Jump to content

ഉരുൾപൊട്ടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കഠിനമായ മഴയിൽ ഭൂമിയിൽ സംഭരിക്കപ്പെടുന്ന ജലം അതിമർദ്ദം മൂലം ഭൂസ്ഥിരത നഷ്ടപ്പെടുന്നതുകൊണ്ട് ഉയർന്ന പ്രദേശങ്ങളിലെ മണ്ണും പാറയും ചരലും ഉരുളൻകല്ലുകളും മറ്റ് ഭൂവസ്തുക്കളും വൻതോതിൽ വളരെ പെട്ടെന്ന് താണ സ്ഥലങ്ങളിലേക്ക് പതിക്കുന്ന പ്രതിഭാസമാണ് ഉരുൾപൊട്ടൽ. മഴക്കാലത്താണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. പ്രത്യേകിച്ചും ഉയർന്ന പ്രദേശങ്ങളിൽ സംഭവിക്കുന്ന ഈ പ്രതിഭാസത്താൽ ഭൂമിക്കടിയിലെ കല്ലും മണ്ണും വെള്ളത്തോടൊപ്പം ശക്തമായി പുറന്തള്ളപ്പെടുന്നു.

കാരണങ്ങൾ[തിരുത്തുക]

ശിലാപാളികളുടെ ശക്തിക്ഷയവും രൂപാന്തരങ്ങളും മൺപാളികളിലെ രാസ–ഭൗതിക മാറ്റങ്ങളും സസ്യലതാദികളുടെ പരിക്രമണങ്ങളും ശക്തമായ വർഷപാതവും ദ്രവീകരണവും ഉരുൾപൊട്ടലുണ്ടാകാനുള്ള കാരണങ്ങളാണ്. ഭൂമികുലുക്കം, മേഘസ്ഫോടനം, വരൾച്ചയെത്തുടർന്നുണ്ടായേക്കാവുന്ന പേമാരി, മനുഷ്യഇടപെടൽ തുടങ്ങിയവും ഉരുൾപൊട്ടലിനുള്ള സ്വാഭാവിക കാരണങ്ങളാണ്. കേരളത്തിലെ ഉയർന്ന പ്രദേശമായ ഇടുക്കി ജില്ലയിൽ മഴക്കാലത്ത് പല പ്രദേശങ്ങളിലും ഇവ സർവ്വസാധാരണമാണ്.

ഭൂമിയുടെ കിടപ്പ്, ചരിവ്, പാറകളുടെ സ്വഭാവം, മണ്ണിൻറെ ഘടന, മരങ്ങളുടെ പ്രത്യേകത തുടങ്ങിയവ കണക്കിലെടുക്കാതെ മലഞ്ചരുവുകളിൽ കൃഷി, മണ്ണ്/പാറ ഖനനം, റോഡ് കെട്ടിട നിർമ്മാണം എന്നിവ ചരിഞ്ഞ പ്രതലങ്ങളുടെ സന്തുലിതാവസ്ഥ തകർക്കുകയും വൻതോതിലുള്ള മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും കാരണമാവുകയും ചെയ്യുന്നു. സ്വാഭാവിക മരങ്ങൾ മുറിച്ചുമാറ്റുക, ഇടവിള (നാണ്യവിള) തോട്ടങ്ങൾ ഉണ്ടാക്കുക, മണ്ണൊലിപ്പിന് കാരണമാകുന്ന കൃഷികൾ ചെയ്യുക, ഫാമുകൾ നിർമ്മിക്കുക, കെട്ടിടം പണിയുക, അമിതഭാരം ഏൽപ്പിക്കുക, സ്പോടനങ്ങൾ, ഭാരമേറിയ വാഹനങ്ങളുടെ സഞ്ചാരം തുടങ്ങിയവയെല്ലാം ഉരുൾപൊട്ടലിന് കാരണമാകുന്ന ഘടകങ്ങളാണ്.[1]

മലമുകളിൽ കനത്ത മഴ പെയ്യുമ്പോൾ വൻതോതിൽ വെള്ളം ഭൂമിയിലേക്ക് ഇറങ്ങുകയും ആ വെള്ളക്കെട്ട് താങ്ങാൻ മലയടിവാരത്തെ മണ്ണിന് ഉറപ്പില്ലാതെ വരുമ്പോഴാണ് സാധരണ ഉരുൾ പൊട്ടൽ ഉണ്ടാകുന്നത്. [2] മലഞ്ചെരുവിലെ ഭൂമിയ്ക്കടിയിലെ ജലത്തിന്റെ അളവ് കൂടുന്നതിനനുസരിച്ചു ഉപരിതലത്തിലേക്ക് സമ്മർദം വർദ്ധിക്കുകയും ഒരു പരിധി കഴിയുമ്പോൾ ജലം ശക്തിയായി പുറത്തേക്ക് ഒഴുകുകയും ചെയ്യും. ഇതോടൊപ്പം പാറകളും വൻ വൃക്ഷങ്ങളും മറ്റും ഈ കുതിർന്ന മണ്ണിനോടൊപ്പം വലിയ തോതിൽ താഴേക്ക് പതിക്കുന്നു. [3] 72 ഡിഗ്രിയിൽ അധികം ചെരിവുള്ള പ്രദേശങ്ങളിൽ ഉരുൾ പൊട്ടൽ സാധ്യത കൂടുതലാണ്. [4]

ഉരുൾപൊട്ടൽ നാഭി[തിരുത്തുക]

ഉരുൾപൊട്ടലിന്റെ ഫലമായി വെള്ളം പുറത്തേക്കൊഴുകുന്ന ഭാഗത്തെ ഉരുൾപൊട്ടൽ നാഭിയെന്നാണ് വിളിക്കുക.

കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യതാ മേഖലകൾ[തിരുത്തുക]

ദേശീയ ഭൗമശാസ്ത്ര ഗവേഷണകേന്ദ്രത്തിന്റെ 2010ലെ പഠനപ്രകാരം കേരളത്തിന്റെ 14.4 % മേഖലകളാണ് ഉരുൾപൊട്ടലിനു സാധ്യതയുള്ളതെന്നു വിലയിരുത്തിയത്. 5607 ചതുരശ്ര കിലോമീറ്ററാണ് അപകടകരമായ മേഖല. ഇതിൽ നെടുമങ്ങാട് (തിരുവനന്തപുരം), മീനച്ചിൽ, കാഞ്ഞിരപ്പള്ളി (കോട്ടയം), തൊടുപുഴ, ഉടുമ്പൻചോല (ഇടുക്കി), ചിറ്റൂർ, മണ്ണാർക്കാട് (പാലക്കാട്), നിലമ്പൂർ, ഏറനാട് (മലപ്പുറം), തളിപ്പറമ്പ് (കണ്ണൂർ) താലൂക്കുകളിലാണു കൂടുതൽ സാധ്യത. പുറമേ 25 താലൂക്കുകളും സാധ്യതാപ്പട്ടികയിലുണ്ട്.

കേരളത്തിൽ ഉരുൾപൊട്ടൽ വർധിക്കുന്നതിന്റെ പ്രധാനകാരണങ്ങൾ[തിരുത്തുക]

  • മലകളിലും കുന്നുകളിലും നടക്കുന്ന അശാസ്ത്രീയ നിർമ്മാണപ്രവർത്തനങ്ങളും ഖനനവും മണ്ണിന്റെ ഘടനയിൽ വരുത്തുന്ന മാറ്റങ്ങൾ.
  • മലകളിൽനിന്നു താഴേക്കുള്ള സ്വാഭാവികമായ നീർച്ചാലുകൾ തടസ്സപ്പെടുത്തുന്നതിലൂടെ, വെള്ളം കെട്ടിനിന്നു മണ്ണിലേക്കിറങ്ങി സ്വാഭാവിക ഘടനയിലുണ്ടാക്കുന്ന മാറ്റം.
  • മഴയുടെ ഘടനാമാറ്റം. ചെറിയ ഇടവേളയിൽ പെയ്യുന്ന അതിതീവ്രമഴ. ഇത് കേരളത്തിന്റെ മലയോരങ്ങളെ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള അതീവസാധ്യതാകേന്ദ്രങ്ങളായി മാറ്റുന്നു.

ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പാലിക്കേണ്ട കാര്യങ്ങൾ[തിരുത്തുക]

1. ഉരുൾ പൊട്ടലിനു മുൻപ്[തിരുത്തുക]

1. പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക 2. കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക. 3. എമർജൻസി കിറ്റ് കരുതുകയും വീട് വിട്ട് ഇറങ്ങേണ്ടി വന്നാൽ കൈയിൽ കരുതുകയും ചെയ്യുക. 4. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ടെലിഫോൺ നമ്പറുകൾ അറിഞ്ഞിരിക്കുകയും ആവശ്യം വന്നാൽ ഉപയോഗിക്കുകയും ചെയ്യുക. 5. ശക്തമായ മഴയുള്ളപ്പോൾ ഉരുൾ പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കുക. 6. വീട് ഒഴിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദ്ദേശം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുക. 7. കിംവദന്തികൾ (rumours) പരത്താതിരിക്കുക.

2. ഉരുൾ പൊട്ടൽ സമയത്ത് പാലിക്കേണ്ട കാര്യങ്ങൾ[തിരുത്തുക]

1. മരങ്ങളുടെ ചുവടെ അഭയം തേടരുത്. 2. പ്രഥമ ശുശ്രൂഷ അറിയുന്നവർ മറ്റുള്ളവരെ സഹായിക്കുകയും, എത്രയും പെട്ടെന്ന് തന്നെ അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുക. 3. വയോധികർ, കുട്ടികൾ, ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ എന്നിവർക്ക് രക്ഷാപ്രവർത്തനങ്ങളിൽ മുൻഗണന നൽകുക. 4. വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഗ്യാസടുപ്പ് ഓഫാണെന്നു ഉറപ്പു വരുത്തുക. 5. ഉരുൾ പൊട്ടൽ സമയത്തു നിങ്ങൾ വീട്ടിനകത്താണെങ്കിൽ ബലമുള്ള മേശയുടെയോ കട്ടിലിന്റെയോ കീഴെ അഭയം തേടുക. 6. ഉരുൾ പൊട്ടലിൽ പെടുകയാണെങ്കിൽ നിങ്ങളുടെ തലയിൽ പരിക്കേൽക്കാത്ത വിധം സുരക്ഷ ഉറപ്പാക്കുക.

3. ഉരുൾ പൊട്ടലിനു ശേഷം പാലിക്കേണ്ട കാര്യങ്ങൾ[തിരുത്തുക]

1. ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലത്തേക്ക് സന്ദർശനത്തിന് പോകാതിരിക്കുക. 2. ഉരുൾ പൊട്ടൽ പ്രദേശത്തു നിന്ന് ചിത്രങ്ങളോ സെൽഫിയോ എടുക്കരുത്. 3. ഉരുൾ പൊട്ടലിനു ശേഷം വീണു കിടക്കുന്ന വൈദ്യുതി ലൈനുകൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക, ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുക. 4. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ തടസ്സപ്പെടുത്തരുത്. ആംബുലെൻസിനും മറ്റു വാഹനങ്ങൾക്കും സുഗമമായി പോകുവാനുള്ള സാഹചര്യം ഒരുക്കുക. 5. കെട്ടിടാവശിഷ്ടങ്ങളിൽ പരിശോധന നടത്തുന്നതിനായി പരിശീലനം ലഭിച്ചവർ മാത്രം ഏർപ്പെടുക. 6. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലകളിലെ ദുരന്ത നിവാരണ കൺട്രോൾ റൂമുമായി ബന്ധപ്പെടുക. PH– 1077 [5]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഇ, അബ്ദുൽഹമീദ്. "എന്തുകൊണ്ടാണ് ഉരുൾപൊട്ടൽ സംഭവിക്കുന്നത്". ലൂക്ക.
  2. https://www.cdc.gov/disasters/landslides.html
  3. https://sciencing.com/effects-mudslide-8660158.html
  4. https://www.livescience.com/8460-mudslides.html
  5. http://www.tourismnewslive.com/2018/08/09/kerala-rain-land-slide-precaution/
"https://ml.wikipedia.org/w/index.php?title=ഉരുൾപൊട്ടൽ&oldid=3409870" എന്ന താളിൽനിന്ന് ശേഖരിച്ചത്