Jump to content

ദാരിദ്ര്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവിതത്തിനാവശ്യമായ സുഖസൗകര്യങ്ങളുടെ (വേണ്ടത്ര ആഹാരം, വസ്ത്രം, പാർപ്പിടസൗകര്യം, ശുദ്ധജലം, ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം, തൊഴില്, സ്വാതന്ത്ര്യം) ഇല്ലായ്മയും അത്യാവശ്യസാധനങ്ങളുടെ ദൗർലഭ്യതയും ഉളവാക്കുന്ന അവസ്ഥ. അത്യാവശ്യച്ചെലവുകൾ പോലും നേരിടാനുള്ള വരുമാനമില്ലാത്ത സാഹചര്യം മനുഷ്യനെ അഭിമുഖീകരിക്കുന്ന ഏറ്റവും രൂക്ഷമായ സാമൂഹ്യപ്രശ്‌നമാണ് . മുകളിൽ പറഞ്ഞ സുഖസൗകര്യങ്ങൾ ഇല്ലാതെ ജീവിതം നയിക്കുന്നവരാണ് ദരിദ്രർ. ദീർഘകാലം നീണ്ടുനില്ക്കുന്ന രോഗമോ അംഗവൈകല്യമോ ദാരിദ്ര്യത്തെ രൂക്ഷതരമാക്കുന്നു. ആധുനിക ധനശാസ്ത്രജ്ഞന്മാരുടെ അഭിപ്രായപ്രകാരം ദാരിദ്ര്യത്തിന്റെ സാന്നിധ്യം ഒരു പൊരുത്തക്കേടിനെയാണ് കാണിക്കുന്നത്. ബുദ്ധിപൂർവകമായ സാമൂഹ്യനയം മൂലം ഇതു പരിഹരിക്കാവുന്നതുമാണ്.

വിഭാഗങ്ങൾ[തിരുത്തുക]

ദാരിദ്ര്യത്തെ പ്രാഥമിക ദാരിദ്ര്യമെന്നും ദ്വിതീയദാരിദ്ര്യമെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. പ്രാഥമിക ദാരിദ്ര്യമെന്ന് പറഞ്ഞാൽ ചുരുങ്ങിയ ജീവിതാവശ്യങ്ങൾ നിർവഹിച്ച് ശാരീരികകാര്യക്ഷമത നിലനിർത്തിക്കൊണ്ടുപോകാൻ വരുമാനം അപര്യാപ്തമായ അവസ്ഥയാണ്. ദ്വിതീയ ദാരിദ്ര്യമാകട്ടെ ദുർവ്യയപരമായ ചെലവുകളില്ലെങ്കിൽ കിട്ടുന്ന വരുമാനം ശാരീരിക കാര്യക്ഷമത നിലനിർത്തിക്കൊണ്ടുപോകാൻ മതിയാകും എന്ന അവസ്ഥയാണ്.

ദാരിദ്ര്യരേഖ[തിരുത്തുക]

ദരിദ്ര വിഭാഗങ്ങളിൽ പെട്ടവരെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കാനായി ഒരാൾക്കാവശ്യമായ ഏറ്റവും കുറഞ്ഞ ഉപഭോഗനിലവാരത്തെ ദാരിദ്ര്യരേഖയായി നിർവചിച്ചിരിക്കുന്നു. `ദാരിദ്ര്യരേഖ'യ്ക്കു താഴെയുള്ള ആളുകളുടെ അനുപാതത്തെ ദാരിദ്ര്യത്തിന്റെ വ്യാപ്തി അളക്കുവാനായി ഉപയോഗിക്കുന്നു.[1]

കേരളത്തിന്റെ അവസ്ഥ[തിരുത്തുക]

കേരളത്തിലെ ദാരിദ്ര്യത്തിന് കാരണമായി വർത്തിക്കുന്നത് ജനപ്പെരുപ്പവും വികസനക്കുറവുമാണ് അഭ്യസ്തവിദ്യരുടെ ഇടയിലുള്ള തൊഴിലില്ലായ്മ ഇത്ര രൂക്ഷമായി കാണുന്ന മറ്റൊരു സംസ്ഥാനവും ഇന്ത്യയിലില്ല. സാങ്കേതികമായി പിന്നോക്കം നില്ക്കുന്ന കയർ, കൈത്തറി, കശുവണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങൾ ഉൾപ്പെട്ട സംസ്ഥാനത്തിന്റെ വ്യവസായമേഖല ഒട്ടും വളർന്നിട്ടില്ല. എന്നാൽ ഇന്ത്യയൊട്ടാകെയുള്ളതിന് വിപരീതമായി, കേരളത്തിലെ ഏറ്റവും കീഴെക്കിടയിലുള്ള 30 ശതമാനം ജനങ്ങളുടെ ജീവിതനിലവാരത്തിൽ നേരിയ പുരോഗതി ഉണ്ടായതായി കാണുന്നു. അതോടൊപ്പം ഏറ്റവും മുകൾതട്ടിലുള്ള 10 ശതമാനം ജനങ്ങൾക്ക് സ്ഥായിയും അഭൂതപൂർവവുമായ നേട്ടങ്ങളും ഉണ്ടായി. ബാക്കിയുള്ള 60 ശതമാനം ജനങ്ങൾ കൂടുതൽ ദരിദ്രരാവുകയാണുണ്ടായത്.

പ്ലാനിങ് കമ്മിഷന്റെ പുതിയ നിർവചനമനുസരിച്ച് ഒരു ദിവസം 2400 കലോറി പോഷകാഹാരം ലഭിക്കുന്ന ഗ്രാമവാസിയും 2100 കലോറി പോഷകാഹാരം ലഭിക്കുന്ന നഗരവാസിയും കഷ്ടിച്ച് ദാരിദ്ര്യരേഖയ്ക്ക് മുകളിലാണ് നിലകൊള്ളുന്നത്. പൂർണമായ തൊഴിൽരാഹിത്യം, ഭാഗികമായ തൊഴിലില്ലായ്മ, കാർഷികസേവനമേഖലകളിലെ ഒരു പ്രധാന വിഭാഗം ഉത്പാദകരുടെ കുറഞ്ഞ വിഭവശേഷി എന്നിവയാണ് കടുത്ത ദാരിദ്ര്യത്തിനുള്ള പ്രധാന കാരണങ്ങൾ. അതിനാൽ തൊഴിൽരാഹിത്യം, ഭാഗികമായ തൊഴിലില്ലായ്മ, താഴെക്കിടയിലുള്ളവരുടെ വൻതോതിലുള്ള ദാരിദ്ര്യം എന്നീ പ്രശ്‌നങ്ങളുടെ മേൽ നേരിട്ടുള്ള കടന്നാക്രമണം ഇന്ന് ആവശ്യമാണ്. ഈ ആക്രമണത്തിൽ പ്രധാന ഘടകം വൻതോതിലും വ്യാപകമായ രീതിയിലും തൊഴിൽ സാധ്യതകൾ നല്കുകയെന്നതാണ്. ഈ ശ്രമം സാങ്കേതികമായും ഭരണപരമായും നടപ്പാക്കാൻ കഴിയുന്നതായിരിക്കുകയും വേണം.

അവലംബം[തിരുത്തുക]

  1. "മലയാളം വാരിക, 2012 ആഗസ്റ്റ് 03" (PDF). Archived from the original (PDF) on 2016-03-06. Retrieved 2013-05-25.
"https://ml.wikipedia.org/w/index.php?title=ദാരിദ്ര്യം&oldid=3740451" എന്ന താളിൽനിന്ന് ശേഖരിച്ചത്