രവും ഐതിഹ്യവും[തിരുത്തുക]

പ്രാജിതയെ കുറിച്ചുള്ള ആദ്യത്തെ രേഖപ്പെടുത്തൽ കണ്ടെത്തിയിട്ടുള്ളത് മെസപ്പൊട്ടേമിയയിൽ നിന്നാണ്. ഗാം എന്നാണ് അവർ അതിനു നൽകിയിരുന്ന പേര്. ആട്ടിടയന്മാരുപയോഗിച്ചിരുന്ന വളഞ്ഞ ഒരിനം വടിയുമായി ഈ പേര് ബന്ധപ്പെട്ടിരിക്കുന്നു. മുൽ.ആപിൻ എന്ന ബാബിലോണിയൻ നക്ഷത്ര കാറ്റലോഗിൽ ഇതിനെ ഗാംലം എന്നും മുൽ.ഗാം എന്നും മാറി മാറി ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ ഇടവം രാശിയിൽ ഉൾപ്പെട്ടിരിക്കുന്ന എൽനാത്ത് എന്ന നക്ഷത്രം ഒരു കാലത്ത് പ്രാജിതയിലാണ് ഉൾപ്പെടുത്തിയിരുന്നത്. അറബി നാടോടികളായ ബെഡുയിൻ ജ്യോതിഃശാസ്ത്രജ്ഞർ നക്ഷത്രങ്ങളെയെല്ലാം മൃഗങ്ങളുമായി ബന്ധപ്പെടുത്തിയാണ് അടയാളപ്പെടുത്തിയിരുന്നത്. ഓരോ നക്ഷത്രത്തെയും ഓരോ മൃഗങ്ങളുമായി അവർ ബന്ധപ്പെടുത്തിയിരുന്നു. പ്രാജിതയിലെ നക്ഷത്രങ്ങൾ ആടുകളുടെ കൂട്ടമായാണ് അവർ കണ്ടിരുന്നത്. ഗ്രീക്ക് ഇതിഹാസങ്ങളിലും ആടുമായാണ് ഈ രാശിയെ ആദ്യം ബന്ധിപ്പിച്ചിരുന്നത്.[1] എന്നാൽ പിന്നീട് ഇത് എറിക്‌തോണിയസുമായി ബന്ധിപ്പിക്കുകയാണുണ്ടായത്.[2]

ഗ്രീക്ക് ഇതിഹാസങ്ങളിൽ ഏഥൻസിലെ ഒരു വീരയോദ്ധാവായിരുന്നു എറിക്‌തോണിയസ്. നാലു കുതിരകളെ കെട്ടിയ ഒരു രഥമുണ്ടായിരുന്നു അദ്ദേഹത്തിന്. ഈ രഥത്തിലിരുന്നാണ് എറിക്‌തോണിയസ് ഏഥൻസിനെ അക്രമിച്ചു കീഴടക്കിയ തെർമോപിലീ രാജാവായിരുന്ന ഏംഫിക്ടിയോണിനെ തോൽപിച്ച് ഏഥൻസിനെ സ്വതന്ത്രമാക്കിയത്. അതിനു ശേഷം അദ്ദേഹം അവിടത്തെ രാജാവായി അവരോധിക്കപ്പെട്ടു.[3][4] പിന്നീട് സീയൂസ് ദേവൻ എറിൿതോണിയസിനെ ആകാശത്തു പ്രതിഷ്ഠിച്ചു.[5][6]

മറ്റൊരു കഥ ഹെർമ്സിന്റെ മകനും ഈനോമേയ്സിന്റെ സാരഥിയുമായ മിർട്ടിലസുമായി ബന്ധപ്പെട്ടുള്ളതാണ്.[4] ഈനോമേയ്സിന്റെ മകളായ ഹിപ്പോഡാമിയയെ വിവാഹം ചെയ്യുന്നതിന് മിർട്ടിലസ് പിലോപ്സിനെ സഹായിച്ചു. ഇതിനു പ്രതിഫലം ആവശ്യപ്പെട്ട മിർട്ടിലസിനെ പിലോപ്സ് കൊന്നുകളയുകയാണുണ്ടായത്. ഹെർമ്സ് തന്റെ മകനെ ആകാശത്തു പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.

മറ്റു ചില കഥകളിൽ അബ്സിർടസിന്റെ ശരീരഭാഗങ്ങളാണ് പ്രാജിതയിലെ നക്ഷത്രങ്ങൾ എന്നു പറയുന്നു. അബ്സിർടിസിന്റെ സഹോദരിയും ജാസന്റെ ഭാര്യയുമായ മീഡിയ സഹോദരനെ കൊന്ന് ശരീരത്തെ കഷണങ്ങളാക്കി മുറിച്ച് കടലിലെറിഞ്ഞു എന്നാണ് കഥ. ഈ ശരീരഭാഗങ്ങളാണത്രെ പ്രാജിതയിലെ ഓരോ നക്ഷത്രങ്ങളും.[7]

ഇതിലെ [[കാപ്പെല്ല (നക്ഷത്രം)|കാപ്പെല്ല)) എന്ന നക്ഷത്രം ഗ്രീക്ക് ഇതിഹാസങ്ങളിൽ പരാമർശിക്കുന്ന ആടാണ്. ഈ ആടാണത്രെ സീയൂസ് ദേവനെ കുട്ടിക്കാലത്ത് പാലൂട്ടി വളർത്തിയത്.[8]

രഥത്തെയും അതിലിരിക്കുന്ന സാരഥിയേയും ചേർത്താണ് സാധാരണയായി പ്രാജിതയെ ചിത്രീകരിക്കാറുള്ളത്. സാരഥിയുടെ ഇടത്തേ തോളിൽ ഒരു ആടും കൈകളിൽ രണ്ട് ആട്ടിൻകുട്ടികളും ഉണ്ട്.[9] ഓരോ കാലഘട്ടത്തിലും ചിത്രീകരണത്തിൽ വ്യത്യസ്തതകൾ ഉണ്ടായിരുന്നു. വലത്തേ കൈയിലെ കടിഞ്ഞാൺ ചിലപ്പോൾ ചാട്ടവാർ ആയി മാറി. 1488ൽ ഹിജൈനസ് ഇതിനെ നാലു ചക്രങ്ങളുള്ള ഒരു വണ്ടിയായി ചിത്രീകരിച്ചു. ഈ വണ്ടി വലിച്ചിരുന്നത് രണ്ടു കാളകളും ഒരു കുതിരയും ഒരു സീബ്രയും ആയിരുന്നു. 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജേക്കബ് മിസില്ലസ് രണ്ടു ചക്രങ്ങളുള്ള വണ്ടിയായാണ് ചിത്രീകരിച്ചത്. രണ്ടു കുതിരകളും രണ്ടു കാളകളും ആയിരുന്നു ഈ വണ്ടി വലിച്ചത്. തുർക്കിയിൽ നിന്നും കിട്ടിയ ചാർട്ടിൽ പ്രാജിതയെ ഒരു മ്യൂൾ (ആൺ കഴുതയും പെൺ കുതിരയും ഇണ ചേർന്ന് ഉണ്ടാകുന്ന ജീവി) ആയും ഫ്രാൻസിൽ നിന്നു കിട്ടിയതിൽ മുട്ടു കുത്തി നിൽക്കുന്ന ആദം ആയും ആണ് ചിത്രീകരിച്ചിരിക്കുന്നത്. ആദത്തിന്റെ തോളിൽ ഒരു ആടിനെയും ചിത്രീകരിച്ചിട്ടുണ്ട്.[10][11]

യുറാനിയാസ് മിററിൽ ചിത്രീകരിച്ചിരിക്കുന്ന പ്രാജിത.

നക്ഷത്രങ്ങൾ[തിരുത്തുക]

കാപ്പെല്ല എന്നറിയപ്പെടുന്ന ആൽഫ ഓറിഗ ആണ് പ്രാജിതയിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം.43 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഇത് ഒരു G-ടൈപ്പ് ഭീമൻ നക്ഷത്രമാണ്.[12] ഇതിന്റെ കാന്തിമാനം 0.08 ആണ്.[3] പ്രാചീന ഗ്രീക്ക് പുരാണങ്ങളിൽ അമാൽത്തിയ എന്നും വിളിക്കുന്നുണ്ട്. സിയൂസ് ദേവൻ ശിശുവായിരുന്ന കാലത്ത് പാലൂട്ടിയിരുന്ന ആടിന്റെ പേരാണ് അമാൽത്തിയ. അതുകൊണ്ട് ഇതിനെ അജനക്ഷത്രം എന്നും വിളിക്കാറുണ്ട്[9][8][13] അറേബ്യക്കാർ ഇതിനെ ആട് എന്ന് അർത്ഥം വരുന്ന അൽ-അയൂഖ് എന്നും സുമേറിയക്കാർ അജനക്ഷത്രം എന്ന് അർത്ഥം വരുന്ന മുൽ.അസ്.കാർ എന്നും വിളിച്ചു.[14] കാപ്പെല്ല ഒരു സ്പെക്ട്രോസ്കോപിക് ദ്വന്ദ്വനക്ഷത്രം ആണ്. 104 ദിവസങ്ങൾ കൊണ്ടാണ് ഇവ ഒരു പ്രാവശ്യം ഒന്നു കറങ്ങിവരുന്നത്. സഹനക്ഷത്രം ഒരു മഞ്ഞഭീമൻ ആണ്.[8] പ്രാഥമികനക്ഷത്രത്തിന്റെ ആരം സൂര്യന്റേതിനേക്കാൾ 11.7 മടങ്ങും പിണ്ഡം സൂര്യന്റേതിനേക്കാൾ 2.47 മടങ്ങും ആണുള്ളത്. ദ്വിദീയ നക്ഷത്രത്തിന്റെ ആരം സൂര്യന്റേതിനേക്കാൾ 8.75 മടങ്ങും പിണ്ഡം 2.44 മടങ്ങും ആണ്. രണ്ടു നക്ഷത്രങ്ങളും തമ്മിലുള്ള അകലം 11 കോടി കി.മീറ്ററുകൾ ആണ്.[15] കാപ്പെല്ലയുടെ കേവലകാന്തിമാനം 0.3ഉം തിളക്കം സൂര്യന്റെ 160 മടങ്ങും ആണ്.[16]

പ്രാജിത

മെൻകാലിനൻ എന്നു വിളിക്കുന്ന ബീറ്റ ഓറിഗ ഒരു A ടൈപ്പ് നക്ഷത്രമാണ്.[8][3][17] തേരോടിക്കുന്നവന്റെ തോൾ എന്നർത്ഥം വരുന്ന 'മാൻകിബ് ബ്ദു അൽ-ഇനാൻ' എന്ന അറബ് വാക്കിൽ നിന്നാണ് മെൻലിനൻ എന്ന പേര് ഉണ്ടായത്.[14] കാന്തിമാനം 1.9 ഉള്ള ഈ നക്ഷത്രം ഭൂമിയിൽ നിന്നും 81 പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്.[17] 3.96 ദിവസങ്ങൾ കൊണ്ട് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്ന ദ്വന്ദ്വനക്ഷത്രമാണ് മെൻകാലിനൻ.[8] ഇതിന്റെ കേവലകാന്തിമാനം 0.6ഉം തിളക്കം സൂര്യന്റെ 50 മടങ്ങുമാണ്.[16]

ഹസാലേഹ്, കബ്ധിലിനാൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന അയോട്ട ഓറിഗ ഒരു കെ ടൈപ്പ് ഭീമൻ നക്ഷത്രമാണ്.[18] ഇതിന്റെ കാന്തിമാനം 2.69ഉം ഭൂമിയിൽ നിന്നുള്ള അകലം 494 പ്രകാശവർഷവുമാണ്.[3][16][18] ഇതിന്റെ കേവലകാന്തിമാനം -2.3ഉം തിളക്കം സൂര്യന്റെ 700 മടങ്ങുമാണ്.[16] ഇതിന്റെ കൊറോണയിൽ നിന്ന് എക്സ്-കിരണങ്ങൾ ഉൽസർജ്ജിക്കുന്നുണ്ട്.[19][20] കുതിരക്കാരന്റെ ചുമൽ എന്നർത്ഥമുള്ള അൽ-കബ് ധ്‍ഇൽ ഇനാൻ എന്ന അറബി വാക്കിൽ നിന്നാണ് കബ്ധിലിനാൻ എന്ന പേര് സ്വീകരിച്ചത്.

പ്രാജിതയുടെ വടക്ക് ഭാഗത്ത് കിടക്കുന്ന കെ ടൈപ്പ് ഭീമൻ നക്ഷത്രമാണ് ഡെൽറ്റ ഓറിഗ.[21][16][21][22] 130 കോടി വർഷം പ്രായമുള്ള ഈ നക്ഷത്രം ഭൂമിയിൽ നിന്നും 126 പ്രകാശവർഷം അകലെയാണ് കിടക്കുന്നത്.[22][21] ദൃശ്യകാന്തിമാനം 3.72ഉം കേവലകാന്തിമാനം 0.2ഉം തിളക്കം സൂര്യന്റെ 60 മടങ്ങുമാണ്.[16] സൂര്യന്റെ 12 മടങ്ങ് ആരവും രണ്ടു മടങ്ങ് പിണ്ഡവുമുള്ള ഈ നക്ഷത്രം ഒരു ഭ്രമണം പുർത്തിയാക്കാൻ ഒരു വർഷം എടുക്കുന്നു.[21]

അൽ-ഹുർ എന്ന ലാംഡ ഓറിഗ ഒരു ജി ടൈപ്പ് മുഖ്യധാരാ നക്ഷത്രമാണ്.[9][23] ഭൂമിയിൽ നിന്നും 41 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ ദൃശ്യകാന്തിമാനം 4.71ഉം കേവലകാന്തിമാനം 4.4ഉം ആണ്.[16][23] വളരെ കുറഞ്ഞ തോതിലുള്ള ഇൻഫ്രാറെഡ് വികിരണങ്ങളെ ഇതിൽ നിന്നും പുറത്തു വരുന്നുള്ളു.[24] 6 കോടി 20 ലക്ഷം വർഷം പ്രായമുള്ള ഈ നക്ഷത്രത്തിലെ ഹൈഡ്രജൻ എരിഞ്ഞു തീരാരായിരിക്കുന്നു. 83 കി.മീ/സെ. എന്ന വളരെ ഉയർന്ന റേഡിയൽ വെലോസിറ്റിയും ഈ നക്ഷത്രം കാണിക്കുന്നുണ്ട്. ഇതിന്റെ പിണ്ഡം 1.07 മടങ്ങും ആരം സൂര്യന്റെ 1.3 മടങ്ങും ഭ്രമണകാലം 26 ദിവസവുമാണ്. ഇതിലെ ഇരുമ്പിന്റെ സാന്നിദ്ധ്യം സൂര്യനിലുള്ളതിനേക്കാൾ 1.15 മടങ്ങ് ഉണ്ടെങ്കിലും കാർബൺ, നൈട്രജൻ എന്നിവ താരതമ്യേന കുറവാണ്.

ന്യൂ ഓറിഗ ഒരു ജി ടൈപ്പ് ഭീമൻ നക്ഷത്രമാണ്.[25] ഭൂമിയിൽ നിന്നും 230 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 3.97 ആണ്.[16] സൂര്യന്റെ 60 മടങ്ങ് തിളക്കമുണ്ട് ഈ നക്ഷത്രത്തിന്.[16] ഇതിന്റെ ആരം സൂര്യന്റെ 20 മടങ്ങും പിണ്ഡം സൂര്യന്റെ 3 മടങ്ങും ആണ്.

നക്ഷത്രം സ്പെക്ട്രൽ തരം ദൃശ്യകാന്തിമാനം[16] കേവലകാന്തിമാനം[16] ദൂരം (പ്രകാശവർഷം)
ടൗ ഓറിഗ G8III[26] 4.52 0.3 206[26]
ഉപ്സിലോൺ ഓറിഗ M0III[27] 4.74 −0.5 526[27]
പൈ ഓറിഗ M3II[28] 4.26 −2.4 758[28]
കാപ്പ ഓറിഗ G8.5IIIb[29] 4.25 0.3 177[29]
ഒമേഗ ഓറിഗ A1V[30] 4.94 0.6 171[30]
2 ഓറിഗ K3III[31] 4.78 −0.2 604[31]
9 ഓറിഗ F0V[32] 5.00 2.6 86[32]
മ്യൂ ഓറിഗ A4m[33] 4.86 1.8 153[33]
സിഗ്മാ ഓറിഗ K4III[34] 4.89 −0.3 466[34]
ചി ഓറിഗ B4Ib[35] 4.76 −6.3 3032[16]
ക്സൈ ഓറിഗ A2V[36] 4.99 0.8 233[36]

ഗ്രഹവ്യവസ്ഥ[തിരുത്തുക]

ജ്യോതിശാസ്ത്രവസ്തുക്കൾ[തിരുത്തുക]

ഈ രാശിയിലെ നക്ഷത്രമായ കപെല്ലയുടെ ദൃശ്യകാന്തിമാനം 0.08m ആണ്‌. ഉത്തരാർദ്ധഗോളത്തിലെ മൂന്നാമത്തെ പ്രകാശമേറിയ നക്ഷത്രവും ആകെപ്പാടെ ആറാമത്തെ പ്രകാശമേറിയ നക്ഷത്രവും ആണിത്.

M36, M37, M38 എന്നീ മെസ്സിയർ വസ്തുക്കൾ പ്രാജിത രാശിയിലുണ്ട്. ഇവയെല്ലാം തന്നെ ഓപ്പൺ ക്ലസ്റ്ററുകളാണ്‌. ഇവയെ ബൈനോക്കുലറുകൾ ഉപയോഗിച്ച് കാണാനാകും.

ഇടവം രാശിയിലെ നക്ഷത്രമായ എൽനാത്ത് ഈ രാശിയുടെ അതിർത്തിയിലാണ്‌.

ഉൽക്കാവർഷം[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പ്രാജിത_(നക്ഷത്രരാശി)&oldid=2894123" എന്ന താളിൽനിന്നു ശേഖരിച്ചത്