തെന്മല

Coordinates: 8°34′41″N 77°25′48″E / 8.578°N 77.43°E / 8.578; 77.43
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thenmala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെന്മല
Map of India showing location of Kerala
Location of തെന്മല
തെന്മല
Location of തെന്മല
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കൊല്ലം
ഏറ്റവും അടുത്ത നഗരം പുനലൂർ
സമയമേഖല IST (UTC+5:30)
കോഡുകൾ

8°34′41″N 77°25′48″E / 8.578°N 77.43°E / 8.578; 77.43

കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശം. ഇത് സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതിചെയ്യുന്നു.ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണ്‌ ഇത് [1]. സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെ സ്ഥിതിചെയ്യുന്നു.

ഭരണസംവിധാനം[തിരുത്തുക]

പുനലുർ താലൂക്കിൽ ഉൾപ്പെട്ട അഞ്ചൽ ബ്ലോക്കിലാണ് തെന്മല ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഇടമൺ, തെന്മല (ഭാഗികം), പിറവന്തൂർ (ഭാഗികം) എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന തെന്മല പഞ്ചായത്തിന് 162.34 ച.കി.മീ. വിസ്തൃതിയുണ്ട്. വാർഡുകളുടെ എണ്ണം 16.അതിരുകൾ: കിഴക്ക് ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകൾ; തെക്ക് കല്ലടയാറ് (ഏരൂർ മുതൽ കുളത്തൂപ്പുഴ വരെ); പടിഞ്ഞാറ് പുനലൂർ മുനിസിപ്പാലിറ്റിയും പിറവന്തൂർ ഗ്രാമപഞ്ചായത്തും; വടക്ക് അമ്പനാർ അരുവിയും പിറവന്തൂർ-ആര്യങ്കാവ് പഞ്ചായത്തുകളും. 1963-ൽ നിലവിൽവന്ന തെന്മല പഞ്ചായത്തിൽ ആര്യങ്കാവ് പഞ്ചായത്തുകൂടി ഉൾപ്പെട്ടിരുന്നു. 1969-ൽ തെന്മല പഞ്ചായത്തിനെ തെന്മല, ആര്യങ്കാവ് എന്നീ പഞ്ചായത്തുകളായി വിഭജിച്ചു.

ചരിത്രത്തിൽ[തിരുത്തുക]

മൺമറഞ്ഞ ശിലായുഗ സംസ്കാരത്തിന്റെ നിരവധി ചരിത്രാവശിഷ്ടങ്ങൾ തെന്മലയിൽ കണ്ടെത്തിയിട്ടുണ്ട്. കല്ലട ജലസേചന പദ്ധതിയുടെ വലതുകനാൽമേഖലയിൽനിന്നു ലഭിച്ച പുരാതന ഗൃഹോപകരണങ്ങൾ പ്രത്യേക ചരിത്രപ്രാധാന്യമർഹിക്കുന്നു. പാണ്ഡ്യ രാജാക്കന്മാരുടെ ഭരണകാലത്തു നിർമിച്ച മാമ്പഴത്തറ ക്ഷേത്രം തെന്മലയിലെ പുരാതന ആരാധനാലയം എന്നതിനൊപ്പം ചരിത്രപരമായ പ്രസിദ്ധിയും പേറുന്നു.

തെന്മല ഡാം

ഭൂപ്രകൃതി[തിരുത്തുക]

ഭൂപ്രകൃതിയനുസരിച്ച് മലനാട് ഭൂവിഭാഗത്തിൽ ഉൾപ്പെട്ട തെന്മലയിൽ 75 മീ. മുതൽ 900 മീ. വരെ ഉയരമുള്ള കുന്നുകളും മലകളും കാണാം. സഹ്യാദ്രിശൃംഗങ്ങളിൽ ഒന്നായ നെടുംപാറ സ്ഥിതിചെയ്യുന്നത് ഒറ്റക്കല്ലിനും നാഗമലയ്ക്കും മധ്യേയാണ്. പശ്ചിമഘട്ട മലനിരകളിൽനിന്ന് ഉദ്ഭവിക്കുന്ന കഴുതുരുട്ടിയാറ്, ചെന്തുരുണിയാറ്, കുളത്തൂപ്പുഴയാറ് എന്നിവ സംഗമിച്ച് കല്ലടയാറായി പടിഞ്ഞാറോട്ടൊഴുകി അഷ്ടമുടിക്കായലിൽ പതിക്കുന്നു. ഏകദേശം 31.5 കി.മീ. ദൈർഘ്യത്തിൽ കല്ലടയാറ് തെന്മലയിലൂടെ കടന്നുപോകുന്നു. പഞ്ചായത്തിലെ എല്ലാ അരുവികളും തോടുകളും കല്ലടയാറിലേക്കാണ് പ്രവഹിക്കുന്നത്.

കൃഷി[തിരുത്തുക]

പ്രധാനമായും ചെമ്മണ്ണും കളിമണ്ണു കലർന്ന എക്കൽ മണ്ണും തെന്മലയിൽ സമൃദ്ധമായി കാണപ്പെടുന്നു. തെന്മലയിൽ മരച്ചീനി, നെല്ല്, കരിമ്പ്, പയറുവർഗങ്ങൾ, കശുമാവ്, തെങ്ങ്, കുരുമുളക്, കമുക്, വാഴ, റബ്ബർ എന്നിവ കൃഷിചെയ്യുന്നു. വനംവകുപ്പിന്റെ കീഴിലുള്ള തേക്ക്, യൂക്കാലിപ്റ്റസ് തോട്ടങ്ങളും ഈ പഞ്ചായത്തിലുണ്ട്. കൃഷി കഴിഞ്ഞാൽ കന്നുകാലി വളർത്തലും വ്യാപാരവുമാണ് തദ്ദേശീയരുടെ ഉപജീവനമാർഗം. ഒരു വെറ്ററിനറി ഡിസ്പെൻസറിയും തമിഴ്നാട്ടിൽനിന്നു കൊണ്ടുവരുന്ന കന്നുകാലികൾക്ക് പ്രതിരോധ കുത്തിവയ്പ് നല്കുന്ന ഒരു റിന്റർ പെസ്റ്റ് ചെക്ക്പോസ്റ്റും നിരവധി പാൽ ഉത്പാദന കേന്ദ്രങ്ങളും തെന്മലയിൽ പ്രവർത്തിക്കുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

വിദ്യാഭ്യാസ-വ്യാവസായിക രംഗങ്ങളിൽ പിന്നോക്കം നില്ക്കുന്ന പ്രദേശമാണ് തെന്മല. ഇവിടത്തെ അധഃസ്ഥിതരുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി യത്നിച്ച സാമൂഹ്യ പരിഷ്കർത്താവായിരുന്നു അയ്യപ്പൻ കൃഷ്ണൻ. 1916-ൽ ഇദ്ദേഹം തെന്മലയിലെ ഇടമണ്ണിൽ സ്ഥാപിച്ച പള്ളിക്കൂടം 1946-ൽ സർക്കാർ ഏറ്റെടുത്തു. ഇപ്പോൾ രണ്ട് ഹൈസ്കൂളുകൾ ഉൾപ്പെടെ 11 സ്കൂളുകൾ ഇവിടെ പ്രവർത്തിക്കുന്നു.

വന്യമൃഗസംരക്ഷണകേന്ദ്രം[തിരുത്തുക]

തെന്മല വന്യജീവി ഡിവിഷനിൽപ്പെട്ട തെന്മല റെയിഞ്ചിലെ കുളത്തൂപ്പുഴ റിസർവ് വനമേഖല 1984 ആഗസ്റ്റ് 25-ന് ചെന്തുരുണി വന്യജീവിസംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചു. 100 ച.കി.മീ. വിസ്തൃതിയുള്ള ഈ വന്യമൃഗസംരക്ഷണകേന്ദ്രത്തിന്റെ ആസ്ഥാനം തെന്മലയാണ്.

ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ, അർധ നിത്യഹരിതവനങ്ങൾ, ഇലകൊഴിയും കാടുകൾ, ഗിരിശീർഷ ഹരിതവനങ്ങൾ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന വനങ്ങൾ ഈ വന്യമൃഗസംരക്ഷണകേന്ദ്രത്തിലുണ്ട്. തമ്പകം, പുന്ന, കല്പയിൻ, വെള്ളപ്പയിൻ തുടങ്ങിയ നിത്യഹരിത വൃക്ഷങ്ങളും കരിമരുത്, വെന്തേക്ക്, വേങ്ങ, ഈട്ടി (വീട്ടി) മുതലായ ഇലകൊഴിയും വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും മുളങ്കൂട്ടങ്ങളും ഇടകലർന്ന സമ്മിശ്ര വനഭാഗങ്ങളാണിവ. ഈ കാടുകളിൽ സ്വാഭാവികമായി തേക്ക് വളരാറില്ല എന്നൊരു സവിശേഷതയുണ്ട്. ഈ പ്രദേശത്തുമാത്രം കണ്ടുവരുന്ന ചെങ്കുരുണി അഥവാ ചെങ്കുറുഞ്ഞി മരത്തിനെ ആസ്പദമാക്കിയാണ് വന്യമൃഗസംരക്ഷണകേന്ദ്രത്തിന് ചെന്തുരുണി എന്ന പേര് കൈവന്നത്. അനാകാർഡിയേസീ കുടുംബത്തിൽപ്പെട്ട ഈ വൃക്ഷത്തിന്റെ ശാസ്ത്രനാമം ഗ്ലൂട്ടാ ട്രാവൻകോറിക്ക എന്നാണ്. കനത്ത തൊലിയും നീണ്ട് കട്ടിയുള്ള ഇലകളുമാണ് ഈ മരത്തിന്റെ പ്രത്യേകത.

തെന്മലയിൽനിന്ന് ജലസംഭരണിയിലൂടെ ബോട്ടിൽ യാത്ര ചെയ്താൽ ചെന്തുരുണി വന്യമൃഗസങ്കേതത്തിന്റെ ഹരിതകാന്തിയും ജൈവവൈവിധ്യവും ആസ്വദിക്കാനാകും. സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പൽ,നാടൻകുരങ്ങ്, സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, അണ്ണാൻ, മലയണ്ണാൻ, കാട്ടുപോത്ത്, മ്ലാവ്, കേഴമാൻ, കലമാൻ, കൂരൻ, കാട്ടുപന്നി, മുള്ളൻപന്നി, ആന, കൂരമാൻ, കടുവ, പുള്ളിപ്പുലി, കാട്ടുപൂച്ച, ചെന്നായ്, കുറുക്കൻ, കരടി, വെരുക്, മരപ്പട്ടി, കീരി, അളുങ്ക് തുടങ്ങിയ മൃഗങ്ങളും മഞ്ഞക്കിളി, മണ്ണാത്തിപ്പുള്ള്, ചെമ്പുകൊട്ടി, പച്ചമരപ്പൊട്ടൻ, തെക്കൻ കാട്ടുമൈന, കരിയിലക്കിളി, കാടുമുഴക്കി, തീക്കുരുവി, തീക്കാക്ക, നാകമോഹൻ, ആനറാഞ്ചി,ചൂളപ്രാവ് ,മൂങ്ങ തുടങ്ങിയ നിരവധി പക്ഷിജാലങ്ങളും ഇവിടെയുണ്ട്.

ഗതാഗതം[തിരുത്തുക]

തെന്മല റെയിൽ‌വേസ്റ്റേഷനിലേക്ക് എത്തുന്ന മീറ്റർഗേജ് തീവണ്ടി.

ഗതാഗതരംഗത്ത് ശ്രദ്ധേയമായ സ്ഥാനമാണ് തെന്മലയ്ക്കുള്ളത്. അന്തർസംസ്ഥാന റോഡുകളായ കൊല്ലം-ചെങ്കോട്ട, തിരുവനന്തപുരം-ചെങ്കോട്ട റോഡുകൾക്കു പുറമേ തിരുവിതാംകൂറിലെ പ്രഥമ റെയിൽപ്പാതയായ കൊല്ലം-തിരുനെൽവേലി മീറ്റർഗേജ് പാതയും തെന്മലയിലൂടെ കടന്നുപോകുന്നു. തെന്മല, ഇടമൺ എന്നിവിടങ്ങളിൽ റെയിൽവേ സ്റ്റേഷനുകളും ഒറ്റക്കല്ലിൽ ഒരു ഹാൾട്ട് സ്റ്റേഷനും പ്രവർത്തിക്കുന്നുണ്ട്. ഈ പാതയിലെ അഞ്ച് ടണലുകളിൽ നാലെണ്ണവും പ്രധാന പാലങ്ങളും തെന്മലയുടെ അതിർത്തിക്കുള്ളിലാണ് സ്ഥിതിചെയ്യുന്നത്.

തെന്മല ഇക്കോടൂറിസം പദ്ധതി[തിരുത്തുക]

തെന്മല ഇക്കോടൂറിസം പദ്ധതി ഈ പ്രദേശത്തിന് ഇന്ത്യൻ വിനോദസഞ്ചാര ഭൂപടത്തിൽ സുപ്രധാനവും സവിശേഷവുമായ സ്ഥാനം നേടിക്കൊടുത്തു. ഭൂമിയോടും പ്രകൃതിയോടും പ്രതിബദ്ധത പുലർത്തുന്നതാണ് ഇക്കോടൂറിസം. പ്രകൃതിയിലധിഷ്ഠിതമായിരിക്കുക, വിദ്യാഭ്യാസമൂല്യമുള്ളതായിരിക്കുക, പരിസ്ഥിതിക്ക് കോട്ടം തട്ടാത്തതായിരിക്കുക, തദ്ദേശവാസികൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായിരിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ ഈ ഇക്കോടൂറിസം പദ്ധതി തെന്മലയിലേക്ക് നിരവധി സഞ്ചാരികളെ ആകർഷിച്ചുവരുന്നു. ഇവിടെ ഇക്കോടൂറിസം, ഇക്കോഫ്രണ്ട്ലി ജനറൽ ടൂറിസം, പിൽഗ്രിമേജ് ടൂറിസം എന്നീ മൂന്ന് വിഭാഗങ്ങളിലായുള്ള സന്ദർശന പദ്ധതികളുണ്ട്.

ഇക്കോടൂറിസത്തിൽ പ്രധാനമായും [ട്രക്കിങ്]] ആണ് ഉൾപ്പെടുന്നത്. തെന്മലയിൽനിന്ന് രണ്ടുമണിക്കൂർ സമയംകൊണ്ട് പൂർത്തിയാക്കാവുന്ന 'സോഫ്റ്റ് ട്രക്കിങ്' മുതൽ മൂന്നുദിവസംകൊണ്ട് പൂർത്തിയാക്കാവുന്ന ചെന്തുരുണി വന്യമൃഗസംരക്ഷണകേന്ദ്ര കാൽനടയാത്ര വരെ ഇതിലുൾപ്പെടുന്നു. തെന്മലയിൽനിന്ന് 17 കി.മീ. അകലെയുള്ള പാലരുവി വെള്ളച്ചാട്ടം വരെയുള്ള കാൽനടയാത്രയാണ് മറ്റൊരു സന്ദർശന പരിപാടി.

ഇക്കോഫ്രണ്ട്ലി ജനറൽ ടൂറിസം പദ്ധതി തെന്മലയിൽമാത്രം കേന്ദ്രീകരിച്ചുള്ളതാണ്. ഇതിലെ ഒരു വിഭാഗം തെന്മലയിലുള്ള ഇക്കോടൂറിസം ഫെസിലിറ്റേഷൻ സെന്ററിലെ പരിപാടികളാണ്. ഇതിൽ ആംഫീ തിയെറ്റർ, ഷോപ്പ് കോർട്ട്സ്, റസ്റ്റൊറന്റ്, മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ എന്നിവയുണ്ട്.

മലഞ്ചരിവിലൂടെയുള്ള നടപ്പാതകൾ, കാട്ടിലൂടെയുള്ള ചെറുപാതകൾ, മരക്കൊമ്പുകളെ തൊട്ടുനടക്കാനാവുംവിധം ഉയർത്തിക്കെട്ടിയ നടപ്പാത, തൂക്കുപാലം, മരക്കൊമ്പുകളിലുള്ള കൂടാരങ്ങൾ, ശില്പോദ്യാനം, മാൻ പാർക്ക് എന്നിവയടങ്ങുന്നതാണ് തെന്മലയിലെ മറ്റൊരു 'ഇക്കോഫ്രണ്ട്ലി' വിഭാഗം.

സാഹസിക ടൂറിസത്തിനുള്ള സൗകര്യങ്ങളും ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുണ്ട്. നേച്ചർ ട്രെയിൻ, താമരക്കുളം, മൌണ്ടൻ ബൈക്കിങ്, റോക്ക് ക്ളൈംബിങ്, റാപ്പലിങ്, റിവർ ക്രോസിങ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു.

തെന്മലയിൽനിന്ന് കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവിടങ്ങളിലേക്കുള്ള തീർഥാടനസൗകര്യമൊരുക്കുന്ന ഇക്കോടൂറിസം പദ്ധതിയാണ് 'പിൽഗ്രിമേജ്' വിഭാഗത്തിലുള്ളത്. തെന്മല ഇക്കോടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ് ഇക്കോടൂറിസം പദ്ധതിയുടെ മേൽനോട്ടം നടത്തുന്നത്.

ഒറ്റയ്കൽ ഔട്ട് ലുക്ക്[തിരുത്തുക]

തെന്മല ഇക്കോടൂറിസത്തിന്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശമാണ് ഒറ്റയ്കൽ ഔട്ട് ലുക്ക്. ദേശീയ പാത 208ൽ പുനലൂരിൽ നിന്നും 16 കിലോമീറ്റർ ദൂരെയാണ് ഇത്. കല്ലടയാറ്റിൽ ഉണ്ടാക്കിയ ബണ്ട് മൂലം ഇവിടെ ഒരു ചെറിയ തടാകം രൂപപ്പെട്ടിട്ടുണ്ട്. വർണ്ണനാതീതമായ പ്രകൃതിഭംഗിയും അതു കാണാനുള്ള നിരീക്ഷണ ഗോപുരവും ഇവിടുത്തെ പ്രത്യേകതയാണ്.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived (PDF) from the original on 2009-04-10. Retrieved 2009-04-10.
"https://ml.wikipedia.org/w/index.php?title=തെന്മല&oldid=3685256" എന്ന താളിൽനിന്ന് ശേഖരിച്ചത്