ഉമ്മൻ ചാണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉമ്മൻ ചാണ്ടി


കേരളത്തിന്റെ പത്തൊൻപതാമത്തെയും ഇരുപതത്തൊന്നാമത്തെയും മുഖ്യമന്ത്രി
പദവിയിൽ
മേയ് 18, 2011 – തുടരുന്നു
മുൻ‌ഗാമി വി.എസ്. അച്യുതാനന്ദൻ
നിയോജക മണ്ഡലം പുതുപ്പള്ളി
പദവിയിൽ
ഓഗസ്റ്റ് 31, 2004 – മേയ് 18, 2006
മുൻ‌ഗാമി എ.കെ. ആന്റണി
പിൻ‌ഗാമി വി.എസ്. അച്യുതാനന്ദൻ
നിയോജക മണ്ഡലം പുതുപ്പള്ളി

ജനനം (1943-10-31) ഒക്ടോബർ 31, 1943 (71 വയസ്സ്)
കുമരകം, കോട്ടയം, കേരളം
ദേശീയത  ഇന്ത്യ
രാഷ്ടീയകക്ഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജീവിതപങ്കാളി(കൾ) മറിയാമ്മ
ഭവനം പുതുപ്പള്ളി, കോട്ടയം

കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് (ഐ) നേതാക്കളിൽ ഒരാളുമാണ് ഉമ്മൻ ചാണ്ടി (ജനനം: ഒക്ടോബർ 31, 1943). പൊതുഭരണത്തിന് പുറമേ അഖിലേന്ത്യാ സർവീസ്, ശാസ്ത്ര-സാങ്കേതികം, പരിസ്ഥിതി, ഭരണപരിഷ്കരണം, സൈനികക്ഷേമം, തെരഞ്ഞെടുപ്പ്, അന്തർസംസ്ഥാന നദീജല വിഷയം തുടങ്ങിയ വകുപ്പുകളുടെ ചുമതല കൂടി ഇദ്ദേഹത്തിനാണ്. 2004-2006 കാലഘട്ടത്തിലും ഇദ്ദേഹമായിരുന്നു കേരളമുഖ്യമന്ത്രി. തൊഴിൽമന്ത്രി (1977-78), ആഭ്യന്തരമന്ത്രി (1982), ധനകാര്യമന്ത്രി (1991-94), പ്രതിപക്ഷനേതാവ് (2006-2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ ഇദ്ദേഹം തുടർച്ചയായി പത്താം തവണയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

ജീവിതരേഖ[തിരുത്തുക]

ബാല്യം, യവ്വനം[തിരുത്തുക]

1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ജനനം. പുതുപ്പള്ളി സെൻറ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും സമ്പാദിച്ചു.

രാഷ്ട്രീയ പ്രവേശം[തിരുത്തുക]

കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു.വിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയപ്രവേശനം. പിൽക്കാല രാഷ്ട്രീയത്തിൽ നിരവധി പ്രഗൽഭരെ സംഭാവന ചെയ്ത ഒരണസമരത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. അന്ന് സെൻറ് ജോർജ്ജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ടായിരുന്നു ഇദ്ദേഹം. 1962-63 കാലത്ത് കെ.എസ്.യു. കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1964ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേരള രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി മാറിയ എ.കെ. ആന്റണി - ഉമ്മൻ ചാണ്ടി സഖ്യം തുടങ്ങുന്നത് ഇവിടെ വെച്ചാണ്. 1967ൽ കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ആന്റണി മാറിയപ്പോൾ ഉമ്മൻ ചാണ്ടി ആ സ്ഥാനത്തേക്ക് അവരോധിതനായി. രണ്ടു വർഷം കഴിഞ്ഞപ്പോൾ ആന്റണിക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയും യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തെത്തി.

നിയമസഭാ ജീവിതം[തിരുത്തുക]

1970ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായിരുന്ന എം.ജോർജിനെ 7258 വോട്ടിന് പരാജയപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടി ആദ്യം കേരള നിയമസഭയിലെ അംഗമാകുന്നത്. പിന്നീട് 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011 വർഷങ്ങളിൽ പുതുപ്പള്ളിയിൽ നിന്നു തന്നെ ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1977ൽ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും തുടർന്ന് എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.[1] 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു.

എൺപതുകളുടെ തുടക്കത്തിൽ കോൺഗ്രസിനുള്ളിൽ രൂപമെടുത്ത ആന്റണി വിഭാഗത്തിലെ പ്രബലനേതാക്കളിലൊരാളായിരുന്നു ഉമ്മൻ ചാണ്ടി. രണ്ടു വർഷത്തോളം ആന്റണിക്കൊപ്പം ഔദ്യോഗിക കോൺഗ്രസ് നേതൃത്വം നൽകിയിരുന്ന മുന്നണി വിട്ട് പ്രവർത്തിച്ചു. 1982ൽ കോൺഗ്രസിൽ മടങ്ങിയെത്തിയ ഇദ്ദേഹം നിയമസഭാകക്ഷി ഉപനേതാവായി. തുടർന്ന് കുറെ വർഷങ്ങൾ അദ്ദേഹം സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലയളവിൽ ഇദ്ദേഹം യു.ഡി.എഫ്. കൺവീനറായും(1982-86) പ്രവർത്തിച്ചിട്ടുണ്ട്. 1991ൽ കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായി. പാർട്ടിക്കുള്ളിൽ കരുണാകരൻ-ആന്റണി വിഭാഗങ്ങൾ തമ്മിലുള്ള ചേരിതിരിവ് ശക്തമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. 1994ൽ എം.എ .കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളിൽ കരുണാകരനെ വെല്ലുവിളിച്ചു കൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചു.[2]

മുഖ്യമന്ത്രി സ്ഥാനം[തിരുത്തുക]

2001ൽ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ ഉമ്മൻ ചാണ്ടി വീണ്ടും യു.ഡി.എഫ് കൺവീനറായി ചുമതലയേറ്റു. മൂന്നു വർഷത്തിന് ശേഷം ലോകസഭാ തിരഞ്ഞെടുപ്പിലെ ദയനീയപരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എ.കെ. ആന്റണി രാജിവെച്ചു. തുടർന്ന് 2004 ഓഗസ്റ്റ് 31ന് ഉമ്മൻ ചാണ്ടി കേരളമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 2006 മേയ് വരെ ഈ പദവിയിൽ തുടർന്നു.[3] 2006-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. പരാജയപ്പെട്ടതിനെത്തുടർന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെക്കുകയും വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേൽക്കുകയും ചെയ്തു. 2006 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം പ്രതിപക്ഷനേതാവായി പ്രവർത്തിച്ചു. 2011ൽ ഏപ്രിലിൽ നടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ വീണ്ടും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുകയും 2011 മേയ് 18നു് കേരളത്തിന്റെ ഇരുപത്തി ഒന്നാമത് മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി രണ്ടാം വട്ടം അധികാരമേൽക്കുകയും ചെയ്തു. പൊതുഭരണത്തിന് പുറമേ ആഭ്യന്തരം,വിജിലൻസ്, ശാസ്ത്ര-സാങ്കേതികം, പരിതസ്ഥിതി തുടങ്ങിയ വകുപ്പുകളുടെ ചുമതലയും അദ്ദേഹം ഏറ്റെടുത്തിരുന്നു. എന്നാൽ പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2011 ഓഗസ്റ്റ് 9ന് ഇദ്ദേഹം വിജിലൻസ് വകുപ്പിന്റെ ചുമതല തിരുവഞ്ചൂർ രാധാകൃഷ്ണന് കൈമാറി.[4]

2012 ഏപ്രിൽ 12ന് നടന്ന കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റത്തെ തുടർന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി ഇദ്ദേഹം തിരുവഞ്ചൂരിന് കൈമാറി. എന്നാൽ മന്ത്രിസഭയിലെ ഈ അഴിച്ചുപണി കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ ചില പ്രതിഷേധ സ്വരങ്ങൾക്കിടയാക്കി.[5]

പുരസ്കാരങ്ങൾ[തിരുത്തുക]

ഐക്യരാഷ്ട്ര സംഘടന ആഗോളതലത്തിൽ പബ്ലിക് സർവീസിനു നൽകുന്ന പുരസ്കാരം 2013ൽ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ ഓഫീസിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിക്കായിരുന്നു അവാർഡ്.[6] [7][8][9][10][11]

വ്യക്തിജീവിതം[തിരുത്തുക]

സഹപ്രവർത്തകരുടെയും അനുയായികളുടെയും ഇടയിൽ "ഒ.സി" എന്ന ചുരുക്കപ്പേരുള്ള ഉമ്മൻ ചാണ്ടി നാട്ടുകാരുടെ ഇടയിൽ "കുഞ്ഞൂഞ്ഞ്“ എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്നു. പ്രസ് സെക്രട്ടറിയായിരുന്ന പി.ടി.ചാക്കോ ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളെ കോർത്തിണക്കിയെഴുതിയ പുസ്തകത്തിന്റെ പേരും "കുഞ്ഞൂഞ്ഞ് കഥകൾ - അല്പം കാര്യങ്ങളും" എന്നാണ്. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

ആരോപണങ്ങൾ[തിരുത്തുക]

സൗരോർജ തട്ടിപ്പ്[തിരുത്തുക]

2013ൽ സൗരോർജ തട്ടിപ്പിന് അറസ്റ്റിലായ സരിത എസ്. നായരുമായി മുഖ്യന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ പി.എ., ടെന്നി ജോപ്പനെയും ഗൺമാൻ, സലിം രാജിനെയും തൽസ്ഥാനങ്ങളിൽനിന്നും മാറ്റി. [12] എന്നാൽ പർലമെന്റ് തിരഞ്ഞെടുപ്പ് തൻറെ ഭരണത്തിന്റെ വിലയിരുത്തൽ ആകും എന്ന് നേരത്തെ പറഞ്ഞ അദ്ദേഹം, ഇന്ത്യ മുഴുവൻ കോൺഗ്രസ്‌ തകർന്നപ്പോൾ ഇവിടെ വൻ വിജയം നേടി. ഈ ജയം സോളാർ കേസിലെ വിവാദങ്ങൾ ജനം തള്ളിക്കളഞ്ഞു എന്ന വാദത്തിന് തെളിവായി അവതരിപ്പിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്]

യു.എൻ. പുരസ്കാരം[തിരുത്തുക]

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിക്ക് ലഭിച്ച ഐക്യരാഷ്ട്ര സഭയുടെ അവാർഡ് രാഷ്ട്രീയമായും വ്യക്തിപരമായും ഉപയോഗപ്പെടുത്തുന്നതിൽ യു.എൻ അതൃപ്തി അറിയിച്ചിരുന്നു.പക്ഷെ ഉമ്മൻ ചാണ്ടി ഒരിക്കലും അത് തനിക്കു ലഭിച്ചതായ്‌ പറഞ്ഞിട്ടില്ല. പ്രവര്ത്തകരും ജനങ്ങളും ഉമ്മൻ ചാണ്ടിയുടെ വിജയം ആയി നാടൊട്ടുക്ക് കൊണ്ടാടി.. [13]


മുൻഗാമി
എ.കെ. ആന്റണി
കേരളത്തിലെ മുഖ്യമന്ത്രിമാർ
2001-2006
പിൻഗാമി
വി.എസ്. അച്യുതാനന്ദൻ
മുൻഗാമി
വി.എസ്. അച്യുതാനന്ദൻ
കേരളത്തിലെ മുഖ്യമന്ത്രിമാർ
2011- തുടരുന്നു
പിൻഗാമി

അവലംബം[തിരുത്തുക]

  1. "'അതിവേഗം ബഹുദൂരം' അമരത്ത്". മംഗളം. മേയ് 16, 2011.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം);
  2. "ഇനി ഉമ്മൻ ചാണ്ടി, മാതൃഭൂമി". മാതൃഭൂമി. മാതൃഭൂമി, 2011 മേയ് 16. ശേഖരിച്ചത് ജൂൺ 7, 2011.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  3. http://www.hinduonnet.com/thehindu/2004/08/31/stories/2004083108830100.htm
  4. "ഉമ്മൻചാണ്ടി വിജിലൻസിന്റെ ചുമതല ഒഴിഞ്ഞു". മാതൃഭൂമി. ഓഗസ്റ്റ് 9, 2011. ശേഖരിച്ചത് ഓഗസ്റ്റ് 9, 2011. 
  5. "മന്ത്രിസഭയിൽ വൻ അഴിച്ചുപണി, മുഖ്യമന്ത്രി ആഭ്യന്തരം ഒഴിഞ്ഞു". മാതൃഭൂമി. ഏപ്രിൽ 12, 2012. ശേഖരിച്ചത് മേയ് 29, 2012.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  6. "യു.എൻ അവാർഡ് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിൽ അതൃപ്തി". മാധ്യമം. 08/17/2013. ശേഖരിച്ചത് 08/17/2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
  7. "മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം". Asianet News. 22 മെയ് 2013. ശേഖരിച്ചത് 22 മെയ് 2013. 
  8. "Kerala CM Oommen Chandy gets UN public services award". firstpost. 22 മെയ് 2013. ശേഖരിച്ചത് 22 മെയ് 2013. 
  9. "Kerala Chief Minister Oommen Chandy bags UN award for 'mass contact programme'". economictimes. 22 മെയ് 2013. ശേഖരിച്ചത് 22 മെയ് 2013. 
  10. United Nations Public Service Awards 2013
  11. 2013 UNPSA Winners Category 1
  12. "സരിത എസ് നായരുമായുള്ള ഫോൺ വിളി: മുഖ്യമന്ത്രിയുടെ പി എയും ഗൺമാനും പുറത്ത്". The Indian Reader. ജൂൺ 14, 2013. ശേഖരിച്ചത് ജൂലൈ 16, 2013. 
  13. "യു.എൻ അവാർഡ് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിൽ അതൃപ്തി". മാധ്യമം. 08/17/2013. ശേഖരിച്ചത് 08/17/2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
Commons:Category
വിക്കിമീഡിയ കോമൺസിലെ Oommen_Chandy എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ഉമ്മൻ_ചാണ്ടി&oldid=2114350" എന്ന താളിൽനിന്നു ശേഖരിച്ചത്