അപരദനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരമാലകൾ മലഞ്ചെരുവിൽ വരുത്തുന്ന അപരദനം
മണ്ണൊലിപ്പു മൂലമുണ്ടാകുന്ന അപരദനം

പ്രകൃതിശക്തികളുടെ പ്രവർത്തനങ്ങളിലൂടെ ഭൂമിയുടെ ഉപരിതലത്തെ ജീർണിപ്പിച്ചും കരണ്ടും ശിലാംശങ്ങളെയും അവശിഷ്ടങ്ങളെയും സമാർജിക്കുന്ന ഭൂരൂപപ്രക്ര(geomorphic process)മമാണ് അപരദനം.[1]

അപരദനത്തിന്റെ ആംഗലരൂപമായ എറോഷൻ (erosion) എറോദെരേ (കാർന്നെടുക്കൽ) എന്ന ലാറ്റിൻ പദത്തിൽനിന്നാണ് നിഷ്പന്നമായിട്ടുള്ളത്. നിർവചനപ്രകാരം ശരിയല്ലെങ്കിലും സൌകര്യത്തിനുവേണ്ടി ശിലാംശങ്ങളെ വഹിച്ചുനീക്കുന്ന പ്രക്രിയ (പരിവഹനം) കൂടി അപരദനത്തിലുൾപ്പെടുത്തിവരുന്നു.

ഭൂമിയുടെ നന്നേ ചെറിയ ഭാഗങ്ങളിൽപോലും അനുഭവപ്പെടുന്ന ഉത്ഥാനപതനങ്ങളുടേതായ ആവർത്തനത്തിൽ (geocycle),[2] നിയതവും സുപ്രധാനവുമായ ഒരു സ്ഥാനമാണ് അപരദനത്തിനുള്ളത്. ഈ പ്രക്രിയയുടെ കാരണങ്ങൾ മണൽകാറ്റുകൾ, ചുഴലികൾ, വെള്ളത്തിന്റെ കൂലംകുത്തിയുള്ള ഒഴുക്ക്, വെള്ളപ്പാച്ചിലും ശക്തമായ കാറ്റും മൂലമുണ്ടാകുന്ന മണ്ണൊലിപ്പ് എന്നിവയാണ്. തിരയടിക്കുന്നതിലൂടെ അനുദിനം ക്ഷയിച്ചുവരുന്ന തടരേഖകൾ മറ്റൊരു പ്രത്യക്ഷദൃഷ്ടാന്തമാണ്. മണ്ണിടിച്ചിൽപോലെ വൻതോതിലുള്ള ഭൂതലജീർണതയ്ക്ക് കളമൊരുക്കുന്നതും അപരദനമാണ്. ആഴിത്തട്ടിലെ ശിലാതലങ്ങളിൽ സന്ധികൾ (joints), ഭ്രംശങ്ങൾ (faults) തുടങ്ങിയ അനുകൂലമേഖലകളിലൂടെ അധസ്തലപ്രവാഹങ്ങൾ ആഴമേറിയ ചാലുകളുണ്ടാക്കുന്നത് അപരദനക്രിയയുടെ മറ്റൊരു രൂപമാണ്.

അപരദനകാരകങ്ങൾ[തിരുത്തുക]

ഗുരുത്വാകർഷണം മൂലമുള്ള അപരദനം

ഒഴുക്കുവെള്ളം, കാറ്റ്, ഹിമാനി, ജലം, തിരമാലകൾ എന്നിവയാണ് മുഖ്യഅപരദനകാരകങ്ങൾ. ഭൂമിയിലെ ഉയർന്ന തലങ്ങളെ നിരപ്പാക്കുവാനും അവിടത്തെ ശിലാപദാർഥങ്ങളെ താഴ്വാരങ്ങളിലേക്കും സമുദ്രങ്ങളിലേക്കും നീക്കാനും ഇവ അവിരാമമായി പ്രവർത്തിക്കുന്നു. ഭൂപ്രതലത്തിന്റെ രൂപവും ഭാവവും നിർണയിക്കുന്നതിൽ ഇവയ്ക്കു സാരമായ പങ്കുണ്ട്. അപക്ഷയം (weathering)[3] ഇവയുടെ പ്രവർത്തനത്തെ ത്വരിപ്പിക്കുന്നു. എന്നാൽ അപക്ഷയത്തിന്റെ പിന്നോടിയായി മാത്രമേ അപരദനം നടക്കാവൂ എന്നില്ല.

ഒഴുക്കുവെള്ളം[തിരുത്തുക]

അപരദനകാരകങ്ങളിൽ ഏറ്റവും പ്രമുഖം ഒഴുക്കുവെള്ളമാണ്. മഴപെയ്തുണ്ടാകുന്ന വെള്ളത്തിന്റെ മൂന്നിലൊരുഭാഗത്തിലധികം നീർച്ചാലുകളിലൂടെയും തോടുകളിലൂടെയും നദികളിലൂടെയും മറ്റുയായി ഒഴുകി ഒടുവിൽ സമുദ്രങ്ങളിലോ മറ്റു ജലാശയങ്ങളിലോ എത്തുന്നു. ഒഴുക്കും ജലവ്യാപ്തവും ശിലാവസ്തുക്കളെ ലയിപ്പിക്കുന്നതിനുള്ള അസാമാന്യരാസശക്തിയുമാണ് ജലത്തിന്റെ അപരദനശക്തിയെ വർധിപ്പിക്കുന്നത്. ഒഴുക്കിന്റെ ശക്തിയിൽ നീർച്ചാലിന്റെ വശങ്ങളിലും അടിത്തട്ടിലുമുള്ള ശിലാപാളികൾ അടർന്നുമാറുന്നു. മിക്കവാറും ശിലാംശങ്ങൾ ജലത്തിൽ ലയിച്ചുചേരുന്നവയാണ്. വലിപ്പമുള്ള ശിലാഖണ്ഡങ്ങൾ ഒഴുക്കിൽപ്പെട്ട് ഉരുണ്ടുപോകുകയും തൻമൂലമുണ്ടാകുന്ന സ്ഥാനവ്യതിചലനം അവയെ കൂടുതൽ വിഘടിതമാക്കുകയും ചെയ്യും. രാസപ്രക്രിയയിലൂടെ ജലം ശിലകളെ ജീർണിപ്പിക്കുന്നു. കുത്തിയൊലിക്കുന്ന ജലത്തിൽപെട്ട ശിലാകണങ്ങളും ഖണ്ഡങ്ങളും അന്യോന്യവും വശങ്ങളിലെ ശിലാഭിത്തികളുമായും കൂട്ടിയുരസുന്നതും വിഘടനപ്രക്രിയയെ ത്വരിപ്പിക്കുന്നു. വെള്ളത്തിന്റെ വഹനക്ഷമത പ്രവാഹവേഗത്തിന്റെ നാലാംവർഗത്തിന് ആനുപാതികമാണ്. നദീ അപരദനത്തിന്റെ ഫലമായി കോടാനുകോടി ടൺ ശിലാദ്രവ്യങ്ങളാണ് ആണ്ടുതോറും സമുദ്രതലങ്ങളിലെത്തുന്നത്. ഇന്ത്യയിലെ നദികൾ പ്രതിവർഷം 600 കോടി ടൺ അവസാദം കടലിലെത്തിക്കുന്നതായി കണക്കാക്കപ്പെടുന്നു.

ഭൂജലം[തിരുത്തുക]

കാർസ്ട് സ്ഥലരൂപം

മഴവെള്ളം അടിഞ്ഞമർന്നാണ് ഭൂജലം (ground water) രൂപംകൊള്ളുന്നത്. ഭൂമുഖത്താകെയുള്ള വാർഷികവർഷപാതത്തിന്റെ പത്തിരട്ടി ഭൂഗർഭത്തിൽ ജലരൂപത്തിൽ തങ്ങിനിൽക്കുന്നുവെന്നനുമാനിക്കപ്പെടുന്നു. ശിലാതലങ്ങളിലുള്ള രന്ധ്രങ്ങൾ, വിടവുകൾ തുടങ്ങിയവയിലൂടെ ഊർന്നിറങ്ങുന്ന ജലം രാസപ്രവർത്തനംകൊണ്ടു ശിലാംശങ്ങളെ ധാരാളമായി ലയിപ്പിക്കുന്നു. ധാതുസമ്പൂർണമായ ഈ ജലം ഉറവുകളും സ്രോതസ്സുകളുമായി ഉപരിതലത്തിലെത്തി താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകുന്നു. ജലത്തിന്റെ ഈ വിലായകസ്വഭാവത്തിന്റെ ഫലമായി ഭൂമിക്കടിയിൽ വിശാലമായ കിടങ്ങുകളോ വിസ്തൃതങ്ങളായ താഴ്വരകൾതന്നെയുമോ സൃഷ്ടിക്കപ്പെടാം. ഇങ്ങനെ സഞ്ചയിക്കപ്പെട്ട ശിലാംശങ്ങൾ ദൂരത്തേക്കു വഹിച്ചു നീക്കപ്പെടുന്നു. ചുണ്ണാമ്പു പ്രദേശങ്ങളിലാണ് ഭൂജലത്തിന്റെ പ്രവർത്തനം സജീവമായി നടക്കുന്നത്. കാർസ്ട് സ്ഥലരൂപ(Karst topography)ങ്ങളിലെ[4] വിചിത്രഭൂരൂപങ്ങളൊക്കെയും ഭൂജലത്തിന്റെ അപരദനസൃഷ്ടികളാണ്.

ഓളങ്ങൾ[തിരുത്തുക]

കടൽത്തിരയുടെ ശക്തിമൂലമുണ്ടാകുന്ന അപരദനം

സമുദ്രത്തിലെ തിരകളും കായലിലെ ഓളങ്ങളും തടരേഖകളെ അല്പാല്പമായി കാർന്നെടുക്കുന്നു. വേലാതരംഗങ്ങളും സുനാമി (Tsunami) തുടങ്ങിയ വൻതിരകളും തടപ്രദേശത്ത് ദൃശ്യമായ പരിവർത്തനങ്ങൾ വരുത്തുന്നു. കടലാക്രമണങ്ങൾ ഉണ്ടാകുമ്പോൾ അപരദനം അനേകായിരം മടങ്ങു ശക്തമായിത്തീരും. നദീ അപരദനത്തോളം ശക്തമല്ല സമുദ്രാപരദനം. കരളലിനെ ത്വരിപ്പിക്കുന്ന തിരമാലകൾ തന്നെ ചിലപ്പോൾ നിക്ഷേപണവും തൻമൂലം പ്രതലസൃഷ്ടിയും നിർവഹിക്കുന്നു എന്നതാണ് ഇതിനു കാരണം.

കാറ്റ്[തിരുത്തുക]

വായൂമൂലമുണ്ടാകുന്ന അപരദനം

വായുമൂലമുള്ള അപരദനം പ്രഭാവിതമായിക്കാണുന്നത് ശുഷ്കപ്രദേശങ്ങളിലാണ്. അപക്ഷയം, വിശിഷ്യ രാസാപക്ഷയം ഗണ്യമായി നടക്കുന്ന പ്രദേശങ്ങളിൽ വാതാപരദനം[5] (wind erosion) കൂടുതൽ ശക്തിയാർജിക്കുന്നു. മണൽത്തരികളും ധൂളിയും കലർന്ന വായു ഊക്കോടെ വീശുമ്പോൾ അതിനു മിനുക്കുകടലാസിന്റെ (sand paper) സ്വഭാവമുണ്ടാകുന്നു. ശക്തിയായ ഉരസൽകൊണ്ടു കടുപ്പമേറിയ ശിലാശേഖരങ്ങൾക്കുപോലും ജീർണത വരുത്തുവാൻ മണൽക്കാറ്റിനു കഴിയും. എന്നാൽ കാറ്റിന്റെ ഗതിയിലെ നിസ്സാരങ്ങളായ പ്രതിബന്ധങ്ങളും നനവുള്ള പ്രദേശങ്ങളും അതിന്റെ അപരദനശക്തിയെ ക്ഷയിപ്പിക്കുന്നു. മലഞ്ചരിവുകളിൽനിന്നും താഴ്വാരങ്ങളിലേക്കാണ് കാറ്റുമൂലമുള്ള അപരദനം ശക്തമായി കണ്ടുവരുന്നത്.

ഹിമാനി[തിരുത്തുക]

ഒഴുക്കുവെള്ളത്തോളം തന്നെ ശക്തമായ മറ്റൊരു കാരകമാണ് ഹിമാനി (glacier). ഭൂമുഖത്തെ ഉന്നതപർവത ശിഖരങ്ങളൊക്കെയും മഞ്ഞുകൊണ്ടു മൂടപ്പെട്ടിരിക്കുന്നു. ഗ്രീൻലൻഡിലും അന്റാർട്ടിക്കയിലുമായി ഇന്നു നിലവിലുള്ള ഹിമപാളികളുടെ വിസ്തീർണം 1.5 കോടി ച.കി.മീ. ആണെന്നു കണക്കാക്കപ്പെടുന്നു. 10,000 വർഷങ്ങൾക്കു മുൻപ് ഇവ ഉത്തര അക്ഷാംശങ്ങളിലെ വൻകരാപ്രദേശങ്ങളിലേക്ക് അതിക്രമിച്ച് ഇന്നത്തേതിന്റെ ഇരട്ടി സ്ഥലത്തു വ്യാപിച്ചിരുന്നു. ആൽപ്സ്, ഹിമാലയം, റോക്കി, ആൻഡീസ് തുടങ്ങിയ പർവതങ്ങളിൻമേൽ ഹിമാനികൾ ഇഴഞ്ഞുനീങ്ങുന്നതു നിമിത്തം പുതിയ ഭൂരൂപങ്ങൾ ഉടലെടുത്തു കാണുന്നു. ചലിക്കുന്ന ഹിമാനിക്ക് ഉയർന്ന പ്രതിബന്ധങ്ങളെപ്പോലും മറികടന്നുപോകാൻ കഴിയും. ഈ ഗതിയിൽ അവയ്ക്ക് അടിത്തറയിലും പാർശ്വങ്ങളിലുമുള്ള ശിലാപാളികളെ ഒന്നാകെ തുരന്നും അടർത്തിയും മാറ്റാനുള്ള ശക്തിയുണ്ട്. വൻപിച്ച പാറക്കെട്ടുകളും കുന്നുകളും ഇങ്ങനെ തകർന്നടിയുന്നു. പൂർവപ്രകൃതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഭൂദൃശ്യമായിരിക്കും ഹിമാനീകൃതസ്ഥലരൂപങ്ങൾ(glacial topography)ക്കുണ്ടായിരിക്കുക. വടക്കേ അമേരിക്കയുടെ ഉയർന്ന അക്ഷാംശപ്രദേശങ്ങളിൽ ഇത്തരം ഭൂദൃശ്യങ്ങൾ സുലഭമാണ്.

അപരദനഫലമായി ഉണ്ടാകുന്ന മണ്ണരിപ്പുമൂലം ചില ഭൂഭാഗങ്ങൾ ശരിയായ ആധാരമില്ലാത്തവയായിത്തീരുന്നു. ഈ സ്ഥിതിയിൽ ഭൂഗുരുത(gravity)യുടെ ഫലമായി അവ തകർന്നടിയുന്നു. മണ്ണിടിച്ചിൽ (land slide), ഉരുൾപൊട്ടൽ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. ചരിവുതലങ്ങളിലെ പൊടിഞ്ഞിളകിയ പൂഴിമണ്ണ് ഊർന്നിറങ്ങി പുഴപോലെ നീങ്ങുന്നത് (solifluction) മറ്റൊരു ദൃഷ്ടാന്തമാണ്.

അപരദനം മൂലം രൂപപ്പെട്ട ഗ്രാനൈറ്റ്

ഇളകിയ മണ്ണിലാണ് അപരദനം സുഗമമായി നടക്കുക. പുല്ലും സസ്യങ്ങളും നിബിഡമായി വളരുന്നത് ഈ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. കൃഷിസ്ഥലങ്ങളിലാണ് മണ്ണൊലിപ്പു രൂക്ഷമായി അനുഭവപ്പെടുന്നത്. ചരിവുതലങ്ങളിലെ മണ്ണ് ഒന്നാകെ ഒലിപ്പിച്ചു നഗ്നശിലാതലങ്ങളോളമെത്താൻ ഒഴുക്കുവെള്ളത്തിനു നന്നേ കുറച്ചു സമയമേ വേണ്ടൂ. തലങ്ങും വിലങ്ങുമായുള്ള ഓടകൾ നിറഞ്ഞ വിച്ഛേദിതപ്രവണങ്ങൾ (dissected slopes) നിർമ്മിക്കുന്ന ഇത്തരം പ്രക്രിയ (gully erosion) മണ്ണിന്റെ ഫലപുഷ്ടിയിൽ സാരമായ കുറവു വരുത്തുന്നു. തമിഴ്നാട്ടിലെ രാമനാട്, തിരുനെൽവേലി, കന്യാകുമാരി എന്നീ ജില്ലകളിലും ഉത്തരേന്ത്യയിലെ ഝാൻസി, ഗ്വാളിയർ തുടങ്ങിയ പ്രദേശങ്ങളിലും ഈ രീതിയിലുള്ള മണ്ണൊലിപ്പ് പരിഹാരം കാണാത്ത പ്രശ്നമായി അവശേഷിക്കുന്നു. ഇളകിയ മണ്ണ് വഹിച്ചുനീക്കുന്നതിൽ അദ്യശ്യമായ പ്രവർത്തനത്തിലൂടെ കാറ്റും പങ്കുചേരുന്നു.

മേൽ വിവരിച്ച തരത്തിലുള്ള അപരദനം വ്യക്തമായ വ്യതിയാനങ്ങളാണ് വരുത്തുന്നതെങ്കിലും ഏറിയകൂറും ഈ പ്രക്രിയ ശ്രദ്ധിക്കപ്പെടാതെപോകുകയാണ് പതിവ്. അദൃശ്യവും അല്പവുമായ ഈ പരിവർത്തനങ്ങൾ മനുഷ്യായുസ്സിന്റെ പരിധിയിൽ ഒതുങ്ങുന്നവയല്ല; കാലാന്തരങ്ങളിലുള്ള പ്രതലവ്യതിയാനത്തിന് അവ കാരണമാകുകയും ചെയ്യും. അമേരിക്കയിൽ അപരദനത്തിന്റെ അളവ്, ഇന്നത്തെ രീതിയിൽ തുടർന്നാൽ വൻകരകളെ മുഴുവൻ 25 കോടി വർഷങ്ങളിൽ ഒലിപ്പിച്ചുകളയാൻ പോന്നതാണെന്ന് ഭൂവിജ്ഞാനികൾ അനുമാനിക്കുന്നു.

അപരദനം പൊതുവേ വിനാശകാരകമാണ്. എന്നാൽ സമാർജിക്കപ്പെടുന്ന ശിലാംശങ്ങളുടെ നിക്ഷേപണത്തിലൂടെ പുതിയ ഭൂരൂപങ്ങളുടെ നിർമിതിയിൽ ഇതൊരു സർഗശക്തിയായി പെരുമാറുന്നു. അപരദനംമൂലം മണ്ണിന്റെ ഫലപുഷ്ടി കുറയുമ്പോൾതന്നെ, നിക്ഷേപപ്രദേശങ്ങളിൽ അത്യധികമായ വളക്കൂറുള്ള എക്കൽതലങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. മണ്ണൊലിപ്പ് മൂലം അനാവൃതമാക്കപ്പെട്ട ശിലാതലങ്ങളിൽ വിലപ്പെട്ട ധാതുനിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. http://www.fsl.orst.edu/wpg/events/W07/81_swanson.pdf
  2. http://www.geocycle.us/holcimcms/uploads/GEOCYCLE_US/2.4%20Analytical%20Services.pdf
  3. http://www.physicalgeography.net/fundamentals/10r.html
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-10-19. Retrieved 2011-09-30.
  5. http://www.fao.org/docrep/T1765E/t1765e0t.htm

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപരദനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപരദനം&oldid=3838236" എന്ന താളിൽനിന്ന് ശേഖരിച്ചത്