ചങ്ങനാശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചങ്ങനാശ്ശേരി
അപരനാമം അഞ്ചുവിളക്കിന്റെ നഗരം
മുകളിൽ ഇടത്ത്: വാഴപ്പള്ളി ക്ഷേത്രം, മുകളിൽ വലത്ത്: അഞ്ചുവിളക്ക്, നടുക്ക് ഇടത്ത്: എസ്.ബി.കോളേജ്, നടുക്ക് വലത്ത്: മെത്രാപോലീത്തൻ പള്ളി, താഴെ ഇടത്ത്: ബോട്ടുജെട്ടി, താഴെ വലത്ത്: എൻ.എസ്.എസ്. ആസ്ഥാന മന്ദിരം പ്രധാനവാതിൽ
Map of India showing location of Kerala
Location of ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി
Location of ചങ്ങനാശ്ശേരി
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോട്ടയം
ചെയർമാൻ
ഡെപ്യുട്ടി ചെയർമാൻ
ജനസംഖ്യ
ജനസാന്ദ്രത
56 (2001)
5,284 /km² (13 /sq mi)
സാക്ഷരത 93.82%
ഭാഷ(കൾ) മലയാളം, ഇംഗ്ലീഷ്
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 13.75 km2 (5 sq mi)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം
Am/Aw (Köppen)
     27.2 °C (81 °F)
     35 °C (95 °F)
     24.4 °C (76 °F)
വെബ്‌സൈറ്റ് www.changanachery.com.html

അക്ഷാംശവും രേഖാംശവും: 9°23′N 76°35′E / 9.38°N 76.58°E / 9.38; 76.58 കേരളത്തിലെ കോട്ടയം ജില്ലയിലുള്ള നഗരവും, താലൂക്കുമാണ്‌ ചങ്ങനാശ്ശേരി. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഈ പട്ടണം അഞ്ചുവിളക്കിന്റെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. [1] ചങ്ങനാശ്ശേരി നഗരം 13.50 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നു. ഈ പ്രദേശം ചങ്ങനാശ്ശേരി നഗരസഭയുടെ കീഴിലാണ്‌. എം.സിറോഡിനരുകിലായി സ്ഥിതിചെയ്യുന്ന ഈ നഗരം മധ്യകേരളത്തിലെ പ്രധാന വ്യാപാരകേന്ദ്രംകൂടിയാണ്. കേരളത്തിന്റെ നെല്ലറയായ കുട്ടനാടിനോടും‌ ഹൈറേഞ്ചിലെ പ്രധാന സ്ഥലങ്ങളുടേയും മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്നതിനാൽ അരി, കുരുമുളക്‌, ഇഞ്ചി, ഏലം എന്നിവയുടെ വ്യപാരത്തിൽ മുൻപന്തിയിലാണ്‌ ഈ നഗരം.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നിൽ

ചന്തയിലെ അഞ്ചുവിളക്ക്

ചങ്ങനാശ്ശേരി എന്ന പേരിൻറെ പിറവിക്കു പിന്നിൽ നൂറ്റാണ്ടുകളായി പ്രചരിച്ചു പോരുന്ന ഒട്ടേറെ ചരിത്ര/ഐതിഹ്യകഥകളുണ്ട്‌.

  • സംഘനാട്ടുശ്ശേരി -- വാഴപ്പള്ളി ബുദ്ധമതക്കാരുടെ അന്നത്തെ പ്രധാന സങ്കേതങ്ങളിൽ ഒന്നായിരുന്നു. വാഴപ്പള്ളി ക്ഷേത്രം മുൻപ് ബുദ്ധക്ഷേത്രവുമായിരുന്നു. ബുദ്ധമതക്കരെ ചങ്കക്കർ എന്നാണ് കേരളത്തിൽ വിളിച്ചിരുന്നത്. സംഘം എന്നതിൻറെ പ്രാകൃത രൂപമാണ് 'ചങ്കം'. ചേരി എന്നത് ബൌദ്ധരുമായി ബന്ധപ്പെട്ട ഗ്രാമങ്ങൾക്കുള്ള പേരാണ്. ബൌദ്ധരുമായി ബന്ധപ്പെട്ടാണ്‌ ചങ്ങനാശ്ശേരി എന്ന പേരു വന്നത് എന്നാണ് മറ്റൊരു വിശ്വാസം.[5] [6]
  • ചങ്ങഴി നാഴി ഉരി -- തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്ന ഉദയവർമ്മ രാജാവിനെ ബന്ധപ്പെടുത്തിയുള്ളതാണ്‌ ഇവയിൽ മറ്റൊന്ന്. ചങ്ങനാശ്ശേരിയിലെ ക്രിസ്ത്യൻ പള്ളി പണിയുവാനുള്ള സ്ഥലം അളന്നു നൽകിയതിൽ നിന്നാണ്‌ ചങ്ങനാശ്ശേരി പിറന്നതെന്നു വാമൊഴിയായി പറയപ്പെട്ടുപോരുന്നു. 'ചങ്ങഴി', നാഴി, ഉരി, എന്നിങ്ങനെ അളവുമായി ബന്ധപ്പെട്ട പദങ്ങൾ കൂടിച്ചേർന്നാണ്‌ ചങ്ങനാശ്ശേരി എന്ന പേരുണ്ടായതെന്നാണ്‌ മറ്റൊരു ഐതിഹ്യം. [7]
  • തെങ്ങണാശ്ശേരി -- ഈ പട്ടണത്തിൻറെ പേര്‌ ശംഖുനാടുശ്ശേരി, തെങ്ങണാശ്ശേരി എന്നിങ്ങനെയായിരുന്നെന്നും ഒരു വാദമുണ്ട്‌. [8] തെങ്ങണാൽ (തെങ്ങണ) എന്ന ഒരു ചെറുപട്ടണം ചങ്ങനാശ്ശേരി നഗരത്തിനോട് ചേർന്നു കിഴക്കായി മാടപ്പള്ളി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നുണ്ട്. ഏതായാലും രാജഭരണ കാലം മുതൽ കേരളത്തിലെ ഒരു പ്രധാന പട്ടണമായിരുന്നു ചങ്ങനാശ്ശേരിയെന്ന് ചരിത്രത്താളുകൾ സാക്ഷ്യപ്പെടുത്തുന്നു.

[തിരുത്തുക] ചരിത്രം

പുരാതന കുലശേഖര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന നന്റുഴൈനാടിന്റെ ആസ്ഥാനം വാഴപ്പള്ളിയിലായിരുന്നു. കുലശേഖര സാമ്രാജ്യത്തിന്റെ തകർച്ചക്ക് ശേഷം ന്റെഴുനാട് ഇല്ലാതാവുകയും തെക്കുകൂർ രാജ്യം രൂപാന്തരപ്പെടുകയും രാജ്യ തലസ്ഥാനം ചങ്ങനാശ്ശേരിയിലെ പുഴവാതിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.

[തിരുത്തുക] വാഴപ്പള്ളി ശാസനം

വാഴപ്പള്ളി ശാലഗ്രാമം
പ്രധാന ലേഖനം: വാഴപ്പള്ളി ശാസനം

കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽവെച്ച് ഏറ്റവും പഴയ ചരിത്ര ലിഖിതമാണ് വാഴപ്പള്ളി ശാസനം. ഇത് കണ്ടെടുത്തത് വാഴപ്പള്ളിക്ഷേത്രത്തിൻറ കിഴക്കേ നടയിലുള്ള തലവന മഠത്തിൽ നിന്നാണ്. ചെമ്പുപാളിയിലുള്ള ഈ ശാസനം എഴുതപ്പെട്ടിട്ടുള്ളത് എ.ഡി.820 മുതൽ 844 വരെ മഹോദയപുരം ഭരിച്ചിരുന്ന രാജാ രാജശേഖരദേവൻ പരമേശ്വരഭട്ടാരകൻറ്റെ കാലത്താണ്. എ.ഡി.830ൽ വാഴപ്പള്ളി ക്ഷേത്രാങ്കണത്തിൽ ഒത്തുചേർന്ന നാട്ടുപ്രമാണിമാരും, പത്തില്ലത്തിൽ പോറ്റിമാരും, രാജാവുമായി നാട്ടുകൂട്ടം കുടി തിരുവാറ്റാ ക്ഷേത്രത്തിലെ മുട്ടാബലിയെകുറിച്ചു പ്രതിപാധിക്കുന്നതാണ് പ്രമേയം. മറ്റുള്ള ശാസനങ്ങളിൽ സ്വസ്തിശ്രീ എന്ന നാമപദത്താൽ തുടങ്ങുമ്പോൾ വാഴപ്പള്ളി ശാസനം തുടങ്ങുന്നത് നമഃശ്ശിവായ എന്ന് തിരുവാഴപ്പള്ളിലപ്പനെ വാഴ്ത്തി സ്തുതിച്ചാണ്. തിരുവാറ്റാക്ഷേത്രത്തിലെ മുട്ടബലി മുടക്കുന്നവർക്ക് പിഴയായി 100 റോമൻ ദിനാർ കൊടുക്കേണ്ടിവരും എന്നും, ഇത് മാത്യ പരിഗ്രഹണത്തിനു തുല്ല്യമാണന്നും. പിഴയായി ഇതിൽ ഒന്നോ അല്ലെങ്കിൽ രണ്ടുമോ ആയിരിക്കും ശിക്ഷയെന്നു പ്രതിപാധിക്കുന്നു. ക്ഷേത്രജോലികൾക്കു മുടക്കം വരുത്തുന്നവർ നാലു നാഴി അരി പിഴയടക്കണമെന്നും ഇതിൽ പ്രതിപാധിക്കുന്നുണ്ട്.

[തിരുത്തുക] ചങ്ങനാശ്ശേരി യുദ്ധം

തിരുവിതാംകൂറിന്റെ ആക്രമണത്തിൽ അമ്പലപ്പുഴയുടെ പതനവും അതിനെത്തുടർന്ന് തെക്കുംകൂർ ആക്രമിക്കാൻ മാർത്താണ്ഡവർമ്മ ശ്രമം ആരംഭിച്ചു. തൃക്കൊടിത്താനം, വെന്നിമല, മണികണ്ഠപുരം, തളിക്കോട്ട, എന്നിസ്ഥലങ്ങൾക്കുശേഷം തെക്കുംകൂർ രാജധാനി ചങ്ങനാശ്ശേരിയിലേക്ക് മാറ്റിസ്ഥാപിച്ചിരുന്നു. ചങ്ങനാശ്ശേരി പുഴവാതിലുള്ള നീരാഴിക്കൊട്ടാരത്തിലാണ് തെക്കുംകൂർ രാജാവ് താമസിച്ചിരുന്നത്. അന്നത്തെ ഇളയരാജാവ് അമ്പലപ്പുഴയുടേയും കായങ്കുളത്തിന്റെ പതനം മനസ്സിലാക്കി സാമന്തനായി കഴിയാൻ ജ്യേഷ്ഠനോട് ഉപദേശിച്ചു, തുടർന്ന് അദ്ദേഹം തിരുവനന്തപുരത്ത് ചെന്ന് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയെ കണ്ടു സഹായം അഭ്യർത്ഥിച്ചു. ഇളയരാജാവിന്റെ പ്രവൃത്തിയിൽ ദേഷ്യപ്പെട്ട് തെക്കുംകൂർ രാജാവ് അനുജനെ മാതാവ് മരിച്ചുവെന്ന് കള്ളം പറഞ്ഞ് അനുജനെ തിരിച്ചുകൊണ്ടുവന്നു കൊലപ്പെടുത്തി പാമ്പുകടിച്ചു മരിച്ചുവെന്ന് വാർത്ത പരത്തുകയും ചെയ്തു. തെക്കുംകൂർ രാജാവിന്റെ കഠിനപൃവർത്തു മനസ്സിലാക്കി രാമയ്യനും ഡിലനോയിക്കും വടക്കോട്ട് പടനയിക്കാൻ മാർത്താണ്ഡവർമ്മ നിർദ്ദേശം കൊടുത്തു. തിരുവിതാംകൂർ സൈന്യം ആറന്മുളയിൽ എത്തിയപ്പോൾ തെലുങ്കു ബ്രാഹ്മണർ സൈന്യത്തിനു മുൻപിൽ തടസ്സം നിന്നു. ഡിലനോയിയുടെ നേതൃത്തത്തിലുള്ള ക്രൈസ്തവ-മുസ്ലിം സൈന്യം അവരെ എതിരിട്ടു. അതിനെത്തുടന്ന് ചങ്ങനാശ്ശേരിയിലെ കോട്ടയും കൊട്ടാരവും ആക്രമിച്ചു. നീരാഴിക്കൊട്ടാരത്തിലുണ്ടായിരുന്ന രാജാവിനെ വാഴപ്പള്ളി പത്തില്ലത്തിൽ പോറ്റിമാർ സഹായിക്കുകയും രാജാവിനെ കോട്ടയം നട്ടാശ്ശേരിയിലേക്ക് മാറ്റുകയും ചെയ്തു. തിരുവിതാംകൂർ സൈന്യം പിന്തുടരാതിരിക്കാനായി വാഴപ്പള്ളിയിലെ കണ്ണമ്പേരൂർ പാലം നശിപ്പിക്കുകയും ചെയ്തു. കൊല്ലവർഷം 925 ചിങ്ങമാസം 28-ആം തീയതി (ക്രി.വർഷം 1750 സെപ്തംബർ 11) തെക്കുംകൂർ രാജാവിന്റെ ആസ്ഥാനമായ ചങ്ങനാശ്ശേരി രാമയ്യൻ ദളവ പിടച്ചടക്കി. [9]

[തിരുത്തുക] വിമോചന സമരം

പ്രധാന ലേഖനം: വിമോചന സമരം

കേരളത്തിലെ ആദ്യ സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ല്‌ വലിയ വിവാദ വിഷയമായതാണ് വിമോചന സമരത്തിന്‌ ഇടയാക്കിയ സാഹചര്യം. അതുകൊണ്ടുതന്നെ വിമോചനസമരത്തിലെ ചങ്ങനാശ്ശേരിയുടെ പങ്ക് വളരെ വലുതായിരുന്നു. വിമോചന സമരം നേതൃത്ത്വം കൊടുത്തത് നായർ സർവീസ് സൊസൈറ്റിയും, കത്തോലിക്കാ സഭയും അയിരുന്നു. ഇതു രണ്ടിന്റെയും ആസ്ഥാനം ചങ്ങനാശ്ശേരിയിയിലായതിനാൽ പല സമര സമ്മേളനങ്ങൾക്കും ചങ്ങനാശ്ശേരി നെടുനായക്ത്വം വഹിച്ചു.

1957 ഏപ്രിൽ അഞ്ചിന്‌ സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യ സർക്കാരായ ഇ.എം.എസ്. സർക്കാർ 27 മാസവും 27 ദിവസവും മാത്രമേ കേരളം ഭരിച്ചുള്ളൂ. സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ല്‌ വലിയ വിവാദവിഷയമായമാവുകയും ഇതിനെതിരെ നായർ സമുദായവും കത്തോലിക്കാ സഭയും സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. മറ്റു സമുദായങ്ങളായ ഈഴവ, മുസ്ലിം സമുദായങ്ങളിലെ നേതാക്കന്മാരും ഒന്നിച്ചു നിന്ന്‌ പ്രസിദ്ധമായ വിമോചന സമരം നയിച്ചു. വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ആരംഭിച്ച ധാർമിക സമരം രണ്ടുവർഷത്തോളം ദീർഘിച്ചു. 1959 ജൂലൈ 31-ന്‌ ഡോ.രാജേന്ദ്രപ്രസാദ്‌ ഇടപെട്ട്‌ ഭരണഘടനാനുസൃതം കേരളത്തിലെ ആദ്യ സർക്കാരായ കമ്യൂണിസ്റ്റ്‌ സർക്കാരിനെ പിരിച്ചുവിടുകയായിരുന്നു.

[തിരുത്തുക] ചങ്ങനാശ്ശേരി ചന്ത

1804-ൽ തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവാ സ്ഥാപിച്ചതാണ്‌ ചങ്ങനാശ്ശേരിയിലെ വ്യാപാര കേന്ദ്രം അഥവാ ചങ്ങനാശ്ശേരി ചന്ത.[10] ഇതിന്റെ ശതാബ്ദി സ്മാരകമായി 1905-ൽ പണികഴിപ്പിച്ചതാണ്‌ ബോട്ടുജെട്ടിയ്ക്കടുത്തുള്ള അഞ്ചുവിളക്ക്‌. സമീപ പട്ടണങ്ങളായ കോട്ടയം, തിരുവല്ല, ആലപ്പുഴ, പീരുമേട്, മല്ലപ്പള്ളി തുടങ്ങിയ സ്ഥങ്ങളിലേക്ക് അവശ്യ സാധനങ്ങൾ ഇവിടെ നിന്ന് കയറ്റി അയക്കുന്നു.

[തിരുത്തുക] ചങ്ങനാശ്ശേരി താലൂക്ക്‌

പതിനൊന്ന് ഗ്രാമപഞ്ചായത്തുകൾ ചേരുന്നതാണ്‌ ചങ്ങനാശ്ശേരി താലൂക്ക്‌. കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി ആലപ്പുഴ ജില്ലയിലെ കുട്ടനാട്‌ എന്നീ താലൂക്കുകളാണ്‌ ചങ്ങനാശ്ശേരിയുടെ അതിർത്തികൾ. ചങ്ങനാശ്ശേരി താലൂക്കിലെ പ്രദേശങ്ങൾ ചേർത്ത്‌ കേരള നിയമസഭയിൽ ചങ്ങനാശ്ശേരി എന്ന നിയോജക മണ്ഡലവുമുണ്ട്‌.

സെൻട്രൽ ജംഗ്ഷൻ

ചങ്ങനാശ്ശേരി താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾ താഴെപ്പറയുന്നവയാണ്‌.

നഗരസഭ ബ്ലോക്ക് പഞ്ചായത്തുകൾ ഗ്രാമ പഞ്ചായത്തുകൾ
ചങ്ങനാശ്ശേരി മാടപ്പള്ളി, വാഴൂർ വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, കുറിച്ചി, മാടപ്പള്ളി,

വാകത്താനം, കറുകച്ചാൽ, നെടുംകുന്നം, വാഴൂർ, കങ്ങഴ, വെള്ളാവൂർ

[തിരുത്തുക] ഭൂമിശാസ്ത്രവും കാലാവസ്ഥയും

പാലസ് റോഡ്

[തിരുത്തുക] മതവിഭാഗങ്ങൾ

വിവിധ മത വിഭാഗങ്ങൾ നൂറ്റാണ്ടുകളായി ചങ്ങനാശ്ശേരിയിൽ ഒരുമയോടെ കഴിയുന്നു. ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം മതങ്ങൾ ഒത്തുചേർന്ന് ആഘോഷിക്കുന്ന ചന്ദനക്കുടം മഹോസ്തവം ചങ്ങനാശ്ശേരിയുടെ മാത്രം പ്രത്യേകതയാണ്. നായർ സമുദായത്തിന്റെ ആസ്ഥാന ഇവിടെ പെരുന്നയിൽ എം.സി.റോഡിന് ചേർന്നാണ്. അതുപോലെതന്നെ ക്രിസ്തുമതത്തിലെ സിറിയൻ കത്തോലിക്ക, നല്ലൊരു വിഭാഗം മുസ്ലീങ്ങളും ചില പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച്‌ ഇവിടെ കഴിയുന്നു. സിറോ മലബാർ സഭയുടെ ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനം പാലസ് റോഡിൽ (വാഴൂർ റോഡിൽ) സ്ഥിതിചെയ്യുന്നു‌.

[തിരുത്തുക] പ്രധാന ആരാധനാലയങ്ങൾ

ചരിത്രപ്രസിദ്ധമായ വാഴപ്പള്ളിക്ഷേത്രം

വിവിധ മതവിഭാഗങ്ങളുടെ അനവധി ആരാധനാലയങ്ങൾ ചങ്ങനാശ്ശേരിയിലുണ്ട്‌. ഹിന്ദു-ക്രിസ്തീയ-മുസ്ലിം മതങ്ങളുടെ ആരാധനാലയങ്ങളിൽ പ്രമുഖം വാഴപ്പള്ളി അമ്പലവും, മെത്രാപോലീത്തൻപള്ളിയും, പുത്തൂർപള്ളിയും ആണ്. ചരിത്രപരമായ ഐതിഹ്യകഥകളാലും സമ്പന്നമാണ് വാഴപ്പള്ളി ക്ഷേത്രം. പണ്ട് ദ്രാവിഡക്ഷേത്രവും, കൊടുങ്ങല്ലൂർ കുലശേഖര കാലഘട്ടത്തിൽ ബുദ്ധക്ഷേത്രവും, പിന്നീട് ഹൈന്ദവക്ഷേത്രവുമായിരുന്നു ഇത്. അതു പോലെതന്നെ തെക്കുംകൂർ രാജാവിനാൽ നിർമ്മിക്കപ്പെട്ട കാവിൽ ക്ഷേത്രവും, മെത്രാപ്പോലീത്തൻ പള്ളിയും, ജുമാമസ്ജിദും ആചാരപരമായും ചരിത്രപരമായും ബന്ധപ്പെട്ടിരിക്കുന്നു. മൂന്നു മതങ്ങളെ ബന്ധപ്പെടുത്തിയുള്ള ഇവിടുത്തെ ചന്ദനക്കുടം വളരെ പ്രശസ്തമാണ്.

ഹൈന്ദവ ക്ഷേത്രങ്ങൾ ക്രിസ്തീയ ദേവാലയങ്ങൾ മുസ്ലീം ആരാധനാലയങ്ങൾ
വാഴപ്പള്ളിശിവക്ഷേത്രം, തൃക്കൊടിത്താനംക്ഷേത്രം, പെരുന്നക്ഷേത്രം, കാവിൽക്ഷേത്രം, കൊട്ടാരംക്ഷേത്രം, പുഴവാത്ക്ഷേത്രം, കൽക്കുളത്തുകാവ്, മോർക്കുളങ്ങരക്ഷേത്രം, മഞ്ചാടിക്കരക്ഷേത്രം, അമ്മൻകോവിൽ, മാരണത്തുകാവ്, ഇളംങ്കാവ്, ആനിക്കാട്ടിലമ്മക്ഷേത്രം മെത്രാപ്പോലീത്തൻ (കത്തീഡ്രൽ) സെൻറ്മേരീസ്‌ പള്ളി, പാറേൽ സെൻറ് മേരീസ്‌ പള്ളി, വടക്കേകര സെൻറ് മേരീസ്‌ പള്ളി, വാഴപ്പള്ളി പടിഞ്ഞാറ് സെൻറ് മേരീസ്‌ പള്ളി, ളായിക്കാട് സെൻറ് ജോസഫ് പള്ളി, ഫാത്തിമാപുരം ഫത്തിമമാതാ പള്ളി, ചെത്തിപ്പുഴ സെ.ഹേ.പള്ളി പുതൂർപള്ളി ജുമാമസ്ജിദ്‌, പഴയപള്ളി ജുമാമസ്ജിദ്‌

[തിരുത്തുക] ചരിത്രം കുറിച്ചവർ

[തിരുത്തുക] മന്നത്ത് പത്മനാഭൻ

പ്രധാന ലേഖനം: മന്നത്ത്‌ പത്മനാഭൻ

എൻ. എസ്‌. എസ്‌. സ്ഥാപകൻ, വിമോചന സമര നേതാവ്‌: കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത്‌ പത്മനാഭൻ. നായർ സർവീസ്‌ സൊസൈറ്റിയുടെ സ്ഥാപകനാണ് ഇദ്ദേഹം. ഇദ്ദേഹത്തെ അന്നത്തെ രാഷ്‌ട്രപതി ഭാരത കേസരി സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. നിലവന ഇല്ലത്ത്‌ ഈശ്വരൻ നമ്പൂതിരിയുടേയും, ചീരമുറ്റത്ത്‌ പാർവതിഅമ്മയുടേയും മകനായി പെരുന്നയിലെ മന്നത്ത് വീട്ടാലാണ് അദ്ദേഹം ജനിച്ചത്. (ജനനം: 1878 ജനുവരി 02).

[തിരുത്തുക] കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

മലയാള, സംസ്കൃത ഭാഷാ പണ്ഡിതൻ: മലയാളഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്നു കേരളവർമ്മ വലിയകോയിത്തമ്പുരാൻ. ചങ്ങനാശ്ശേരി പുഴവാതിലെ ലക്ഷ്മീപുരം കൊട്ടാരത്തിലാണ് അദ്ദേഹം (ജനനം: 1845) ജനിച്ചത്. വളരെകാലം തിരുവിതാംകൂറിലെ പാഠപുസ്തക സമിതിയുടെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.

[തിരുത്തുക] ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള

ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള

ഹൈകോർട്ട് ജഡ്ജി, വൈക്കം സത്യാഗ്രഹ സമരനേതാവ്‌: കേരളാ ചരിത്രത്തിന്റെ സ്വർണ്ണലിപികളിൽ സ്ഥാനം പിടിച്ച മഹാനാണ് ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള. ചങ്ങനാശ്ശേരി എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിലെ ഹൈകോർട്ട് ജഡ്ജിയായിരുന്നു അദ്ദേഹം. വാഴപ്പള്ളി നാരായണപിള്ളയുടെയും, നാരായണിയമ്മയുടേരും മകനായി അദ്ദേഹം ജനിച്ചത് 1877-ൽ വാഴപ്പള്ളിയിലാണ്. നായർ റെഗുലേഷൻ ആക്ട് തിരുവിതാംകൂർ അസംബ്ലിയിൽ പാസാക്കിയെടുക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ പ്രാഗ്തഭ്യം ഒന്നുകൊണ്ടാണ്. വൈക്കം സത്യാഗ്രഹത്തിന് മന്നത്തു പത്മനാഭനൊപ്പം പങ്കെടുത്തിരുന്നു. നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡാന്റായിരുന്നു അദ്ദേഹം.

[തിരുത്തുക] ഉള്ളൂർ എസ്. പരമേശ്വരയ്യർ

ഉള്ളൂരിന്റെ പ്രതിമ, പാളയം ലൈബ്രറിക്കുമുൻപിൽ

മഹാകവി, ഭാഷാ പണ്ഡിതൻ: ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ പാലൂർ നമ്പൂതിരിമാരുടെ പരമ്പരയിൽപ്പെട്ട താമരശേരി ഇല്ലത്താണ് മഹാകവി ഉള്ളൂർ പരമേശ്വരയ്യർ (ജനനം: 1877 ജൂൺ 06) ജനിച്ചത്. പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു. അദ്ദേഹം ചങ്ങനാശ്ശേരിയിലെ സ്കൂൾ അദ്ധ്യാപകനായിരുന്നു. അമ്മ ഭഗവതിയമ്മ. അദ്ദേഹം പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം തിരുവനന്തപുരത്തിനടുത്ത് ഉള്ളൂർ ഗ്രാമത്തിലേക്കു പിന്നീട് താമസം മാറുകയായിരുന്നു.

[തിരുത്തുക] എ.ആർ. രാജരാജവർമ്മ

എ.ആർ. രാജരാജ വർമ്മ
പ്രധാന ലേഖനം: എ.ആർ. രാജരാജവർമ്മ

മലയാള ഭാഷാ ശാസ്ത്രജ്ഞൻ, വൈയാകരണൻ, ഭാഷാനിരൂപകൻ മലയാളകവി: മലയാള ഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എ.ആർ. രാജരാജവർമ്മ. ചങ്ങനാശ്ശേരി പുഴവാതിൽ ലക്ഷ്മീപുരം കൊട്ടാരത്തിലാണ് അദ്ദേഹം (ജനനം: 1863) ജനിച്ചത്. വൈയാകരണനും, നിരൂപകനും, കവിയും, ഉപന്യാസകാരനും, സർവ്വകലാശാലാ അദ്ധ്യാപകനും ആയിരുന്നു അദ്ദേഹം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാളം ഭാഷയുടെ വ്യാകരണം, ഛന്ദശാസ്ത്രം, അലങ്കാരാദി വ്യവസ്ഥകൾ എന്നിവയ്ക്ക് നിയതമായ രൂപരേഖകളുണ്ടാക്കി രാജരാജവർമ്മ. മലയാളം വ്യാകരണം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിൽ ഏ.ആറിന്റെ സംഭാവനകൾ കണക്കിലെടുത്തു അദ്ദേഹത്തെ കേരളപാണിനി എന്നും അഭിനവപാണിനി എന്നും വിശേഷിപ്പിച്ചുപോരുന്നു.

[തിരുത്തുക] അക്കാമ്മ ചെറിയാൻ

അക്കാമ്മ ചെറിയാൻ
പ്രധാന ലേഖനം: അക്കാമ്മ ചെറിയാൻ

സ്വാതന്ത്ര സമര നേതാവ്: തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെട്ടിരുന്ന, സ്വാതന്ത്ര സമരചരിത്രത്തിൽ കേരളത്തിന്റെ സംഭാവനയായ ധീര വനിത. കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലേയും രാഷ്ട്രീയചരിത്രത്തിലേയും ഉജ്ജ്വല വ്യക്തിത്വമായിരുന്ന അക്കാമ്മ നിരവധി തവണ ജയിലിലടയ്ക്കപ്പെട്ടിട്ടുള്ള അക്കാമ്മ 1909 ഫെബ്രുവരി 15-ന്‌ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കരിപ്പാപ്പറമ്പിൽ തൊമ്മൻ ചെറിയാന്റേയും അന്നമ്മയുടേയും രണ്ടാമത്തെ മകളായി ജനിച്ചു. 1952ൽ എം.എൽ.എ ആയിരുന്ന വി.വി വർക്കിയെ വിവാഹം ചെയ്യുകയും, ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ സ്ഥിര താമസമാകുകയും ചെയ്തു. അതിനുശേഷം അവർ അക്കാമ്മ വർക്കി എന്ന പേരിലാണ് അറിയപ്പെട്ടത്.

[തിരുത്തുക] കൈനിക്കര കുമാരപിള്ള

നാടകകൃത്ത്‌:പ്രശസ്ത നാടകകൃത്തും, ഗാന്ധിയനും, വിദ്യാഭ്യാസവിദഗ്ദ്ധനും സാഹിത്യകാരനുമായ കുമാരപിള്ള 27-09-1900-ൽ ചങ്ങനാശ്ശേരി പെരുന്നയിൽ കൈനിക്കര വീട്ടിൽ ജനിച്ചു. 1922-ൽ പെരുന്ന എൻ.എസ്.എസ്. സ്കൂളിൽ അധ്യാപകനായിരുന്ന ഇദ്ദേഹം 1924 മുതൽ 1944 വരെ കരുവാറ്റ എൻ.എസ്.എസ്. സ്കൂൾ ഹെഡ്മാസ്ററായും 1944-ൽ തിരുവനന്തപുരം ട്രെയിനിങ് കോളജ് അധ്യാപകനായും സേവനം അനുഷ്ഠിച്ചു. പിന്നീട് വിദ്യാഭ്യാസ ഡയറക്ടറുടെ പി.എ., വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ, മഹാത്മാഗാന്ധി കോളജ് പ്രിൻസിപ്പൽ, 1957-64 വർഷക്കാലങ്ങളിൽ ആകാശവാണി പ്രൊഡ്യൂസർ എന്നീ നിലകളിൽ സേവനം നടത്തി. കൈനിക്കര സഹോദരൻമാരുടെ നാടകക്കളരിയിലെ മിക്ക വേഷങ്ങളും ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു. കേരള നാടക അക്കാദമി ഫെല്ലോഷിപ്പ് 1976-ൽ ഇദ്ദേഹത്തിന് ലഭിച്ചു. മലയാളനാടകരംഗത്തെ പ്രവർത്തനത്തെ മുൻനിർത്തി കേരള സർക്കാരിന്റെ പ്രത്യേക അവാർഡിനും ഇദ്ദേഹം അർഹനായി.

[തിരുത്തുക] കൈനിക്കര പത്മനാഭപിള്ള

നാടകകൃത്ത്‌:

[തിരുത്തുക] അരവിന്ദാക്ഷമേനോൻ

നാടകകൃത്ത്, നാടക സംവിധായകൻ‌:

[തിരുത്തുക] മുട്ടത്തു വർക്കി

പ്രധാന ലേഖനം: മുട്ടത്തു വർക്കി

മലയാള കഥാകൃത്ത്, സാഹിത്യകാരൻ: ചങ്ങനാശ്ശേരിയുടെ സ്വന്തം പുത്രനെന്നറിയപ്പെടുന്ന മുട്ടത്തു വർക്കി ജനിച്ചത് ഇവിടെയാണ്. അദ്ദേഹം പഠിച്ചിറങ്ങിയ സ്കൂളിൽതന്നെ അദ്ധ്യാപകനുമായി (എസ്.ബി.ഹൈസ്കൂളിൽ) തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കൂടിക്കലിലെ തടിഫാക്ടറിയിൽ കണക്കെഴുത്തുകാരനായിട്ടും കുറച്ചു നാൾ എം.പി.പോളിന്റെ ട്യൂട്ടോറിയലിൽ പഠിപ്പിക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് എം.പി.പോളിനോടൊത്ത് സഹ പത്രാധിപരായി ദീപികയിൽ ജോലിചെയ്തത്.

[തിരുത്തുക] എൽ. പി. ആർ വർമ്മ

എൽ.പി.ആർ വർമ്മ
പ്രധാന ലേഖനം: എൽ.പി.ആർ വർമ്മ

ചങ്ങനാശേരിയുടെ സംഗീതമാണ് എൽ.പി.ആർ; പുഴവാതിലെ ലക്ഷ്മീപുരം കൊട്ടാരത്തിൽ പൂരം നാളിൽ പിറന്ന തെക്കുംകൂർ രാജാവാണ് അദ്ദേഹം. ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് പൂരം നാൾ രവിവർമ്മ എന്നാണ്. സംഗീത സംവിധാനത്തിന്റെ പേരിൽ ഇദ്ദേഹത്തെ തേടിവരാത്ത അവാർഡുകളില്ല. 1969-ൽ ദേശീയ പുരസ്കാരം, 1985-ൽ സംസ്ഥാന അവാർഡ്, 1978-ൽ സംഗീത നാടക അക്കാദമി അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വടക്കാഞ്ചേരി വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും ചങ്ങനാശ്ശേരി ലക്ഷമീപുരം കൊട്ടാരത്തിൽ മംഗലാഭായി ത്തമ്പുരാട്ടിയുടെയും മകനായിപ്പിറന്ന രാജകുമാരൻ, ചങ്ങനാശ്ശേരിയിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ ചേർന്നു. മലയാളത്തിലെ ഒരു സംഗീത സം‌വിധായകനും, ഗായകനുമാണ്‌ ഇദ്ദേഹം. എൽ.പി.ആരിന്റെ ബഹുമാനാർത്ഥം തുടങ്ങീയ സംഗീത അവാർഡാണ് സംഗീത രത്നാകര പുരസ്കാരം.

[തിരുത്തുക] അഞ്ജു ബോബി ജോർജ്

ലോക പ്രശസ്ത ലോങ്ജംപ്‌ താരം:

[തിരുത്തുക] പി.കെ. നാരായണപണിക്കർ

പി.കെ. നാരായണപ്പണിക്കർ

എൻ.എസ്.എസ് ജനറൽ സെക്രടറി, എൻ.എസ്.എസ്. പ്രസിഡന്റ്, ചങ്ങനാശ്ശേരി നഗരസഭാ അധ്യക്ഷൻ, കേരള സർവകലാശാലാ സെനറ്റംഗം, എംജി സർവകലാശാലാ സിൻഡിക്കേറ്റംഗം, ഗുരുവായൂർ ദേവസ്വം ബോർഡംഗം, ചങ്ങനാശേരി ലയൺസ് ക്ലബ് പ്രസിഡന്റ്എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1977-ൽ എൻ.എസ്.എസ്. ട്രഷററായി നേതൃസ്ഥാനത്തെത്തി.1983 ഡിസംബർ 31നാണ് ആദ്യമായി ജനറൽ സെക്രട്ടറിയായത്. എൻഡിപി എന്ന രാഷ്ട്രീയപാർട്ടി രൂപീകരിച്ചപ്പോൾ അതിന്റെ അമരക്കാരനായിരുന്നു പണിക്കർ.

[തിരുത്തുക] മാർ കുര്യാളശ്ശേരി

മാർ കുര്യാളശ്ശേരി
പ്രധാന ലേഖനം: തോമസ് കുര്യാളശേരി

ചങ്ങനാശ്ശേരി രൂപതയുടെ ഒന്നാമത്തെ ബിഷപ്പായിരുന്നു കുര്യാളശ്ശേരി പിതാവ് എന്നറിയപ്പെട്ട മാർ തോമസ് കുര്യാളശ്ശേരി. ജന്മം കൊണ്ട് അദ്ദേഹം കുട്ടനാട്ടുകാരനായിരുന്നെങ്കിലും കർമ്മംകൊണ്ട് ചങ്ങനാശ്ശേരിക്കാരനായിരുന്നു കുര്യാളശ്ശേരി പിതാവ്. ഇദ്ദേഹത്തിന്റെ നന്മയും ശ്രേഷ്ഠഗുണങ്ങളും പരിഗണിച്ച് ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവാനാക്കുവാനുള്ള കല്പന നൽകുകയുണ്ടായി.

[തിരുത്തുക] മാർ ജയിംസ് കാളാശേരി

പ്രധാന ലേഖനം: മാർ ജയിംസ് കാളാശേരി

സമുദായ നേതാവ്, രൂപതാ മെത്രാൻ: പുണ്യചരിതനായ കുര്യാളശ്ശേരി പിതാവിനെ തുടർന്ന് ചങ്ങനാശേരി രൂപതയുടെ മെത്രാനായി വന്ന മാർ കാളാശേരി അസാധാരണമായ കഴിവുകളുടേയും വ്യക്തി പ്രഭാവത്തിന്റെയും ഉടമയായിരുന്നു. ചങ്ങനാശേരി രൂപതയുടെ മാത്രമല്ല കേരളത്തിലെ ക്രൈസ്തവസഭയ്ക്ക് മുഴുവൻ രക്ഷകനായിരുന്നു. ഇദ്ദേഹം ജനിച്ചത് ചങ്ങനാശ്ശേരിയിലാണ്. വിദ്യാഭ്യാസ സ്വാതന്ത്ര്യം എടുത്തു കളയുവാൻ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർ അന്നത്തെ സ്റ്റേറ്റ് കൗൺസിലിന്റെയും സർക്കാരിന്റെയും പേരിൽ തീരുമാനമെടുത്തപ്പോൾ ഇതിലടങ്ങിയിരിക്കുന്ന അപകടം അതിന്റെ പൂർണതയിൽ മനസിലാക്കാനും അർത്ഥശങ്ക കൂടാതെ അതിനെ എതിർക്കാനും അദ്ദേഹം ധൈര്യം കാണിച്ച് അദ്ദേഹം പ്രശസ്തനായി.

[തിരുത്തുക] മാർ മാത്യു കാവുകാട്ട്

പ്രധാന ലേഖനം: മാത്യു കാവുകാട്ട്

ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായിരുന്നു മാർ മാത്യു കാവുകാട്ട്.

[തിരുത്തുക] മാർ ജോസഫ് പവ്വത്തിൽ

മാർ ജോസഫ് പവ്വത്തിൽ
പ്രധാന ലേഖനം: മാർ ജോസഫ് പവ്വത്തിൽ

ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപോലീത്തയായിരുന്നു ജോസഫ് പവ്വത്തിൽ.

[തിരുത്തുക] ചരിത്ര സ്മാരകങ്ങൾ

[തിരുത്തുക] മന്നം സമാധി

എൻ.എസ്.എസ് ആസ്ഥാന കവാടം

കേരളത്തിലെ പ്രമുഖ സാമുദായിക പരിഷ്‌കർത്താവായ മന്നത്ത്‌ പത്മനാഭന്റെ സമാധി മന്ദിരം പെരുന്നയിലാണ്‌. നായർ സർവീസ്‌ സൊസൈറ്റിയുടെ ആസ്ഥാനത്തിനടുത്താണിത്‌. എം.സി. റോഡിന് അഭിമുഖമായിട്ട് ഇത് ചങ്ങനാശ്ശേരി പെരുന്നയിൽ സ്ഥിതിചെയ്യുന്നു.

[തിരുത്തുക] എട്ടു വീട്ടിൽപിള്ളമാരുടെ സമാധി

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്ത് കൊല്ലചെയ്യപെട്ട എട്ടുവീട്ടിൽ പിള്ളമാരുടെ പ്രേത ശല്യം, മാർത്താണ്ഡവർമ്മയ്ക്കുശേഷം ഭരണത്തിലേറിയ ധർമ്മരാജാവിനു അനുഭവപ്പെട്ടു. അതിനെ തുടർന്ന് കുമാരമംഗലത്തു മനയിലെ നമ്പൂതിരിയെ കൊണ്ട് ആവാഹിക്കുകയും അവരുടെ ആത്മാക്കളെ വേണാട്ടിൽനിന്നും ആവാഹിച്ചു കുടങ്ങളിലാക്കി ചങ്ങനാശ്ശേരിയിൽ പുഴവാതിലെ കുമാരമംഗലത്തുമനയിൽ കുടിയിരുത്തി. അന്ന് ധർമ്മരാജാവ് കാർത്തിക തിരുനാൾ ചങ്ങനാശ്ശേരിയിൽ എഴുന്നള്ളുകയും വലിയ ഗുരുതി നടത്തി ഇനി മേലാൽ ചങ്ങനാശ്ശേരിയിൽ കാലുകുത്തുകയില്ല എന്നും കാലുകുത്തിയാൽ തിരിച്ച് പിള്ളമാരുടെ ആത്മാക്കളെ തിരിച്ചു കൊണ്ടുപൊക്കോളാം എന്ന് പ്രഖ്യാപനം നടത്തുകയും ചെയ്യുകയുണ്ടായി. അതിനുശേഷം തിരുവിതാംകൂറിൽനിന്നും രാജാക്കന്മാർ ആരുംതന്നെ ചങ്ങനാശ്ശേരിയിൽ കാലുകുത്തിയിട്ടില്ലത്രേ. ചങ്ങനാശ്ശേരി വഴി കടന്നുപോകേണ്ടി വന്നിരുന്ന അവസരത്തിൽ കറുത്ത തുണികൊണ്ട് വശങ്ങൾ മറക്കുകയും പതിവായിരുന്നു.


ചിത്തിര തിരുനാൾ ബാലരാമ വർമ്മമഹാരജാവാണ് ഇത് തിരുത്തിയത്. അദ്ദേഹം തന്റെ കോളേജ് വിദ്യാഭ്യാസകാലത്ത് താമസിച്ചു പഠിച്ചത് ചങ്ങനാശ്ശേരി വാഴപ്പള്ളിയിലായിരുന്നു. പിന്നീട് മഹാരാജാവായതിനുശേഷം എൻ.എസ്.എസിന്റെ ഉദ്ഘാടന പരിപാടികൾക്കായി ചങ്ങനാശ്ശേരിയിൽ വരുകയുണ്ടായി. അതായിരുന്നു ധർമ്മരാജാവിനു ശേഷം ചങ്ങനാശ്ശേരിയിൽ വന്ന ആദ്യ തിരുവിതാംകൂർ മഹാരാജാവ്. അന്ന് അദ്ദേഹം തിരു-കൊച്ചി രാജപ്രമുഖനായിരുന്നു. മന്നത്തു പദ്മനാഭന്റെ ആഗ്രഹപ്രകാരമാണ് അദ്ദേഹം അന്ന് പതാക ഉയർത്തി പെരുന്നയിലെ എൻ.എസ്.എസ് ഹിന്ദു കോളേജ് ഉദ്ഘാടനത്തിനായി എത്തിയത്. ഇന്നും പുഴവാതിൽ എട്ടുവീട്ടിൽ പിള്ളമാരുടെ സമാധിയുണ്ട്. വർഷത്തിലൊരു പ്രാവിശ്യം ഗുരുതിയും പൂജകളും ഇവിടെ പതിവുണ്ട്.

[തിരുത്തുക] ലക്ഷ്മീപുരം കൊട്ടാരം

[തിരുത്തുക] മന്നം മ്യൂസിയം

[തിരുത്തുക] മാർ കുര്യാളശ്ശേരി മ്യൂസിയം

[തിരുത്തുക] വാഴപ്പള്ളി മതുമൂല

വാഴപ്പള്ളി ക്ഷേത്രത്തിന്റെയും, അനുബന്ധ കെട്ടിടങ്ങളുടേയും, സുരക്ഷയ്ക്കായി പത്തില്ലത്തിൽ പോറ്റിമാർ നിർമ്മിച്ചതായിരുന്നു ഇത്. മാർത്താണ്ഡവർമ്മയുടെ തെക്കുക്കൂർ ആക്രമണത്തിൽ തന്നെ ഈ മൺകോട്ടയുടെ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് ശേഷിച്ചിരുന്ന ഭാഗമായിരുന്നു വാഴപ്പള്ളിയിൽ എം.സി റോഡിനരികുലായി ഉണ്ടായിരുന്ന മതിൽക്കെട്ട്. ഈ മതിൽക്കെട്ട് വാമൊഴിയിലൂടെ മതിൽ മൂലയായും പിന്നീട് മതുമൂലയായും തീർന്നു. [11]

[തിരുത്തുക] ആനന്ദാശ്രമം

ആനന്ദാശ്രമം

ആനന്ദാശ്രമം സ്ഥിതിചെയ്യുന്നത് വാഴപ്പള്ളി മോർക്കുളങ്ങരയിലാണ്. കൊല്ലവർഷം 10-09-1103 മഹാത്മാഗാന്ധിയാൽ ഉത്ഘാടനം ചെയ്യപ്പെട്ട സ്കൂൾ സ്ഥിതിചെയ്യുന്നത് ഈ ആശ്രമ പരിസരത്താണ്. ശ്രീ നാരായണതീർത്ഥർസ്വാമിയുടെ ആശ്രമമായിരുന്നു ഇവിടെ, അതിനോട് അനുബന്ധിച്ചാണ് സ്കൂൾ ആരംഭിച്ചതും ഗാന്ധിജിയാൽ ഉത്ഘാടനം ചെയ്യപ്പെട്ടതും. സ്വാതന്ത്രസമരത്തോട് അനുബന്ധിച്ചുള്ള ജനസമ്പർക്ക പരിപാടികൾക്കായി ശ്രീ നാരായണ ഗുരു ഗാന്ധിജിയെ ഇവിടേക്ക് ക്ഷണിക്കുകയും, ഇവിടെ ആശ്രമ മുറ്റത്തെ ആൽമരചുവട്ടിൽ വെച്ചു നടത്തിയ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കുകയും ചെയ്തിരുന്നു. എസ്.എൻ.ഡി.പി യുടെ ഒന്നാം നമ്പർ ശാഖയാണ് ആനന്ദാശ്രമം.

[തിരുത്തുക] വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക] സ്കൂളുകൾ

1891 ൽ സ്ഥാപിതമായ ഈ പുരാതന വിദ്യാലയം ചങ്ങനാശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിലെ ആദ്യത്തെ വിദ്യാലയമായ എസ്.ബി സ്ക്കൂൾ 1891 ൽ ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബിഷപ്പായിരുന്ന ചാൾസ് ലവീ‌ഞ്ഞ് പിതാവിനാൽ സ്ഥാപിതമായി. റെസിഡൻഷ്യൽ സ്ക്കൂളായി ആരംഭിച്ചു എന്ന പ്രത്യേകത കൂടി എസ്.ബിക്കുണ്ട്.

[തിരുത്തുക] കോളേജുകൾ

പ്രധാന കോളേജുകൾ സ്ഥലം ചിത്രം
1 സെന്റ്. ബർക്കുമാൻസ് കോളേജ് വാഴപ്പള്ളി
Sbcollegechry.jpg
2 എസ്.എസ്.എസ് ഹിന്ദു കോളേജ് പെരുന്ന
Changanassery NSS College.JPG
3 അസംപ്ഷൻ കോളേജ് വാഴപ്പള്ളി
അസം‍പഷൻ-കലാലയം.jpg
4 എസ്.എസ്.എസ് ട്രയിനിംഗ് കോളേജ് പെരുന്ന
5 എസ്.എസ്.എസ് ആതുരാശ്രമം ഹോമിയോ കോളേജ് കുറിച്ചി
6 സെന്റ് ജോസഫ് കോളേജ് കുരിശുമ്നൂട്
Media Village - St.Joseph College.JPG
7 സെന്റ് ഗിസ്റ്റ് എഞ്ചിനിയറിംഗ് കോളേജ് പാത്താമുട്ടം, കുറിച്ചി

[തിരുത്തുക] പ്രമുഖ ആസ്ഥാന മന്ദിരങ്ങൾ

[തിരുത്തുക] നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനം

[തിരുത്തുക] സീറോ മലബാർ സഭയുടെ അതിരൂപതാ ആസ്ഥാനം

[തിരുത്തുക] ഗതാഗതം

ചങ്ങനാശേരി പട്ടണത്തിലെ പ്രധാനപാതകളും സ്ഥാപനങ്ങളും.

[തിരുത്തുക] ചിത്രങ്ങൾ

[തിരുത്തുക] അവലംബം

  1. ചങ്ങനാശ്ശേരി'99 - ഡോ. സക്റിയ സക്കറിയ, കറന്റ് ബുക്സ്
  2. ചങ്ങനാശ്ശേരി (കഴിഞ്ഞ നൂറ്റാണ്ടിൽ; 1999) - പ്രൊഫ. രാമചന്ദ്രൻ നായർ
  3. കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ, കേരള സാഹിത്യ അക്കാദമി - വി.വി.കെ വാലത്ത്
  4. സ്ഥലനാമ കൗതുകം--ISBN : 9788189716554 -- പ്രൊഫ.പി.എ.രാമചന്ദ്രൻ നായർ -- റെയിൻബൊ പബ്ലിഷേസ്
  5. വി.വി.കെ. വാലത്ത് -- കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ -- കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ
  6. സ്ഥലനാമ കൗതുകം--ISBN : 9788189716554 -- പ്രൊഫ.പി.എ.രാമചന്ദ്രൻ നായർ -- റെയിൻബൊ പബ്ലിഷേസ്
  7. ചങ്ങനാശ്ശേരി കഴിഞ്ഞ നൂറ്റാണ്ടിൽ -- ചങ്ങനാശ്ശേരി '99 -- പി. രാമചന്ദ്രൻ നായർ -- കറന്റ് ബുക്സ്
  8. ചങ്ങനാശ്ശേരി കഴിഞ്ഞ നൂറ്റാണ്ടിൽ -- ചങ്ങനാശ്ശേരി '99 -- പി. രാമചന്ദ്രൻ നായർ -- കറന്റ് ബുക്സ്
  9. തിരുവിതാംകൂർ ചരിത്രം - പി. ശങ്കുണ്ണി മേനോൻ - പേജ് 130, 131
  10. കേരള ചരിത്രം -- എ.ശ്രീധരമേനോൻ -- ഡി.സി. ബുക്സ്
  11. ചങ്ങനാശ്ശേരി (കഴിഞ്ഞ നൂറ്റാണ്ടിൽ; 1999)

[തിരുത്തുക] കുറിപ്പുകൾ

"http://ml.wikipedia.org/w/index.php?title=ചങ്ങനാശ്ശേരി&oldid=1308904" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ