പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സമരപ്പന്തൽ

കൊക്കക്കോളയുടെ ശീതളപാനീയ നിർമ്മാണയൂണിറ്റിൻറെ പ്രവർത്തനം പ്രദേശത്തെ ജലസ്രോതസ്സുകളെ പ്രതികൂലമായി ബാധിക്കുകയും ശുദ്ധജലക്ഷാമം രൂക്ഷമായതിനാൽ പ്ലാൻറിൻറെ പ്രവർത്തനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് 2002ൽ കേരളത്തിലെ പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിലെ ആദിവാസി ജനവിഭാഗമടങ്ങുന്ന ഗ്രാമവാസികൾ തുടങ്ങിയ സമരമാണ് പ്ലാച്ചിമട കൊക്കോകോള വിരുദ്ധ സമരം[1] .

കൊക്കൊകോള നിർമ്മാണകേന്ദ്രം

പശ്ചാത്തലം[തിരുത്തുക]

കേരളം-തമിഴ്‌നാട് അതിർത്തിക്കടുത്തുള്ള ഒരു കാർഷിക ഗ്രാമമാണ് പ്ലാച്ചിമട. പ്ലാച്ചിമടയിൽ ഫാക്ടറി സ്ഥാപിയ്ക്കുന്നതിന് പ്രധാനപ്പെട്ട ചില കാരണങ്ങൾ, കേരളത്തിലെ ഏറ്റവും മുന്തിയ മഴനിഴൽ പ്രദേശത്തിന്റെ ഒത്തനടുക്കും, വൻഭൂഗർഭജലനിക്ഷേപത്തിന്റെ കേന്ദ്രത്തിലുമായിട്ടാണ് പ്ലാച്ചിമട സ്ഥിതിചെയ്യുന്നത് എന്നതാണ്. കൂടാതെ ഉപഗ്രഹചിത്രങ്ങളുപയോഗിച്ചുള്ള ഭൂഗർഭജലസ്രോതസ്സുകളെക്കുറിച്ചുള്ള പഠനങ്ങളും ഈ സ്ഥലം വളരെ അനുയോജ്യമാണെന്ന് കാണിക്കുകയും ചെയ്തു[അവലംബം ആവശ്യമാണ്].

ഫാക്ടറി പ്രവർത്തിപ്പിക്കാനുള്ള അനുമതിക്കായി 1999ൽ കന്പനി പെരുമാട്ടി പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുകയും 2000ത്തിൽ പഞ്ചായത്ത് ലൈസൻസ് അനുവദിക്കുകയും ചെയ്തു.

നിക്ഷേപക സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റാനായി ഏകജാലക സംവിധാനത്തിലൂടെ വ്യവസായങ്ങൾക്ക് കാലതാമസമില്ലാതെ ക്ലിയറൻസ് നൽകാൻ സർക്കാർ തയ്യാറായ പശ്ചാത്തലത്തിലാണ് കൊക്കക്കോള കന്പനി പ്രവർത്തനം തുടങ്ങുന്നത്. [2] ആറുമാസങ്ങൾക്കുള്ളിൽ തന്നെ പ്ലാച്ചിമട ഗ്രാമവാസികൾ, തങ്ങളുടെ കിണറുകളിലേയും കുളങ്ങളിലേയും ജലനിരപ്പു് അവിശ്വസനീയമാം വിധം താഴുന്നത് തിരിച്ചറിഞ്ഞു. ചില കിണറുകൾ വറ്റിവരളുകയും ഉപയോഗശൂന്യമാവുകയും ചെയ്തു. വറ്റാതെ അവശേഷിച്ച കിണറുകളിലെ വെള്ളം രാസവസ്തുക്കളാൽ മലിനവും ഉപയോഗശൂന്യവും മാത്രമല്ല, ആരോഗ്യത്തിനു ദോഷകരവും കൂടിയായിരുന്നു. കുടിക്കാനും കുളിയ്ക്കാനും ഉപയോഗിക്കുന്നവരിൽ വയറിളക്കവും തലകറക്കവും കാണപ്പെട്ടു.

പ്ലാച്ചിമട വിജയനഗർ കോളനിയിലെ മലിനമായ പഞ്ചായത്ത് കിണർ

നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച കമ്പനി വളം എന്ന പേരിൽ വിതരണം ചെയ്ത രാസ മാലിന്യങ്ങൾ ഉപയോഗിച്ച് കൃഷി ഭൂമി മുഴുവൻ തരിശായി.[3]. ഇതോടെ ആദിവാസികൾ ഉൾപ്പെടെയുള്ള പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരം പ്രദേശവാസികൾ ആരംഭിക്കുകയും ചെയ്തു. സമരത്തിൻറെ ആദ്യഘട്ടത്തിൽ മാധ്യമങ്ങളുടെ പിന്തുണ സമരത്തിന് ലഭിച്ചിരുന്നില്ല.[4] എന്നാൽ, വളമെന്ന പേരിൽ പ്രദേശത്തെ കർഷകർക്ക് കമ്പനി വിതരണം ചെയ്ത ഖരമാലിന്യത്തിൽ ബിബിസി ചാനൽ അടക്കമുള്ള സംഘങ്ങൾ മാരകവിഷ പദാർഥങ്ങളായ കാഡ്മിയം, ലെഡ് എന്നതിൻറെ അംശങ്ങൾ കണ്ടെത്തിയത് സമരത്തിന് വമ്പിച്ച പിന്തുണ ലഭിക്കാൻ സഹായകമായി. [5] 2004ൽ പ്ലാച്ചിമടയിൽ സംഘടിപ്പിച്ച ലോകജലസമ്മേളനത്തിലൂടെ സമരം അന്താരാഷ്ട്രതലത്തിൽ ചർച്ചയായി. കന്പനിക്ക് ലൈസൻസ് നിഷേധിക്കാൻ പഞ്ചായത്തിനുള്ള അധികാരം സംബന്ധിച്ച കേസ് നിലവിൽ സുപ്രീം കോടതിയിൽ പരിഗണന കാത്ത് കിടക്കുകയാണ്. [6]

കോടതി വിധികൾ[തിരുത്തുക]

പ്രദേശത്തെ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും പ്രദേശവാസികൾ പ്രക്ഷോഭത്തിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ പെരുമാട്ടി ഗ്രാമപഞ്ചായത്ത് കൊക്കക്കോള കന്പനിക്ക് ലൈസൻസ് നിഷേധിക്കുകയും അതിനെ തുടർന്ന കന്പനി നിയമപരമായി നീങ്ങുകയും ചെയ്തു. കന്പനിയുടെ പെറ്റീഷനിൽ ഹൈക്കോടതി ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ 2003 ഡിസംബർ 16ന് വിധി പുറപ്പെടുവിക്കുകയുണ്ടായി. കന്പനിയുടെ വ്യാവസായിക ഉത്പ്പാദനത്തിനായി പ്രദേശത്തിൻറെ ഭൂഗർഭജലം ഉപയോഗിക്കാൻ പാടില്ലെന്നും കന്പനിക്ക് മറ്റ് ജലസ്രോതസ്സുകൾ കണ്ടെത്തി പ്രവർത്തനം തുടരാവുന്നതാണെന്നും കോടതി വിധിച്ചു. കന്പനി പ്രദേശത്തെ ഭൂഗർഭജലം ഉപയോഗിക്കുന്നത് തടയാൻ മാത്രമേ പഞ്ചായത്തിന് അധികാരമുള്ളൂവെന്നും കന്പനിക്ക് ലൈസൻസ് നിഷേധിക്കാൻ പഞ്ചായത്തിന് കഴിയില്ലെന്നും കോടതി വിധിച്ചു. ഇതിനെതിരെ കന്പനിയും പഞ്ചായത്തും വീണ്ടും കോടതിയെ സമീപിക്കുകയും 2005 ഏപ്രിൽ 7ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിക്കുകയും ചെയ്തു. ശീതളപാനീയ ഉത്പാദനത്തിനായി പ്രദേശത്തെ ഭൂഗർഭജലം പ്രതിദിനം 5 ലക്ഷം ലിറ്റർ വരെ ഉപയോഗിക്കാമെന്നായിരുന്നു കോടതി വിധി. തുടർന്ന് പെരുമാട്ടി പഞ്ചായത്ത് സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയും കന്പനിയുടെ ലൈസൻസ് സംബന്ധിച്ച വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്.

പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ല്[തിരുത്തുക]

പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്ലാച്ചിമട സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ മാർച്ച്.

2009ൽ കേരള സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയിൽ തെളിവെടുപ്പ് നടത്തുകയും പ്രദേശവസികൾക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കൊക്കൊകോള കമ്പനിയിൽ നിന്നും ഈടാക്കാവുന്നതാണെന്നും ശുപാർശ ചെയ്തു. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കേരള നിയമസഭ 2011[7]ൽ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ല് പാസ്സാക്കുകയും രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു. [8] 2011ൽ ബില്ല് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സർക്കാറിന് തിരിച്ചയച്ചു. കേന്ദ്രം ഉന്നയിച്ച കാര്യങ്ങൾക്ക് 2011ൽ തന്നെ സംസ്ഥാന സർക്കാർ മറുപടി നൽകി. ഒടുവിൽ ബില്ല് അംഗീകരിക്കാനാകില്ലെന്ന രാഷ്ട്രപതിയുടെ തീർപ്പോടു കൂടി ബില്ല് 2015 ഡിസംബറിൽ കേന്ദ്ര സർക്കാർ‌ സംസ്ഥാന സർക്കാരിന് തിരിച്ചയച്ചിരിക്കുകയാണ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "പ്ലാച്ചിമട ഉജ്ജ്വലസമരത്തിന്റെ രണ്ടാം വാർഷികം" (PDF). Keraleeyam Masika. April 2004. Archived from the original (PDF) on 2019-12-20. Retrieved 8 മാർച്ച് 2016.
  2. https://www.legalcrystal.com/act/135413/the-kerala-industrial-singleawindow-clearance-boards-industrial-township-area-development-act-1999-complete-act[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived (PDF) from the original on 2011-06-26. Retrieved 2011-06-26.
  4. "പ്ലാച്ചിമടയിൽ ധർമം മറന്ന മാധ്യമങ്ങൾ" (PDF). കേരളീയം: 13–14. April2004. Archived from the original (PDF) on 2019-12-20. Retrieved 8 മാർച്ച് 2016. {{cite journal}}: Check date values in: |date= (help)
  5. "India to test Coca-Cola sludge". 7 August, 2003. Retrieved 8 മാർച്ച് 2016. {{cite news}}: Check date values in: |date= (help)
  6. "കുടിവെള്ളത്തിനുള്ള അവകാശം നിക്ഷേധിക്കാനവില്ല : അഡ്വ. രാംകുമാർ" (PDF). കേരളീയം: 7–9. January2005. Archived from the original (PDF) on 2019-12-20. Retrieved 2016-03-08. {{cite journal}}: Check date values in: |date= (help)
  7. "പ്ലാച്ചിമട‌ തളരാത്ത ഒരു ജനസമൂഹം" (PDF). 15 ജൂൺ 2012. Archived from the original (PDF) on 2016-03-06. Retrieved 8 മാർച്ച് 2016.
  8. The hindu ,2010 jun 09,palakkad edition.