അക്‌ബർ കക്കട്ടിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Akbar Kakkattil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അക്‌ബർ കക്കട്ടിൽ
ജനനം1954 ജനുവരി 17
കക്കട്ടിൽ, കോഴിക്കോട് ജില്ല
മരണം2016 ഫെബ്രുവരി 17 (പ്രായം 62)
കോഴിക്കോട്
അറിയപ്പെടുന്നത്കഥാകൃത്ത്, നോവലിസ്റ്റ്
ജീവിതപങ്കാളി(കൾ)വി. ജമീല
കുട്ടികൾസിതാര, സുഹാന
മാതാപിതാക്ക(ൾ)പി. അബ്ദുള്ള, സി.കെ. കുഞ്ഞാമിന
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം, സംസ്ഥാന ടെലിവിഷൻ അവാർഡ്

മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമായിരുന്നു അക്‌ബർ കക്കട്ടിൽ (7 ജൂലൈ 1954 - 17 ഫെബ്രുവരി 2016). നർമ്മം കൊണ്ട് മധുരമായ ശൈലിയാണ് ഈ എഴുത്തുകാരന്റെ സവിശേഷത. കഥ, നോവൽ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകൾ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് കേരള സാഹിത്യ അവാർഡ് (രണ്ട് തവണ. സ്കൂൾ ഡയറി - 1992, വടക്കുനിന്നൊരു കുടുംബവൃത്താന്തം – 2003), മുണ്ടശേരി അവാർഡ് അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ‘അദ്ധ്യാപക കഥകൾ’ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തിൽ രൂപം നൽകുന്നതിൽ മുഖ്യപങ്കു വഹിച്ചു. പാഠം 30 എന്ന പേരിൽ അക്ബർ എഴുതിയ സർവീസ് കഥകൾ മലയാളത്തിലെ ആദ്യത്തെ അധ്യാപക സർവീസ് സ്റ്റോറിയായി വിലയിരുത്തപ്പെടുന്നു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു.

ശമീല ഫഹ്‌മി, അദ്ധ്യാപക കഥകൾ, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011-ലെ ആൺകുട്ടി, ഇപ്പോൾ ഉണ്ടാകുന്നത്, പതിനൊന്ന് നോവലറ്റുകൾ, മൃത്യുയോഗം, സ്ത്രൈണം, വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്കൂൾ ഡയറി, സർഗ്ഗസമീക്ഷ, വരൂ അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് മുഖ്യകൃതികൾ.

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ജില്ലയിൽ നാദാപുരത്തിന് സമീപം കക്കട്ടിൽ എന്ന പ്രദേശത്ത് 1954 ജൂലൈ 7-ന്‌ പി. അബ്ദുള്ളയുടേയും സി.കെ. കുഞ്ഞാമിനയുടേയും മകനായി അക്ബർ കക്കട്ടിൽ ജനിച്ചു. കക്കട്ടിൽ പാറയിൽ എൽ. പി - വട്ടോളി സംസ്കൃതം സെക്കന്ററി എന്നീ സ്കൂളുകളിൽ പഠിച്ചു. പ്രീഡിഗ്രി ആദ്യവർഷത്തിന്റെ പകുതി ഫറൂഖ് കോളേജിലും തുടർന്ന് മടപ്പള്ളി ഗവ. കോളേജിലും. മടപ്പള്ളി ഗവ. കോളേജിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദമെടുത്തു. ബിരുദാനന്തര ബിരുദത്തിന് ആദ്യവർഷം തൃശ്ശൂർ കേരളവർമ്മ കോളേജിലും രണ്ടാം വർഷം തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും പഠിച്ചു. ബ്രണ്ണനിൽ നിന്ന് മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. പിന്നീട് തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജിൽ നിന്ന് വിദ്യാഭ്യാസത്തിൽ ബിരുദം. പഠനകാലത്ത് കെ.എസ്.യു പ്രവർത്തകനായിരുന്നു കക്കട്ടിൽ.[1] മടപ്പള്ളി ഗവ. കോളേജിലും തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജിലും കോളേജ് യൂണിയൻ ചെയർമാനും കാലിക്കട്ട് യൂനിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. പഠനം കഴിഞ്ഞ് വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപകൻ. സർവീസിൽ നിന്നു പിരിയും വരെ ദീർഘകാലം അവിടെയായിരുന്നു. ഇതിനിടെ കൂത്താളി ഹൈസ്കൂളിൽ കുറച്ചു വർഷങ്ങൾ. കുറ്റ്യാടി ഗവ.ഹൈസ്കൂൾ, കോട്ടയം ജില്ലാ നവോദയ വിദ്യാലയം എന്നിവിടങ്ങളിലും കുറച്ചു മാസം ജോലി ചെയ്തിട്ടുണ്ട്. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള പാഠപുസ്തക നിർമ്മാണസമിതികളിൽ ദീർഘകാലമായി അംഗമായിരുന്നു.

കേന്ദ്രസർക്കാരിന്റെ സൗത്ത്സോൺ കൾച്ചറൽ സെന്റർ ( രണ്ടു തവണ), സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഗവേർണിങ് ബോഡികൾ, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന ടെലിവിഷൻ ജൂറി, സിനിമാ ജൂറി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡ്വൈസറി ബോർഡ്, പ്രഥമ എഡ്യൂക്കേഷണൽ റിയാലിറ്റി ഷോയായ ‘ഹരിത വിദ്യാലയ’ത്തിന്റെ സ്ഥിരം ജൂറി, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് മലയാളം പബ്ലിക്കേഷൻസിന്റെയും ഒലീവ് പബ്ലിക്കേഷൻസിന്റെയും ഓണററി എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റ്, പ്രസിദ്ധീകരണവിഭാഗം കൺ‌വീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നാഷണൽ ബുക്ക് ട്രസ്റ്റിന്റെയും സംസ്ഥാന ഗവണ്മെന്റിന്റെയും മലയാളം ഉപദേശകസമിതികൾ, സംസ്ഥാന സാക്ഷരതാമിഷൻ മാസികയായ അക്ഷരകൈരളി പത്രാധിപസമിതി, കേന്ദ്ര ഗവണ്മെന്റിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് ( എൻ ഐ ഒ എസ്) കരിക്കുലം കമ്മറ്റി എന്നിവയിൽ അംഗമായും പ്രവർത്തിച്ചിരുന്നു.. യു എ ഇ, ഒമാൻ, ഖത്തർ, ബഹറിൻ, കുവൈറ്റ്, സൌദി അറേബിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ശ്വാസകോശാർബുദത്തെ തുടർന്ന് ചികിൽസയിലായിരുന്ന അക്ബർ കക്കട്ടിൽ 2016 ഫെബ്രുവരി 17-ന് അന്തരിച്ചു

സാഹിത്യജീവിതം[തിരുത്തുക]

ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്തേ എഴുത്താരംഭിച്ച അക്ബർ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെയാണ് ശ്രദ്ധേയനായത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ സംസ്കൃത പഠനത്തിന് കേരള സർക്കാരിന്റെ മെരിറ്റ് സ്കോളർഷിപ്പ്, മലയാള മനോരമ പ്രൈസ്, കോഴിക്കോട് യൂണിവേഴ്സിറ്റി യൂണിയൻ പ്രൈസ് എന്നിവ നേടിയിട്ടുണ്ട്.

ആധുനികതയുടെ പ്രഭാവകാലത്ത് അതിന്റെ സ്വാധീനത്തിൽ നിന്നകന്ന്, വേറിട്ട വഴി തുറന്ന എഴുത്തുകാരുടെ മുൻനിരയിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന മനുഷ്യരുടെ കഥകളാണ് അക്‌ബർ പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ മലബാറിലെ സാധാരണക്കാരായിരുന്നു. അവരുടെ ദുഃഖകരമായ ജീവിതത്തെ പോലും അക്ബർ സ്വതസ്സിദ്ധമായ നർമം കൊണ്ട് തേജോമയമാക്കി.

അധ്യാപകനായിരുന്ന അക്ബർ കക്കട്ടിലിന്റെ സ്‌കൂൾ അനുഭവങ്ങളും സ്‌കൂൾ കഥകളും ഏറെ പ്രശസ്തമാണ്. കാരൂർ നീലകണ്ഠപ്പിള്ളയ്ക്കു ശേഷം അധ്യാപക സമൂഹത്തെക്കുറിച്ച് ഏറ്റവുമധികം എഴുതിയ കഥാകാരനാണ് അക്ബർ കക്കട്ടിൽ. വിദ്യാർഥികളും അധ്യാപകരും ഒരുപോലെ വായിച്ചാസ്വദിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അധ്യാപക കഥകൾ ടിവി ചാനലുകളിൽ പരമ്പരയായി വന്നപ്പോഴും നല്ല സ്വീകരണമാണു ലഭിച്ചത്.[2]

മരണത്തേക്കാൾ ഭീകരമാണ് രോഗങ്ങൾ എന്ന ആശയം ആവിഷ്കരിക്കുന്ന ‘മൃത്യുയോഗം’ എന്ന നോവലിന് എസ് കെ പൊറ്റെക്കാട്ട് അവാർഡ് ലഭിച്ചിട്ടുണ്ട്. മഹാഭാരതത്തിലെ ഒരു ഉപാഖ്യാനത്തെ അവലംബിച്ച് ഇന്ത്യൻ ഭാഷകളിൽ ആദ്യം എഴുതപ്പെടുന്നതാണ് ‘സ്ത്രൈണം’ എന്ന നോവൽ. 4 നോവലുകളും 27 ചെറുകഥാ സമാഹാരങ്ങളുമടക്കം 54 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ ആറാംകാലം കാലിക്കട്ട് യൂണിവേഴ്സിറ്റിയിലും മൈസൂർ യൂണിവേഴ്സിറ്റിയിലും ഡിഗ്രിക്ക് പാഠപുസ്തകമായി. ചില രചനകൾ സംസ്ഥാന സിലബസ്സിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

കഥ[തിരുത്തുക]

  • ഈ വഴി വന്നവർ
  • മേധാശ്വം
  • ശമീല ഫഹ്‌മി
  • അദ്ധ്യാപക കഥകൾ
  • കാദർകുട്ടി ഉത്തരവ്
  • ആറാം കാലം
  • വീടിനു തീ പിടിക്കുന്നു
  • ആകാശത്തിന്റെ അതിരുകൾ
  • നാദാപുരം
  • വീണ്ടും നാരങ്ങ മുറിച്ചപ്പോൾ
  • തെരഞ്ഞെടുത്ത കഥകൾ
  • ഒരു വായനക്കാരിയുടെ ആവലാതികൾ
  • ചെറിയ കഥകൾ
  • മായക്കണ്ണൻ
  • ശേഷം സ്ക്രീനിൽ
  • ശ്രീപ്രിയയുടെ ആധികൾ
  • ജീൻസിട്ട പെൺകുട്ടിയെ ഒറ്റയ്ക്കു കിട്ടിയാൽ എന്തുചെയ്യണം?
  • കഥകൾ - തെരഞ്ഞെടുത്തകഥകൾ
  • ഞങ്ങൾ ലിബാജോണിനെ പേടിക്കുന്നു
  • പുതിയ വാതിലുകൾ
  • ദർബാർ - തെരഞ്ഞെടുത്ത കഥകൾ
  • ആൾപ്പെരുമാറ്റം - തെരഞ്ഞെടുത്ത കഥകൾ
  • മൈലാഞ്ചിക്കാറ്റ്
  • സ്ത്രീലിംഗം - പെൺപക്ഷ കഥകൾ (തെരെഞ്ഞെടുത്ത കഥകൾ)
  • 2011 ലെ ‘ആൺ’കുട്ടി
  • കന്നിച്ചുവടുകൾ (ഈ വഴി വന്നവരും മേധാശ്വവും)
  • ഇപ്പോൾ ഉണ്ടാവുന്നത്

ലഘു നോവലുകൾ[തിരുത്തുക]

  • രണ്ടും രണ്ട്
  • മൂന്നും മൂന്ന്
  • ഒരു വിവാഹിതന്റെ ചില സ്വകാര്യ നിമിഷങ്ങൾ
  • ധർമ്മസങ്കടങ്ങളുടെ രാജാവ്
  • പതിനൊന്ന് നോവലറ്റുകൾ
  • ജിയാദ് ഗോൾഡ് പൂവിടുമ്പോൾ
  • കീർത്തന

നോവൽ[തിരുത്തുക]

ഉപന്യാസങ്ങൾ[തിരുത്തുക]

  • പ്രാർത്ഥനയും പെരുന്നാളും
  • സ്കൂൾ ഡയറി
  • അനുഭവം ഓർമ്മ യാത്ര
  • പുനത്തിലും ഞാനും പിന്നെ കാവ്യാമാധവനും
  • ആ പെൺകുട്ടി ഇപ്പോൾ എവിടെ?
  • നക്ഷത്രങ്ങളുടെ ചിരി

നിരൂപണം ജീവിതരേഖ മുഖാമുഖം[തിരുത്തുക]

  • സർഗ്ഗസമീക്ഷ
  • നമ്മുടെ എം ടി

സ്മൃതിചിത്രങ്ങൾ[തിരുത്തുക]

  • അദ്ധ്യയനയാത്ര

നാടകം[തിരുത്തുക]

  • കുഞ്ഞിമൂസ വിവാഹിതനാവുന്നു

സിനിമ[തിരുത്തുക]

  • വരൂ അടൂരിലേയ്ക്ക് പോകാം
  • ഇങ്ങനെയും ഒരു സിനിമാക്കാലം

ബാലപംക്തി കുറിപ്പുകൾ[തിരുത്തുക]

  • നോക്കൂ, അയാൾ നിങ്ങളിൽ തന്നെയുണ്ട്

സർവീസ് സ്റ്റോറി[തിരുത്തുക]

  • പാഠം മുപ്പത്

യാത്ര[തിരുത്തുക]

  • കക്കട്ടിൽ യാത്രയിലാണ്

“വരൂ അടൂരിലേയ്ക്ക് പോകാം” കൊളച്ചൽ മു യൂസഫ്, ‘അടൂർ ഗോപാലകൃഷ്ണൻ - ഇടം പൊരുൾ കലൈ’ എന്ന പേരിൽ തമിഴിലേയ്ക്കും “മൃത്യുയോഗം” ഡോ. അശോക് കുമാർ, ‘മൃത്യുയോഗ’ എന്ന പേരിൽ കന്നഡയിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • സംസ്കൃത പഠനത്തിന് സംസ്ഥാനഗവണ്മെന്റിന്റെ മെരിറ്റ് സ്കോളർഷിപ്പ് -1967-70
  • ലേഖന രചനയ്ക്ക് മലയാള മനോരമ പ്രൈസ് - 1971
  • നോവൽ രചനയ്ക്ക് കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ പ്രൈസ് - 1974
  • അങ്കണം സാഹിത്യ അവാർഡ് - ശമീലാ ഫഹ്‌മി - 1987
  • എസ്.കെ. പൊറ്റെക്കാട്ട് അവാർഡ് - മൃത്യുയോഗം -1991
  • സാഹിത്യത്തിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ഫെല്ലോഷിപ്പ് -1992
  • കേരള സാഹിത്യ അക്കാദമി അവാർഡ് - സ്കൂൾ ഡയറി - 1992
  • സി.എച്ച്. മുഹമ്മദ്‌ കോയ മെമ്മോറിയൽ അവാർഡ് - സർഗ്ഗസമീക്ഷ -1995
  • ജോസഫ് മുണ്ടശ്ശേരി അവാർഡ് - സ്ത്രൈണം - 1998
  • മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് - സ്കൂൾ ഡയറി (ദൂരദർശൻ സീരിയൽ) - 2000
  • അബുദാബി ശക്തി അവാർഡ് - വടക്കുനിന്നൊരു കുടുംബവൃത്താന്തം - 2002
  • രാജീവ്ഗാന്ധി പീസ് ഫൗണ്ടേഷൻ അവാർഡ് - തിരഞ്ഞെടുത്ത കഥകൾ - 2003
  • കേരള സാഹിത്യ അക്കാദമി അവാർഡ് - വടക്കുനിന്നൊരു കുടുംബവൃത്താന്തം - 2004
  • ഗ്രാമദീപം അവാർഡ് -വടക്കു നിന്നൊരു കുടുംബവൃത്താന്തം - 2005
  • ടി.വി. കൊച്ചുബാവ അവാർഡ് - 2006
  • വി. സാംബശിവൻ അവാർഡ് - 2008
  • ഗൾഫ് മലയാളി ഡോട്ട് കോം അവാർഡ് - 2010
  • വൈസ്‌മെൻ ഇന്റർനാഷണൽ എക്സലൻസ് അവാർഡ് - 2010
  • ദുബായ് പ്രവാസി ബുക്ട്രസ്റ്റ് അവാർഡ് - 2012
  • കേരള എയിഡഡ് ഹയർ സെക്കണ്ടറി അസോസിയേഷന്റെ പ്രഥമ അക്കാദമിക് കൌൺസിൽ അവാർഡ് - 2013

അവലംബം[തിരുത്തുക]

  1. Anandan, S. "Malabar's native storyteller". thehindu.com. The Hindu Daily. Retrieved 24 ഒക്ടോബർ 2021.
  2. "അക്ബർ കക്കട്ടിൽ". തേജസ്. ഫെബ്രുവരി 18, 2016. Archived from the original on 2016-02-19. Retrieved ഫെബ്രുവരി 20, 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അക്‌ബർ_കക്കട്ടിൽ&oldid=3681870" എന്ന താളിൽനിന്ന് ശേഖരിച്ചത്