ഭാരതപ്പുഴ
| ഭാരതപ്പുഴ (Bharathappuzha) | |
| നദി | |
| രാജ്യം | ഇന്ത്യ |
|---|---|
| സംസ്ഥാനങ്ങൾ | കേരളം, തമിഴ് നാട് |
| ഉത്ഭവം | ആനമല |
| - location | തമിഴ് നാട്, India |
| - elevation | 2,461 m (8,074 ft) |
| - coordinates | 10°36′N 77°07′E / 10.600°N 77.117°E |
| നദീമുഖം/സംഗമം | അറബികടൽ |
| - location | പൊന്നാനി, ഇന്ത്യ |
| - elevation | 0 m (0 ft) |
| - coordinates | 10°46′N 75°54′E / 10.767°N 75.900°E |
| നീളം | 209 km (130 mi) |
| Basin | 6,186 km² (2,388 sq mi) |
| Discharge | for പൊന്നാനി |
| - average | 161 m³/s (5,686 cu ft/s) |
കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു ഭാരതപ്പുഴ. നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു. പശ്ചിമ ഘട്ടത്തിൽനിന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഭാരതപ്പുഴ 209 കിലോമീറ്റർ ദൂരം താണ്ടുന്നു. വെറുമൊരു നദി എന്നതിനേക്കാൾ ഭാരതപ്പുഴ കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ്. മലയാള സാഹിത്യത്തിലും ഒട്ടേറെ മലയാളികളുടെ ജീവിതത്തിലും നിളയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്. പേരാർ, കോരയാർ, വരട്ടാർ, വാളയാർ എന്നീ ശുദ്ധദ്രാവിഡനാമങ്ങളും ഭാരതപ്പുഴ, നിള, ഗായത്രി, മംഗലനദി എന്നീ സംസ്കൃതനാമങ്ങളും ഈ നദിക്കുണ്ട്.
ഉള്ളടക്കം |
നിളയുടെ വഴി [തിരുത്തുക]
ഭാരതപ്പുഴയുടെ പ്രധാനശാഖ ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തിലെ ആനമലയിൽ നിന്നാണ് (തമിഴ്‌നാട് സംസ്ഥാനത്തിൽ) പടിഞ്ഞാറോട്ടൊഴുകുന്ന പുഴ പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ കൂടി ഒഴുകുന്നു. പല കൈവഴികളും നിളയിൽ ഇതിനിടക്ക് ചേരുന്നു. 40 കിലോമീറ്ററോളം ദൂരത്തിൽ പൊള്ളാച്ചി വരെ പുഴ വടക്കോട്ടാണ് ഒഴുകുന്നത്. പറളിയിൽ കണ്ണാടിപ്പുഴയും കൽപ്പാത്തിപ്പുഴയും ഭാരതപ്പുഴയിൽ ചേരുന്നു. അവിടെനിന്ന് പൊന്നാനിയിൽ ചെന്ന് അറബിക്കടലിൽ പതിക്കുന്നതുവരെ ഭാരതപ്പുഴ പടിഞ്ഞാറോട്ടൊഴുകുന്നു.
ഭാരതപ്പുഴയുടെ കടലിനോടു ചേർന്നുള്ള ഒരു ചെറിയ ഭാഗമൊഴിച്ച് മറ്റുഭാഗങ്ങൾ നദീജല ഗതാഗതത്തിന് അനുയോജ്യമല്ല. 6,186 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള ഭാരതപ്പുഴയുടെ നദീതടം കേരളത്തിലെ എല്ലാ നദീതടങ്ങളിലും വെച്ച് വലുതാണ്. ഇതിന്റെ മൂന്നിൽ രണ്ടു ഭാഗത്തെക്കാൾ അൽപ്പം കൂടുതൽ (4400 ച.കി.മീ) കേരളത്തിലും ബാക്കി (1786 ച.കി.മീ) തമിഴ്‌നാട്ടിലുമാണ്. വലിയ നദീതടമുണ്ടെങ്കിലും കേരളത്തിലെ മറ്റു നദികളെ അപേക്ഷിച്ച് ഭാരതപ്പുഴക്ക് ഒഴുക്കുകുറവാണ്. പുഴയുടെ ഒരു വലിയ ഭാഗവും അധികം മഴലഭിക്കാത്ത ഭൂപ്രദേശങ്ങളിലൂടെ ഒഴുകുന്നതാണ് (തമിഴ്‌നാട്ടിലും പാലക്കാട്ടിലും) ഇതിനു കാരണം. സ്വാതന്ത്ര്യലബ്ധിക്കുശേഷം പുഴയ്ക്കു കുറുകെ പല അണക്കെട്ടുകളും കെട്ടിയതും ഭാരതപ്പുഴയുടെ ഒഴുക്ക് കുറച്ചു. ഇന്ന് വേനൽക്കാലത്ത് പുഴയുടെ പല ഭാഗങ്ങളിലും ഒട്ടും തന്നെ ഒഴുക്കില്ല.
കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദിയാണ് നിള. അതേ സമയം പൂർണ്ണമായും കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി പെരിയാർ ആണ്.
ഭാരതപ്പുഴ പല നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ജീവനാഡിയാണ്. പാലക്കാട്, പറളി, കിള്ളിക്കുറിശ്ശിമംഗലം, ഒറ്റപ്പാലം, ഷൊർണ്ണൂർ, പട്ടാമ്പി, തൃത്താല, വരണ്ട്കുറ്റിക്കടവ് ,തിരുവേഗപ്പുറ, കൂടല്ലൂർ, പള്ളിപ്പുറം,കുറ്റിപ്പുറം, കുമ്പിടി എന്നിവ ഭാരതപ്പുഴ ഒഴുകുന്ന പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉൾപ്പെടും. പള്ളിപ്പുറം പട്ടണം ഉൾക്കൊള്ളുന്ന പരുതൂർ ഗ്രാമം തൂതപ്പുഴയുടെയും ഭാരതപ്പുഴയുടെയും സംഗമസ്ഥാനത്താണ്. മായന്നൂരിൽ വച്ച് ഗായത്രിപ്പുഴ ഭാരതപ്പുഴയിൽ ലയിക്കുന്നു.
ജലസേചനം-ഗതാഗതം [തിരുത്തുക]
ഭാരതപ്പുഴക്കു കുറുകെ ആറ് അണക്കെട്ടുകൾ ഇപ്പോൾ നിലവിലുണ്ട്. പുതിയ രണ്ട് അണക്കെട്ടുകളുടെ പണി പുരോഗമിക്കുന്നു. ഭാരതപ്പുഴയുടെയും ഉപശാഖകളുടെയും കുറുകെ കെട്ടിയ അണക്കെട്ടുകളിൽ ഏറ്റവും വലുത് മലമ്പുഴ ഡാമാണ്. ഭാരതപ്പുഴയിലെ മറ്റ് അണക്കെട്ടുകൾ: വാളയാർ ഡാം, മംഗലം ഡാം, പോത്തുണ്ടി ഡാം, മീങ്കാര ഡാം, ചുള്ളിയാർ ഡാം. മിക്കവാറും എല്ലാ അണക്കെട്ടുകളും ജലസേചനത്തിനു മാത്രമുള്ളവ ആണ്. 773 ച.കി.മീ ഭൂപ്രദേശത്തിന് ഈ ജലസേചന പദ്ധതികൾ ജലം പകരുന്നു. കാഞ്ഞിരപ്പുഴ ഡാമും ചിറ്റൂർ ഡാമും ഇന്ന് നിർമ്മാണത്തിലാണ്. ഈ അണക്കെട്ടുകൾ കൂടി പൂർത്തിയാവുമ്പോൾ മൊത്തം ജലസേചനം നടത്തുന്ന ഭൂപ്രദേശം 542 ച.കി.മീ കൊണ്ട് വർദ്ധിക്കും. ഭാരതപ്പുഴയ്ക്കു കുറുകെ വെള്ളീയാങ്കല്ലിൽ ഒരു പുതിയ തടയണപ്പാലം അടുത്തകാലത്തായി നിർമ്മിച്ചിട്ടുണ്ട്. പള്ളിപ്പുറവും തൃത്താലയുമായി ഈ പാലം ബന്ധിപ്പിക്കുന്നു.. ഇതോടെ തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള ദൂരത്തിൽ 10 കിലോമീറ്ററോളം കുറവ് വന്നു . ഭാരതപ്പുഴക്കു കുറുകെയുള്ളതിൽ വച്ച് ഏറ്റവും നീളം കൂടിയ പാലമാണ് മായന്നൂർ പാലം [അവലംബം ആവശ്യമാണ്]. ഒരു കിലോമീറ്ററോളം നീളം ഉള്ള ഈ പാലം ഒരേ സമയം ഭാരതപ്പുഴയേയും പാലക്കട്-ഷൊർണൂർ റെയിൽപ്പാതയേയും മറികടക്കുന്നു. ഈ പാലം വന്നതോടെ തൃശ്ശൂരിൽ നിന്നും ഒറ്റപ്പാലത്തേക്കുള്ള ദൂരത്തിൽ 6 കിലോമീറ്ററോളം കുറവ് വന്നു.മലപ്പുറം ജില്ലയിലെ പൊന്നാനിക്കു സമീപത്തുള്ള ചമ്രവട്ടത്തുള്ള തടയണപ്പാലം പൊന്നാനിയേയും തിരൂരിനേയും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്നു. കൂടാതെ കൊച്ചി-കോഴിക്കോട് ദൂരം 40 കിലോമീറ്ററോളം കുറക്കാനും ഈ പാലം സഹായിക്കുന്നു.
സാംസ്കാരിക പ്രാധാന്യം [തിരുത്തുക]
കേരളസംസ്കാരത്തിന് ഏറ്റവും സംഭാവന നൽകുന്ന നദി. കേരളപൈതൃകത്തിന്രെ പര്യായമായ നദി. വള്ളത്തോൾ നിളയെ സ്തുതിക്കുന്നു
ആ രംഗം സർവ്വമാച്ഛാദിതമഹഹ ചിരാത് കാലമാം ജാലവിദ്യക്കാരൻ തൻ പിംഛികോച്ചാലനമുലകിൻ വരുത്തില്ല എന്തെന്തുമാറ്റം
നേരമ്പോക്കെത്ര കണ്ടൂ ഭവതി ഇഹ പദം തോറുമെന്തൊക്കെ മേലിൽ
സ്വൈരം കാണും ത്രിലോകപ്രഥിത നദി നിളാദേവി നിത്യം നമസ്തേ
ഭാരതപ്പുഴയുടെ തീരം കേരളത്തിലെ പ്രകൃതിഭംഗിയാർന്ന പ്രദേശമാണ്. അതുകൊണ്ടുതന്നെ സമകാലീന സിനിമകളിൽ ഈ പ്രദേശം വളരെയധികം രംഗങ്ങളിൽ ദ്രുശ്യവൽകരിയ്ക്കപ്പെടുന്നു. ചരിത്രകാരന്മാരുടെ നിഗമനത്തിൽ മഹേന്ദ്രപല്ലവൻ ചക്രവർത്തിയുടെ കാലഘട്ടത്തിൽ തദ്ദേശത്ത് നിന്നും ഒരു സാംസ്കാരിക പാലായനം നടന്നിട്ടുണ്ടാകണം എന്നാണ്. ഒഴുക്കു നിലയ്ക്കാത്ത നിള, കുളിയും ജപനിഷ്ഠയുമുള്ള ഒരു ജനതയെ ഇങ്ങോട്ട് ആകർഷിച്ചിരിയ്ക്കാം. അങ്ങനെ കലാപാരമ്പര്യമുള്ളവരുടെ ജനവാസം ഇവിടെ ഇരു കരകളിലുമായി ഉടലെടുത്തിരിയ്ക്കണം. അവരുടെ പിന്തലമുറക്കാരും താവഴികളുമായി ഒരു കൂട്ടം കലാസാഹിത്യനിപുണന്മാർ അങ്ങനെ ഈ മണ്ണിൽ പിറവി കൊണ്ടു. കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ഛൻ മുതൽ പല ആധുനിക എഴുത്തുകാരും ഭാരതപ്പുഴയുടെ തീരത്താണ് ജനിച്ചുവളർന്നത്. എം.ടി. വാസുദേവൻ നായർ, എം. ഗോവിന്ദൻ, വി.കെ.എൻ. തുടങ്ങിയവർ ഈ ഗണത്തിൽ പെടുന്നു. കേരളത്തിലെ രംഗ-നാട്യ കലകളുടെ കേദാരമായ കേരള കലാമണ്ഡലം ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതിചെയുന്നു. . ഭാരതപ്പുഴയുടെ അടുത്തുള്ളതിരുവില്വാമലയിലെ ഐവർ മഠം ഹിന്ദുക്കളുടെ ഒരു വിശുദ്ധമായ ശ്മശാനമാണ്. ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിക്കുന്നവർക്ക് മോഷം ലഭിക്കുമെന്നാണ് പഴമൊഴി. കർക്കിടക വാവിന് പിതൃക്കൾക്ക് മക്കൾ പിതൃതർപ്പണം നടത്തുന്ന സ്ഥലങ്ങളിൽ പ്രധാനമാണ് നിളാതീരം. ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിച്ച പ്രശസ്തരിൽ ഒ.വിവിജയനും വി.കെ.എന്നും ഉൾപ്പെടുന്നു. ഭാരതപ്പുഴയുടെ തീരങ്ങളിലൂടെ നിത്യകന്യകയെത്തേടിഅലഞ്ഞ പി കുഞ്ഞിരാമൻ നായർ ഒരു പ്രതീകമായി അവശേഷിക്കുന്നു. കേരളത്തിന്രെ സാംസ്കാരിക കേന്ദ്രങ്ങളായി അറിയപ്പെടുന്ന തിരുവില്വാമല, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരുനാവായ, തുഞ്ചൻ പറമ്പ് എന്നിവയെല്ലാം നിളാതീരത്താണ്.