മണ്ണാത്തിപ്പുള്ള്
മണ്ണാത്തിപ്പുള്ള് Oriental Magpie Robin | |
---|---|
ആൺകിളി, തായ്‌ലന്റിൽ നിന്നും | |
പെൺകിളി, തായ്‌ലന്റിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. saularis
|
Binomial name | |
Copsychus saularis (Linnaeus, 1758)
|
പുള്ള് ഇനത്തിൽപ്പെടുന്ന ഒരു പക്ഷിയാണ് മണ്ണാത്തിപ്പുള്ള്.[2] [3][4][5] ഇംഗ്ലീഷ്: Oriental Magpie Robin. ശാസ്ത്രീയ നാമം: Copsychus saularis. കേരളത്തിലെങ്ങും സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു പക്ഷിയാണിത്. ചാണകകിളി, വാലാട്ടി പക്ഷി എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.
പേരിനു പിന്നിൽ
[തിരുത്തുക]പ്രൊഫസർ ഇന്ദുചൂഢന്റെ അഭിപ്രായത്തിൽ [6] രണ്ട് വിധത്തിലായിരിക്കാം മണ്ണാത്തിപ്പുള്ള് എന്ന പേരിന്റെ പിന്നിലുള്ള വസ്തുത.
- മണ്ണാത്തിപ്പുള്ളിന്റെ പുറം ഭാഗം വെയിലത്ത് പണിയെടുക്കുന്ന മണ്ണാത്തിയുടേതു പോലെ കറുത്തിരിക്കുകയും നെഞ്ചും മറ്റും മണ്ണാത്തി അലക്കി വെളുപ്പിക്കുന്ന വസ്ത്രത്തിന്റേതു കണക്ക് വെളുത്തിരിക്കുകയും ചെയ്യുന്നതിനാൽ
- മണ്ണാത്തിപ്പുള്ള് ഇടക്കിടക്ക് അതിന്റെ വാൽ മുകളിലേക്കും താഴേക്കും ചലിപ്പിക്കുന്നത് മണ്ണാത്തികൾ വസ്ത്രം അലക്കാനായി കല്ലിലിട്ടടിക്കുന്ന പോലെയാണ് എന്നതിനാൽ
ആവാസവ്യവസ്ഥകൾ
[തിരുത്തുക]ഭൂമദ്ധ്യരേഖക്കടുത്തുളള ഏഷ്യൻ രാജ്യങ്ങളിലാണ് ഇവ കൂടുതലായും കണ്ടു വരുന്നത്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്തോനേഷ്യ, ചൈനയുടെ ചില ഭാഗങ്ങൾ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ ഇവയുടെ ആവാസം ഉണ്ട്.
ശാരീരിക സവിശേഷതകൾ
[തിരുത്തുക]19 സെന്റീമീറ്റർ ( 7.5ഇഞ്ച് വലിപ്പം). തെളിമയുള്ള കറുപ്പും വെളുപ്പും നിറത്തിലുള്ള ശരീരം. ചിറകിൽ ഒരു മുണ്ടു മടക്കി ഇട്ടതു പോലെ ഒരു വെള്ളപ്പട്ട. ശരീരത്തിന്റെ ഉപരിഭാഗവും കൊക്കു മുതൽ മാറുവരെ അടിഭാഗവും കറുപ്പ്. ബാക്കി അടിഭാഗമെല്ലാം വെള്ള നിറം. ഇടയ്ക്കിടയ്ക്ക് നീണ്ട വാൽ ഉയർത്തിപ്പിടിച്ച് തുള്ളിത്തുള്ളിയുള്ള
സഞ്ചാരവും വാലുകുലുക്കിപ്പക്ഷിയെപ്പോലെ ഇടയ്ക്കിടെ വാൽ പെട്ടെന്നു താഴ്ത്താറുണ്ട്. പെൺകിളിയുടെ ദേഹത്തെ കറുപ്പു നിറം അല്പം മങ്ങിയതും ചാരനിറം കലർന്നതുമാണ്. പലതരം ശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ട് എങ്കിലും എല്ലാകാലത്തും ഒരേ സ്വരമാധുര്യം ഉണ്ടാവാറില്ല.
രണ്ടു കാലുകളും ഉയർത്തി ചാടി ചാടിയാണ് മണ്ണാത്തികൾ നിലത്ത് സഞ്ചരിക്കുക.
സ്വഭാവസവിശേഷതകൾ
[തിരുത്തുക]- മണ്ണാത്തിപ്പുള്ള് പാട്ട് പാടുന്നത് വേനൽക്കാലത്താണ്. മാർച്ച്, ഏപ്രിൽ എന്നീ മാസങ്ങളിൽ രാവിലേയും വൈകുന്നേരവും പക്ഷിയുടെ സംഗീതം കേൾക്കാം. സംഗീതം ഇടവിടാതെ കേൾക്കുന്നതിന്റെ അർത്ഥം അതിന്റെ സന്താനോത്പാദന കാലം തുടങ്ങി എന്നാണ്. ആൺപക്ഷികൾ ഉയരമുള്ള വൃക്ഷശാഖകളിലോ മേല്പ്പുരകളിലോ മറ്റോ ഇരുന്ന് വലിയ ഉത്സാഹത്തോടെ പലവിധത്തിലുമുള്ള സ്വരങ്ങൾ പുറപ്പെടുവിക്കുന്നു. ചൂളമടിക്കുന്നതിനെ ഓർമ്മപ്പെടുത്തുന്നതാണ് ഇവയുടെ സംഗീതം. സ്വന്തമായുള്ള സ്വരത്തിനു പുറമേ ചില സമയങ്ങളിൽ മറ്റു പക്ഷികളുടെ സ്വരങ്ങൾ അനുകരിക്കുന്നതിനും ഇതിന് മിടുക്കുണ്ട്. ആനറാഞ്ചി, ബുൾബുൾ, ചെങ്കണ്ണി എന്നീ പക്ഷികളുടെ കൂവൽ മണ്ണാത്തിപ്പുള്ള് അനുകരിക്കാറുണ്ട്. [6]
- മണാത്തിപ്പുള്ളിന് പാമ്പുകളോട് ബദ്ധവൈരമാണ്. പാമ്പിനെ കണ്ടാൽ അടുത്തുള്ള മരക്കൊമ്പിൽ കയറി ചീറിത്തുടങ്ങും ചിലപ്പോൾ കുമ്പൽ കുത്തി പാമ്പിനെ കൊത്തുകയും ചെയ്യും. ഇതിന്റെ ശബ്ദം കേട്ട് മറ്റു പക്ഷികൾ (പൂത്താങ്കീരി, മൈന, ബുൾബുൾ തുടങ്ങിയവ) സഹായത്തിനെത്തുകയും പാമ്പിനെ ഓടിക്കാൻ സഹായിക്കുകയും ചെയ്യാറുണ്ട്. പൂച്ച, കീരി എന്നീ ശത്രുക്കളോടും മണ്ണാത്തിപ്പുള്ള് ഇതേ വിധത്തിൽ പെരുമാറാറുണ്ട്.
- മറ്റു ചില പക്ഷികളെപ്പോലെ കൂടിനു ചുറ്റുമുള്ള സ്ഥലം സ്വകാര്യമായി കരുതാറുണ്ട്. മറ്റു ജാതിപ്പക്ഷികൾക്ക് ആ ചുറ്റളവിനുള്ളിൽ സ്വാത്രന്ത്ര്യം ഉണ്ടെങ്കിലും ഇണയല്ലാത്ത മറ്റു മണ്ണാത്തിപ്പുള്ളുകൾക്ക് ആ അധികാരം നൽകാറില്ല. യാദൃച്ഛികമായി ഒന്ന് വന്നാൽ ഉടമസ്ഥൻ ഒന്നു രണ്ട് കൊത്തലുകളിലൂടെ ആഗതന് സ്വാഗതമില്ലെന്ന് അറിയിക്കുന്നു.
ആഹാരം
[തിരുത്തുക]നിലത്തിറങ്ങി നടക്കുമ്പോൾ കണ്ണിൽപ്പെടുന്ന കൃമികീടങ്ങളാണ് പ്രധാന ആഹാരം. ചിലപ്പോൾ മരത്തിൽ പാറി നടക്കുന്ന പാറ്റകളേയും ഭക്ഷിക്കാറുണ്ട്. പൂന്തേനും പഥ്യമാണ്. മുരുക്കും പൂളയും പൂക്കുന്ന കാലത്ത് ഇവയെ ആ മരത്തിനു ചുറ്റും കാണാം. പൂക്കളിൽ നിന്ന് മധുപാനം ചെയ്യുന്നതിനൊപ്പം പരിസരത്ത് കാണൂന്ന പൂമ്പാറ്റകളേയും വണ്ടിനേയും മറ്റും ഭക്ഷിക്കുന്നു. ഇതിനിടെ മദോന്മാദത്തിൽ കളിയായി തമ്മിൽ കൊത്തു പിണയുന്നതും കാണാം. [6]
ഗ്രാപ്രദേശങ്ങളിൽ ഇത്തരം കിളികൾ തീട്ട കിളികൾ എന്നും അറിയപ്പെടുന്നു കാരണം പണ്ട് വലിയ കുഴികൾ കുത്തി ചുറ്റും മറ കെട്ടി മല ആ കുഴികളിൽ മനുഷ്യർ മലമൂത്ര വിസർജനം നടത്തിയിരുന്നു, ആ കുഴികളിലെ കൊതുകും ലാർവകളും ഇവയുടെ മുഖ്യ ആഹാരമായിരുന്നു, ജൈവ മാലിന്യക്കുഴികളിലും ഇവ ഇര തേടിയെത്താറുണ്ട്, പിന്നെ ചാണക കുഴികളും ഇവ നിത്യേനെ സന്ദർശിക്കാറുണ്ട്.
ചേക്കിരിക്കൽ
[തിരുത്തുക]പ്രജനനം
[തിരുത്തുക]മണ്ണാത്തിപ്പുള്ള് കൂടുകെട്ടുന്നതിന് ഇരുണ്ട മാളങ്ങൾ ഉപയോഗിക്കുന്നു. എങ്കിലും അതിന്റെ മുട്ടകള വെള്ളയല്ല (സാധാരണ ഇരുണ്ട മാളങ്ങളിൽ ഉണ്ടാവുന്ന മുട്ടകൾ വെള്ള നിറമായിരിക്കും) ഇതിന്റെ മുട്ടകൾ ഊതനിറം കലർന്നവയാണ്. ഇവയിൽ അനവധി ചുകന്ന പൊട്ടുകൾ കാണപ്പെടുന്നു. [1] മരപ്പൊത്തുകളിലും ചുമരുകളിലെ ദ്വാരങ്ങളിലുമാണ് ഇവ കൂടുണ്ടാക്കാറ് എങ്കിലും തേനീച്ചക്കായി ഒരുക്കുന്ന ചട്ടികളും ഇവക്ക് സ്വീകാര്യമാണ്. ഇത്തരം ഇരുണ്ട അറകൾക്കുള്ളിൽ പുളിയിലയുടെ ഞരമ്പുകളും പനനാരും മറ്റുമൊന്നിച്ചു കൂട്ടി മുട്ടകൾക്കും കുഞ്ഞുങ്ങൾക്കും മെത്തയുണ്ടാക്കുന്നു. കൂടുകെട്ടുന്ന കാലത്തും ഇവ പാട്ട് പാടാറുണ്ട്.മനുഷ്യ നിർമ്മിതമായ കൂടുകളിലും വീടിന് ചേർന്നുള്ള ബോക്സ്കളിലും ഇവ സ്ഥിരമായി കൂട് കൂട്ടാറുണ്ട്
ശബ്ദം
[തിരുത്തുക]-
മണ്ണാത്തിപ്പുള്ളിന്റെ പ്രഭാതകൂജനം
ഇതും കാണുക
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
-
ചാലക്കുടിയിൽ
-
ചാലക്കുടിയിൽ
-
മണ്ണാത്തിപ്പുള്ള് മടിക്കൈ അമ്പലത്തുകരയിൽ നിന്ന്
അവലംബം
[തിരുത്തുക]- ↑ BirdLife International (2004). Copsychus saularis. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006.
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 511. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ 6.0 6.1 6.2 കെ.കെ., ഇന്ദുചൂഡൻ. കേരളത്തിലെ പക്ഷികൾ. കേരളസാഹിത്യ അക്കാദമി. ISBN 81-7690-067-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|locat=
ignored (help)
കുറിപ്പുകൾ
[തിരുത്തുക]- ^ ഇതിന്റെ കാരണമായി പ്രോഫസ്സർ ഇന്ദുചൂഢന്‍ കരുതുന്നത് ഇവ ഇത്തരം മാളങ്ങളിൽ മുട്ടയിട്ട് തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല എന്നാണ്. കുറേ കാലം കഴിയുമ്പോൾ മറ്റു പക്ഷികളുടേത് പോലെ ഇവയുടേതും വെള്ള നിറമാവുമായിരിക്കും എന്ന് അദ്ദേഹം കരുതുന്നു.