ഉദ്ധാരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Male body erection study.jpg

ലിംഗം (Penis) രക്തം നിറഞ്ഞു ദൃഢമാവുന്ന ഒരു ശാരീരിക പ്രതിഭാസമാണ് ഉദ്ധാരണം (Erection) എന്നറിയപ്പെടുന്നത്. മനഃശാസ്‌ത്രവിഷയകവും, സിരാവിഷയകവും ധമനീവിഷയകവുമായ ഒരു സങ്കീർണ്ണമായ പരസ്പര പ്രവർത്തനം മൂലമാണ് ഉദ്ധാരണം സംഭവിക്കുന്നതെങ്കിലും, ഇത് പുരുഷ ലൈംഗികതയുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു. പുരുഷന്മാരിലെ ലൈംഗിക ഉത്തേജനത്തിന്റെ ഒരു പ്രധാന ലക്ഷണം കൂടിയാണിത്. മത്തിഷ്ക്കത്തിലെ ലൈംഗിക ഉത്തേജനമാണ് ഇതിന്റെ കാരണം. പലരിലും അതോടൊപ്പം ചെറിയ തോതിൽ വഴുവഴുപ്പുള്ള സ്രവങ്ങളും ഉണ്ടാകാറുണ്ട്. ഇത് ലൈംഗികബന്ധത്തിന് ആവശ്യമായ ലൂബ്രിക്കന്റായും, യോനിയിലെ പിഎച്ച് ക്രമീകരിച്ചു ബീജങ്ങളുടെ നിലനിൽപ്പിനും സഹായിക്കുന്നു. ഈ സ്രവത്തിൽ ബീജങ്ങളും ഉണ്ടാകാറുണ്ട്. അതിനാൽ ഗർഭധാരണത്തിനും കാരണമാകുന്നു. ഇതിനു പുറമേ, മൂത്രസഞ്ചി നിറയുമ്പോഴും ഉദ്ധാരണം സംഭവിക്കാറുണ്ട്. ചില പുരുഷന്മാരിൽ, ഏതു സമയത്തും, സ്വമേധയാ ഉദ്ധാരണം നടക്കുമ്പോൾ, ചിലരിൽ ഇത് ഉറങ്ങുന്ന സമയത്തും അതിരാവിലെയും സംഭവിക്കുന്നു. ലിംഗോദ്ധാരണം മാനസികവും ശാരീരികവുമായി ആരോഗ്യമുള്ള പുരുഷനിൽ നടക്കുന്ന സ്വാഭാവികമായ ഒരു പ്രവർത്തനം മാത്രമാണ്. മത്തിഷ്ക്കവും, നാഡീ ഞരമ്പുകളും, ഹോർമോണുകളും, ഹൃദയവും ഇതിൽ കൃത്യമായ പങ്കു വഹിക്കുന്നു. ശുക്ലസ്ഖലനത്തോടെ ഉദ്ധാരണം അവസാനിക്കുന്നു. സ്ഖലനശേഷം പുരുഷന്മാരിൽ പ്രൊലാക്ടിൻ എന്ന ഹോർമോണിന്റെ ഉത്പാദനം താത്കാലികമായി വർധിക്കുന്നു. അത് പുരുഷന്മാരെ വിശ്രാന്തിയിലേക്ക് നയിക്കുന്നു. മാനസികമോ ശാരീരികമോ ആയ കാരണങ്ങൾകൊണ്ട് ഉദ്ധാരണം ഉണ്ടാകാത്ത അവസ്ഥയെ "ഉദ്ധാരണശേഷിക്കുറവ് (Erectile dysfunction)" എന്ന്‌ വിളിക്കുന്നു. ഇത് പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങി പല രോഗങ്ങളുടെയും ഒരു ലക്ഷണം കൂടിയായി വൈദ്യശാസ്ത്രം കണക്കാക്കുന്നു.

ശരീരശാസ്‌ത്രം[തിരുത്തുക]

ലിംഗത്തിലുള്ള രണ്ട് രക്തക്കുഴലുകളിലേക്ക് (corpora cavernosa) സിരകളിലൂടെ രക്തപ്രവാഹമുണ്ടാവുകയും, അതു വഴി ഈ രക്തക്കുഴലുകൾ വീർക്കുകയും ചെയ്യുമ്പോഴാണ് ഉദ്ധാരണം സംഭവിക്കുന്നത്. ശരീരശാസ്ത്രപരമായ പല ഉത്തേജനങ്ങൾ ഈ രക്തപ്രവാഹത്തിനു കാരണമാവുന്നു. കോർപറ കവർനോസകളുടെ(corpora cavernosa) തൊട്ടുതാഴെയായി സ്ഥിതിചെയ്യുന്ന കുഴലായ കോർപ്പസ് സ്പോഞ്ചിയോസത്തിന്റെ(corpus spongiosum) അറ്റത്തുള്ള മൂത്രദ്വാരത്തിലൂടെ, മൂത്രമൊഴിക്കുമ്പോൾ മൂത്രവും, സ്‌ഖലനസമയത്ത് ശുക്ലവും, ചെറിയ തോതിൽ കൊഴുത്ത സ്രവവും പുറത്തേക്ക് വരുന്നു. ഉദ്ധാരണസമയത്ത് കോർപ്പസ് സ്പോഞ്ചിയോസവും ചെറിയ തോതിൽ വീർക്കാറുണ്ട്.

ലൈംഗികപ്രവർത്തനസമയത്ത്[തിരുത്തുക]

ഉദ്ധാരണം നടന്നതായി വസ്ത്രത്തിനു പുറത്തേക്ക് അറിയുന്നു.

മനസ്സിൽ ലൈംഗിക വികാരം ഉണ്ടാകുമ്പോൾ ഉദ്ധാരണം സംഭവിക്കുന്നു. ഉദ്ധാരണസമയത്ത് ലിംഗ അറകളിൽ ഉണ്ടാകുന്ന രക്തം നിറയൽ, ലിംഗത്തിനുണ്ടാവുന്ന വീക്കം, വലുതാവൽ, ദൃഢത എന്നിവ ലൈംഗികബന്ധം സാധ്യമാക്കുന്നു. ഉദ്ധാരണത്തോടൊപ്പം, വൃഷണസഞ്ചിയും മുറുകി ദൃഢമാവാറുണ്ട്, ഒപ്പം തന്നെ മിക്ക സന്ദർഭങ്ങളിലും, ലിംഗാഗ്രചർമ്മം പിന്നോട്ട് മാറി ലിംഗമുകുളം പുറത്തേക്ക് കാണപ്പെടുന്നു. ചിലപ്പോൾ ലിംഗം ഉദ്ധരിക്കുമ്പോൾ അല്പം വഴുവഴുപ്പുള്ള സ്രവവും പുറത്തേക്ക് വരുന്നു. ഇതൊരു ചെറിയ അണുനാശിനിയായും, ലൂബ്രിക്കന്റായും, യോനീനാളത്തിലെ പിഎച്ച് ക്രമീകരിക്കാനും അതുവഴി ബീജങ്ങൾ നശിച്ചു പോകാതിരിക്കാനും സഹായിക്കുന്നു. എല്ലാ ലൈംഗികപ്രവർത്തനങ്ങൾക്കും ഉദ്ധാരണം ഒരു അവശ്യഘടകമല്ല.

ലൈംഗികബന്ധം മൂലമോ, സ്വയംഭോഗം മൂലമോ, അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താലോ ശുക്ലസ്‌ഖലനം സംഭവിച്ചുകഴിഞ്ഞാൽ സാധാരണയായി ഉദ്ധാരണവും അവസാനിക്കും. എന്നാൽ ലിംഗത്തിന്റെ നീളവും വണ്ണവും അനുസരിച്ച് ഉദ്ധാരണം സംഭവിച്ച ലിംഗം പൂർവ്വസ്ഥിതിയിലെത്താനുള്ള സമയം വ്യത്യാസപ്പെടുന്നു. ശുക്ല സ്ഖലനത്തിനുശേഷം വീണ്ടും ഉദ്ധാരണം സംഭവിക്കാൻ കുറച്ചധികം സമയം എടുത്തേക്കാം. [1]

ആകൃതിയും വലിപ്പവും[തിരുത്തുക]

മിക്ക ലിംഗങ്ങളും ഉദ്ധാരണസമയത്ത് മുകളിലേക്ക് ചൂണ്ടിയാണ് നിൽക്കാറുള്ളതെങ്കിലും, ലിംഗത്തെ താങ്ങുന്ന അസ്ഥിബന്ധത്തിന്റെ സമ്മർദ്ദമനുസരിച്ച്, കുത്തനെയും, തിരശ്ചീനമായും, താഴേക്കു ചൂണ്ടിയുമെല്ലാം ഉദ്ധരിച്ച ലിംഗം കാണപ്പെടുന്നത് സധാരണവും, സ്വാഭാവികവുമാണ്. ഒപ്പം തന്നെ ലിംഗം നിവർന്നും, ഇടത്തോട്ടോ, വലത്തോട്ടോ, മുകളിലേക്കോ, താഴേക്കോ വളഞ്ഞും ഉദ്ധാരണം സംഭവിക്കാറുണ്ട്. പെയ്‌റോണി രോഗം(Peyronie's disease) ബാധിച്ചവരിൽ ഉദ്ധാരണസമയത്തെ ലിംഗത്തിന് അധികമായി വളവ് കാണുന്നത്, ഉദ്ധാരണ പ്രവർത്തനക്ഷമതിയില്ലായ്മ (erectile dysfunction), ഉദ്ധാരണസമയത്ത് വേദന എന്നിവയ്ക്ക് കാരണമാവുകയും, രോഗബാധിതന് ശാരീരികമായും, മാനസികമായും വിഷമതകളുണ്ടാക്കുകയും ചെയ്യുന്നു. അകത്തേക്ക് കഴിക്കുന്ന കോൾഷെസിൻ(Colchicine) പോലുള്ള മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കപ്പെടുന്ന ഈ രോഗം, അവസാന മാർഗ്ഗമായി ശസ്ത്രക്രിയയിലൂടെ ഭേദമാക്കാറുണ്ട്.

ഉദ്ധാരണ സമയത്ത് ലിംഗത്തിനു വളവ് സംഭവിക്കുന്നതിന്റെ വിശദവിവരങ്ങൾ; നേരെ നിൽക്കുന്ന പുരുഷലിംഗത്തിന്റെ വളവ് ഡിഗ്രിയിലും, ഒപ്പം പ്രസ്തുത വളവ് എത്ര ശതമാനം പേരിൽ കാണപ്പെടുന്നു എന്നും താഴെ പട്ടികയിൽ നൽകിയിരിക്കുന്നു. വയറിനു നേരേ കുത്തനെ വരുന്നതിനെ 0 ഡിഗ്രി കൊണ്ടും, മുന്നോട്ട് തിരശ്ചീനമായി വരുന്നതിനെ 90 ഡിഗ്രി കൊണ്ടും, പാദത്തിനു നേരെ വരുന്നതിനെ 180 ഡിഗ്രി കൊണ്ടും സൂചിപ്പിച്ചിരിക്കുന്നു. ഉദ്ധരിച്ച ലിംഗം മുകളിലേക്ക് ചൂണ്ടിയിരിക്കുന്നതായാണ് സാധാരണ കാണപ്പെടാറ്.

ഉദ്ധാരണം സംഭവിച്ച ലിംഗത്തിന്റെ വളവ്‌. [2]
വളവ് (ഡിഗ്രിയിൽ) ശതമാനം
0–30 5
30–60 30
60–85 31
85–95 10
95–120 20
120–180 5

സാധാരണയായി ഉദ്ധരിച്ച ലിംഗത്തിന്റെ വലിപ്പം യൌവ്വനാരംഭത്തിനുശേഷം ജീവിതകാലം മുഴുവനും മാറ്റമില്ലാതെ തുടരും. ശസ്ത്രക്രിയ വഴി ഇത് വർദ്ധിപ്പിക്കാമെങ്കിലും,[3] ഇതിന്റെ ഉപയോക്താക്കളിൽ ഭൂരിപക്ഷവും ശസ്ത്രക്രിയയുടെ ഫലത്തിൽ സംതൃപ്തരല്ല എന്ന് ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.[4]

എങ്ങനെയുണ്ടാകുന്നു[തിരുത്തുക]

ലിംഗത്തിൽ സ്​പർശമോ മനസ്സിൽ ലൈംഗികചിന്തയോ മറ്റ് ഉദ്ദീപനങ്ങളോ ഉണ്ടാകുമ്പോൾ ലിംഗത്തിനകത്തെ നനുത്ത അറകളാൽ നിർമിതമായ ഉദ്ധാരണകലകൾ വികസിക്കുന്നു; പ്ര ധാനമായും കാവർണോസ അറകളുടെ വികാസത്താലാണ് ഉദ്ധാരണമുണ്ടാകുന്നത്. ഇങ്ങനെ വികസിക്കുന്ന അറകളിലേക്ക് ശരീരത്തിൽനിന്ന് രക്തം പ്രവഹിക്കുന്നു. ഇങ്ങനെ അറകൾ വീർത്ത് ചുറ്റുമുള്ള ചെറുസിരാപടലങ്ങൾ അടയുകയും കയറിയ രക്തം പുറത്തുപോവാതിരിക്കുകയും ചെയ്യും. ഇങ്ങനെ ഉദ്ധരിച്ച അവസ്ഥ നിലനിൽക്കുന്നു.

ലിംഗത്തിൽ പരമാവധി രക്തം നിറഞ്ഞ അവസ്ഥയാണ് പൂർണ്ണഉദ്ധാരണം . തുടർന്ന് ലിംഗത്തിന്റെ മൂലഭാഗത്തുള്ള പേശികൾ ചുരുങ്ങി ഉറപ്പ് വീണ്ടും കൂടുന്നു. ഈ അവസ്ഥയെ ദൃഢ ഉദ്ധാരണം എന്നു പറയും. ഈ സമയത്ത് ലിംഗത്തിനകത്തെ രക്തസമ്മർദ്ദം ശരീരത്തിന്റെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് എത്രയോ മടങ്ങായിരിക്കും. ഉദ്ധാരണത്തെയും ലൈംഗിക ഉദ്ദീപനത്തെയും ത്വരിതപ്പെടുത്തുന്നതിൽ നൈട്രിക് ഓക്‌സൈഡ് എന്ന രാസവസ്തുവിന് സുപ്രധാന പങ്കുണ്ടെന്നത് തെളിയിക്കപ്പെട്ടത് അടുത്തയിടെയാണ്. സി ൽഡിനാഫിൽ സിട്രേറ്റ് എന്ന രാസനാമമുള്ള വയാഗ്ര ഗുളിക ഈ തത്ത്വമാണ് പ്രയോജനപ്പെടുത്തിയത്. വൈദ്യശാസ്ത്രരംഗത്ത്, ഈ കണ്ടുപിടിത്തം 'നൂറ്റാണ്ടിന്റെ കണ്ടുപിടിത്തം' എന്നാണറിയപ്പെടുന്നത്.

പ്രശ്‌നകാരണങ്ങൾ[തിരുത്തുക]

ലിംഗത്തിന് ഉദ്ധാരണം ഉണ്ടാകാത്ത അവസ്ഥയെ ഉദ്ധാരണശേഷിക്കുറവ് (Erectile dysfunction)എന്ന്‌ വിളിക്കുന്നു. ഉദ്ധാരണപ്രശ്‌നങ്ങളുടെ മുഖ്യ ശാരീരികകാരണങ്ങളെ മൂന്നായി തിരിക്കാവുന്നതാണ്. ഉദ്ധാരണത്തിനാവശ്യമായ ചോദനകൾ ലിംഗത്തിലേക്കെത്താത്ത ഞരമ്പ് സംബന്ധിച്ച കാരണങ്ങളാണ് ആദ്യത്തേത്. ലൈംഗികചോദനകൾ ശരിയായി സഞ്ചരിക്കാത്തത് തലച്ചോറിന്റെയോ സുഷുമ്‌നാനാഡിയുടെയോ സുഷുമ്‌നയിൽ നിന്ന് അരക്കെട്ടിലേക്കുള്ള അസംഖ്യം ചെറു ഞരമ്പുകളിലെയോ പ്രശ്‌നമാവാം. തലച്ചോറിനെ ബാധിക്കുന്ന മൾട്ടിപ്പിൾ സ്‌ക്ലീറോസിസ് പോലുള്ള പ്രശ്‌നങ്ങൾ, ഞരമ്പുകൾക്കേൽക്കുന്ന ക്ഷതങ്ങൾ, പക്ഷവാതം, ഞരമ്പിൽ രക്തം കട്ടപിടിക്കൽ, സുഷുമ്‌നയ്‌ക്കോ നട്ടെല്ലിനോ ഏറ്റ ക്ഷതം, വിറ്റാമിൻ ആ12 ന്റെ അപര്യാപ്തത, മൈലൈറ്റിസ്‌ പോലുള്ള രോഗങ്ങൾ, അരക്കെട്ടിലോ ബ്ലാഡറിലോ ഒക്കെ കാൻസറോ മറ്റോ വന്ന് നടത്തിയ വലിയ സർജറികൾ എന്നിവയും ഉദ്ധാരണപ്രശ്‌നമുണ്ടാക്കുന്ന ഞരമ്പുസംബന്ധിച്ച കാരണങ്ങളിൽപെടും. ദീർഘനാളത്തെ പ്രമേഹംകൊണ്ടും ഇതേ ബുദ്ധിമുട്ട് അനുഭവപ്പെടാം.

ലിംഗത്തിലേക്ക് വേണ്ടത്ര രക്തം കയറാത്ത പ്രശ്‌നമാണ് രണ്ടാമത്തേത്. ഇതിനെ ധമനീജന്യ പ്രശ്‌നങ്ങളെന്നു വിളിക്കാം. ലിംഗത്തിലെ കാവർണോസ അറകളിലേക്ക് രക്തമെത്തിക്കുന്ന ധമനികളിലെ പ്രശ്‌നംകൊണ്ടാകുമിത്. ഈവഴിക്കുള്ള ധമനികളിലെവിടെയെങ്കിലും അതിറോസ്‌ക്ലീറോസിസ് മൂലം തടസ്സമുണ്ടായിട്ടുണ്ടാവാം. പുകവലി, രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ ആധിക്യം, അരക്കെട്ടിന്റെ ഭാഗത്തേൽക്കുന്ന റേഡിയേഷൻ തുടങ്ങിയവ അതിറോസ്‌ക്ലീറോസിസ് സാധ്യത കൂട്ടും. ധമനികൾക്കേൽക്കുന്ന ക്ഷതങ്ങൾ, വീഴ്ച തുടങ്ങിയവയും ധമനീജന്യ ഉദ്ധാരണപ്രശ്‌നങ്ങൾക്ക് വഴിവെക്കാം. ചന്തികുത്തിയുള്ള വീഴ്ച, ഇടുപ്പെല്ല് പൊട്ടൽ, കാലുകൾ ഇരുവശത്തേക്കും അകന്നുള്ള വീഴ്ച എന്നിവയും ധമനികൾക്ക് കേടുവരുത്താം.

ലിംഗത്തിലെത്തിയ രക്തം അവിടെ സംഭരിക്കപ്പെടാതെ (ഉദ്ധാരണം നീണ്ടുനിൽക്കാൻ ഇതുവേണം) തിരിച്ചിറങ്ങിപ്പോകുന്ന പ്രശ്‌നമാണ് അടുത്തത്. സിരാസംബന്ധിയായ പ്രശ്‌നമാണിത്. കാവർ ണോസയിലെ മൃദുപേശികളിലും മറ്റുമുള്ള സിരകളുടെ പ്രശ്‌നമാണിത്. സ്ഖലനം കഴിഞ്ഞശേഷവും ഉദ്ധാരണം ചുരുങ്ങാത്ത രോഗാവസ്ഥയ്ക്ക് ചെയ്യുന്ന ശസ്ത്രക്രിയകൊണ്ടും ഇത്തരം സിരാപ്രശ്‌നങ്ങൾ വരാം.

ഹൃദ്രോഗം, പ്രമേഹം, മൃദു പേശികളെ ബാധിക്കുന്ന പൈറോണീസ് രോഗം, മാനസിക പ്രശ്നങ്ങൾ, ലൈംഗിക താൽപര്യക്കുറവ്, പങ്കാളിയുമായുള്ള പ്രശ്നങ്ങൾ തുടങ്ങിയവയും ഉദ്ധാരണ ശേഷിക്കുറവിന് കാരണമാകാം.

  • '''''==ഇതും കൂടി കാണുക==

വയാഗ്ര

അവലംബം[തിരുത്തുക]

  1. Harris, Robie H. (et al.), It's Perfectly Normal: Changing Bodies, Growing Up, Sex And Sexual Health. Boston, 1994. (ISBN 1-56402-199-8)
  2. Sparling J (1997). "Penile erections: shape, angle, and length". Journal of Sex & Marital Therapy. 23 (3): 195–207. PMID 9292834.
  3. Li CY, Kayes O, Kell PD, Christopher N, Minhas S, Ralph DJ (2006). "Penile suspensory ligament division for penile augmentation: indications and results". Eur. Urol. 49 (4): 729–33. doi:10.1016/j.eururo.2006.01.020. PMID 16473458.CS1 maint: multiple names: authors list (link)
  4. "Most Men Unsatisfied With Penis Enlargement Results". Fox News. 2006-02-16. ശേഖരിച്ചത് 2008-08-17.


"https://ml.wikipedia.org/w/index.php?title=ഉദ്ധാരണം&oldid=3528900" എന്ന താളിൽനിന്ന് ശേഖരിച്ചത്