Jump to content

ടാൻസാനിയ

Coordinates: 6°18′25″S 34°51′14″E / 6.307°S 34.854°E / -6.307; 34.854
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുണൈറ്റഡ് റിപബ്ലിക് ഓഫ് ടാൻസാനിയ
United Republic of Tanzania

Jamhuri ya Muungano wa Tanzania  (Swahili)
Flag of ടാൻസാനിയ Tanzania
Flag
Coat of arms of ടാൻസാനിയ Tanzania
Coat of arms
ദേശീയ മുദ്രാവാക്യം: "Uhuru na Umoja" (Swahili)
"Freedom and Unity"
ദേശീയ ഗാനം: "Mungu ibariki Afrika"
(ഇംഗ്ലീഷ്: "God Bless Africa")
Location of ടാൻസാനിയ Tanzania
Location of ടാൻസാനിയ Tanzania
തലസ്ഥാനംDodoma (de jure)
വലിയ നഗരംDar es Salaam
Recognisedദേശീയ  ഭാഷകൾSwahili[1]
അംഗീകരിച്ച പ്രാദേശിക ഭാഷകൾArabic (official in Zanzibar)
Official Language
നിവാസികളുടെ പേര്Tanzanian
ഭരണസമ്പ്രദായംUnitary dominant party presidential constitutional republic[2][3][4]
• President
Samia Hassan Suluhu
-
Kassim Majaliwa
• Speaker
Job Ndugai
Ibrahim Hamis Juma
നിയമനിർമ്മാണസഭNational Assembly
Independence from the United Kingdom
9 December 1961
10 December 1963
• Merger
26 April 1964
• Current constitution
25 April 1977
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
947,303 km2 (365,756 sq mi) (31st)
•  ജലം (%)
6.4[5]
ജനസംഖ്യ
• 2016 estimate
55,572,201[6] (26th)
• 2012 census
44,928,923[7]
•  ജനസാന്ദ്രത
47.5/km2 (123.0/sq mi)
ജി.ഡി.പി. (PPP)2019 estimate
• ആകെ
$186.060 billion
• പ്രതിശീർഷം
$3,574[8]
ജി.ഡി.പി. (നോമിനൽ)2019 estimate
• ആകെ
$61.032 billion
• Per capita
$1,172[8]
ജിനി (2012)37.8[9]
medium
എച്ച്.ഡി.ഐ. (2017)Increase 0.538[10]
low · 154th
നാണയവ്യവസ്ഥTanzanian shilling (TZS)
സമയമേഖലUTC+3 (EAT)
ഡ്രൈവിങ് രീതിleft
കോളിംഗ് കോഡ്+255[note 1]
ISO കോഡ്TZ
ഇൻ്റർനെറ്റ് ഡൊമൈൻ.tz
  1. Revised to $41.33 billion[11]
  2. Swahili and English are de facto official languages

ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കു തീരത്തുള്ള രാജ്യമാണ് ടാൻസാനിയ (ഔദ്യോഗിക നാമം:യുണൈറ്റഡ് റിപബ്ലിക് ഓഫ് ടാൻസാനിയ). വടക്ക് കെനിയ, ഉഗാണ്ട; പടിഞ്ഞാറ് റുവാണ്ട, ബറുണ്ടി, കോംഗോ; തെക്ക് സാംബിയ, മലാവി, മൊസാംബിക് എന്നിവയാണ് അയൽ രാജ്യങ്ങൾ. കിഴക്ക് ഇന്ത്യൻ മഹാസമുദ്രവും. ടാങ്കായിക, സാൻസിബാർ എന്നീ പ്രദേശങ്ങളിൽ നിന്നാണ്‌ ടാൻസാനിയ എന്ന പേരു ലഭിച്ചത്. 1961-ൽ ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം നേടുമ്പോൾ ടാൻ‌കായിക എന്ന പേരിൽ ഒറ്റരാജ്യമായിരുന്നു. 1964-ൽ കിഴക്കേ തീരത്തുള്ള സാൻസിബാറുമായി യോജിച്ചു.[5]

ഭൂപ്രകൃതി

[തിരുത്തുക]

ടാൻസാനിയയിലെ പ്രധാന ഭൂപ്രദേശമായ തങ്കനീക്കയെ ഭൂപ്രകൃതിയനുസരിച്ച് മൂന്നായി വിഭജിച്ചിരിക്കുന്നു. (i) തീരസമതലം, (ii) ഉയരം കുറഞ്ഞ കിഴക്കൻ പീഠഭൂമി (iii) ഉയരം കൂടിയ മധ്യപീഠഭൂമി. കിഴക്കൻ പീഠഭൂമിയുടെ വീതി കൂടിയ ഭാഗം തങ്കനീക്കാ തടാകവും കടന്ന് ന്യാസാ (Nyasa) തടാകം വരെ വ്യാപിച്ചിരിക്കുന്നു. ആഫ്രിക്കൻ വിള്ളൽ താഴ്വരയുടെ കി.-ഉം പ.-ഉം ശാഖകളുടെ മധ്യത്തിലാണ് മധ്യപീഠഭൂമിയുടെ സ്ഥാനം. പീഠഭൂമികളിൽ നിന്നു വ്യത്യസ്തമായി വിള്ളൽ താഴ്വരയുടെ അതിർത്തിയിൽ കുത്തനെ ഉയർന്നു നില്ക്കുന്ന ഉന്നത തടങ്ങൾ താൻസാനിയൻ ഭൂപ്രകൃതിയെ വ്യതിരിക്തമാക്കുന്നു. 900 മീ. ആണ് പ്രധാന ഭൂവിഭാഗത്തിന്റെ ശ.ശ. ഉയരം. വ.കിഴക്കൻ മേഖലയുടെ അതിർത്തിപ്രദേശങ്ങളിൽ പരീ, ഉസാമ്പ തുടങ്ങിയ ഒറ്റപ്പെട്ട ചില പർവതങ്ങൾ കാണാം. ലിവിങ്സ്റ്റൺ മലനിരകൾ എന്ന പേരിലറിയപ്പെടുന്ന കിപെൻജെറ (Kipengera) മലനിരകൾ ഇതിനടുത്താണ് സ്ഥിതിചെയ്യുന്നത്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ കിലിമഞ്ജാരോ (പരമാവധി ഉയരം 5,895 മീ.) താൻസാനിയയുടെ വ. ഭാഗത്ത് സ്ഥിതിചെയ്യുന്നു.

സാംബസി നദീമുഖത്തു നിന്ന് ആരംഭിച്ച് ചെങ്കടലിലേക്കു വ്യാപിക്കുന്ന ആഫ്രിക്കൻ വിള്ളൽ താഴ്വരയുടെ രണ്ട് ശാഖകൾ താൻസാനിയയിലൂടെ കടന്നുപോകുന്നുണ്ട്. ഇടുങ്ങിയതും ആഴമേറിയതും ചെങ്കുത്തായ പാർശ്വങ്ങളോടു കൂടിയതുമായ ഈ താഴ്വരയുടെ ഒരു ശാഖ പടിഞ്ഞാറൻ അതിർത്തിയിലൂടെയും മറ്റൊരു ശാഖ മധ്യ താൻസാനിയയിലൂടെയുമാണ് കടന്നുപോകുന്നത്. പടിഞ്ഞാറൻ ശാഖയിലാണ് തങ്കനീക്കാ തടാകത്തിന്റെ സ്ഥാനം. തങ്കനീക്കയുടെ തീരപ്രദേശം കണ്ടൽസസ്യങ്ങൾ വളരുന്ന ചതുപ്പുപ്രദേശങ്ങളാലും തെങ്ങിൻതോപ്പുകളാലും സമൃദ്ധമാണ്. സു. 800 കി.മീ. ആണ് തീരദേശ ദൈർഘ്യം. സാൻസിബാർ, പെംബ ദ്വീപുകൾ തീരക്കടലിലായി സ്ഥിതിചെയ്യുന്നു. സു. 1660 ച.കി.മീ. വിസ്തീർണം സാൻസിബാറിനുണ്ട്; പെംബയ്ക്ക് സു. 985 ച.കി.മീ.-ഉം.

കാലാവസ്ഥ

[തിരുത്തുക]

സമുദ്രസാമീപ്യം, ഉയരം എന്നിവ താൻസാനിയയുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. മറ്റു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നു വിഭിന്നമായി താൻസാനിയയുടെ കാലാവസ്ഥയെ വ്യതിരിക്തമാക്കുന്നതിലും ഇവ മുഖ്യ പങ്കു വഹിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസൃതമായി രാജ്യത്തെ മൂന്നു മേഖലകളായി വിഭജിക്കാം. (i) ചൂടു കൂടിയതും ഈർപ്പമുള്ളതുമായ തീരപ്രദേശം (ii) ഋതുക്കൾക്കനുസൃതമായി താപനിലയിൽ വ്യതിയാനമനുഭവപ്പെടുന്ന വരണ്ട മധ്യ പീഠഭൂമി പ്രദേശം (iii) അർധ-ശീതോഷ്ണ കാലാവസ്ഥ രേഖപ്പെടുത്തുന്ന പർവത പ്രദേശം.

ഇന്ത്യൻ മഹാസമുദ്രത്തിന് അഭിമുഖമായി കിടക്കുന്ന തീരപ്രദേശത്താണ് പൊതുവേ പ്രസന്നമായ ഉഷ്ണമേഖലാ കാലാവസ്ഥ അനുഭവപ്പെടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നതും ഇവിടെത്തന്നെ. 1016 മി.മീ. മുതൽ 1930 മി.മീ. വരെയാണ് ഇവിടത്തെ വാർഷിക വർഷപാതത്തിന്റെ ശ.ശ.; ദിന-രാത്ര താപനിലയുടെ ശ.ശ. 26.7ºC-ഉം. വരണ്ട മധ്യ പീഠഭൂമി പ്രദേശത്ത് വർഷത്തിൽ 508-762 മി.മീ. മഴ ലഭിക്കുന്നു. അർധ-ശീതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്ന ഉന്നത തടങ്ങൾ പൊതുവേ ജലസമ്പന്നമാണ്.

സാൻസിബാർ, പെംബ എന്നീ ദ്വീപുകളിൽ പൊതുവേ ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കടലിൽ നിന്ന് തുടർച്ചയായി വീശുന്ന കാറ്റ് ഈ ദ്വീപുകളിലെ താപനില ഗണ്യമായി കുറയ്ക്കുന്നു. പെംബയിലും വടക്കൻ തീരപ്രദേശങ്ങളിലും പ്രതിവർഷം 1500 മി.മീ. വരെ മഴ ലഭിക്കാറുണ്ട്.

തലസ്ഥാന നഗരമായ ഡൊഡോമയിൽ ജനു.-യിൽ 23.9ºC-ഉം ജൂലായിൽ 19.4ºC-ഉം താപനില അനുഭവപ്പെടുന്നു. 572 മി.മീ. ആണ് ഇവിടത്തെ വാർഷികവർഷപാതത്തിന്റെ ശ.ശ. പ്രധാന നഗരമായ ദാർ-എസ്-സലാമിൽ ജനു.-യിൽ 27.80ºC-ഉം ജൂലായിൽ 23.3ºC-ഉം താപനില രേഖപ്പെടുത്താറുണ്ട്. 1064 മി.മീ. ആണ് വാർഷിക വർഷപാതത്തിന്റെ ശരാശരി.

ജലസമ്പത്ത്

[തിരുത്തുക]

ആഫ്രിക്കൻ വൻകരയിലെ വൻ തടാകങ്ങളായ വിക്റ്റോറിയ, ടാംഗനിക്ക തടാകം ന്യാസ എന്നിവ ഭാഗികമായി താൻസാനിയയിലാണ് ഉൾപ്പെടുന്നത്. വിക്റ്റോറിയ തടാകമൊഴികെയുള്ള താൻസാനിയയിലെ മറ്റെല്ലാ തടാകങ്ങളും വിള്ളൽ താഴ്വരയിൽ സ്ഥിതിചെയ്യുന്നു. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിലുള്ള തങ്കനീക്ക, ന്യാസ എന്നീ തടാകങ്ങൾ വിസ്തൃതിയും ആഴവുമേറിയ ശുദ്ധജല തടാകങ്ങളാണ്. എന്നാൽ താഴ്വരയുടെ കിഴക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന നാട്രൺ (Natron), ഇയാസി (Eyasi) തുടങ്ങിയ ചെറുതടാകങ്ങൾ ശുദ്ധജലതടാകങ്ങളല്ല.

മഴക്കാലത്തു മാത്രമേ മിക്ക താൻസാനിയൻ നദികളിലും നീരൊഴുക്ക് ഉണ്ടാകാറുള്ളൂ. മുഖ്യ നദിയായ റുഫിജിക്കു പുറമേ പാങ്ഗാനി, വാമി, റുവുമ എന്നിവ ഇന്ത്യൻ സമുദ്രത്തിലാണ് നിപതിക്കുന്നത്. മലഗരാസി (Malagarasi), കഗേര (Kagera) എന്നിവ ഉൾപ്പെടെ പടിഞ്ഞാറുഭാഗത്തുള്ള ചെറുനദികൾ എല്ലാം നൈൽ, കോങ്ഗോ, സാംബസി എന്നീ നദീവ്യൂഹങ്ങളുടെ ഭാഗമാണ്. റിപ്പബ്ളിക്കിലെ നദികൾ എല്ലാംതന്നെ ജലസേചനത്തിനും ഗതാഗതത്തിനും വൈദ്യുതി ഉത്പാദനത്തിനും ചെറിയ തോതിൽ മാത്രമേ ഉപയോഗപ്രദമാകുന്നുള്ളൂ.

Fishermen on Lake Tanganyika

ജൈവസമ്പത്ത്

[തിരുത്തുക]

താൻസാനിയയിലെ വൈവിധ്യമാർന്ന സസ്യജാലവും മണ്ണിനങ്ങളും ഇവിടത്തെ കൃഷിയേയും ജനസാന്ദ്രതയേയും നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ആഫ്രിക്കൻ വൻകരയുടെ കിഴക്കൻ പ്രദേശങ്ങളെപ്പോലെ ജൈവസമ്പത്തിനാൽ സമ്പന്നമാണ് താൻസാനിയ. കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായിട്ടുള്ള സസ്യജാല വിതരണമാണ് താൻസാനിയയുടേത്. ഉന്നതതടങ്ങളിലും തീരപ്രദേശങ്ങളിലുമായാണ് വനങ്ങൾ വ്യാപിച്ചിരിക്കുന്നത്. ഇതര പ്രദേശങ്ങളിൽ മുഖ്യമായും സ്റ്റെപ്പി-സാവന്ന മാതൃകയിൽപ്പെട്ട പുൽപ്രദേശങ്ങളാണുള്ളത്. ചിലയിടങ്ങളിൽ അർധ മരുപ്രദേശസസ്യങ്ങളും കാണാം. കണ്ടൽക്കാടുകളും പനകളും തീരദേശത്തെ സസ്യപ്രകൃതിയെ വ്യത്യസ്തമാക്കുന്നു. മുൾച്ചെടികളും ബാവോ ബാബും ഉൾപ്പെടുന്നതാണ് മധ്യപീഠഭൂമിയിലെ സസ്യജാലം. കിലിമഞ്ജാരോയിൽ പ്രധാനമായും ആൽപൈൻ സസ്യങ്ങൾക്കാണ് മുൻതൂക്കം. വ.കിഴക്കുള്ള ഉസംബരാ പർവതപ്രദേശത്താണ് 'ആഫ്രിക്കൻ വയലറ്റ്' പ്രധാനമായും കാണപ്പെടുന്നത്.

താൻസാനിയയിലെ നാഷണൽ പാർക്കുകൾ - ഭൂപടം

താൻസാനിയയിലെ ഉയരം കുറഞ്ഞ കിഴക്കൻ പീഠഭൂമിയിലെ കുറ്റിച്ചെടികളും വൃക്ഷങ്ങളും വളരുന്ന പ്രദേശം മിയോംബോ എന്ന പേരിൽ അറിയപ്പെടുന്നു. മനുഷ്യരിലും മൃഗങ്ങളിലും മാരകമായ നിദ്രാരോഗം പരത്തുന്ന സെസി ഈച്ചകളുടെ പ്രജനനകേന്ദ്രമാണിവിടം. ആഫ്രിക്കൻ വൻകരയിൽ സാധാരണ കാണപ്പെടുന്ന സിംഹം, പുലി, കാണ്ടാമൃഗം, ജിറാഫ്, വരയൻകുതിര തുടങ്ങിയ വന്യമൃഗങ്ങളെയെല്ലാം താൻസാനിയയിലും കാണാം. വ.ഭാഗത്തെ സെറെങേതി സമതലത്തിൽ 14,500 ച.കി.മീ. വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന 'സെറെങേതി നാഷണൽ പാർക്ക്' ആഫ്രിക്കയിലെ ഒരു പ്രധാന വന്യമൃഗ കേന്ദ്രമാണ്. സിംഹം, മാൻ, വരയൻ കുതിര തുടങ്ങിയ വന്യമൃഗങ്ങളുടെ ഒരു പ്രധാന വാസകേന്ദ്രമാണിവിടം. ഗാസെല്ലാ (Gazellas), വരയൻകുതിര, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ ഈ വിശാല സമതലം വഴി ദേശാന്തരഗമനം നടത്താറുണ്ട്. റിപ്പബ്ളിക്കിന്റെ തെ. ഭാഗത്തായി ലോകത്തിലെ ഏറ്റവും വലിയ വന്യജീവിസംരക്ഷണ കേന്ദ്രങ്ങളിലൊന്നായ സിലൂസ് ഗെയിം റിസർവ് (Selous Game Reserve) സ്ഥിതിചെയ്യുന്നു. 54,000 ച.കി.മീ. വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്ന ഇവിടെ ഏകദേശം 50,000 ആനകൾ ഉണ്ടെന്നാണ് കണക്ക്. ബബൂൺ, നീർക്കുതിര, ജിറാഫ്, കാണ്ടാമൃഗം, വിവിധയിനം കുരങ്ങുകൾ എന്നിവയെയും ഇവിടെ കാണാം. നോറംഗോറ ക്രേറ്ററാണ് താൻസാനിയയിലെ മറ്റൊരു പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രം.

വന്യജീവി സംരക്ഷണത്തിനും പരിപാലനത്തിനും മുന്തിയ പരിഗണന നല്കുന്ന താൻസാനിയയിൽ ഈ രംഗത്ത് വിദഗ്ദ്ധ പരിശീലനം നല്കുന്നതിനു വേണ്ടി ഒരു കോളജും പ്രവർത്തിക്കുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായാണ് സർക്കാർ വന്യജീവി സംരക്ഷണത്തിനും നിയന്ത്രണത്തിനും പ്രത്യേക പ്രാധാന്യം നല്കുന്നത്. വന്യജീവികൾ മിക്കപ്പോഴും നിദ്രാരോഗത്തിന്റെ അണുവാഹികളായിത്തീരുന്നതിനാൽ ഇവയെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ നിന്ന് അകറ്റി നിർത്തേണ്ടത് അത്യന്താപേക്ഷിതമായി തീരുന്നു. വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് കൃഷിയിടങ്ങളേയും വിളകളേയും സംരക്ഷിക്കുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചുവരുന്നു.

ജനങ്ങളും ജീവിതരീതിയും

[തിരുത്തുക]

താൻസാനിയയിലെ ജനങ്ങളിൽ ഭൂരിഭാഗവും ആഫ്രിക്കൻ വംശജരാണ്. ഇതിൽ ബന്തു (Bantu) വിഭാഗത്തിനാണ് മുൻതൂക്കം. അനേകം ആഫ്രിക്കൻ ഉപവർഗങ്ങൾ ഉൾപ്പെടുന്ന നരവംശ-ഭാഷാ വിഭാഗമാണിത്. കൃഷിയാണ് ഇവരുടെ മുഖ്യ ഉപജീവനമാർഗം. ബന്തുവംശജർക്കു പുറമേ അറബികൾ, ഏഷ്യക്കാർ, യൂറോപ്യന്മാർ തുടങ്ങിയ വിഭാഗങ്ങളും താൻസാനിയയിലുണ്ട്. ശിലായുഗത്തിൽ ഇവിടെ അധിവാസമുറപ്പിച്ച ബുഷ്മെൻ, നിലോട്ടിക് വിഭാഗങ്ങളിൽപ്പെടുന്ന മസായ് (Masai), ലൂവോ (Luo) എന്നീ വിഭാഗങ്ങളാണ് താൻസാനിയയിലെ വംശീയ ന്യൂനപക്ഷം. നിലോട്ടിക് ഭാഷ സംസാരിക്കുന്ന ഈ വിഭാഗങ്ങളുടെ മുഖ്യ ഉപജീവനമാർഗ്ഗം കന്നുകാലി വളർത്തലാണ്. താൻസാനിയയുടെ വടക്കൻ പ്രദേശങ്ങളാണ് ഇക്കൂട്ടരുടെ പ്രധാന ആവാസകേന്ദ്രം.

Maasai people and huts with enkang barrier in foreground - eastern Serengeti, 2006

ബുഷ്മെൻ (Bushmen) വംശജരാണ് താൻസാനിയയിൽ ആദ്യം അധിവാസമുറപ്പിച്ച ഗോത്രവിഭാഗം എന്നു കരുതുന്നു. ശിലായുഗത്തിൽ ഇവിടെ കുടിയേറിയ ഇവരുടെ പിൻഗാമികളിൽ ചെറിയൊരു ശ.മാ. ഇപ്പോഴും താൻസാനിയയിൽ നിവസിക്കുന്നുണ്ട്. താൻസാനിയയുടെ തെ.-ഉം തെ.പ.-ഉം നിന്നാണ് ബന്തു വിഭാഗക്കാർ ഇവിടെ കുടിയേറിയത്. ഖോയ്സാൻ ഉപഭാഷകൾ സംസാരിക്കുന്നവരും താൻസാനിയയിലുണ്ട്. സ്വാഹിലിയാണ് ജനവിഭാഗങ്ങളിൽ ബഹുഭൂരിപക്ഷത്തിന്റേയും മുഖ്യ വ്യവഹാര ഭാഷ. വിദ്യാസമ്പന്നർക്കിടയിൽ ഇംഗ്ളീഷും വ്യാപകമായി പ്രചാരത്തിലുണ്ട്.

താൻസാനിയൻ ജനസംഖ്യയുടെ നാലിൽ മൂന്നു ഭാഗത്തിലധി കവും ഗ്രാമീണരാണ്. സ്വാതന്ത്യലബ്ധിക്കു ശേഷം പട്ടണങ്ങളി ലേക്കുള്ള കുടിയേറ്റം ഗണ്യമായി വർധിച്ചു. ദാർ-എസ്-സലാം, ഡൊഡോമ, സാൻസിബാർ, വിക്റ്റോറിയ തടാകക്കരയിലെ മ്വാൺസ, വടക്കൻ ഉന്നത തടങ്ങളിലെ അറുഷ, മോഷി എന്നിവയാണ് താൻസാനിയയിലെ പ്രധാന പട്ടണങ്ങൾ.

താൻസാനിയയിലെ ജനസംഖ്യാ വിതരണം അസന്തുലിതമാണ്. ഫലഭൂയിഷ്ഠതയും ജലലഭ്യതയുമുള്ള പ്രദേശങ്ങളാണ് ജനസാന്ദ്രതയിൽ മുന്നിൽ. പ്രധാന കരയുടെ പത്തിലൊരു ഭാഗത്തായി റിപ്പബ്ളിക്കിലെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നു കേന്ദ്രീകരിച്ചിരിക്കുന്നു. ഉഗാളി (Ugali) (ചോളം, തിന എന്നിവ ചേർത്തുണ്ടാക്കുന്ന ഒരിനം കഞ്ഞി), കസാവ, മധുരക്കിഴങ്ങ്, വാഴപ്പഴം എന്നിവയാണ് ജനങ്ങളുടെ മുഖ്യ ആഹാര ഇനങ്ങൾ. പലതരത്തിലുള്ള വീടുകൾ ഇവിടെയുണ്ടെങ്കിലും പ്രധാന ഭവനനിർമ്മാണോപാധികൾ ചെടിയും വൃക്ഷശിഖരങ്ങളുമാണ്.

താൻസാനിയയിലെ പ്രധാന ഭൂഭാഗത്തും സാൻസിബാറിലും മുമ്പ് ആദിവാസി സമൂഹങ്ങൾ തിങ്ങിപ്പാർത്തിരുന്നു. സാംസ്കാരിക വൈവിധ്യം പുലർത്തിയിരുന്ന ഈ ആദിവാസി വിഭാഗങ്ങളിൽ ബന്തു വിഭാഗങ്ങൾക്കിടയിൽ മാത്രമാണ് സമാനമായ ഭാഷകൾ നിലനിന്നിരുന്നത്. വിക്റ്റോറിയ തടാകതീരത്ത് വാസമുറപ്പിച്ചിരുന്ന താൻസാനിയയിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ സുക്കുമ (Sukuma)വിഭാഗത്തിന്റെ പ്രധാന ഉപജീവനമാർഗങ്ങൾ കൃഷിയും കന്നുകാലി വളർത്തലുമായിരുന്നു. ഒന്നിലധികം ഗോത്രത്തലവന്മാർ ഇവരുടെ പ്രത്യേകതയായിരുന്നു. എന്നാൽ തെക്കൻ ഉന്നത തടങ്ങളിൽ നിവസിച്ചിരുന്ന ഹെഹീ (Hehe) വിഭാഗക്കാർക്ക് ഒരു ഗോത്രത്തലവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിലോട്ടിക് വിഭാഗത്തിൽപ്പെട്ട മസായികളായിരുന്നു മറ്റൊരു പ്രബല ഗോത്ര വിഭാഗം. ഋതുക്കൾക്കനുസൃതമായി ജലലഭ്യതയും മേച്ചിൽപ്പുറങ്ങളും തേടി തങ്ങളുടെ കന്നുകാലികളുമായി സഞ്ചരിച്ചിരുന്ന ഇക്കൂട്ടർക്ക് ഒരു പ്രത്യേക നേതൃസ്ഥാനം ഇല്ലായിരുന്നു.

കൊളോണിയൽ - ദേശീയ ഭരണകാലഘട്ടങ്ങളിൽ താൻസാനിയയിലെ ഗോത്രവർഗക്കാർ നിരവധി മാറ്റങ്ങൾക്കു വിധേയരായതിനാൽ നാമമാത്രമായ പാരമ്പര്യ രാഷ്ട്രീയ അധികാരങ്ങൾ മാത്രമേ ഇവർക്ക് നിലനിറുത്താൻ കഴിഞ്ഞുള്ളൂ. 19-ാം ശ..-ത്തിന്റെ ആരംഭത്തോടെ തുടക്കം കുറിച്ച പാശ്ചാത്യ വിദ്യാഭ്യാസം, ആധുനിക സമ്പദ് വ്യവസ്ഥിതി, ഗതാഗത-വാർത്താവിനിമയ മാർഗങ്ങൾ, ഇസ്ളാം-ക്രൈസ്തവ മതങ്ങളുടെ വ്യാപനം എന്നിവ ആദിവാസി സമൂഹങ്ങളുടെ ഐക്യത്തെ ബാധിച്ചിട്ടുണ്ട്.

സാൻസിബാർ ഒഴികെയുള്ള പട്ടണങ്ങളെല്ലാം കൊളോണിയൽ കാലഘട്ടത്തിൽ രൂപമെടുത്തവയാണ്. വിദ്യാഭ്യാസത്തിനും ഉപജീവനത്തിനും വേണ്ടി നഗരങ്ങളിലേക്കു കുടിയേറുന്ന ആഫ്രിക്കക്കാർ മിക്കപ്പോഴും തങ്ങളുടെ പാരമ്പര്യ സംസ്കാരം ഉപേക്ഷിക്കുകയാണു പതിവ്. എങ്കിലും മിക്ക ആഫ്രിക്കൻ വംശജരും കുടുംബവും ഭൂമിയുമായുള്ള തങ്ങളുടെ ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധിക്കുന്നുണ്ട്.

മതവും വിദ്യാഭ്യാസവും പരമ്പരാഗത മതാചാരക്രമങ്ങൾക്ക് മുൻഗണന നല്കിയിരുന്ന ജനതയായിരുന്നു താൻസാനിയയിലേത്. പൂർവികർ, ഭൂമി, ബിംബങ്ങൾ തുടങ്ങിയവയെ ഇവർ ആരാധിച്ചിരുന്നു. ഗോത്രത്തലവന്മാർ പുരോഹിതന്മാർ കൂടിയായിരുന്നു. എന്നാൽ 1840-കൾക്കു ശേഷം ഉണ്ടായ ക്രിസ്തുമതത്തിന്റെ വ്യാപനം ആദിവാസികളുടെ പരമ്പരാഗത മതവിശ്വാസങ്ങളിൽ സാരമായ മാറ്റങ്ങൾ വരുത്തി. താൻസാനിയയിലെ മിക്ക ക്രിസ്ത്യൻ ദേവാലയങ്ങൾക്കും സ്വയംഭരണാധികാരമുണ്ട്. യൂറോപ്യൻ വംശജരാണ് ക്രിസ്തുമത വിശ്വാസികളിൽ ഭൂരിഭാഗം. ആഫ്രിക്കൻ വംശജർക്കിടയിൽ ചെറിയൊരു ശ.മാ. ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തിട്ടുണ്ടെങ്കിലും ഗോത്ര വർഗക്കാർക്കിടയിൽ പരമ്പരാഗത മതവിശ്വാസങ്ങൾക്കുതന്നെയാണ് ഇപ്പോഴും മുൻതൂക്കം. ഇസ്ളാംമതത്തിനും താൻസാനിയൻ ജനജീവിതത്തിൽ ശ്രദ്ധേയമായ സ്വാധീനമുണ്ട്. തങ്കനീക്കാ തീരത്തും സാൻസിബാറിലും നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ഇസ്ളാംമതം പ്രചരിച്ചിരുന്നതായി കരുതുന്നു. 19-ാം ശ.-ത്തോടെ താൻസാനിയയുടെ ഉൾനാടൻ പ്രദേശങ്ങളിലേക്കും ഇസ്ളാംമതം വ്യാപിച്ചു.

ആഫ്രിക്കയിൽ സാക്ഷരതയിൽ മുന്നിൽ നില്ക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് താൻസാനിയ. പ്രായപൂർത്തിയായവരിൽ 71.6 ശ.മാ. (1997) സാക്ഷരരാണ്. സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും സർക്കാരിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. താൻസാനിയൻ ഭരണഘടന 7 വർഷത്തെ നിർബന്ധിത പ്രൈമറി വിദ്യാഭ്യാസം നിഷ്കർഷിക്കുന്നുണ്ടെങ്കിലും വിദ്യാർഥികളിൽ പകുതി മാത്രമേ സ്കൂളുകളിൽ ഹാജരാകാറുള്ളൂ. ദാർ-എസ്-സലാം സർവകലാശാല (1961), സൊകോയിൻ കാർഷിക സർവകലാശാല (1984), ഓപ്പൺ സർവകലാശാല എന്നിവയ്ക്കു പുറമേ, നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ താൻസാനിയയിൽ പ്രവർത്തിക്കുന്നുണ്ട്.[7]

സമ്പദ്ഘടന

[തിരുത്തുക]
A market near Arusha

പരമ്പരാഗതമായി ഒരു കാർഷിക രാജ്യമാണ് താൻസാനിയ. ഉപജീവനാധിഷ്ഠിത കൃഷിക്ക് മുൻതൂക്കമുള്ള താൻസാനിയയിൽ ജനസംഖ്യയുടെ നല്ലൊരു പങ്ക് കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു. ജനസംഖ്യയിൽ 85-90 ശ.മാ.-ത്തിന്റേയും പ്രധാന ഉപജീവനമാർഗ്ഗം കൃഷിയാണെങ്കിലും ജനങ്ങളിൽ ഭൂരിഭാഗവും തങ്ങളുടെ നിത്യവൃത്തിക്കുവേണ്ടിടത്തോളം മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. തിന, കസാവ, യാം, ചോളം എന്നിവയാണ് പ്രാദേശിക വിളകൾ. ഈർപ്പഭരിത പ്രദേശങ്ങളിൽ വാഴക്കൃഷിക്കാണ് മുൻതൂക്കം. സാൻസിബാറും താൻസാനിയയുടെ തീരപ്രദേശങ്ങളുമാണ് നെല്ല് ഉത്പാദനത്തിൽ മുന്നിൽ നില്ക്കുന്നത്. കസാവ, ചോളം, നെല്ല്, സോർഗം, തിന, മധുരക്കിഴങ്ങ്, വാഴപ്പഴം എന്നിവയാണ് മുഖ്യ ഭക്ഷ്യവിളകൾ; കാപ്പി, ഗ്രാമ്പൂ, പരുത്തി, പുകയില, സിസാൽ, തേയില, കശുവണ്ടി, കുരുമുളക് എന്നിവ മുഖ്യ നാണ്യവിളകളും. പ്രധാന കയറ്റുമതി ഉത്പന്നങ്ങളും ഇവ തന്നെ. ലോകത്തിലെ പ്രധാന കരയാമ്പു ഉത്പാദന പ്രദേശങ്ങളാണ് സാൻസിബാറും പെംബ ദ്വീപുകളും. മാറ്റക്കൃഷിക്കാണ് താൻസാനിയയിൽ ഏറെ പ്രാധാന്യം. കൃഷിയോടൊപ്പം കന്നുകാലി വളർത്തലും വളരെയധികം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.

പരുത്തിയും കാപ്പിയും ഒഴികെയുള്ള വാണിജ്യവിളകൾ എല്ലാം കൊളോണിയൽ കാലഘട്ടത്തിലാണ് താൻസാനിയയിൽ എത്തുന്നത്. കാപ്പിയാണ് മുഖ്യ കയറ്റുമതി ഉത്പന്നം. താൻസാനിയയുടെ പടിഞ്ഞാറൻ ഭാഗങ്ങളും കിളിമഞ്ചാരോ മലഞ്ചരിവുകളുമാണ് പ്രധാന കാപ്പി ഉത്പാദന മേഖലകൾ. സിസാൽ ആണ് മറ്റൊരു പ്രധാന നാണ്യവിള. ലോകത്തിലെ സിസാൽ ഉത്പാദനത്തിന്റെ 1/3 -ഉം താൻസാനിയയിൽ നിന്നാണ്. യൂറോപ്യന്മാരാണ് ഇവിടെ പ്രധാനമായും സിസാൽ കൃഷി ചെയ്യുന്നത്. താൻസാനിയയിലെ പ്രധാന കരിമ്പ് ഉത്പാദകരും യൂറോപ്യന്മാർ തന്നെ. ഗ്രാമ്പൂവിന് പുറമേ നാളികേരവും സാൻസിബാർ മേഖലയിൽ നിന്ന് വൻതോതിൽ ഉത്പാദിപ്പിക്കുന്നു.

ഖനനവും വ്യവസായവും

[തിരുത്തുക]

ധാതു സമ്പന്നമാണ് താൻസാനിയ. മുഖ്യ ഖനിജമായ വജ്രത്തിനു പുറമേ സ്വർണം, അഭ്രം, ഉപ്പ്, കൽക്കരി, ലെഡ്, ഇരുമ്പയിര്, ടിൻ, ടങ്സ്റ്റൺ, കയോലിൻ, ഫോസ്ഫേറ്റ്, മാഗ്നൈറ്റ് തുടങ്ങി ഖനിജങ്ങളുടെ നിക്ഷേപങ്ങളും താൻസാനിയയിലുണ്ട്. ഇവയിൽ സ്വർണവും അഭ്രവും മാത്രമേ വ്യാവസായികാടിസ്ഥാനത്തിൽ ഖനനം ചെയ്യുന്നുള്ളൂ.

തങ്കനീക്കൻ ഭൂപ്രദേശത്തിന്റെ പല ഭാഗങ്ങളിലും സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. മ്വാഡ്വിയിലെ വജ്രഖനി 1950-കളിൽ പ്രവർത്തനമാരംഭിച്ചെങ്കിലും പിന്നീട് അടച്ചിട്ടു. 1968-ൽ കിലിമഞ്ജാരോയ്ക്കടുത്തു നിന്ന് ടാൻസനൈറ്റ് എന്ന രത്നക്കല്ല് കണ്ടെത്തി. മാണിക്യം, ഇന്ദ്രനീലം തുടങ്ങിയ രത്നങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. താൻസാനിയയുടെ ഉൾപ്രദേശങ്ങളിൽ നിന്നും പുറംകടലിൽ നിന്നും പ്രകൃതിവാതകം ലഭിക്കുന്നു. മാലാവി തടാകത്തിനടുത്തുള്ള കൽക്കരി നിക്ഷേപം വിസ്തൃതമാണെങ്കിലും ഗുണനിലവാരം കുറഞ്ഞതാണ്.

താൻസാനിയൻ വ്യവസായ മേഖല അവികസിതമാണ്. വ്യവസായങ്ങളിൽ ഭൂരിപക്ഷവും വജ്രഖനനത്തെ ആശ്രയിച്ചിരിക്കുന്നു. സ്വാതന്ത്യനന്തരമാണ് രാജ്യത്തിന്റെ വ്യാവസായിക മേഖല വികാസം നേടാനാരംഭിച്ചത്. ധാരാളം ചെറുകിട വ്യവസായങ്ങളും താൻസാനിയയിൽ പ്രവർത്തിക്കുന്നുണ്ട്. ഭക്ഷ്യസാധനങ്ങൾ, തുണി, ബിയർ, സിഗരറ്റ്, സിമന്റ്, ഇരുമ്പുരുക്ക്, പെട്രോളിയം ഉത്പന്നങ്ങൾ, വളം തുടങ്ങിയവയാണ് പ്രധാന വ്യാവസായിക ഉത്പന്നങ്ങൾ. താപ-ജലവൈദ്യുതോർജ പദ്ധതികളാണ് നിർമ്മാണത്തിനാവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുന്നത്.

വനസമ്പത്ത്

[തിരുത്തുക]

മൊത്തം ഭൂപ്രദേശത്തിന്റെ 36.8 ശ.മാ. വനമാണ് (1995). വനങ്ങളിൽ കർപ്പൂരവൃക്ഷം, ആഫ്രിക്കൻ മഹാഗണി തുടങ്ങിയ വൃക്ഷങ്ങൾ സമൃദ്ധമായി വളരുന്നു. മൊത്തം തടിയുത്പാദനത്തിന്റെ 90 ശ.മാ.-ഉം ഇന്ധനമായി ഉപയോഗിക്കുന്നു.

മത്സ്യബന്ധനം

[തിരുത്തുക]

താൻസാനിയൻ സമ്പദ്വ്യവസ്ഥയിൽ മത്സ്യബന്ധനത്തിന് അപ്രധാന സ്ഥാനമേയുള്ളൂ. താൻസാനിയയുടെ തടാകങ്ങളേയും തീരപ്രദേശങ്ങളേയും കേന്ദ്രീകരിച്ചാണ് മത്സ്യബന്ധനം വികസിച്ചിട്ടുള്ളത്. വിക്റ്റോറിയ തടാകമാണ് മുഖ്യ ഉൾനാടൻ മത്സ്യബന്ധന കേന്ദ്രം. ഇന്ത്യൻ സമുദ്രത്തിൽ നിന്ന് വൻതോതിൽ ചൂരയും മത്തിയും ലഭിക്കുന്നു.

ഗതാഗതവും വാർത്താവിനിമയവും

[തിരുത്തുക]

താൻസാനിയയുടെ വിസ്തൃതിയും അവികസിത സാമ്പത്തിക വ്യവസ്ഥയും രാജ്യത്തിന്റെ ഗതാഗത വാർത്താവിനിമയ മേഖലകളുടെ വികസനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നു. തെക്കൻ പ്രദേശങ്ങളെ അപേക്ഷിച്ച് വടക്കൻ മേഖലകളിലാണ് ഗതാഗത സൗകര്യങ്ങൾ പുരോഗമിച്ചിട്ടുള്ളത്. വിക്റ്റോറിയയേയും മറ്റു ചില തടാകങ്ങളേയും കേന്ദ്രീകരിച്ച് ജലഗതാഗതവും വികസിച്ചിട്ടുണ്ട്. കപ്പൽ ഗതാഗതം സാൻസിബാറിനെ പ്രധാന കരയുമായും മറ്റു കിഴക്കൻ ആഫ്രിക്കൻ പ്രദേശങ്ങളുമായും ബന്ധിപ്പിക്കുന്നു. കടൽമാർഗ്ഗം എത്തുന്ന ആവിക്കപ്പലുകൾക്കും അറേബ്യൻ പത്തേമാരികൾക്കു മാണ് താൻസാനിയയുടെ നാവിക ഗതാഗതത്തിൽ പ്രമുഖ സ്ഥാനം.

Tanzania Roads and rails
Red: Tarmac Roads Blue:Railway


ദാർ-എസ്-സലാമിൽ നിന്നാരംഭിച്ച് സാംബിയയിലേക്കു പോ കുന്ന ടസാറ (Tazara) റെയിൽപാതയാണ് താൻസാനിയയിലെ പ്രധാന റെയിൽ ശൃംഖല. 1975-ൽ പ്രവർത്തനം ആരംഭിച്ച ഈ റെയിൽപ്പാത ദാർ-എസ്-സലാമിനേയും സാംബിയയേയും തമ്മിൽ ബന്ധിപ്പിക്കുന്നു. ടസാറ ഒഴികെ താൻസാനിയൻ റെയിൽപ്പാതയ്ക്ക് മൊത്തം 2600 കി.മീ. ദൈർഘ്യമുണ്ട്. 969 കി.മീ. ആണ് താൻസാനിയൻ-ടസാറ റെയിൽപാതയുടെ നീളം. 1977-ൽ സ്വതന്ത്ര താൻസാനിയൻ റെയിൽവേ കോർപ്പറേഷൻ സ്ഥാപിതമായി.

താൻസാനിയൻ സെൻട്രൽ റെയിൽപ്പാതയുടെ ഒരു ശാഖ ദാർ-എസ്-സലാമിൽ നിന്നാരംഭിച്ച് വ.പ. ദിശയിൽ തങ്കനീക്കാ തടാകക്കരയിലെ കിഗോമ (Kigoma) വരെ എത്തുന്നു. മറ്റൊരു ശാഖ വിക്റ്റോറിയ തടാകത്തിലെ മ്വാൺസ(Mwanza)യിൽ അവസാനിക്കുന്നു. താങ്ക (Tanga) തുറമുഖത്തു നിന്നാരംഭിക്കുന്ന മറ്റൊരു റെയിൽപ്പാത വ.ദിശയിൽ അറൂഷ(Arusha)യിലെത്തിച്ചേരുന്നു. തങ്കനീക്കൻ സെൻട്രൽ റെയിൽപ്പാതയുമായും കെനിയയിലെ സെൻട്രൽ റെയിൽപ്പാതയുമായും ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്. താൻസാനിയയിലെ മിക്ക റെയിൽപ്പാതകളും താൻസാനിയ, കെനിയ, ഉഗാണ്ട എന്നീ രാജ്യങ്ങൾ അംഗങ്ങളായിട്ടുള്ള ഈസ്റ്റ് ആഫ്രിക്കൻ ഓർഗനൈസേഷന്റെ നിയന്ത്രണത്തിലാണ്.

താൻസാനിയയിലെ റോഡ് ശൃംഖല വിസ്തൃതമാണെങ്കിലും വികസിതമല്ല. ദേശീയ വികസനത്തിന് റോഡ് ഗതാഗതം മെച്ചപ്പെ ടുത്തേണ്ടത് അത്യാവശ്യമാണെങ്കിലും കടൽമാർഗ്ഗമുള്ള വാണിജ്യത്തേയും തുറമുഖങ്ങളേയുമാണ് താൻസാനിയ പ്രധാനമായും ആശ്രയിക്കുന്നത്. റോഡു നിർമ്മാണത്തിനും വികസനത്തിനും വേണ്ടി ഭരണകൂടം ആസൂത്രണം ചെയ്ത പദ്ധതിയിൽ പോഷക റോഡുകളുടെ നിർമ്മാണത്തിനാണ് മുൻഗണന നല്കിയിട്ടുള്ളത്. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കാർഷികവികസനമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. റോഡുകളുടെ മൊത്തം ദൈർഘ്യം: 88,200 കി.മീ. (1996). ഇതിൽ 3,700 കി.മീ. റോഡുകൾ ടാർ ചെയ്തവയാണ്. റോഡുകളിൽ ഭൂരിഭാഗവും മഴക്കാലത്ത് ഗതാഗതയോഗ്യമല്ലാതാകുന്നു. 1930 കി.മീ. ദൈർഘ്യമുള്ള ഒരു റോഡ് താൻസാനിയയെ സാംബിയയുമായി ബന്ധിപ്പിക്കുന്നുണ്ട്. 619 കി.മീ. ആണ് സാൻസിബാർ ദ്വീപിലെ റോഡുകളുടെ മൊത്തം ദൈർഘ്യം; പെംബയിൽ 363 കി.മീ. ഉം.

ദാർ-എസ്-സലാമാണ് രാജ്യത്തെ പ്രധാന തുറമുഖം; താങ്ക, മ്വാറ, സാൻസിബാർ തുടങ്ങിയവ മറ്റു തുറമുഖങ്ങളും. ആവിക്കപ്പൽ ഗതാഗതം താൻസാനിയയെ കെനിയ, ഉഗാണ്ട, സയർ, ബുറുണ്ടി, സാംബിയ, മാലാവി എന്നീ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നു.

താൻസാനിയൻ പ്രദേശങ്ങളിലെ പ്രധാന ഗതാഗത ശൃംഖലക ളിൽ വ്യോമഗതാഗതത്തിനു മുഖ്യമായ സ്ഥാനമാണുള്ളത്. വ്യോമഗതാഗതം രാജ്യത്തെ മിക്ക പ്രദേശങ്ങളേയും നഗരങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്നു. മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്: ദാർ-എസ്-സലാം, കിലിമഞ്ജാരോ, സാൻസിബാർ. എയർ താൻസാനിയയും അനവധി വിദേശ കമ്പനികളും ദേശീയ അന്തർദേശീയ സർവീസുകൾ നടത്തുന്നു. 1991-ൽ താൻസാനിയ, ഉഗാണ്ട, സാംബിയ എന്നീ രാജ്യങ്ങൾ ചേർന്ന് ഒരു സംയുക്ത വ്യോമഗതാഗത പദ്ധതിക്കു രൂപം നല്കി.

വാണിജ്യവും വിനോദസഞ്ചാരവും

[തിരുത്തുക]

അടിസ്ഥാന വസ്തുക്കളുടെ കയറ്റുമതിയും തത്തുല്യ അളവിലുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിയും ആണ് താൻസാനിയൻ വാണിജ്യത്തിന്റെ മുഖ്യ സവിശേഷത. ബ്രിട്ടനും കെനിയയുമാണ് താൻസാനിയയുടെ പ്രധാന വാണിജ്യ പങ്കാളികൾ. മുമ്പ് കയറ്റുമതിയിൽ മുന്നിലായിരുന്ന സിസാലിന്റെ സ്ഥാനം 1960-കൾക്കു ശേഷം കാപ്പി കൈയടക്കി. 1960-കളുടെ തുടക്കത്തിൽ കൃത്രിമ റബ്ബറിന്റെ ഉപയോഗത്തിലുണ്ടായ വർധനവാണ് സിസാലിന്റെ വിലയും ഉത്പാദനവും ഗണ്യമായി കുറയ്ക്കുന്നതിനു കാരണമാക്കിയത്. പ്രധാന ഇറക്കുമതി ഉത്പന്നമായ പെട്രോളിയത്തിനു പുറമേ യന്ത്രസാമഗ്രികൾ, ഗതാഗതോപകരണങ്ങൾ, ഉപഭോക്തൃ ഉത്പന്നങ്ങൾ എന്നിവയും വൻതോതിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. പശ്ചിമയൂറോപ്യൻ രാജ്യങ്ങളിലേക്കാണ് താൻസാനിയ പ്രധാനമായും ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. മധ്യ-പൂർവ പ്രദേശങ്ങളിൽ നിന്ന് എണ്ണയും പശ്ചിമ യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്ന് മറ്റു വിഭവങ്ങളും ഇറക്കുമതി ചെയ്യുന്നു. താൻസാനിയയുടെ മനോഹരമായ ഭൂപ്രകൃതിയും വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളും രാജ്യത്തെ ലോകത്തിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നു.

ഭരണകൂടം

[തിരുത്തുക]

പ്രസിഡന്റ് തലവനായുള്ള ഭരണസമ്പ്രദാ യമാണ് താൻസാനിയയിലുള്ളത്. ഭരണനടത്തിപ്പിനായി പ്രധാനമന്ത്രിയും മന്ത്രിസഭയുമുണ്ട്. പ്രസിഡന്റിനെ അഞ്ചുവർഷ കാലാവധിയിലേക്ക് തെരഞ്ഞെടുക്കുന്നു. താൻസാനിയയുടെ പാർലമെന്റിന് നാഷണൽ അസംബ്ളി എന്ന ഒരു മണ്ഡലം മാത്രമേയുള്ളൂ. പാർലമെന്റംഗങ്ങളിൽ നിന്നുമാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. പാർലമെന്റിന്റെ കാലാവധി അഞ്ചുവർഷമാണ്. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളും നാമനിർദ്ദേശം ചെയ്യപ്പെടുന്നവരും പാർലമെന്റിലുണ്ട്. ചീഫ് ജസ്റ്റിസ് തലവനായുള്ള പരമോന്നത കോടതിക്കു പുറമേ, ഹൈക്കോടതിയും ജില്ലാ കോടതിയും കീഴ്കോടതികളും താൻസാനിയയിലുണ്ട്.

സാൻസിബാറിനായി പ്രത്യേക ഗവൺമെന്റുണ്ട്. ആഭ്യന്തര കാര്യങ്ങളിൽ സാൻസിബാർ ഗവൺമെന്റിന് ഭരണസ്വാതന്ത്യ്രം അനുവദിച്ചിരിക്കുന്നു. പ്രത്യേക പ്രസിഡന്റും മുഖ്യമന്ത്രിയും ഹൌസ് ഒഫ് റെപ്രസെന്റേറ്റീവ്സ് എന്ന നിയമസഭയും സാൻസിബാറിനുണ്ട്.

1965-ലെ ഭരണഘടനയനുസരിച്ച് ഏകകക്ഷി സമ്പ്രദായമാ യിരുന്നു താൻസാനിയയിൽ നിലവിലിരുന്നത്. 1992-ലെ ഭരണഘ ടനാ ഭേദഗതിയോടെ ബഹുകക്ഷി സമ്പ്രദായത്തിന് അംഗീകാരം ലഭിച്ചു. അതനുസരിച്ച് പല രാഷ്ട്രീയകക്ഷികൾക്കും പ്രവർത്തന സ്വാതന്ത്യ്രമുണ്ടായി. ഭരണസൌകര്യത്തിനായി രാജ്യത്തെ 26 മേഖലകളായി വിഭജിച്ചിട്ടുണ്ട്.

ചരിത്രം

[തിരുത്തുക]

മനുഷ്യരുടെ പൂർവികരായ ഹോമോ ഇറക്ടസുകളുടെ ജീവാശ്മങ്ങളും ശിലാ ഉപകരണങ്ങളും വ.കിഴക്കൻ താൻസാനിയയിൽ നിന്നു കണ്ടെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും താൻസാനിയയുടെ ചരിത്രാതീതകാലത്തെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. പുരാതന ഗ്രീക്കുകാർക്കിടയിൽ തങ്കനീക്കാതീരം അസേനിയ എന്ന പേരിലാണ് അറിയപ്പെട്ടത്. ക്രിസ്ത്വബ്ദാരംഭത്തിൽ അറേബ്യ, പേർഷ്യ, ഇന്ത്യ, ഗ്രീസ്, ചൈന എന്നീ രാജ്യങ്ങൾ കിഴക്കൻ ആഫ്രിക്കൻ തീരവുമായി വാണിജ്യ ബന്ധത്തിലേർപ്പെട്ടിരുന്നു. 1-ാം ശ.-ത്തിന്റെ ആരംഭത്തിൽ ബന്തു ജനവർഗം തങ്കനീക്കയുടെ തീരദേശത്ത് എത്തി. 8-ാം ശ.-ത്തിൽ ഇവിടെ എത്തിയ അറബികൾ തീരദേശത്ത് നിരവധി നഗര രാഷ്ട്രങ്ങൾ സ്ഥാപിച്ചതായി അറബി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. കിൽവ, പാൻഗാനി, മാഫിയ എന്നിവയായിരുന്നു അവയിൽ പ്രധാനം. ഇതിൽ കിൽവയ്ക്ക് അറേബ്യ, ചൈന, പേർഷ്യ എന്നീ രാജ്യങ്ങളുമായി വാണിജ്യബന്ധം ഉണ്ടായിരുന്നു. ഇബ്നുബത്തൂത്തയുടെ ലിഖിതങ്ങളിൽ കിൽവയിലെ പള്ളികളെക്കുറിച്ച് പരാമർശമുണ്ട്. അറബ് സംസ്കാരം ബന്തു വിഭാഗങ്ങൾക്കിടയിൽ ഉണ്ടാക്കിയ സ്വാധീനത്തിന്റെ തെളിവാണ് സ്വാഹിലി ഭാഷയും സംസ്കാരവും.

സാൻസിബാറിൽ ആദ്യമായി എത്തിയ യൂറോപ്യൻ വാസ്കോഡഗാമയായിരുന്നു. 16-ാം ശ.-ത്തിൽ പോർച്ചുഗീസുകാർ സാൻസിബാർ പിടിച്ചെടുത്തെങ്കിലും 1699-ൽ ഒമാൻ സുൽത്താന്റെ സഹായത്തോടെ അറബികൾ അവരെ സാൻസിബാറിൽ നിന്നു പുറത്താക്കി. 18-ാം ശ.-ത്തിൽ കിൽവ, പെംബ എന്നീ പ്രദേശങ്ങൾ കീഴടക്കിയ ഒമാൻ സുൽത്താൻ തന്റെ തലസ്ഥാനം ഒമാനിൽ നിന്നു സാൻസിബാറിലേക്കു മാറ്റി.

19-ാം ശ.-ത്തിലാണ് യൂറോപ്യൻ മിഷണറിമാരുടേയും സഞ്ചാരികളുടേയും വരവിന് തങ്കനീക്ക സാക്ഷ്യം വഹിച്ചത്. ജർമൻ മിഷണറിയായ ജെ. റബ്മാൻ 1840-ൽ മൌണ്ട് കിലിമഞ്ജാരോ കണ്ടെത്തി. 1858-ൽ തങ്കനീക്കാ തടാകം കണ്ടെത്തിയത് ഇംഗ്ളിഷ് പര്യവേക്ഷകരായ റിച്ചാർഡ് ഫ്രാൻസിസ് ബർട്ടനും ജോൺ ഹാനിങ് സ്പീക്കുമായിരുന്നു. ഡേവിഡ് ലിവിങ്സ്റ്റൺ ആണ് തങ്കനീക്കയിൽ എത്തിയ മറ്റൊരു പ്രമുഖ യൂറോപ്യൻ.

19-ാം ശ.-ത്തിൽ കിഴക്കൻ ആഫ്രിക്കയിൽ സ്വാധീനമുറപ്പിക്കാൻ ഇംഗ്ളണ്ടും ജർമനിയും താത്പര്യം പ്രകടിപ്പിച്ചു. തങ്കനീക്കയെ ഒരു ജർമൻ കോളനിയും സാൻസിബാറിനെ ഒരു ബ്രിട്ടിഷ് സംരക്ഷിത രാജ്യവുമാക്കിക്കൊണ്ടുള്ള കരാർ 1886-ൽ ജർമനിയും ഇംഗ്ളണ്ടും ചേർന്നുണ്ടാക്കി. ജർമൻ ഈസ്റ്റ് ആഫ്രിക്ക എന്ന പേരിലറിയപ്പെട്ട തങ്കനീക്കൻ കോളനിയുടെ ഭരണം ജർമൻ ഈസ്റ്റ് ആഫ്രിക്ക കമ്പനിയായിരുന്നു നിർവഹിച്ചത്. 1890-ലെ രണ്ടാം ആംഗ്ളോ-ജർമൻ കരാർ പ്രകാരം റുവാണ്ട, ബുറൂണ്ടി എന്നീ പ്രദേശങ്ങൾകൂടി ജർമൻ ഈസ്റ്റ് ആഫ്രിക്കയുടെ ഭാഗമാക്കപ്പെട്ടു.

1891-ൽ കോളനിയുടെ ഭരണം നേരിട്ട് ഏറ്റെടുത്ത ജർമൻ സർക്കാർ വികസനത്തിന് ഊന്നൽ നല്കിക്കൊണ്ടുള്ള ഭരണ പരിപാടി നടപ്പിലാക്കി. എന്നാൽ പട്ടാള ഭരണരീതി ക്രമേണ ജനങ്ങളിൽ എതിർപ്പുളവാക്കുകയും ഇത് 1905-ൽ ജർമൻ അധിനിവേശത്തിനെതിരായുള്ള കലാപമായി മാറുകയും ചെയ്തു. മാജി മാജി എന്ന പേരിൽ അറിയപ്പെട്ട ഈ കലാപത്തെ ജർമൻ സർക്കാർ അടിച്ചമർത്തി (1907).

ഒന്നാം ലോകയുദ്ധാനന്തരം തങ്കനീക്കയുടെ ഭരണനിർവഹണത്തിനുള്ള ചുമതല ലീഗ് ഒഫ് നേഷൻസ് ബ്രിട്ടനു നല്കി. വിവിധ ഗോത്രവർഗങ്ങളെക്കൂടി ഭരണത്തിൽ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംവിധാനമാണ് ബ്രിട്ടൻ ഇവിടെ നടപ്പിലാക്കിയത്.

രണ്ടാം ലോകയുദ്ധത്തെത്തുടർന്ന് തങ്കനീക്ക യു.എൻ.ട്രസ്റ്റ് ടെറിട്ടറി ആയി. ട്രസ്റ്റിഷിപ്പ് കരാർ പ്രകാരം സ്വയംഭരണത്തിലേ ക്കും സ്വാതന്ത്യത്തിലേക്കുമുള്ള തങ്കനീക്കയുടെ ചുവടുവയ്പ് സുഗമമാക്കാനുള്ള ചുമതല ബ്രിട്ടനിലാണ് നിക്ഷിപ്തമായിരുന്നത്. തങ്കനീക്കയിൽ യൂറോപ്പുകാർക്കും ആഫ്രിക്കക്കാർക്കും തുല്യ പ്രാതിനിധ്യമുള്ള ഒരു രാഷ്ട്രീയക്രമത്തിനു വേണ്ടി ബ്രിട്ടൻ നിലകൊണ്ടു. എന്നാൽ ബഹുഭൂരിപക്ഷം ആഫ്രിക്കക്കാർക്കും ഈ നയം സ്വീകാര്യമായിരുന്നില്ല. 1958-ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ 'തങ്കനീക്ക ആഫ്രിക്കൻ നാഷണൽ യൂണിയൻ' എന്ന ദേശീയ രാഷ്ട്രീയപ്പാർട്ടി ഭൂരിപക്ഷം നേടുകയും പുതിയ സർക്കാർ രൂപവത്കരിക്കുകയും ചെയ്തു. 1961 ഡി. 9-ന് തങ്കനീക്കയ്ക്കു സ്വാതന്ത്യം നല്കാൻ ലണ്ടനിൽ കൂടിയ ഭരണഘടന സമ്മേളനം തീരുമാനിച്ചു. സ്വാതന്ത്യലബ്ധിക്കുശേഷം ഒരു വർഷം കഴിഞ്ഞ് 1962-ൽ തങ്കനീക്ക റിപ്പബ്ളിക്കായി. തങ്കനീക്ക ആഫ്രിക്കൻ നാഷണൽ യൂണിയൻ സ്ഥാപിക്കുന്നതിനു നേതൃത്വം നല്കിയ ജൂലിയസ് നെയ്റേര ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്.

1963 ഡി. 10-ന് സാൻസിബാർ ബ്രിട്ടനിൽ നിന്നും സ്വാതന്ത്യം നേടി. ആഫ്രോ-ഷിറാസി (Afro-Shirazi) പാർട്ടിയിലെ ജോൺ ഒകെല്ലോയുടെ നേതൃത്വത്തിൽ നടന്ന വിപ്ളവം സുൽത്താനെ പുറത്താക്കിയതിനെത്തുടർന്ന് അബൈദ് കറുമെയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നിലവിൽ വന്നു. സാൻസിബാറിൽ സമാധാനം നിലനിറുത്തുന്നതിനായി ഈ സർക്കാർ തങ്കനീക്കയുടെ സഹായമഭ്യർഥിക്കുകയും ചെയ്തു. കറുമെയുടെ അഭ്യർഥനയനുസരിച്ച് 1964 ഏ. 26-ന് സാൻസിബാറും തങ്കനീക്കയും സംയോജിച്ച് താൻസാനിയ ആയി.


1977-ൽ തങ്കനീക്ക ആഫ്രിക്കൻ നാഷണൽ യൂണിയൻ താനു (Tanu), ആഫ്രോ-ഷിറാസി എന്നീ പാർട്ടികൾ ചേർന്നുണ്ടാക്കിയ ചാമാ ചാ മാപിൻധൂസി പാർട്ടി (Chama Cha Mapinduzi:CCM) താൻസാനിയയിലെ ഏക രാഷ്ട്രീയപ്പാർട്ടിയായി പ്രഖ്യാപിക്കപ്പെട്ടു. 1992 മുതൽ ബഹുകക്ഷി സമ്പ്രദായമാണ് തുടർന്നു വരുന്നത്.

1995-ലേയും 2000-ലേയും പൊതു തെരഞ്ഞടുപ്പുകളിൽ ബെഞ്ചമിൻ മ്കപ നയിച്ച ചാമാ ചാ മാപിൻഡൂസി പാർട്ടിയാണ് വിജയിച്ചത്.

കുറിപ്പുകൾ

[തിരുത്തുക]
  1. +007 from Kenya and Uganda.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Tanzania". Ethnologue. SL International.
  2. David Lawrence (2009). Tanzania: The Land, Its People and Contemporary Life. Intercontinental Books. p. 146. ISBN 978-9987-9308-3-8.
  3. "About the United Republic of Tanzania". Permanent Representative of Tanzania to the United Nations. Archived from the original on 19 February 2011. Retrieved 31 January 2015.
  4. Article 3, Section 1 of the Constitution of the United Republic of Tanzania (25 April 1978)
  5. 5.0 5.1 5.2 ""Basic Facts and Figures on Human Settlements, 2012", National Bureau of Statistics, Tanzania Ministry of Finance, 2013, page 1, accessed 10 November 2014".
  6. "World Population Prospects: The 2017 Revision". ESA.UN.org (custom data acquired via website). United Nations Department of Economic and Social Affairs, Population Division. Retrieved 10 September 2017.
  7. 7.0 7.1 "Population Distribution by Administrative Areas, 2012 Population and Housing Census, National Bureau of Statistics, United Republic of Tanzania, 2013".
  8. 8.0 8.1 "Report for Selected Countries and Subjects".
  9. "GINI Index". The World Bank. Retrieved 14 October 2014.
  10. "2018 Human Development Report". United Nations Development Programme. 2018. Archived from the original on 2018-09-14. Retrieved 14 September 2018.
  11. "UPDATE 2-Tanzania's GDP expands by 32 pct after rebasing – officials". Reuters. Reuters. 19 December 2014. Archived from the original on 2018-02-08. Retrieved 19 December 2014.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ താൻസാനിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

6°18′25″S 34°51′14″E / 6.307°S 34.854°E / -6.307; 34.854

"https://ml.wikipedia.org/w/index.php?title=ടാൻസാനിയ&oldid=3939436" എന്ന താളിൽനിന്ന് ശേഖരിച്ചത്