വി.എസ്. അച്യുതാനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി.എസ്. അച്യുതാനന്ദൻ
വി.എസ്. അച്യുതാനന്ദൻ

വി.എസ്. അച്യുതാനന്ദൻ


പദവിയിൽ
മേയ് 18, 2006 - മേയ് 14 2011
മുൻഗാമി ഉമ്മൻ ചാണ്ടി
പിൻഗാമി ഉമ്മൻ ചാണ്ടി

പദവിയിൽ
2011-തുടരുന്നു
മുൻ‌ഗാമി ഉമ്മൻ ചാണ്ടി

സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി
പദവിയിൽ
1980-1992

കേരള നിയമസഭാംഗം
പദവിയിൽ
2011-തുടരുന്നു
മണ്ഡലം മലമ്പുഴ

ജനനം 1923 ഒക്ടോബർ 20 (1923-10-20) (വയസ് 88)[1]
പുന്നപ്ര, ആലപ്പുഴ, കേരളം
ദേശീയത ഇന്ത്യൻ Flag of India.svg
രാഷ്ട്രീയകക്ഷി സി.പി.ഐ.(എം) South Asian Communist Banner.png
ജീവിതപങ്കാളി കെ. വസുമതി
മക്കൾ അരുൺകുമാർ, ആശ
താമസം പുന്നപ്ര, ആലപ്പുഴ


വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ അഥവാ വി.എസ്. അച്യുതാനന്ദൻ (ജനനം - 1923 ഒക്ടോബർ 20, പുന്നപ്ര, ആലപ്പുഴ ജില്ല) കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും പ്രമുഖ ഇടതുപക്ഷ രാഷ്ടീയ നേതാവുമാണ് .ഇദ്ദേഹം കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു. സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണു.കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ജനസമ്മതിയുള്ള നേതാവായി വിലയിരുത്തപ്പെടുന്നു[അവലംബം ആവശ്യമാണ്]. ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിക്കുന്ന അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആർജിക്കുവാൻ കഴിഞ്ഞിട്ടുണ്ട്[അവലംബം ആവശ്യമാണ്]. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്]. 2006-ലെ പൊതു തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കുന്നതിൽ, പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വർഷക്കാലത്തെ തിളക്കമാർന്ന പ്രവർത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്[അവലംബം ആവശ്യമാണ്].

1980-92 കാലഘട്ടത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. 1967, 1970, 1991, 2001, 2006 വർഷങ്ങളിൽ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും സഭയിൽ പ്രതിപക്ഷനേതാവായിരുന്നു. 2001-ലും 2006-ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2006 മെയ്‌ 18 ന്‌ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു.

പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന അച്യുതാനന്ദനെ പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായഭിന്നത പരസ്യപ്രസ്താവനയിലൂടെ വെളിവാക്കിയതിന്റെ പേരിൽ സമിതിയിൽ നിന്നും 2007 മേയ് 26നു താൽക്കാലികമായി പുറത്താക്കി [2] അച്ചടക്ക നടപടിക്കു വിധേയനായെങ്കിലും പാർട്ടി നിയോഗിച്ച മുഖ്യമന്ത്രി സ്ഥാനത്ത് അച്യുതാനന്ദൻ തുടരുമെന്ന് പോളിറ്റ് ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്[3].

പാർട്ടി അച്ചടക്കലംഘനത്തെത്തുടർന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ, 2009 ജൂലൈ 12-ന്‌ വി.എസിനെ പോളിറ്റ് ബ്യൂറോയിൽ നിന്നു പുറത്താക്കുകയും, കേന്ദ്രകമ്മറ്റിയിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു[4]. എന്നാൽ വി.എസിന്‌ കേരള മുഖ്യമന്ത്രിയായി തുടരാമെന്ന് പി.ബി ഇതോടനുബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു[4].

കോട്ടയത്ത് ഖാദി ബോർഡ് ജീവനക്കാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം -2011 ജൂലൈ 3

ഉള്ളടക്കം

[തിരുത്തുക] ജീവിത രേഖ

കേരളത്തിലെ കർഷകത്തൊഴിലാളി സമരങ്ങളുടെ ഈറ്റില്ലമായി വിശേഷിപ്പിക്കപ്പെടുന്ന ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-ന് ജനിച്ചു. നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജവുളിക്കടയിൽ ജോലി നോക്കി. നിവർത്തന പ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി.

[തിരുത്തുക] പാർട്ടി പ്രവർത്തനം

1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പൊതു രംഗത്തു സജീവമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാർട്ടി പ്രവർത്തനരംഗത്തു കൊണ്ടുവന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കർഷകത്തൊഴിലാളികളുടെ അവകാശ [സമരം|സമരങ്ങളിലും]] പങ്കെടുത്തു. സർ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയിൽ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വമെന്നത് അത്ര സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് കൊടിയ മർദ്ദനങ്ങളും ജയിൽ ശിക്ഷയും അനുഭവിച്ചു. അഞ്ചു വർഷത്തോളം ഒളിവിൽക്കഴിഞ്ഞു. ഇന്ത്യ സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്യും മുൻപേ വി.എസ്. പാർട്ടിയുടെ നേതൃതലങ്ങളിലെത്തിയിരുന്നു. 1957-ൽ കേരളത്തിൽ പാർട്ടി അധികാരത്തിലെത്തുമ്പോൾ സംസ്ഥാന സമിതിയിൽ അംഗമായിരുന്ന ഒൻ‌പതു പേരിൽ ഒരാളാണ്. ഇവരിൽ ഇന്നു ജീവിച്ചിരിക്കുന്നതും വി.എസ്. മാത്രം. പാർട്ടി സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26 ന് പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കി.തുടർന്നു 2008 ൽ നടന്ന പാർടി കോൺഗ്രസ്സിൽ കേന്ദ്രകമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

[തിരുത്തുക] പാർലമെന്ററി ജീവിതം

സംഘടനാ രംഗത്ത് പടവുകൾ ചവിട്ടിക്കയറുമ്പോഴും അച്യുതാനന്ദന്റെ പാർലമെന്ററി ജീവിതം ഒട്ടേറെ തിരിച്ചടികൾ നേരിട്ടുണ്ട്. 1965-ൽ സ്വന്തം വീടുൾപ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചപ്പോൾ തോൽ‌വിയായിരുന്നു ഫലം. കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകൾക്കായിരുന്നു തോൽവി. 1967-ൽ കോൺഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകൾക്ക് തോൽ‌പിച്ച് ആദ്യമായി നിയമസഭാംഗമായി. 1970ൽ ആർ‍. എസ്. പിയിലെ കെ.കെ. കുമാരപിള്ളയെയാണ് വി.എസ്. തോൽപ്പിച്ചത്. എന്നാൽ 1977-ൽ കുമാരപിള്ളയോട് 5585 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഈ പരാജയത്തിനു ശേഷം കുറേക്കാലം പാർട്ടി ഭാരവാഹിത്വത്തിൽ ഒതുങ്ങിക്കഴിഞ്ഞു.

1991-ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കു മത്സരിച്ചു. കോൺഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകൾക്കു തോല്പിച്ചു. എന്നാൽ 1996-ൽ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദൻ തോൽ‌വിയറിഞ്ഞു. പാർട്ടിയിലെ തന്നെ ഒരു വിഭാഗമായിരുന്നു അച്യുതാനന്ദന്റെ തോൽ‌വിക്കു പിറകിലെന്ന് പിന്നീടു നടന്ന പാർട്ടിതല അന്വേഷണങ്ങളിൽ തെളിഞ്ഞു. ഈ പരാജയം പക്ഷേ, പാർട്ടിയിൽ അച്യുതാനന്ദനെ ശക്തനാക്കി.

2001-ൽ ആലപ്പുഴ ജില്ലവിട്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ച സീറ്റായി ഗണിക്കപ്പെടുന്ന പാലക്കാടു ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് ജനവിധി നേടിയത്. എന്നാൽ കണ്ണൂർ ജില്ലയിൽ നിന്നു മത്സരിക്കാനെത്തിയ സതീശൻ പാചേനി എന്ന ചെറുപ്പക്കാരനുമേൽ 4703 വോട്ടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളൂ. അതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം. സ്ഥാനാർത്ഥികൾ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് മലമ്പുഴ. 2006-ൽ ഇതേ മണ്ഡലത്തിൽ ഇതേ എതിരാളിയെ 20,017 വോട്ടുകൾക്കു തോൽ‌പിച്ച് വി.എസ്. ഭൂരിപക്ഷത്തിലെ കുറവു നികത്തി.

പാർലമെന്ററി പ്രവർത്തന രംഗത്ത് ഒട്ടേറെക്കാലമായി ഉണ്ടെങ്കിലും അച്യുതാനന്ദൻ ഇതുവരെ അധികാരപദവികളൊന്നും വഹിച്ചിട്ടില്ല. 1967ലും 2006ലുമൊഴികെ അദ്ദേഹം ജയിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം പാർട്ടി അധികാരത്തിനു പുറത്തായതാണു പ്രധാനകാരണം. ‘67-ൽ കന്നിക്കാരനായിരുന്നതിനാൽ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടില്ല. 1996-ൽ സി.പി.എംന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അനൌദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും മാരാരിക്കുളത്തെ തോൽ‌വിയോടെ അതു നടക്കാതെപോയി. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ പാർട്ടിയുടെ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നുതന്നെ ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും പ്രതിഷേധമുയർന്നതിനെത്തുടർന്ന് അദ്ദേഹത്തെ സി.പി.എം. മത്സരരംഗത്തിറക്കുകതന്നെ ചെയ്തു.

[തിരുത്തുക] മുഖ്യമന്ത്രി സ്ഥാനത്തേക്ക്

2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം. ഉൾപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻഭൂരിപക്ഷം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും സജീവമായി അച്യുതാനന്ദന്റെ പേരുയർന്നു വന്നു. എന്നാൽ പാർട്ടിയിൽ ആരോപിക്കപ്പെടുന്ന വിഭാഗീയത മൂലം വി.എസിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുമോയെന്ന് ഒരു വിഭാഗം മാധ്യമങ്ങൾ ആശങ്കയുയർത്തിയിരുന്നു. 2006 മേയ് 13-നു ഡൽ‌ഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗം കേരളത്തിലെ മുഖ്യമന്ത്രിയെ തത്ത്വത്തിൽ തിരഞ്ഞെടുത്തെങ്കിലും പ്രഖ്യാപനം പിന്നീടേക്കു മാറ്റി. അതേസമയം കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടന്ന പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിന്റെ കാര്യത്തിൽ പോളിറ്റ് ബ്യൂറോ തീരുമാനം സി. പി. എം. സംസ്ഥാന സമിതിയെ അറിയിച്ച ശേഷം പ്രഖ്യാപിക്കുവാൻ മാറ്റിവയ്ക്കുകയായിരുന്നു.

മേയ് 15നു ചേർന്ന സംസ്ഥാന സമിതിക്കു ശേഷം വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക പത്രക്കുറിപ്പ് പാർട്ടി നേതൃത്വം പുറത്തിറക്കി.

[തിരുത്തുക] 2011 നിയമസഭാതെരഞ്ഞെടുപ്പുവിജയം

2011 മേയ് 13 ന് നടന്ന വോട്ടെണ്ണലോടെ മലമ്പുഴ മണ്ഡലത്തിൽ നിന്നും 23440 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവർഷം കൂടുമ്പോൾ ഭരണം മാറുക എന്ന കേരളത്തിന്റെ പൊതുസ്ഥിതിയ്ക്ക് വ്യാത്യാസം വന്നില്ലെങ്കിലും കേരളത്തിൽ ഇടതുപക്ഷജനാധിപത്യമുന്നണിയ്ക്ക് മികച്ച വിജയം നൽകി നിയമസഭയിൽ ഉയർന്ന പ്രാതിനിധ്യം നൽകാൻ വി. എസ്. അച്യുതാനന്ദന്റെ പ്രകടനം സഹായകമായി. തെരഞ്ഞെടുപ്പിൽ വി. എസ് ഫാക്ടർ ആഞ്ഞടിച്ചു എന്ന് ഓരോ മണ്ഡലത്തിലേയും എൽ. ഡി. എഫ് വിജയം തെളിയിക്കുന്നു. സ്ഥാനാർത്ഥികൾക്കൊപ്പം വി.എസ്സിന്റെ ചിത്രവും നൽകി, പെൺവാണിഭക്കാരെയും അഴിമതിക്കാരെയും തുറുങ്കലിലടയ്ക്കുമെന്നു പ്രഖ്യാപിച്ച് രാഷ്ട്രീയതാരമൂല്യത്തോടെ മുന്നേറാൻ അദ്ദേഹത്തിന് കഴിഞ്ഞു. അഴിമതിവിരുദ്ധപോരാട്ടത്തിൽ നീക്കുപോക്കുകളില്ലാത്ത സഖാവിന്റെ സമീപനം പൊതുസമൂഹത്തിൽ വലിയ ചലനങ്ങളുണ്ടാക്കി. അദ്ദേഹത്തിന്റെ വാക്കുകൾക്കായി തെരഞ്ഞെടുപ്പുപ്രചരണയോഗങ്ങളിൽ രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ ഒഴുകിയെത്തി. തെരഞ്ഞേടുപ്പിൽ അനാരോഗ്യം മൂലം മത്സരിക്കേണ്ടതില്ലെന്ന പാര്രട്ടി തീരുമാനം അണികളെ വികാരഭരിതരാക്കുകയും അവർ തെരുവിലിറങ്ങുകയും ചെയ്തു. 2006 ന്റെ തനിയാവർത്തനത്തോടെ പോളിറ്റ് ബ്യൂറോ അദ്ദേഹത്തിന് സീറ്റ് നൽകാൻ അനുവദിച്ചു. പൊതുജനമദ്ധ്യത്തിൽ ഏറ്റവും സ്വീകാര്യനായാണ് അദ്ദേഹം ഇപ്പോൾ നിൽക്കുന്നത്. അദ്ദേഹം ഉയർത്തിയ ധാർമ്മികപ്രശ്നങ്ങളിൽ ഊന്നി നിന്നുകൊണ്ട് വീണ്ടും കേരളത്തിൽ ജനങ്ങൾക്കുവേണ്ടി ക്രിയാത്മകപ്രതിപക്ഷമായി പ്രവർത്തിക്കാൻ പാർട്ടി തീരുമാനിച്ചുകഴിഞ്ഞു.

[തിരുത്തുക] പ്രവർത്തനശൈലി

വി.എസ്. ഒരു സമ്മേളനത്തിൽ

പാർട്ടി വേദികളിലും പാർലമെന്ററി രംഗത്തും കർക്കശക്കാരനായ നേതാവായാണ് വി.എസ്. വിലയിരുത്തപ്പെടുന്നത്. സമരത്തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം എന്നാണ് അച്യുതാനന്ദനെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി നടത്തുന്ന ഇടപെടലുകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. എന്നാൽ ഏറെക്കാലം പാർട്ടിയിൽ തന്റെ മേൽക്കോയ്മ നിലനിർത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കേരള നിയമസഭകണ്ട ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാക്കളിലൊരാളാണ് അച്യുതാനന്ദൻ.

V. S. Achuthanandan 2008.jpg

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തന്റെ പ്രവർത്തനാരംഭം മുതൽ തിരുത്തൽ ശക്തിയായാണ് വി.എസ്. അറിയപ്പെടുന്നത്. 1980കളിൽ പാർട്ടിയിലെ ഒരു വിഭാഗം മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്താൻ ശ്രമം നടത്തിയപ്പോൾ അതിനെ ഉൾപ്പാർട്ടിവേദികളിൽ അതിനിശിതമായി എതിർത്തവരിലൊരാളാണ് അച്യുതാനന്ദനെന്നു കരുതപ്പെടുന്നു. ബദൽ രേഖ എന്നു വിശേഷിപ്പിക്കപ്പെട്ട ഈ നയവ്യതിയാനത്തിനു രൂപം നൽകിയവരെ പിന്നീട് പാർട്ടിയിൽ നിന്നു പുറത്താക്കി. 2006-ൽ സി.പി.എംന്റെ എക്കാലത്തെയും എതിരാളിയായിരുന്ന കെ.കരുണാകരൻ കോൺഗ്രസ് വിട്ട് രൂപവത്കരിച്ച് ഡി.ഐ.സിയുമായി ധാരണയുണ്ടാക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമങ്ങളെയും അച്യുതാനന്ദൻ ശക്തിയുക്തം എതിർത്തു. രൂക്ഷമായ എതിർപ്പിനെത്തുടർന്ന് പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ ഇടപെട്ട് ഈ സഖ്യം വേണ്ടെന്നു വയ്ക്കുകയായിരുന്നു.

എസ്.എൻ.സി. ലാവ്‌ലിൻ കേസിലും 2009-ലെ പൊതുതിരഞ്ഞെടുപ്പിൽ സി.പി.എം. പി.ഡി.പിയുമായി ഉണ്ടാക്കിയ സഖ്യത്തിൻറെ കാര്യത്തിലും പാർട്ടിയുടെ ഔദ്യോഗികനിലപാടിന് കടകവിരുദ്ധമായ നിലപാടാണ് വി.എസ്. അച്യുതാനന്ദൻ എടുത്തത്. ഇതിനെതിരെ പാർട്ടി സംസ്ഥാനകമ്മിറ്റി ദേശീയനേതൃത്വത്തിന് പരാതി നൽകുകയും അതിൻറെ അടിസ്ഥാനത്തിൽ ജുലൈ 11, 12 തീയതികളിൽ നടന്ന കേന്ദ്ര കമ്മിറ്റി വി.എസ്. അച്യുതാനന്ദനെ പൊളിറ്റ് ബ്യൂറോയിൽനിന്ന് പുറത്താക്കാൻ തീരുമാനിക്കുകയും ചെയ്തു. എങ്കിലും കേന്ദ്ര കമ്മിറ്റിയിൽ അംഗമായും കേരള മുഖ്യമന്ത്രിയും ആയി തുടരാൻ അദ്ദേഹത്തിന് അനുമതി നൽകി.[4]

[തിരുത്തുക] വിമർശനങ്ങളും അനുകൂലഘടകങ്ങളും

വി എസു് അച്ചുതാനന്ദൻ പയ്യന്നൂരിൽ തീവണ്ടി കാത്തിരിക്കുന്നു

മുഖ്യമന്ത്രി ആയിരിക്കെ ബന്ധുവായ ഒരാൾക്ക് ഭൂമി അനർഹമായി അനുവദിച്ചു കൊടുത്തു എന്ന ആരോപണത്തിന്റെ പേരിൽ ഒന്നാം പ്രതിയായി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് 2012 ജനുവരി 12-ന് വിജിലൻസ് കമ്മീഷണർ ശുപാർശ ചെയ്യുകയുണ്ടായി.[5]

പാർട്ടിയിലെയും പൊതുരംഗത്തെയും കർക്കശ നിലപാടുകൾത്തന്നെയാണ് എതിരാളികൾ അച്യുതാനന്ദനെതിരെ പ്രചാരണായുധമാക്കുന്നതെന്നത് ശ്രദ്ധേയമാണ്. കേരളത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന നേതാവെന്ന നിലയിലാണ് 2006ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസ് അദ്ദേഹത്തെ നേരിട്ടത്. അച്യുതാനന്ദൻ മുഖ്യമന്ത്രിയാകാൻ യോഗ്യനല്ലെന്നുവരെ എതിർച്ചേരിയിലെ ഏതാനും നേതാക്കൾ പറഞ്ഞുവച്ചു.

പ്രതിപക്ഷനേതാവെന്ന നിലയിലും അല്ലാതെയും അച്യുതാനന്ദൻ ഏറ്റെടുത്തു നടത്തിയ ചില സമരങ്ങളാണ് അദ്ദേഹത്തെ വിമർശിക്കാൻ എതിരാളികൾ ആയുധമാക്കുന്നത്. 1990കളിൽ ആലപ്പുഴ ജില്ലയിലും പരിസര പ്രദേശങ്ങളിലും സി.പി.എം. ഏറ്റെടുത്തു നടത്തിയ കർഷകത്തൊഴിലാളി സമരമാണ് ഇതിൽ പ്രധാനം. നെൽപ്പാടം നികത്തി ലാഭകരമായ ഇതര കൃഷികളിലേക്ക് ഭൂവുടമകൾ തിരിയുന്നതിനെതിരെയായിരുന്നു ഈ സമരം. ഈ പ്രവണതമൂലം നിരവധി കർഷകത്തൊഴിലാളികൾ ജോലിയില്ലാതാവുന്നു എന്നതായിരുന്നു സി.പി.എം. ഉയർത്തിയ വാദം. കേരളത്തിന്റെ ഭക്ഷ്യസ്വയം പര്യാപ്തതയെ ഈ പ്രവണത ബാധിക്കുമെന്നും അച്യുതാനന്ദനടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. നെൽ‌കൃഷി ഒഴിവാക്കി ഇതര കൃഷികളിലേക്കു തിരിഞ്ഞ കൃഷിഭൂമികൾ കയ്യേറി വെട്ടിനിരത്തുകയായിരുന്നു ഈ സമരത്തിന്റെ ശൈലി. ഇതുമൂലം വെട്ടിനിരത്തൽ സമരം എന്ന വിളിപ്പേരുണ്ടായി ഈ പ്രക്ഷോഭത്തിന്. ഈ സമരത്തിനു നേതൃത്വം നൽ‌കിയ നേതാവെന്ന നിലയിൽ അച്യുതാനന്ദൻ ഏതാനും മാധ്യമങ്ങളുടെയും ഭൂവുടമകളുടെയും എതിർപ്പു ക്ഷണിച്ചുവരുത്തി.

പാർട്ടിക്കുള്ളിൽ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്ന നേതാവെന്ന വിമർശനവും അച്യുതാനന്ദനെതിരായി ഉന്നയിക്കപ്പെടാറുണ്ട്. പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നവരെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്നു എന്നതാണ് പ്രധാന ആരോപണം. സി.പി.എമ്മിലെ അതിശക്തരായ നേതാക്കളായിരുന്ന എം.വി.രാഘവൻ, കെ.ആർ. ഗൗരിയമ്മ തുടങ്ങിയവരെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ വി.എസാണ് ചുക്കാൻ പിടിച്ചതെന്നും ആരോപിക്കപ്പെടുന്നു.

1996-ൽ മാരാരിക്കുളത്തെ തന്റെ പരാജയത്തിനു പിന്നിൽ പ്രവർത്തിച്ചവരെയും വി.എസ്. ഇതുപോലെ വെട്ടിനിരത്തി എന്നാണ് മറ്റൊരാരോപണം[അവലംബം ആവശ്യമാണ്].

പരുക്കനും കർക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായി അറിയപ്പെടുന്ന ഈ നേതാവ്‌ പൊതുജനങ്ങൾക്ക്‌ അഭിമതനാകുന്നത്‌ 2001-2006 കേരളാ നിയമസഭയിൽ അദ്ദേഹം പ്രതിപക്ഷ നേതാവ്‌ ആയതോടുകൂടിയാണ്‌. ഇക്കാലത്ത്‌ ഒട്ടനവധി വിവാദങ്ങളിൽ അദ്ദേഹം എടുത്ത നിലപാടുകൾ സാധാരണജനങ്ങളുടെ ആഗ്രഹങ്ങൾക്ക്‌ അനുസൃതമായിരുന്നു. മതികെട്ടാൻ വിവാദം, പ്ലാച്ചിമട വിവാദം,കിളിരൂർ പെൺവാണിഭ കേസ്‌, മുൻമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ് ക്രീം പാർലർ പെൺവാണിഭ കേസ്‌ മുതലായവയിൽ അദ്ദേഹത്തിന്റെ തുറന്ന നയം സ്വന്തം പാർട്ടിയിലെ ഒരു വിഭാഗം ഉൾപ്പെടുന്ന ഒരു ന്യൂനപക്ഷത്തിന്റെ എതിർപ്പേറ്റുവാങ്ങിയെന്ന് ആരോപണമുണ്ടെങ്കിലും പൊതുജനങ്ങൾക്ക്‌ പൊതുവേ സുരക്ഷിതത്വ ബോധം പകരുന്നതായിരുന്നു[അവലംബം ആവശ്യമാണ്].

മുഖ്യമന്ത്രിയായതിനു ശേഷം 2007ൽ മുന്നാറിൽ അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ഏറെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും, ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ എതിർപ്പുകളെ തുടർന്ന് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് വിമർശനങ്ങൾക്ക് ഇടയാക്കി[അവലംബം ആവശ്യമാണ്].

വി.എസ്സിന്റെ മകനു നേരെ ഉയർന്ന ആരോപണങ്ങൾ അദ്ദേഹത്തിന്റെ പ്രതിഛായയ്ക്കു മങ്ങലേല്പിച്ചു[അവലംബം ആവശ്യമാണ്].

[തിരുത്തുക] അവലംബം

  1. http://www.hindu.com/2008/10/21/stories/2008102154060400.htm
  2. [ http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=2476669&BV_ID=@@@ വി.എസിനെ പി.ബിയിൽ നിന്നും പുറത്താക്കി] മനോരമ വാർത്ത.
  3. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=2476744&BV_ID=@@@
  4. 4.0 4.1 4.2 "വി.എസ്‌ പി ബിക്ക്‌ പുറത്ത്‌" (മലയാളം ഭാഷയിൽ). മാതൃഭൂമി. 2009-07-12. http://mathrubhumi.com/php/newFrm.php?news_id=1239143&n_type=HO&category_id=1, ശേഖരിച്ചത്: 2009-07-12. 
  5. "വി.എസ്സിനെ പ്രതിയാക്കാൻ ശുപാർശ". മാതൃഭൂമി. 12 ജനുവരി 2012. http://www.mathrubhumi.com/story.php?id=243950, ശേഖരിച്ചത്: 12 ജനുവരി 2012. "മുഖ്യമന്ത്രിയായിരുന്നപ്പോൾ ബന്ധുവിന് ഭൂമി നൽകിയ കേസിൽ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി കേസെടുക്കാൻ വിജിലൻസ് അന്വേഷണസംഘം ശുപാർശ ചെയ്തു. മുൻമന്ത്രി കെ.പി.രാജേന്ദ്രനെ രണ്ടാം പ്രതിയാക്കണമെന്നും ശുപാർശയുണ്ട്." 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ V. S. Achuthanandan എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
മുൻഗാമി
ഉമ്മൻ ചാണ്ടി
കേരളത്തിലെ മുഖ്യമന്ത്രിമാർ
2006– 2011
പിൻഗാമി
ഉമ്മൻ ചാണ്ടി


India1931flag.png      ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           Marche sel.jpg
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - കൂടുതൽ...
"http://ml.wikipedia.org/w/index.php?title=വി.എസ്._അച്യുതാനന്ദൻ&oldid=1295843" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ