Jump to content

രതിമൂർച്ഛ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രതിമൂർഛ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലൈംഗിക സുഖാനുഭൂതിയുടെ പാരമ്യമാണ് രതിമൂർച്ഛ. ഇംഗ്ലീഷിൽ ഒർഗാസം (Orgasm) എന്നറിയപ്പെടുന്നു. മനുഷ്യ ലൈംഗികതയുടെ 4 ഘട്ടങ്ങളിൽ അതിപ്രധാന ഭാഗമാണ് രതിമൂർച്ഛ. ലൈംഗികബന്ധത്തിലും സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോഴും ഇതനുഭവപ്പെടാറുണ്ട്. [1]

എങ്ങനെ അനുഭവപ്പെടുന്നു

[തിരുത്തുക]

ഒരേ സമയം ശാരീരികമായും മാനസികമായും അനുഭവപ്പെടുന്ന അനുഭൂതിയാണ് ഇത്. തലച്ചോർ (Brain) ആണ് രതിമൂർച്ചയുടെ പ്രഭവകേന്ദ്രം.

ലൈംഗികാവയവങ്ങളും അതിനു ചുറ്റിലുമുളള അനേകം പേശികളും ഒന്നിച്ചു ചുരുങ്ങി വികസിച്ചാണ് ശരീരം ഈ അവസ്ഥയിലെത്തുന്നത്. രതിമൂർച്ഛ അനുഭവപ്പെടുന്നത് ശാരീരിക മാനസിക ആരോഗ്യത്തിന് ഉത്തമമാണെന്നാണ് വിദഗ്ദ്ധ നിഗമനം. തലച്ചോറിലെ സന്തോഷകരമായ രാസമാറ്റങ്ങൾ ആണിതിന് കാരണമെന്ന് പറയപ്പെടുന്നു. നാഡീ ഞരമ്പുകളും, ഹോർമോണുകളും ഈ സുഖാനുഭൂതിയിൽ പങ്ക് വഹിക്കുന്നു. രതിമൂർച്ഛ അനുഭവിക്കുമ്പോൾ ഉണ്ടാകുന്ന അത്യാനന്ദം, അതിനു ശേഷമുള്ള നിർവൃതി എന്നിവ മനുഷ്യരുടെ സംതൃപ്തിക്ക് പ്രധാനമാണ്. സ്ത്രീപുരുഷന്മാർക്കും ട്രാൻസ്ജെൻഡർ ആളുകൾക്കും രതിമൂർഛയുണ്ടാകും. എന്നാൽ അലൈംഗികരായ (Asexual) വ്യക്തികൾക്ക് ലൈംഗികതാല്പര്യമോ, രതിമൂർച്ഛയോ അനുഭവപ്പെടില്ല. രതിമൂർച്ഛയിൽ യഥാര്ത്ഥത്തിൽ ശക്തമായ ശാരീരികവും മാനസികവുമായ ആനന്ദമാണ് ഉണ്ടാകുന്നത്. പക്ഷേ അത് നാഡീവ്യൂഹത്താൽ നിയന്ത്രിക്കപ്പെടുന്നുവെന്ന് മാത്രം. രതിമൂർച്ഛ ആരോഗ്യകരമാണെന്നും, അത് കൂടുതലും മാനസികമാണെന്നും, പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കുമെന്നും, ഗർഭധാരണത്തിനുള്ള സാധ്യത കൂട്ടുമെന്നും പഠനങ്ങൾ പറയുന്നു[2][3].

[4] രതിമൂർച്ഛയ്ക്ക് ബോധേന്ദ്രിയങ്ങളുടെ ശക്തി മന്ദീഭവിപ്പിക്കാൻ പറ്റും എന്നത് മറ്റൊരു സവിശേഷതയാണ്. തലച്ചോറിലെ ഉത്തേജനമാണ് ഇതിന്‌ കാരണം. ചൂട്, തണുപ്പ്, വേദന എന്നിവ തിരിച്ചറിയാനുള്ള കഴിവും, കാഴ്ച്ച, കേൾവി എന്നിവയേയും ഈ മന്ദിപ്പ് ബാധിച്ചേക്കാം. ഇതിനുശേഷം കൂടുതൽ ലാളന ലഭിക്കണമെന്ന് സ്‌ത്രീ ആഗ്രഹിക്കും. എന്നാൽ പലപ്പോഴും സ്ഖലനശേഷം തിരിഞ്ഞു കിടന്നുറങ്ങുന്ന പങ്കാളി ആഫ്റ്റർപ്ലേ എന്നറിയപ്പെടുന്ന ഇത്തരം പ്രതീക്ഷകളെ ഇല്ലാതാക്കാറുണ്ട് [5].

പുരുഷന്മാരിൽ

[തിരുത്തുക]

ആണുങ്ങൾക്ക് ഇത് ശുക്ല സ്ഖലനത്തോടൊപ്പം നടക്കുന്നു എന്ന് പറയാം. ലിംഗാഗ്രത്തിൽ അനേകം നാഡീതന്തുക്കൾ നിറഞ്ഞ മകുട ഭാഗത്തെ (Glans) ഉത്തേജനമാണ് പുരുഷനെ രതിമൂർച്ഛയിലേക്ക് നയിക്കാറുള്ളത്. ആണുങ്ങളിൽ മൂന്ന് മുതൽ അഞ്ചു സെക്കന്റ്‌ വരെ ഇത് നീണ്ടുനിൽക്കാറുണ്ട്. അതിനുശേഷം പ്രൊലാക്ടിൻ ഹോർമോണിന്റെ പ്രവർത്തനത്താൽ മിക്ക പുരുഷന്മാർക്കും താൽക്കാലികമായ ചെറിയ തളർച്ച അഥവാ വിശ്രാന്തി അനുഭവപ്പെടാറുണ്ട്. ഇത് തികച്ചും ആരോഗ്യകരവും സ്വഭാവികവുമാണ്[6][7].

സ്ത്രീകളിൽ

[തിരുത്തുക]

സ്ത്രീകളിൽ ഏകദേശം പതിനഞ്ചു സെക്കന്റ്‌ വരെ ഓർഗാസം നീണ്ടുനിൽക്കാറുണ്ട്. ഭഗശിശ്നിക/കൃസരിയിൽ (Clitoris) മൃദുവായ സ്പർശനം, ലാളന എന്നിവ രതിമൂർച്ഛയിലേക്ക് നയിക്കാറുണ്ട്. എണ്ണായിരത്തോളം സംവേദനം നൽകുന്ന നാഡീ ഞരമ്പുകളുടെ സംഗമവേദിയാണ് കൃസരി. പുരുഷ ലിംഗാഗ്രത്തിൽ ഉള്ളതിന്റെ ഇരട്ടിയോളം വരുമിത്. യോനീനാളത്തിന്റെ മുൻഭിത്തിയിൽ നിന്നും ഏകദേശം രണ്ട്‌-രണ്ടരയിഞ്ച് ഉള്ളിലേക്കായി കാണുന്ന ജി സ്‌പോട്ട് (G Spot) എന്ന സംവേദനമുള്ള ഭാഗത്തിന്റെ ഉത്തേജനവും സ്ത്രീകളെ രതിമൂർച്ഛയിലേക്ക് നയിക്കുമെന്ന് പറയപ്പെടുന്നു. എന്നാൽ ജി സ്പോട്ടിന്റെ സാന്നിധ്യത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ്‌ നിലവിലുള്ളത്.

സ്ത്രീകൾക്ക് വികാരമൂർച്ഛ ഉണ്ടാകുമ്പോൾ ശുക്ലവിസർജനം ഉണ്ടാകുന്നില്ല. എങ്കിലും യോനീവികാസം ഉണ്ടാവുകയും, ബർത്തോലിൻ ഗ്രന്ഥികളുടെ പ്രവർത്തനം, യോനീഭാഗത്തെ രക്തയോട്ടത്തിന്റെ ഫലമായും വഴുവഴുപ്പ് നൽകുന്ന സ്നേഹദ്രവങ്ങൾ (Lubrication) ഉത്‌പാദിപ്പിപ്പെടുകയും, കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു. ചിലപ്പോൾ യോനീഭാഗത്തെയോ ശരീരത്തിലെ മറ്റു ഭാഗത്തെയോ പേശികൾ ശക്തമായി ചുരുങ്ങുകയോ വികസിക്കുകയോ ശബ്ദങ്ങൾ പുറപ്പെടുവിക്കുകയോ ചെയ്യാം. ഇത് പുരുഷബീജങ്ങൾ പെട്ടന്ന് ഫെലോപ്യൻ ട്യൂബിൽ എത്താനും അതുവഴി ഗർഭധാരണത്തിനും സഹായിക്കുന്നു. സ്ത്രീകളിൽ എല്ലാ സംഭോഗങ്ങളും രതിമൂർച്ഛയിൽ എത്തണമെന്നില്ല, പക്ഷേ പുരുഷന് ഏതാണ്ടെല്ലാ സംഭോഗങ്ങളും രതിമൂർച്ഛയിൽ അവസാനിക്കുകയാണ് പതിവ്. പുരുഷനെ അപേക്ഷിച്ചു സ്ത്രീകളിലെ വികാരോത്തേജനം പതിയെ ഉണർന്നു പതിയെ ഇല്ലാതാകുന്ന ഒന്നാണ്. ഇത് പുരുഷന്മാരേക്കാൾ കൂടുതൽ സമയം നീണ്ടുനിൽക്കാറുമുണ്ട്. പൊതുവേ സ്ത്രീക്ക് അവർക്ക് താല്പര്യമുള്ള പങ്കാളിയോടൊപ്പം മാത്രമേ രതിമൂർച്ഛ അനുഭവപ്പെടാറുള്ളൂ. പുരുഷനെ അപേക്ഷിച്ചു തുടർച്ചയായി ഒന്നിലധികം തവണ രതിമൂർച്ഛ കൈവരിക്കാൻ സ്ത്രീകളുടെ മസ്തിഷ്ക്കത്തിന് സാധിക്കാറുണ്ട്. എന്നാൽ പല സ്ത്രീകൾക്കും തങ്ങളുടെ ലൈംഗിക സംതൃപ്തിക്ക് രതിമൂർച്ഛ നിർബന്ധമില്ല. എന്നിരുന്നാലും ഒരുപാട് കാലം ശരിയായ ലൈംഗിക സംതൃപ്തി ലഭിക്കാത്ത ആളുകളിൽ അത് തലവേദന തുടങ്ങിയ മാനസികവും ശാരീരികവുമായ അസ്വസ്ഥതകളിലേക്ക് നയിച്ചേക്കാം. എന്നാൽ ഇത് പലപ്പോഴും തിരിച്ചറിയണമെന്നില്ല. മാത്രമല്ല, ഇത്തരത്തിൽ ഒരനുഭൂതി സ്ഥിരമായി ലഭിക്കാത്ത അവസ്ഥയിൽ സ്ത്രീകൾ ലൈംഗിക താല്പര്യക്കുറവിലേക്ക് പോകാനും സാധ്യതയുണ്ട് എന്ന് ഗവേഷണങ്ങൾ പറയുന്നു[8][9][10][11].

ലക്ഷണങ്ങൾ

[തിരുത്തുക]

സ്ത്രീകളിൽ രതിമൂർച്ഛ കൂടുതൽ സങ്കീർണ്ണവും മാനസികവുമാണ്. മോശമായി പെരുമാറുകയും പിന്നീട് ആനന്ദം കണ്ടെത്താൻ സ്ത്രീയെ സമീപിക്കുന്നവർക്ക് ഒരിക്കലും അവളുടെ രതിമൂർച്ഛ മനസിലാക്കാൻ സാധിക്കണമെന്നില്ല. നിർബന്ധപൂർവ്വമോ ബലം പ്രയോഗിച്ചോ നടത്തുന്ന ലൈംഗിക അതിക്രമങ്ങൾ സ്ത്രീ ആസ്വദിക്കുന്നില്ല എന്ന് മാത്രമല്ല അത് പീഡകനോട് വെറുപ്പിനും മിക്കപ്പോഴും ഭയത്തിനും ലൈംഗിക താല്പര്യക്കുറവിനും കാരണമാകാം. യോനീസങ്കോചം അഥവാ വജൈനിസ്‌മിസ്‌ പോലെയുള്ള മാനസിക പ്രശ്നങ്ങളിലേക്കും ഇത് നയിച്ചേക്കാം. തനിക്ക് രതിമൂർച്ഛ ഉണ്ടാകാൻ പോകുന്നു അല്ലെങ്കിൽ അതനുഭവിക്കുകയാണ് എന്ന് കൃത്യമായി പറയാൻ സ്ത്രീക്ക് മാത്രമേ സാധിക്കൂ. ഇത് തുറന്ന് പറയാൻ മടിക്കുന്ന സ്‌ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഇക്കാര്യം മനസിലാക്കാൻ പങ്കാളിയെ സഹായിക്കും. അനിയന്ത്രിതമായ ശ്വാസഗതി, വർധിച്ച നെഞ്ചിടിപ്പ്, പങ്കാളിയെ മുറുകെ പുണരൽ, യോനിയിലെ നനവ് അഥവാ രതിസലിലം, സീൽക്കാരശബ്ദങ്ങൾ, അമിതമായ വിയർപ്പ്, യോനിയിലെ മുറുക്കം കുറയൽ എന്നിങ്ങനെയുള്ള പലതും രതിമൂർച്ഛയുടെ ലക്ഷണമാണ്. പുരുഷന്മാരിലും സമാനമായ ലക്ഷണങ്ങൾ തന്നെയാണ് ഉണ്ടാകുന്നത്[12][13].

ആമുഖലീലകളും രതിമൂർച്ഛയും

[തിരുത്തുക]

ഇണകൾക്ക് ഒരേസമയം രതിമൂർച്ഛ അനുഭവിക്കാൻ കഴിയുക എന്നത് മിക്കവർക്കും സാധിക്കണമെന്നില്ല. പങ്കാളിയെ ശ്രദ്ധിക്കുകയും പരസ്പരം പരിഗണന കൊടുക്കുകയും ഇഷ്ടാനിഷ്ടങ്ങൾ തുറന്നു പറയുകയും ചോദിച്ചറിയുകയും ചെയ്താൽ രതിമൂർച്ഛ അനുഭവിക്കാൻ കഴിയുന്നതേ ഉള്ളു. ലൈംഗികബന്ധത്തിന് തയ്യാറെടുക്കുമ്പോൾ മാനസികസമ്മർദം ഒഴിവാക്കുന്നതും ദീർഘനേരം സന്തോഷകരമായ ആമുഖലീലകൾ അഥവാ ഫോർപ്ലേയിൽ ഏർപ്പെടുന്നത് രതിമൂർച്ഛ കൈവരിക്കാൻ ആവശ്യമാണ്. ഏത് ഭാഗത്ത്‌, ഏത് രീതിയിലുള്ള സ്പര്ശനമാണ് പങ്കാളിക്ക് ആസ്വാദ്യമാകുന്നത് എന്ന് മനസിലാക്കുന്നത് അഭികാമ്യമാണ്‌. ലൂബ്രിക്കന്റ് ജെല്ലുകൾ, വൈബ്രേറ്റർ തുടങ്ങിയവ പങ്കാളിയുടെ സഹായത്തോടെ ഉപയോഗിക്കുന്നതും രതിമൂർച്ഛ ഉണ്ടാകാൻ സഹായകരമാണ്. കുത്തുകളും തടിപ്പുകളും മറ്റുമുള്ള ഡോട്ടഡ്, റിബ്ബ്ഡ് തുടങ്ങിയ പേരുകളിൽ ലഭിക്കുന്ന കോണ്ടം(ഗർഭനിരോധന ഉറകൾ) സ്ത്രീക്ക് രതിമൂർച്ഛ ലഭിക്കാൻ സഹായകരമാണ് എന്ന് പറയപ്പെടുന്നു[14][15].

രതിമൂർഛയെകുറിച്ചുള്ള പഠനം

[തിരുത്തുക]

പ്രാചീന ഭാരതത്തിൽ വാത്സ്യായനൻ രതിമൂർച്ഛയെപ്പറ്റി വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാമസൂത്രം കാമകേളികളെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. 1950നും 1960ഇടക്ക് അമേരിക്കയിൽ മാസ്റ്റേർസും ജോൺസണും മനുഷ്യന്റെ ലൈംഗികതയെക്കുറിച്ച് ആധികാരികമായ പഠനം നടത്തുകയും വളരെ പ്രധാനപ്പെട്ട വിവരങ്ങൾ കണ്ടെത്തുകയും ചെയ്തു. പാശ്ചാത്യലോകത്ത് വലിയ വിപ്ലവങ്ങൾ ഉണ്ടാക്കിയ കണ്ടുപിടിത്തങ്ങളായിരുന്നു അവ. 1966ൽ പുറത്തിറക്കിയ അവരുടെ ലൈംഗിക പ്രതികരണം മനുഷ്യനിൽ (Human Sexual Response) എന്ന ഗ്രന്ഥത്തിൾ കാമവികാരമുണ്ടാവുന്ന നേരത്ത് മനുഷ്യനിലുണ്ടാവുന്ന നാല്‌ പ്രധാനപ്പെട്ട ശരീരശാസ്ത്ര വ്യതിയാനങ്ങളെക്കുറിച്ച് അഥവാ ഘട്ടങ്ങളെക്കുറിച്ച്, വിവരിച്ചു. ഈ നാല്‌ ഘട്ടങ്ങൾ ഉദ്ദീപനം, സമതലം, മൂർച്ഛ, റെസൊലുഷൻ എന്നിവയാണ്‌. ഹ്യൂമൻ സെക്ഷ്വൽ റെസ്പോൺസ് (Human Sexual Response), ഹ്യൂമൻ സെക്ഷ്വൽ ഇനാടിക്വസി (Human Sexual Inadequacy) എന്നിവ ഇവരുടെ ക്ലാസ്സിക്‌ ഗ്രന്ഥങ്ങളാണ്. ഇവ ലോകത്തിലെ മുപ്പതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി[16][17][18][19].

സ്ക്വിർട്ടിങ്

[തിരുത്തുക]

ചില സ്ത്രീകളിൽ രതിമൂർച്ഛാവേളയിൽ സ്കീൻ ഗ്രന്ഥികളിൽ നിന്നുള്ള ദ്രാവകം ധാരാളമായി പുറത്തേക്ക് പോകാറുണ്ട്. ഇതിനെ സ്ക്വിർട്ടിങ് (Squirting) അഥവാ സ്ത്രീ സ്ഖലനം (Female ejaculation) എന്ന് വിളിക്കുന്നു. എന്നാൽ എല്ലാ സ്ത്രീകളിലും ഇതുണ്ടാകണമെന്നില്ല, ചിലപ്പോൾ തിരിച്ചറിയാനാവാത്ത വിധം ചെറിയ രീതിയിലാവാം ഇതുണ്ടാകുന്നത്. യോനിയിൽ ഉണ്ടാകുന്ന സ്നേഹദ്രവം അഥവാ വാജിനൽ ലൂബ്രിക്കേഷനിൽ നിന്നും വ്യത്യസ്തമായ ഒന്നാണിത് [20].

രതിമൂർച്ഛയുടെ ഗുണങ്ങൾ

[തിരുത്തുക]

രതിമൂർച്ച ഉണ്ടാകുന്നത് കൊണ്ട് ധാരാളം ഗുണങ്ങൾ ഉണ്ട്. നല്ല ഉറക്കം ലഭിക്കുന്നു, സ്‌ട്രെസ് കുറയുന്നു, സന്തോഷം നൽകുന്നു, അമിതമായ രക്തസമ്മർദ്ദം കുറയ്ക്കുന്നു, വേദന കുറയ്ക്കുന്നു, പ്രത്യേകിച്ച് ചെറിയ തലവേദന, ശരീര വേദന, മൈഗ്രൈൻ ഒക്കെ നിയന്ത്രിക്കുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു, പുരുഷന്മാരിൽ പ്രോസ്ട്രേറ്റു പ്രശ്നങ്ങൾ ഒരുപരിധിവരെ പരിഹരിക്കുന്നു, രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു, പങ്കാളികൾ തമ്മിലുള്ള അടുപ്പം മെച്ചപ്പെടുന്നു, നല്ല മാനസികാരോഗ്യം, ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കുന്നു, മധ്യവയസ് പിന്നിട്ടവരിൽ മെച്ചപ്പെട്ട ഓർമശക്തി, ചുറുചുറുക്ക് തുടങ്ങിയവ ഉദാഹരണമാണ്. സ്ത്രീകളിൽ ഇത് യോനിയുടെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു. നല്ല ലൈംഗികത ആസ്വദിക്കുന്ന പങ്കാളികൾക്ക് ഇതിന്റെ ഗുണങ്ങൾ ലഭിക്കുന്നു. പ്രത്യേകിച്ചു അൻപത് വയസ് പിന്നിട്ടവർ രതിമൂർച്ഛയുടെ ഗുണങ്ങൾ മനസിലാക്കി നല്ല ലൈംഗികജീവിതം നയിക്കാൻ ശ്രമിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. രതിമൂർച്ഛ ലഭിക്കുന്നതിന് എന്തെങ്കിലും തടസം ഉണ്ടായാൽ ആരോഗ്യ പ്രവർത്തകരെ കണ്ടു പരിഹാരമാർഗം തേടാം[21][22][23].

ലോക രതിമൂർച്ഛാ ദിനം

[തിരുത്തുക]

പല രാജ്യങ്ങളിലും ഓഗസ്റ്റ് 8 ലോക രതിമൂർച്ഛ ദിനം അഥവാ അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനമായി ആചരിച്ചു വരുന്നു. ബ്രസീലിൽ ആണ് ലോക വനിത രതിമൂർച്ഛ ദിനം ആദ്യമായി നിലവിൽ വന്നത്. ഇത് സ്ത്രീ ലൈംഗികത, രതിമൂർച്ഛ, അതിന്റെ ഗുണങ്ങൾ എന്നിവയെപ്പറ്റി ബോധവൽക്കരണം നടത്താനും അതുവഴി രതിമൂർച്ഛയിലെ ജൻഡർ അസമത്വം പരിഹരിക്കാനും വേണ്ടി ഉദ്ദേശിച്ചുള്ളതാണ്. ഇതിന്റെ മുന്നോടിയായി ഓഗസ്റ്റ് 2 ദേശീയ രതിമൂർച്ഛാ ദിനമായി (നാഷണൽ ഓർഗാസം ഡേ) യുഎസ്എ, കാനഡ, യുകെ, ജർമ്മനി, നെതർലൻഡ്‌സ്, ഓസ്‌ട്രേലിയ‌ തുടങ്ങിയ രാജ്യങ്ങൾ ആചരിക്കുന്നു[24][25].

രതിമൂർച്ഛ ലോക സമാധാനത്തിന് എന്ന സന്ദേശവുമായി "ഗ്ലോബൽ ഓർഗാസം ഫോർ പീസ്" ഡിസംബർ 22 രണ്ടായിരത്തിയാറിൽ തുടങ്ങി ചില വർഷങ്ങളിൽ ആക്ടിവിസ്റ്റുകൾ ആചരിച്ചിരുന്നു. സ്ട്രെസ് കുറക്കുന്ന, നല്ല ഉറക്കം ലഭിക്കുന്ന, മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്ന രതിമൂര്ച്ഛയുടെ ഗുണങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടാണ് ഈ ദിനം ആചരിച്ചത്[26] [27].

വാർദ്ധക്യത്തിൽ

[തിരുത്തുക]

മധ്യവയസിലും വാർദ്ധക്യത്തിലും സന്തോഷകരമായ ലൈംഗിക ആസ്വാദനം നിലനിൽക്കുന്നു എന്നാണ് മാസ്‌റ്റേഴ്‌സ് ആൻഡ് ജോൺസൺസിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നത്. എങ്കിലും 50 വയസ് കഴിയുമ്പോഴേക്കും പല ആളുകളിലും ലൈംഗിക പ്രശ്‌നങ്ങളും അസ്വസ്ഥതകളും ഉണ്ടാകാം. ഉദ്ധാരണം കിട്ടുന്നില്ല എന്ന് പുരുഷനും, ചെറുമക്കളായി, ഇനിയെന്ത് എന്ന് സ്ത്രീകളും ചിന്തിച്ചുതുടങ്ങുന്ന പ്രായമാണ് മധ്യവയസ്. 45 അല്ലെങ്കിൽ 50 വയസ് പിന്നിടുന്നതോടെ പല സ്ത്രീകൾക്കും സംഭോഗം വേദനിപ്പിക്കുന്ന, മടുപ്പിക്കുന്ന ഒരു പ്രക്രിയ മാത്രമായിത്തീരുന്നു. മധ്യവയസിലേക്ക് പ്രവേശിക്കുന്ന സ്ത്രീ പുരുഷന്മാരിൽ നടക്കുന്ന ശാരീരിക, മാനസിക മാറ്റങ്ങളും, പ്രമേഹം, അമിത കൊളെസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളിൽ നിന്നുണ്ടാകുന്ന വെല്ലുവിളികളുമാണിതിന് കാരണം[28][29].

സ്ത്രീ ലൈംഗികതയിലെ ഒരു പ്രധാന ഘട്ടമാണ് ആർത്തവവിരാമം. മധ്യവയസ് പിന്നിടുന്നതോടെ സ്ത്രീയുടെ അണ്‌ഡോത്പാദനവും ആർത്തവവും അവസാനിക്കുന്നു. ഇത് സാധാരണയായി 45 വയസിനും 55 വയസിനും ഇടയിലാണ് ഉണ്ടാകുന്നത്. ആർത്തവവിരാമം (Menopause) സ്ത്രീയിൽ ഈസ്ട്രജൻ ഹോർമോണിന്റെ സ്ത്രീകളുടെ യോനിയിലെ സ്നേഹദ്രവത്തിന്റെ ഉത്പാദനം കുറഞ്ഞു വരണ്ടതാവുകയും (യോനീ വരൾച്ച) യോനിയിലെ ഉൾതൊലിയുടെ കനം കുറയുകയും ചെയ്യുന്നു. ഈ മാറ്റങ്ങൾ കാരണം ലൈംഗികബന്ധം അസ്വസ്ഥതയുള്ളതോ അസ്സഹനീയമായ വേദനയുള്ളതായി തീരുകയോ ചെയ്യുന്നു. ഇത് ലൈംഗിക താല്പര്യം ഇല്ലാതാക്കുന്നു. ആർത്തവവിരാമത്തിന്റെ ഫലമായി സ്ത്രീകളിൽ അമിതമായ ചൂട്, വിഷാദരോഗം, മൂത്രാശയ അണുബാധ തുടങ്ങിയവയും അനുഭവപ്പെടുന്നു[30][31].

സ്ത്രീകൾക്കുണ്ടാകുന്ന ഈ മാറ്റങ്ങൾ തിരിച്ചറിയാതെ പങ്കാളികൾ പരസ്പരം പഴിചാരുന്നു. വേദനയും ബുദ്ധിമുട്ടും കാരണം സെക്‌സിനോട് വിരക്തിയും ചില സ്ത്രീകളിൽ കണ്ടെന്നുവരും. അമിതമായ മതവിശ്വാസം, അറിവില്ലായ്മ എന്നിവയും ഇതിന് കാരണമാകുന്നു .[32]

വാസ്തവത്തിൽ ഏത് പ്രായത്തിലുള്ള ആളുകൾക്കും രതിമൂർച്ഛ ഉണ്ടാകാറുണ്ട്. വർദ്ധക്യത്തിൽ ചിലപ്പോൾ അതിന് അല്പം സമയമെടുത്തെന്ന് വരാം. അതല്ലാതെ രതിമൂർച്ഛ ഇല്ലാതാകുന്നില്ല. ഒരു ഡോക്ടറുടെ നിർദേശപ്രകാരം വയാഗ്ര പോലെയുള്ള മരുന്നുകൾ ഉപയോഗിക്കുന്നത് പുരുഷന്മാരിൽ ഉദ്ധാരണത്തിന് സഹായിക്കുന്നു. ഉദ്ധാരണശേഷി തീർത്തും നഷ്ടമായ പുരുഷന്മാർക്ക് ലിംഗത്തിൽ ഘടിപ്പിക്കുന്ന സ്റ്റെന്റ് പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കാം. പ്രമേഹരോഗം, അമിത കൊളെസ്ട്രോൾ, അമിത രക്തസമ്മർദ്ദം, അതിമദ്യാസക്തി, പുകവലി, മാനസിക സമ്മർദ്ദം തുടങ്ങിയവ നിയന്ത്രിച്ചു നിർത്തുന്നത് ലൈംഗികശേഷി, ലിംഗ ഉദ്ധാരണം എന്നിവ നിലനിർത്താൻ സഹായിക്കും. യോനി വരൾച്ച, വേദനാജനകമായ ലൈംഗികബന്ധം തുടങ്ങിയവ അനുഭവപ്പെടുന്നവർ ഫാർമസി, ഓൺലൈൻ തുടങ്ങിയ മാർഗങ്ങളിലൂടെ ലഭ്യമാകുന്ന ഏതെങ്കിലും മികച്ച ജലാംശമുള്ള കൃത്രിമ സ്നേഹകങ്ങൾ അഥവാ ലൂബ്രിക്കന്റ് ജെല്ലി (ഉദാ: കെവൈ ജെല്ലി) ഉപയോഗിക്കുന്നത് വേദനയും, ബുദ്ധിമുട്ടും പരിഹരിക്കാനും ലൈംഗിക ആസ്വാദനം മെച്ചപ്പെടുത്തുവാനും സഹായിക്കും. ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഈസ്ട്രജന് അടങ്ങിയ ജെല്ലി ഉപയോഗിക്കുന്നത് ഏറ്റവും ഫലപ്രദമാണ്. ഇത്‌ യോനി ചർമത്തിന്റെ കട്ടിയും ഈർപ്പവും നിലനിർത്തുകയും രതിമൂർച്ഛ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ഇടയ്ക്ക് ഉണ്ടാകാനിടയുള്ള അണുബാധ ഒഴിവാക്കുകയും ചെയ്യും. ദീർഘനേരം ആമുഖലീലകൾ അഥവാ ഫോർപ്ലെയിൽ ഏർപ്പെടുന്നത് മേനോപോസിനു ശേഷം സ്ത്രീകളിൽ ലൈംഗിക ഉത്തേജനം ഉണ്ടാകാൻ ഒരു പരിധി വരെ സഹായിക്കും. ഇതിന് പങ്കാളിയുമായി തുറന്ന ചർച്ച അത്യാവശ്യമാണ്. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക എന്നത് മധ്യവയസ്ക്കരിലെ ലൈംഗികജീവിതത്തിന്റെ ആസ്വാദ്യത നിലനിർത്തുന്നു. പതിവായി വ്യായാമം ചെയ്യുക, ധാരാളം പഴങ്ങളും, പച്ചക്കറികളും, പരിപ്പുവര്ഗങ്ങളും, മത്സ്യവും, മുട്ടയും മറ്റും അടങ്ങിയ പോഷകസമൃദ്ധമായ ആഹാരം കഴിക്കുക, ഭക്ഷണത്തിൽ അമിതമായ മധുരം, കൊഴുപ്പ്, ഉപ്പ്, അന്നജം, വറുത്തതും പൊരിച്ചതും എന്നിവയുടെ ഉപയോഗം കുറയ്ക്കുക, അതിമദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക, 8 മണിക്കൂർ ഉറങ്ങുക, മാനസിക സമ്മർദം കുറയ്ക്കാൻ വേണ്ടിയുള്ള നടപടികൾ എടുക്കുക, സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക തുടങ്ങിയവ ഏതു പ്രായത്തിലും ആരോഗ്യവും ചുറുചുറുക്കും രതിമൂർച്ഛയും നിലനിർത്താൻ സഹായിക്കുന്നു[33][34][35][36][37][38].

രതിമൂർച്ഛ ഇല്ലായ്മ

[തിരുത്തുക]

രതിമൂർച്ഛ അനുഭവപ്പെടാത്ത അവസ്ഥയെ രതിമൂർച്ഛയില്ലായ്മ എന്ന്‌ പറയുന്നു. ഏറ്റവും കൂടുതൽ രതിമൂർച്ഛ അനുഭവിക്കുന്നത് നോർവേ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ ആളുകളാണെന്ന് ചില സർവേകൾ പറയുന്നു. ഇന്ത്യയിലെ 70% സ്ത്രീകൾക്കും സംഭോഗസമയത്ത് രതിമൂർച്ഛ അനുഭവപ്പെടുന്നില്ല എന്നാണ് ഒരു പഠനം തെളിയിക്കുന്നത്. സ്ത്രീകൾ ലൈംഗികതയെപ്പറ്റി സംസാരിക്കുന്നത് മോശമായി കണക്കാക്കുക, രതിമൂർച്ഛ പുരുഷന് മാത്രമാണ് എന്ന തെറ്റിദ്ധാരണ, ലൈംഗികാസ്വാദനം പാപമാണ് എന്ന ധാരണ, ലൈംഗികപ്രശ്നങ്ങൾ ഉണ്ടായാൽ ചികിത്സ തേടാൻ മടിക്കുക, ശരിയായ ചികിത്സ സൗകര്യങ്ങൾ ലഭ്യമല്ലാതിരിക്കുക, ലൈംഗികതയെപ്പറ്റി ശാസ്ത്രീയമായ അറിവില്ലായ്മ, മതിയായ ആമുഖലീലകൾ അഥവാ ഫോർപ്ലേയുടെ കുറവ്, കൃസരി അഥവാ ഭഗശിശ്‌നിക ശരിയായ രീതിയിൽ ഉത്തേജിപ്പിക്കാതിരിക്കുക, ഉത്തേജനക്കുറവ്, യോനിവരൾച്ച, വാജിനിസ്മസ്, ഹോർമോൺ വ്യതിയാനങ്ങൾ, ആർത്തവവിരാമം അഥവാ മേനോപോസ്, എൻഡോമെട്രിയോസിസ്, വേദനാജനകമായ സംഭോഗം, വിഷാദരോഗം, ലൈംഗിക താല്പര്യക്കുറവ്, പങ്കാളിയുടെ വൃത്തിക്കുറവ്, ശരീരദുർഗന്ധം, വായനാറ്റം, ചെറുപ്പത്തിലെ ലൈംഗികപീഡനം, വൈവാഹിക ബലാത്സംഗം, നിർബന്ധിച്ചുള്ള സംഭോഗം, പുരുഷന്മാരിൽ ലിംഗ ഉദ്ധാരണക്കുറവ് തുടങ്ങിയവ ഇതിന് കാരണമാണ്. ചില രോഗങ്ങളും മരുന്നുകളും രതിമൂർച്ഛയ്ക്ക് തടസം സൃഷ്ടിക്കുന്നു. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഡോക്ടറോട് തുറന്നു സംസാരിച്ചു പരിഹാരം തെടാവുന്നതേയുള്ളു. ഇത് മാത്രമല്ല മാനസിക പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട്, കുടുംബപ്രശ്‌നങ്ങൾ, ഭാവിയെക്കുറിച്ചുളള ഉത്കണ്ഠ, പങ്കാളിയോടുള്ള അകൽച്ച, അമിതമായ ജോലിഭാരം, ക്ഷീണം, ലൈംഗിക ചിന്തകളുടെയും ഭാവനയുടെയും അഭാവം എന്നിവയെല്ലാം രതിമൂർച്ഛയ്ക്ക് തടസമാണെന്ന് പഠനങ്ങൾ പറയുന്നു[39][40][41].

ആർത്തവവിരാമവും രതിമൂർച്ഛയും

[തിരുത്തുക]

ധാരാളം സ്ത്രീകൾ ആർത്തവം നിലച്ചതിന് ശേഷവും സന്തോഷകരമായ ലൈംഗികജീവിതം നയിക്കാറുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ ഈ കാലഘട്ടത്തിൽ ഉണ്ടാകുന്ന ചില ശാരീരിക മാറ്റങ്ങൾ സ്ത്രീ ലൈംഗികതയെ, രതിമൂർച്ഛയെ സാരമായി ബാധിക്കാറുണ്ട്. 45 അല്ലെങ്കിൽ 55 വയസിന് ശേഷം ആർത്തവം നിലയ്ക്കുന്നതോടെ സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജൻ, പ്രൊജസ്റ്റിറോൺ, ടെസ്‌റ്റോസ്റ്റിറോൺ തുടങ്ങിയ ഹോർമോണുകളുടെ അളവ് താഴുന്നു. ഇക്കരണത്താൽ യോനിയിൽ നനവ് നൽകുന്ന ബർത്തോലിൻ ഗ്രൻഥിയുടെ പ്രവർത്തനം കുറയുക, യോനി ഭാഗത്തേക്ക്‌ രക്തയോട്ടം കുറയുക, അതുമൂലം യോനീ വരൾച്ച അനുഭവപ്പെടുക (വാജിനൽ ഡ്രൈനസ്), യോനിചർമ്മത്തിന്റെ കട്ടി കുറയുക, ചിലപ്പോൾ അണുബാധ തുടങ്ങിയവ ഉണ്ടാകാം. ഇക്കാരണത്താൽ ലൈംഗികബന്ധം വേദനയോ, ബുദ്ധിമുട്ടോ ഉള്ളതും, യോനിയിൽ ചെറിയ മുറിവുകൾ, പോറലുകൾ എന്നിവ ഉണ്ടാകാനും, രതിമൂർച്ഛ ഇല്ലാതാകാനും കാരണമാകാം. തന്മൂലം വേദനാജനകമായ ലൈംഗികബന്ധം മൂലം പല സ്ത്രീകളും സംഭോഗത്തോട് വെറുപ്പും വിരക്തിയും കാണിക്കാറുണ്ട്. ഹോർമോൺ കുറവ് മൂലം ചിലരിൽ ലൈംഗിക താല്പര്യക്കുറവും ഉണ്ടാകാം. പല സ്ത്രീകളും അവരുടെ ഭർത്താക്കന്മാരോ പങ്കാളികളോ ഇതേപറ്റി ശരിയായ അറിവ് ഉള്ളവരല്ല. മടിയോ ലജ്ജയോ വിചാരിച്ചു ഇക്കാര്യങ്ങൾ ആരോഗ്യ വിദഗ്ദരോട് പോലും ചർച്ച ചെയ്യാതെ മറച്ചു വെക്കുന്നത് പലരുടെയും ജീവിതത്തെ തന്നെ മോശമായി ബാധിക്കാറുണ്ട്.

എന്നാൽ ഇതിന് ഏറ്റവും ലളിതവും, ശാസ്ത്രീയവുമായ പലതരം ചികിത്സകൾ ഇന്ന് ലഭ്യമാണ്. യോനീ വരൾച്ച അനുഭവപ്പെടുന്ന സ്ത്രീകൾ ബന്ധപ്പെടുമ്പോൾ കഴിവതും ഒരു മികച്ച ലൂബ്രിക്കന്റ് ജെല്ലി (കൃത്രിമ സ്നേഹകങ്ങൾ), വജൈനൽ മൊയിസ്ച്ചറൈസറുകൾ തുടങ്ങിയവ ഉപയോഗിക്കണം. ഇത് വരൾച്ചയും, വേദനയും പരിഹരിക്കുക മാത്രമല്ല സുഖകരമായ സംഭോഗത്തിന് സഹായിക്കുകയും ചെയ്യുന്നു. ഫാർമസികളിലും സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ വഴിയും ഇന്ന് ഗുണമേന്മയുള്ള ലുബ്രിക്കന്റുകൾ ലഭ്യമാണ് (ഉദാ: കെവൈ ജെല്ലി, ഡ്യൂറക്സ് തുടങ്ങിയവ). ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഈസ്ട്രജൻ അടങ്ങിയ ജൽ അല്ലെങ്കിൽ ക്രീം ഉപയോഗിക്കുന്നത് ആർത്തവം നിലച്ചവർക്കുള്ള ഏറ്റവും ഫലപ്രദമായ ചികിത്സ ആണ്. ഇതിനെ 'വാജിനൽ ഈസ്ട്രജൻ തെറാപ്പി' എന്ന് പറയുന്നു. അതുവഴി ചെറിയ അളവിൽ ഈസ്ട്രജൻ ഹോർമോൺ യോനിഭാഗത്ത്‌ ലഭ്യമാകുന്നു. ഇത് യോനീചർമത്തിന്റെ കട്ടി വർധിക്കാനും, യോനിയുടെ സ്വഭാവികമായ ഈർപ്പം നിലനിർത്താനും, ഇടയ്ക്ക് ഉണ്ടാകുന്ന അണുബാധ തടയുവാനും, രതിമൂർച്ഛ അനുഭവപ്പെടാനും ഗുണകരമാണ്. ഇത് ലൈംഗിക വിരക്തി പരിഹരിക്കുകയും താല്പര്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ലൂബ്രിക്കേഷന് വേണ്ടി സസ്യ എണ്ണകൾ, വാസലിൻ, ബേബി ഓയിൽ തുടങ്ങിയവ ഉപയോഗിക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും എന്നതിനാൽ ഒഴിവാക്കണം. ദീർഘനേരം ആമുഖലീലകൾ (ബാഹ്യകേളി) അഥവാ ഫോർപ്ലേയിൽ (Foreplay) ശരിയായ ഉത്തേജനത്തിന് അനിവാര്യമാണ്. യോനിയിലെ അണുബാധ, വജൈനിസ്മസ് അഥവാ യോനീസങ്കോചം, വൾവോഡയനിയ, എൻഡോമെട്രിയോസിസ്, ഗർഭാശയ മുഴകൾ, ഗർഭാശയ കാൻസർ, മലബന്ധം, ബാഹ്യകേളിയുടെ കുറവ്,  ലൈംഗിക ഉത്തേജനക്കുറവ്, യോനീ വരൾച്ച, പ്രമേഹംതുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്ക് ലൈംഗികമായി ബന്ധപ്പെടുമ്പോൾ വേദനയും ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട്, എന്നതിനാൽ അത്തരം രോഗങ്ങൾ ഇല്ല എന്ന് ഉറപ്പ് വരുത്താൻ ആവശ്യമായ പരിശോധനകളും സ്വീകരിക്കേണ്ടതുണ്ട്. ഒരു ഗൈനക്കോളജിസ്റ്റിന്റെ നേതൃത്വത്തിൽ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (HRT) മേനോപോസിന്റെ ബുദ്ധിമുട്ടുകളെ അകറ്റും. പതിവായ ലൈംഗികബന്ധം, കെഗൽ വ്യായാമം എന്നിവ യോനിയുടെ ആകൃതിയും ഈർപ്പവും നിലനിർത്തുകയും, വസ്തി പ്രദേശത്തെ മസിലുകളുടെ ബലവും രക്തയോട്ടവും വർധിപ്പിക്കുകയും അജിതേന്ദ്രിയം ഉണ്ടാകാനുള്ള സാധ്യത കുറക്കുകയും രതിമൂർച്ഛ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

വൈബ്രേറ്റർ

[തിരുത്തുക]

വൈബ്രേറ്റർ (Vibrator) എന്നാൽ വൈബ്രേറ്റ് ചെയ്യാൻ കഴിവുള്ള സ്ത്രീകൾക്ക് രതിമൂർച്ഛ അനുഭവപ്പെടാൻ സഹായകരമായ ഒരു ഉപകരണമാണിത്. ഇതൊരു ചികിത്സാ ഉപകരണം കൂടിയാണ്. ഹിസ്റ്റീരിയ പോലെയുള്ള രോഗാവസ്ഥയുടെ ചികിത്സയിൽ ഇവ ഉപയോഗപ്പെടുത്തി വരുന്നു.

ലൈംഗിക ഉത്തേജനത്തിന് ബുദ്ധിമുട്ടു അനുഭവപ്പെടുന്നവരും, രതിമൂർച്ഛ അനുഭവപ്പെടാൻ ബുദ്ധിമുട്ടുന്നവരും, കൂടുതൽ മെച്ചപ്പെട്ട ലൈംഗിക ആസ്വാദനം ആഗ്രഹിക്കുന്ന ദമ്പതികൾ അഥവാ പങ്കാളികളും ഇവ ഉപയോഗിക്കാറുണ്ട്. ബാഹ്യകേളിഅഥവാ ഫോർപ്ലേയുടെ ഭാഗമായി പങ്കാളിയുടെ സഹായത്തോടെയോ അല്ലെങ്കിൽ സ്വയമേവയോ സ്ത്രീകൾക്ക് ഇവ ഉപയോഗിക്കാം. സ്ത്രീകൾ സ്വയംഭോഗത്തിലും ഇവ ഉപയോഗപ്പെടുത്താറുണ്ട്. രതിമൂർച്ഛ അനുഭവപ്പെടാൻ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് ഡോക്ടർമാരും സെക്സ് തെറാപിസ്റ്റുകളും ഈ ഉപകരണം ശുപാർശ ചെയ്തു കാണുന്നു. ഇത് പങ്കാളികൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് സന്തോഷകരവും സംതൃപ്തികരവുമായ രതിമൂർച്ഛ കൈവരിക്കാൻ സഹായിക്കുന്നു. കൃസരിയിൽ നേരിട്ട് മൃദുവായ മസാജ് കൊടുക്കുന്നത് വഴിയാണ് സ്ത്രീകളിൽ രതിമൂർച്ഛ എളുപ്പം സാധ്യമാകുന്നത്. അതിനാൽ സ്ത്രീപുരുഷന്മാരിലെ 'ഒർഗാസം ഗ്യാപ്' പരിഹരിക്കാൻ ഇവ ഏറെ അനുയോജ്യമാണ് എന്ന് കരുതപ്പെടുന്നു. ഇത് കേവലം ലൈംഗിക കളിപ്പാട്ടമായി കാണാൻ സാധിക്കില്ല, മെഡിക്കൽ ആവശ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നതിനാലാണിത്. വിദേശ രാജ്യങ്ങളിൽ ഫാർമസികളിലും സൂപ്പർമാർക്കറ്റുകളിലും മറ്റും വളരെ സാർവത്രികമായി ലഭ്യമാകുന്ന ഇവ ഇന്ത്യയിൽ ഓൺലൈൻ മാർഗത്തിലും മറ്റും ലഭ്യമാണ്. ഇവ പല തരത്തിലുണ്ട്. ഉപയോഗിക്കുന്ന രീതിയും ലളിതമാണ്.

ഇതും കാണുക

[തിരുത്തുക]

*രതിമൂർച്ഛയില്ലായ്മ

*യോനീസങ്കോചം

*യോനീ വരൾച്ച

*രതിസലിലം

*വജൈനിസ്മസ്

*ആർത്തവവിരാമവും ലൈംഗികതയും

*പ്രമേഹവും ലൈംഗിക പ്രശ്നങ്ങളും

*കൃത്രിമ സ്നേഹകങ്ങൾ

*ഉദ്ധാരണശേഷിക്കുറവ്

*ബാഹ്യകേളി

*വേദനാജനകമായ ലൈംഗികബന്ധം

*സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം

*വാർദ്ധക്യത്തിലെ ലൈംഗികത

*ലൈംഗികബന്ധം

അവലംബം

[തിരുത്തുക]
  1. "Orgasm: What is it, what does it feel like, and more". www.medicalnewstoday.com. www.medicalnewstoday.com. Retrieved 2009-08-18.
  2. "Differences in Orgasm Frequency Among Gay, Lesbian, Bisexual". pubmed.ncbi.nlm.nih.gov.
  3. "What Do Female Orgasms Feel Like? A Sex Therapist". www.allure.com.
  4. സന്തോഷ് ബാബു; ഡോ. കെ. പ്രമോദ് (2 ജൂൺ 2014). "രതിഭാവമന്ദാരങ്ങൾ". മലയാളമനോരമ. Archived from the original (പത്രലേഖനം) on 2014-06-03. Retrieved 3 ജൂൺ 2014.
  5. "Orgasm: What Does It Feel Like and How to Have Them - Healthline". www.healthline.com.
  6. "Seven types of male orgasm: how to have each one". uk.style.yahoo.com. Retrieved 2022-05-19.
  7. "Orgasm | Psychology Today". www.psychologytoday.com.
  8. "\Female orgasm: Everything you need to know". www.medicalnewstoday.com.
  9. "How to Have an Orgasm (for Women)". www.wikihow.com.
  10. "Female Orgasm: 13 FAQs About Types, How to Have One, and More". www.healthline.com.
  11. "kama-sutraKama Sutra | Encyclopedia.com". www.encyclopedia.com.
  12. "What Does an Orgasm Feel Like? - The Body". www.thebody.com. Retrieved 2022-05-19.
  13. "How can you tell when a person has an orgasm?". www.plannedparenthood.org.
  14. "Foreplay, Play, Orgasm, and Post-Orgasm | Psychology Today". www.psychologytoday.com.
  15. "How to do foreplay: 11 tips for better love play before sex". www.netdoctor.co.uk.
  16. "Great Books on the Evolved Psychology of Sex and Passion". www.psychologytoday.com. Retrieved 2022-05-19.
  17. "The Science of Orgasm | Hopkins Press". www.press.jhu.edu › books.
  18. "Masters and Johnson | Pioneers of Sex Therapy & Research". www.britannica.com.
  19. "Human sexual response cycle". en.wikipedia.org.
  20. "fluid gush orgasm - തിരയുക". Retrieved 2022-05-19.
  21. Staff, A. O. L. "The 5 Health Benefits of Having an Orgasm | SELF". www.self.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2022-05-19.
  22. "Orgasm: What is an Orgasm, Types of Orgasms & Health Benefits". my.clevelandclinic.org.
  23. "Benefits of Orgasms: The Complete Medical Guide - The Body". www.thebody.com.
  24. "Happy National Orgasm Day | Psychology Today". www.psychologytoday.com.
  25. "It's time to celebrate. Today is International Female Orgasm Day". www.news.com.au.
  26. "International Female Orgasm Day 2023: Here's a guide". www.financialexpress.com.
  27. "Seven amazing health benefits of orgasms".
  28. "Sex in Your 50s and 60s: 7 Frequently Asked Questions". www.healthline.com.
  29. "Sexuality and Intimacy in Older Adults". www.nia.nih.gov.
  30. "Yes, You Can Have an Orgasm After Menopause: 19 Tips - Healthline". www.healthline.com.
  31. "Sex and Menopause | The North American Menopause Society". www.menopause.org.
  32. "sex after sixty women - തിരയുക". Retrieved 2022-05-19.
  33. "Redefining sexual health for benefits throughout life". www.who.int.
  34. "Sexual desire in older women: What a study finds may ... - CNN". www.cnn.com.
  35. "Sex drive: 8 ways to boost your libido naturally". www.netdoctor.co.uk.
  36. "Yes, You Can Have an Orgasm After Menopause: 19 Tips - Healthline". www.healthline.com.
  37. "www.menopause.org". www.menopause.org.
  38. "Sexual health Sex and aging - Mayo Clinic". www.mayoclinic.org.
  39. "Orgasmic Dysfunction: Causes, Symptoms, and Treatments". www.healthline.com. Retrieved 2022-05-19.
  40. "Anorgasmia in women - Diagnosis and treatment - Mayo Clinic". www.mayoclinic.org.
  41. "How Sex Changes After Menopause | Johns Hopkins Medicine". www.hopkinsmedicine.org.

കുറിപ്പുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രതിമൂർച്ഛ&oldid=4107932" എന്ന താളിൽനിന്ന് ശേഖരിച്ചത്