വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള അക്ഷരമാലയിലെ 19-ാമത്തെ വ്യഞ്ജനാക്ഷരമാണ് . 'ത' വർഗത്തിലെ ഘോഷാക്ഷരം. നാദിയും മഹാപ്രാണീകൃതവുമായ ശുദ്ധ, ദന്ത്യ, സ്പർശ, വ്യഞ്ജന(ധ്)ത്തോടുകൂടി ഉച്ചാരണസൗകര്യം പ്രമാണിച്ച് 'അ' എന്ന സ്വരാക്ഷരം ചേർത്ത് ഉച്ചരിക്കുന്നു (ധ്+അ=ധ). വ്യഞ്ജനങ്ങൾ ഉച്ചരിക്കുമ്പോൾ നല്ലൊരു വിഭാഗത്തിന്റെ ഉദ്ഭവവേളയിൽ കൃകത്തിനു മുകളിൽവച്ച് വായുപ്രവാഹത്തിന് പൂർണമോ ഭാഗികമോ ആയ തടസ്സം സംഭവിക്കുന്നു. ക്രമേണ മർദം വർധിക്കുന്നതിന്റെ ഫലമായി ഒരു സ്ഫോടനത്തോടുകൂടി തടസ്സം വിട്ടുമാറുന്നു. കേരളപാണിനി പൂർണ തടസ്സത്തെ സ്പൃഷ്ടം എന്നും ഭാഗിക തടസ്സത്തെ ഈഷത് സ് പൃഷ്ടം എന്നും വിളിക്കുന്നു.

ആഭ്യന്തരപ്രയത്നമനുസരിച്ച് 'ധ' സ്പർശമാണ്. സ്പർശവ്യഞ്ജനങ്ങൾ ഉച്ചരിക്കുമ്പോൾ കണ്ഠാദിസ്ഥാനങ്ങളിൽ ജിഹ്വാഗ്രാദി കരണങ്ങളുടെ ബലമായ സ്പർശംകൊണ്ട് വായു നിശ്ശേഷം തടയപ്പെടുന്നു. ജിഹ്വാഗ്രം ദന്ത്യഭാഗത്ത് സ്പർശിച്ചാണ് ഈ അക്ഷരം ഉച്ചരിക്കുന്നത്. ബാഹ്യപ്രയത്നം നിമിത്തം നാദിയായ ഈ അക്ഷരത്തിന്റെ ഉച്ചാരണവേളയിൽ നാവുകൊണ്ട് കണ്ഠരന്ധ്രം തുറക്കുന്നു. നാദിയും ദന്ത്യസ്പർശ വ്യഞ്ജനവുമായ 'ധ' ഉച്ചരിക്കുമ്പോൾ വായു ശക്തിയായി പുറത്തേക്കു വരുന്നതുകാരണം മഹാപ്രാണീകൃതവുമാണ് ഈ ശബ്ദം.

മറ്റു സ്വരങ്ങൾ ചേരുമ്പോൾ ധാ, ധി, ധീ, ധു, ധൂ, ധൃ, ധെ, ധേ, ധൈ, ധൊ, ധോ, ധൌ എന്നീ രൂപങ്ങളുണ്ടാകുന്നു. ധ്മ (ധ്മാനം-ഊന്നൽ), ധ്യ (ധ്യാനം), ധ്ര (ധ്രുവം), ധ്വ (ധ്വനി), ദ്ധ (ബുദ്ധി), ന്ധ (ബന്ധനം), ബ്ധ (സ്തബ്ധം) തുടങ്ങിയ സംയുക്താക്ഷരങ്ങളുമുണ്ട്. സപ്തസ്വരങ്ങളിലെ ധൈവതം ഈ അക്ഷരത്താൽ പ്രതിനിധാനം ചെയ്യപ്പെടുന്നു.

അവലംബം[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ധ&oldid=2716685" എന്ന താളിൽനിന്നു ശേഖരിച്ചത്