Jump to content

നവരാത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നവരാത്രി, വിജയദശമി
പ്രദേശത്തെ ആശ്രയിച്ച്, തിന്മക്കെതിരായി ആദിപരാശക്തി അഥവാ ഭഗവതി അല്ലെങ്കിൽ രാമന്റെ വിജയം നവരാത്രി ദിനത്തിൽ ആഘോഷിക്കുന്നു[1]
ഇതരനാമംനവരാത്രി അല്ലെങ്കിൽ നവരതം
ആചരിക്കുന്നത്ഹിന്ദുക്കൾ, ജൈനന്മാർ സിഖുകാർ
ആഘോഷങ്ങൾ9 ദിവസങ്ങൾ
അനുഷ്ഠാനങ്ങൾമണ്ഡപക്രമീകരണം, പ്രാർത്ഥനകൾ, ലളിത സാഹസ്രനാമ ജപം, നാടകങ്ങൾ, നിമജ്ജനം അല്ലെങ്കിൽ കത്തിക്കയറുക
ആരംഭംഅശ്വിൻ ശുക്ല പ്രതാമ
അവസാനംഅശ്വിൻ ശുക്ല നവാമി
തിയ്യതിAshvin Shukla Pratipada, Ashvin Shukla Dwitiya, Ashvin Shukla Tritiya, Ashvin Shukla Chaturthi, Ashvin Shukla Panchami, Ashvin Shukla Shashthi, Ashvin Shukla Ashtami, Ashvin Shukla Navami
ആവൃത്തിദ്വിവത്സരം
ബന്ധമുള്ളത്ദസറ, ദുർഗ്ഗാപൂജ, ശ്രീചക്രപൂജ, വിദ്യാരംഭം

ഹൈന്ദവ വിശ്വാസപ്രകാരം പരാശക്തി (ശാക്തേയ) ആരാധനയുടെയും വിദ്യാരംഭത്തിന്റെയും കലകളുടെയും ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി. ശരത് നവരാത്രി, ദുർഗ്ഗാ നവരാത്രി, ദുർഗ്ഗാ പൂജ, ദസ്റ, ആയുധപൂജ, ശക്തി പൂജ, കൊലുവയ്പ്പ്, വിദ്യാരംഭം, മഹാസരസ്വതി പൂജ, ശ്രീചക്രപൂജ തുടങ്ങിയ പേരുകളിലും ഈ ഉത്സവം അറിയപ്പെടുന്നു. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. നവരാത്രിയുടെ അവസാന മൂന്ന് ദിവസങ്ങൾ ആണ് ഏറ്റവും വിശേഷം. ഇവ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നി പേരുകളിൽ അറിയപ്പെടുന്നു.

പ്രധാനമായും സെപ്റ്റംബർ‌-ഒക്ടോബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. സ്ത്രീ, യുവതി, ബാലിക, മാതൃത്വം, ശക്തി, മഹാശക്തി, യുദ്ധ വിജയം, ഊർവരത, ഐശ്വര്യം, സാമ്പത്തികം, വിദ്യ തുടങ്ങിയ ഭാവങ്ങളിൽ പ്രപഞ്ചനാഥയായ ആദിപരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങൾ എന്ന നിലയിൽ നവരാത്രി വിശേഷിപ്പിക്കപ്പെടാറുണ്ട്. താന്ത്രിക വിധിപ്രകാരം, പ്രപഞ്ചത്തിൽ സൂക്ഷ്മമായി അന്തർലീനമായ ഭഗവതിയുടെ ശക്തിവിശേഷങ്ങളെ ബാഹ്യപ്രതലങ്ങൾ വരെ ആരാധിച്ചു ആവിഷ്കരിക്കുന്ന ഒരാഘോഷമാണ്. ദേവി ഭാഗവതം, ദേവി മാഹാത്മ്യം തുടങ്ങിയവയിൽ കാണപ്പെടുന്ന മഹിഷാസുരൻ, ദുർഗ്ഗമൻ, ചണ്ടമുണ്ടന്മാർ, രക്തബീജൻ, സുംഭനിസുംഭന്മാർ തുടങ്ങിയവരുടെ നിഗ്രഹ കഥയുമായി ഈ ആഘോഷം ബന്ധപെട്ടു കിടക്കുന്നു.

ശാക്തേയ വിശ്വാസപ്രകാരം ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ഭഗവതിയായ ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളെ ആരാധിക്കുന്നു. അതിന്റെ ഭാഗമായി ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ മഹാസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. ഇതിലൂടെ അറിവും, സമ്പത്തും സമൃദ്ധിയും, ദുരിതനാശവും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റൊരു രീതിയിൽ ശക്തിസ്വരൂപിണിയായ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങളെ (നവദുർഗ്ഗ) ആരാധിക്കുന്നു. ഇത് ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാളി(കാലരാത്രി), മഹാഗൗരി, സിദ്ധിദാത്രി എന്നിവരെ ഒൻപത് ദിവസങ്ങളിലായി ആരാധിക്കുന്നു. മറ്റ് ചിലയിടങ്ങളിൽ ദുർഗ്ഗാഷ്ടമി വരെ ദുർഗ്ഗയെയും നവമിയിൽ മഹാലക്ഷ്മിയേയും ദശമിക്ക് മഹാസരസ്വതിയേയും ആരാധിക്കുന്നു. ബംഗാളിൽ ദുർഗ്ഗാഷ്ടമിക്കാണ് പ്രാധാന്യം.

കേരളത്തിൽ മഹാസരസ്വതി പൂജയ്ക്ക് ഈ ദിവസങ്ങളിൽ പ്രാധാന്യം വരുന്നു. ഇത് വിദ്യാരംഭം എന്നറിയപ്പെടുന്നു. അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിൻറെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി ആഘോഷത്തിന്റെ സന്ദേശം. പൊതുവേ ജഗദീശ്വരിയായ ആദിപരാശക്തിയെ വിവിധ ഭാവങ്ങളിൽ ആരാധിക്കുന്ന നാളുകളാണ് നവരാത്രി എന്ന്‌ പറയാം. പ്രാദേശിക ഭേദങ്ങൾക്കനുസരിച്ച് നവരാത്രി ആഘോഷത്തിനു വ്യത്യസ്ത ഭാവതലങ്ങളുണ്ട്. കേരളത്തിൽ പൂജവെപ്പും വിദ്യാരംഭവും, തമിഴ്നാട്ടിൽ കൊലുവെയ്പ്പ്, കർണാടകയിൽ ദസറ, കൊല്ലൂർ മൂകാംബികയിൽ പുഷ്പ രഥോത്സവം, ഉത്തരഭാരതത്തിൽ രാമലീല, ബംഗാളിൽ ദുർഗ്ഗാപൂജ, അസമിൽ കുമാരീ പൂജ, ശ്രീവിദ്യാ ഉപാസകർക്ക് ശ്രീചക്രപൂജ എന്നിങ്ങനെ നീളുന്നു വ്യത്യസ്തതയുടെ ഭാവതലങ്ങൾ. ചിലർ നവരാത്രി നാളുകളിൽ വ്രതം അനുഷ്ഠിക്കുന്നു. വ്രതങ്ങളുടെ റാണിയാണ് നവരാത്രി വ്രതം എന്നാണ് സങ്കല്പം. നവരാത്രിയിൽ ഭഗവതിയെ ഉപാസിക്കുന്നവർക്ക് ആഗ്രഹപൂർത്തിയും സമ്പത്തും ദുഃഖമോചനവും വിദ്യാഭ്യാസ ഉന്നതിയും മരണാനന്തരം മോക്ഷവും ഫലം എന്ന് വിശ്വാസം. ഭഗവതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണിത്. പല ദേവി ക്ഷേത്രങ്ങളിലും വിദ്യാരംഭം, ഉത്സവം, പൊങ്കാല, പൂരം, ദേവിഭാഗവത നവാഹയജ്ഞം, ചണ്ഡികാഹോമം, ഐശ്വര്യപൂജ, അഷ്ടലക്ഷ്മിപൂജ, സരസ്വതിപൂജ, ലളിത സഹസ്രനാമ പാരായണം, ആത്മീയ പ്രഭാഷണങ്ങൾ തുടങ്ങിയവ ഈ സമയത്ത് നടത്തപ്പെടുന്നു.

വിദ്യാരംഭം

മൂകാംബികയിലെ നവരാത്രി രഥോത്സവം

[തിരുത്തുക]

കർണാടകത്തിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപെട്ട ഉത്സവമാണ് നവരാത്രി. നവരാത്രിയിൽ കൊല്ലൂർ മൂകാംബികയിലെ പുഷ്പ രഥോത്സവവും വിദ്യാരംഭവും അതിപ്രസിദ്ധമാണ്. ഈ ദിവസങ്ങളിൽ മൂകാംബിക ദർശനത്തിനായി കൊല്ലൂരിലേക്ക് മലയാളികളുടെ ഒഴുക്ക് ഉണ്ടാവാറുണ്ട്. ഒൻപതാം ദിവസമായ മഹാനവമിയിൽ വിശേഷപ്പെട്ട ചണ്ഡികാഹോമവും ഭഗവതിയുടെ പുഷ്പ രഥോത്സവവും നടക്കുന്നു. പരാശക്തിയെ പുഷ്പ രഥത്തിൽ കുടിയിരുത്തി രഥം വലിക്കുന്നു. അന്നേ ദിവസം അർധരാത്രി വൈകി അവസാന ഭക്തനും തൊഴുത് ഇറങ്ങിയ ശേഷം മാത്രമേ നട അടയ്ക്കാറുള്ളു. പിറ്റേന്നു പുലർച്ചെ വിജയദശമി ദിവസം വിദ്യാരംഭം ആരംഭിക്കുന്നു. ആയിരക്കണക്കിന് കുരുന്നുകളാണ് വിദ്യാരംഭത്തിന് മൂകാംബികയിൽ എത്തിച്ചേരുന്നത്.

വിവിധ നവരാത്രികൾ

[തിരുത്തുക]

യഥാർത്ഥത്തിൽ അഞ്ച് നവരാത്രികൾ ഉണ്ടെങ്കിലും മൂന്നെണ്ണമേ ഇപ്പോൾ ആഘോഷിക്കപ്പെടുന്നുള്ളൂ.

ശരത് നവരാത്രി

[തിരുത്തുക]

ശൈത്യത്തിന്റെ ആരംഭമായ ശരത് ഋതുവിലാണ് (സെപ്റ്റംബർ‌-ഒക്ടോബർ) ശരത് നവരാത്രി ആഘോഷിക്കുന്നത്. മഹാ നവരാത്രി എന്നും പേരുണ്ട്. ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമയിക്കാണ് പ്രധാനമായും ഇത് ആഘോഷിക്കുന്നത്. രക്തബീജൻ, ചണ്ഡമുണ്ഡൻ, ശുംഭനിശുംഭൻ എന്നിവരെ ഭഗവതി വധിച്ചതും നവരാത്രി നാളുകളിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതൽ പ്രാധാന്യമുള്ളത്. വടക്കേ ഇന്ത്യയിൽ ചിലർ ബന്ദാസുര വധത്തിന്റെ ഓർമയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നതെങ്കിൽ മറ്റു ചിലർ ശ്രീരാമൻ രാവണനെ വിജയിച്ചതിന്റെ ഓർമ്മക്കായും ആഘോഷിക്കുന്നു. മൈസൂർ ചാമുണ്ഡി ക്ഷേത്രത്തിലെ ദസ്സറ പ്രസിദ്ധമാണ്.

വസന്ത നവരാത്രി

[തിരുത്തുക]

വേനലിന്റെ ആരംഭമായ വസന്ത ഋതുവിലാണ് (മാർച്ച്-ഏപ്രിൽ) വസന്ത നവരാത്രി ഉത്സവം. വടക്കേ ഇന്ത്യയിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്. രാമനവമിയോടനുബന്ധിച്ചാണ് ഇത് ആഘോഷിക്കപ്പെടുന്നത്.

ആഷാഡ നവരാത്രി

[തിരുത്തുക]

ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് ആഷാഡ നവരാത്രി ആഘോഷിക്കുന്നത്. വാരാഹി പഞ്ചമി ദേവിയുടെ ഉപാസകന്മാർക്ക് വളരെ പ്രധാനപ്പെട്ടതാണ് ഈ ആഘോഷം. ദേവി മാഹാത്മ്യത്തിലെ ഏഴ് മാതൃക്കളിൽ ഒരാളാണ് വരാഹി. ഇത് പരാശക്തി തന്നെയാണ്. അഷ്ടലക്ഷ്മിസ്വരൂപിണി. വരാഹരൂപം പൂണ്ട കാളി, പഞ്ചുരുളി എന്നൊക്കെ അറിയപ്പെടുന്നു. ഹിമാചൽ പ്രദേശിൽ ഗുഹ്യ നവരാത്രി എന്നാണിതിന് പേര്.

നവരാത്രിയും ബൊമ്മക്കൊലുവും

[തിരുത്തുക]

ദേവിയുടെ പടു കൂറ്റൻ കോലങ്ങൾ മുതൽ മണ്ണിൽ തീർത്ത കൊച്ച് ബൊമ്മകൾ വരെ അലങ്കരിച്ച് പൂജിക്കുന്ന ഒരു ആഘോഷമാണ് നവരാത്രി. ബംഗാളിലെ കാളിപൂജയോട് അനുബന്ധിച്ച് ദുർഗ്ഗാ ദേവിയുടെ വലിയ രൂപങ്ങൾ കെട്ടിയൊരുക്കുന്നു. തമിഴ് നാട്ടിൽ ബ്രാഹ്മണർ വളരെ പ്രധാനമായി കൊണ്ടാടുന്ന ഒരു ആചാരം കൂടിയാണ് കൊലു വെയ്ക്കൽ.

നവരാത്രി വ്രതം

[തിരുത്തുക]

കന്നി, മകരം, മീനം, മിഥുനം എന്നീ മാസങ്ങളിൽ നവരാത്രമാചരിക്കാമെങ്കിലും കന്നി നവരാത്രത്തിനാണ് സർവ്വ പ്രാധാന്യം. 9 ദിവസം ആചരിക്കുവാൻ സൗകര്യപ്പെടാത്തവർക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്ടിക്കുവാൻ വിധിയുണ്ട്. ഇതിൽ അവസാനത്തെ മൂന്ന് ദിവസങ്ങൾ അതായത് ദുർഗ്ഗാഷ്ടമി മുതൽ വിജയദശമി വരെ ഏറ്റവും പ്രധാനമാണ്. കേരളത്തിൽ പ്രായേണ മൂന്നു ദിവസമാണ് (പൂജ വെയ്പ് മുതൽ പൂജയെടുപ്പുവരെ) ആചരിക്കുന്നത്. ആദിപരാശക്തി പ്രധാനമായ ഈ ദിവസങ്ങളിൽ ദേവീ ഭാഗവതം, ദേവീമാഹാത്മ്യം, മാർക്കണേഡേയ പുരാണം, ലളിത സാഹസ്രനാമം, കനകധാരാ സ്തോത്രം, മഹാലക്ഷ്മി അഷ്ടകം, ഭദ്രകാളി പത്ത്, മറ്റു ദേവി സ്തുതികൾ എന്നിവ വായിക്കുകയും പുരശ്ചരണാദികൾ ആചരിക്കുകയും വേണം.

ത്രികാലം പൂജയേദ്ദേവിം ജപസ്തോത്രപരായണഃ
അഥാത്ര നവരാത്രം ച സപ്തപഞ്ചത്രികാദി വാ
ഏകഭക്തേന നക്തേനായാചിതോ പോഷിതൈഃ ക്രമാത്.

ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി

[തിരുത്തുക]

നവരാത്രിയുടെ ഏറ്റവും പ്രധാനപെട്ട മൂന്ന് ദിവസങ്ങൾ. നവരാത്രിയുടെ എട്ടാം ദിവസമാണ് ദുർഗ്ഗാഷ്ടമി, ഒൻപതാം ദിവസമായ മഹാനവമി, പത്താം ദിവസം വിജയ ദശമി എന്ന പേരിൽ അറിയപ്പെടുന്നു.

ദുർഗ്ഗാഷ്ടമി (പൂജവെപ്പ്, ദുർഗ്ഗാ പൂജ)

[തിരുത്തുക]

നവരാത്രിയിലെ ദുർഗ്ഗയ്ക്കായി സമർപ്പിതമായ ദിവസം. മഹിഷാസുര നിഗ്രഹത്തിനായി ഭഗവതി അവതരിച്ച ദിവസം. ആദിപരാശക്തിയെ ദുഃഖനാശിനിയായ ദുർഗ്ഗാ ഭഗവതിയായി ദുർഗ്ഗാഷ്ടമി ദിവസം ആരാധിക്കുന്നു. സകലതും ഭഗവതിക്ക് കാണിക്ക വെക്കുന്ന ദിനം. അന്ന് നടത്തുന്ന ദേവി പൂജകൾ, പ്രാർത്ഥനകൾ തുടങ്ങിയവ ഭയങ്ങളും ദുഃഖങ്ങളും ആപത്തുകളും അകറ്റും എന്നാണ് വിശ്വാസം. ദുർഗാഷ്ടമി നാളിൽ വൈകുന്നേരം തൊഴിലാളികൾ പണിയായുധങ്ങളും, എഴുത്തുകാരും ഉദ്യോഗസ്ഥരും പേനയും, കുട്ടികൾ പാഠപുസ്തകങ്ങളും ഭഗവതിയ്ക്ക് മുൻപിൽ സമർപ്പിക്കണം എന്നാണ് വിശ്വാസം. അതിനാൽ ഈ ദിവസത്തിന്‌ "ആയുധപൂജ അല്ലെങ്കിൽ പൂജവെപ്പ്“ എന്ന പേര് ലഭിച്ചു. ഭഗവതി ക്ഷേത്രങ്ങളിൽ വിശേഷ ദിവസം.

സർവതിൻറെയും കാരണഭൂതയായ ജഗദീശ്വരിയുടെ മുൻപിൽ എല്ലാം സമർപ്പിച്ച്‌ വിനീതനായി വീണ്ടും അമ്മയുടെ അനുഗ്രഹത്തോടെ ജീവിത വിജയത്തിനായി പുതുതായി എല്ലാം തുടങ്ങുന്നു എന്ന്‌ വിശ്വാസം.

മഹാനവമി (ഭഗവതി പൂജ)

[തിരുത്തുക]

പൂജ വെപ്പിന്റെ രണ്ടാം ദിനമാണിത്. പ്രാർഥനകളും പൂജകളും ക്ഷേത്ര ദർശനവും നടത്താൻ വിശേഷപ്പെട്ട ദിവസം. പരാശക്തിയെ ഐശ്വര്യത്തിന്റെ ഭഗവതിയായ മഹാലക്ഷ്മി സങ്കല്പത്തിൽ ആരാധിക്കുവാൻ ആളുകൾ തെരെഞ്ഞെടുക്കുന്ന ദിവസം. അന്നത്തെ ഭഗവതി പൂജ ഐശ്വര്യവും ദുഃഖമോചനവും പ്രദാനം ചെയ്യുന്നതും ഏറ്റവും പുണ്യകരവും കൂടിയാണ് എന്നാണ് വിശ്വാസം. അന്ന് ദേവി സ്തുതികൾ ജപിക്കുന്നതും വെറുതേ കേൾക്കുന്നത് പോലും വിശേഷമാണ് എന്നാണ് വിശ്വാസം. ദേവി മാഹാത്മ്യം, ലളിത സഹസ്രനാമം, കനകധാരാ സ്തോത്രം, മഹാലക്ഷ്മി അഷ്ടകം തുടങ്ങിയവയുടെ ജപത്തിന് വിശേഷ ദിവസം. ഈ ദിവസം രാത്രി കൊല്ലൂർ മൂകാംബികയിൽ പുഷ്പ രഥോത്സവം നടക്കുന്നു.

വിജയദശമി (പൂജ എടുപ്പ്, വിദ്യാരംഭം, മഹാസരസ്വതി പൂജ)

[തിരുത്തുക]

കന്നി വെളുത്ത പക്ഷത്തിലെ ദശമി-നവമി രാത്രിയുടെ അവസാനത്തിൽ - വിജയദശമിയായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. പരാശക്തിയുടെ വിജയ സൂചകമായ ഈ ദിനം വിശ്വാസികൾ അതിപ്രധാനമായി കരുതുന്നു. അന്ന് പ്രഭാതത്തിൽ പൂജവെച്ച പുസ്തകങ്ങളും തൊഴിൽ വസ്തുക്കളും ഭഗവതിയുടെ പ്രസാദമായി സങ്കൽപ്പിച്ചു തിരികെ എടുക്കുന്നു. വിദ്യയ്ക്കും ഐശ്വര്യത്തിനും സർവ വിജയത്തിനും വേണ്ടി വിശേഷാൽ പ്രാർത്ഥനകൾ, പൂജകൾ എന്നിവ നടത്തുന്നു. കേരളത്തിൽ അന്ന് പ്രഭാതത്തിൽ മഹാസരസ്വതി പൂജ, കുട്ടികളുടെ വിദ്യാരംഭം എന്നിവ നടക്കുന്നു. ദേവി ക്ഷേത്രങ്ങളിൽ ഭഗവതിയെ അന്ന് മഹാസരസ്വതിയായി അണിയിച്ചൊരുക്കി ആരാധിക്കുന്നു. വിശ്വാസികൾ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതും അന്ന് തന്നെ.

ആശ്വിനസ്യ സിതേ പക്ഷേ ദശമ്യാം താരകോദയേ
സ കാലോ വിജയോ ജേഞയഃ സർവ്വകാര്യാർത്ഥസിദ്ധയേ

സമസ്ത സത്കർമ്മങ്ങൾക്കും പറ്റിയ പുണ്യ നാളാണിത്. വിദ്യാരംഭം മുതലായ ശുഭ കർമ്മങ്ങൾ അന്ന് ആരംഭിക്കുന്നു. പരാശക്തിയെ അന്ന് മഹാസരസ്വതിയായി, മഹിഷാസുര മർദിനിയായി, സിദ്ധിദാത്രിയായി ആരാധിക്കുന്നു.

കേരളത്തിൽ, ഇന്ത്യയിൽ

[തിരുത്തുക]

കേരളത്തിൽ നവരാത്രികാലത്ത് പ്രധാനമായും സംഗീത-നൃത്താർച്ചനകൾ സമർപ്പിച്ച് മഹാസരസ്വതിയെ ആരാധിക്കുന്നു. പുസ്തകപൂജയും വിദ്യാരംഭവും കേരളത്തിലെ നവരാത്രി ആഘോഷത്തിന്റെ സവിശേഷതകളാണ്. കേരളത്തിൽ ഭഗവതി ക്ഷേത്രങ്ങളിൽ ഇത് വിശേഷ ദിവസങ്ങളാണ്. പുരാതന കേരളത്തിന്റെ രക്ഷക്കായി പ്രതിഷ്ടിക്കപ്പെട്ട നാല് അംബികാലയങ്ങളിൽ ഒന്നായ പാലക്കാട്‌ കല്ലേക്കുളങ്ങര ഹേമാംബിക ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏകവുമായ ആഘോഷമാണ് നവരാത്രി ഉത്സവം. ആയിരക്കണക്കിന് ആളുകളാണ് നവരാത്രി ദിവസങ്ങളിൽ ഈ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. വിദ്യാഭ്യാസ ഉയർച്ച, ഐശ്വര്യം, ആഗ്രഹസാഫല്യം എന്നിവയ്ക്ക് ഇവിടുത്തെ നവരാത്രിയിലെ ദർശനം ഏറ്റവും ഉത്തമം ആണെന്ന് വിശ്വാസമുണ്ട്.

കോട്ടയത്തെ പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, എറണാകുളത്തെ കൊല്ലൂർ മൂകാംബിക സാന്നിധ്യമുള്ള ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം, വടക്കൻ പറവൂർ മൂകാംബിക ക്ഷേത്രം, കണ്ണൂർ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം, കൊല്ലത്തെ എഴുകോൺ മൂകാംബിക ക്ഷേത്രം, പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രം, വർക്കല ശിവഗിരി ശാരദമഠം സരസ്വതി ക്ഷേത്രം, മാവേലിക്കര തട്ടാരമ്പലം സരസ്വതി ക്ഷേത്രം, സരസ്വതി സാന്നിധ്യമുള്ള തൃശ്ശൂരിലെ തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം തുടങ്ങിയ മഹാസരസ്വതി പ്രധാനമായ ക്ഷേത്രങ്ങളിൽ വിദ്യാരംഭം അതിപ്രധാനമാണ്. ഇവിടങ്ങളിൽ നവരാത്രി കാലത്ത് വൻ ഭക്തജനതിരക്ക് അനുഭവപ്പെടുന്നു. തിരുവനന്തപുരത്ത് പൂജപ്പുര സരസ്വതി ക്ഷേത്രത്തിൽ നടക്കുന്ന നവരാത്രി ആഘോഷം അതി വിപുലമാണ്.

കേരളത്തിലെ പ്രധാനപ്പെട്ട ദുർഗ്ഗാ അല്ലെങ്കിൽ ഭദ്രകാളി ക്ഷേത്രങ്ങളായ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം, കടമ്മനിട്ട ഭഗവതി ക്ഷേത്രം,മലയാലപ്പുഴ ദേവി ക്ഷേത്രം, മലപ്പുറം കാടാമ്പുഴ ഭഗവതി ക്ഷേത്രം, അങ്ങാടിപ്പുറം തിരുമാന്ധാകുന്ന് ഭഗവതി ക്ഷേത്രം, കോട്ടയം കുമാരനെല്ലൂർ ഭഗവതി ക്ഷേത്രം, കണ്ണൂരിലെ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, കോഴിക്കോട് വളയനാട് ഭഗവതി ക്ഷേത്രം, ശ്രീ അഴകൊടി ദേവിക്ഷേത്രം, മാവേലിക്കര ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം, ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം, ഇടുക്കി പെരുവന്താനം വള്ളിയാംകാവ് ദേവി ക്ഷേത്രം തുടങ്ങി കേരളത്തിലെ ചെറുതും വലുതുമായ മിക്ക ഭഗവതി ക്ഷേത്രങ്ങളിലും നവരാത്രിയും വിദ്യാരംഭവും വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കപ്പെടുന്നു.

ഇന്ത്യയുടെ ഓരോ ഭാഗങ്ങളിലും ഓരോ വിധത്തിലാണ് നവരാത്രി ആഘോഷിക്കുന്നത്. ഉത്തര ഭാരതത്തിൽ ഓരോ മൊഹല്ലയിലും ഒമ്പത് രാത്രികളായി രാംലീല നാടകമായി അവതരിപ്പിക്കുന്നു. വിജയദശമിയുടെ അന്ന് ദുർഗ്ഗാ ഭഗവതിയുടെ അനുഗ്രഹത്തോടെ, രാമൻ രാവണനെ വധിക്കുന്നതായ രംഗം അവതരിപ്പിക്കുകയും മേഘനാദൻ, കുംഭകർണ്ണൻ, രാവണൻ എന്നിവരുടെ പടക്കങ്ങളും അമിട്ടുകളും നിറച്ച വലിയ പ്രതിമകൾ കത്തിക്കുകയും ചെയ്യുന്നു. മൊഹല്ലയിലെ കുട്ടികളെല്ലാം ഗദയേന്തിയ ഹനുമാന്മാരാകുന്ന രസകരമായ കാഴ്ചയും വിജയദശമിദിനത്തിൽ കാണാം.

ബംഗാളിലെ നവരാത്രി ദുർഗ്ഗാപൂജയുടെ കാലമാണ്. ബംഗാളിലെ പൂജാപന്തലുകൾ ലക്ഷങ്ങൾ മുടക്കി നിർമ്മിക്കുന്ന താത്കാലിക അലങ്കാര സൗധങ്ങളാണ്. ഈ പൂജാപന്തലുകളിൽ ഭക്തിപൂർവ്വമുള്ള പൂജകളും നൃത്തങ്ങളും നടക്കുന്നു. ഗുജറാത്തിലാകട്ടെ വൻസന്നാഹങ്ങളോടെയുള്ള ഗർബാനൃത്തങ്ങളും ദാണ്ഡിയാരാസുമാണ് അരങ്ങേറുന്നത്. മഹാരാഷ്ട്രയിൽ ആദിപരാശക്തിയുടെ ആരാധന ധാന്യം വിതച്ചുള്ള ഘടപൂജയിലൂടെ നടത്തുന്നു. കർണാടക - ആന്ധ്ര പ്രാന്തങ്ങളിൽ ബൊമ്മക്കൊലു അലങ്കാരത്തിലൂടെയാണ് നവരാത്രി പൂജകൾ നടത്തുന്നത്. തമിഴ്നാട്ടിൽ നവരാത്രികാലം ആയുധപൂജയുടെ അവസരമാണ്.

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Fuller2004p108 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=നവരാത്രി&oldid=4143952" എന്ന താളിൽനിന്ന് ശേഖരിച്ചത്