പടയണി
കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാന സ്വഭാവം ഉള്ള കലയാണ് ഇത്.[1]. വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് [അവലംബം ആവശ്യമാണ്] ഇത് നടത്തിവരുന്നത് എന്നതിനാൽ കാണുവാനാകും. കവുങ്ങിൻപാളകളിൽ നിർമ്മിച്ച വലുതും ചെറുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങൾക്കിടയിൽ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തിൽ തുള്ളിയുറയുന്നതാണ് ഇതിന്റെ അവതരണരീതി. പ്രധാനമായും ഭദ്രകാളി ക്ഷേത്രത്തിൽ, കാവുകളിൽ എന്നിവിടങ്ങളിൽ ആണ് പടയണി നടക്കുന്നത്. മധ്യ തിരുവിതാംകൂറിലെ പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലായി പരന്നുകിടക്കുന്ന പ്രദേശങ്ങളിൽ പടയണി നടത്താറുണ്ട്. കേന്ദ്ര ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കടമ്മനിട്ട പടയണി ഗ്രാമം കേരളത്തിലെ പ്രമുഖ പടയണി പഠന പരിശീലന കേന്ദ്രമാണ്. വടക്കൻ മലബാറിലെ തെയ്യങ്ങളുമായി സാമ്യം ഉണ്ട് .
വസൂരിപോലെയുള്ള സാംക്രമികരോഗങ്ങളിൽ നിന്നു രക്ഷിക്കാൻ ദേവീപ്രീതിക്കായി മറുതക്കോലവും ഇഷ്ടസന്താനലാഭത്തിനു ദേവീപ്രസാദത്തിനായി കാലാരിക്കോലവും രാത്രികാലങ്ങളിലെ ഭയംമൂലമുണ്ടായിത്തീരുന്ന രോഗങ്ങളുടെ ശമനത്തിനായി മാടൻകോലവും കെട്ടുന്നു. യുദ്ധവിന്യാസത്തെക്കുറിയ്ക്കുന്ന പടശ്രേണി എന്ന പദത്തിൽ നിന്നും ഉത്‌ഭവിച്ചതാണ് പടയണി അഥവാ പടേനി.പടയണിയെ ആസ്പദമാക്കി നിർമ്മിച്ച ആദ്യത്തെ മലയാളസിനിമയാണ് "പച്ചത്തപ്പ് ".അനു പുരുഷോത്ത് കഥയെഴുതി സംവിധാനം ചെയ്ത പച്ചത്തപ്പ് ഡോ. ഉണ്ണികൃഷ്ണപിള്ള കരുനാഗപ്പള്ളിയാണ് നിർമ്മിച്ചിരിക്കുന്നത്.2020 ലെ മികച്ച കലാമൂല്യമുള്ള സിനിമയായി കേരള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തു.
.
ചരിത്രം
[തിരുത്തുക]പടയണി തികച്ചും ദ്രാവിഡീയമായ ആചാരങ്ങളിലൊന്നാണ്. ബുദ്ധമതക്കാരാണ് അതിന്റെ നവോത്ഥാനത്തിന്റെ പ്രായോജകർ എന്നു പറയാം. ആദ്യം പ്രാകൃത ദ്രാവിഡമായിരുന്നുവെങ്കിലും പിന്നീട് ബൗദ്ധരുടെ സംരക്ഷണയിൽ വളർന്നു. ഇന്നത്തെ കുട്ടനാട്, ആലപ്പുഴ പത്തനംതിട്ട ഭാഗങ്ങൾ 8 നൂറ്റാണ്ടും താണ്ടി 16 നൂറ്റാണ്ടുവരെ ബുദ്ധമതത്തിന്റെ സ്വാധിനത്തിലായിരുന്നു. പള്ളി ബാണപ്പെരുമാൾ എന്ന ചേര രാജാവാണ് പെരിഞ്ഞനത്തു നിന്നുള്ള തന്റെ കുടുംബദേവതയെ നീലമ്പേരൂർ കുടിയിരത്തുന്നതും ഈ അചാരങ്ങൾക്കും ആയോധന കലകൾക്കും പ്രോത്സാഹനം നൽകുന്നതും. പള്ളിബാണപ്പെരുമാൾ ആര്യാധിനിവേശനത്തിൽ നിന്ന് രക്ഷപ്പെട്ട് കുട്ടനാട്ടിലേക്ക് വരികയായിരുന്നു. അദ്ദേഹമാണ് ബുദ്ധമതത്തിന്റെ കേരളത്തിലെ അവസാനത്തെ പ്രോത്സാഹകൻ എന്നു പറയപ്പെടുന്നു.[2]
നീലമ്പേരൂർ നിലയുറപ്പിച്ച പള്ളിബാണപ്പെരുമാൾ നിരവധി ചൈത്യങ്ങളും വിഹാരങ്ങളും പണി കഴിപ്പിച്ചു. നീലം പേരൂരിലെ ക്ഷേത്രത്തിനു സമീപം മൂന്നരയടിയോളം ഉയരമുള്ളതും ചെങ്കലുകൊണ്ട് പണികഴിപ്പിച്ചതുമായ ഒരു പീഠമുണ്ട്. ഇവിടെ ഇരുന്നുകൊണ്ടാണ് അദ്ദേഹം രാജ്യ ഭരണം നടത്തിയിരുന്നതും ആര്യാധിനിവേശത്തിനെതിരായ പടയണിക്ക് മേൽനോട്ടം വഹിച്ചിരുന്നത്. ഈ ഉത്സവം അന്നത്തെ രാജ്യത്തിന്റെ അച്ചടക്കവും ആത്മാഭിമാനവും വിളച്ചോതുന്നവയായിരുന്നു. [2]
അനുഷ്ഠാനങ്ങൾ
[തിരുത്തുക]പ്രാചീനകാലത്തെ ഗണക സമുദായത്തിലെ ഒരു വിഭാഗമായിരുന്ന കണിയാന്മാർ ആചരിച്ചിരുന്ന സമാനമായ ഒരു നൃത്തരൂപത്തിൽ നിന്നാണു പടയണി ഉത്ഭവിച്ചതെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ലഭ്യമായിട്ടുണ്ട്. പ്രേതബാധയൊഴിപ്പിക്കാനുള്ള രീതിയായിരുന്നു ഈ മതാനുഷ്ഠാനം. പ്രേതബാധയുണ്ടെന്ന് സംശയിക്കുന്ന രോഗി പിണിയാൾ എന്നാണു വിളിക്കുക. കോലങ്ങൾ ധരിച്ച നർത്തകരുടെ നടുവിൽ പിണിയാളെ ഇരുത്തുന്നു. മന്ത്രോച്ചാരണങ്ങൾക്കിടയിൽ നർത്തകർ കോലം തുള്ളുകയ്യും ചെയ്യും. ഇന്നും കോലം തുള്ളലിൽ ഗണകർ അഗ്രഗണ്യരാണെന്നത് ,ഈ കലാരൂപം ആദിയിൽ ഗണക വിഭാഗത്തിലെ ആളുകൾ നടത്തിയിരുന്ന കോലം തുള്ളലായിരുന്നു എന്നതിനെ തെളിവാണെന്നും മിക്ക പണ്ഡിതന്മാരും കരുതുന്നത്. കളരി ആചാര്യന്മാരായിരുന്ന കണിയാർ പണിക്കർമാരും , ശിഷ്യന്മാരായ നായർ യുവ പടയാളികളും നടത്തിയിരുന്ന അഭ്യാസ പ്രകടനത്തിന്റെ ( പടശ്രേണി ) ആനുസ്മരിപ്പിക്കുന്ന ഒന്നാണെന്ന വാദവും നില നിൽക്കുന്നുണ്ട്. ആധൂനിക കാലത്തെ പടയണി നൃത്തത്തിൽ നായർ സമുദായക്കാരാണു അഭിനേതാക്കളായിട്ടുള്ളത്.ഗണക സമുദായത്തിൽ പെട്ടവരാണു വേഷങളും ഗാനങളും ചിട്ടപ്പെടുത്തുന്നത്.
ഐതിഹ്യം
[തിരുത്തുക]അസുരചക്രവർത്തിയായ ദാരികനെ ശിവപുത്രിയായ ഭദ്രകാളി നിഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ടാണ് പടയണിയുടെ ഐതിഹ്യകഥ. അസുരചക്രവർത്തിയായ ദാരികനെ അടക്കിനിർത്താൻ കഴിയാത്ത ദേവന്മാർ, മഹാവിഷ്ണുവിന്റെ നിർദ്ദേശപ്രകാരം ശിവഭഗവാനെ അഭയം പ്രാപിച്ചു. ദാരിക നിഗ്രഹത്തിന് ഭദ്രകാളിയെ നിയോഗിക്കാൻ ശിവൻ തീരുമാനിച്ചു. ബ്രഹ്മാവ് ഉപദേശിച്ചു കൊടുത്ത മൃത്യുഞ്ജയ മന്ത്രമായിരുന്നു അസുരരാജാവിന്റെ അജയ്യതയ്ക്ക് കാരണം. ഇത് ദാരികപത്നി യുദ്ധസമയങ്ങളിൽ ഉരുക്കഴിച്ചുകൊണ്ടിരിക്കുന്നതിനാലായിരുന്നു ദാരികനെ വധിക്കാൻ ആർക്കുമാകാഞ്ഞത്. ദാരികനുമായി യുദ്ധത്തിലേർപ്പെട്ട ഭദ്രകാളിക്ക് അദ്ദേഹത്തെ കീഴ്പ്പെടുത്താൻ ആദ്യം കഴിഞ്ഞില്ല. മൃത്യഞ്ജയമന്ത്രം മറ്റൊരാൾക്കു ദാരികന്റെ ഭാര്യ ഉപദേശിച്ചു കൊടുത്താൽ അതിന്റെ ശക്തി നശിക്കുമെന്ന് ബ്രഹ്മാവ് അസുരരാജാവിനോട് പറഞ്ഞിരുന്നു. ഇതു മനസ്സിലാക്കിയ ശിവപത്നി ശ്രീപാർവതി ബ്രാഹ്മണസ്ത്രീയുടെ വേഷത്തിലെത്തി പരിചാരിക ചമഞ്ഞ് മൃത്യഞ്ജയമന്ത്രം ദാരികന്റെ പത്നിയിൽ നിന്ന് സായത്തമാക്കി. ഇതോടെ ദാരികനെ തോല്പിക്കാൻ ഭദ്രകാളിക്ക് ആയി.
പാതാളത്തിൽ അഭയം തേടിയ ദാരികന്റെ തലയറത്ത് രക്താഭിഷിക്തയായ കാളിക്ക് കോപമടങ്ങിയില്ല. അതുണ്ടാക്കാമായിരുന്ന ഭവിഷ്യത്തുകൾ മനസ്സിലാക്കിയ ശിവൻ അവർക്ക് വഴിയിൽ കിടന്ന് മാർഗ്ഗതടസം സൃഷ്ടിച്ചു. അതിനും കാളിയെ തടയാനായില്ല. പിന്നീട് ശ്രീമുരുകനെ കാളിയെ അടക്കിനിർത്താൻ ശിവൻ നിയോഗിച്ചു. മുരുകനും അതിന് കഴിഞ്ഞില്ല. ഒടുവിൽ ഒരിടത്തും പഠിക്കാത്തതും അപ്പോൾ തോന്നിയതുമായ ഒരു വിദ്യ പ്രയോഗിക്കാൻ മുരുകൻ നിശ്ചയിച്ചു. അതനുസരിച്ച് പ്രകൃതിയിൽ നിന്നും പരിസരങ്ങളിൽ നിന്നും കൈയെത്തിയെടുത്ത പച്ചിലച്ചാറ്, ചെഞ്ചാറ്, മഞ്ഞൾ, കരിക്കട്ടകൾ, വിവിധ വർണ്ണങ്ങളിലുള്ള ചുണ്ണാമ്പു കല്ലുകൾ എന്നിവ ചാലിച്ചെടുത്ത ചായക്കൂട്ടുകളാൽ കമുകിൻ പാളകളിൽ വരച്ചുണ്ടാക്കിയ വൈവിദ്ധ്യമാർന്ന കോലങ്ങൾകൊണ്ട് സ്വന്തശരീരം മറച്ചുപിടിച്ച് രൗദ്രരൂപീണിയായ കാളിയുടെ മുമ്പിൽ തുള്ളുകയുണ്ടായി.(കോലം കെട്ടിയുള്ള ഈ തുള്ളൽ നടത്തിയത് ശിവന്റെ ഭൂതഗണങ്ങളായ നന്ദികേശൻ, രുരു, കുണ്ഡോദൻ എന്നിവരാണെന്നും ഐതിഹ്യമുണ്ട്).ശ്രീമുരുകന്റെ മെയ്യിലെയും ശിരസ്സിലെയും കോലങ്ങൾകണ്ട ഭദ്രകാളി അത്ഭുതം കൂറുകയും ശ്രദ്ധ അതിൽ ഏകാഗ്രമാക്കുകയാൽ ക്രമേണ കലി അടങ്ങുകയും കോപം ആറിത്തണുക്കുകയും ചെയ്തത്രേ.ഇതിനെ അനുസ്മരിച്ചാണ് പടയണിക്കോലങ്ങൾ കെട്ടുന്നത്.എന്നാണ് ഐതിഹ്യം.[3]
കേരളം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ ചക്രവർത്തിയുടെ യുദ്ധവിജയങ്ങൾ പ്രഘോഷിക്കുന്നതിനായാണ് ഇത് ആരംഭിച്ചതെന്നും ഐതിഹ്യമുണ്ട്. പടയണിപ്പാട്ടിലെ പല സന്ദർഭങ്ങളിലും ഈ യുദ്ധത്തെപ്പറ്റി പരാമർശങ്ങൾ ഉണ്ട്.[4]
ചടങ്ങുകൾ
[തിരുത്തുക]പടയണിക്ക് പലതരത്തിലുള്ള കോലങ്ങളാണ് കെട്ടിത്തുള്ളുന്നു കമുകിൻപാള കലാഭംഗിയോടെ മുറിച്ച് നിയതവും നിശ്ചിതവുമായ ആകൃതിയിൽ ചെത്തിയെടുത്ത് പച്ച ഈർക്കിൽകൊണ്ടു കൂട്ടിയോജിപ്പിച്ച്, ഭംഗിയോടെ മുറിച്ചെടുത്ത കുരുത്തോലയും കമുകിൻ പൂക്കുലയും, പൂമാലകളും അലങ്കരിച്ച് ചെങ്കല്ല്, കരി, മഞ്ഞൾ എന്നിവ കൊണ്ട് ചായക്കൂട്ടുകൾ ഉണ്ടാക്കി ആ നിറക്കൂട്ടുകളാൽ ചിത്രകാരന്മാർ നിയതരൂപങ്ങൾ അവയിൽ എഴുതുന്നു. [5] കോലങ്ങൾ തുള്ളൽ കലാകാരന്മാർ തലയിലേറ്റി ക്ഷേത്രാങ്കണത്തിലേക്ക് എഴുന്നള്ളിക്കുന്നു. കാലൻകോലം, ഭൈരവിക്കോലം എന്നിവയ്ക്ക് അമ്പത്തൊന്നും, നൂറ്റൊന്നും പാളവരെ ഉപയോഗിക്കുന്നു.
കാച്ചിക്കെട്ട്
[തിരുത്തുക]കുംഭം, മീനം മാസങ്ങളിലാണ് പടയണി നടക്കാറ്. പന്ത്രണ്ട് ദിവസത്തോളം നീണ്ടു നിൽക്കുന്ന പടയണിയുടെ ഒന്നാം ദിവസത്തെ ചടങ്ങ് ചൂട്ടുവെപ്പോടുകൂടി ആരംഭിക്കുന്നു. പടയണി നടക്കുന്നു എന്ന വിവരമറിയിയ്ക്കാൻ നടത്തുന്ന വാദ്യമേളമാണ് കാച്ചിക്കെട്ട്. ചിലയിടങ്ങളിൽ ഇതിനെ തപ്പുമേളം എന്നും പറയും. ചൂട്ടുക്കറ്റയിലാണ് ശ്രീകോവിലിൽ നിന്നും അഗ്നി സ്വരൂപിണിയായ അമ്മയെ ആവാഹിക്കുന്നത്. അങ്ങനെ ആവാഹിച്ചെടുത്ത അഗ്നി യഥാസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ ചടങ്ങുകൾ തീരുന്നതുവരെ അണയാതെ എരിഞ്ഞു കൊണ്ടു തന്നെ നിൽക്കണം.
കാപ്പൊലിയും താവടിതുള്ളലും
[തിരുത്തുക]ഇലകളോട് കൂടിയ ചെറിയ മരച്ചില്ലകൾ വീശിക്കൊണ്ട് ആർത്തുവിളിച്ച് ആണ് കാപ്പൊലി നടത്തുന്നത്.കൈമണികളേന്തിയുള്ള തുള്ളലാണ് താവടിതുള്ളൽ. തിരുവല്ല കുന്നന്താനം തുടങ്ങിയ സ്ഥലങ്ങളിൽ ഇത് അടവി എന്നും പറയപ്പെടുന്നു
കോലംതുള്ളൽ
[തിരുത്തുക]കമുകിൻ പാള ചെത്തിയെടുത്ത് പച്ച ഈർക്കിൽ കൊണ്ട് യോജിപ്പിച്ച് അരികുകളിൽ കുരുത്തോലയും കൊണ്ടാണ് കോലങ്ങൾ ഉണ്ടാക്കുന്നത് ആചാരദേവതയുടെ കോലം കരിയും ചെങ്കല്ലും മഞ്ഞളും പാളയിൽ വരഞ്ഞുണ്ടാക്കുന്നു.
വ്രതാനുഷ്ഠാനത്തിനുമാത്രമായി കാലൻകോലം,ഭൈരവിക്കോലം,ഗണപതിക്കോലം,യക്ഷിക്കോലം എന്നിവയുണ്ട്.
പ്രധാന കോലങ്ങൾ
[തിരുത്തുക]- ഭൈരവി കോലം
- കാലൻ കോലം
- യക്ഷിക്കോലം
- പക്ഷിക്കോലം
- മാടൻ കോലം
- മറുത കോലം
- ഗണപതി അഥവാ പിശാച് കോലം
- ശിവ കോലം
- ദേവതാ കോലം
- ഭദ്രകാളി കോലം
- കുതിര കോലം
- കാഞ്ഞിരമാല
- കുറത്തി
റഫറൻസുകൾ
[തിരുത്തുക]- പടേനി : കടമ്മനിട്ട വാസുദേവൻ പിള്ള
- പടയണിയരങ്ങുകൾ, പേജ്50-53, മാതൃഭൂമി യാത്ര, ജൂലായ് 2014
- ↑ http://malayalam.webdunia.com/entertainment/artculture/heritage/0809/24/1080924058_1.htm വെബ് ദുനിയയിൽ പടയണിയെപ്പറ്റിയുള്ള ലേഖനം
- ↑ 2.0 2.1 Sadasivan, S. N. (2000). A Social History of India. എ.പി.ച്ച്. പ്രസാധകർ.
- ↑ "പടയണിയുടെ കഥ". Archived from the original on 2014-02-10 09:49:38. Retrieved 2014 ഫെബ്രുവരി 10.
{{cite news}}
: Check date values in:|accessdate=
and|archivedate=
(help) - ↑ Pindiyath, Dinamani. "What is PADAYANI??". Archived from the original on 2017-09-10.
- ↑ http://malayalam.webdunia.com/entertainment/artculture/heritage/0809/24/1080924058_2.htm