പാമ്പാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെക്കെ അമേരിക്കയുടെ ഭൂപടത്തിൽ പാമ്പായുടെ സ്ഥാനം പാമ്പായുടെ തെക്കു കിഴക്ക് അറ്റ്‌ലാന്റിക് സമുദ്രം അതിരിടുന്നു.
പാമ്പാ ഭൂപ്രകൃതി

തെക്കേ അമേരിക്കയിൽ ആർജന്റീന, ബ്രസീൽ, യുറഗ്വായ് എന്നീ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഫലഭൂയിഷ്ഠമായ നിമ്നപ്രദേശമാണ് പാമ്പാ. കെച്വ ഭാഷയിൽ സമതലമെന്നാണ് പാമ്പായ്ക്ക് അർത്ഥം. ലോകത്തെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിലൊന്നാണ് ഏഴരലക്ഷത്തോളം ചതുരശ്ര കിലോ മീറ്ററിലധികം വ്യാപ്തിയുള്ള പാമ്പാ. ആർജന്റീനയിലെ ബ്യൂണസ് ഐറീസ്, ലാ പാമ്പാ, സാന്താ ഫേ, കൊർദോബ പ്രവിശ്യകൾ, ബ്രസീലിന്റെ തെക്കെയറ്റമായ റിയോ ഗ്രാൻഡെ ദു സുൾ, യുറഗ്വായിലെ മിക്ക പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഈ ഭൂപ്രദേശത്തിന്റെ വ്യാപ്തി. സമൃദ്ധമായ കൃഷി ഈ മേഖലയിൽ നടക്കുന്നു. തുടർച്ചയായ തീപ്പിടുത്തങ്ങൾ ഉണ്ടാകുന്ന പാമ്പായിൽ മരങ്ങൾ അത്യപൂർവ്വമാണ്. പുല്ലും ചെറുചെടികളുമാണ് ഇവിടുത്തെ സസ്യപ്രകൃതി. ഇവിടെ കാണുന്ന വൈവിധ്യമാർന്ന തൃണവർഗ്ഗങ്ങളിൽ പാമ്പസ് ഗ്രാസാണ് (Cortaderia selloana) പ്രധാന തൃണജാതി.

പാമ്പായെ മൂന്ന് വ്യത്യസ്ത ജൈവമേഖലകളായി വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് വിഭജിച്ചുണ്ട്. യുറഗ്വായിലെയും ബ്രസീലിലെ റിയോ ഗ്രാൻഡെ ദുസുളിലെയും യുറഗ്വായൻ സാവന്ന, ആർജന്റീനയിലെ ബ്യൂണസ് ഐറീസ് പ്രവിശ്യയുടെ പടിഞ്ഞാറും എൻട്രെറിയോസ് പ്രവിശ്യയുടെ തെക്കുള്ള ആർദ്രപാമ്പാ, ബ്യൂണസ് ഐറീസിന്റെ കിഴക്കും ലാ പാമ്പാ, സാന്താ ഫേ, കൊർദോബ പ്രവിശ്യകളിലുമുള്ള അർധ-ഊഷരപാമ്പാ എന്നിവയാണവ. ആർജന്റീനയിലെ പാമ്പാ മേഖലയിൽ വൻതോതിൽ കൃഷി നടക്കുന്നു. സോയാബീൻ ആണ് ഇവിടെ കൃഷി ചെയ്യുന്ന ഏറ്റവും പ്രധാനവിള. കാലിവളർത്തലും പാമ്പായിൽ സാധാരണയാണ്.

"https://ml.wikipedia.org/w/index.php?title=പാമ്പാ&oldid=2016791" എന്ന താളിൽനിന്നു ശേഖരിച്ചത്