Jump to content

അഗ്നിപർവ്വതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റീഡൗട്ട് അഗ്നിപർവ്വതത്തിലെ ഏപ്രിൽ 21, 1990 ൽ ഉണ്ടായ സ്ഫോടനമേഘം, കെനൈ പെനുസ്വിലയിൽ നിന്നുള്ള ദൃശ്യം.
അലാസ്ക്കയിലെ അല്യൂറ്റിയൻ ദ്വീപിലുള്ള ക്ലീവ്‌ലൻഡ് അഗ്നിപർവ്വതം, അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് എടുത്ത ചിത്രം.

തിളച്ചുരുകിയ മാഗ്മ ദ്രവരൂപത്തിലോ, ബാഷ്പമായോ, രണ്ടും ചേർന്നോ വൻതോതിൽ ഗ്രഹോപരിതലത്തിലേക്ക് ബഹിർഗമിക്കുന്ന ഭൂവല്കച്ഛിദ്രമാണ് അഗ്നിപർവ്വതം. മിക്കപ്പോഴും ഇവ ഉയർന്ന കുന്നുകളുടെയോ പർവ്വതങ്ങളുടെയോ രൂപത്തിലായിരിക്കും കാണുക.

ഫലകചലനം ഉള്ള പ്രദേശങ്ങളിൽ അഗ്നിപർവ്വതങ്ങളും അഗ്നിപർവ്വതവക്ത്രങ്ങളിൽ നിന്നുള്ള ബഹിർഗമനവും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ആഗ്നേയ പ്രക്രിയയിൽ ഒരിനമാണ് അഗ്നിപർവ്വതോദ്ഗാരം, മറ്റേ ഇനം അന്തർവേധനവും (Intrusion). ഭൂവല്കത്തിലെ ശിലകളുടെ അടിയിൽ വിദരങ്ങളും വിടവുകളും സൃഷ്ടിച്ചു തിളച്ചുരുകിയ ശിലാദ്രവം മുകളിലേക്കിരച്ചുകയറുന്ന പ്രക്രിയയാണ് അന്തർവേധനം. ഇതിൽ അഗ്നിപർവ്വതത്തിലെപ്പോലെ മാഗ്മ ബഹിർഗമിക്കുന്നില്ല.

വൊൾകാനോ എന്ന പേരിനുപിന്നിൽ

[തിരുത്തുക]

അഗ്നിയും ചാരവും പാറയും മറ്റും പുറംതള്ളുന്ന പർവ്വതങ്ങളെ ആംഗലേയത്തിൽ വോൾക്കാനോ പറയുന്നു. ഗ്രീക്ക് പുരാണത്തിലെ അഗ്നിദേവനായ വോൾകന്റെ പേരിൽ അറിയപ്പെടുന്ന ഇറ്റലിയിലെ സിസിലിക്കടുത്തുളള വോൾകാനിക് ദീപിൽ നിന്നുമാണ് അഗ്നിപർവ്വതങ്ങൾക്ക് വോൾക്കാനോ എന്നു പേരുവന്നത് എന്നു കരുതുന്നു.[1]

ചരിത്രത്തിൽ

[തിരുത്തുക]

എ.ഡി. 79-ാം ശതകത്തിൽ പൊട്ടിത്തെറിച്ച്, ഹെർക്കുലേനിയം, പൊംപേയ് തുടങ്ങിയ നഗരങ്ങളെ ഒന്നാകെ നശിപ്പിച്ചുകളഞ്ഞ വെസൂവിയൻ[2] സ്ഫോടനത്തെസംബന്ധിച്ച വിവരണം റോമൻചരിത്രരേഖകളിലുണ്ട്. പുകയും തീയും വമിപ്പിച്ച് എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു പർവ്വതമായിട്ടാണ് അഗ്നിപർവ്വതത്തെ പൊതുവേ ധരിച്ചിരുന്നത്. ശാസ്ത്രത്തിന്റെ വളർച്ച ഈ ധാരണയെ തച്ചുടച്ചു. തടികളും മറ്റും കത്തുന്നതുപോലെ സാധാരണ ജ്വലനത്തിന് ഇവിടെ പ്രസക്തിയില്ല. ചിലപ്പോൾ വിലമുഖങ്ങളിൽ തീജ്വാലയുണ്ടാകാം. ആന്തരികമായ ചൂടുകൊണ്ടല്ല ഇതുസംഭവിക്കുന്നത്; ബാഷ്പങ്ങൾ വായുവുമായി ഇടകലരുമ്പോഴുണ്ടാകുന്ന ഉരസൽ മൂലം തീ കത്തുന്നതാണ്. അഗ്നിപർവ്വതപ്രക്രിയ പർവതാഗ്രങ്ങളിൽനിന്നാകണമെന്നില്ല. മിക്ക അഗ്നിപർവ്വതങ്ങളും സ്ഫോടനത്തിനുശേഷം ഉയർന്നുവന്നിട്ടുള്ളവയാണ്. നേപ്പിൾസ് ഉൾക്കടലിന് അഭിമുഖമായി നില്ക്കുന്ന വെസൂവിയസ് ഇതിനുദാഹരണമാണ്. പണ്ട് ഒരു അഗ്നിപർവ്വത ദ്വീപായിരുന്ന ഇത് ഉദ്ഗാരഫലമായി കടൽ നികന്നു കരയുമായി ബന്ധിക്കപ്പെട്ടു.

ആവിർഭാവം

[തിരുത്തുക]

ഭൂവല്കത്തിനടിയിലെ ഉയർന്ന ചൂടുകാരണം (3,000oC) പാറകളെല്ലാം ഉരുകും. ഉരുകിത്തിളച്ച ഈ വസ്തുവാണ് മാഗ്മ. ഭൂമിയുടെ ഉപരിതലത്തിനു 80-160 കിലോമീറ്റർ താഴെയാണ് സാധാരണയായി മാഗ്മ ഉണ്ടാവുക. പാറ ഉരുകുമ്പോൾ ഒരുപാട് വാതകവും ഉണ്ടാകും. ഈ വാതകവും മാഗ്മയും കൂടിച്ചേരും. ഇങ്ങനെയുണ്ടാകുന്ന വസ്തുവിന്‌ ചുറ്റുമുള്ളപാറകളേക്കാൾ ഭാരം കുറവായിരിക്കും. അതിനാൽ അത് മുകളിലേക്ക് ഉയർന്നുപൊങ്ങും. ഉയരുന്നതിനനുസരിച്ച് വഴിയിലുള്ള പാറകളേയും ഉരുക്കി കൂടെച്ചേർക്കും. ഭൂമിയുടെ ഉപരിതലത്തിന് ഏകദേശം 3 കിലോമീറ്റർ താഴെയെത്തുമ്പോൾ ഈ മാഗ്മക്കൂട്ടം ഒരു അറപോലെ നിറഞ്ഞുകിടക്കും. ഇതാണ് മാഗ്മ അറ. മാഗ്മ അറയ്ക്കു ചുറ്റുമുള്ള പാറകളിൽ നിന്നുള്ള മർദ്ദം കാരണം മാഗ്മ പൊട്ടിത്തെറിക്കുകയോ ദുർബല പാറകളെ ഉരുക്കി വിടവുകളുണ്ടാക്കി ഭൂമിയുടെ ഉപരിതലത്തിലേക്കു കുതിക്കുകയോ ചെയ്യും. ഉപരിതലത്തിലെത്താറാവുമ്പോൾ മാഗ്മയിലെ വാതകം വേർപെടും. അവിടെ ഒരു വിടവുണ്ടാക്കി വാതകവും മാഗ്മയുമെല്ലാം വെളിയിലേക്ക് ചാടും. ഇവ വലിയ ശിലാഖണ്ഡങ്ങൾ മുതൽ ചെറുകണങ്ങളും തരികളും വരെയായി വിവിധ വലിപ്പത്തിൽ ചിതറിവീഴുന്നു; ധൂമപടലങ്ങളും ഇതിന്റെകൂടെയുണ്ടാകാം. സാന്ദ്രമായ നീരാവി ശിലാധൂളിയുമായി കലർന്നുണ്ടാകുന്ന ഇരുണ്ട വിഷമയപദാർഥങ്ങൾ ധൂമപടലമായി പ്രത്യക്ഷപ്പെടുന്നു. ചിലപ്പോൾ ഇവ മേഘപാളിപോലെ കാണപ്പെടും.

ടെക്റ്റോണിക് ഭൗമ ഫലകങ്ങൾ

[തിരുത്തുക]
ടെക്റ്റോണിക് ഭൗമ ഫലകങ്ങളുടെ അതിർത്തിയും (OSR – Oceanic Spreading Ridges) അവയ്ക്ക് ചുറ്റും അടുത്തിടയുള്ള അഗ്നിപർവ്വതങ്ങളും.

ഫലകചലനസിദ്ധാന്തമനുസരിച്ച് ടെക്റ്റോണിക് ഭൗമ ഫലകങ്ങൾ പരസ്പരം അകലുകയോ കൂടിച്ചേരുകയോ ചെയ്യുന്നിടത്താണ്‌ സാധാരണയായി അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്നത്. മധ്യ-അറ്റ്ലാന്റിക് പർവ്വതനിരയിൽ ഫലകങ്ങൾ പരസ്പരം അകലുന്നതു കാരണമായുള്ള അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്നു. പസഫിക്ക് സമുദ്രത്തിനു ചുറ്റുമുള്ള പസഫിക്ക് അഗ്നിവളയം എന്നറിയപ്പെടുന്ന മേഖലയിൽ ഫലകങ്ങൾ പരസ്പരം കൂട്ടിയിടിക്കുന്നത് മൂലമുണ്ടാകുന്ന അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്നു. ഫലകങ്ങൾ അരികുകൾ വഴി നിരങ്ങിനീങ്ങുന്നതും കടന്നുപോകുന്നതുമായ മേഖലകളിൽ അഗ്നിപർവ്വതങ്ങൽ സൃഷ്ടിക്കപ്പെടുന്നില്ല. ഭൂമിയുടെ പുറം പാളിയിൽ കനം കുറഞ്ഞ ഭാഗങ്ങളിലും വിടവുകൾ ഉള്ളതുമായ മേഖലകളിലും അഗ്നിപർവ്വതങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്.

അഗ്നിപർവ്വതവക്ത്രം

[തിരുത്തുക]
പ്രധാന ലേഖനം: അഗ്നിപർവ്വതവക്ത്രം

സ്ഫോടനഫലമായോ അതിനുമുമ്പോ നേരിയതോതിലുള്ള ഭൂകമ്പങ്ങളും അനുഭവപ്പെടാം. വിലമുഖത്തിലൂടെ നാലുപാടും പരന്നൊഴുകുന്ന ലാവയും ചുറ്റുപാടും ചിതറിവീഴുന്ന ശിലാഖണ്ഡങ്ങളും അടിഞ്ഞുകൂടി സ്തൂപികാകാരമായ കുന്നുകൾക്കു രൂപം നല്കുന്നു, ചിലപ്പോൾ പ്രോത്ഥാനശക്തികളുടെ പിന്തുണയോടെ ഇവ വൻ മലകളായി വളരാനും ഇടയുണ്ട്. ഇവയുടെ മധ്യത്തിലുള്ള വിലമുഖം നാളീരൂപത്തിൽ അത്യഗാധമായിരിക്കും. ഇതിനെയാണ് അഗ്നിപർവ്വത വക്ത്രം എന്നു പറയുന്നത്. ഒരേ അഗ്നിപർവ്വതത്തിനു തന്നെ ഒന്നിലധികം വിലമുഖങ്ങളുണ്ടായി എന്നു വരാം.

ഉദ്ഗാരങ്ങൾ

[തിരുത്തുക]

അഗ്നിപർവതോദ്ഗാരങ്ങൾ സാധാരണയായി രണ്ടുതരത്തിലാണ് കണ്ടുവരുന്നത്. ഉരുകി ഉയരുന്ന മാഗ്മ, അഗ്നിപർവ്വതവക്ത്രത്തിന്റെ വശങ്ങൾ കവിഞ്ഞുപടർന്നും ശാന്തമായും ഒഴുകുന്ന ലാവാപ്രവാഹങ്ങൾ സൃഷ്ടിക്കുന്നതാണ് ആദ്യത്തെ ഇനം. ചിലപ്പോൾ അടിയിലുള്ള വാതകങ്ങളുടെ തള്ളൽനിമിത്തം മാഗ്മ അനേകം മീറ്റർ ഉയരത്തിൽ പ്രസ്രവണങ്ങളായി (fountains) കുതിക്കുന്നു. ലാവാപ്രവാഹങ്ങളിൽതന്നെ വിലീനമായ വാതകങ്ങൾ കുമിളകളായി ഉയർന്നു വായുവിൽ ലയിക്കുന്നു, ഇത്തരം അഗ്നിപർവ്വതങ്ങൾ ലാവാപ്രവാഹത്തിൽപ്പെടുന്ന വസ്തുക്കൾക്കു മാത്രമേ നാശനഷ്ടങ്ങൾ വരുത്തുന്നുള്ളു.

അഗ്നിപർവ്വതനാളങ്ങളിൽ ഭയങ്കരമായ പൊട്ടിത്തെറി ഉണ്ടാകുകയും വാതകസമ്മിശ്രമായ ലാവ പതഞ്ഞുയർന്നു ബഹിർഗമിക്കുകയും ചെയ്യുന്നതാണ് രണ്ടാമത്തെ ഇനം. ഈ പത ഖരീഭവിച്ചു ചാരമായും പ്യൂമിസ്' (pumice) ആയും തെറിച്ചുവീഴുന്നു. മാഗ്മ ദ്രവരൂപത്തിൽ ഒഴുകുന്നതിനുപകരം ഖരാവസ്ഥയിലുള്ള പൈറോക്ളാസ്റ്റികങ്ങളായി ചുഴറ്റി എറിയപ്പെടുന്നു. ഇവ ചിതറിവീഴുന്നത് ധാരാളം നാശനഷ്ടങ്ങൾക്ക് ഇടയാക്കും. ഏറിയകൂറും അഗ്നിപർവ്വതസ്ഫോടനങ്ങൾ മേൽപ്പറഞ്ഞ രണ്ടിനങ്ങൾക്കും ഇടയ്ക്കായിരിക്കും. ഇടത്തരം സ്ഫോടനത്തോടെ ലാവയും പൈറോക്ളാസ്റ്റികങ്ങളും വാതകങ്ങളും ബഹിർഗമിക്കുന്നു.

തരങ്ങൾ

[തിരുത്തുക]
സിൽഡെർ കോൺസ് - ഘടന കാണിക്കുന്ന രേഖാചിത്രം.

പ്രധാനമായും മൂന്നുതരം അഗ്നിപർവതങ്ങളുണ്ട്. ഷീൽഡ് അഗ്നിപർവതങ്ങളാണ് ഒന്ന്, ലാവ പലവിള്ളലുകളിലൂടെ പുറത്ത് വന്ന് വലിയൊരു പ്രദേശത്ത് വ്യാപിക്കുമ്പോഴാണ് ഇവയുണ്ടാകുന്നത്. സിൽഡെർ കോൺസ് (Cinder cone) എന്നറിയപ്പെടുന്നവയാണ് രണ്ടാമത്തെ ഇനം. പാറക്കഷണങ്ങൾ ഒരു പ്രധാന വിടവിലൂടെ പുറത്തേക്കുവന്ന് അതിനുചുറ്റും അടിഞ്ഞുകൂടുമ്പോഴാണ് ഇവ ഉണ്ടാകുന്നത്.[3] മൂന്നാമത്തേത് കോമ്പസിറ്റ് അഗ്നിപർവതങ്ങൾ. കൂടെക്കൂടെ പൊട്ടിത്തെറിയുണ്ടായി ലാവയും പാറക്കഷണങ്ങളും ഒക്കെ ഒരു വിടവിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴാണ് ഇത്തരം അഗ്നിപർവതങ്ങളുണ്ടാകുന്നത്. പുറത്തുവരുന്ന വസ്തുക്കൾ പലതട്ടുകളിലായി അടിഞ്ഞുകൂടിയിരിക്കും. പിരമിഡിൻറെ ആകൃതി ആയിരിക്കും ഇത്തരം അഗ്നിപർവതങ്ങൾക്ക്.

സ്ഫോടനോത്പന്നങ്ങൾ

[തിരുത്തുക]

അഗ്നിപർവ്വതോത്പന്നങ്ങളെ വാതകങ്ങൾ, ദ്രവമാഗ്മ, പൈറോക്ളാസ്റ്റികങ്ങൾ എന്നിങ്ങനെ വിഭജിക്കാം.

വാതകങ്ങൾ

[തിരുത്തുക]
1991-ൽ ഫിലിപ്പീൻസിലെ മൗണ്ട് പിനാറ്റ്യൂബോ, വിസ്ഫോടനത്തിന്റെ മൂർദ്ധന്യത്തിൽ, 19 കിലോമീറ്റർ ചാരം തെറിച്ചിരിക്കുന്നു.

ഉദ്ഗാരങ്ങളുടെ ഭാഗമായി വാതകങ്ങളും ബാഷ്പങ്ങളും വൻതോതിൽ ബഹിർഗമിക്കുന്നു. ഉഗ്രമായ സ്ഫോടനത്തോടനുബന്ധിച്ചുണ്ടാകുന്ന വാതകങ്ങൾ ധൂളീമാത്രങ്ങളായ പൈറോക്ളാസ്റ്റികങ്ങളുമായി കലർന്ന് ധൂമപടലം പോലെയോ, മേഘം പോലെയോ വ്യാപിക്കുന്നു, ഇവ മിക്കവാറും വിഷലിപ്തവുമായിരിക്കും. ഉയർന്ന ഊഷ്മാവിൽ വമിക്കുന്ന ഈ വാതകങ്ങളെ സംബന്ധിച്ച പഠനം പല പ്രശ്നങ്ങളും സൃഷ്ടിച്ചു, ഇന്നും ഇവയെക്കുറിച്ചുള്ള അറിവ് അപൂർണമാണ്. അന്തരീക്ഷവായുവുമായുള്ള സമ്പർക്കത്തിൽ ചുവപ്പും നീലയും ജ്വാലകളിൽ കത്തുന്നതാണ് ദഹനസ്വഭാവമുള്ള വാതകങ്ങളുടെ സാന്നിധ്യം തെളിയിച്ചത്. വാതകങ്ങളുടെ കൂട്ടത്തിൽ ഏതാണ്ട് 70ശ.മാ.വും നീരാവിയാണ്. ഇതിൽ മാഗ്മീയജലത്തിന്റെയും ഭൂഗർഭജലത്തിന്റെയും (Ground water) അളവുകൾ തിട്ടപ്പെടുത്താനാവില്ല. ഹൈഡ്രജൻ ക്ളോറൈഡ്, ഹൈഡ്രജൻ സൾഫൈഡ്, ഹൈഡ്രജൻ, കാർബൺഡൈഓക്സൈഡ്, കാർബൺമോണോക്സൈഡ്, സൾഫർട്രൈഓക്സൈഡ്, സൾഫർഡൈഓക്സൈഡ്, ഹൈഡ്രജൻ ഫ്ളൂറൈഡ് തുടങ്ങിയവയാണ് മറ്റു മുഖ്യവാതകങ്ങൾ. മീഥെയിൻ, അമോണിയ, ഹൈഡ്രജൻതയോസയനൈറ്റ്, നൈട്രജൻ, ആർഗൺ തുടങ്ങിയവയും സൾഫർ ബാഷ്പവും നേരിയ തോതിൽ കണ്ടുവരുന്നു. ആൽക്കലിലോഹങ്ങൾ, അയൺ എന്നിവയുടെ ക്ളോറൈഡുകളും ചിലപ്പോൾ കാണാറുണ്ട്. അഗ്നിപർവ്വതത്തിൽനിന്നും ഉദ്ഗമിക്കുന്ന മൂലവാതകങ്ങൾ അന്തരീക്ഷ ഓക്സിജനുമായി പ്രതിപ്രവർത്തിച്ചാണ് കാർബൺ, സൾഫർ തുടങ്ങിയവയുടെ ഓക്സൈഡുകളും നീരാവിയുടെ ഒരംശവും ഉത്പാദിതമാകുന്നതെന്നും അഭിപ്രായമുണ്ട്. എല്ലാ അഗ്നിപർവ്വതങ്ങളിൽനിന്നും ഒരേ വാതകങ്ങൾതന്നെ ബഹിർഗമിക്കണമെന്നില്ല.

ലാവാപ്രവാഹങ്ങൾ

[തിരുത്തുക]
10 മീ (33 അടി) ഉയരത്തിലുള്ള പ്രസ്രവണം, ലാവ, ഹവായി, യു.എസ്

ഖരാങ്കത്തിൽനിന്നും അധികം ഉയർന്നതല്ലാത്ത ഊഷ്മാവിൽ ബഹിർഗമിക്കുന്ന ദ്രവമാഗ്മയാണ് ലാവ. രാസസംയോഗം, വിലീനവാതകങ്ങളുടെ അളവ് എന്നിവയെ ആശ്രയിച്ച് ഇതിന്റെ താപനില 900oC-നും 1,200oC-നും ഇടയ്ക്കായിരിക്കും. 600oC-നും 900oC-നും ഇടയ്ക്കാണ് ലാവ ഖരീഭവിക്കുന്നത്. ഭൂവല്ക്കത്തെ ഭേദിച്ചുകൊണ്ടു ബഹിർഗമിക്കുമ്പോൾതന്നെ, മാഗ്മയിലെ ചില ഘടകങ്ങൾ താപ-മർദഭേദങ്ങളുടെ ഫലമായി ബാഷ്പീകരിക്കുന്നു. വാതകങ്ങൾ സ്വതന്ത്രമാകുന്നത് മാഗ്മയുടെ ശ്യാനതയെ (viscosity) ബാധിക്കുന്നു. ലാവാപ്രവാഹത്തിന്റെ രൂപഭാവങ്ങൾ നിർണയിക്കുന്നത് പ്രധാനമായും അതിന്റെ ശ്യാനതയാണ്. തണുക്കുന്നതിന്റെ തോതും പ്രതലത്തിന്റെ ചരിവുമാണ് ഇതിനെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങൾ. ലാവാപാളികളിലെ ഊഷ്മാവ് അടിയിൽനിന്നും മുകളിലേക്കു കുറഞ്ഞുവരുന്നതുനിമിത്തം ഉപരിതലത്തിലെ ലാവ താരതമ്യേന ശ്യാനവും താഴത്തേത് കൂടുതൽ ഗതിശീലവുമാകാം. ലാവയുടെ ഉപരിതലം വികൃതപ്പെടുവാൻ ഇതു കാരണമാകുന്നു; പെട്ടെന്നു തണുത്തു മിനുസമേറിയ പ്രതലം ഉണ്ടാകാനും മതി. ഇത് അഗ്നിപർവ്വതസ്ഫടികത്തിന്റെ (volcanic glass) ഉത്പാദനത്തിനു ഹേതുവായിത്തീരുന്നു. ലാവയുടെ ചേരുവ ഒന്നുപോലാണെങ്കിലും ഘടകങ്ങളുടെ സംയോഗാനുപാതം വ്യത്യസ്തമാകാം. സിലിക്കയുടെ അംശം 25 ശ.മാ. മുതൽ 75 ശ.മാ. വരെ വ്യതിചലിച്ചുകാണുന്നു. സിലിക്ക അധികമാകുന്നത് ലാവയ്ക്കു കൂടുതൽ മുറുക്കം നല്കുന്നു. ഉയർന്ന ഊഷ്മാവിൽപോലും ഇവയുടെ ശ്യാനത കൂടിയിരിക്കും. ഇവ എളുപ്പം ഒലിച്ചുപോകുന്നില്ല. ചിലപ്പോൾ ഇത്തരം ലാവ അഗ്നിപർവ്വതനാളിയിൽതന്നെ കട്ടിപിടിച്ചു പ്രവാഹത്തിനു പ്രതിബന്ധമായിത്തീരുന്നു. ഇതിന്നടിയിലായി തിങ്ങിക്കൂടുന്ന വാതകങ്ങൾ ഊക്കോടെ പുറത്തേക്കുവരുമ്പോഴാണ് അത്യുഗ്രമായ സ്ഫോടനമുണ്ടാകുന്നത്. അഗ്നിപർവ്വതവക്ത്രത്തിന്റെ ശിലാഭിത്തികൾപോലും ഈ പൊട്ടിത്തെറിയിൽ പങ്കുചേരുന്നു. ശ്യാനതകൂടിയ ലാവ അധികദൂരം ഒഴുകുന്നില്ല. ഇങ്ങനെയുണ്ടാകുന്ന ലാവാതലത്തിന്റെ അറ്റത്തു ധാരാളം മുനമ്പുകൾ കാണുന്നു. ഇത്തരം ലാവ മങ്ങിയ നിറത്തോടു കൂടിയതായിരിക്കും.

1984 ൽ ഐസ്ലാന്റിലെ ക്രാഫ്ലയിൽ നിന്നും ലാവ ഒലിച്ചിറങ്ങുന്നു.

സിലിക്കാംശം കുറവുള്ള ലാവയുടെ ഉദ്ഗാരം പ്രായേണ ശാന്തമാണ്. ഗതിശീലങ്ങളായ ഇവ രണ്ടുരീതിയിലുള്ള ലാവാപ്രവാഹങ്ങൾക്ക് ഇടയാക്കുന്നു. ലാവയുടെ മുകൾഭാഗം കട്ടിയാകുമ്പോഴും അടിഭാഗം ഒഴുകിക്കൊണ്ടിരിക്കും. തൻമൂലം കട്ടിപിടിച്ചഭാഗം വിണ്ടുകീറി കട്ടകളായിത്തീരുന്നു. പെട്ടെന്നുറയുന്നതുമൂലം പരുപരുത്ത തലങ്ങളായിരിക്കും ഇവയ്ക്കുണ്ടായിരിക്കുക. എന്നാൽ പരന്നൊഴുകുമ്പോൾ വിലീനവാതകങ്ങൾ കുമിളകളായി രക്ഷപ്പെട്ടശേഷം തണുത്തു കട്ടിയാകുന്ന ലാവയുടെ മിനുസമായ പുറന്തോട് കയർപോലെ പിരിവുകളോടെ കാണപ്പെടുന്നു. ഇവയെ യഥാക്രമം ഖണ്ഡ ലാവ (Block Lava) എന്നും കയർ ലാവ (Rope Lava) എന്നും പറയുന്നു; ആആ ലാവ (AA Lava), പാഹോഹോ ലാവ (Pahoehoe Lava) എന്നീ ഹവായിയൻ പേരുകളും പ്രചാരത്തിലുണ്ട്. കയർ ലാവ ഖണ്ഡ ലാവയെക്കാൾ സാവധാനത്തിലാണ് തണുക്കുന്നത്.

തലയണലാവ (നോആ)

സമുദ്രത്തിന്റെയോ ജലാശയങ്ങളുടെയോ അടിത്തട്ടിൽ ലാവാ ഉദ്ഗാരമുണ്ടാകുമ്പോൾ തലയണകൾ നിരത്തിയിട്ടതുപോലുള്ള ആകൃതിയിൽ പെട്ടെന്നു തണുത്ത് ഉറയുന്നു. ഇവയെ തലയണലാവ (Pillow Lava) എന്നു പറഞ്ഞുവരുന്നു. പസിഫിക് സമുദ്രത്തിലെ അഗ്നിപർവ്വതദ്വീപുകൾക്കടുത്ത് ഇത്തരം ഘടന ധാരാളമായി കാണാം. ഭൂഅഭിനതികളുമായി (Geosynclines) ബന്ധപ്പെട്ടും ഇവയെ കണ്ടെത്തിയിട്ടുണ്ട്. അഗാധതലങ്ങളിലുണ്ടാകുന്ന ഉദ്ഗാരങ്ങളെപ്പറ്റി നേരിട്ടുള്ള അറിവുകൾ പരിമിതമാണ്. രാസസംയോഗത്തിൽ ഇവയ്ക്കു ബസാൾട്ടിനോടു സാദൃശ്യമുണ്ട്. എന്നാൽ ധാതു സംയോഗത്തിൽ വ്യത്യസ്തവുമാണ്. ഇവയെ സ്പിലൈറ്റ് (Spilite) എന്നു പറയുന്നു. നിശ്ചലമായി തളംകെട്ടിനിന്നു ഘനീഭവിക്കുന്ന ലാവാ ഘടനകളുടെ അടിഭാഗം സ്തംഭാകാരമായി കാണപ്പെടുന്നു (columnar structure). ഇവ തരിമയവും വിലീനവാതകങ്ങളുടെ അഭാവംകൊണ്ടു സവിശേഷവുമായ പ്ളേറ്റോ ബസാൾട്ടിന്റെ ഏകരൂപഘടനകളാണ്. ഡെക്കാൺ പീഠഭൂമിയിലെ 5,20,000 ച.കി.മീ. സ്ഥലത്ത് ഇത്തരം സ്തംഭാകാരലാവയാണുളളത്. ലോകത്തിന്റെ നാനാഭാഗങ്ങളിലും ഇത്തരം ലാവാപീഠഭൂമികൾ കാണാം. കഴിഞ്ഞ 18 കോടി വർഷങ്ങൾക്കിടയിൽ 42 ലക്ഷം ഘ.കി.മീ. ലാവാശിലകൾ രൂപം കൊണ്ടിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അഗ്നിപർവ്വതനാളത്തിൽവച്ചുതന്നെ വാതകങ്ങളുമായി കലർന്നു പതഞ്ഞുയരുന്നതാണ് ലാവാനുര (Lava forth). ഏറ്റവും ശ്യാനവും ഊഷ്മളവുമായ ലാവ കുത്തനെയുള്ള ചരിവുകളിൽ മണിക്കൂറിൽ 50 മുതൽ 65 കി.മീ. വരെ വേഗത്തിലൊഴുകുന്നു. എന്നാൽ സിലിക്ക അധികമുള്ള ലാവ വളരെ സാവധാനത്തിൽ മാത്രമേ ഇറങ്ങുന്നുള്ളു. ഇവയുടെ ഉപരിതലം ഉറയുകയും ഒപ്പംതന്നെ അടിവശം ഒഴുകുകയും ചെയ്യും. ഇതു വൈവിധ്യമുളള പ്രതലസംരചനയ്ക്കു കാരണമാകുന്നു. ഉറഞ്ഞുകൂടിയ ലാവാതലങ്ങൾക്കിടയിൽ വലിയ തുരങ്കങ്ങൾ ഉണ്ടാകുന്നതും സാധാരണയാണ്. ചിലപ്പോൾ ഇവയുടെ മുകൾത്തട്ട് ഇടിഞ്ഞമർന്ന് അഗാധങ്ങളായ കിടങ്ങുകളായിത്തീരുന്നു.

പൈറോക്ളാസ്റ്റികങ്ങൾ

[തിരുത്തുക]

ഖരരൂപത്തിലുള്ള അഗ്നിപർവ്വതോത്പന്നങ്ങളാണ് പൈറോക്ളാസ്റ്റികങ്ങൾ (Pyroclastic rock). പൈറോക്ളാസ്റ്റികങ്ങൾ നന്നെ ചെറിയതരികൾ മുതൽ ടൺ കണക്കിനു ഭാരമുളള വലിയ ശിലാഖണ്ഡങ്ങൾ വരെ വിവിധവലിപ്പങ്ങളിൽ കാണപ്പെടുന്നു. സ്ഫോടനത്തിന്റെ ശക്തി, കാറ്റിന്റെ ഗതിവേഗം, വലിപ്പം തുടങ്ങിയവയെ ആശ്രയിച്ച് ഇവ അഗ്നിപർവ്വതവക്ത്രത്തിനുചുറ്റും അടുത്തോ ദൂരയോ ആയി വീഴുന്നു. ചിലപ്പോൾ വലിയ ഖണ്ഡങ്ങൾ അഗ്നിപർവ്വത വക്ത്ര(Crater)ങ്ങളിലേക്കുതന്നെ വീണെന്നും വരാം. ക്രേറ്ററിന്റെ വശങ്ങളിലായിവീണ് ഉരുണ്ടുനീങ്ങുന്നവയുമുണ്ട്. ഇവ പിന്നീട് ജ്വാലാശ്മസഞ്ചയമോ (agglomerate) അഗ്നിപർവത ബ്രക്ഷ്യയോ (Volcanic Breccia) ആയി രൂപം കൊള്ളുന്നു.

3 സെ.മീ മുതൽ അനേകം മീ. വരെ വ്യാസമുള്ള പൈറോക്ളാസ്റ്റിക് പിണ്ഡങ്ങളാണ് അഗ്നിപർവ്വത ബോംബുകൾ. ഇവ ഖരരൂപത്തിൽതന്നെ വിക്ഷേപിക്കപ്പെടുന്ന മാഗ്മാകഷണങ്ങളാകാം. ചിലപ്പോൾ വായുമണ്ഡലത്തിലേക്ക് ചുഴറ്റി എറിയപ്പെടുമ്പോൾ ഉരുണ്ടുകൂടുന്നതുമാകാം. മിക്കവാറും ഇവയ്ക്കു സരന്ധ്രഘടനയായിരിക്കും ഉണ്ടാവുക. ഭൌമോപരിതലത്തിലെത്തുന്നതിനു മുൻപുതന്നെ ഇവ ബാഹ്യമായിട്ടെങ്കിലും ഖരീഭവിച്ചിരിക്കും; ചിലപ്പോൾ നീണ്ടുരുണ്ടവയായും കൂമ്പിയും കാണപ്പെടുന്നു; അപൂർവമായി ക്രമരൂപമില്ലാത്തവയും കാണാം. ആകാശത്തുവച്ചുതന്നെ ഘനീഭവിച്ചു സരന്ധ്രങ്ങളായി കാണപ്പെടുന്ന ലാവാക്കഷണങ്ങളെ 'സ്കോറിയ' (Scoria) എന്നു പറയുന്നു. 0.3 മി.മീ. മുതൽ 5 മി.മീ. വരെ വലിപ്പമുളളവ 'ചാര'മായും അതിലും സൂക്ഷ്മങ്ങളായവ 'ധൂളി' ആയും വിശേഷിപ്പിക്കപ്പെടുന്നു. സുഷിരങ്ങളില്ലാതെ പയർമണികളെപ്പോലെയുള്ള ചെറിയ കഷണങ്ങളാണ് 'ലാപ്പിലി' (Lappili). പ്യൂമിസ് (Pumice) ആണ് മറ്റൊരിനം. ശ്യാനതകൂടി രന്ധ്രമയവും വാതകസാന്നിധ്യമുള്ളതുമായ മാഗ്മാക്കഷണങ്ങളാണ് പ്യൂമിസ്. അന്തരീക്ഷത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ മാഗ്മ പെട്ടെന്നു തണുക്കുമ്പോഴാണ് പ്യൂമിസ് ഉണ്ടാകുന്നത്. പ്യൂമിസ് പൊടിയുമ്പോൾ സ്ഫടികതുല്യമായ ചാരമാകുന്നു. അധിസിലിക മാഗ്മയുടെ വിദരോദ്ഗാരത്തോടനുബന്ധിച്ച് അഗ്നിസ്ഫുലിംഗങ്ങളും വിഷ വാതകങ്ങളും ഉൾക്കൊള്ളുന്ന ഭീമാകാരങ്ങളായ ധൂളീമേഘങ്ങളുണ്ടാകുന്നു. ഇവയെ 'നൂയെസ് ആർദെന്റെസ്' (Nuees Ardentes) എന്നു വിളിച്ചുവരുന്നു. മാഗ്മാ ഉദ്ഗാരത്തിനു തൊട്ടുമുൻപായി പരൽരൂപത്തിലുളള ആഗൈറ്റ്, ഫെൽസ്പാർ തുടങ്ങിയ ധാതുക്കൾ വർഷിക്കപ്പെടാറുണ്ട്.

അഗ്നിപർവ്വതങ്ങളിലെ സ്ഫോടനവർഗ്ഗീകരണം

[തിരുത്തുക]

ഏതെങ്കിലും രണ്ട് അഗ്നിപർവ്വതങ്ങളിലെ സ്ഫോടനം ഒരിക്കലും തന്നെ എല്ലാ രീതിയിലും തുല്യമായി എന്നു വരികയില്ല. മർദം, വാതകത്തിന്റെ അളവ്, ലാവയുടെ ശ്യാനത എന്നിവയുടെ അടിസ്ഥാനത്തിൽ പ്രത്യേക ഭാവങ്ങൾ പ്രദർശിപ്പിച്ചുകാണുന്നവയെ താഴെപ്പറയുന്നപ്രകാരം വിഭജിച്ചിരിക്കുന്നു.

ഹവായിയൻ

[തിരുത്തുക]
ഹവായിയൻ വിസ്‌ഫോടനം:
1: ചാര പടലം (Ash plume),
2: ലാവാ ഫൗണ്ടൻ (Lava fountain),
3: വക്ത്രം (Crater),
4: ലാവാ തടാകം (Lava lake),
5: ബാഷ്പമുഖങ്ങൾ (Fumaroles),
6: ഒഴുകുന്ന ലാവ (Lava flow),
7 ലാവയുടേയും ചാരത്തിന്റെയും പാളി (Layers of lava and ash)
8: പാറനിര (Stratum),
9: Sill,
10: Magma conduit,
11: മാഗ്മ അറ Magma chamber, 1
2: Dike

ഹവായിയൻ (Hawalian) അഗ്നിപർവ്വതങ്ങളുടെ ഉദ്ഗാരം ഏറിയ കൂറും ഗതിശീലലാവയായിട്ടായിരിക്കും. വാതകാംശം നന്നെ കുറവാണെന്നു മാത്രമല്ല വൻതോതിലുള്ള സ്ഫോടനം ഉണ്ടാകുന്നുമില്ല. വിലമുഖം തുളുമ്പിയൊഴുകുന്ന ലാവ നേരിയ സ്തരങ്ങളായി അനേകം കിലോമീറ്ററുകളോളം വ്യാപിക്കുന്നു. ഉയർത്തി എറിയപ്പെടുന്ന മാഗ്മാപിണ്ഡങ്ങൾ നിലത്തു വീഴുമ്പോൾ തല്ലിപ്പരത്തിയതുപോലെയാകുന്നു. ലാവാ തടാകങ്ങളും 'പിലേയുടെ മുടി' എന്നറിയപ്പെടുന്ന അഗ്നിപർവ്വതസ്ഫടികത്തിന്റെ നാരുകളുമാണ് ഹവായിയൻ തരത്തിന്റെ സവിശേഷതകൾ. ശ്യാനമായ ലാവ കൂടുതൽ മുറുകിയ ലാവയുടെ മുകളിൽ തളംകെട്ടി സംവഹനരീതിയിൽ പരിസഞ്ചരിക്കുന്നതാണ് ലാവാതടാകം. വാതകങ്ങളുടെ പെട്ടെന്നുള്ള നിഷ്ക്രമണംമൂലം ഉപരിതലത്തിൽനിന്നും പുറത്തുചാടുന്ന ലാവ ശക്തിയായി അടിക്കുന്ന കാറ്റിൽപ്പെട്ടു ഘനീഭവിക്കുമ്പോഴാണ് സ്ഫടികനാരുകളുണ്ടാകുന്നത്.[4]

സ്ട്രോംബോലിയൻ

[തിരുത്തുക]
Diagram of a Strombolian eruption. (key:
1. Ash plume
2. Lapilli
3. Volcanic ash rain
4. Lava fountain
5. Volcanic bomb
6. Lava flow
7. Layers of lava and ash
8. Stratum
9. Dike
10. Magma conduit
11. Magma chamber
12. Sill) Click for larger version.

സിസിലിക്കു വടക്കുള്ള ലിപ്പാരിദ്വീപിലെ സ്ട്രോംബോലി അഗ്നിപർവ്വതത്തെ ആധാരമാക്കിയാണ് ഈ വിഭജനം, നൂറ്റാണ്ടുകളോളം നിർഗ്ഗമ്മിച്ചുകൊണ്ടിരുന്ന സ്ട്രോംബോലി അഗ്നിപർവ്വതത്തിന്റെ പേരിലുള്ള ഈ തരം അറിയപ്പെടുന്നത്.[5] ലാവ അധികം സുചലമല്ലാതിരിക്കുമ്പോഴാണ് സ്ട്രോംബോലിയൻ (Strombolian) രീതിയിലുള്ള സ്ഫോടനം ഉണ്ടാകന്നത്. വാതകങ്ങൾക്കു ശക്തിയായ സ്ഫോടനത്തോടുകൂടി മാത്രമേ ബഹിർഗമിക്കാൻ കഴിയൂ, മാഗ്മയിലുള്ള കുമിളകൾ കൂടിച്ചേർന്നുണ്ടാകുന്ന വലിയകുമിളകൾ[6] ഉപരിതലത്തിലെത്തി വായുവിലെ മർദ്ദ വ്യത്യാസത്തിനാൽ ശക്താമയ ശബ്ദത്തോടെ പൊട്ടുന്നു.[5] ഉദ്ഗാരവസ്തുക്കൾ അധികവും പൈറോക്ളാസ്റ്റികങ്ങളായിരിക്കും; ബോംബുകളും സ്കോറിയകളും ലാപ്പിലിയും ധാരാളമായി പതിക്കുന്നു; ജ്വലിക്കുന്ന ധൂളിമേഘങ്ങളും ഉണ്ടാകാം.

വൾക്കാനിയൻ

[തിരുത്തുക]
Diagram of a Vulcanian eruption. (key:
1. Ash plume
2. Lapilli
3. Lava fountain
4. Volcanic ash rain
5. Volcanic bomb
6. Lava flow
7. Layers of lava and ash
8. Stratum
9. Sill
10. Magma conduit
11. Magma chamber
12. Dike) Click for larger version.

മുറുകി കുഴമ്പുപരുവത്തിലുള്ള മാഗ്മ ഉദ്ഗമിക്കുന്നവയാണ് വൾക്കാനിയൻ (Vulcanian) ഇനത്തിൽപെട്ട അഗ്നിപർവ്വതങ്ങൾ. അതിശക്തമായ സ്ഫോടനത്തോടുകൂടി വലുതും ചെറുതുമായ ലാവാപിണ്ഡങ്ങൾ ധാരാളമായി ചുഴറ്റി എറിയപ്പെടുന്നു. ഉദ്ഗാരത്തിന്റെ ആദ്യഘട്ടത്തിൽ ഉയർന്നുപൊങ്ങുന്ന മാഗ്മ, മർദക്കുറവുമൂലം കട്ടിപിടിച്ചു വിലമുഖം അടയ്ക്കുന്നു. ഇതിനടിയിൽ സഞ്ചിതമാകുന്ന വാതകങ്ങൾ ശക്തിയോടെ പുറത്തേക്കു വമിക്കുന്നതാണ് സ്ഫോടനത്തിനു ഹേതു. കോളിഫ്ളവറിന്റെ രൂപത്തിലുളള പടർന്ന ധൂമപടലങ്ങളും ജ്വലിക്കുന്നതും വിഷമയവുമായ ധൂളീമേഘങ്ങളും ഈയിനം ഉദ്ഗാരങ്ങളിൽ സാധാരണയാണ്. ഇവ പൊട്ടുമ്പോൾ ദ്രവലാവ ഒട്ടുംതന്നെ പ്രവഹിക്കുന്നില്ല.

പിലിയൻ

[തിരുത്തുക]
Peléan eruption: 1 Ash plume, 2 Volcanic ash rain, 3 Lava dome, 4 Volcanic bomb, 5 Pyroclastic flow, 6 Layers of lava and ash, 7 Strata, 8 Magma conduit, 9 Magma chamber, 10 Dike

പിലിയൻ(Pelean) അഗ്നിപർവ്വതങ്ങളിലെ മാഗ്മ ഏറ്റവും ശ്യാനവും തൻമൂലം സ്ഫോടനം ഏറ്റവും ശക്തിയുള്ളതുമായിരിക്കും. വിലമുഖത്തിന്റെ വക്കുകൾ ക്രമേണ ഉയർന്നു വൃത്തസ്തൂപികാകൃതിയിലുള്ള ഒരു കുന്നിനു രൂപംകൊടുക്കുന്നു. ചിലപ്പോൾ ഇതിന്റെ വശങ്ങൾ ഭ്രംശിച്ചുനീങ്ങുന്നതു വൻപിച്ച നാശനഷ്ടങ്ങൾക്കിടയാക്കും. വശങ്ങളിലുളള ലാവാ അട്ടികളിലെ വിലീന വാതകങ്ങൾ പെട്ടെന്നു രക്ഷപെടുന്നത് ഇടയ്ക്കിടെയുള്ള സ്ഫോടനങ്ങൾക്കു കാരണമാകാം. ചിലപ്പോൾ ഗോളാകൃതിയിൽ ഉരുണ്ടുകൂടുന്ന മാഗ്മാപിണ്ഡം വിലമുഖം അടച്ചുകളയുന്നതിനാൽ, അഗ്നിപർവ്വതത്തിന്റെ ചരിവുകളിൽ രണ്ടാമതൊരു വിലമുഖമുണ്ടാകാൻ സാധ്യതയുണ്ട്.

വെസൂവിയൻ

[തിരുത്തുക]
പ്രധാന ലേഖനം: വെസൂവിയസ് പർവ്വതം

വെസൂവിയൻ‍ (Vesuvian) അഗ്നിപർവ്വതങ്ങളിൽ നിന്നുള്ള വാതകപൂർണമായ മാഗ്മാ ഉദ്ഗാരം സാമാന്യം ശക്തമായ സ്ഫോടനത്തോടെയാകും. വിലമുഖത്തിന്റെ ഭിത്തികൾ ഈ സ്ഫോടനത്തിന്റെ ഫലമായി പൊട്ടിത്തെറിക്കുന്നു. ആദ്യം പതഞ്ഞു പൊങ്ങുന്ന മാഗ്മയും ധൂളീമേഘങ്ങളും ഉണ്ടാകുന്നു. പിന്നെ സുചലമായ മാഗ്മ വശങ്ങൾ കവിഞ്ഞൊഴുകുന്നു. അഗ്നിപർവ്വതച്ചാരം ഇതിൽനിന്നു ധാരാളമായി വർഷിക്കപ്പെടും. വെസൂവിയസ് അഗ്നിപർവ്വതത്തിൽനിന്നും നിഷ്പന്നമായതാണ് ഈ പേര്.

1822 artist rendition of the eruption of Vesuvius, depicting what the AD 79 eruption may have looked like.

മറ്റിനങ്ങൾ

[തിരുത്തുക]

ചില ഉദ്ഗാരങ്ങളിൽ വിസർജിത പദാർഥങ്ങൾക്ക് അഗ്നിപർവ്വതപ്രക്രിയയുമായി ബന്ധമുണ്ടാകില്ല; അല്ലാത്തപക്ഷം ആഗ്നേയപദാർഥങ്ങൾ നന്നെ കുറഞ്ഞ അളവിലായിരിക്കും. ഉത്പന്നങ്ങളുടെ ഊഷ്മാവ് താരതമ്യേന താണിരിക്കുന്നു. ഇത്തരം ഉദ്ഗാരങ്ങളാണ് അൾട്രാ വൾക്കാനിയൻ (Ultra Vulcanian). ഭൂഗർഭജലം വിലമുഖത്തിലെ മാഗ്മയുമായുളള സമ്പർക്കത്തിൽ പെട്ടെന്നു ബാഷ്പീഭവിച്ചു ശക്തിയോടെ പുറത്തേക്കു വമിക്കുന്നു. ഉദ്ഗാരം ഈ രീതിയിലുളളതാകുമ്പോൾ അവയെ ഫ്രിയാറ്റിക്ക് (Friatic) തരമെന്നു പറയുന്നു.

ബാഷ്പമുഖങ്ങൾ

[തിരുത്തുക]

ശിലകളിലുള്ള വിദരങ്ങളിലൂടെ നീരാവിയും മറ്റു വാതകങ്ങളും ശക്തിയായി പുറത്തേക്കു വരുന്നതിനെ ബാഷ്പമുഖം അഥവാ ഫ്യുമറോൾ (Fumaroles) എന്നു പറയുന്നു. ഈ വാതകങ്ങളിൽ 99 ശ.മാ.വും നീരാവിയായിരിക്കും. കാർബൺഡൈഓക്സൈഡ്, ഹൈഡ്രോക്ളോറിക് അമ്ളം, ഹൈഡ്രജൻസൾഫൈഡ്, മീഥെയിൻ തുടങ്ങിയവയാണ് മറ്റു വാതകങ്ങൾ.

ഗന്ധക വാതകങ്ങൾ പുറത്തേക്കു വിടുന്ന ഫ്യൂമറോളുകളാണ് സോൾഫറ്റാറകൾ (Solfataras). ഹൈഡ്രജൻസൾഫൈഡ് വാതകത്തിനു വായുസമ്പർക്കത്താൽ ജാരണം സംഭവിച്ചു ഗന്ധകം ഉണ്ടാകുന്നു. ഇവ സോൾഫറ്റാറയുടെ അരികിൽതന്നെ നിക്ഷേപിക്കപ്പെടുന്നു. പല സ്ഥലങ്ങളിലും ഇങ്ങനെയുള്ള നിക്ഷേപങ്ങളിൽനിന്നു ഗന്ധകം ഖനനം ചെയ്തെടുക്കുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് നേപ്പിൾസിലെ ലാ സോൾഫറ്റാറ (La Solfatara) ആണ്.

Damavand, the highest volcano in Asia, is a potentially active volcano with fumaroles and solfatara near its summit.

ഉഷ്ണനീരുറവകൾ

[തിരുത്തുക]

പല അഗ്നിപർവ്വതപ്രദേശങ്ങളിലും ചൂടുറവകളും(Hot Springs) ഫ്യൂമറോളുകളും ധാരാളമായി കണ്ടുവരാറുണ്ട്. ഇവ തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. ചില ചൂടുറവകൾ വരണ്ട കാലാവസ്ഥയിൽ ഫ്യൂമറോളുകളായും ആർദ്രകാലാവസ്ഥയാകുമ്പോൾ വീണ്ടും ചൂടുറവകളായും മാറുന്നു. ചൂടുറവകൾക്കു നിദാനം പ്രധാനമായും ഭൂഗതജലം ആണെന്നും അവ മാഗ്മയിൽനിന്നുണ്ടാകുന്ന നീരാവികൊണ്ടു ചൂടുപിടിക്കുകയാണെന്നുമുള്ള വാദത്തെ ഇതു ന്യായീകരിക്കുന്നു.

പലതരത്തിലുള്ള ചൂടുറവകൾ ഉണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടവ തിളയ്ക്കുന്ന ഉറവകളും ഉഷ്ണോൽസ(Geyser)ങ്ങളുമാണ്. പല അഗ്നിപർവ്വതപ്രദേശങ്ങളിലും കണ്ടുവരുന്ന ഒരു പ്രത്യേകതയാണ് തിളയ്ക്കുന്ന നീരുറവകൾ; യു.എസ്സിലെ 'യെല്ലോസ്റ്റോൺ നാഷണൽ പാർക്കി'ൽ ഇവ ധാരാളമുണ്ട്. ഇവ ചൂടുവെള്ളമുള്ള കുളങ്ങൾ മുതൽ ശക്തിയായി തിളയ്ക്കുന്ന ഉറവകൾവരെ ആകാം.

ഇടവിട്ടിടവിട്ടു കുറെയധികം ചൂടുവെള്ളവും നീരാവിയും കൂടി പൊട്ടിത്തെറിയോടെ പുറത്തേക്കുതള്ളുന്ന ചൂടുറവകളെയാണ് 'ഉഷ്ണോൽസം' എന്നു പറയുന്നത്. ചില അവസരങ്ങളിൽ ഇവ നൂറുകണക്കിന് അടി ഉയരത്തിൽ ചീറ്റാറുണ്ട്. ചിലതിന്റെ ഉദ്ഗാരം ഏതാനും നിമിഷത്തേക്കായിരിക്കും; എന്നാൽ മിനിട്ടുകളോളമോ മണിക്കൂറുകളോളമോ നീണ്ടുനില്ക്കുന്നവയുമുണ്ട്. ബഹിർഗമിക്കുന്ന ജലത്തിന്റെ അളവ് വളരെ കുറച്ചുമുതൽ അനേകായിരം ഘ.മീ. വരെ ആകാം. ചില ഉഷ്ണോൽസങ്ങൾ ഒരു നിശ്ചിതസമയക്രമം പാലിച്ച് ആവർത്തിക്കുന്നു; എന്നാൽ ഭൂരിഭാഗവും യാതൊരു ക്രമവും പാലിക്കാത്തവയാണ്.

ചെളി അഗ്നിപർവതങ്ങൾ

[തിരുത്തുക]
Mud volcano on Taman Peninsula, Russia

ചെളി അഗ്നിപർവതങ്ങളിൽ (Mud Volcanoes) ഭൂമിയുടെ ഉപരിതലം ഭേദിച്ചു പുറത്തേക്കുവരുന്ന വാതകങ്ങൾ വഹിച്ചുകൊണ്ടുവരുന്ന മണലും കളിമണ്ണും നാളിയുടെ ചുറ്റുമായി നിക്ഷേപിക്കപ്പെടുന്നു. തുടർച്ചയായുള്ള ഇത്തരം പ്രവൃത്തിമൂലം ഒരു കോൺ (cone) രൂപംകൊള്ളുന്നു. ജലത്തിന്റെ സാന്നിധ്യത്തിൽ മണലും കളിമണ്ണും കൂടിച്ചേർന്ന് ചെളിയായിത്തീരും. ഇതു കോണിന്റെ മുകളിൽ ഉണങ്ങി കട്ടപിടിക്കുന്നു. കോണിന്റെ മുകൾഭാഗം പൊട്ടിത്തെറിക്കുന്ന ഘട്ടംവരെ കട്ടപിടിച്ച ഉപരിതലത്തിനുതാഴെ വാതകങ്ങൾ സഞ്ചയിക്കുകയും തൻമൂലം മർദം കൂടിവരികയും ചെയ്യുന്നു. മർദത്തിന്റെ ആധിക്യംമൂലം കോണിന്റെ മുകൾഭാഗം പൊട്ടിത്തെറിക്കും. ഇതു ചെറിയതോതിലെങ്കിലും ഒരു അഗ്നിപർവതത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു. പല ചെളി അഗ്നിപർവതങ്ങളും എണ്ണപ്പാടങ്ങളിലാണ് കണ്ടുവരുന്നത്. ഇവയിൽ മിക്കതും അഗ്നിപർവതപ്രദേശങ്ങളിൽ നിന്നകന്നു സ്ഥിതിചെയ്യുന്നവയുമാണ്. ചെളിയിൽക്കൂടി നീരാവി - മിക്കവാറും അഗ്നിപർവത വിസർജിതമായത് - രക്ഷപെടുമ്പോൾ ഉണ്ടാകുന്നതാണ് മറ്റു ചെളിഅഗ്നി പർവതങ്ങൾ. മഴക്കാലത്താണ് ചെളിഅഗ്നിപർവതങ്ങൾ സജീവമായി കണ്ടുവരുന്നത്. പുറത്തേക്കുവരുന്ന ചെളി അന്തരീക്ഷ-ഊഷ്മാവിൽനിന്ന് അല്പം ഉയർന്ന താപനില കാണിക്കാറുണ്ട്.

വിതരണം

[തിരുത്തുക]

ഇപ്പോൾ ഭൂമുഖത്ത് 500-ൽപരം അഗ്നിപർവതങ്ങൾ സജീവങ്ങളായി ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇവയിൽ വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള കട്മൈ, മൌണ്ട് ഹൂഡ്, ലാസ്സെൻപീക്, ഹവായിയിലെ മാണാലോവാ, മെക്സിക്കോയിലെ പാരീകൂട്ടിൻ, പോപോകാറ്റെപെറ്റി, ഇക്വഡോറിലെ കോട്ടപക്സി, മാർട്ടനിക് ദ്വീപിലെ [7], സിസിലിയിലെ എറ്റ്ന, ഇറ്റലിയിലെ വെസൂവിയസ്, ജപ്പാനിലെ ഫ്യൂജിയാമ, ഫിലിപ്പീൻസിലെ മായാൺ എന്നിവ ഏറ്റവും അപകടകാരികളായി ഗണിക്കപ്പെടുന്നു.

ഭൂമുഖത്തൊട്ടാകെയുള്ള അഗ്നിപർവതങ്ങളെ വ്യത്യസ്ത മേഖലകളാക്കിത്തിരിക്കാം. പസിഫിക് സമുദ്രത്തെ ചുറ്റി അഗ്നിപർവതങ്ങളുടെ ഒരു ശൃംഖല കാണാം. തെക്കേ അമേരിക്കയിലെ ആൻഡീസ് പർവതനിരകളിൽ തുടങ്ങി മധ്യ അമേരിക്ക, മെക്സിക്കോ, പശ്ചിമ യു.എസ്സിലെ കാസ്കേഡ് നിരകൾ, അലൂഷ്യൻ ദ്വീപുകൾ, കംചാത്ക, കുറൈൽദ്വീപുകൾ, ജപ്പാൻ, ഫിലിപ്പീൻസ്, സെലിബിസ്, ന്യൂഗിനി, സോളമൻ ദ്വീപുകൾ, ന്യൂകാലിഡോണിയ, ന്യൂസിലൻഡ് എന്നീ പ്രദേശങ്ങളിലൂടെ നീളുന്ന ഈ മേഖലയിൽ ഉടനീളം സജീവമോ (active) നിർവാണമോ (dormant) ലുപ്തമോ (extinct) ആയ ധാരാളം അഗ്നിപർവതങ്ങളുണ്ട്. മറ്റു മേഖലകൾ താഴെ പറയുന്നവയാണ്. (1) ഹവായ് ഗലാപഗോസ്, ജോൺ ഫർണാണ്ടസ് എന്നീ ദ്വീപസമൂഹങ്ങൾ; (2) ടിമോർ, ജാവ, സുമാത്ര, ബാലി എന്നീ ദ്വീപുകൾ; (3) അറേബ്യൻ ഉപദ്വീപിൽ തുടങ്ങി ആഫ്രിക്കയുടെ കിഴക്കെ അരികിലുള്ള ഭ്രംശ-താഴ്വര(rift valley)യിലൂടെ മലഗസി റിപ്പബ്ളിക്കോളം നീളുന്ന മേഖല; (4) ഏഷ്യയിലെ അരാറത്ത് പർവതത്തിൽ തുടങ്ങി മെഡിറ്ററേനിയൻ തീരത്തു കൂടെ അസോർസ്, കാനറിദ്വീപസമൂഹം എന്നിവിടങ്ങളോളമെത്തുന്ന ശൃംഖല; (5) വെസ്റ്റ്ഇൻഡീസ് ഇവ കൂടാതെ ഐസ്‌ലാൻഡ് തുടങ്ങി ഒറ്റപ്പെട്ട പ്രദേശങ്ങളുമുണ്ട്; നിഷ്ക്രിയ അഗ്നിപർവതങ്ങളുടേതായ നിരവധി മേഖലകൾ മേല്പറഞ്ഞതിൽ ഉൾപ്പെടുന്നില്ല. ഇന്ത്യയിലെ ഏകസജീവ അഗ്നിപർവതം ആന്തമാൻ-നിക്കോബാർ ദ്വീപസമൂഹത്തിലെ ബാരൺ ദ്വീപിലേതാണ്.

അഗ്നിപർവതസ്ഫോടനം അളവറ്റ നാശനഷ്ടങ്ങൾക്കു കാരണമാകുന്നുവെന്നു മുൻപു സൂചിപ്പിച്ചു. 1883-ലെ ക്രാകതോവാ വിസ്ഫോടനഫലമായി 36,000 പേർക്കു ജീവാപായം നേരിട്ടു. ഇന്തോനേഷ്യയിലെ ജാവയ്ക്കും സുമാത്രയ്ക്കും ഇടയ്ക്കുള്ള ക്രാകതോവാദ്വീപ് അതിലുള്ള അഗ്നിപർവതത്തിന്റെ സ്ഫോടനത്തെതുടർന്ന് ഒന്നാകെ കടലിൽ ആണ്ടുപോകുകയുണ്ടായി. മൌണ്ട്പിലേയിൽ നിന്നുള്ള (1902) വിഷലിപ്തമായ ധൂളീപ്രസരം 12,000 ആളുകളെ വകവരുത്തുകയും സമീപത്തുള്ള സെയിന്റ്പിയറെ പട്ടണം അഗ്നിക്കിരയാക്കുകയും ചെയ്തു. 1951-ൽ ന്യൂഗിനിയിലെ മൌണ്ട്ലാമിങ്ടൺ പെട്ടെന്നു പൊട്ടിത്തെറിച്ചപ്പോൾ 3,000 ആളുകൾ കൊല്ലപ്പെട്ടു.

ഒരു അഗ്നിപർവതം സജീവമോ നിർജീവമോ എന്നു സ്ഥിരപ്പെടുത്തി പറയുക എളുപ്പമല്ല; അവയുടെ നിഷ്ക്രിയത്വം താത്കാലികമായിരിക്കും. ഫിലിപ്പീൻസിലെ താൽ അഗ്നിപർവതം 1572-നുശേഷം 26 തവണ പൊട്ടിത്തെറിച്ചു. ഏറ്റവുമൊടുവിലത്തെ സ്ഫോടനം (1865) മൂലം പർവതശിഖരത്തിൽ 1,500 മീ. നീളവും 400 മീ. വീതിയുമുള്ള അഗാധമായ ഒരു കിടങ്ങുണ്ടായി. കോസ്റ്ററിക്കയിലെ ഇറാസു 45 വർഷം തണുത്തുകിടന്നശേഷം പെട്ടെന്നു സജീവമായി (1963); ഈ ഉദ്ഗാരം 20 മാസം നീണ്ടുനിന്നു. ഇറ്റലിയിലെ വെസൂവിയസ് എ.ഡി. 79-നുശേഷം വളരെക്കാലം നിഷ്ക്രിയമായി കിടന്നെങ്കിലും 1944-ൽ വീണ്ടും സജീവമായി. പ്ളീസ്റ്റോസീൻ യുഗത്തിനിപ്പുറം എരിഞ്ഞടങ്ങിയ അഗ്നിപർവതങ്ങൾ എല്ലാം തന്നെ വീണ്ടും സജീവമാകാനിടയുള്ളതായി കരുതപ്പെടുന്നു.

പുതിയ ഭൂരൂപങ്ങൾ സൃഷ്ടിക്കുന്നതിൽ അഗ്നിപർവതങ്ങൾക്കു വലിയ പങ്കുണ്ട്. മെക്സിക്കോയിലെ പാരീകൂട്ടിൻ 1943-ൽ ഉദ്ഗമിച്ച്, 1952 വരെ ലാവ ഒഴുകിയതിന്റെ ഫലമായി 410 മീ. കനത്തിലുള്ള ലാവാനിക്ഷേപങ്ങളുണ്ടായി. ഐസ്ലൻഡിന്റെ തീരത്തുള്ള സർട്ട്സിദ്വീപിന്റെ പ്രോത്ഥാനം (1963) മറ്റൊരു ഉദാഹരണമാണ്. ഏറെ താമസിയാതെ ലിറ്റിൽ സർട്ട്സി എന്ന ദ്വീപും സമീപത്തായി പൊന്തിവന്നു (1965). ഭൌമായുസ്സിലെ ആദ്യഘട്ടങ്ങൾ മുതൽ അഗ്നിപർവതങ്ങൾ പ്രതലസംരചനയിൽ പ്രമുഖമായ പങ്കു വഹിച്ചിരുന്നു. ഭൂമുഖത്ത് ഇന്നു കാണുന്ന ജലസഞ്ചയത്തിനും പ്രാണവായു നിറഞ്ഞ അന്തരീക്ഷത്തിനും രൂപം നല്കിയതു യുഗങ്ങളോളം നീണ്ടുനിന്ന അഗ്നിപർവതപ്രക്രിയയായിരുന്നു. അഗ്നിപർവതജന്യമായ ലാവയും ചാരവും കലർന്ന മണ്ണ് ഏറ്റവുമധികം ഫലഭൂയിഷ്ഠമാണ്.

Active volcano Mount St. Helens shortly after the eruption of 18 May 1980
Damavand, the highest volcano in Asia, is a potentially active volcano with fumaroles and solfatara near its summit.
Fresco of Bacchus and Agathodaemon with Mount Vesuvius, as seen in Pompeii's House of the Centenary.

സജീവ അഗ്നിപർവതങ്ങൾ

[തിരുത്തുക]

അഗ്നിപർവതങ്ങൾ സജീവമാവുന്നതിന്റെ ആവൃത്തി അനുസരിച്ച് അഗ്നിപർവതങ്ങളെ വേർതിരിക്കാം. അറിയപ്പെടുന്ന ചരിത്രത്തിൽ പൊട്ടിത്തെറിക്കാത്തവയെ ലുപ്ത അഗ്നിപർവതങ്ങൾ (Extinct volcanoes) എന്നും ക്രമമായി സജീവമാവുന്നവയെ സജീവ അഗ്നിപർവതങ്ങൾ (active volcanoes) എന്നും അറിയപ്പെടുന്ന ചരിത്രത്തിൽ പൊട്ടിത്തെറിച്ച് ഇപ്പോൾ നിഷ്ക്രിയമായിരിക്കുന്നതും എന്നാൽ സജീവമാവാൻ സാധ്യതയുള്ളതുമായ അഗ്നിപർവതങ്ങളെ നിർവാണ അഗ്നിപർവതങ്ങൾ (dormant volcanoes) എന്നും പൊതുവേ വിളിക്കുന്നു.

അഗ്നിപർവതങ്ങളുടെ ജീവിതകാലം ഏതാനും മാസങ്ങൾ മുതൽ ദശലക്ഷക്കണക്കിന് വർഷങ്ങൾ വരെയാവാം, അതിനാൽ സജീവ അഗ്നിപർവതങ്ങളുടെ നിർവചനം വളരെ കൃത്യമായി ചെയ്യാൻ സാധ്യമല്ല - ചിലർ രേഖപ്പെടുത്തിയ ചരിത്രത്തിൽ സ്ഫോടനം സംഭവിച്ചവയെ സജീവം എന്ന് വിളിക്കുന്നു [8] ചൈനയിലേയും മെഡിറ്ററേനിയൽ പ്രദേശത്തേയും രേഖപ്പെടുത്തിയ ചരിത്രം 3000 വർഷത്തോളമാണ്, എന്നാൽ ന്യൂസിലാന്റ്, ഹവായി എന്നീ പ്രദേശങ്ങളുടെ 200 വർഷത്തെ ചരിത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.[9]. ഹോളോസീൻ കാലഘട്ടത്തിൽ സ്ഫോടനം സംഭവിച്ചവയാണ് സജീവ അഗ്നിപർവതങ്ങൾ എന്നൊരു നിർവചനമാണ് കൂടിയുണ്ട്.[10]. ഇപ്പോൾ ഭൂമുഖത്ത് 500-ഓളം സജീവ അഗ്നിപർവതങ്ങൾ ഉള്ളതിൽ മിക്കതും പസഫിക്ക് അഗ്നിവളയ പ്രദേശത്താണ് – ഏകദേശം അൻപതോളം അഗ്നിപർവതങ്ങൾ എല്ലാ വർഷവും പൊട്ടിത്തെറിക്കാറുണ്ട്.[11]

ലുപ്ത അഗ്നിപർവതങ്ങൾ

[തിരുത്തുക]

ലാവയുടെ ഒഴുക്ക് നിലച്ചതിനാൽ ഇനിയും സജീവമാവാൻ സാധ്യതയില്ലാത്തവയാണെന്ന് ശാസ്ത്രജ്ഞൻമാർ കരുതുന്ന അഗ്നിപർവതങ്ങളാണ് ലുപ്ത അഗ്നിപർവതങ്ങൾ (extinct volcanoes) . ശാന്ത സമുദ്രത്തിലെ ഹവായിയൻ - എമ്പറർ സീമൗണ്ട് ശൃംഖല, നെതർ‌ലാന്റ്സിലെ ഹോഹെന്റ്വെയ്‌ൽ, ഷിപ്റോക്, സൂയിഡ്‌വാൾ, സ്കോട്ലന്റിലെ എഡിനബറൊ കാസിൽ തുടങ്ങിയവ ലുപ്ത അഗ്നിപർവതങ്ങൾക്കുദാഹരണങ്ങളാണ്.

നിർവാണ അഗ്നിപർവതങ്ങൾ

[തിരുത്തുക]

നിർവാണ അഗ്നിപർവതങ്ങളും (dormant volcano ) ലുപ്ത അഗ്നിപർവതങ്ങളും തമ്മിൽ വേർതിരിക്കാൻ അത്ര എളുപ്പമല്ല - ചില അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കുന്നതിനിടയിലുള്ള സമയദൈർഘ്യം വളരെയേറെയായതിനാലാണിത്, ഉദാഹരണമായി യെല്ലോസ്റ്റോൺ അഗ്നിപർവതത്തിന്റെ സ്ഫോടനങ്ങൾക്കിടയിലെ സമയം ഏഴ് ലക്ഷം വർഷവും ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ ലേക്ക് തോബയുടെത് മൂന്നര ലക്ഷത്തിലധികം വർഷവുമാണ്.[12] ഹെർകുലേനിയം ,പോംപേയ് എന്നീ നഗരങ്ങളെ നാമാവശേഷമാക്കിയ എ. ഡി 79-ലെ സ്ഫോടനത്തിനു മുൻപേ വെസൂവിയസ് പൂന്തോട്ടങ്ങളും മുന്തിരിത്തോപ്പുകളും നിറഞ്ഞതായിരുന്നുവെന്ന് റോമൻ എഴുത്തുകാർ വർണ്ണിച്ചിട്ടുണ്ട്. 1991-ലെ സ്ഫോടനത്തിനു മുൻപേ ഫിലിപ്പൈൻസിലെ മൗണ്ട് പിനാറ്റുബൊ അഗ്നിപർവതത്തിനെപ്പറ്റി സമീപവാസികൾക്ക് അറിവുണ്ടായിരുന്നില്ല. വളരെക്കാലം സുഷുപ്തിയിലാണ്ടിരുന്ന അഗ്നിപർവതങ്ങൾക്ക് ഉദാഹരണങ്ങളാണ് 1995-ൽ സജീവമായ കരീബിയൻ ദ്വീപായ മോണ്ട്‌സെറാറ്റിലെ സൗഫിയെറെ ഹിൽസ്, 8000 ബി. സിക്കുശേഷം 2006 സെപ്റ്റംബറിൽ സജീവമായതും ലുപ്തമാണെന്ന് കരുതിയിരുന്നതുമായ അലാസ്കയിലെ ഫോർപീക്ഡ് മൗണ്ടൻ എന്നിവ.

ചില പ്രധാന അഗ്നി‌പർവതങ്ങൾ

[തിരുത്തുക]
Koryaksky volcano towering over Petropavlovsk-Kamchatsky on Kamchatka Peninsula, Far Eastern Russia.
Mount Teide on the island of Tenerife (Spain).

സൗരയൂഥത്തിലെ ഇതര ഗ്രഹങ്ങളിലെ അഗ്നിപർവതങ്ങൾ

[തിരുത്തുക]
Olympus Mons (Latin, "Mount Olympus") is the tallest known mountain in our solar system, located on the planet Mars.

ശുക്രന്റെ ഉപരിതലത്തിന്റെ 90% ബസാൾട്ട് ആണെന്നുള്ളത് അഗ്നിപർവതപ്രക്രിയ ഈ ഗ്രഹത്തിന്റെ ഉപരിതലം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നാണ്, ഏകദേശം 50 കോടി വർഷങ്ങൾക്ക് മുമ്പേ ഉപരിതലം രൂപാന്തരപ്പെടുത്തിയ ഒരു സുപ്രധാന സംഭവം ഉണ്ടായിരിക്കാമെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു[13] മജെല്ലൻ ബഹിരാകാശപേടകം ഏറ്റവും ഉയർന്ന അഗ്നിപർവതമായ മാറ്റ് മോൺസിൽ സമീപകാലത്ത് അഗ്നിപർവതപ്രക്രിയ സജീവമായിരുന്നുവെന്നതിന് സൂചനകൾ ലഭ്യമാക്കിയിട്ടുണ്ട്.

ചൊവ്വയിൽ ധാരാളം ലുപ്ത അഗ്നിപർവതങ്ങൾ ഉള്ളതിൽ നാലെണ്ണം ഭൂമിയിലെ ഏത് അഗ്നിപർവതത്തെക്കാളും വലുതാണ് . ഇവ ദശലക്ഷക്കണക്കിന് വർഷങ്ങളായി ലുപ്തമായതായി കരുതപ്പെടുന്നു,[14] എന്നാൽ യൂറോപ്യൻ ബഹിരാകാശപേടകമായ മാർസ് എക്സ്പ്രസ്സ് ചൊവ്വയിലും സമീപകാലത്ത് അഗ്നിപർവതപ്രക്രിയ സജീവമായിരുന്നുവെന്നതിന് സൂചനകൾ കണ്ടെത്തിയിട്ടുണ്ട്.[14]

ഉപഗ്രഹങ്ങളിലെ അഗ്നിപർവതങ്ങൾ

[തിരുത്തുക]
The Tvashtar volcano erupts a plume 330 km (205 mi) above the surface of Jupiter's moon Io.

സൗരയൂഥത്തിലെ ഏറ്റവും അഗ്നിപർവതപ്രക്രിയ കാണപ്പെടുന്നതെ വ്യാഴത്തിന്റെ ഉപഗ്രഹമായ ഇയോവിലാണ് .സൾഫർ, സൾഫർ ഡൈ ഓക്സൈഡ് സിലികേറ്റ് പാറകൾ എന്നിവ വമിക്കുന്ന അഗ്നിപർവതങ്ങളാൽ നിബിഡമാണ് ഇയോ 1,800 K (1,500 °C)-ലധികം താപനിലയുള്ള ഇതിലെ ലാവ സൗരയൂഥത്തിലെ ഏറ്റവും താപനിലയുള്ള ലാവയാണ്. 2001 ഫിബ്രുവരിയിൽ സൗരയൂഥത്തിൽ രേഖപ്പെടുത്തിയതിൽവച്ച് ഏറ്റവും വലിയ അഗ്നിപർവതസ്ഫോടനം ഇയോവിൽ നടന്നു .[15]

വ്യാഴത്തിന്റെ ഗലീലിയൻ ഉപഗ്രഹങ്ങളിൽ ഏറ്റവും ചെറുതായ യൂറോപ്പയിൽ ജലം വമിക്കുന്ന അഗ്നിപർവതപ്രവർത്തനം നടക്കുന്നു, ജലം ഉപരിതലത്തിലെത്തുമ്പോൾ താപനില കുറവായതിനാൽ ഘനീഭവിക്കുന്ന പ്രക്രിയയെ ക്രയോവോൾക്കാനിസം എന്ന് വിളിക്കുന്നു, സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളിലെ ഉപഗ്രഹങ്ങളിൽ ഈ പ്രക്രിയ സാധാരണമാണ്. 1989 -ൽ വോയേജർ 2 നെപ്ട്യൂണിന്റെ ഉപഗ്രഹമായ ട്രൈറ്റണിൽ ഇത്തരം അഗ്നിപർവതപ്രവർത്തനങ്ങൾ കണ്ടെത്തി , 2005-ൽ കാസ്സിനി പേടകം, ശനിയുടെ ഉപഗ്രഹമായ എൻകിലാഡസിൽ നടന്ന ക്രയോവോൾക്കാനിസത്തിന്റെ പടങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് .[16] കാസ്സിനി ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിലും മീതൻ വമിക്കുന്ന അഗ്നിപർവതപ്രവർത്തനങ്ങൾ കണ്ടെത്തി, ഇതിന്റെ അന്തരീക്ഷത്തിലെ മീതൈന്റെ പ്രധാനഹേതു അഗ്നിപർവതപ്രവർത്തനമാണെന്ന് കരുതപ്പെടുന്നു .[17] കൈപ്പർ ബെൽറ്റിലെ ക്വാറോറിലും ക്രയോവോൾക്കാനിസം നടക്കുന്നുവെന്ന് കരുതപ്പെടുന്നു.

സൗരയൂഥേതരഗ്രഹമായ കോറോത്തിലും ഇയോവിലെപ്പോലെയുള്ള ശക്തമായ അഗ്നിപർവതപ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് 2010-ൽ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നു[18]

അവലംബം

[തിരുത്തുക]
  1. Douglas Harper (November 2001). "Volcano". Online Etymology Dictionary. Retrieved 2011-03-14.
  2. "Summary of the eruptive history of Mt. Vesuvius". Osservatorio Vesuviano, Italian National Institute of Geophysics and Volcanology. Archived from the original on 2006-12-03. Retrieved 2011-14-03. {{cite web}}: Check date values in: |accessdate= (help)
  3.  This article incorporates public domain material from the United States Geological Survey document "Photo glossary of volcano terms: Cinder cone".
  4. "അഗ്നിപർവ്വതം ഉണ്ടാകുന്നതെങ്ങനെ: ഹവായിയൻ പൊട്ടിത്തെറി". സാൻ ഡിയാഗോ സ്റ്റേറ്റ് യൂണിവേർസിറ്റി. Archived from the original on 2001-03-03. Retrieved 2010 ആഗസ്റ്റ് 2. {{cite web}}: Check date values in: |accessdate= (help)
  5. മുകളിൽ ഇവിടേയ്ക്ക്: 5.0 5.1 "അഗ്നിപർവ്വതം ഉണ്ടാകുന്നതെങ്ങനെ: സ്ട്രോംബോലിയൻ പൊട്ടിത്തെറി:". സാൻ ഡിയാഗോ സ്റ്റേറ്റ് യൂണിവേർസിറ്റി. Archived from the original on 2001-03-04. Retrieved 2010 ജൂലൈ 29. {{cite web}}: Check date values in: |accessdate= (help)
  6. "Magmatic Gas Composition Reveals the Source Depth of Slug-Driven Strombolian Explosive Activity". Science. 317 (5835). American Association for the Advancement of Science: 227–230. 2007. Bibcode:2007Sci...317..227B. doi:10.1126/science.1141900. ISSN 1095-9203. Retrieved 2010 July 30. {{cite journal}}: Check date values in: |accessdate= (help); Unknown parameter |coauthors= ignored (|author= suggested) (help)
  7. മൌണ്ട് പിലേ
  8. "Volcanoes". U.S. Department of the Interior, U.S. Geological Survey.
  9. "Mountains of fire: the nature of volcanoes". Robert Wayne Decker, Barbara Decker (1991). p.7. ISBN 0-521-31290-6
  10. http://www.volcano.si.edu/info/about/about_reports.cfm സ്മിത്ത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗ്ലോബൽ വൊൾക്കനിസം പ്രോഗ്രാം
  11. "Volcanoes Archived 2012-08-04 at the Wayback Machine.". European Space Agency.
  12. Chesner, C.A.; Westgate, J.A.; Rose, W.I.; Drake, R.; Deino, A. (1991). "Eruptive History of Earth's Largest Quaternary caldera (Toba, Indonesia) Clarified" (PDF). Geology. 19: 200–203. doi:10.1130/0091-7613(1991)019<0200:EHOESL>2.3.CO;2. Retrieved 2010-01-20. {{cite journal}}: Unknown parameter |month= ignored (help)
  13. D.L. Bindschadler (1995). "Magellan: A new view of Venus' geology and geophysics". American Geophysical Union. Retrieved 2006-09-04.
  14. മുകളിൽ ഇവിടേയ്ക്ക്: 14.0 14.1 "Glacial, volcanic and fluvial activity on Mars: latest images". European Space Agency. 2005-02-25. Retrieved 2006-08-17.
  15. "Exceptionally Bright Eruption on lo Rivals Largest in Solar System, Nov. 13, 2002". Archived from the original on 2005-04-12. Retrieved 2005-04-12.
  16. "Cassini Finds an Atmosphere on Saturn's Moon Enceladus'". Pparc.ac.uk. Retrieved 2010-10-24.
  17. "Hydrocarbon volcano discovered on Titan". Newscientist.com. Retrieved 2010-10-24.
  18. Jaggard, Victoria (2010-02-05). ""Super Earth" May Really Be New Planet Type: Super-Io". National Geographic web site daily news. National Geographic Society. Retrieved 2010-03-11. {{cite web}}: External link in |work= (help)
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്നിപർവ്വതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

കൂടുതൽ വായനക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അഗ്നിപർവ്വതം&oldid=4107777" എന്ന താളിൽനിന്ന് ശേഖരിച്ചത്