ദാരികൻ
ദാരികൻ ഒരു അസുര ചക്രവർത്തിയാണെന്ന് മാർക്കണ്ഡേയ പുരാണത്തിന്റെ ഭാഗമായ ഭദ്രോൽപ്പത്തി പ്രകരണത്തിൽ കാണാം. മാതാവായ ദാരുമതിയുടെ ഉപദേശപ്രകാരം ഇദ്ദേഹം ബ്രഹ്മാവിനെ തപസ്സ് ചെയ്തു പ്രത്യക്ഷപ്പെടുത്തി. സ്ത്രീയാൽ മാത്രമേ വധിക്കപ്പെടാവൂ എന്നും, പതിനായിരം ആനകളുടെ കരുത്തും, തന്റെ ഓരോ തുള്ളി ചോരയിൽ നിന്നും തന്നെപോലെ ആയിരം ദാരികന്മാർ ഉണ്ടാകണമെന്നും, കൂടാതെ ബ്രഹ്മാസ്‌ത്ര മന്ത്രങ്ങളും വരമായി നേടിയ ദാരികൻ മൂന്ന് ലോകങ്ങളും കീഴടക്കി.
ദാരികൻ്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നപ്പോൾ ദേവന്മാർ ത്രിമൂർത്തികളെ ശരണം പ്രാപിച്ചു. ദേവന്മാരുടെ ശക്തിയിൽ നിന്നും അവതരിച്ച ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, കൗമാരി, ഇന്ദ്രാണി, വരാഹി എന്നി ആറ് ദേവിമാരെ ദാരികനെ നേരിടാൻ അയച്ചു എങ്കിലും അവരും പരാജയപ്പെട്ടു. ഒടുവിൽ ദാരികന് നേർവഴി ഉപദേശിക്കാൻ മഹാദേവൻ നാരദരെ അയക്കുന്നു.
തൻ്റെ ദൂതനായ നാരദരെ ദാരികൻ അപമാനിച്ചതിൽ കോപം കൊണ്ട ശിവന്റെ തൃക്കണ്ണിൽ നിന്നും ഉഗ്രരൂപിണിയായ ഭദ്രകാളി പ്രത്യക്ഷപ്പെടുന്നു. വേതാളപ്പുറത്തേറിയ ഭഗവതി ദാരികനെ പോരിനു വിളിക്കുന്നു. തുടർന്നു നടക്കുന്ന മഹായുദ്ധത്തിൽ കാളി ദാരികനെ വധിക്കുന്നു. കാളിയുടെ വാഹനമായ വേതാളം ദാരികന്റെ ഒരു തുള്ളി രക്തം പോലും നിലത്തു വീഴാതെ പാനം ചെയ്യുന്നു. പടയണി, മുടിയേറ്റ്, കളമെഴുത്തു പാട്ട്, തോറ്റംപാട്ട്, തെയ്യം തുടങ്ങിയ അനുഷ്ഠാന കലാരൂപങ്ങളുടെ ഇതിവൃത്തം കാളിദാരിക യുദ്ധമാണ്. കേരളത്തിലെ ഭഗവതീ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യവും ഇത് തന്നെയാണ്.[1][2]
അവലംബം
[തിരുത്തുക]- ↑ "പടയണിയുടെ കഥ". വെബ് ദുനിയ. Archived from the original on 2017-05-23. Retrieved 2017-12-05.
{{cite web}}: CS1 maint: bot: original URL status unknown (link) - ↑ "മുടിയേറ്റ്". കേരള വിനോദസഞ്ചാര വകുപ്പ്. Archived from the original on 2013-05-10. Retrieved 2017-12-05.
{{cite web}}: CS1 maint: bot: original URL status unknown (link)
