അച്ചൻകോവിലാർ
പമ്പയുടെ ഒരു പോഷകനദിയാണു അച്ചൻകോവിലാർ. പശുക്കിടാമേട്, രാമക്കൽതേരി, ഋഷിമല എന്നിവിടങ്ങളിൽനിന്നും ഉദ്ഭവിക്കുന്ന ചെറുപുഴകൾ യോജിച്ചാണ് അച്ചൻകോവിലാറിന് രൂപം നൽകുന്നത്. ഏകദേശം 112 കി.മീ. ഒഴുകി ആലപ്പുഴ ജില്ലയിലെ വീയപുരത്ത് വച്ച് അച്ചൻകോവിലാറ് പമ്പാനദിയിൽ ലയിക്കുന്നു. [1]
തുടക്കത്തിൽ വ.പടിഞ്ഞാറായി ഒഴുകുന്ന ഈ പുഴ കുമ്പഴ എന്ന സ്ഥലത്തെത്തി കല്ലാർ എന്ന പ്രധാന കൈവഴിയുമായി ഒത്തുചേർന്നു പടിഞ്ഞാറേയ്ക്കു തിരിയുന്നു. തറമുക്കിനടുത്തുവച്ച് ഈ ആറിന്റെ ഒരു കൈവഴിപിരിഞ്ഞ് കുട്ടമ്പേരൂർവഴി വടക്കോട്ടൊഴുകി പരുമലയ്ക്കടുത്തായി പമ്പാനദിയോടുചേരുന്നു. മാവേലിക്കര കഴിഞ്ഞു പല ശാഖകളായി പിരിഞ്ഞുവളഞ്ഞും കുറേശ്ശെ ഗതിമാറിയും ഒഴുകുന്ന ഈ പുഴയുടെ ഇരുകരയിലും എക്കലടിഞ്ഞു ഫലഭൂയിഷ്ഠമായ സമതലങ്ങളാണുള്ളത്. ഇവിടങ്ങളിൽ കരിമ്പുകൃഷി അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ മറ്റു നദികളെലപ്പോലെതന്നെ അച്ചൻകോവിലാറും മണൽ വാരൽ, ആറ്റിനുള്ളിലെ കൃഷി, നഞ്ചിടീൽ തുടങ്ങിയ ചൂഷണങ്ങളാൽ പ്രതിസന്ധിയിലാണ്.
ഉള്ളടക്കം |
ഗതിമാറ്റം [തിരുത്തുക]
മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് AD 1700നും AD 1800നും ഇടയിൽ കായംകുളവുമായുള്ള യുദ്ധത്തിൽ അദ്ദേഹം വിജയിച്ചു. കായംകുളം രാജാവുമായി സഖ്യത്തിലായിരുന്ന ബുധനൂരിലെ പ്രമാണിമാരെ ഒരു പാഠം പഠിപ്പിക്കുന്നതിനുവേണ്ടി വെണ്മണി, ബുധനൂർ, പാണ്ടനാട് വഴി ഒഴുകിയിരുന്ന അച്ചൻകോവിലാർ വെണ്മണിയിലെശാർങ്ങക്കാവ് ക്ഷേത്രത്തിന് തൊട്ടുപടിഞ്ഞാറ് പുത്താറ്റിൻകര എന്ന സ്ഥലത്തുനിന്നും പുതിയ ആറുവെട്ടി ഗതിമാറ്റി വെട്ടിയാർ(വെട്ടിയ ആറ്) കൊല്ലകടവ് വഴി ഒഴുക്കുകയുണ്ടായി.കൊല്ലകടവിലെ മലപിളർന്നുള്ള ഇടുങ്ങിയ പുതിയ മാർഗ്ഗത്തിലൂടെയുള്ള ആറിന്റെ ഒഴുക്ക് വെണ്മണയിൽ വെള്ളപ്പൊക്കത്തിനും കൃഷിയുടെ കാലക്രമത്തിനു മാറ്റം വരുത്തുന്നതിനും ഇടയാക്കി. [2]
പ്രധാന തീരങ്ങൾ [തിരുത്തുക]
പന്തളം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന പന്തളംകൊട്ടാരം അച്ചൻകോവിലാറിന്റെ തീരത്താണ്. ഹൈന്ദവ ദൈവമായ അയ്യപ്പൻ വളർന്നത് ഇവിടെയാണെന്നാണ് ഐതീഹ്യം.
മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ വിഷു ഉത്സവം നടക്കപ്പെടുന്ന വെണ്മണിയിലെ ശാർങ്ങക്കാവ്(ചാമക്കാവ്) അച്ചൻകോവിലാറിന്റെ തീരത്താണ്.
കോന്നി [തിരുത്തുക]
അച്ചൻ കോവിലാറിന്റെ പ്രധാനപ്പെട്ട തീരങ്ങളിലൊന്നാണ് കോന്നി, പത്തനംതിട്ട ജില്ലയിലാണ് കോന്നി സ്ഥിതി ചെയ്യുന്നത്. കോന്നി പാലം അച്ചൻകോവിലാറിന് കുറുകെ ആണ്. മുരിങ്ങമംഗലം ക്ഷേത്രത്തിലെയും ക്യഷ്ണനട ക്ഷേത്രത്തിലെയും ആറട്ട് നടക്കുന്നതും ഈ നദിയിലാണ്.
വിപരീത ദിശ [തിരുത്തുക]
ഈ നദിയുടെ വിപരീത ദിശയിലെ പ്രവാഹം കാണാൻ പറ്റുന്നത് വലംചുഴി എന്ന പ്രദേശത്താണ്. നദി വിപരീത ദിശയിൽ തിരിഞ്ഞൊഴുകി വലംചുഴി ശ്രീഭുവനേശ്വരി ക്ഷേത്രം ഉള്ളിൽ വരും പോലെ കടന്നുപോകുന്നു. ഈ പ്രദേശത്തിന്റെ പേരിന് ഇതുമായി ബന്ധപ്പെടുത്താവുന്നതാണ്. ഒരേ സമയം കിഴക്കൊട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന ഒരു നദിയുടെ പ്രവാഹം ഇവിടെ കാണാൻ കഴിയും.
പാലങ്ങൾ [തിരുത്തുക]
കുമ്പഴ, കോന്നി, കൈപ്പട്ടൂർ, തുമ്പമൺ, പന്തളം,വെണ്മണി-പുലക്കടവ്, കൊല്ലകടവ്,വഴുവാടി-പൊറ്റമേൽക്കടവ്, പ്രായിക്കര എന്നീ സ്ഥലങ്ങളിൽ ഈ പുഴയിൽ റോഡ് പാലങ്ങളുണ്ട്; മാവേലിക്കരക്കും ചെങ്ങന്നുരിനുമിടയിലായി കൊല്ലകടവിൽ ഒരു റെയിൽപാലവും വെണ്മണിയിലെ ശാർങക്കാവിൽ ഒരു നടപാലവും ഉണ്ട്.
ചിത്രങ്ങൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ http://www.pathanamthitta.com/physiography.htm
- ↑ 2.0 2.1 വെണ്മണി ഗ്രാമ പഞ്ചായത്ത്,ജനകീയാസൂത്രണം-സമഗ്രവികസനരേഖ 1996