സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം
| സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം | |
|---|---|
| മറ്റ് പേരുകൾ | കാൻഡേസ് സിൻഡ്രോം,[1] സ്ത്രീ ലൈംഗിക താൽപ്പര്യം / ഉത്തേജന വൈകല്യം |
| സ്പെഷ്യാലിറ്റി | സൈക്യാട്രി, ഗൈനക്കോളജി |
ലൈംഗിക ഉത്തേജനം നേടുന്നതിനോ അല്ലെങ്കിൽ ഒരു ലൈംഗികബന്ധം പൂർത്തിയാകുന്നതുവരെ ഉത്തേജനം നിലനിർത്തുന്നതിനോ സ്ഥിരമായതോ ആവർത്തിച്ചുള്ളതോ ആയ കഴിവില്ലായ്മയാണ് സ്ത്രീ ലൈംഗിക ഉത്തേജന വൈകല്യം (ഫീമെയ്ൽ സെക്സ്‌ഷ്വൽ ഏറോഷൽ ഡിസോഡർ-Female Sexual Arousal Disorder/ FSAD). ലൈംഗിക ബന്ധത്തിന്റെ ഏത് ഘട്ടത്തിലും ഒരു സ്ത്രീ നേരിടുന്ന ബുദ്ധിമുട്ടുകളെ സ്ത്രീ ലൈംഗിക വൈകല്യം എന്ന് വിളിക്കാം.
ശാരീരികവും മാനസികവുമായ സുഖം, ലൈംഗിക താല്പര്യം, യോനിയിലെ ലൂബ്രിക്കേഷൻ, രതിമൂർച്ഛ എന്നിവയുൾപ്പെടെ സാധാരണ ലൈംഗിക പ്രവർത്തനത്തിന്റെ ഏത് ഘട്ടത്തിലും ഒരു വ്യക്തിയോ പങ്കാളിയോ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് സെക്സ്ഷ്വൽ ഡിസ്ഫൻഷൻ. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ആഗ്രഹത്തിന്റെ അഭാവം, യോനീസങ്കോചം (വജൈനിസ്മസ്), യോനീ വരൾച്ച, വേദനാജനകമായ ലൈംഗികബന്ധം,രതിമൂർച്ഛയില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു സ്ത്രീക്ക് ലൈംഗികശേഷി കുറവാണെന്ന് പറയപ്പെടുന്നു. ഇതിന് ചികിത്സ ആവശ്യമാണ്.[2]
ശാരീരികമായ ബുദ്ധിമുട്ടുകൾ കൊണ്ടോ, മാനസിക പ്രശ്‌നങ്ങൾ കൊണ്ടോ അല്ലെങ്കിൽ പങ്കാളിയുടെ മോശം പെരുമാറ്റം കൊണ്ടോ ലൈംഗികതയോടുള്ള ഭയമോ വെറുപ്പോ കൊണ്ടോ പല സ്ത്രീകളിലും ലൈംഗിക ഉത്തേജന വൈകല്യം ഉണ്ടാകാം. പുരുഷാധിപത്യ സമൂഹങ്ങളിൽ സ്ത്രീകൾക്കുള്ള സാമൂഹികമായ വിലക്കുകൾ കൊണ്ടും മറ്റു ചിലപ്പോൾ പാപചിന്ത കൊണ്ടും ഇങ്ങനെ സംഭവിക്കാം. ചിലപ്പോൾ ബാഹ്യകേളികളുടെ (foreplay) അഭാവത്തിൽ ഇങ്ങനെ സംഭവിക്കാം എങ്കിലും അത് ഇത്തരം രോഗാവസ്ഥയായി കണക്കാക്കാൻ സാധിക്കില്ല.
45-55 വയസ് പിന്നിട്ട ആർത്തവവിരാമം (Menopause) എന്ന ഘട്ടത്തിൽ എത്തിയ സ്ത്രീകളിലും, ഈസ്ട്രജൻ ഹോർമോൺ വ്യതിയാനങ്ങൾ, പ്രമേഹം, അമിത കൊളസ്ട്രോൾ, വിഷാദരോഗം, ഗർഭാശയ മുഴ, എൻഡോമെട്രിയോസിസ്, ഗർഭാശയമുഖ കാൻസർ തുടങ്ങിയ രോഗാവസ്ഥകളിലും ഇത്തരം പ്രശ്നം ഉണ്ടാകുന്നത് സാധാരണമാണ്. ഇത് പലപ്പോഴും സ്ത്രീകളുടെ ദാമ്പത്യ ജീവിതത്തെ മോശമായി ബാധിക്കാറുണ്ട്.
ഉദാഹരണത്തിന്: ആർത്തവം നിലച്ച സ്ത്രീകളിൽ ഹോർമോൺ ഉത്പാദനത്തിലെ കുറവ് മൂലം യോനി ചർമം നേർത്തും വരണ്ടും കാണപ്പെടുന്നു. ഇത് ലൈംഗികബന്ധം ബുദ്ധിമുട്ടേറിയതും വേദനയുള്ളതുമാക്കി തീർക്കുന്നു. രതിമൂർച്ഛ ഇല്ലാതാകുന്നു. അതിനാൽ ഈ പ്രായത്തിലുള്ള സ്ത്രീകളിൽ (45/55 പിന്നിട്ട) ലൈംഗികതയോട് താല്പര്യക്കുറവ് സ്വാഭാവികമാണ്. എന്നാൽ ഇതിന് പലതരം ലളിതമായ ചികിത്സകൾ ഇന്ന് ലഭ്യമാണ്. ലൈംഗികമായി ബന്ധപ്പെടുമ്പോൾ ഫാർമസിയിൽ ലഭ്യമായ കേവൈ, ഡ്യുറക്സ് തുടങ്ങിയ വാട്ടർ ബേസ്ഡ് ലൂബ്രിക്കന്റ് ജെല്ലി, കൂടുതൽ ഫലപ്രദമായ ഈസ്ട്രജൻ ഹോർമോൺ അടങ്ങിയ ജെല്ലി തുടങ്ങിയവ ഇവർക്ക് ഉപയോഗിക്കാവുന്നതാണ്. ലളിതമായ കെഗൽ വ്യായാമം പലർക്കും ശുപാർശ ചെയ്യപ്പെടുന്നു.
ഒരു വിദഗ്ദ ഡോക്ടറുടെ അല്ലെങ്കിൽ സെക്സോളജിസ്റ്റിന്റെ നേതൃത്വത്തിൽ ശാസ്ത്രീയമായ ചികിത്സ ഇത്തരം പ്രശ്നങ്ങൾക്ക് ആവശ്യമാണ്. എന്നാൽ നാണക്കേടോ മടിയോ വിചാരിച്ചു ഇത്തരം പ്രശ്നങ്ങൾ പങ്കാളിയുമായോ ചിലപ്പോൾ ആരോഗ്യ പ്രവർത്തകരുമായി പോലുമോ ചർച്ച ചെയ്യാനോ ചികിത്സ തേടാനോ പലപ്പോഴും ആളുകൾ മടിക്കുന്നു എന്നതാണ് വാസ്തവം. ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം, അറിവില്ലായ്മ, സ്ത്രീകൾ ലൈംഗികതയെ പറ്റി തുറന്നു സംസാരിക്കുന്നത് മോശമായി കാണുക തുടങ്ങിയവ ഇതിനൊരു പ്രധാന കാരണമാണ്. [3]
അവലംബം
[തിരുത്തുക]- ↑ "Female Sexual Arousal Disorder". BehaveNet. Retrieved 2013-05-16.
- ↑ "Low sex drive (loss of libido)" (in ഇംഗ്ലീഷ്). 2017-10-19. Retrieved 2023-01-19.
- ↑ "Female Sexual Arousal Disorder: Symptoms, Causes, and Treatment" (in ഇംഗ്ലീഷ്). 2019-05-08. Retrieved 2023-01-19.