വി.കെ.എൻ.
| വി.കെ.എൻ | |
|---|---|
| ജനനം | വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ 1932 ഏപ്രിൽ 6 തിരുവില്വാമല,തൃശ്ശൂർ |
| മരണം | ജനുവരി 25, 2004 തിരുവില്വാമല,തൃശ്ശൂർ |
| തൊഴിൽ | നോവലിസ്റ്റ്,കഥാകൃത്ത് |
| ദേശീയത | ഭാരതീയൻ |
| പ്രധാനപ്പെട്ട കൃതികൾ | പയ്യൻ കഥകൾ, വി.കെ.എൻ. കഥകൾ |
വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ അഥവാ വി. കെ. എൻ. (ഏപ്രിൽ 6 1932 - ജനുവരി 25, 2004) സവിശേഷമായ രചനാശൈലി കൊണ്ട് മലയാള സാഹിത്യത്തിൽ വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു. ഹാസ്യ രചനകൾക്കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ എഴുത്തുകാരൻ ആർക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ് അക്ഷര സഞ്ചാരം നടത്തിയത്. ശുദ്ധഹാസ്യത്തിന്റെ പൂത്തിരിവെട്ടത്തിൽ മാറിയിരുന്ന് ചുറ്റുപാടുകളെ നോക്കിക്കാണാൻ മലയാളികളെ പഠിപ്പിച്ച എഴുത്തുകാരനായിരുന്നു വി കെ എൻ. സ്വന്തം ജീവിതാനുഭവങ്ങൾ പയ്യൻ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ് അദ്ദേഹത്തെ മലയാള സാഹിത്യത്തിൽ അനശ്വരനാക്കിയത്. കഥയും നോവലുകളുമായി ഇരുപത്തഞ്ചിലേറെ കൃതികൾ വി. കെ. എന്നിന്റേതായുണ്ട്. രണ്ടു നോവലുകളും ഏതാനും കഥകളും ഇംഗ്ലീഷിലും മറ്റ് ഇന്ത്യൻ ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടു. ഇംഗ്ലീഷ് വിവർത്തനത്തിന് വഴങ്ങാത്ത അത്യപൂർവ്വ ശൈലിയിലായിരുന്നു വികെഎൻ കഥകൾ പറഞ്ഞിരുന്നത്. അൽപം ബുദ്ധികൂടിയ നർമ്മങ്ങളായതിനാൽ വികെഎൻ കഥകൾ വായനക്കാരുടെ ഒരു പ്രത്യേക വലയത്തിലൊതുങ്ങുകയും ചെയ്തു.
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ 1932 ഏപ്രിൽ ആറിനാണ് വി കെ എൻ ജനിച്ചത്. മെട്രിക്കുലേഷൻ കഴിഞ്ഞ് 1951 മുതൽ എട്ടു വർഷത്തോളം മലബാർ ദേവസ്വം ബോർഡിൽ ഗുമസ്തനായി ജോലിചെയ്തു. പാലക്കാട്ടായിരുന്നു ആദ്യ നിയമനം. എന്നാൽ അദ്ദേഹമെഴുതിയ ദ് ട്വിൻ ഗോഡ് അറൈവ്‌സ് എന്ന ലേഖനം ദേവസ്വം കമ്മീഷണറെ പരിഹസിക്കുന്നതാണെന്ന കുറ്റംചുമത്തി കോയമ്പത്തൂരിലേക്കു സ്ഥലംമാറ്റപ്പെട്ടു. കുറെക്കാലത്തിനുശേഷം മലപ്പുറം ജില്ലയിലെ പുളിക്കൽ അമ്പലത്തിൽ മാനേജരായി നിയമിതനായി. എന്നാൽ പ്രസ്തുത അമ്പലം ഒരു സ്വകാര്യ ട്രസ്റ്റിന് സർക്കാർ കൈമാറിയപ്പോൾ ജോലി നഷ്ടപ്പെട്ടു.
[തിരുത്തുക] ഡൽഹിയിലേക്ക്
ദേവസ്വം വകുപ്പിലെ ജോലിനഷ്ടം ഒരർഥത്തിൽ വി കെ എന്റെ സാഹിത്യ ജീവിതത്തെ പരിപോഷിപ്പിക്കാൻ നിമിത്തമായി. ജോലി അന്വേഷിച്ച് ഡൽഹിയിലെത്തിയതോടെ രചനയ്ക്കുള്ള മറ്റൊരു അനുഭവലോകവും അദ്ദേഹത്തിന്റെ മുന്നിൽത്തെളിഞ്ഞു. 1959-ലാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. പത്രപ്രവർത്തനത്തോടൊപ്പം അക്കാലത്ത് പ്രസിദ്ധമായിരുന്ന ശങ്കേഴ്സ് വീക്കിലിയിലും ലേഖനങ്ങളെഴുതി. വാർത്താ ഏജൻസിയായ യു. എൻ. ഐ. ആകാശവാണി എന്നിവിടങ്ങളിലായിരുന്നു പത്രപ്രവർത്തനജീവിതം. പത്തുവർഷക്കാലത്തെ ഡൽഹി ജീവിതം ഒട്ടേറെ സാഹിത്യ സൗഹൃദവും അദ്ദേഹത്തിനു സമ്മാനിച്ചു. ഒ. വി. വിജയൻ, കാക്കനാടൻ, എം. മുകുന്ദൻ എന്നിവരായിരുന്നു അക്കാലത്തെ പ്രധാന സുഹൃത്തുക്കൾ. 1969-ൽ ഡൽഹി ജീവിതം അവസാനിപ്പിച്ച് തിരുവില്വാമലയിൽ തിരിച്ചെത്തി. എഴുത്തും വായനയുമായി വി കെ എൻ ജന്മനാട്ടിൽ തന്റേതായ ഒരു ലോകം സൃഷ്ടിച്ചു. 2004 ജനുവരി 25ന് സ്വവസതിയിൽവച്ച് മരണമടഞ്ഞു.
[തിരുത്തുക] പ്രധാനസാഹിത്യ സൃഷ്ടികൾ
കവിതയും നാടകവുമൊഴികെ മറ്റെല്ലാ സാഹിത്യ വിഭാഗങ്ങളിലും വി കെ എൻ കൈവച്ചിട്ടുണ്ട്. ചില രചനകൾ ഒരു ഗണത്തിലും പെടുത്താനുമാവില്ല. കഥാസമാഹാരങ്ങൾ
|
|
നോവലുകൾ
|
|
നോവലൈറ്റ്
- അമ്മൂമ്മക്കഥ
നർമ്മലേഖനം
- അയ്യായിരവും കോപ്പും
[തിരുത്തുക] രചനാശൈലി
അധികാര വ്യവസ്ഥയ്ക്കെതിരായ അനുരഞ്ജനരഹിതമായ വിമർശനങ്ങളായിരുന്നു വികെഎന്റെ പ്രധാന രചനകളെല്ലാം. സിൻഡിക്കേറ്റ്, ആരോഹണം, പയ്യൻ കഥകൾ തുടങ്ങിയ രചനകൾ അധികാരത്തിന്റെ ഇടനാഴികളിലൂടെയുള്ള വിമർശന യാത്രകളാണ്. ഭക്ഷണം, ഇര, ഇണ, സ്ഥാനമാനങ്ങൾ തുടങ്ങിയ ഘട്ടങ്ങളിലൂടെ കയറിപ്പോകുന്ന പയ്യൻ ഒടുവിൽ അധികാരത്തെ തന്നെയാണ് തുറന്നുകാട്ടിയത്. പയ്യൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ തന്നെ ആത്മാവാണെന്നു പറയാം. ഡൽഹി ജീവിതത്തിനിടയ്ക്ക് ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങൾ വികെഎന്നിലുണർത്തിയ രോഷമാണ് പയ്യന്റെ നർമ്മങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പുറത്തുവരുന്നത്.
തുള്ളൽ കൃതികളിലൂടെ മലയാള സാഹിത്യത്തിൽ ഹാസ്യത്തിന്റെ ഐശ്വര്യം വിതറിയ കുഞ്ചൻ നമ്പ്യാരുടെ നാട്ടുകാരനായിരുന്നു വി കെ എൻ. ചുറ്റുംനടക്കുന്നതിൽനിന്നൊക്കെയും മാറിനിന്ന് അവ നർമ്മത്തിൽചാലിച്ച് അനുവാചകർക്കു മുന്നിലവതരിപ്പിച്ചാണ് നമ്പ്യാർ ഓട്ടൻതുള്ളൽ എന്ന കലയെ ജനകീയമാക്കിയത്. നർമ്മ രചനയുടെ കാര്യത്തിൽ വി കെ എൻ ചെയ്തതും ഇതുതന്നെയാണ്. സമകാലിക സംഭവങ്ങളെ മാറിനിന്നു നോക്കിക്കണ്ട് അവ നർമ്മത്തിൽ ചാലിച്ച നിരീക്ഷണങ്ങളായി മലയാള സാഹിത്യലോകത്ത് അദ്ദേഹം സമർഥമായി വിളമ്പി.
ലോകചരിത്രം, സാമ്പത്തിക ശാസ്ത്രം, രാജ്യാന്തര രാഷ്ട്രീയ സംഭവ വികാസങ്ങൾ, ഭാരതത്തിലെ പുരാണ കൃതികൾ എന്നീ വിഷയങ്ങളിലുള്ള പരന്ന വായനയുടെ പിൻബലവും വി കെ എൻ കൃതികളുടെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ തന്റെ കാലഘട്ടത്തിലെ ഏതു ഭൂകമ്പത്തെയും അനായസമായി അവതരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
അനുബന്ധം:
- തിരഞ്ഞെടുത്ത ലേഖനങ്ങൾ
- 1932-ൽ ജനിച്ചവർ
- 2004-ൽ മരിച്ചവർ
- ഏപ്രിൽ 6-ന് ജനിച്ചവർ
- ജനുവരി 25-ന് മരിച്ചവർ
- മലയാള ഹാസ്യസാഹിത്യകാരന്മാർ
- മലയാളം നോവലെഴുത്തുകാർ
- മലയാള കഥാകൃത്തുക്കൾ
- മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ
- തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ
- കേരളത്തിലെ പത്രപ്രവർത്തകർ
- നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ