എം.ടി. വാസുദേവൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാടത്ത്‍ തെക്കേപ്പാട്ട് വാസുദേവൻ നായർ

എം.ടി വാസുദേവൻ നായർ
ജനനം 1933 ജൂലൈ 15(1933-07-15)
കുടല്ലൂർ, മലബാർ, മദ്രാസ് പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
തൂലികാനാമം എം.ടി
തൊഴിൽ നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് , ചലച്ചിത്ര സംവിധായകൻ
ദേശീയത  ഇന്ത്യ
രചനാ സങ്കേതം നോവൽ, ചെറുകഥ, ബാലസാഹിത്യം
വിഷയങ്ങൾ സാമൂഹികം
പ്രധാനപ്പെട്ട പുരസ്കാരങ്ങൾ ജ്ഞാനപീഠം, സാഹിത്യ അക്കാദമി പുരസ്കാരം
ജീവിതപങ്കാളി(കൾ) കലാമണ്ഡലം സരസ്വതി

www.mtvasudevannair.com

അദ്ധ്യാപകൻ, പത്രാധിപർ, കഥാകൃത്ത്‌, നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, സിനിമാസംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ കേരളീയനാണ് മാടത്ത് തെക്കെപ്പാട്ട് വാസുദേവൻനായർ എന്ന എം.ടി.വാസുദേവൻനായർ‍(ജനനം: 1933 ജൂലൈ 15[1][2] ). മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകം സാഹിത്യസൃഷ്ടികളുടെ ശില്പി. എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] ജീവചരിത്രം

പഴയ പൊന്നാനി താലൂക്കിലെ (ഇപ്പോൾ ഒറ്റപ്പാലം താലൂക്കിൽ ആനക്കര പഞ്ചായത്തിലെ) കൂടല്ലൂരിൽ 1933 ജൂലൈ 15 - ന് ജനിച്ചു. അച്ഛൻ: പുന്നയൂർക്കുളം ടി. നാരായണൻ നായർ, അമ്മ: അമ്മാളു അമ്മ. കുമരനെല്ലൂർ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം പാലക്കാട്‌ വിക്ടോറിയ കോളേജിൽ നിന്ന്‌ 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടുകയുണ്ടായി. ആത്മകഥാംശമുള്ള കൃതികളിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ദാരിദ്ര്യത്തിന്റേയും കുടുംബബന്ധങ്ങളുടേയും കഥ പറഞ്ഞിട്ടുള്ള ബാല്യകാലമായിരുന്നു ഈ കഥാകാരന്റേത്. പത്നി പ്രശസ്ത നർത്തകിയായ കലാമണ്ഡലം സരസ്വതിയാണ്. മക്കൾ: സിതാര, അശ്വതി.

[തിരുത്തുക] സാഹിതീയം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ആനക്കര പഞ്ചായതിലെ കൂടല്ലൂർ ഗ്രാമത്തിൽ ജനിച്ചു.

സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി.വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്.

1957-ൽ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേർന്നു. ’പാതിരാവും പകൽ‌വെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നതു്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട്’ആണ്. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’,‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരളസാഹിത്യഅക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈയിനത്തിൽ ദേശീയപുരസ്കാരം ലഭിച്ചു.

ഇതുകൂടാതെ ‘കാലം’(1970)കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്),‘രണ്ടാമൂഴം’(1984-വയലാർ അവാർഡ്), വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നീ കൃതികൾക്കും അവാർഡുകൾ ലഭിച്ചിട്ടുണ്ടു്. കടവ്‌, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയ അവാർഡുകൾ ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.

മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ൽ ജ്ഞാനപീഠം പുരസ്കാരവും, 2005-ൽ പത്മഭൂഷണും നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാരും‍ ആദരിക്കുകയുണ്ടായി.

[തിരുത്തുക] കർമ്മ മണ്ഡലങ്ങൾ

മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. 1999 -ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചതിനു ശേഷം തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എം.ടി.വാസുദേവൻ‌നായർ എന്ന സാഹിത്യകാരൻ തികഞ്ഞ ഒരു പരിസ്ഥിതിവാദി കൂടിയാണു്. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന വാസുദേവൻ നായർ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

[തിരുത്തുക] പുരസ്കാരങ്ങൾ

സാഹിത്യത്തിൽ ഭാരതത്തിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. - ക്ക്‌ 1995-ഇൽ ലഭിച്ചു. മറ്റു പുരസ്കാരങ്ങൾ.

  • മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം (1973, നിർമ്മാല്യം)
  • മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്കാരം (നാലു തവണ;1990(ഒരു വടക്കൻ വീരഗാഥ),1992(കടവ്),1993(സദയം),1995(പരിണയം))
  • മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം (1978, ബന്ധനം)
  • മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം (1991, കടവ്‌)
  • മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന പുരസ്കാരം (1978, ബന്ധനം)
  • മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന പുരസ്കാരം (2009) (കേരള വർമ്മ പഴശ്ശിരാജ)
  • എഴുത്തച്ഛൻ പുരസ്കാരം (2011)[3]

[തിരുത്തുക] പ്രധാന കൃതികൾ

[തിരുത്തുക] നോവലുകൾ

[തിരുത്തുക] കഥകൾ

  • ഇരുട്ടിന്റെ ആത്മാവ്‌
  • ഓളവും തീരവും
  • കുട്ട്യേടത്തി
  • വാരിക്കുഴി
  • പതനം
  • ബന്ധനം
  • സ്വർഗം തുറക്കുന്ന സമയം
  • വാനപ്രസ്ഥം
  • ദാർ-എസ്‌-സലാം
  • രക്തം പുരണ്ട മൺ തരികൾ
  • വെയിലും നിലാവും
  • കളിവീട്‌
  • വേദനയുടെ പൂക്കൾ
  • ഷെർലക്ക്‌
  • ഓപ്പോൾ
  • നിന്റെ ഓർമ്മയ്ക്ക്

[തിരുത്തുക] തിരക്കഥകൾ (അപൂർണ്ണം)

  • ഓളവും തീരവും
  • മുറപ്പെണ്ണ്‌
  • നഗരമേ നന്ദി
  • അസുരവിത്ത്‌
  • പകൽക്കിനാവ്‌
  • ഇരുട്ടിന്റെ ആത്മാവ്‌
  • കുട്ട്യേടത്തി
  • ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച
  • എവിടെയോ ഒരു ശത്രു
  • വെള്ളം
  • പഞ്ചാഗ്നി
  • നഖക്ഷതങ്ങൾ
  • അമൃതം ഗമയ
  • ആരൂഢം
  • ആൾക്കൂട്ടത്തിൽ തനിയെ
  • അടിയൊഴുക്കുകൾ
  • ഉയരങ്ങളിൽ
  • ഋതുഭേദം
  • വൈശാലി
  • ഒരു വടക്കൻ വീരഗാഥ
  • പെരുന്തച്ചൻ
  • താഴ്വാരം
  • സുകൃതം
  • പരിണയം
  • എന്നു സ്വന്തം ജാനകിക്കുട്ടി (ചെറിയ ചെറിയ ഭൂകമ്പങ്ങൾ എന്ന ചെറുകഥയെ ആശ്രയിച്ച്‌)
  • തീർത്ഥാടനം (വാനപ്രസ്ഥം എന്ന ചെറുകഥയെ ആശ്രയിച്ച്‌)
  • പഴശ്ശിരാജ
  • ഒരു ചെറുപുഞ്ചിരി

[തിരുത്തുക] ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും

[തിരുത്തുക] മറ്റുകൃതികൾ

ഗോപുരനടയിൽ എന്ന നാടകവും കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്‌വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും, ആൾക്കൂട്ടത്തിൽ തനിയെ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികൾ.

[തിരുത്തുക] അവലംബം

  1. http://www.mtvasudevannair.com/aboutMT.php?linkid=1
  2. http://www.imdb.com/name/nm0619760/
  3. http://deshabhimani.com/newscontent.php?id=81775

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ


ജ്ഞാനപീഠം നേടിയ മലയാളികൾ

1965: ജി. ശങ്കരക്കുറുപ്പ് | 1980: എസ്.കെ. പൊറ്റെക്കാട് | 1984: തകഴി ശിവശങ്കരപ്പിള്ള | 1995: എം.ടി. വാസുദേവൻ നായർ | 2007: ഒ.എൻ.വി. കുറുപ്പ്


ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാർ

1965: ജി. ശങ്കരക്കുറുപ്പ്-മലയാളം | 1966: താരാശങ്കർ ബന്ദോപാധ്യായ-ബംഗാളി | 1967: ഡോ.കെ.വി. പുട്ടപ്പ-കന്നട | 1967: ഉമ ശങ്കർ ജോഷി-ഗുജറാത്തി | 1968: സുമിത്രാനന്ദൻ പന്ത്-ഹിന്ദി | 1969: ഫിറാഖ് ഗോരാഖ്പു രി-ഉർദു | 1970: വിശ്വനാഥ സത്യനാരായണ-തെലുഗു | 1971: ബിഷ്ണു ഡേ-ബംഗാളി | 1972: രാംധാരി സിംഹ് ധിൻ‌കർ-ഹിന്ദി | 1973: ദത്താത്രേയ രാമചന്ദ്ര ബെന്ദ്രേ-കന്നട | 1973: ഗോപിനാഥ് മൊഹന്ദി-ഒറിയ | 1974: വിഷ്ണു സഖറാം ഖണ്ഡേകാർ-മറാത്തി | 1975: പി.വി. അഖിലാണ്ഡം-തമിഴ് | 1976: ആശാപൂർണ്ണാ ദേവി-ബംഗാളി | 1977: കെ.ശിവറാം കാരന്ത്-കന്നട | 1978: സച്ചിദാനന്ദ ഹിരാനന്ദ വാത്സ്യായൻ-ഹിന്ദി | 1979: ബീരേന്ദ്ര കുമാർ ഭട്ടാചാര്യ-ആസാമീസ് | 1980: എസ്.കെ. പൊറ്റെക്കാട്-മലയാളം | 1981: അമൃതാ പ്രീതം-പഞ്ചാബി | 1982: മഹാദേവീ വർമ്മ-ഹിന്ദി | 1983: മാസ്തി വെങ്കടേഷ് അയ്യങ്കാർ-കന്നട | 1984: തകഴി ശിവശങ്കരപ്പിള്ള-മലയാളം | 1985: പന്നാലാൽ പട്ടേൽ-ഗുജറാത്തി | 1986: സച്ചിദാനന്ദ് റൊത് റോയ്-ഒറിയ | 1987: വിഷ്ണു വമൻ ഷിർ‌വാദ്കർ-മറാത്തി | 1988: ഡോ.സി. നാരായണ റെഡ്ഡി-തെലുഗു | 1989: ഖ്വാറത് ഉൾ ഐൻ ഹൈദർ-ഉർദു | 1990: വി.കെ.ഗോകാക്-കന്നട | 1991: സുഭാസ് മുഖോപാധ്യായ-ബംഗാളി | 1992: നരേഷ് മേത്ത-ഹിന്ദി | 1993: സീതാകാന്ത് മഹപത്ര-ഒറിയ | 1994: യു.ആർ. അനന്തമൂർത്തി-കന്നട | 1995: എം.ടി. വാസുദേവൻ നായർ-മലയാളം | 1996: മഹശ്വേതാ ദേവി-ബംഗാളി | 1997: അലി സർദാർ ജാഫ്രി-ഉർദു | 1998: ഗിരീഷ് കർണാട്-കന്നട | 1999: നിർമ്മൽ വർമ-ഹിന്ദി | 1999: ഗുർദിയൽ സിംഹ്-പഞ്ചാബി | 2000: ഇന്ദിര ഗോസ്വാമി-ആസാമീസ് | 2001: രാജേന്ദ്ര കേശവ്‌ലാൽ ഷാ-ഗുജറാത്തി | 2002: ഡി. ജയാകാന്തൻ-തമിഴ് | 2003: വിന്ദ കാരാന്ദികർ-മറാത്തി | 2004: റഹ്‌മാൻ റാഹി-കാഷ്മീരി | 2005: കുൻവാർ നാരായൺ-ഹിന്ദി | 2006: രവീന്ദ്ര കേൽക്കർ-കൊങ്കണി | 2006: സത്യവ്രത ശാസ്ത്രി-സംസ്കൃതം | 2007: ഒ.എൻ.വി. കുറുപ്പ്-മലയാളം | 2008: ഷഹരിയാർ-ഉർദു | 2009: ശ്രീലാൽ ശുക്ല-ഹിന്ദി | 2009: അമർ കാന്ത്-ഹിന്ദി | 2010: ചന്ദ്രശേഖർ കമ്പാർ-കന്നട

"http://ml.wikipedia.org/w/index.php?title=എം.ടി._വാസുദേവൻ_നായർ&oldid=1305860" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ