അഗാധമേഖല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെലാജിക് സോണിലെ അടുക്കുകൾ.

വൻകരത്തട്ടിനും (continental shelf)[1] അത്യഗാധമായ കടൽത്തട്ടിനും (deep -sea floor) ഇടയിലായി സ്ഥിതിചെയ്യുന്ന സമുദ്രപാരിസ്ഥിതിക മേഖലയെ അഗാധമേഖല(Bathyal zone) എന്നു പറയുന്നു. ഈ മേഖലയുടെ സ്വഭാവനിർണയനത്തിന് ആഴവും പ്രകാശവേധനവും (light penetration)[2] ആണ് കണക്കിലെടുക്കുന്നത്. പ്രകാശവേധനം ഭൂപ്രകൃതിയുമായും ജൈവികമായ ഘടകങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. അഗാധമേഖലയുടെ ഉയർന്ന പരിധി 100-ഉം 300-ഉം മീറ്ററുകൾക്കിടയ്ക്കും താഴ്ന്ന പരിധി 1,000-ഉം 4,000-ഉം മീറ്ററുകൾക്കിടയ്ക്കും സ്ഥിതിചെയ്യുന്നു. ഈ പരിധിനിർണയം അതതിടത്തെ വൻകരത്തട്ടിന്റെ താഴ്ച, അവിടത്തെ പ്രകാശവേധനം, നീരൊഴുക്ക്, ലവണത, സുതാര്യത മുതലായ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

വൻകരത്തട്ട്

നിതലസ്ഥലാകൃതിയെ (bottom topography)[3] അടിസ്ഥാനപ്പെടുത്തി നോക്കിയാൽ എല്ലാ പ്രധാന സമുദ്രങ്ങളിലെയും അഗാധമേഖല വൻകരച്ചരുവിന്റെ (continental slope)[4] താഴ്ചയ്ക്ക് സമമായിക്കിടക്കുന്നതു കാണാം. ഇവിടെ വസിക്കുന്ന പ്ലവകങ്ങളെയും (planktons)[5] തരണുകങ്ങളെയും (Nektons)[6] അഗാധമേഖലാപവർതി ജീവികൾ (Bathy pelagic)[7] എന്നു വിളിക്കുന്നു. നിതലജീവികളാവട്ടെ അഗാധനിതലജീവികൾ (Bathyal benthos)[8] എന്നാണറിയപ്പെടുന്നത്. ജീവശാസ്ത്രജ്ഞൻമാരും ഭൂവിജ്ഞാനികളും ഉപയോഗിക്കുന്ന ഒരു സംജ്ഞയാണ് അഗാധമേഖല. ഇത് ജീവശാസ്ത്രത്തിൽ പൊതുജൈവസവിശേഷതകൾ സൂചിപ്പിക്കുവാനായി ഉപയോഗിക്കുമ്പോൾ, ഭൂവിജ്ഞാനീയത്തിൽ ശിലാ സവിശേഷതകൾക്കാണ് ഊന്നൽ കൊടുക്കുന്നത്.

സവിശേഷതകൾ[തിരുത്തുക]

അഗാധമേഖല മിക്കവാറും പ്രകാശരഹിതമാണ്. ഉഷ്ണമേഖലാപ്രദേശങ്ങളിൽ അനുകൂലമായ കാലാവസ്ഥയിൽ 600 മീ. താഴ്ചയിൽപോലും നേരിയ പ്രകാശം ഉണ്ടാകാമെങ്കിലും ഉച്ചാക്ഷാംശപ്രദേശങ്ങളിൽ പ്രകാശവേധനം 50 മീ. വരെയാണ്. അഗാധമേഖലയിൽ പ്രകാശവേധനം ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ദക്ഷിണായനരേഖയ്ക്കും ഉത്തരായനരേഖയ്ക്കും അടുത്തുകിടക്കുന്ന ചില വരണ്ട പ്രദേശങ്ങളുടെ സമീപത്താണ്. കാലാവസ്ഥാവ്യതിയാനങ്ങൾക്ക് മിക്കവാറും അതീതമായ ഒരു സമുദ്രഭാഗമാണ് അഗാധമേഖല.

മധ്യ-നീചാക്ഷാംശപ്രദേശങ്ങളിൽ അഗാധമേഖലയിലെ ജലത്തിന്റെ താപനില 15ത്ഥഇ-നും 5ത്ഥഇ-നും ഇടയിലാണ്. ഉഷ്ണമേഖലയിൽനിന്നും നീരൊഴുക്ക് ലഭിക്കുന്നതിനാൽ ഈ അക്ഷാംശപ്രദേശങ്ങളിലെ വൻകരകളുടെ കിഴക്കേ തീരങ്ങളിൽ, പടിഞ്ഞാറൻ തീരങ്ങളെ അപേക്ഷിച്ച് താപം കൂടിയിരിക്കും. ഉച്ചാക്ഷാംശപ്രദേശങ്ങളിൽ അഗാധമേഖലയിലെ താപനില 3ത്ഥഇ-നും 1ത്ഥഇ-നും ഇടയിലാണ്.

അഗാധമേഖലയിലെ ലവണതയിൽ വലിയ വ്യതിയാനങ്ങൾ കാണാറില്ല; ഇവിടത്തെ ജലപിണ്ഡങ്ങളുടെ (water masses) സ്വഭാവമനുസരിച്ച് അത് 3.4 ശതമാനത്തിനും 3.6 ശതമാനത്തിനും ഇടയ്ക്ക് വ്യതിചലിക്കുന്നു.

ഫ്യോഡ് നൊർവെ

അഗാധമേഖലയിലെ നീരൊഴുക്കുകൾ മന്ദവും ഭൂവിക്ഷേപാത്മകവും (geostrophic)[9] ആണ്. മധ്യനീചാക്ഷാംശപ്രദേശങ്ങളിൽ പലയിടത്തും, 1,000 മീ. താഴ്ചയിലുള്ള ജലം മിക്കവാറും നിശ്ചലമായിരിക്കും. ഇങ്ങനെയുള്ള ഇടങ്ങളിൽ പ്രാണവായുവും ജീവജാലങ്ങളുടെ ആധിക്യവും കുറയുന്നു. ഉച്ചാക്ഷാംശപ്രദേശങ്ങളിൽ വൻകരച്ചരിവുകളോടുചേർന്ന് പ്രബലങ്ങളായ പ്രതിപ്രവാഹങ്ങൾ (counter currents) കാണാൻ കഴിയും. എങ്കിലും ചില ഫ്യോഡ് (fjord)[10] കളിലും ഉപാന്തപ്രദേശങ്ങളിലും പ്രാണവായു നന്നെ കുറയുന്നതും ഹൈഡ്രജൻസൾഫൈഡ് വാതകം ധാരാളമായിക്കാണുന്നതും സാധാരണയാണ്.

കൊക്കോലിഥോഫോറുകൾ

പ്രതിപ്രവാഹങ്ങളുള്ള ഇടങ്ങളിൽ ഈ പ്രവാഹങ്ങൾ ജലോദ്ഗമനത്തെ (upwelling) സഹായിക്കുന്നതിനാൽ ഇവിടങ്ങളിൽ ത്വരിതഗതിയിലുളള ജൈവപ്രക്രിയ നടക്കുന്നു. ഇത് പ്ളവകങ്ങളുടെ വളർച്ചയ്ക്കു സഹായകമാവുകയാൽ ഈ മേഖലകൾ നല്ല മത്സ്യബന്ധനപ്രദേശങ്ങളാണ്. നിതലജീവികളുടെ എണ്ണവും വൈവിധ്യവും ആഴം കൂടുന്തോറും കുറയുന്നതായി ചലഞ്ചർ പര്യവേക്ഷണം (Challenger Expedition, 187276) തെളിയിച്ചിട്ടുണ്ട്. ആവശ്യത്തിന് നീരൊഴുക്കുള്ള പ്രദേശങ്ങളിൽ പ്രധാനമായും അധഃസ്തരത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചാണ് അഗാധനിതലജീവികൾ കാണപ്പെടുന്നത്. തുടർച്ചയായി താഴോട്ട് പതിച്ചുകൊണ്ടിരിക്കുന്ന കൊക്കോലിഥോഫോറുകളും (cocolithophore),[11] ഫൊറാമിനിഫെറകളും (foraminifera)[12] നീചാക്ഷാംശപ്രദേശങ്ങളിലെ അഗാധമേഖലകളിലെ അവസാദങ്ങളിൽ (sedi-ments) മുഖ്യ ഘടകമായിത്തീരുന്നു. അഗാധമേഖലയിൽ സസ്യങ്ങളായി പ്രധാനമായും ജീവാണുക്കളെ മാത്രമേ കാണുകയുള്ളു. ചിലേടങ്ങളിൽ അള്ളിപ്പിടിച്ചുപടരുന്ന പായലുകൾ കാണാറുണ്ടെങ്കിലും അവയുടെ ഉപാപചയത്തെ (metabolism) കുറിച്ചുള്ള വിജ്ഞാനം പരിമിതമാണ്.

അഗാധമേഖലയിലെ അവസാദങ്ങൾ[തിരുത്തുക]

അഗാധമേഖലയിലെ അവസാദങ്ങളെ മൂന്നു വിഭാഗങ്ങളിൽ പെടുത്താം.

സിന്ധുപങ്കം[തിരുത്തുക]

(Ooze)

ഇതിന്റെ ഉത്പാദനത്തെ സഹായിക്കുന്നത് തുടർച്ചയായി താഴോട്ട് പതിച്ചുകൊണ്ടിരിക്കുന്ന കൊക്കോലിഥോഫോറുകളുടെയും മറ്റു പ്ലവകങ്ങളുടെയും കവചങ്ങളാണ്.

സ്വയം നിർമിതാവസാദങ്ങൾ[തിരുത്തുക]

(Authigenice sediments)

സമുദ്രജലവും കടൽത്തട്ടിലുള്ള മറ്റു വസ്തുക്കളും തമ്മിലുള്ള രാസസംയോജനത്തിന്റെ ഫലമായി ഉണ്ടാവുന്ന ഇവയെ പൊതുവായി പച്ചച്ചെളി (Green mud) എന്നുവിളിക്കുന്നു.[13] ഫോസ്ഫോറൈറ്റ് (phosphorate),[14] ഫെറോമാംഗനീസ് പർവകങ്ങൾ (ferroman-genese nodules),[15] കാൽസൈറ്റ് (calcite), ജിപ്സം (gybsum) മുതലായവ ഇങ്ങനെയാണുണ്ടാകുന്നത്.

സ്ഥലജനിതാവസാദങ്ങൾ[തിരുത്തുക]

(Terrigenous deposits)

കളിമണ്ണും (clay) എക്കലും (silt) കൊണ്ടു നിർമിതമായ ഇത്തരം അവസാദങ്ങൾ നീലച്ചെളി (blue mud) എന്നറിയപ്പെടുന്നു. ഇതിൽ സാധാരണയായി ധാരാളം ജൈവാവശിഷ്ടങ്ങൾ (orjanic debris) കാണാം. അതിനാൽ ഇത്തരം അവസാദങ്ങളുടെ മുകളിലെ അടുക്ക് ഓക്സീകരണത്തിനു (oxidisation) വിധേയമായി ഏതാനും സെ.മീ. താഴ്ചവരെ ചുവപ്പുകലർന്ന തവിട്ടുനിറം പ്രാപിക്കാറുണ്ട്. ഹിമനദീയ (glacial) വസ്തുക്കളും അഗ്നിപർവതങ്ങളിൽനിന്നുള്ള ചാരവും (volcanic ash) പവിഴപ്പുറ്റുകളിൽനിന്നുള്ള ചെളിയും മണലും ഇത്തരം അവസാദങ്ങളുടെ ഭാഗമായിത്തീരുന്നു. സൂക്ഷ്മകണികകളാകയാൽ സ്ഥലജനിതാവസാദങ്ങൾ വൻകരത്തട്ടിൽ അടിഞ്ഞുകൂടാതെ നീരൊഴുക്കുകളുടെയും മറ്റും സഹായത്താൽ വൻകരച്ചരിവിനും താഴെയെത്തുന്നു.

അവലംബം[തിരുത്തുക]

 1. വൻകരത്തിട്ട്
 2. "ആഴവും പ്രകാശവേധനവും (light penetration)". മൂലതാളിൽ നിന്നും 2011-09-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-24.
 3. "നിതലസ്ഥലാകൃതിയെ (bottom topography)". മൂലതാളിൽ നിന്നും 2012-03-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-24.
 4. വൻകരച്ചരുവിന്റെ (continental slope)
 5. പ്ലവകങ്ങൾ (planktons)
 6. തരണുകങ്ങൾ (Nektons)
 7. അഗാധമേഖലാപവർതി ജീവികൾ (Bathy pelagic)
 8. അഗാധനിതലജീവികൾ (Bathyal benthos)
 9. ഭൂവിക്ഷേപാത്മകവും (geostrophic)
 10. ഫ്യോഡ് (fjord)
 11. കൊക്കോലിഥോഫോറുകളും (cocolithophore)
 12. ഫൊറാമിനിഫെറകളും (foraminifera)
 13. "പച്ചച്ചെളി (Green mud)". മൂലതാളിൽ നിന്നും 2017-04-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-25.
 14. ഫോസ്ഫോറൈറ്റ് (phosphorate)
 15. "ഫെറോമാംഗനീസ് പർവകങ്ങൾ (ferroman-genese nodules)". മൂലതാളിൽ നിന്നും 2010-10-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-25.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗാധമേഖല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗാധമേഖല&oldid=3622577" എന്ന താളിൽനിന്ന് ശേഖരിച്ചത്