തിരുവഞ്ചൂർ രാധാകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവഞ്ചൂർ രാധാകൃഷ്ണൻ

നിലവിൽ
പദവിയിൽ 
2014 ജനുവരി 1
ഗവർണർ നിഖിൽ കുമാർ
നിയോജക മണ്ഡലം കോട്ടയം

ജനനം (1949-12-26) ഡിസംബർ 26, 1949 (64 വയസ്സ്)
തിരുവഞ്ചൂർ, കോട്ടയം
രാഷ്ടീയകക്ഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ് Flag of the Indian National Congress.svg
ജീവിതപങ്കാളി(കൾ) ലളിതാംബിക രാധാകൃഷ്ണൻ
കുട്ടികൾ 3 മക്കൾ
മതം ഹിന്ദു, നായർ

കേരള നിയമസഭയിലെ വനം, ഗതാഗതം, പരിസ്ഥിതി, കായികം, സിനിമാവകുപ്പു മന്ത്രിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ (ജനനം: 1949 ഡിസംബർ 26). കേരളത്തിലെ കോൺഗ്രസ്(ഐ) നേതാക്കളിലൊരാളായ തിരുവഞ്ചൂർ കോട്ടയം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ.-യാണ്

ജീവിതരേഖ[തിരുത്തുക]

കെ.പി. പരമേശ്വരൻപിള്ളയുടെയും എം.ജി. ഗൗരിക്കുട്ടിയമ്മയുടെയും മകനായി 1949 ഡിസംബർ 26-ൽ കോട്ടയം ജില്ലയിലെ തിരുവഞ്ചൂരിൽ ജനിച്ച രാധാകൃഷ്ണൻ ബാലജനസഖ്യത്തിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. [1] കോട്ടയത്തെ എം.ടി സെമിനാരി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കോട്ടയം ബസേലിയസ് കോളജിൽ നിന്ന് ബിരുദവും, തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജിൽ നിന്ന് നിയമബിരുദവും നേടിയിട്ടുണ്ട്. കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.യു-വിന്റെ സജീവപ്രവർത്തകനായിരുന്ന തിരുവഞ്ചൂർ കെ.എസ്.യു കോട്ടയം ജില്ലാ പ്രസിഡന്റ് (1967), കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി(1969), കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽസെക്രട്ടറി(1971), കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ(1973) തുടങ്ങിയ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1974-77 കാലഘട്ടത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്നു.

1976 മുതൽ കോട്ടയം ബാറിൽ അഭിഭാഷകനായി പരിശീലനം തുടങ്ങിയെങ്കിലും സജീവ രാഷ്ട്രീയപ്രവർത്തനം തുടർന്നു.1978 മുതൽ 1982 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും 1982 മുതൽ 1984 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും 1984 മുതൽ 2001 വരെ കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായി.

1991-ൽ ആദ്യമായി അടൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് സംസ്ഥാന നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.[2] 1996-ലും 2001-ലും 2006-ലും അടൂരിൽ നിന്നു തന്നെ മത്സരിച്ച് വിജയിച്ചു. 2004-ൽ ഒന്നാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്ന തിരുവഞ്ചൂർ ജലവിഭവം, വനം, ആരോഗ്യം, പാർലമെന്ററികാര്യം എന്നീ വകുപ്പുകളുടെ ചുമതലകൾ വഹിച്ചിരുന്നു.

2011-ൽ കോട്ടയം മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ തിരുവഞ്ചൂർ രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ റവന്യൂ വകുപ്പ് മന്ത്രിയായി നിയോഗിതനായി. പാമോയിൽ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2011 ഓഗസ്റ്റ് 9-ന് വിജിലൻസ് വകുപ്പിന്റെ ചുമതല അദ്ദേഹം ഒഴിഞ്ഞപ്പോൾ ഈ വകുപ്പിന്റെ ചുമതല കൂടി തിരുവഞ്ചൂർ രാധാകൃഷ്ണന് കൈമാറപ്പെട്ടു. 2012 ഏപ്രിൽ 12-ന് നടന്ന കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റത്തെ തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന് ആഭ്യന്തര വകുപ്പിന്റെ ചുമതല ലഭിക്കുകയും അദ്ദേഹത്തിന്റെ ചുമതലയിലുണ്ടായിരുന്ന റവന്യൂ വകുപ്പ് അടൂർ പ്രകാശിന് നൽകപ്പെടുകയും ചെയ്തു.

കുടുംബം[തിരുത്തുക]

ലളിതാംബിക രാധാകൃഷ്ണനാണ് ഭാര്യ . ഡോ. അനുപം, ആതിര, അർജുൻ എന്നിവരാണ് മക്കൾ.

അവലംബം[തിരുത്തുക]

  1. കുഞ്ഞൂഞ്ഞിന് വലംകൈയാകാൻ, മാധ്യമം, 2011 മേയ് 22
  2. വിശ്വസ്‌തതയുടെ അംഗീകാരവുമായി തിരുവഞ്ചൂർ, മംഗളം, 2011 മേയ് 22
"http://ml.wikipedia.org/w/index.php?title=തിരുവഞ്ചൂർ_രാധാകൃഷ്ണൻ&oldid=1933146" എന്ന താളിൽനിന്നു ശേഖരിച്ചത്