Jump to content

പർവ്വതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദമവന്ദ് പർവ്വതം, ഇറാൻ
അഞ്ചുവിരൽ പർവ്വതം, അസീർബൈജൻ.

ചുറ്റുപാടുമുള്ള പ്രദേശങ്ങളേക്കാൾ വളരെ ഉയർന്ന ഭൂവിഭാഗമാണ് പർവ്വതം എന്നറിയപ്പെടുന്നത്. ഭൂനിരപ്പിൽ നിന്ന് 900 മീറ്ററിലധികം ഉയരവും, ഏതാണ്ട് അതിന്റെ ഉപരിതലത്തിന്റെ പകുതിഭാഗം ചെങ്കുത്തായ ചരിവുമുള്ളതാണ് ഒരു പർവ്വതം. പർവ്വതവും, കുന്നും തമ്മിൽ വ്യത്യാസങ്ങളുണ്ട്. കുന്ന് പർവ്വതത്തേക്കാൾ ഉയരം കുറഞ്ഞ ഭൂപ്രകൃതിയാണ്. പർവ്വതത്തിന്റെ ഉയരം ആയിരക്കണക്കിന് മീറ്ററായി സൂചിപ്പിക്കുമ്പോൾ, കുന്നിന്റെ ഉയരം ഏതാ‍നും നൂറ് മീറ്ററായി മാത്രമാണ് സൂചിപ്പിക്കുന്നത്. പർവ്വതങ്ങളെക്കുറിച്ചുള്ള പഠനശാഖ ഓറോഗ്രാഫി എന്നറിയപ്പെടുന്നു. 2002 ഡിസംബർ 11 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ലോക പർവ്വത ദിനം ആഘോഷിക്കപ്പെടുന്നു. [1]

ഭൂമിയിലെ ഏറ്റവും വലിയ പർവ്വതം എവറസ്റ്റ് പർവ്വതമാണ്. ഉയരം - 8,848 m (29,029 ft). സൗരയൂഥത്തിലെ ഏറ്റവും വലിയ പർവ്വതം ചൊവ്വാഗ്രഹത്തിൽ സ്ഥിതിചെയ്യുന്ന ഒളിമ്പസ് മോൺസ് ആണ്. ഉയരം - 21,171 m (69,459 ft).

നിർവ്വചനം[തിരുത്തുക]

വീലർ കൊടുമുടി, നെവാദ.

പർവ്വതത്തിന് ലോകമെമ്പാടും ഒരുപോലെ അംഗീകരിച്ച ഒരു നിർവ്വചനം നിലവിലില്ല. ഒരു പർവ്വതത്തെ നിർവ്വചിക്കാനുള്ള അളവുകോലുകൾ അതിന്റെ ഉയർച്ച, വ്യാപ്തി, ചരിവ്‌, അകലം, തുടങ്ങിയവയാണ്. [2]

ചില ഭൂരൂപങ്ങൾ, അവ സ്ഥിതിചെയ്യുന്ന പ്രദേശത്തിലെ തദ്ദേശനിവാസികളുടെ ഭാഷയും സംസ്ക്കാരവും ആസ്പദമാക്കി 'പർവ്വതം' എന്ന് വിളിക്കപ്പെടാറുണ്ട്. ഉദാഹരണത്തിന് കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിൽ സ്ഥിതി ചെയ്യുന്ന ഡേവിഡ്‌സൺ പർവ്വതത്തിന്റെ ഉയരം 990 അടിയാണ്. അമേരിക്കൻ സംജ്ഞയനുസരിച്ച് ഇത് ഒരു പർവ്വതത്തിനു വേണ്ട ഉയരത്തേക്കാൾ 10 അടി കുറവാണ്. ഇതുപോലെ, ഒൿലഹോമയിലെ 824 അടി മാത്രമുള്ള സ്കോട്ട് പർവ്വതവും, തദ്ദേശീയരുടെ ഭാഷാ ഉപയോഗം മൂലം പർവ്വതം എന്ന് അറിയപ്പെടുന്നു.

പർവ്വതത്തിന്റെ നിർവ്വചനങ്ങൾ താഴെ നൽകിയിരിക്കുന്നു. [3]

 • സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും ചുരുങ്ങിയത് 2500m(8202ft) ഉയരം.(8000 അടിയിൽ കൂടുതൽ ഉയരമുള്ളവയെ സാധാരണ കൊടുമുടിയായി കണക്കാക്കാറുണ്ട്)
 • സമുദ്ര നിരപ്പിൽ നിന്നും 1500m(4921 ft.)– 2500m(8202 ft) ഉയരവും, 5 ഡിഗ്രിയിലധികം ചരിവും. -പർവ്വതം
 • സമുദ്ര നിരപ്പിൽ നിന്നും 1000m(3280 ft.)– 2500m(4921 ft)ഉയരം . -മലകൾ
 • സമുദ്ര നിരപ്പിൽ നിന്നും 300m(984 ft.)– 1000m(3280 ft) ഉയരം -കുന്നുകൾ.
 • സമുദ്ര നിരപ്പിൽ നിന്നും 900m(2952 ft.)കൂടുതൽ ഉയരമുള്ള ഭൂരൂപങ്ങളെ ഇൻഡ്യയിൽ പർവ്വതമായിട്ടാണ് കണക്കാക്കുന്നത് (പർവ്വതങ്ങളുടെ മറ്റ് സവിശേഷതകളും ഉണ്ടാവണം)

ഈ നിർവ്വചനപ്രകാരം പർവ്വതങ്ങൾ ഏഷ്യയുടെ 64 ശതമാനവും, യൂറോപ്പിന്റെ 25 ശതമാനവും,തെക്കേ അമേരിക്കയുടെ 22 ശതമാനവും, ആസ്ട്രേലിയയുടെ 17 ശതമാനവും, ആഫ്രിക്കയുടെ 3 ശതമാനവും സ്ഥലത്തെ ആവരണം ചെയ്യുന്നു. ആകെ ഭൂമിയുടെ 24 ശതമാനം കരപ്രദേശങ്ങൾ പർവ്വതങ്ങളാണ്. ഭൂമിയിലെ ആകെ ജനസംഖ്യയുടെ 10 ശതമാനം പർവ്വതപ്രദേശങ്ങളിൽ ജീവിക്കുന്നു. [4] ലോകത്തെ ഭൂരിഭാഗം നദികളുടെയും സ്രോതസ്സ് പർവ്വതങ്ങളാണ്. അതുപോലെ ലോകജനതയുടെ പകുതിയിലധികം പേർ ജലത്തിനായി പർവ്വതങ്ങളെ ആശ്രയിക്കുന്നു. [5][6]

സവിശേഷതകൾ[തിരുത്തുക]

കാർബൺ കൌണ്ടിയിലെ പർവ്വതം, യൂട്ടാ

വളരെ ഉയർന്ന് നിൽക്കുന്ന പർവ്വതങ്ങളും, ധ്രുവങ്ങൾക്കരികിലായി സ്ഥിതിചെയ്യുന്ന പർവ്വതങ്ങളും, അന്തരീക്ഷത്തിലെ തണുത്ത പാളികളുമായി കൂടിച്ചേർന്നുകിടക്കുന്നതിനാൽ, അവ തുടർച്ചയായുള്ള മഞ്ഞിന്റെ പ്രവർത്തനം മൂലം ദ്രവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ദ്രവിക്കപ്പെടുന്നതിനാൽ, ഈ പർവ്വതങ്ങളുടെ മുകൾഭാഗത്ത് പിരമിഡ് ആകൃതിയിൽ കൂർത്ത കൊടുമുടികൾ രൂപപ്പെടുന്നു. ഇങ്ങനെയുള്ള ചില പർവ്വതങ്ങളിൽ മഞ്ഞുപാളികൾ ഉരുകി മഞ്ഞുതടാകങ്ങൾ രൂപം കൊള്ളാറുണ്ട്. ഭൂട്ടാനിൽ ഇത്തരത്തിൽ മൂവായിരത്തോളം മഞ്ഞുതടാകങ്ങളുണ്ട്. ദ്രവീകരണം മൂലവും, കാലാവസ്ഥ മൂലം ജീർണ്ണമാക്കപ്പെടുന്നതിനാലും, പർവ്വതങ്ങളുടെ സവിശേഷതകൾക്ക് വ്യത്യാസം വരാറുണ്ട്.

ഒളിമ്പസ് പർവ്വതം, ഗ്രീസ്.
ആൽ‌പ്സ് പർവ്വതം, സ്വിറ്റ്സർലാന്റിൽ നിന്നുള്ള കാഴ്ച

ഉയർന്നു നിൽക്കുന്ന പർവ്വതങ്ങളിൽ മുകൾഭാഗത്തും, താഴെയും വ്യത്യസ്ത കാലാവസ്ഥ അനുഭവപ്പെടുന്നതിനാൽ, വ്യത്യസ്ത ഉയരങ്ങളിൽ വ്യത്യസ്ത ജൈവമേഖലകൾ കാണപ്പെടുന്നു. ഏറ്റവും ഉയർന്ന ഭാഗങ്ങളിൽ മരങ്ങൾ വളരാത്തതിനാൽ അവിടം ആൽ‌പൈൻ രീതിയിൽ, ഉത്തരധ്രുവമേഖലാപ്രദേശത്തെ മരവിച്ച വൃക്ഷശൂന്യസമതലമൈതാനം (തുന്ദ്ര) പോലെ കാണപ്പെടുന്നു.[7]. ഇതിനു തൊട്ടുതാഴെയായി, തണുപ്പിനെയും, വരൾച്ചയെയും അതിജീവിക്കാൻ കഴിവുള്ള കോണിഫർ വൃക്ഷങ്ങൽ കാണപ്പെടുന്നു. [8] വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിലെ പർവതങ്ങളിലെ ചെങ്കുത്തായ വശങ്ങളും, കുറഞ്ഞ താപനിലയും, അവിടെ വ്യത്യസ്തങ്ങളായ ജന്തുവർഗ്ഗവും, സസ്യവർഗ്ഗവും കാണപ്പെടാൻ കാരണമാകുന്നു. [7][9] ഇങ്ങനെ പർവ്വതങ്ങളിൽ വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്ത കാലാവസ്ഥാമേഖലകൾ കാണപ്പെടുന്നതുമൂലം, ഇവിടങ്ങളിലെ ചില സസ്യങ്ങളുടെയും, ജന്തുക്കളുടെയും സാന്നിദ്ധ്യവും, സഞ്ചാരവും, അവയ്ക്ക് അനുയോജ്യമായ ഏതാനും മേഖലകളിൽ മാത്രമായി ഒറ്റപ്പെടുന്നു. എന്നാൽ പറക്കാൻ കഴിവുള്ളതിനാൽ, പക്ഷികൾ അനുയോജ്യമായ മറ്റു വാസസ്ഥലങ്ങളിലേക്ക് ദേശാന്തരഗമനം നടത്തുന്നു. [10] ഇത്തരം ഒറ്റപ്പെട്ട പരിസ്ഥിതികൾ സ്കൈ ഐലാന്റ്സ് എന്നറിയപ്പെടുന്നു. [11]

കടുത്ത കാലാവസ്ഥയും, കൃഷിക്ക് അനുയോജ്യമായ ഭൂമിയുടെ അഭാവവും കാരണം, പർവ്വതങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ താഴ്വരകളാണ് മനുഷ്യവാസത്തിന് കൂടുതൽ അഭിലഷണീയം. ഉയർന്ന പ്രദേശങ്ങളിൽ, വായുവിൽ ഓക്സിജന്റെ അളവു കുറവും, സൌരവികിരണം ഏൽക്കാനുള്ള സാധ്യത കൂടുതലുമാണ്.

ലോകമെമ്പാടുമുള്ള മിക്ക പർവ്വതങ്ങളും പർവ്വതനിരകളും അതിന്റെ സ്വാഭാവിക രീതിയിൽ സംരക്ഷിക്കപ്പെട്ട് വിനോദസഞ്ചാരത്തിനായി ഉപയോഗപ്പെടുത്തുമ്പോൾ, മറ്റുള്ളവ മരത്തടി ഉല്പാദനം, ഖനനം, കന്നുകാലിമേയ്ക്കൽ എന്നിവയ്ക്കായി ഉപയോഗിക്കുകയോ അല്ലെങ്കിൽ ഒട്ടും ഉപയോഗിക്കാതെ കിടക്കുകയോ ചെയ്യുന്നു. ചില പർവ്വതങ്ങളുടെ കൊടുമുടികളിൽ നിന്നും മനോഹരമായ ദൂരകാഴ്ചകൾ കാണാമെങ്കിൽ, മറ്റു ചിലവ ഘോരവനങ്ങളാണ്.

പർവ്വതങ്ങൾ മണ്ണും പാറയും മറ്റ് അനുബന്ധവസ്തുക്കളും കൊണ്ട് നിർമ്മിക്കപ്പെട്ടവയാണ്. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി ആറ് ഫലകങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഇവയിൽ ഏതെങ്കിലും രണ്ടെണം ചലിക്കുകയോ, പരസ്പരം കൂട്ടിയിടിക്കുകയോ ചെയ്യുമ്പോൾ, വളരെയധികം പ്രദേശങ്ങൾ ഉയർത്തപ്പെടുകയും, പർവ്വതങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു.

ഇനങ്ങൾ[തിരുത്തുക]

പർവ്വതങ്ങൾ 6 ഇനങ്ങളായി തരംതിരിക്കപ്പെടുന്നു.

മടക്ക് പർവ്വതങ്ങൾ[തിരുത്തുക]

പ്രധാന ലേഖനം: മടക്ക് പർവ്വതം

സാധാരണമായി കാണപ്പെടുന്ന പർവ്വതവിഭാഗമാണ് മടക്കുപർവ്വതങ്ങൾ. ഹിമാലയം (ഏഷ്യ), ആൽ‌പ്സ് (യൂറോപ്പ്) എന്നിവ മടക്കുപർവ്വതങ്ങൾക്ക് ഉദാഹരണങ്ങളാണ്. ആയിരക്കണക്കിന് മീറ്റർ കനമുള്ള അവസാദശിലാപടലങ്ങളിൽ സമ്മർദ്ദത്തിന്റെ ഫലമായി മുകളിലോട്ടും താഴോട്ടും മടക്കുകൾ ഉണ്ടായിട്ടാണ് മടക്കുപർവ്വതങ്ങൾ രൂപം കൊള്ളുന്നത്.

ബ്ലോക്ക് പർവ്വതങ്ങൾ (ഫോൾട്ട് ബ്ലോക്ക് പർവ്വതങ്ങൾ)[തിരുത്തുക]

പ്രധാന ലേഖനം: ബ്ലോക്ക് പർവ്വതം

അർധവൃത്താകാര പർവ്വതങ്ങൾ[തിരുത്തുക]

അഗ്നിപർവ്വതങ്ങൾ[തിരുത്തുക]

പ്രധാന ലേഖനം: അഗ്നിപർവ്വതം

ഫലകങ്ങളുടെ ചലനത്തിൻറെ ഫലമായി ഉണ്ടാകുന്ന വിടവുകൾ വഴി ഉരുകിയ ശിലാദ്രവം ഫലകസീമകളിലൂടെ പുറത്തുവന്നാണ് അഗ്നിപർവ്വതങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.

പീഠഭൂമി പർവ്വതങ്ങൾ[തിരുത്തുക]

പ്രധാന ലേഖനം: പീഠഭൂമി

ദ്രവീകരണ പ്രക്രിയ മൂലം രൂപം കൊള്ളുന്ന കപട പർവ്വതങ്ങളാണ് പീഠഭൂമി പർവ്വതങ്ങൾ. ഇവ സാധാരണയായി മടക്ക് പർവ്വതങ്ങൾക്കരികിലായാണ് കാണപ്പെടുന്നത്. ന്യൂയോർക്കിലെ കാറ്റ്സ്കിൽ പർവ്വതം പീഠഭൂമി പർവ്വതത്തിന് ഒരു ഉദാഹരണമാണ്.

അവശിഷ്ട പർവതങ്ങൾ[തിരുത്തുക]

വിവിധ അവസാധ പ്രവർത്തങ്ങളുടെ (denudation) ഭാഗമായി മടക്കു പർവതങ്ങളുടെ ഉയരം കുറയുകയും കൂർത്ത മുകൾ ഭാഗം (summit) ക്രമേണ പരന്നു വരുകയും ചെയുന്നു. Eg : യുറാൾ, appalanchian

കൂടുതൽ ചിത്രങ്ങൾ[തിരുത്തുക]


അവലംബം[തിരുത്തുക]

 1. സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട് (1992). പാഠപുസ്തകം. കേരള സർക്കാർ. p. 81.
 2. Gerrard, A. J. 1990. Mountain Environments
 3. Blyth, S., Groombridge, B., Lysenko, I., Miles, L. & Newton, A. (2002). "Mountain Watch" (PDF). UNEP World Conservation Monitoring Centre, Cambridge, UK. Archived from the original (PDF) on 2008-05-11. Retrieved 2009-02-17.{{cite web}}: CS1 maint: multiple names: authors list (link)
 4. Panos (2002). "High Stakes". Retrieved 2009-02-17.
 5. "International Year of Freshwater 2003". Archived from the original on 2006-10-07. Retrieved 2006-12-07.
 6. "The Mountain Institute". Archived from the original on 2006-07-09. Retrieved 2006-12-07.
 7. 7.0 7.1 "Biotic Communities of the Colorado Plateau: C. Hart Merriam and the Life Zones Concept". Archived from the original on 2013-02-04. Retrieved 30 January 2010.
 8. "Tree". Microsoft Encarta Reference Library 2003. Microsoft Corporation. 1993–2002. 60210-442-1635445-74407. {{cite encyclopedia}}: |access-date= requires |url= (help)CS1 maint: date format (link)
 9. "Mountain Environments" (PDF). United Nations Environment Programme World Conservation Monitoring Centre. Archived from the original (PDF) on 2006-06-21. Retrieved 30 January 2010.
 10. Taylor, Richard Cachor (2005). A Birder's Guide to Southeastern Arizona. American Birding Association. pp. 2–4. ISBN 1-878788-22-1.
 11. Tweit, Susan J. (1992). The Great Southwest Nature Factbook. Alaska Northwest Books. pp. 138–141. ISBN 0-88240-434-2.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പർവ്വതം&oldid=3993843" എന്ന താളിൽനിന്ന് ശേഖരിച്ചത്