തീക്കാക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തീക്കാക്ക
Male Malabar Trogon (crop).jpg
ആൺ തീക്കാക്ക
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Aves
നിര: Trogoniformes
കുടുംബം: Trogonidae
ജനുസ്സ്: Harpactes
വർഗ്ഗം: H. fasciatus
ശാസ്ത്രീയ നാമം
Harpactes fasciatus
(Pennant, 1769)
Malabar trogon map.png
പര്യായങ്ങൾ

Harpactes malabaricus

ട്രോഗോണിഫോമെസ് പക്ഷി ഗോത്രത്തിലെ ട്രോഗോണിഡെ കുടുംബത്തിൽപ്പെടുന്നു ഒരിനം കാട്ടുപക്ഷിയാണ് തീക്കാക്ക. ഈ പക്ഷിയുടെ ശാസ്ത്രനാമം ഹാർപാക്ടെസ് ഫാസിയേറ്റസ് എന്നാണ്.

ശരീരഘടന[തിരുത്തുക]

അസാധാരണ വർണഭംഗിയുള്ള തീക്കാക്കയ്ക്ക് കാട്ടുമൈനയോളം വലിപ്പമുണ്ട്. ചുണ്ടിന്റെ അറ്റം മുതൽ വാലറ്റം വരെ മുപ്പതു സെന്റിമീറ്ററോളം നീളം വരും. ആൺപക്ഷിയുടെ തല, കഴുത്ത് എന്നീ ഭാഗങ്ങളിൽ കറുപ്പുനിറമാണ്. തവിട്ടു നിറത്തിലുള്ള മാറിൽ മാല പോലെ ഒരു വെള്ളപ്പട്ടയുണ്ട്. മാറിന്റെ അടിഭാഗത്തിന് കടും ചുവപ്പു നിറമായിരിക്കും. പക്ഷിയുടെ പുറംഭാഗവും പൂട്ടിയ വാലിന്റെ ഉപരിഭാഗവും മഞ്ഞകലർന്ന തവിട്ടുനിറമാണ്. കറുപ്പുനിറമുള്ള ചിറകുകളിൽ നിരവധി നേരിയ വെള്ളവരകൾ കാണാം. വാലിന്റെ ഇരു പാർശ്വങ്ങളിലുമുള്ള തൂവലുകളിൽ മൂന്നെണ്ണം വീതം വെള്ള നിറത്തിലുള്ളതായിരിക്കും. അതിനാൽ പക്ഷിയെ അടിവശത്തു നിന്നു നോക്കുമ്പോൾ വാൽ വെള്ളയാണെന്നു തോന്നും. പെൺപക്ഷിയുടെ അടിവശത്തിന് മഞ്ഞകലർന്ന ഇളം തവിട്ടുനിറമാണ്; തലയും കഴുത്തും കടും തവിട്ടുനിറവും. തീക്കാക്കകളുടെ തല തടിച്ചതും മൂർദ്ധാവ് പരന്നതുമാണ്. ചുണ്ട് പരന്നതും താരതമ്യേന കുറുകിയതുമാണ്. വളരെ കുറുകിയ കാലുകളിലെ വിരലുകളിൽ രണ്ടെണ്ണം മുന്നിലേക്കും രണ്ടെണ്ണം പിന്നിലേക്കും തിരിഞ്ഞു നില്ക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വാലിന് 15 സെന്റിമീറ്ററോളം നീളമുണ്ടായിരിക്കും. ഇതിന്റെ അറ്റം വീതി കൂടിയതും ഉളിവച്ചു കുറുകെ മുറിച്ചപോലെ തോന്നിക്കുന്നതുമാണ്.

തീക്കാക്ക

തീക്കാക്കകൾ അധികസമയവും മരക്കൊമ്പുകളിൽ നിശ്ചലരായിരിക്കുന്ന അലസരായ പക്ഷികളാണ്. ഇവ ചെറു പ്രാണികളെ പിൻതുടർന്ന് പിടിച്ചു ഭക്ഷിക്കുന്നു.

താമസം[തിരുത്തുക]

സ്വാഭാവികമായുള്ള മാളങ്ങളും കുഴികളും തീക്കാക്കകൾ കൂടുകളായുപയോഗിക്കുന്നു. ഇവ സ്വയം കൂട് തുരന്നുണ്ടാക്കാറുമുണ്ട്. തറയിൽ നിന്ന് രണ്ടോ മൂന്നോ മീറ്റർ ഉയരത്തിലുള്ള മരക്കൊമ്പുകളും ദ്രവിച്ചു പൊടിഞ്ഞു പോകാറായ മരക്കുറ്റികളുമാണ് കൂടു തുരന്നുണ്ടാക്കാനായി ഇവ തിരഞ്ഞെടുക്കുന്നത്. മരംകൊത്തിയെപ്പോലെ മരത്തടിയിൽ പിടിച്ചുനിന്ന് കൊക്കുകൊണ്ട് മരപ്പൊടി കടിച്ചെടുത്ത് പുറത്തേക്കു കുടഞ്ഞു കളഞ്ഞാണ് മരപ്പൊത്തുകളുണ്ടാക്കുന്നത്.

പ്രജനനം[തിരുത്തുക]

തീക്കാക്കകളുടെ പ്രജനന കാലം ഫെബ്രുവരി മുതൽ ജൂൺ വരെയാണ്. കൂടിനുള്ളിലുള്ള മരപ്പൊടിയിലാണ് ഇവ മുട്ടയിടുന്നത്. ഒരു പ്രജനനസമയത്ത് രണ്ടുമുതൽ നാലുവരെ മുട്ടകളിടുന്നു. ഉരുണ്ട ആകൃതിയിലുള്ള മുട്ടകൾക്ക് മങ്ങിയ വെള്ള നിറമായിരിക്കും. ആൺ പെൺ പക്ഷികൾ ഒരുമിച്ച് കൂടുണ്ടാക്കുകയും അടയിരിക്കുകയും കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുകയും ചെയ്യുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2008). "Harpactes fasciatus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 11 Oct 2009. 
Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തീക്കാക്ക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തീക്കാക്ക&oldid=2443831" എന്ന താളിൽനിന്നു ശേഖരിച്ചത്