മേഘസ്ഫോടനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വളരെച്ചെറിയ സമയത്തിനുള്ളിൽ, ഒരു ചെറിയപ്രദേശത്തു പെയ്തിറങ്ങുന്ന അതിശക്തമായ മഴയെയാണ് മേഘസ്ഫോടനം (കെട്ടിപ്പെയ്ത്ത് ) അഥവാ cloudburst എന്നു വിളിക്കുന്നത്. പലപ്പോഴും മിനിറ്റുകൾമാത്രം നീളുന്ന ഈ പ്രതിഭാസം വലിയ വെള്ളപ്പൊക്കങ്ങൾക്കും നാശനഷ്ടങ്ങൾക്കുമിടയാക്കാറുണ്ട്. കാറ്റിന്റെയും ഇടിമുഴക്കത്തിന്റെയും അകമ്പടിയോടെയാരംഭിക്കുന്ന മഴ, പെട്ടെന്നു ശക്തിപ്രാപിക്കുകയും ആ പ്രദേശത്തെയാകെ പ്രളയത്തിലാക്കുകയുംചെയ്യും. പൊതുവേപറഞ്ഞാൽ, മണിക്കൂറിൽ 100 മില്ലീമീറ്ററിൽക്കൂടുതൽ മഴ ഒരു സ്ഥലത്തു ലഭിച്ചാൽ, അതിനെ മേഘസ്ഫോടനമെന്നു കരുതാം.

പ്രക്രിയ[തിരുത്തുക]

മഴമേഘങ്ങളായ കുമുലോ നിംബസ് മേഘങ്ങളാണ്, മേഘസ്ഫോടനങ്ങൾക്കു കാരണമാകുന്നത്.. മേഘങ്ങളിൽ ഏറ്റവും വലിപ്പമേറിയ ഇനമിതാണ്‌. എന്നാൽ മേഘസ്ഫോടനങ്ങൾക്കു കാരണമാകുന്നരീതിയിൽ രൂപപ്പെടുന്ന കുമുലോനിംബസ് മേഘങ്ങൾ, ചില പ്രത്യേകതകളുള്ളവയായിരിക്കുമെന്നുമാത്രം.

ഭൗമോപരിതലത്തിൽനിന്ന്, ഈർപ്പംനിറഞ്ഞൊരു വായൂപ്രവാഹം അന്തരീക്ഷത്തിന്റെ മുകൾതട്ടിലേക്കുയർന്നു ഘനീഭവിക്കുമ്പോഴാണ്, ദൃഷ്ടിഗോചരമായ മേഘങ്ങൾ രൂപപ്പെടുന്നത്. സാധാരണയായി കുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുമ്പോൾ, അവ അന്തരീക്ഷത്തിന്റെ താഴേത്തട്ടിൽനിന്നാരംഭിച്ച്‌ പതിനഞ്ചുകിലോമീറ്റർ ഉയരത്തിലുള്ള സീറസ് മേഖലവരെയെത്താം. ഇവയുടെ മുകളറ്റം, വളരെയുയരത്തിൽ പടർന്നുകയറുന്ന ശക്തമായ കാറ്റായിക്കാണാവുന്നതാണ്‌. കേരളത്തിൽ തുലാമഴയുടെ സമയത്തും കാലവർഷത്തിൽ വലിയകാറ്റോടുകൂടിയ മഴയുണ്ടാകുമ്പോഴും ഇത്തരം മേഘങ്ങളെക്കാണാം.

കൂറ്റൻ കുമുലോ നിംബസ് മേഘങ്ങളാണ് മേഘസ്ഫോടനത്തിനു കാരണമാകുന്നത്

ശക്തമായ മഴയും കാറ്റും ഇടിയും ചിലപ്പോഴൊക്കെ ആലിപ്പഴവർഷവും, ഈ മേഘങ്ങളുടെ പ്രത്യേകതയാണ്‌. ഈയിനത്തിൽപ്പെട്ട മേഘത്തിനുള്ളിൽ, ശക്തിയേറിയ വായുപ്രവാഹം, വലിയ ചാംക്രമണരീതിയിൽ രൂപപ്പെടുന്നു. മേഘത്തിന്റെ നടുഭാഗത്തുകൂടെ അടിയിൽനിന്നു മുകളിലേക്കുയരുന്ന വായുപ്രവാഹത്തെ updraft എന്നും മേഘത്തിന്റെ വശങ്ങളിലൂടെ താഴേക്കു പതിക്കുന്ന വായുപ്രവാഹത്തെ down draft എന്നും വിളിക്കുന്നു. ഈ മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും മുകളറ്റത്ത്‌ ഐസ് ക്രിസ്റ്റലുകളുമാണുണ്ടാവുക.

മേഘസ്ഫോടനത്തിനു കാരണമായേക്കാവുന്ന കുമുലോനിംബസ് മേഘങ്ങൾ, സാധാരണ കുമുലോ നിംബസ് മേഘങ്ങളെയപേക്ഷിച്ച്, കുറേക്കൂടെ ശക്തമായ updraft ഉള്ളവയായിരിക്കും. അതുകൊണ്ട്, അവ അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്കു വേഗത്തിലെത്തുന്നു. ഇവ രൂപപ്പെടുന്ന സ്ഥലത്തെ പ്രത്യേകതകളനുസരിച്ച്, ഇപ്രകാരം updraft ആയി ഉയരുന്ന വായുപ്രവാഹം പതിവിലുമുയർന്ന അളവിൽ അന്തരീക്ഷയിർപ്പംവഹിച്ചേക്കാം. ഭൗമാന്തരീക്ഷത്തിന്റെ പത്തുകിലോമീറ്ററിലുംമുകളിലുള്ള ഭാഗത്തെ താപനില -40 മുതൽ -60 വരെ ഡിഗ്രി സെൽഷ്യസ് ആണ്. മേഘത്തിനുള്ളിൽകൂടെയുയർന്ന്, ഈ കൊടുംതണുപ്പിലേക്കു വളരെ വേഗത്തിലെത്തിച്ചേരുന്ന, ഈർപ്പംനിറഞ്ഞ കാറ്റുവഹിച്ചീരിക്കുന്ന ജലാംശംമുഴുവൻ ഉറഞ്ഞുകൂടി വലിയ മഞ്ഞുകണങ്ങളായി മാറുന്നു. കാറ്റിന്റെ മുകളിലേക്കുള്ള പ്രവാഹം അല്പം ശമിക്കുന്നതോടുകൂടെ, ഈ മഞ്ഞുകണങ്ങൾ ഭൂഗുരുത്വാകർഷണത്തിൽപ്പെട്ടു താഴേക്കു പതിക്കുന്നു. താഴേക്കു പതിച്ചുകൊണ്ടിരിക്കുന്ന വലിയ മഞ്ഞുകണങ്ങൾ, കൂടൂതൽ ചെറിയകണങ്ങളുമായി ഒത്തുചേർന്ന്, അവയുടെ വലിപ്പം വർദ്ധിക്കുന്നു. ഭൗമോപരിതലത്തിനടുത്തത്തുമ്പോൾ, അന്തരീക്ഷതാപനിലയിലുണ്ടകുന്ന ഉയർച്ചമൂലം, ഈ മഞ്ഞുകണങ്ങളുരുകി ജലത്തുള്ളികളായി ഭൂമിയിൽപ്പതിക്കുന്നു. ഇതാണ് മഴ. ഈ പ്രക്രിയ, സാധാരണയിലുംകവിഞ്ഞ അളവിലെത്തുമ്പോഴാണ് വലിയ അളവിലുള്ള മഴ, അഥവാ മേഘസ്ഫോടനമുണ്ടാകുന്നത്.

പ്രത്യേകതകൾ[തിരുത്തുക]

കാലാവസ്ഥാനിരീക്ഷകരുടെ അഭിപ്രായപ്രകാരം, മണിക്കൂറീൽ 100 മില്ലീമീറ്ററോളം മഴ ഒരു സ്ഥലത്തു ലഭിച്ചാൽ, അതിനെ മേഘസ്ഫോടനമായിക്കണക്കാക്കാം[1][2] മേഘസ്ഫോടനത്തിനു കാരണമായിത്തീരുന്ന മേഘം, അന്തരീക്ഷത്തിൽ 15 കിലോമീറ്റർവരെ ഉയരത്തിൽ രൂപപ്പെടാവുന്നതാണ്.[3] മേഘസ്ഫോടനത്തിനിടയിൽ 20 മില്ലിമീറ്ററിലധികം മഴ, വളരെക്കുറഞ്ഞ സമയത്തിൽ പെയ്യാറുണ്ട്. മലവെള്ളപ്പാച്ചിലിനും, മുന്നറീയിപ്പില്ലാതെയുണ്ടാകുന്ന വെള്ളപ്പൊക്കങ്ങൾക്കും മറ്റനേകം നാശനഷ്ടങ്ങൾക്കും മേഘസ്ഫോടനം കാരണമായിത്തീരാം.

രേഖപ്പെടുത്തപ്പെട്ടിട്ടുള്ള മേഘസ്ഫോടനങ്ങൾ[തിരുത്തുക]

കാലയളവ് മഴയുടെ അളവ് സ്ഥലം തീയതി
1 മിനിറ്റ് 1.5 inches (38.10 mm) ബാറോട്ട്, ഇന്ത്യ 26 നവംബർ 1970
5.5 മിനിറ്റ് 2.43 inches (61.72 mm) പോർട്ട് ബെൽസ്, പനാമ 29 നവംബർ 1911
15 മിനിറ്റ് 7.8 inches (198.12 mm) പ്ലംബ് പോയിന്റ്, ജമൈക്ക 12 മെയ് 1916
20 മിനിറ്റ് 8.1 inches (205.74 mm) Curtea-de-Arges, റൊമാനിയ 7 ജൂലായ് 1947
40 മിനിറ്റ് 9.25 inches (234.95 mm) ജനീവ, വിർജീനിയ, യു.എസ്.എ 24 ആഗസ്റ്റ് 1906
1 മണിക്കൂർ 9.84 inches (249.94 mm) ലേ, ലഡാക്ക്, ഇന്ത്യ ആഗസ്റ്റ് 5, 2010 [4]
13 മണിക്കൂർ 45.03 inches (1,143.76 mm) ഫോക്-ഫോക്, റീയൂണിയൻ ദ്വീപ് ജനുവരി 8, 1966[5]
1 മണിക്കൂർ 5.67 inches (144.02 mm) പൂനെ, ഇന്ത്യ സെപ്റ്റംബർ 29, 2010 [1]
1.5 മണിക്കൂർ 7.15 inches (181.61 mm) പാഷാൻ, പൂനെ, ഇന്ത്യ ഒക്ടോബർ 4, 2010 [1]
24 മണിക്കൂർ 21.69 inches (2328.93mm) ഗംഗാ തലം, ഇന്ത്യ ജനുവരി 8, 1966
24 മണിക്കൂർ 21.69 inches (2328.93mm) ഉത്തരകാശി, ഇന്ത്യ ഓഗ്സ്റ്റ് 4, 2012

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുണ്ടായിട്ടുള്ള മേഘസ്ഫോടനങ്ങൾ[തിരുത്തുക]

 • സെപ്റ്റംബർ 28, 1908

മേഘസ്ഫോടനത്തിന്റെ ഫലമായി മുസിനദിയിലെ വെള്ളം 38 മീറ്റർമുതൽ 45 മീറ്റർവരെ ഉയർന്നു. ഏകദേശം 15000ലധികം ആളുകൾ ഈ വെള്ളപ്പൊക്കത്തിൽ കൊല്ലപ്പെട്ടു, നദീതീരത്തുണ്ടായിരുന്ന 80000ലേറേ വീടുകൾ നശിപ്പിക്കപ്പെട്ടു.[6]

 • ജൂലായ് 1970 -

ഉത്തരാഘണ്ഡിലെ അളകനന്ദനദിയുടെ അപ്പർ ക്യാച്ച്മെന്റ് ഏരിയയിലുണ്ടായ മേഘസ്ഫോടനംമൂലം ജലനിരപ്പ്, 15 മീറ്റർ ഉയർന്നു. ബദരീനാഥിനടുത്തുള്ള ഹനുമഞ്ചത്തിമുതൽ ഹരിദ്വാർവരെയുള്ള നദീതടം വെള്ളപ്പൊക്കദുരിതത്തിലകപ്പെട്ടു.

 • ഓഗസ്റ്റ് 15, 1997

ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ചിർഗാവിലുണ്ടായ മേഘസ്ഫോടനത്തിൽ 15 ആളുകൾ മരിച്ചു, നാശ നഷ്ടങ്ങൾ ഉണ്ടായി[7].

 • ഓഗസ്റ്റ് 17, 1998

ഉത്തരാഘണ്ഡിലെ കുമവൂൺ ഡിവിഷനിലെ കാളി താഴ്വരയിൽ, കൈലാസം, മാനസസരോവരം എന്നിവിടങ്ങളിലേക്കുള്ള യാത്രയിലായിരുന്ന 60 തീർത്ഥാടകരും മാൽപാഗ്രാമത്തിൽ 250 ആളുകളും മേഘസ്ഫോടനത്തിലും ഉരുൾപൊട്ടലിലുംപെട്ടു മരിച്ചു.

 • ജൂലായ് 16, 2003 -

ഹിമാചൽപ്രദേശിലെ കുല്ലു ജില്ലയിലെ ഷിലാഖറിൽ, നാല്പതുപേർ, മേഘസ്ഫോടനത്തെത്തുടർന്നുണ്ടായ മലവെള്ളപാച്ചിലിൽപ്പെട്ടു മരിച്ചു[8]

 • ജൂലായ് 6, 2004 -

ഉത്തരാഘണ്ഡിൽ മേഘസ്ഫോടനത്തെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽപ്പെട്ട്, യാത്രികരോടൊപ്പം മൂന്നുവാഹനങ്ങൾ അളകനന്ദനദിയിലേക്ക് ഒഴുകിപ്പോയി; പതിനേഴുപേർ മരിക്കുകയും, ഇരുപത്തെട്ടുപേർക്കു പരിക്കേൽക്കുകയുംചെയ്തു. കൂടാതെ, ബദരീനാഥിൽ 5000 തീർത്ഥാടകർ ദിവസങ്ങളോളം ഒറ്റപ്പെട്ടുപോയി.[9]

 • ഓഗസ്റ്റ് 3, 2012

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ, രാത്രിയിലുണ്ടായ ഉരുൾപൊട്ടലിൽ നൂറ്റിപ്പത്തുപേരെ കാണാതാവുകയും പത്തുപേരെങ്കിലും മരിക്കുകയുംചെയ്തു.[10] വിരാമമില്ലാതെപെയ്ത മഴയിൽ, ഗഗയും യമുനയും കരകവിഞ്ഞു.

 • ഓഗസ്റ്റ് 7 2012ൽ

കേരളത്തിൽ, കോഴിക്കോട് പുല്ലൂരാംപാറയിലുണ്ടായ കനത്തമഴയ്ക്കും ഉരുൾപൊട്ടലിനുംകാരണം മേഘസ്ഫോടനമാണെന്നു ഭൗമശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിരുന്നു.[11]

 • മെയ്‌ 11 2021

ഉത്തരാഖണ്ഡിലുണ്ടായ കനത്തമഴയ്ക്കും നാശനഷ്ടങ്ങൾക്കും കാരണം മേഘസ്ഫോടനമായിരുന്നു

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 "IT WAS A CLOUDBURST, SAYS WEATHER SCIENTIST". news.saakaltimes.com. Retrieved 2010-11-04.[പ്രവർത്തിക്കാത്ത കണ്ണി]
 2. "What is a cloudburst?". Rediff News, India. August 1, 2005{{cite news}}: CS1 maint: postscript (link)
 3. "Cloud Burst over Leh (Jammu & Kashmir)" (PDF). Archived from the original (PDF) on 2012-03-15. Retrieved 2012-08-05{{cite news}}: CS1 maint: postscript (link)
 4. "Cloudburst in Ladakh". articles.economictimes.indiatimes.com. August 9, 2010. Retrieved 2011-09-25.
 5. "Records_clim". Meteo.fr. Archived from the original on 2010-06-06. Retrieved 2010-08-20.
 6. http://en.wikipedia.org/wiki/Cloudburst#cite_note-7
 7. http://en.wikipedia.org/wiki/Cloudburst#cite_note-8
 8. http://en.wikipedia.org/wiki/Cloudburst#cite_note-9
 9. .http://en.wikipedia.org/wiki/Cloudburst#cite_note-10
 10. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-06. Retrieved 2012-08-07.
 11. "പുല്ലൂരാംപാറയിലുണ്ടായത് മേഘസ്ഫോടനമെന്ന് വിദഗ്ദ്ധർ, ദേശാഭിമാനി ഓൺലൈൻ". Archived from the original on 2016-03-05. Retrieved 2012-08-10.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

1. http://www.ias.ac.in/jess/jun2006/0501.pdf 2. http://www.madhyamam.com/news/183141/120805[പ്രവർത്തിക്കാത്ത കണ്ണി]

"https://ml.wikipedia.org/w/index.php?title=മേഘസ്ഫോടനം&oldid=3957126" എന്ന താളിൽനിന്ന് ശേഖരിച്ചത്