Jump to content

അഗ്നിപർവ്വതച്ചാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിലിയിലെ അഗ്നിപർവ്വത സ്പോടനത്തിൽ നിന്നും വമിക്കുന്ന ചാരമേഘം (ഒരു നാസാ ചിത്രം)

അഗ്നിപർവ്വത വിസ്ഫോടനത്തിന്റെ ഫലമായി ചിതറിപ്പരക്കുന്ന ഒരിനം പൈറോക്ളാസ്റ്റികങ്ങൾ (pyroclastic materials) ആണ് അഗ്നിപർവ്വതച്ചാരം.[1] സൂക്ഷ്മരൂപമുള്ള ഇവ ധൂളീമാത്രകളല്ല; അല്പംകൂടി മുഴുപ്പുള്ള, എന്നാൽ മിനുസമേറിയ ലാവാ പദാർഥമാണ്. ചാരം എന്ന പദം സാർഥകമല്ല; അഗ്നിപർവതങ്ങൾ കത്തിയെരിയുന്ന ഗിരിശൃംഗങ്ങളാണെന്ന ധാരണയിൽ പൌരാണികൻമാർ നല്കിയ സംജ്ഞ ഇപ്പോഴും പ്രാബല്യത്തിൽ തുടരുന്നുവെന്നുമാത്രം. ചുരുക്കം ചില ഭൂവിജ്ഞാനികൾ ഇവയേയും അഗ്നിപർവതധൂളിയിൽ പെടുത്താറുണ്ട്. വിസ്ഫോടനഫലമായി ചാരം നാലുപാടും പരക്കുന്നു. ഗണ്യമായ കനത്തിൽ വിസ്‌‌തൃതമേഖലകളെ മൂടിക്കളയാൻപോന്ന ചാരം വിസർജിക്കപ്പെടുക സാധാരണയാണ്. ക്രാകതാവോ വിസ്ഫോടനത്തിൽ (1883) നിന്നും വമിച്ച ചാരത്തിന്റെ അളവ് 8 ഘന. കി.മീ. ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. ഉദ്ദേശം 9 കി.മീ. ദൂരം ചുറ്റിലുമായി ഇവ നിക്ഷേപിക്കപ്പെട്ടു. അലാസ്കയിലെ കട്മൈ വിസ്ഫോടനത്തിലും (1912) ഏതാണ്ട് ഇതേ അളവു ചാരം വർഷിക്കപ്പെട്ടു. ഇന്തോനേഷ്യയിലെ താംബോരാസ്ഫോടനമാവട്ടെ 150 ഘന. കി.മീ. വസ്തുക്കളാണു വിസർജിച്ചത്. ഈ ചാരവർഷംമൂലമുണ്ടായ ആൾനാശം ഒരു ലക്ഷത്തോളമായിരുന്നു. പൊതുവേ ചാരവർഷം വിജനപ്രദേശങ്ങളിലായിരുന്നു അനുഭവപ്പെട്ടുപോന്നത്. 60 മീ. ലേറെ കനത്തിൽ ചാരംമൂടിയ സ്ഥലങ്ങളും ഉണ്ട്. അഗ്നിപർവതച്ചാരത്തിലെ 95 ശതമാനത്തിലും മാഗ്മയുടെ ശിഥിലീകൃതകണങ്ങളാണുകാണുക. ഈ ചാരം വീണു നിലവിലുള്ള ഭൂരുപങ്ങൾക്കു മാറ്റം വരാറില്ല. മറിച്ച് ഇതൊരു പുതപ്പുപോലെ വ്യാപിച്ചുകിടക്കുകയേയുള്ളൂ. ന്യൂസിലൻഡിലെ മണ്ണ് പൊതുവേ ഇത്തരത്തിൽ രൂപംകൊണ്ടതാണെന്ന് സി.എ. കോട്ടൺ (1944) അഭിപ്രായപ്പെട്ടിട്ടുണ്ട്.

ചാരവർഷം പൊതുവേ സാധാരണ ഊഷ്മാവിലുള്ളതായിരിക്കും. പക്ഷേ അത്യുഗ്ര ഊഷ്മാവിലുള്ള ചാരവും വീണിട്ടുണ്ട്. മൌണ്ട് പിലേ (1902) വിസ്ഫോടനത്തിൽ വിസർജിക്കപ്പെട്ട പദാർഥങ്ങളുടെ ഊഷ്മാവ് 650oC-നും 700oC-നും ഇടയ്ക്കായിരുന്നു.

അന്തരീക്ഷത്തിലെ അഗ്നിപർവ്വതധൂളി[തിരുത്തുക]

അഗ്നിപർവത സ്ഫോടനങ്ങളോടനുബന്ധിച്ചുണ്ടാകുന്ന ധൂളീമാത്രങ്ങളായ പൈറോക്ളാസ്റ്റികങ്ങൾ (pyroclastic materials) ആണ് അഗ്നിപർവ്വതധൂളിയായി അറിയപ്പെടുന്നത്. ഇവയിൽ പ്രത്യേകധൂളിയുടെ വ്യാസം ഒരു സെ.മീ. ന്റെ 1/4000-ൽ കുറവായിരിക്കും. ഉദ്ഗാരത്തിന്റെ ശക്തിക്കനുസരിച്ച് ഈ ധൂളികൾ അന്തരീക്ഷത്തിലെ ഉയർന്ന വിതാനങ്ങളോളം എത്തുന്നു. ഉപര്യന്തരീക്ഷത്തിൽ ഏറിയ കാലം തങ്ങിനില്ക്കുന്നതിനും വളരെ ദൂരം വ്യാപിക്കുന്നതിനും ഇവയ്ക്കു കഴിയും. ഇവയുടെ വിസരണം (diffusion) സ്റ്റ്രാറ്റോസ്ഫിയറിൽ (Stratosphere) വിസ്തൃതമായ ധൂളീമണ്ഡലം സൃഷ്ടിക്കുന്നു. മൂടൽമഞ്ഞുപോലെ പടരുന്ന ഇവ ക്രമേണ തടിച്ചുകൂടി ചിന്നിച്ചിതറിയ മേഘ ശകലങ്ങളെപ്പോലെ ദൃശ്യമാവാം.

സൌരവികിരണത്തെ മടക്കി അയയ്ക്കുന്നതിൽ അഗ്നിപർവതധൂളികൾ ഗണ്യമായ പങ്കുവഹിക്കുന്നു. ഇവയുടെ പ്രതിപതന സ്വഭാവം ആദ്യം നിർണയിച്ചത് ബെഞ്ചമിൻ ഫ്രാങ്ക്ളിൻ (1784) ആയിരുന്നു. അഗ്നിപർവതധൂളീ പ്രസരണം ആ വർഷത്തെ ശിശിരകാലത്ത് അതിശൈത്യത്തിനു കാരണമായി. 1815-ൽ മായാൺ (ഫിലിപ്പീൻസ്), താംബോരാ (ഇന്തോനേഷ്യ) എന്നീ അഗ്നിപർവതസ്ഫോടനങ്ങളെ തുടർന്ന് ഗ്രീഷ്മകാലം ഉണ്ടായിരുന്നില്ലെന്നുതന്നെ പറയാം. 1912-ൽ കട്മൈ (അലാസ്ക) വിസ്ഫോടനത്തിലെ ധൂളീപ്രസരണം ആഗോളവ്യാപകമായിരുന്നു; സൂര്യാതപത്തിൽ 20 ശ. തമാനം കുറവുവരുവാൻ ഇതു ഹേതുവായി. ഈ ധൂളികൾ കുറേക്കാലംകൂടി അന്തരീക്ഷത്തിൽ തങ്ങിനിന്നിരുന്നുവെങ്കിൽ ഭൂമിയിലെ ചൂട് ശരാശരി 13oC വച്ചു കുറയുമായിരുന്നുവെന്ന് സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിലെ (വാഷിങ്ടൺ) വിദഗ്ദ്ധൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഹിമയുഗത്തിന്റെ ആരംഭം അന്തരീക്ഷത്തിൽ അഗ്നിപർവതധൂളി വ്യാപിക്കുന്നതിലൂടെയാണെന്ന് ഒരു വാദമുണ്ട്. പുരാകാലാവസ്ഥയെ സംബന്ധിച്ച നിരവധി പരികല്പനകളിലൊന്നാണിത്.

അവലംബം[തിരുത്തുക]

  1. Rose, W.I.; Durant, A.J. (2009). "Fine ash content of explosive eruptions". Journal of Volcanology and Geothermal Research. 186 (1–2): 32–39. Bibcode:2009JVGR..186...32R. doi:10.1016/j.jvolgeores.2009.01.010.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്നിപർവ്വതച്ചാരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്നിപർവതധൂളി, അന്തരീക്ഷത്തിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗ്നിപർവ്വതച്ചാരം&oldid=3825141" എന്ന താളിൽനിന്ന് ശേഖരിച്ചത്